Showing posts with label GopalArangal. Show all posts
Showing posts with label GopalArangal. Show all posts

മഷിയുണങ്ങാത്ത പേന. (കഥ)

Image may contain: 1 person, closeup
ഒന്നും എഴുതാനാകാതെ ചിന്താധീനനായി ചാരുകസേരയിൽ തളർന്നിരുന്ന ഗണേശന് മുന്നിൽ ഒരു ചോദ്യചിഹ്നമായി മതിലിനരുകിലെ ആ മനുഷ്യന്റെ അർത്ഥമില്ലാത്ത ' ശബ്ദം .
താൻ ആരുടെ കൂടെയാണ് നിൽക്കേണ്ടത് ?
ഒരു തീരുമാനമെടുത്തേ മതിയാവൂ.
കൂലിയ്ക്ക് വേണ്ടി മാത്രം പേനയുന്തുന്നവനാകണോ അതോ ,
മേൽവിലാസം മാറ്റി വച്ച് സ്വതന്ത്രനായി നീതിയുടെ കാവലാളകണോ ?
ഉച്ചത്തിലുള്ള വെറുപ്പു തോന്നിക്കുന്ന ഒരു ശബ്ദം ,
ബസ് സ്റ്റോപ്പിൽ നിന്ന എല്ലാവരും ഞെട്ടിത്തിരിഞ്ഞ് നോക്കി.
മതിലി നരികിലായി ഒരു ഭിക്ഷക്കാരൻ ..
തീക്ഷ്ണമായ കണ്ണുകൾ .. വടിക്കാത്ത താടി , മുഷിഞ്ഞ വേഷം ,
വലതുകാലിൽ മുട്ടിനു താഴെ നീളത്തിൽ മുറിവ് കെട്ടി വച്ചിട്ടുണ്ട്.
ബസ്സ് സ്റ്റോപ്പിന്റെ വലതു വശത്തുള്ള നീളമുള്ള മതിലിന് താഴെ ഓടയുടെ സ്ളാബിനു മുകളിലായിരിക്കുകയാണ്. പക്ഷെ അയാളുടെ മുൻപിൽ സാധാരണ ഭിക്ഷക്കാരുടെ മുൻപിൽ കാണുന്ന പോലെ പൈസ സ്വീകരിക്കാൻ പാത്രമോ തുണിയോ വിരിച്ചിട്ടില്ല.
അയാൾ ആരുടേയും മുഖത്ത് നോക്കുന്നില്ല. ..
വിദൂരതയിലേക്ക് കണ്ണുനട്ടപോലെ
എന്നാൽ
അയാളുടെ കണ്ണുകൾ കാണുമ്പോൾ അറിയാം അതിൽ വല്ലാത്ത ദേഷ്യം കാണുന്നു.
പക്ഷെ ഒരു കാര്യം ഉറപ്പാണ് ഞങ്ങളെ ഞെട്ടിച്ച ആ ശബ്ദം ഉണ്ടാക്കിയത് അയാളാണ് .
" ഒരു പത്രക്കാരന്റെ ബുദ്ധി ഉണർന്നു.
ചില സ്കൂപ്പുകൾ കിട്ടിയേക്കും ..
കുറച്ചു മാറി ഞാൻ അയാളെത്തന്നെ നോക്കി നിന്നു.
"അടുത്തു പോയാലോ "
ഒരു പക്ഷേ ഇനി ഭ്രാന്തനാണെങ്കിലോ ?
കുറച്ചു നേരം കൂടി അങ്ങനെ അയാളെ തന്നെ നിരീക്ഷിച്ച് അവിടെത്തന്നെ നിന്നു.
സമയം നോക്കിയപ്പോൾ, 5.30 കഴിഞ്ഞിരിക്കുന്നു. ഇനിയും ഇവിടെ നിന്നാൽ ഓഫീസിലെ രാത്രിയുള്ള മീറ്റിംഗിന് ലേറ്റാകും ..
പോയേക്കാം.
എഡിറ്ററുടെ മുറിയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ ഗണേഷ് സന്തോഷവാനായിരുന്നു.
കരളലിയിക്കുന്ന ജീവിതങ്ങൾ എന്ന പംക്തിയിലേക്ക് എല്ലാവരും ഓരോ സ്റ്റോറി കൊണ്ടുവരണമെന്ന് അന്ത്യശാസനം തന്നിരുന്നു. ഇനി വായനക്കാരെ കണ്ണീരിയിക്കാൻ തനിക്ക് വേറെങ്ങും പോകേണ്ടി വരില്ലാ .....
ഒൻപതു മണിയോടെ ക്ലബിൽ എത്തി.
പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന തുറമുഖത്തിന്റെ കരാറുകാരനായിരുന്നു നൈറ്റ്പാർട്ടി നടത്തിയത്.
എല്ലാ പത്രങ്ങളുടെയും റിപ്പോർട്ടേഴ്സും എഡിറ്റേഴ്സും പാർട്ടിയിൽ പങ്കെടുക്കാൻ വന്നിട്ടുണ്ട് .
മദ്യം നിറച്ച ഗ്ലാസ് കൈയിലെടുത്ത് എല്ലാവർക്കും ചിയേഴ്സ് പറഞ്ഞ് മുതലാളി തന്റെ കമ്പനിയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി വ്യാകുലപ്പെട്ടു.
തുറമുഖ നിർമ്മാണത്തിനായി അടുത്തുള്ള ക്വാറിയിൽ നിന്ന് ധാരാളം പാറ പൊട്ടിക്കുന്നതിനെതിരായി വാർത്ത കൊടുക്കാതിരിക്കുക എന്നതായിരുന്നു പാർട്ടിയുടെ അജണ്ട ..
മുതലാളിക്ക് വേണ്ടി ഒരു ചിയേഴ്സ് .
തിരികെ വീട്ടിലെത്തി ., ഭാര്യയുടെ വീർത്ത മുഖം അവഗണിച്ച്
മകൾക്ക് ഒരുമ്മയും കൊടുത്ത് കിടക്കയിലേയ്ക്ക് വീണു.......
അയാൾ ഒറ്റക്കായിരുന്നു,
ഭാര്യയുടെയും മക്കളുടേയും കാര്യങ്ങൾ ആണോ അയാളെ ചിന്താധീനനാക്കുന്നത് ..
എന്താ ആ കണ്ണുകളിലെ രോഷത്തിന്റെ അർത്ഥം ..
ഇത് ആലോചിച്ചു കിടക്കടവെ അവിടെ കിടന്ന് ഉറങ്ങിപ്പോയി.
ഡും.....
കനത്ത ഒരു സ്ഫോടന ശബ്ദം ....
ചിതറിത്തെറിക്കുന്ന പാറക്കഷണങ്ങൾ ...
എങ്ങും പൊടി ...
നിലവിളികൾ ... ഞരക്കങ്ങൾ .....
അവളോടി പാറമടയിലേക്ക് ...
കുറച്ചു കഴിഞ്ഞ് പൊടി ഭൂമിയിലേക്ക് അടങ്ങിയപ്പോൾ തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അതിനൊപ്പം താഴേക്ക് പതിച്ചത് തിരിച്ചറിഞ്ഞ് ആ ചോരത്തുണ്ടിലേക്ക് മയങ്ങി വീഴുകയായിരുന്ന അവൾ. ..
..........
പേടിച്ചരണ്ട മാൻപേടയെപ്പോലെ ഒരു യുവതി ഒരു വയസ്സാകാത്ത നിറുത്താതെ കരയുന്ന തന്റെ കുഞ്ഞുമായി ഒരു ധനാഢ്യന്റ മുന്നിൽ പ്രതീക്ഷ നിറഞ്ഞ കണ്ണുകളുമായി നിൽക്കുകയാണ്.
നിനക്ക് മുതലാളിയുടെ വസ്തുവിൽ കിടക്കാനൊരിടം തന്നതേ വെറുതേയല്ല,
ഉം ,ചെല്ല് പെണ്ണെ ...
ആ കുഞ്ഞിനെ ഇങ്ങ് തന്നേരെ ചിന്നമ്മ കുറച്ചു നേരം നോക്കിക്കൊള്ളും ..
കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ പാലു കിനിയാത്ത മുലക്കണ്ണിലേക്ക് ആർത്തി പിടിച്ച മുതലാളിയുടെ ചുണ്ടുകൾ നീണ്ടു വരുന്നതു കണ്ട് അവൾ കണ്ണടച്ചു.
പിറ്റേന്ന് ,
രാവിലെ ഗണേശിന് അയാളെ കാണണമെന്ന് തോന്നി ..
അയാൾ എന്നും അവിടെ ത്തന്നെ യാണോ ഇരിക്കുക എന്നറിയില്ല ..
എന്തായാലും പോയി നോക്കുക തന്നെ .
ചായ കുടിച്ച് പെട്ടെന്ന് ഇറങ്ങി ...
മോളെ ഒന്ന് സ്കൂളിൽ വിടു എന്ന് പറഞ്ഞ് പുറകേ ഓടിയ ഭാര്യയെ നിരാശനാക്കി വണ്ടിയുമെടുത്ത് പുറത്തേക്കിറങ്ങി ..
ബസ് റ്റോപ്പിൽ എത്തി വണ്ടി പാർക്ക് ചെയ്ത് നോക്കി ..
ഇല്ല ...
അയാൾ അവിടെ ഇല്ല ...
നിരാശയോടെ തിരിച്ച് പോകാന്ന് കരുതി വണ്ടിയിൽ കയറി ..
അപ്പോഴാണ് ഒരു KSRTC ലോക്കൽ ബസ് കൊണ്ട് നിർത്തിയത് ..
വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുക്കവെ വെറുതേ ഒന്നു കൂടെ തിരിഞ്ഞു നോക്കി ....
അയാൾ ... കൂടെ ഒരു യുവതി ...
അവൾ അയാളുടെ കൈ പിടിച്ച് നടത്തി ആ സ്ഥലത്തേക്ക് .......
സ്തബ്ധനായി കുറച്ചു നേരം അവിടെത്തന്നെ നിന്നു പോയി.
അവൾ ... അതേ അതവൾ തന്നെ.
അവിടെ നിന്ന് വീട്ടിലെത്തിയ ശേഷം തന്റെ സ്റ്റോറിയുടെ ഒരു ഔട്ലൈൻ ഇട്ടു വയ്ക്കാം എന്ന് കരുതി അയാൾ തന്റെ റൈറ്റിംഗ് പാഡും പേനയും എടുത്ത് എഴുത്ത് മുറിയിലെ ഈസി ചെയറിലേക്ക് ചാഞ്ഞു കിടന്നു.
പേനയെടുത്ത് എഴുതാൻ തുടങ്ങവെ തന്റെ അക്ഷരങ്ങൾക്ക് നിറം മാറ്റം വരുന്നതായി അയാൾക്ക് തോന്നി. നീല മഷിപ്പേനയിൽ നിന്ന് വരുന്നത് ചുവന്ന അക്ഷരങ്ങൾ ,ആ ക്വാറിയിൽ ചിതറിത്തെറിച്ച അയാളുടെ രക്തമാണ് ..
എഴുതുന്ന കടലാസ് സ്വയം ചുളുങ്ങുന്നതായി തോന്നി ഗണേഷ് പെട്ടെന്ന് കൈ വലിച്ചു .
ആ പേപ്പറിന് അപ്പോൾ ആ യുവതിയുടെ വസ്ത്രത്തിന്റെ പഴമയായിരുന്നു.
ചോദ്യചിഹ്നമായി മതിലിനരുകിലെ ആ മനുഷ്യന്റെ രൂപമില്ലാത്ത ശബ്ദം .
അതൊരു പ്രതിഷേധത്തിന്റെ ശബ്ദമായിരുന്നു. ആയിരം മുദ്രാവാക്യത്തേക്കാൾ ഉറക്കെ ആ ശബ്ദം
തന്റെ ചെവിക്കുള്ളിൽ മുഴങ്ങുന്നു .
താൻ ആരുടെ കൂടെയാണ് നിൽക്കേണ്ടത് ?
ഒരു തീരുമാനമെടുത്തേ മതിയാവൂ.
കൂലിയ്ക്ക് വേണ്ടി മാത്രം പേനയുന്തുന്നവനാകണോ.... അതോ...
മകൾ ചോദിക്കുന്ന ചോക്ലേറ്റ് ബോക്സിനും സ്വന്തം വീട്ടിനായുള്ള ഭാര്യയുടെ നിർബന്ധത്തിനും തത്കാലം അവധി കൊടുത്ത് ഉറച്ച മനസോടെ ഗണേഷ് വീണ്ടും പേനയെടുത്ത് അതിൽ തന്റെ ഹൃദയത്തിലെ മഷി നിറച്ച് എഴുതാൻ തുടങ്ങി.

By: Gopal Arangal

അപഥ സഞ്ചാരിണി.

Image may contain: 1 person, closeup and indoor


നീണ്ട ഇടവേളകളിൽ
ഒരുപാടു കൊതിച്ചതാണവളെ,
അറിയാമായിരുന്നു എന്നെങ്കിലും
തേടി വരുമെന്ന് .
മന്ദമായാണ് ഞാൻ
അവളിലേക്ക് പ്രവേശിച്ചത്.
അതോ അവളെന്നിലേക്കോ ....
ആവേശമായിരുന്നു അവളെനിക്കെന്നും
എത്രയായിട്ടും കൊതി തീരുന്നില്ല ..
പക്ഷെ ചിലരുണ്ട്
എന്റെ വരവും കാത്തിരിക്കുന്ന
കാത്തിരുന്ന് ഉപ്പ് ചേർത്ത മോഹങ്ങൾ
പെയ്തൊഴിക്കുന്നവർ .
കൊതി തീർന്ന കണ്ണുകളുള്ള
തിളയ്ക്കുന്ന വെള്ളത്തിന്റെ
മോഹ സാക്ഷാത്കാരത്തിനായ് .
നിന്നെ വെറുത്തു പോയവർ.
കാരണം നീ നാശം പിടിച്ചവളാണ്
അപഥ സഞ്ചാരിണി
വഴിയും സമയവും തെറ്റിയവൾ
നീ ..അശ്രീകരം പിടിച്ചവൾ ..

By: Gopal Arangal

മണി. അടി

മണി. അടി
ണിം ണിം ണിം
ഐസുകാരൻ വീണ്ടും.....
എന്നെ അടികൊള്ളിക്കാനായിട്ട്
കഴിഞ്ഞാഴ്ച്ച വന്നതേയുള്ളൂ.
പേരമരത്തിന്റെ ചെറിയ കമ്പ്
എന്റെ തുടയിൽ ചിത്രം വരച്ചു,
രണ്ട് നേർരേഖകളായി.
ഒന്ന് എന്റെ വിശപ്പിന്റേയും
മറ്റേത് അമ്മയുടെ കണ്ണുനീരിന്റെയും ..

Gopal

ഭാരതീയൻ ( ഗദ്യം)

ഭാരതീയൻ ( ഗദ്യം)
അന്ന്
പുതിയ കച്ചവടക്കാർ
പഴയതിന്റെ കുറ്റവും പറഞ്ഞ് വന്നു.
ഞങ്ങളെ വിശ്വസിക്കൂ
ഞങ്ങളുടേത്
പുതിയ തരം
പുതിയ ചായങ്ങൾ പൂശി
പുതിയ സ്വപ്നങ്ങൾ വിൽപനയ്ക്ക്
എന്റെ വയറെരിയെ
അവർ സ്വപ്നങ്ങൾ വിതച്ചു,
ഞാനത് വാങ്ങി
പാടങ്ങൾ വിണ്ടുകീറിയതായിരുന്നു.
വിശ്വാസങ്ങളും സ്വപ്നങ്ങളും ചേർത്ത്
കച്ചവടക്കാർ കൊയ്തുകൂട്ടി ,
ഇന്ന്
കറ്റ മെതിച്ചവർ ,ചുടുചോർ തിന്ന്
അകം പൊള്ളി... ദാഹജലത്തിനായി കേഴവേ...
പതുങ്ങിയിരുന്ന പുതിയ വാണിഭ സംഘങ്ങൾ ,
സപ്തവർണ്ണസ്വപ്നങ്ങൾ നിറച്ച തേൻ കുടങ്ങളുമായി
വിൽപനക്കിറങ്ങാൻ തയ്യാറെടുക്കുന്നു.
നിറമുള്ള സ്വപ്നങ്ങൾ
വിൽപ്പന:ക്കു വയ്ക്കുമ്പോൾ
വില കൊടുത്തു വാങ്ങുന്ന
അത് കാണാൻ പറ്റാത്ത
ഞാനാണ് ..
എന്റെ പേരാണ് ഭാരതീയൻ.
Gopal Arangal.

പ്രതീക്ഷ. ( ഗദ്യം)

Image may contain: 1 person, closeup

ഞാനൊളിച്ചു വച്ച മനസ്സും ഹൃദയവും
തമ്മിൽ വേർപെട്ടു പോയി.
മനസ്സ് ചിന്തകൾ കൊണ്ട്
നെയ്തുണ്ടാക്കിയ ഒരു ചില്ലു
ഗ്ലാസിനുള്ളിലായിരുന്നു
ഹൃദയം സൂക്ഷിച്ചിരുന്നത്.
ആരും സ്വീകരിക്കാനില്ലാതെ
അനാഥമായി കിടക്കുകയാണ് ഹൃദയം .
അനന്തസാഗരത്തെ പോലെ മനസ്സും
അതിനുള്ളിലെ ചെറുമീനുകൾ
പോലെ പല നിറത്തിലെ ചിന്തകളും .
ഇവയ്ക്കിടയിൽ ഇത്തിരിയിടം
പ്രതീക്ഷിക്കുകയാണെന്റെ ആത്മാവ്.
കരുണാർദ്രമായ ഒരു ശബ്ദം .
ഒരു നീണ്ട മൗനത്തിൽ തീർത്ത
മതിൽക്കെട്ട് പുതിയ ചലനങ്ങൾക്ക്
കാതോർക്കുകയാണ്.
ആദ്യം വരുന്നതാരാണ് ?.

By Gopal Arangal

നല്ലെഴുത്ത് മാഗസിനിൽ പ്രസിദ്ധീകരിച്ച കഥയുടെ പൂർണ്ണരൂപം മന്ത്രo(കഥ )



മൂന്നര വയസ്സിൽ കുളത്തിൽ കുളിക്കാൻ പോകുമ്പോൾ
അച്ഛൻ ചൊല്ലിപ്പഠിപ്പിച്ചതാണ്. സർവ്വ ഊർജദായകനായ സൂര്യ ഭഗവാനോടുള്ള പ്രാർത്ഥന..
അന്നുതൊട്ടേ ശീലമായതാണ് ഗായത്രീമന്ത്രം ..
എന്നും ചൊല്ലിയാൽ വലിയ ആളാകാനുള്ള ബുദ്ധി ലഭിക്കും എന്നും പറഞ്ഞിരുന്നു അച്ഛൻ .
ഉറക്കമുണർന്ന് തന്റെ മരക്കട്ടിലിൽ വെറുതേ കിടന്നപ്പോൾ ആനന്ദന്റെ മനസ്സ് കുട്ടിക്കാലത്തേക്ക് തിരിയെ തുഴഞ്ഞു.
കാലം കടന്ന് പോയപ്പോൾ ചിന്തകൾ ഗായത്രി കടന്ന് മുന്നോട്ട് പോയി യോഗയും ധ്യാനവും ശീലിക്കണമെന്നായി തോന്നൽ .
പഠിത്തതിൽ മുന്നോട്ട് തന്നെയായിരുന്നു . കോളേജുകാലത്ത് വീണ്ടും ശ്രദ്ധ ആത്മീയത ലേക്ക് ആകർഷിക്കപ്പെട്ടു.
യോഗാസനത്തിൽ നിന്ന് ധ്യാനത്തിലേക്കെത്തുമ്പോൾ മനസ്സ് ആഹ്ലാദത്തിലായി ..
ഗുരുവിന്റെ അഭിപ്രായത്തിൽ അഷ്ടാംഗ യോഗയിലൂടെ , അതിലുള്ള ധ്യാനത്തിലൂടെ ബോധോദയത്തിൽ എത്തിച്ചേരാം ,,
എന്നാൽ അതിലൂടെ മാത്രം എത്തുകയില്ല താനും .
ധ്യാനത്തിന്റെ പഠനത്തിൽ അതിയായ സന്തോഷമുണ്ടായിരുന്നു.
ഗുരുവിന്റെ നിർദ്ദേശ പ്രകാരം സാവധാനം പരിശീലിക്കുകയായിരുന്നു. പക്ഷെ ശ്രദ്ധ കൂടസ്ഥ അതായത് പുരികങ്ങളുടെ മധ്യത്തിൽ കേന്ദ്രീകരിച്ച് ശ്വാസം മൂലാധാരത്തിൽ നിന്ന് ഉയർത്തി ആജ്ഞാ ചക്രത്തിൽ എത്തിക്കുകയെന്നത് മനസ്സിനുള്ളിൽ സന്തോഷമുണ്ടാക്കിയെങ്കിലും എന്തുകൊണ്ടോ പൂർണ്ണമാക്കാൻ സാധിക്കുന്നില്ല എന്ന തോന്നൽ .
ധ്യാനത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആദ്യമൊക്കെ ഒരു അലൗകിക ആനന്ദം കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഭ്രുമധ്യത്തിൽ കണ്ണുകൾ ഉറപ്പിച്ച് ഉൾക്കണ്ണ് കൊണ്ട് നോക്കുമ്പോൾ ഒരു സുവർണ്ണ പ്രകാശം 'നിറഞ്ഞു നിൽക്കുന്ന അനുഭവം ..
ഒപ്പം അത്യധികമായ സന്തോഷം കൊണ്ട് മനസ്സും നിറയ്ക്കുന്നു '.
എപ്പോഴാണ് തനിക്ക് പിഴച്ചത് എന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിലാകുന്നില്ല .
ചില സംഭവങ്ങളുണ്ടാകുമല്ലോ , വിജയികളെ സൃഷ്ടിക്കാത്തവ ..
പങ്കെടുക്കുന്നവർ ഇത് മത്സരമാണെന്ന് പോലും തിരിച്ചറിയാതെ തോറ്റു പോകുന്നവ.
ഉള്ളിലെ സുവർണ്ണ പ്രകാശത്തിന് മങ്ങലേൽക്കുന്നുണ്ടായിരുന്നു. ഒപ്പം മനസ്സിന്റെ സന്തോഷവും സ്വസ്ഥതയും കുറഞ്ഞു കുറഞ്ഞു വന്നു.
ആ മിസ്ഡ് കോളിൽ നിന്നായിരുന്നു അതിന്റെ തുടക്കം..
അതുവരെയില്ലാത്ത ചില ആഗ്രഹങ്ങൾ മനസ്സിൽ തലപൊക്കാൻ തുടങ്ങി ..
പിന്നീട് പലപ്പോഴും ആ വിളിക്ക് കാതോർത്തു , അടക്കി വച്ചിരുന്ന ആഗ്രഹങ്ങൾ ,
പുതിയ സ്വപ്നങ്ങളായി മാടി വിളിച്ചു.
ജോലി ചെയ്യുമ്പോഴും ഒരേ ചിന്ത മാത്രം .
ചില വെളിപ്പെടുത്തലുകൾക്കു ശേഷം മറുതലക്കൽ കട്ടി കൂടിയ നിശബ്ദത പതിയെ നീളം വെയ്ക്കാൻ തുടങ്ങിയത് ഞാനറിഞ്ഞിരുന്നു. ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്തവണ്ണം
തന്നിൽ നിന്ന് ചില ഗുണങ്ങളും പ്രതീക്ഷകളും ഇറങ്ങിപ്പോയി ..
അതിന്റെ അവസാനം ഇപ്പോൾ ഇവിടെ ആറു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
പുറത്ത് നല്ല മഴയാണ് വീണ്ടും കിടക്ക തന്നെ മാടി വിളിക്കുന്നു . പുസ്തക വായനയും ദിനചര്യകളുമായി സമയം പോയി.
'
'സായാഹ്നത്തിൽ ഇളം കാറ്റേറ്റ് ഇല്ലിക്കൂട്ടങ്ങളുടെ തണുപ്പിൽ കയറുകട്ടിൽ പുറത്തിട്ട് ഓർമ്മകളുടെ ഭാണ്ഡക്കെട്ട് തുറക്കുന്നത് ഒരു രസമാണ് ആനന്ദന് .
എപ്പോഴായാലും ആദ്യം കടന്നു വരുന്നത് അമ്മ തന്നെയാണ് .
സ്നേഹത്തിന്റെ തിരമാല ..
അതങ്ങനെ മായാതെ കിടക്കുകയാണ്.
ദിവസവും രാവിലെ പുഞ്ചിരിക്കുന്ന മുഖവുമായി ശുഭദിനം നേരുന്നതിലെ പൊള്ളത്തരവും ഓർമ്മ വന്നു.രണ്ടു ദിവസം കണ്ടില്ലെങ്കിൽ തീരാവുന്ന ബന്ധമെ പലതിലും ഉള്ളൂ എന്നതും ഒരു പുഞ്ചിരിയോടെ മനസ്സംഗീകരിക്കുന്നു. അല്ലെങ്കിലും ആർക്കെങ്കിലും തന്നോട് മമത തോന്നാൻ മാത്രം ഉള്ള അടുപ്പം താനങ്ങോട്ട് ആരോടെങ്കിലും കാട്ടിയിരുന്നോ ?
ഇല്ല എന്നത് നൂറു ശതമാനവും ഉറപ്പിക്കാവുന്നതും എനിക്ക് മാത്രമാണല്ലോ .
ക്രാ .. ക്രാ ...
താറാവിൻ കൂട്ടങ്ങളാണ്. ചുവന്ന വലിയ ചുണ്ടുകളും മിനുസമുള്ള തിളങ്ങുന്ന തൂവലുകളുമുള്ള ആൺ താറാവുകളെ കാണാൻ നല്ല ഭംഗിയാണ് .
ഇല്ലിക്കൂട്ടങ്ങൾക്കിടയിൽ ചില്ലക്കുരുവികളും പേരറിയാത്ത എന്നാൽ പരിചയമുള്ള നിരവധി കൂട്ടുകിളികളും തന്റെ ഗ്രാമത്തിന്റെ വിശുദ്ധി വീണ്ടും അനുഭവിപ്പിക്കുന്നു.
കായൽപരപ്പിലെ വിശാലമായ മണൽ തീരം..
മുന്നോട്ട് നോക്കിയിരിക്കുമ്പോൾ ഇടക്കിടെ ചെറിയ ഓളങ്ങൾ മാത്രമുള്ള കായൽ.
കട്ടിലിൽ കിടന്നു കൊണ്ട് നോക്കുമ്പോൾ പി.റ്റി സമയത്ത് വ്യായാമം ചെയ്യാതെ കിടന്നു കൊണ്ട് ഇടക്കിടെ തലപൊക്കി നോക്കുന്ന കള്ളത്തരം ചെയ്യുന്ന കുട്ടികളെപ്പോലെയാണ് കായലിലെ ഓളങ്ങൾ ..
പരിചയമുള്ള ഒരാളെ പോലും കാണരുത് എന്ന് കരുതി ഇവിടെ ഈ വിജനമായ തീർത്തും ഒറ്റപ്പെട്ട ചെറു ദ്വീപിൽ കഴിയാൻ തുടങ്ങിയിട്ട്.
ഇടയ്ക്കിടെ കായലിലൂടെ പോകുന്ന ചെറുവള്ളങ്ങളും അതിലെ തുഴക്കാരും പലപ്പോഴും തന്റെ സഹായികളാകുന്ന ഗ്രാമത്തിന്റെ നിഷ്കളങ്ക മുഖങ്ങൾ ..
തന്റെ കൊതുമ്പു വള്ളത്തിൽ ഇടയ്ക്കിടെ വിരുന്നുകാരനെപ്പോലെ വരുകയും എന്നാൽ എന്റെ അടുക്കളക്കാരനാവുകയും ചെയ്യുന്ന ജോസുകുട്ടി ...
അവനുമായി അധികം സംസാരമൊന്നുമില്ല ,
അതു കൊണ്ടു തന്നെ അവന് തന്നിൽ നിന്ന് വലിയ പ്രതീക്ഷകളും ഉണ്ടെന്ന് തോന്നുന്നില്ല.
എന്റെ ഏകാന്തതകളെ മുറിച്ച് കൊണ്ട് കായലിലെ ഓളപ്പരപ്പിലൂടെ ഒരു മാസത്തേയ്ക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളുമായി ചില വൈകുന്നേരങ്ങളിൽ എന്റെ മരക്കൊട്ടാരത്തിലേക്ക് കടന്നുവരാറുണ്ട് .
തന്റെ ഇല്ലായ്മയെക്കുറിച്ച് ഒരിക്കൽ പോലും പരാതി പറയാത്ത ആ ചെറുപ്പക്കാരനിൽ നിന്ന് എത്രയോ താഴെയാണ് തന്റെ സ്ഥാനമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കായലിലെ പരൽ മീനുകളെ കൂട്ടുകാരാക്കി അവരോട് സംസാരിച്ച് സമയം കഴിച്ചിരുന്ന എന്റെ മുന്നിലേക്ക് ലോൺലി ടൂറിസത്തിന്റെ ഭാഗമായി വീണ്ടും സഞ്ചാരികളെത്തി തുടങ്ങിയിരിക്കുന്നു.
തിരക്കുപിടിച്ച കമ്പോളവൽക്കരിക്കപ്പെട്ട ഈ ലോകത്തിൽ സുഖം തേടിയുള്ള മനുഷ്യന്റെ പാച്ചിലിനിടയിൽ പുതിയൊരു ബിസിനസ്സ് . 'ഏകാന്തത ആഗ്രഹിക്കുന്നവർക്ക് അത് ഒരുക്കി കൊടുക്കൽ.
കിടന്ന് മുകളിലേക്ക് നോക്കുമ്പോൾ പരസ്പരം കൊക്കുരുമ്മിയിരിക്കുന്ന ഇണപ്പക്ഷികൾ .. കണ്ടാൽ മുട്ടക്കള്ളനെ പോലുണ്ട്.
ചുവന്ന കണ്ണുകൾ കഴുത്തു വരെ കറുത്ത നിറം , ചിറകുകൾ മഞ്ഞ ,കറുത്ത നീളമുള്ള വാൽ ,
കൂട്ടിൽ മുട്ടയുണ്ടാവണം ,
ഒന്ന് ഇടയ്ക്ക് എങ്ങോട്ടോ പറന്നു പോയി.
മറ്റേ പക്ഷി ഇതുവരെ കേൾക്കാത്ത രീതിയിൽ ഉള്ള ഒരു ശബ്ദം ഉണ്ടാക്കുന്നുണ്ട്‌.
ഞാൻ അത് ശ്രദ്ധിച്ചു. എന്തോ ഒരു പ്രത്യേകതയുണ്ട്..
അപ്പോൾ അതാ ആപക്ഷി പറന്നു വരുന്നുണ്ട് , ഇവിടെ ഈ മരച്ചില്ലയിൽ ഇണക്കിളി ആ
വല്ലാത്ത ശബ്ദം ചിറകിട്ടടിച്ച്കൂടുതൽ ഉച്ചത്തിൽ ഉണ്ടാക്കുന്നുണ്ട് .
പെട്ടെന്ന് പറന്ന് വന്ന ആൺപക്ഷി ഒ 'രു മരത്തിന്റെ ചില്ലയിൽ തട്ടി വീണു.
കൂട്ടിലെ കിളിയിൽ നിന്ന് നിലവിളിക്കുമ്പോലെ ഒരു ശബ്ദം .... താഴെ വീണ പക്ഷി എഴുന്നേൽക്കാൻ ശ്രമിച്ചു .. നിരന്തര ശ്രമത്തിനു ശേഷം ആ കിളിക്ക് പറക്കാൻ കഴിഞ്ഞു.
അത് വീണ്ടും പറന്ന് കൂട്ടിനടുത്ത് എത്തി ഒരു ചില്ലയി'ലിരുന്ന് അണക്കുന്നുണ്ട്.
ആ കിളി വലതുവശം തിരിഞ്ഞാണ് കൂട്ടിലേക്ക് കയറുന്നത്.
അതിന് ഇടതു കണ്ണിന് കാഴ്ചയില്ലന്ന് തോന്നുന്നു.
ആൺകിളി പറന്നു വരുമ്പോൾ 'ഇണക്കിളിയുടെ അങ്കലാപ്പാട് കൂടിയ കരച്ചിൽ എന്തുകൊണ്ടായിരുന്നു എന്നത് ഇപ്പോൾ വ്യക്തമാവുന്നു.
കിളികളുടെ സ്നേഹവും അസ്തമയ ചുവപ്പും വീണ്ടും ഒരു വസന്തത്തിന്റെ സൂചന നൽകുന്നുണ്ടോ ?
അസ്തമയം എന്നത് പുതിയൊരു ഉദയത്തിനു വേണ്ടിയാണല്ലോ

By: Gopal Arangal

നിഷ്കാസിതൻ ( ഗദ്യം)

Image may contain: 1 person, closeup

മോഹമരത്തിന്റെ തുഞ്ചത്തൊരു കൂട് കൂട്ടി
അവളുടെ പവിഴാധരങ്ങൾ സ്വപ്നം കണ്ട്
ചിത്രശലഭങ്ങളുടെ നിറ സൗന്ദര്യം കോരിക്കുടിച്ച് 
പൂമ്പാറ്റകളുടെ നവ്യസുഗന്ധം ആവാഹിച്ച് ....
എന്നെയൊന്ന് കെട്ടിപ്പിടിക്കൂ ...
സൗഹൃദത്തിന്റെ മഞ്ഞുമല കൊണ്ടല്ല ....
പ്രണയത്തിന്റെ ശീൽക്കാരത്തോടെ .....
ജന്മാന്തരങ്ങൾ ഞാൻ നിന്നെ കാത്തിരിക്കും ....
ആകാശഗംഗയിൽ അലഞ്ഞു നടന്ന ശില പോലെ അവൻ
ആകർഷിച്ച് പൊടിയാക്കി മാറ്റുന്ന ഭൂമി പോലെ അവൾ .
അനന്തമായ ഈ സംസാരസാഗരത്തിൽ ഗതി കിട്ടാതെ
അവനെ അലയാൻ വിട്ട് ....
ചുറ്റുമുയരുന്ന അനന്ത കോടി ശബ്ദങ്ങളിൽ
തന്റേത് തേടി യാത്ര തുടരാൻ അവനെ വിട്ട്
മൗനത്തിന്റെ സ്ഥടിക കൊട്ടാരത്തിലേക്ക്
അവൾ സ്വയം കയറിപ്പോകവെ ....
ഒരു പിൻവിളി പോലുമാകാതെ അവൻ.

By: Gopal Arangal

അമ്മ മനസ്സ് ( കഥ)

അമ്മ മനസ്സ് ( കഥ)
ഒരു വല്ലാത്ത അസ്വസ്ഥത ..
വെളുക്കുവോളം ഉറക്കം വന്നില്ല.
സൂര്യകിരണങ്ങൾ ഭൂമിയെ ചുംബിക്കാൻ തയ്യാറെടുക്കുന്നതേയുള്ളൂ.
കണ്ണുകളിൽ വല്ലാത്ത ഒരു ആലസ്യം.
വീണ്ടും ഒന്നു മയങ്ങാൻ തോന്നുന്നു.
പെട്ടെന്ന് താഴോട്ട് വീഴും പോലെ ഒരു തോന്നൽ ,
ഞെട്ടി കൺ തുറന്നു.
തോന്നലല്ല താഴോട്ട് പോകുക തന്നെയാണ്.
അമ്മേ .......
എന്നെ രക്ഷിക്കൂ .......
ആ വീഴ്ചയിൽ അവൾ അലറി വിളിച്ചു.
മറുപടി കിട്ടാത്തതു കൊണ്ട് അവൾ
അമ്മയെ നോക്കി , ആ കണ്ണുകളിൽ എന്തു
വികാരമാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല .
സാധാരണയായി ഏതെങ്കിലും പയ്യൻമാർ വഴിയെ നടന്നു പോയാൽ പോലും തന്നെ മറച്ചു പിടിക്കുന്നതാണ് അമ്മയുടെ ശീലം .
അവൾ വളർന്നുതുടങ്ങിയതിനു ശേഷം എല്ലാ ദിവസവും അങ്ങിനെയായിരുന്നു.
തന്റെ ശരീരം ഒരു ഒത്ത പെണ്ണിന്റേതായി വളരുന്തോറും ആ കരുതൽ വർദ്ധിച്ചിരുന്നു.
ഇന്നിതാ താൻ വീണു തുടങ്ങുമ്പോൾ പോലും അമ്മ കണ്ണടയ്ക്കാതെ തന്നെ നോക്കി നിൽക്കുകയാണ്.‌
പക്ഷെ ഇപ്പോൾ അമ്മയുടെ മുഖത്ത് ഒരു അങ്കലാപ്പ് പ്രകടമായി .
ഠിം.....
പുറമിടിച്ചാണ് വീണത്.
കുറച്ചിലകൾ വീണു കിടന്നിരുന്നു അതിൻ മേലാണ് വീണത് .
അതു കൊണ്ട് തന്നെ ചെറുതായേ വേദനിച്ചുള്ളൂ ....
വീണ് കിടന്ന് അവൾ വീണ്ടും അമ്മയെ നോക്കി.
ആ കണ്ണുകളിൽ ഇപ്പോൾ ഒരാശ്വാസ ഭാവം .....
തന്നെ അത്യധികം സംരക്ഷിച്ചിരുന്ന അമ്മയുടെ ഇപ്പോഴത്തെ
ആ ഭാവം അവളുടെ കണ്ണുകളെ നിറച്ചു .
സങ്കടം സഹിക്കാനാവാതെ നിറഞ്ഞ കണ്ണുകൾ ഇറുക്കിയടച്ച്
വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.
മകളുടെ കവിളിണകളിൽ ചുവപ്പ് പടർന്നതു മുതൽ ആ അമ്മ
ഇങ്ങനെ ഒരു ദിനത്തിനായി പ്രാർത്ഥനയോടെ
കാത്തിരിക്കുകയായിരുന്നു.
തന്റെ ഏക പുത്രിയുടെ വേർപിരിയലിൽ
കടുത്ത വിഷമമുണ്ടായിരുന്നെങ്കിലും
ഭൂമിയിൽ തന്റെ പരമ്പര തുടർന്നു പോകാൻ
ഏറെക്കാലത്തിനു ശേഷം ആ മകളിലൂടെ
സാധിക്കുമെന്ന പ്രതീക്ഷയിൽ അവളിൽ
ഒരു പുതിയ മുളപൊട്ടുന്നതും കാത്ത് നിൽക്കുകയാണ്
ആ നാട്ടുമാവ് .

Gopal A

പുണ്യപാപങ്ങൾ (ഗദ്യം)

പുണ്യപാപങ്ങൾ (ഗദ്യം)
എന്നും അയാള വരെ കാണാറുണ്ട് ..
ഒരമ്മയും കുഞ്ഞും .
ഓഫീസിലേക്കുള്ള വഴിയാണ്.
ഏതോ ദുഷ്ടനായിരിക്കും .
അല്ലാതെ ങ്ങനെ കഴിയും .
മെലിഞ്ഞ എല്ലിച്ച ഈ
വൃത്തിയില്ലാത്ത പെണ്ണിനെ .
അവനൊക്കെ ചിത്രഗുപ്ത നോട്
കണക്കു പറയുന്നത് ഓർത്ത്
പരിഹാസം കൊണ്ട് മുഖം ചുളിഞ്ഞു.
ചുണ്ട് നനയ്ക്കാനായി ഒരിറ്റ്
തേടി കുഞ്ഞ് അമ്മ തൻമാറോട് കുറുകി
വളഞ്ഞ് ചുളിഞ്ഞ് ഉള്ളിലേക്ക് ചുരുണ്ട് കൂടി
മോക്ഷം കിട്ടാതെ പേഴ്സിനുള്ളിലെ നോട്ടും.

Gopal

ജീവിത നടനം......

ജീവിത നടനം......
അന്ന് വയലേലകളിൽ കാരിയേയും നത്തയേയും തിരഞ്ഞും
ചെളിയിൽ പൊത്തയേയും വരാലി നേയും തപ്പി നടക്കാത്തതു കൊണ്ട്
അവന് ബാല്യം നഷ്ടമായി.
കൗമാരത്തിൽ കളിക്കളങ്ങളിൽ ഗോലിയും ഗ്രൗണ്ടിൽ ഫുട്ബോളും
സെവന്റീസുമൊക്കെ കളിച്ചു നടന്നപ്പോൾ
എന്തെല്ലാമാണ് നേടിയതെന്ന് അവനറിയില്ലായിരുന്നു .
യൗവനാരംഭത്തിൽ ബസുകളുടെ ഫുട് ബോർഡിൽ തൂങ്ങി
നിന്നു യാത്ര ചെയ്യുമ്പോൾ , നോക്കി നിന്ന പെൺകുട്ടികളെ
കണ്ടപ്പോൾ അവൻ കരുതി , ഹീറോ ഞാൻ തന്നെ.
പഠനം കഴിഞ്ഞ് ജോലി തേടി നടന്ന കാലത്ത്
രാത്രിയും പകലുമില്ലാതെ കലുങ്കിലും കടവരാന്തയിലും
കമ്പനി കൂടി പഞ്ചാര വിറ്റു നടന്നപ്പോൾ നേടിയതും തൃപ്തി നൽകിയില്ല
.മധ്യ വയസ്സിൽ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ
ചിരിച്ചപ്പോഴും മനസ്സു നിർവികാരമല്ലായിരുന്നു.
ഇനിയെത്ര നാൾ എന്ന ചിന്തയാൽ വാർദ്ധക്യത്തിൽ
ഒരിക്കലൂടെ കടവരാന്തകൾ കാക്കുമ്പോൾ
ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുമായി
അവരാരെങ്കിലും ............
ബാല്യത്തിൽ അവൾ അച്ഛന്റെ സുന്ദരിക്കുട്ടി
കൗമാരത്തിൽ കൂട്ടുകാരുമൊത്ത്
സാറ്റ് കളിച്ചപ്പോൾ ചിലർ വേദനിപ്പിച്ചു.
ആ അതിനു ശേഷം അമ്മ പൊതിഞ്ഞു പിടിച്ചു.
തട്ടിപ്പറിക്കാൻ പലരും ശ്രമിച്ചു ...
അച്ഛനും ആങ്ങളയും ഒപ്പമുണ്ടെങ്കിലും
ഒരകലത്തിലായിരുന്നു.
കൂട്ടിന്നാളെ തന്ന് കാരണവൻമാർ കടമ കാട്ടി.
ക്ഷമയും സ്നേഹവും കൊണ്ട് അമ്മവേഷം ആടി.
ജീവിത സായാഹ്നത്തിൽ, എല്ലാ വേഷങ്ങളും
ഭംഗിയായി നിർവഹിച്ചു എന്ന് തൃപ്തിപ്പെട്ടപ്പോൾ
മക്കൾ അമ്മയെ പുണ്യ നഗരിയിൽ നടതള്ളി.
ഇന്ന് കൂട്ടുകാർ ഒരുപാടുള്ള നരച്ച ജനൽക്കമ്പികളിൽ
പിടിച്ച് പുറത്തോട്ടു നോക്കി നിൽക്കുമ്പോൾ
ഒന്നുമൊന്നും മനസ്സിൽ തെളിയുന്നില്ല .
ഒരു നനുത്ത പാsപോലെ ഒരു മുഖം തെന്നി
മറയുന്നു..., മനസ്സ് പറയുന്നു..." അവൻ വരും...,
വരാതിരിക്കില്ല...". പാട കെട്ടിയ കൺകോണുകളിൽ
നിന്നും രണ്ടിറ്റു കണ്ണീർ ഒലിച്ചിറങ്ങി..

Gopal A

സന്തോഷത്തിന്റെ നൂൽപ്പാലം ......

സന്തോഷത്തിന്റെ നൂൽപ്പാലം ......
സെൽവൻ .
അതായിരുന്നു അയാളുടെ പേര് '
പ്രായം 52 ,
ശാരീരികമായി അവശൻ , മുൻപെ പ്പോഴോ നഗരത്തിലേക്ക് ചേക്കേറിയ പൊന്നുച്ചാമിയെന്ന തമിഴ് നാടോടി യുടെ മകൻ
കടപ്പുറത്ത് സമയം പോക്കാൻ വരുന്നവർക്ക് കടല വിൽക്കുക എന്നതാണ്
അയാളുടെ ജീവിത മാർഗ്ഗം
അത് ജീവിതമാണോ എന്നയാൾക്ക് അറിയില്ല .
ജീവിതമാണെന്ന് അയാൾക്ക് ഇതുവരെ തോന്നിയിട്ടില്ല.
ഒരു പക്ഷെ മറ്റുള്ളവർക്ക് അത് ജീവിതമായിരിക്കും
അയാൾ അമിതമായി സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യാറില്ല .
ചില സമയം അയാൾ ജയിക്കുന്നതായി അയാൾക്കു തോന്നും അയാളിൽ സന്തോഷമുള്ള ദിവസങ്ങൾ ഭാര്യക്ക് മാത്രം തിരിച്ചറിയാവുന്നവയാണ്.
മകൾക്ക് എൻജീനിയറിംഗിന് അഡ്മിഷൻ കിട്ടിയപ്പോഴാണ് അയാൾക്ക് അത് അവസാനമായി തോന്നിയത്.
ഭാര്യയും മകളും അയാളുടെ അമ്മയുമടങ്ങുന്നതാണയാളുടെ ലോകം .
കടൽക്കരയിൽ ഉല്ലസിക്കാൻ വരുന്നവർക്ക് നിലക്കടല വിറ്റ് ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാൻ നടത്തുന്ന ശ്രമിക്കുന്ന തികച്ചും സാധാരണക്കാരൻ
എൻ ജീനീയറിങ്ങിന് പഠിക്കുന്ന തന്റെ മകളിലായിരുന്നു അയാളുടെ പ്രതീക്ഷ മുഴുവൻ.
മകളെ അവളുടെ ഇഷ്ടപ്രകാരം പഠിക്കാൻ കോളേജിൽ ചേർത്തപ്പോഴും അയാൾ കളിയിൽ ജയിച്ചതായി സ്വപ്നം കണ്ടു.
പക്ഷെ , ഈയിടെയായി അയാൾക്ക് തനിക്ക് എന്തോ നഷ്ടപ്പെടുവാൻ പോകുന്നു എന്ന തോന്നലാണ് ............ .
ഇന്നും പതിവുപോലെ രാവിലെ ചാലയിൽ സേട്ടു വിന്റെ കടയിൽ നിന്നും അഞ്ചു കിലോ പച്ച നിലക്കടല വാങ്ങി , അവിടെ വച്ച് നാലഞ്ച് എണ്ണം എടുത്ത് വായിലിട്ട് ചവച്ചു നോക്കി തൃപ്തിപ്പെട്ടു.
എന്നും അങ്ങിനെയാണ് , തന്റെ കയ്യിൽ നിന്നും കടല വാങ്ങിത്തിന്നുന്നവരുടെ വയറിന് മാത്രമല്ല മനസ്സിനും സന്തോഷമുണ്ടാവണം എന്ന് അയാൾക്ക് നിർബന്ധമുണ്ട് .
വീട്ടിലെത്തിയ ശേഷം അയാളും ഭാര്യയും ചേർന്ന് അയൽവക്കത്തുനിന്നും വാങ്ങിയ പഴയ പത്രക്കടലാസുകൾ കടല പൊതിയാൻ കുമ്പിൾ കോട്ടാൻ പറ്റിയ വലിപ്പത്തിൽ കീറിയടുക്കി തന്റെ ഉന്തുവണ്ടിയിൽ തയ്യാറാക്കി വച്ചു.
ശെൽ വി അയാളുടെ മുഖത്തേക്ക് പലപ്പോഴും നോക്കി ,എന്തോ ഒരു വിഷമം അവിടെ തങ്ങി നിൽക്കുന്നതായി അവൾക്ക് തോന്നി .
സുബണ്ണാ ,
എന്തു പറ്റി ഇന്നലേ മുതൽ ഇത്രക്ക് ഗൗരവം എന്താ കാര്യം ,,
ഒന്നുമില്ലെടീ ..
പിന്നെ ?
നമ്മുടെ മോള് ,,
അവളെ പഠിപ്പിക്കണ്ടായിരുന്നു. അല്ലേ .
എന്താണ്ണാ എന്തു പറ്റി .. ഏയ് ഒന്നുമില്ല .
അവളുടെ നോട്ടം അയാൾ അവഗണിച്ചു' .
അത് എന്നും അങ്ങിനെയായിരുന്നു.
സ്വന്തം അമ്മയോട് പോലും അയാൾ തുറന്ന് സംസാരിക്കുന്നത് അവൾ കണ്ടിട്ടില്ല .
സ്റ്റൗവിൽ വച്ചിരിക്കുന്ന ചീനി ചട്ടിയിൽ കുറച്ചു മണലും കടലയുമായി അയാളുടെ കൈ എപ്പോഴും ചലനത്തിലായിരിക്കും . ഇടയ്ക്കിടെ ചട്ടിയിൽ ചട്ടുകം കൊണ്ട് രണ്ട് തട്ട് ,അത് ബീച്ചിലൂടെ വെറുതേ അങ്ങോട്ടുമിങ്ങോട്ടും അലസമായി നടക്കുന്ന ആൾക്കാരെ ഇവിടെയിതാ ചൂടു കടല തയ്യാറായിരിക്കുന്നു എന്ന് കാണിക്കുന്ന പരസ്യമായിരുന്നു.
പക്ഷേ ബീച്ചിലെ വൈദ്യുത വിളക്കുകളിലെ പ്രകാശം തെളിയുന്നതിനു മുൻപ്
കടലാഴങ്ങളിലേക്ക് താഴ്ന്നിറങ്ങി പോകുന്ന സൂര്യഭഗവാനെപ്പോലെ തന്നെ പ്രതീക്ഷകളും താഴോട്ട് ഇരുട്ടിലേക്ക് ഇറങ്ങി പോകുന്നതായി അയാൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.
അതിന്റെ കാരണം കണ്ടു പിടിക്കാൻ അയാൾക്ക് കഴിയുന്നില്ല.
ഒരു പക്ഷേ , അസ്തമയ സൂര്യന്റെ ഇറങ്ങി പോക്കിന് ശേഷം തന്റെ
സഞ്ചിയിൽ വീഴുന്ന നാണയങ്ങളുടെ എണ്ണത്തിലുള്ള കുറവായിരിക്കാം അയാളെ
ഇങ്ങനെ പുറകോട്ട് വലിക്കുന്നത്.
വിശാലമായ ബീച്ചിന്റെ പല ഭാഗത്തായി തന്റെ മകളുടെ പ്രായത്തിലും മുതിർന്നതുമായ പെൺകുട്ടികൾ , വിവിധങ്ങളായ വേഷങ്ങൾ ധരിച്ച ആ പെൺകുട്ടികൾ മിക്കവരും ഒറ്റക്കായിരുന്നില്ല .
കുട്ടികളുടെ കൂടെയുള്ളത് സഹോദരനാവണേ എന്ന് അയാളുടെ മനസ്സ് വെറുതേ മോഹിച്ചു.
ജീൻസും ടോപ്പും ധരിച്ച പെൺകുട്ടികളെ കാണുമ്പോൾ അയാളുടെ ഹൃദയമിടിപ്പിൽ വ്യത്യാസം വരുന്നു.
തന്റെ മകളുടെ പ്രായമുള്ള പെൺകുട്ടികളെ കാണുമ്പോൾ അയാളുടെ കൈകൾ നിശ്ചലമാകും , അവർ ഇംഗ്ലീഷ് വല്ലതും പറയുന്നുണ്ടോ , അവർ മൊബൈലിൽ മുഖം പൂഴ്ത്തി പരിസരം മറന്ന് ചിന്തിക്കുന്നുണ്ടോ ? ഇത്തരം ചിന്തകളിൽ അയാളുടെ മനസ്സ് മുങ്ങിപ്പോകും
നേരം സന്ധ്യയോടടുക്കുന്നു.
ബീച്ചിലെ തിരക്ക് കൂടുതലാണ് , വളയും മാലയും കൊണ്ട് നടന്ന് വിൽക്കുന്ന മുരുകനും പൊട്ടുകളും കൺമഷിയും ചാന്തും വിൽക്കുന്ന സുമിതയക്കയും ബലൂണുകളുമായി ഓടി ' നടക്കുന്ന കുട്ടികളും സന്തോഷത്തിലാണ് .
പക്ഷെ അയാളുടെ മനസ്സിൽ തീരത്തേക്കാൾ വലിയ തിരകൾ ഇളകുന്നുണ്ട് .മുഖം വല്ലാതെ മ്ളാനമായിട്ടുണ്ട് ,
സ്ഥിരമായി കടല വാങ്ങുന്ന വുദ്ധ ദമ്പതികൾ ആ മുഖം കണ്ട് പരിഭവപ്പെട്ടു.
കടല പൊതിയുന്ന കൈകളിൽ ഒരു വിറയൽ അനുഭവപ്പെടുന്നുണ്ട് ..
അപ്പാ ......
എന്നുള്ള വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി .
അവിടെ ജീൻസും ടോപ്പുമിട്ട മാലതി .
അവൾ ഓടി വന്ന് അയാളുടെ കൈയ്യിൽ നിന്ന് കടല വറുത്തു കൊണ്ടിരുന്ന ചട്ടുകം വാങ്ങി
ചീനിച്ചിട്ടിയിൽ രണ്ടു തട്ട് ,
കടല കടലേയ് .......
ആ വിളി കേട്ട ആൾക്കാർ അവർക്കു ചുറ്റും കൂടി .
അയാളുടെ മനസ്സിൽ ഒരു കനത്ത തിരയെളക്കം അത് നേരത്തേയുണ്ടായതിന്റെ എതിർ വശത്തേക്കായിരുന്നു.
അയാൾ തിരിഞ്ഞ് നോക്കുമ്പോൾ സെൽവി ചിരിക്കുകയായിരുന്നു.

Gopal A

ഒരു കഥ .

ഒരു കഥ .
കുറച്ചു ദിവസം മുൻപ് ഒരു രാത്രി ഏകദേശം 3.30 മണിയായിട്ടുണ്ടാവും നാട്ടുകാരനും സുഹൃത്തിന്റെ അച്ഛനുമായ ഗോപിയാശാരി മരണപ്പെട്ടു , വെളുപ്പിനേ വിവരം കിട്ടിയതുകൊണ്ട് ഞാൻ അപ്പോൾ തന്നെ ഞാനവിടെ ചെന്നു.
അദ്ദേഹത്തിന്റെ മകൻ ഗൾഫിലാണ് .വരാൻ പറ്റാത്തത് കൊണ്ട് ചടങ്ങുകൾ
ഉച്ചയോടു കൂടി നടത്താൻ തീരുമാനിച്ചു.
ജോലിക്ക് പോകേണ്ടതിനാൽ എനിക്ക് ഉടനെ അവിടം വിട്ടു പോരേണ്ടി വന്നു.
പിന്നീട് തിരക്കുകൾ കാരണം അങ്ങോട്ട് പോകാൻ പറ്റിയില്ല.
ഇന്നലെ ഒരു പാട് ജോലിത്തിരക്ക് ഉണ്ടായിരുന്നതിനാൽ വീട്ടിലേക്ക് മടങ്ങാൻ ഒരുപാട് വൈകി , ജംഗ്ഷനിൽ നിന്ന് 20 മിനുട്ടോളം നടന്നാലേ വീട്ടിലെത്തു
നല്ല ഇരുട്ടായിരുന്നു.
മ'ഴ പെയ്യാൻ തുടങ്ങുന്നതു പോലെ തോന്നിച്ചു .
ഇടയ്ക്കിടെ മിന്നൽ , ചെറിയ ഇടിമുഴക്കം .
ഇരുട്ട് കട്ടപിടിച്ച് നിൽക്കുന്നു ,ശക്തിയായ കാറ്റ് വീശി ,
പക്ഷെ ഇരുട്ടിന് എന്തോ വാശി പോലെ ഇവിടം വിട്ടു പോകാൻ തയ്യാറല്ല .
ഇന്ന് കറുത്ത വാവാണോ?
വഴിയിൽ ആരുമില്ല , കൈയിൽ മൊബൈലുണ്ട് , കുടയില്ല മഴ പെയ്താൽ നനഞ്ഞ തു തന്നെ .
ചെറിയ ഇടിമുഴക്കം കേട്ടതിന് ശേഷം മുന്നോട്ട് നടക്കുമ്പോൾ റോഡ് അവസാനിക്കുകയാണ് ഈ വാട്ടർ ടാങ്ക് കടന്ന് ഇടവഴിനടന്ന് വേണം പോകാൻ.
, എന്റെ കാലടി ശബ്ദം കേട്ടിട്ടാവണം ടാങ്കിന്റെ അടിഭാഗത്ത് നിന്ന് അന്തേവാസികളായ നായ്ക്കളുടെ മുരളൽ കേട്ടു .കുനിഞ്ഞ് ഒരു കല്ലെടുത്തു ഭാഗ്യം അവരെന്റെ പുറകെ വന്നില്ല.
ഇടവഴിയിൽ കയറിയപ്പോഴേ മഴ തുള്ളി വീഴാൻ തുടങ്ങി .
ഭാഗ്യം ശക്തിയായി പെയ്യുന്നില്ല , വീണ്ടും ഒരു മിന്നൽ
ഈ മിന്നലുകണ്ടിട്ട് ആരാണാവോ ഫോട്ടോ എടുക്കുന്നതായി തമാശ പറഞ്ഞത് .
നടക്കവെ കുറച്ചു മുമ്പിലായി ഒരാൾ പോകുന്നത്
കണ്ടു , ഇത്തിരി വേഗതയിൽ' . ഞാൻ ഒന്ന് വിളിച്ചാലോ എന്ന് കരുതി .
ഏയ് , ചേട്ടാ അവിടൊന്ന് നിന്നേ . അദ്ദേഹം നിന്നു.
ഞാനടുത്തേക്ക് ചെന്നു. മൊബൈൽ ലൈറ്റ് മുഖത്തേക്ക് അടിച്ചു.
അതേ സമയം തന്നെ ഒരിടി വെട്ടി .....
അ മ്മേ ........
ഞെട്ടി പുറകോട്ട് പോയി ,എന്തി ലോ തട്ടി വീണു .ഒരു നിലവിളി എന്റെ തൊണ്ടയിൽ കുരുങ്ങി .
അത് ഗോപിയാശാരി ആയിരുന്നു. വയറ്റിൽ നിന്ന് തീയാളുന്ന പോലെ .
കണ്ണുകളിൽ ഇരുട്ട് കയറുന്നു. ശരീരം വിയർത്തൊലിച്ചു.
ഇതെല്ലാം കണ്ട് അയാൾ ഞെട്ടി നിൽക്കുകയാണ് ,അവിടെ കിടന്ന് ഞാൻ പുറകോട്ട് ഇഴഞ്ഞു.
ഇപ്പോൾ അയാളുടെ മുഖത്ത് ഒരു ചിരി വിടർന്നു.
ഞാൻ നോക്കുമ്പോൾ രണ്ടു ദംഷ്ട്രകൾ വായിൽ നിന്ന് പുറത്തേക്ക്
തള്ളി വരുമ്പോലെ . ഇനി ഇവിടെ നിന്നാൽ ...
ഞാൻ ഓടി , എന്റെ കാലുകൾ തളരുന്നതു വരെ .ശ്വാസം മുട്ടുന്നതു പോലെ .
മുന്നിലേക്ക് വീണു. വീണ്ടും എണീറ്റ് ഓടി .എങ്ങനേ യോ ഓടി വീട്ടിലെത്തി .
വാതിലിൽ മുട്ടി ,അമ്മ വാതിൽ തുറന്നു ' വിയത്തൊലിച്ച രൂപം കണ്ട് അമ്മ പേടിച്ചു.
എന്താടാ ,ഏയ് ഒന്നുമില്ല . നീ എന്തേലും കണ്ട് പേടിച്ചോ ?
ഏയ് ഇല്ല' . എനിക്ക് എങ്ങനേം കിടന്നാൽ മതി .വാതിലടച്ചു.കിടന്നു.
അപ്പോഴും ഗോപിയാശാരിയുടെ മുഖം എന്റെ മുന്നിലേക്ക് വന്നു .
ഇന്നിനി ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല .
തിരിഞ്ഞും മറിഞ്ഞും കിടന്നു. എങ്ങിനേയോ നേരം വെളുപ്പിച്ചു.
രാവിലെ ഒരു പനിക്കോള് ,
ഒരു കട്ടൻ ചായയുമായി തിണ്ണയിൽ ഇരിക്കുമ്പോൾ അമ്മ പറയുന്നു.
ഡാ , നിനക്ക് ഒരു കട്ടിൽ പണിയണംന്ന് പറഞ്ഞില്ലേ ,അതിന് തടിയെടുക്കാൻ പോകാൻ ഗോപിയാശാരി ഇന്ന് വരാംന്ന് പറഞ്ഞിട്ടുണ്ട് എന്ന്.
തൊണ്ടയിൽ നിന്ന് താഴോട്ടിറങ്ങിയ കട്ടൻ ചായ ഒറ്റച്ചാട്ടം പുറത്തേക്ക് .
പിന്നേ ,
ഇതിലെ ഞാനില്ലേ ....
അത് ഞാനല്ല .

GopalArangal, 

നിഴൽ ജീവിതം

നിഴൽ ജീവിതം
ദയവായി ആരെങ്കിലും എന്നെയൊന്ന് ശ്രദ്ധിക്കൂ. എനിക്ക് പറയാനുള്ളത് കേൾക്കൂ. എന്റെ ചുറ്റിനും ഇത്രയധികം ആൾക്കാർ ,ഒരാൾ പോലും എന്നെ ശ്രദ്ധിക്കുന്നില്ലല്ലോ ? എന്തേ ആരും എന്നെ ശ്രദ്ധിക്കാത്തത് ? അതിവേഗം ചലിക്കുന്ന ലോകത്ത് അനസ്യൂതം ചലിക്കുന്ന മനസ്സുമായി നിരവധി പേർ . എന്നിട്ടും ആരും എന്നെ കേൾക്കുന്നില്ല. ആരോടെങ്കിലും ഒന്ന് മിണ്ടിയിരുന്നെങ്കിൽ എന്റെ മനസ്സിന്റെ ഉത്കണ്ഠകൾ പങ്കുവെച്ചിരുന്നെങ്കിൽ ഒരു പക്ഷേ എനിക്ക് എന്നെ മനസ്സിലായേനെ , ഒരു പക്ഷേ ഒരു തിരിച്ചറിവ് . അതെന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നേനെ .
ണാൻ മാത്രമാണോ ഇങ്ങനെ ? എന്റെ ചുറ്റുമുള്ള ഈ തിരക്കുപിടിച്ച മനുഷ്യർ അവരെല്ലാം എന്നെ പോലെ ആയിരിക്കുമോ ? ഉള്ളിലുള്ളത് തുറന്നു പറയാനാവാതെ വിഷമങ്ങൾ ഗദ്ഗദങ്ങളാക്കി ഉള്ളിലേക്ക് തന്നെ തള്ളിക്കേറ്റി മനസ്സിനെ നെരിപ്പോടാക്കി ചലിക്കുന്ന അഗ്നിപർവ്വതങ്ങളായി ജീവിക്കുകയാണോ?
എന്നെ ആർക്കും അറിയാനാവാത്തതാണോ ,
അതോ എനിക്ക് ആരേയും മനസ്സിലാക്കാനാവാ ത്തതാണോ .?
എന്റെ മനസ്സ് ആരും തിരിച്ചറിയുന്നില്ല .
എനിക്ക് പുറത്തിറങ്ങാനാവുന്നില്ല ,
അതോ അവരെന്നെ കാണുന്നില്ലേ ?
ഞാൻ അവരെ കാണുന്ന പോലെ ?
എനിക്കും അവരെ പോലെ ജീവിതം ആസ്വദിക്കണ്ടേ ?
പക്ഷേ , പക്ഷേ അതിന് എനിക്ക് ഈ ഗ്ലാസിനുള്ളിൽ നിന്ന് പുറത്തിറങ്ങേണ്ടതുണ്ട്
ഈ ലോകത്തെ ഇതു വരെ ഞാൻ കണ്ടു കൊണ്ടിരുന്നത് മൊബൈൽ ഫോണിലെ സ്ക്രീനു നുള്ളിൽ നിന്നാണ്. എനിക്ക് അതിനെ പൊട്ടിക്കണം , എന്നിട്ട് സ്നേഹത്തിന്റെ പരസ്പര വിശ്വാസത്തിന്റെ ഭാഷ സംസാരിക്കുന്ന ഈ ലോകവുമായി നേരിട്ട് സംവദിക്കണം .
എനിക്കതിനാകുമോ ?
ശുഭപ്രതീക്ഷയോടെ ,
ഗോപാൽ അരങ്ങൽ .

ഒരു പേരു കഥ ...


ഒരു പേരു കഥ ...
ഉണ്ണിയും കണ്ണനും
സ്കൂളിൽ നിന്ന് വന്ന ശേഷം കണ്ണന്റെ മുഖത്ത്
വലിയ വിഷമം. രാവിലെ രണ്ടു പേരും സന്തോഷത്തോടെ സ്കുളിലേക്ക് 
ഇറങ്ങിയതാണ്.
അമ്മേ , അച്ചയെവിടെ എന്ന് ചോദിച്ചാണ്
വന്നത് , ഇടയ്ക്കിടെ ഉണ്ണിയെ ദേഷ്യത്തോടെ നോക്കുന്നുമുണ്ട്'
കാര്യം എന്താന്ന് ചോദിച്ചാ'ൽ മറുപടി പറയുന്നുമില്ല.
അച്ഛനിപ്പോ വരും നീ കാര്യം പറയ് മോനെ .
വേണ്ട , അച്ഛനോട് മാത്രേ പറയൂ.
ചേട്ടൻ അകത്ത് നിന്നിറങ്ങി വന്നു. കൂടെ അമ്മായിയമ്മയും
അച്ഛനും ഉണ്ട് .
നീ ചായയെടുക്കെടീ എന്ന് ചേട്ടൻ പറഞ്ഞു.
ഞാൻ ചായയെടുക്കാനായി അകത്തേക്ക് പോയി
തിരിച്ചു വന്നപ്പോൾ ചേട്ടൻ തലയിൽ കൈവച്ച് ചിരിക്കണോ കരയണോ
എന്നറിയാതെ ഇരിക്കുന്നു . അമ്മായിയമ്മയുടെ മുഖം കടന്നൽ
കുത്തിയ പോലെ .
എന്താ കാര്യം പറയെടാ കണ്ണാ ..
അത് അമ്മേ , ഇന്ന് ക്ലാസിലെ പുതിയ മിസ് വന്നേ ..
അപ്പോ എല്ലാ കുട്ടികളുടേയും പേര് , അച്ചേ ടെ പേര് അമ്മേടെ പേര്
എല്ലാം പറയാൻ പറഞ്ഞു.
 അപ്പോ ഉണ്ണി അച്ചേടെ പേര് മാറ്റിപ്പറഞ്ഞു.
എന്തിനാടാ നീ മാറ്റിപ്പറഞ്ഞത് .
അത് , പിന്നെ അമ്മേ ടീച്ചർ ചോദിച്ചപ്പോ
അനന്തുവും
ടിന്റുവും ബാക്കിയെല്ലാവരും നല്ല നല്ല പേരുകളാ പറഞ്ഞത്
അനന്തുവിന്റെ അച്ഛന്റെ പേര് പ്രവീൺ , ടിന്റുവിന്റെ അച്ഛന്റെ പേര് ' സതീഷ്
ബാക്കിയെല്ലാവരുടേയും ചെറിയ നല്ല പേരല്ലേ .
നമ്മൾ അച്ചേ ടെ പേരിന് ഒരു സ്റ്റെലില്ല .
ഇന്നാള് ഞാൻ തുളസീധരൻ പിള്ള എന്ന് പേര് പറഞ്ഞപ്പോ
വണ്ടീലെ ചേട്ടൻമാരെല്ലാം കളിയാക്കുവേം ചെയ്തല്ലോ .
അതോണ്ടാ ഞാൻ ശശി എന്ന് പറഞ്ഞത് .. ഞാൻ തളർന്ന് തറയിലേക്കിരുന്നപ്പോൾ
അമ്മായിയുടെ മുഖത്തേക്കൊന്നു നോക്കി , അവിടെയതാ ഒരു പുതിയ തിളക്കം
പോര് തുടങ്ങാൻ ഒരു പുതിയ കാരണം കിട്ടിയതിന്റെ തിളക്കം 

Gopal

ഒരു മറുകുറിപ്പ്

Image may contain: 1 person, closeup

അംബാനിയദ്ദേഹം data ഫ്രീയായി തന്നു തുടങ്ങിയ കാല മാണ് എന്നാണ് ഓർമ്മ.
മുഖപുസ്തകത്തിന് സ്വന്തം നിക്ഷേപമൊക്കെെടുത്ത് വല്ലപ്പോഴും ഒന്നെത്തി നോക്കി നടന്ന പാവം ഞാൻ ,
അത്രയും കാലം ചെറുകഥകളോട് പ്രത്യേകിച്ച് ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദുർബല നിമിഷത്തിൽ സംഭവിച്ച ഒരു ലൈക്ക് ,കഷ്ടകാലമെന്നല്ലാതെ എന്താ പറയുക.
ഇപ്പോഴത്തെ ഒരു കാലാവസ്ഥ വച്ചു പറയുകയാണെങ്കിൽ
നല്ലെഴുത്തെന്ന മഹാ കിണറിന്റെ ഒരു വശത്ത് നിന്ന് വെറുതേ ഞാനൊന്ന് എത്തി നോക്കിയിട്ടേ ഒള്ളൂ ,
അവിടെയുണ്ടായിരുന്ന ആരോ ഒരാൾ എന്നെ പുറകീന്ന് ഒരു തള്ള് .ഞാൻ ദേ മൂക്കും കുത്തി താഴേക്ക് വീണു.
എന്റെ ഭാഗ്യത്തിന് കിണറിൽ നിറച്ചും വെള്ളമുണ്ടായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ തന്നെ ഞാൻ കുറച്ചു വെള്ളം കുടിച്ചു ,സത്യം പറയാല്ലോ നല്ല സ്വാദായിരുന്നു.
അന്നു തൊട്ട് ഇങ്ങോട്ട് ഇത്രയും കാലമായി ഞാൻ ആ കിണറ്റിൽ കിടന്ന് നീന്തുകയാണ്
ഓരോ പ്രാവശ്യവും ഞാൻ വല്ല വിധേനയും കൈകാലിട്ടടിച്ച് മുകളിൽ കേറാൻ തുടങ്ങുമ്പോഴേക്കും വീണ്ടും വീണ്ടും ആരൊക്കെയോ ചേർന്ന് എന്നെ ആ തണുത്ത വെള്ളത്തിലേക്ക് താഴ്ത്തുകയാണ് .
പക്ഷേങ്കിൽ സത്യം പറയാവല്ലോ
ഈ കടുത്ത വേനലിൽ ആ തണുത്ത വെള്ളo വീഴുന്നതും അതിൽ മനസ്സും ശരീരവും കുളിർക്കുന്നതും ഒരു സുഖം തന്നെയാണ് .
എന്നാലും വെറുതെ ഒന്ന് എത്തി നോക്കിയ എന്നെ ഈ നിലയില്ലാ കാലത്തിന് മുങ്ങി തപ്പാൻ തള്ളിയിട്ട ആളെ ഞാൻ തിരയുന്നുണ്ട് .
അതാരാന്ന് വച്ചാ അങ്ങ് പറഞ്ഞോളി,
 എന്ന്
ഗോപാൽ അരങ്ങൽ.

നല്ലുമുക്ക് ജംഗ്ഷൻ

Image may contain: 1 person, closeup

ദ്‌ കഥയാണോ നടന്നതാണോന്ന് എനിക്കറീല്യാ ട്ടാ
എന്നാലും പറയാം .
സ്ഥലം നല്ലുമുക്ക് ജംഗ്ഷൻ .
അവിടെ ആകെ ഉള്ളത് മ്മടെ ഹുസൈന്റെ ചായക്കട ,
തമ്പുരാൻ ചേട്ടന്റെ പലചരക്കുകട, നിസാറിന്റെ ബ്യൂട്ടി സലൂൺ
സജ്നാത്തയുടെ പച്ചക്കറിക്കട , ബിനുച്ചേട്ടന്റെ മുറുക്കാൻ കട എന്നിവയാണ്.
നിസാറിന് വെല്ലുവിളി ഉയർത്താൻ ഗൾഫുകാരൻ അന്ത്രു മാപ്പിളയുടെ മകൾ ഷംസീറ ഒരു ബ്യൂട്ടി പാർലർ തുടങ്ങാൻ ആലോചിക്കുന്നുണ്ട് , അതിനു പിന്തുണയുമായി ' നമ്മുടെ ബേപ്പൂർ സുൽത്താന്റെ ഭാഷയിൽ പറഞ്ഞാൽ സ്ഥലത്തെ പ്രധാന പടകാളികൾ ( ഭൂലോക സുന്ദരികൾ )അംബികാമ്മയും , വിജിതയും സിനിക്കുട്ടി , റിതു , അഞ്ജലി , വിനീത , ജിഷ എന്നിവർ
മുന്നോട്ടു വന്നിട്ടുണ്ട്.
കുറച്ചു പടകാളികളെ വിട്ടിട്ടുണ്ട് സദയം ക്ഷമിക്കുക.
പിന്നെ അവിടെ നടക്കുന്ന എല്ലാ കാര്യത്തിനും മൂകസാക്ഷിയായ ഇടയ്ക്കിടെ ദീർഘശ്വാസം എടുക്കുന്ന ഇതു വരെ വെള്ളം വരാത്ത 'ഒരു പൊതു ടാപ്പും .
ആ റൂട്ടിൽ ആകെ ഓടുന്നത് സ്ഥലത്തെ ഏക മുതലാളിയായ ശ്യാമേട്ടന്റെ പുഞ്ചിരി എന്ന ബസ്സാണ്.
രാവിലെ ആയതിനാൽ അതിലെ ഡ്രൈവർ ശ്രീരാജും കണ്ടക്ടർ കം കിളിയായ ആനന്ദും
ചായക്കടയിലുണ്ട് .
ചായക്കടയിൽ ചായ കുടിച്ചിരിക്കുകയായിരുന്നു സ്ഥലത്തെ പ്രധാന
യുവ തൊഴിൽ രഹിതരും മറ്റ് പ്രായമായ തൊഴിലുറപ്പ് തൊഴിലാളികളും .
ബാബുച്ചേട്ടൻ ഒരു ബഞ്ചിലിരുന്ന് ബീഡി തെറുക്കുന്നുണ്ട് .
പലരുടെയും കയ്യിൽ പരിപ്പുവടയും മുറി ബീഡിയും ഉണ്ട് .
പെണ്ണുങ്ങൾ സവാള വില കുറഞ്ഞ കാര്യവും കുടിക്കാനും
കുളിക്കാനും വെള്ളമില്ലാത്തതുമായ പ്രശ്നങ്ങളും
പുരുഷകേസരികൾ ഉത്തര കൊറിയയിലേയും സിറിയയിലേയും
സാമ്രാജ്യത്വ അധിനിവിശേവും ഉൾപ്പെടെയുള്ള നാടിന്റെ
നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സമയം .
അപ്പോഴാണ് വാവ എന്ന് നാട്ടുകാർ വിളിക്കുന്ന സൂരജ്
ചായക്കടയിലേക്ക് ഓടിക്കയറി വന്നത് ,
കൊച്ചു വെളുപ്പിനേ ഉള്ള ഓട്ടം കാരണം വാവ വല്ലാതെ കിതയ്ക്കുന്നുണ്ട് .
ശ്വാസം കിട്ടുന്നില്ലെങ്കിലും അവൻ ഇടയ്ക്കിടെ ഹുസൈനിക്കയെ നോക്കി എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് , എന്താ എന്താന്ന് ചോദിച്ച് എല്ലാപേരും വാവയെ വളഞ്ഞു.
രാജേട്ടൻ ഇത്തിരി വെള്ളം എടുത്ത് കൊടുത്ത് നീ എന്തിനാടാ ഓടിയത് ,കാര്യം പറയ്
അത് , അതു പിന്നെ
ഹുസൈനിക്കാന്റെ മകൾ നിസ'
 നിസ , ചായക്കടയിൽ നിന്ന് ഒരു കോറസ് ശബ്ദമുയർന്നു.
നിസ ..iii
....രാജപ്പേട്ടന്റെ മകൻ സുമേഷിനോടൊപ്പം ഒളിച്ചോടി .!
ന്റെ റബ്ബേ എന്ന നിലവിളിയും ധിം എന്ന ശബ്ദവും കേട്ട് എല്ലാവരും
തിരിഞ്ഞ് നോക്കിയപ്പോ നമ്മുടെ ഹുസൈനിക്കാ
ദാ. ചായ ഗ്ലാസുകളും പൊട്ടിച്ച് താഴെ .
നാട്ടാരെല്ലാം കൂടി അങ്ങേരേം പൊക്കിയെടുത്ത് ഇരുത്തി ഒന്ന് സമാധാനിപ്പിച്ച് വന്നപ്പോഴാണ് പള്ളിക്കമ്മിറ്റിക്കാര് വന്ന് പരിപ്പുവട തൊണ്ടേക്കുരുങ്ങിയിരുന്ന രാജപ്പേട്ടന്റെ കുത്തിന് പിടിച്ചത് .
നമ്മുടെ കൊച്ചിനെ തട്ടിയെടുത്ത് മതം മാറ്റാനാ പരിപാടി എന്നും പറഞ്ഞ് .
ഇത് കണ്ട ഹിന്ദുക്കളുടേയും രക്തം തിളച്ചു. ഇരുവശത്തും ആളു കൂടി ,പരസ്പരം പോരിന് വിളിച്ചു.
അത് ഒരു സാമുദായിക കലാപത്തിലേക്ക് മാറുവാൻ പോകുന്നു.
ചായക്കട ഒരു കുരുതിക്കളമാകും എന്ന ഘട്ടത്തിലേക്ക് കടക്കാൻ പോയ സമയത്താണ് നമ്മുടെ
മൈതീൻ ഹുസൈൻറ ചെവിയിൽ എന്തോ മന്ത്രിച്ചത് .
ഹുസൈൻ മുന്നോട്ട് നീങ്ങി രാജപ്പന്റെ കുത്തിന് പിടിച്ച് നിർത്തി , ഇടിവെട്ടും പോലെ ഒരു
ഒരു ചോദ്യം നിങ്ങടെ കിണറ്റിൽ വെള്ളോണ്ടോ?
തല്ലു പിടിച്ചിരുന്നവർ ഒരു നിമിഷം തരിച്ചുനിന്നു.
ഒണ്ട് , നിക്കും ന്റെ പിള്ളേർക്കും പിന്നെ നെന്റെ മോൾക്കും കുടിക്കാനുള്ള തുണ്ട്.
ഹുസൈന് ആകെ സമാധാനമായി ,കൂടെ നാട്ടുകാർക്കും .
ഈ സമയം യുവമിഥുനങ്ങൾ രണ്ടു പേരും ഇതൊന്നുമറിയാതെ ഉണ്ണിച്ചേട്ടന്റെ കാറിൽ
ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു.
കുടിക്കാൻ വെള്ളം മാത്രം പോരല്ലോ , അവർക്ക്
കിടക്കാൻ ഇത്തിരി തണുപ്പും വേണ്ടേ.
ഇക്കഥ വായിച്ച് ആർക്കെങ്കിലും വിഷമം വന്നിട്ടുണ്ടെങ്കിൽ ഇപ്പോ ദേ നല്ലു മുക്കിലെ പൊതു ടാപ്പിൽ വെള്ളം വന്നിട്ടുണ്ട് ഒന്നു മുഖം കഴുകിക്കോളൂട്ടാ, ആ വിഷമം മാറും
എന്ന് ,
നിങ്ങടെ സ്വന്തം.
Gopal Arangal.

പങ്കാളി

Image may contain: 1 person, closeup

കുറേ നാളായി ആലോചന തുടങ്ങിയിട്ട് ,.
വീട്ടുകാർ പറയാൻ തുടങ്ങിയിട്ട് അതിലേറെ നാളായി പക്ഷേ ആളു സമ്മതിക്കുന്നില്ല.
അമ്മ പലപ്പോഴായി ചോദിച്ചു ,മോനെ നിനക്ക് ഒരു കൂട്ടു വേണ്ടേ, ഞാനില്ലാണ്ടായാ പിന്നെ നിനക്കാരാടാ ഉള്ളത്. 
 വേണ്ടമ്മാ , എന്തിനാ?
ഇത്രയും കാലം ആയില്ലേ?
ഇനി ഞാൻ ഒരു കല്യാണം കഴിക്കുന്നില്ല ,
അതെന്താ ? എപ്പോ ചോദിച്ചാലും ഇതുപോലെ ഒരിടത്തും തൊടാത്ത മറുപടി പറഞ്ഞാൽ ശരിയാവില്ല .
അമ്മയുടെ ശബ്ദം ഇടറി, കണ്ണും നിറഞ്ഞിട്ടുണ്ട് ,
ഹോ ലോകത്തിലെ എല്ലാപേരും പെണ്ണു കെട്ടിയിട്ടല്ലേ ജീവിക്കുന്നത്.
ഇനി ഇവിടെ നിന്നാൽ ചിലപ്പോ എല്ലാം പറഞ്ഞു പോകും
ഞാനായിട്ടെന്തിനാ അമ്മേ ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുന്നത് '
ഇതും പറഞ്ഞ് റൂമിലേക്ക് കയറി .
നീ കെട്ടിയാലെങ്ങനാടാ പെണ്ണിന്റെ ജീവിതം നശിക്കുന്നത്?
മാന്യമായ ജോലിയില്ലേ , നമുക്കെന്താടാ ഒരു കുറവ് ?
പാവം അടുക്കളയിൽ അമ്മ തകർക്കുവാണ് , ഇനി ദേഷ്യം പാത്രങ്ങളോടാണ് . ഈ വയസ്സുകാലത്ത് ഇങ്ങനെ കിടന്ന് കഷ്ടപ്പെടാനാണല്ലോ ,ഈശ്വരാ എന്റെ വിധി . പാവം ഇനി ഉറങ്ങുന്നതു വരെ ഇതിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും...
രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ പത്തു പതിനത്ഞ്ചു വർഷം താൻ തന്റെ സ്വന്തമെന്ന് അഹങ്കരിച്ച ഈ മുറി ഇനി ഒരാൾക്ക് കൂടി ഷെയർ ചെയ്യാൻ മനസ്സു വരുന്നില്ല'.
ഈ ചെറിയ മുറിയിൽ ,തെങ്ങിഞെരുങ്ങിയ അവസ്ഥയിലും യാതൊരു പരാതിയും പറയാതെ സ്നേഹം മാത്രം പങ്കിട്ടവൾ ,ഈ കട്ടിലിൽ പരസ്പരം തൊടാതെ ഒന്നും മിണ്ടാതെ കിടക്കുമ്പോൾ പോലും ഉള്ളിൽ സ്നേഹത്തിന്റെ സാഗരം ഇരമ്പുന്നുണ്ടായിരുന്നു. കഴിഞ്ഞ ഒൻപതു വർഷങ്ങളായി തനിക്ക് കൂട്ടായി അവളീ മുറിയിലുണ്ട്.ഈ മുറിക്കുള്ളിൽ ഒരു ഗന്ധമുണ്ട് ' ഒരു വിയർപ്പിന്റെ , അതിൽ നനഞ്ഞൊട്ടിയ നിറം മങ്ങിയ സാരിയുടെ .അവളുടെ ആ ഗന്ധം .വേറൊന്നിനും തനിക്ക് നൽകാൻ കഴിയാത്ത ആ മാനസിക സംതൃപ്തി. ഈ കട്ടിലിൽ ഇങ്ങനെ കിടക്കുമ്പോൾ തന്നെ ഒപ്പം എപ്പോഴും ആ ഗന്ധം ഉള്ള പോലെ. അവൾ എന്നെ തൊടാതെയും ഞാൻ അവളെ തൊടാതെയും . അവളുടെ സാന്നിധ്യം, ഞാൻ അറിയുന്നു. . അവളുടെ സ്നേഹം ഞാൻ അനുഭവിക്കുന്നു. സ്പർശനങ്ങളില്ലാതെ ശീല്ക്കാരങ്ങളില്ലാതെ എന്നെ ലഹരിപിടിപ്പിക്കുന്ന അവളുടെ സാന്നിധ്യം .
ഇതാരോട് പറയും ഇതാര് വിശ്വസിക്കും .
എനിയ്ക്കവളുണ്ട് അവൾക്ക് ഞാനും..
അതു കൊണ്ട് ഇല്ല , ഈ മുറി ഇനി ഒരാൾക്കു കൂടി ഷെയർ ചെയ്യുന്നില്ല .


By: Gopal Arangal

കണ്ണേറ്:



കുറച്ചു ദിവസമായി കൊച്ചിനു നല്ല സുഖമില്ല . അമ്മ ചോദിച്ചു. അമ്മാമ്മ ചോദിച്ചും ഒന്നും പറയുന്നില്ല . അമ്മാമ്മയ്ക്ക് മനസ്സമാധാനം പോയി , ഈശ്വരാ എന്റെ കുഞ്ഞിന് ഇതെന്തു പറ്റി' ഇവിടെ ആരും ശ്രദ്ധിക്കുന്നില്ല . എന്നും പറഞ്ഞ് തെ സമാധാനമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. കുടംബക്കാർ കൂടിയാലോചിച്ചു. . കുട്ടിയോട് ചോദിച്ചു. എന്താ കാര്യം
"എഴുതുന്നതിനൊന്നും വേണ്ടാത്ര ലൈക്കും ഷെയറും കിട്ടുന്നില്ല."
അമ്മൂമ്മ ഒന്ന് ഞെട്ടി , എന്ത് ? ഞാനമ്മുമ്മയ്ക്ക് സംഗതി പറഞ്ഞു കൊടുക്കാൻ ശ്രമിച്ചു.
നൊ രക്ഷ . സുക്കറണ്ണൻ അമ്മുമ്മയ്ക്ക് വഴങ്ങുന്നില്ല .
കൃഷ്ണാ ,ഭഗവാനേ എന്റെ കുട്ടിയ്ക്ക് ഒന്നും വരുത്തരുതേ . എന്നും പറഞ്ഞ് അമ്മുമ്മ കയറിപ്പോയി .
കുട്ടിയുടെ വിഷമം മാറ്റാൻ എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് അമമു മ്മ തന്നെ കണിയാനെ കാണുക എന്ന നിർദ്ദേശം വച്ചത് .പ്രശ്നം വച്ച് നോക്കിയപ്പോ വിചാരിച്ചതു തന്നെ കാരണം കണ്ണു ദോഷം . ഗ്രൂപ്പിലെ ദുഷ്ടന്മാരും ദുഷ്ടികളും എല്ലാം കൂടി കണ്ണു വച്ചത്രേ!
അമ്മ പറഞ്ഞു , മുൻപായി രുന്നെങ്കിൽ നമുക്ക് മാക്രി കിഷനെ വിളിച്ച് ഒന്ന് വെള്ളം ഓതിക്കാമായിരുന്നു. സംഗതി ശരിയാണ് എനിയ്ക്ക് 'അറിയാം , സ്കൂളിൽ പഠിക്കമ്പോൾ ഞങ്ങൾ കുട്ടികളുടെ പേടി സ്വപ്നമായിരുന്നു. ഒരു വടിയും കുത്തി ക്ള് ർ ർ ർ............ എന്ന് ഒരു ശബ്ദവുമുണ്ടാക്കി റോഡേ വരുന്നത് ദൂരെ കാണുമ്പോഴേ പേടിയാവും. എനിയ്ക്ക് പേടിയില്ലായിരുന്നു. കാരണം ഇടയ്ക്ക് ഒരു സംഭവം ഉണ്ടായി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എല്ലാ വിഷയത്തിനും ഫുൾ മാർക്ക് വാങ്ങിയ മിടുക്കനായിരുന്നു ഞാൻ , ഒരിക്കൽ കണക്കു പരീക്ഷയ്ക്ക് വെറും മൂന്ന് മാർക്കായിപ്പോയി , ടീച്ചറിന്റെ അടിയും കിട്ടി , കരഞ്ഞു തളർന്ന എന്നെ അമ്മമ്മ മാക്രി കിഷനെക്കൊണ്ട് വെള്ളം ഓതിച്ചാണ് രക്ഷപ്പെടുത്തിയത് . അന്ന് ഇദ്ദേഹം വീട്ടിൽ വന്ന് അമ്മാ .. ഒരു കിണ്ടി വെള്ളവും ഏഴ് തുളസിയിലയും എടുത്ത് ചെറിയൊരു കർമ്മം നടത്തി .
പിന്നെ ഈ 'മന്ത്രവും ഈ കുട്ടിയെ നോക്കിയവന്റെ
, വില്ലറ വിളിയറ കല്ലറ കൽത്തൂണറ്റ് കണ്ടു പറഞ്ഞവന്റെ നാക്കറ്റ് മൂക്കറ്റ് പോക സ്വാഹ .
അതിനു ശേഷം ഇന്നുവരെ എന്നെ നോക്കി വീഴ്ത്താൻ ആർക്കും പറ്റിയിട്ടില്ല.
ഞങ്ങടെ വീടിന്റെ കുറേ മാറിയാണ് അയാൾ താമസിച്ചിരുന്നത് , പക്ഷേ ദൗർഭാഗ്യം ആശാൻ മരിച്ചു പോയി. പുതിയൊരാൾക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ് ഞങ്ങൾ .
ജാഗ്രത . ഗ്രൂപ്പിലെ എല്ലാ കണ്ണേറുകാരും .
(C)
Gopal Arangal.

ആ നിമിഷം:;


ആ നിമിഷം:;
തിരക്കേറിയ ജംഗ്ഷൻ , മുന്നിൽ ചുവന്ന ലൈറ്റ്
 കാറിനകത്ത് അടച്ചിട്ട ഗ്ലാസിനുള്ളിൽ ഇരിക്കകയാണ്‌
ഇടത് നെഞ്ചിൽ ഒരു കൊള്ളിയാൻ പാഞ്ഞു പോയതുപോലെ തോന്നി.
വണ്ടി ട്രാഫിക് സിഗ്നലിലായിരുന്നു.
പെട്ടെന്ന് പച്ച ലൈറ്റ് തെളിഞ്ഞു. മനസ്സ് വണ്ടിയെടുക്കാൻ പറഞ്ഞു.
ശരീരം അത് അനുസരിക്കാത്ത പോലെ , വലതു കൈയോട് സ്റ്റിയറിംഗ് വീലിൽ
പിടിക്കാൻ ശ്രമിച്ചിട്ട് പറ്റുന്നില്ല. ഇടതു കൈ ഗിയർ ലിവറിൽ ഇരിപ്പുണ്ട് പക്ഷെ ഫസ്റ്റ് ഗിയർവീഴുന്നില്ല.
പുറകിലുള്ളവർ അക്ഷമരായി ഹോണടിക്കുന്നുണ്ട് ,
ഇത്ര നേരം അതിവേഗം ചലിക്കുകയായിരുന്ന നഗരം ഇപ്പോ
ഒരു നിശ്ചലമായതുപോലെ തോന്നി'.
മനസ്സിനുള്ളിലേയ്ക്ക് എന്തൊക്കെയോ ഓടിക്കയറുന്ന പോലെ
ചെറുപ്പത്തി:ൽ അമ്മയുടെ കൈ പിടിച്ച് അമ്പലക്കുളത്തിലേയ്ക്കും വയലേലയിലേയ്ക്കും
ഓടിയതിന്റെ ചിത്രം ആദ്യം മുന്നിലെത്തി.
പിന്നെ ഒരു ചലച്ചി'ത്രം പോലെ തന്റെ ജീവിതത്തിലെ പല നിമിഷങ്ങൾ അയാൾ കണ്ടു. ഗ്രാമത്തിലെ നിഷ്കളങ്ക ജീവിതത്തിൽ നിന്ന് പട്ടണത്തിന്റെ കൃത്രിമ ജീവിത ചര്യകളിലേയ്ക്കുളള തന്റെ മാറ്റം'
ശ്രമിച്ചിരുന്നെങ്കിൽ നന്നാക്കാമായിരുന്ന പല സാഹചര്യങ്ങളും താൻ നിസ്സാരമായ വാശിയുടെ
പേരിൽ നശിപ്പിച്ചിരുന്നതായി അയാൾ ഇപ്പോൾ മനസ്സിലാക്കി
തന്നോടൊപ്പം 'തന്റെ സ്വന്തം വീട്ടിൽ കഴിയുവാൻ അവസരം ലഭിക്കുമായിരുന്ന ഭാര്യയുടേയും മക്കളുടേയും ദയനീയ മുഖം അയാളിൽ രണ്ടാമത്തെ തീവ്രമായ വേദനയുണ്ടാക്കി. മാറുന്ന ലോകത്തിനൊപ്പം
ചലിക്കാതെ പാരമ്പര്യത്തിന്റെ കുട പിടിച്ച് തന്റെ ഇഷ്ടത്തിനൊപ്പം ഫാഷനബിളാകാതെ ഒരു വീട്ടമ്മയായി മക്കളെ സ്നേഹിച്ച് മാത്രം കഴിയാനാഗ്രഹിച്ച സാധുവായ തന്റെ ഭാര്യ .അവളെയാണ് മുഖപുസ്തകത്തിലെ ചതിക്കുഴിയിൽ പരിചയപ്പെട്ട ഫേക്ക് ഐ ഡി യിലൂടെ താൻ നഷ്ടപ്പെടുത്തിയത് എന്നത് അയാളിൽ കണ്ണീർ ചാലൊഴുക്കി '. മനസ്സിലെ ചിത്രങ്ങൾക്ക് ഒരു ഇപ്പോൾ ഒരു അവസാനമായിരിക്കുന്നു.
ഒടുക്കം തന്റെ ഇൻഷുറൻസ് തുകയ്ക്കായി അടിവയ്ക്കുന്ന ബന്ധുജനങ്ങളേയും ഒരു മിന്നായം പോലെ അയാൾ കണ്ടു കൊണ്ട് ഡോർ തുറന്ന ട്രാഫിക് പോലീസുകാരന്റെ കൈകളിലേക്ക് അയാൾ വീഴുമ്പോൾ
ആ ഒരു നിമിഷത്തിന് അയാളുടെ ആയുസ്സിന്റെ വലുപ്പം ഉണ്ടായിരുന്നു.

By
Gopal A

പുനർജനി (ഗദ്യ കവിത. )


പുനർജനി (ഗദ്യ കവിത. )
.............
അവളുടെ ദാഹം തീർക്കാൻ നമുക്കാവുമോ ,
അവൾ പരിപാലിച്ച പച്ച പട്ടുടയാളകളെ വീണ്ടും തളിർപ്പിക്കാൻ,
അവളുടെ ഗർഭപാത്രത്തിൽ പുതുനാമ്പു ക ൾ മുളപ്പിക്കാൻ,
അവളുടെ വിരിമാറിലൂടെ കുത്തിയൊലിക്കുന്ന തെളി നീരുറവയാകാൻ,
അവളുടെ നെഞ്ചിലെ ചൂടകറ്റാൻ,
അവൾക്കൊരു പുനർജ്ജന്മം നൽകാൻ ,
ആ സ്നേഹം തിരിച്ചുനൽകാൻ,
കഴിയുമോ നമുക്ക് ?


By 
Gopal A

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo