Slider

നല്ലെഴുത്ത് മാഗസിനിൽ പ്രസിദ്ധീകരിച്ച കഥയുടെ പൂർണ്ണരൂപം മന്ത്രo(കഥ )

0


മൂന്നര വയസ്സിൽ കുളത്തിൽ കുളിക്കാൻ പോകുമ്പോൾ
അച്ഛൻ ചൊല്ലിപ്പഠിപ്പിച്ചതാണ്. സർവ്വ ഊർജദായകനായ സൂര്യ ഭഗവാനോടുള്ള പ്രാർത്ഥന..
അന്നുതൊട്ടേ ശീലമായതാണ് ഗായത്രീമന്ത്രം ..
എന്നും ചൊല്ലിയാൽ വലിയ ആളാകാനുള്ള ബുദ്ധി ലഭിക്കും എന്നും പറഞ്ഞിരുന്നു അച്ഛൻ .
ഉറക്കമുണർന്ന് തന്റെ മരക്കട്ടിലിൽ വെറുതേ കിടന്നപ്പോൾ ആനന്ദന്റെ മനസ്സ് കുട്ടിക്കാലത്തേക്ക് തിരിയെ തുഴഞ്ഞു.
കാലം കടന്ന് പോയപ്പോൾ ചിന്തകൾ ഗായത്രി കടന്ന് മുന്നോട്ട് പോയി യോഗയും ധ്യാനവും ശീലിക്കണമെന്നായി തോന്നൽ .
പഠിത്തതിൽ മുന്നോട്ട് തന്നെയായിരുന്നു . കോളേജുകാലത്ത് വീണ്ടും ശ്രദ്ധ ആത്മീയത ലേക്ക് ആകർഷിക്കപ്പെട്ടു.
യോഗാസനത്തിൽ നിന്ന് ധ്യാനത്തിലേക്കെത്തുമ്പോൾ മനസ്സ് ആഹ്ലാദത്തിലായി ..
ഗുരുവിന്റെ അഭിപ്രായത്തിൽ അഷ്ടാംഗ യോഗയിലൂടെ , അതിലുള്ള ധ്യാനത്തിലൂടെ ബോധോദയത്തിൽ എത്തിച്ചേരാം ,,
എന്നാൽ അതിലൂടെ മാത്രം എത്തുകയില്ല താനും .
ധ്യാനത്തിന്റെ പഠനത്തിൽ അതിയായ സന്തോഷമുണ്ടായിരുന്നു.
ഗുരുവിന്റെ നിർദ്ദേശ പ്രകാരം സാവധാനം പരിശീലിക്കുകയായിരുന്നു. പക്ഷെ ശ്രദ്ധ കൂടസ്ഥ അതായത് പുരികങ്ങളുടെ മധ്യത്തിൽ കേന്ദ്രീകരിച്ച് ശ്വാസം മൂലാധാരത്തിൽ നിന്ന് ഉയർത്തി ആജ്ഞാ ചക്രത്തിൽ എത്തിക്കുകയെന്നത് മനസ്സിനുള്ളിൽ സന്തോഷമുണ്ടാക്കിയെങ്കിലും എന്തുകൊണ്ടോ പൂർണ്ണമാക്കാൻ സാധിക്കുന്നില്ല എന്ന തോന്നൽ .
ധ്യാനത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആദ്യമൊക്കെ ഒരു അലൗകിക ആനന്ദം കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഭ്രുമധ്യത്തിൽ കണ്ണുകൾ ഉറപ്പിച്ച് ഉൾക്കണ്ണ് കൊണ്ട് നോക്കുമ്പോൾ ഒരു സുവർണ്ണ പ്രകാശം 'നിറഞ്ഞു നിൽക്കുന്ന അനുഭവം ..
ഒപ്പം അത്യധികമായ സന്തോഷം കൊണ്ട് മനസ്സും നിറയ്ക്കുന്നു '.
എപ്പോഴാണ് തനിക്ക് പിഴച്ചത് എന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിലാകുന്നില്ല .
ചില സംഭവങ്ങളുണ്ടാകുമല്ലോ , വിജയികളെ സൃഷ്ടിക്കാത്തവ ..
പങ്കെടുക്കുന്നവർ ഇത് മത്സരമാണെന്ന് പോലും തിരിച്ചറിയാതെ തോറ്റു പോകുന്നവ.
ഉള്ളിലെ സുവർണ്ണ പ്രകാശത്തിന് മങ്ങലേൽക്കുന്നുണ്ടായിരുന്നു. ഒപ്പം മനസ്സിന്റെ സന്തോഷവും സ്വസ്ഥതയും കുറഞ്ഞു കുറഞ്ഞു വന്നു.
ആ മിസ്ഡ് കോളിൽ നിന്നായിരുന്നു അതിന്റെ തുടക്കം..
അതുവരെയില്ലാത്ത ചില ആഗ്രഹങ്ങൾ മനസ്സിൽ തലപൊക്കാൻ തുടങ്ങി ..
പിന്നീട് പലപ്പോഴും ആ വിളിക്ക് കാതോർത്തു , അടക്കി വച്ചിരുന്ന ആഗ്രഹങ്ങൾ ,
പുതിയ സ്വപ്നങ്ങളായി മാടി വിളിച്ചു.
ജോലി ചെയ്യുമ്പോഴും ഒരേ ചിന്ത മാത്രം .
ചില വെളിപ്പെടുത്തലുകൾക്കു ശേഷം മറുതലക്കൽ കട്ടി കൂടിയ നിശബ്ദത പതിയെ നീളം വെയ്ക്കാൻ തുടങ്ങിയത് ഞാനറിഞ്ഞിരുന്നു. ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്തവണ്ണം
തന്നിൽ നിന്ന് ചില ഗുണങ്ങളും പ്രതീക്ഷകളും ഇറങ്ങിപ്പോയി ..
അതിന്റെ അവസാനം ഇപ്പോൾ ഇവിടെ ആറു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
പുറത്ത് നല്ല മഴയാണ് വീണ്ടും കിടക്ക തന്നെ മാടി വിളിക്കുന്നു . പുസ്തക വായനയും ദിനചര്യകളുമായി സമയം പോയി.
'
'സായാഹ്നത്തിൽ ഇളം കാറ്റേറ്റ് ഇല്ലിക്കൂട്ടങ്ങളുടെ തണുപ്പിൽ കയറുകട്ടിൽ പുറത്തിട്ട് ഓർമ്മകളുടെ ഭാണ്ഡക്കെട്ട് തുറക്കുന്നത് ഒരു രസമാണ് ആനന്ദന് .
എപ്പോഴായാലും ആദ്യം കടന്നു വരുന്നത് അമ്മ തന്നെയാണ് .
സ്നേഹത്തിന്റെ തിരമാല ..
അതങ്ങനെ മായാതെ കിടക്കുകയാണ്.
ദിവസവും രാവിലെ പുഞ്ചിരിക്കുന്ന മുഖവുമായി ശുഭദിനം നേരുന്നതിലെ പൊള്ളത്തരവും ഓർമ്മ വന്നു.രണ്ടു ദിവസം കണ്ടില്ലെങ്കിൽ തീരാവുന്ന ബന്ധമെ പലതിലും ഉള്ളൂ എന്നതും ഒരു പുഞ്ചിരിയോടെ മനസ്സംഗീകരിക്കുന്നു. അല്ലെങ്കിലും ആർക്കെങ്കിലും തന്നോട് മമത തോന്നാൻ മാത്രം ഉള്ള അടുപ്പം താനങ്ങോട്ട് ആരോടെങ്കിലും കാട്ടിയിരുന്നോ ?
ഇല്ല എന്നത് നൂറു ശതമാനവും ഉറപ്പിക്കാവുന്നതും എനിക്ക് മാത്രമാണല്ലോ .
ക്രാ .. ക്രാ ...
താറാവിൻ കൂട്ടങ്ങളാണ്. ചുവന്ന വലിയ ചുണ്ടുകളും മിനുസമുള്ള തിളങ്ങുന്ന തൂവലുകളുമുള്ള ആൺ താറാവുകളെ കാണാൻ നല്ല ഭംഗിയാണ് .
ഇല്ലിക്കൂട്ടങ്ങൾക്കിടയിൽ ചില്ലക്കുരുവികളും പേരറിയാത്ത എന്നാൽ പരിചയമുള്ള നിരവധി കൂട്ടുകിളികളും തന്റെ ഗ്രാമത്തിന്റെ വിശുദ്ധി വീണ്ടും അനുഭവിപ്പിക്കുന്നു.
കായൽപരപ്പിലെ വിശാലമായ മണൽ തീരം..
മുന്നോട്ട് നോക്കിയിരിക്കുമ്പോൾ ഇടക്കിടെ ചെറിയ ഓളങ്ങൾ മാത്രമുള്ള കായൽ.
കട്ടിലിൽ കിടന്നു കൊണ്ട് നോക്കുമ്പോൾ പി.റ്റി സമയത്ത് വ്യായാമം ചെയ്യാതെ കിടന്നു കൊണ്ട് ഇടക്കിടെ തലപൊക്കി നോക്കുന്ന കള്ളത്തരം ചെയ്യുന്ന കുട്ടികളെപ്പോലെയാണ് കായലിലെ ഓളങ്ങൾ ..
പരിചയമുള്ള ഒരാളെ പോലും കാണരുത് എന്ന് കരുതി ഇവിടെ ഈ വിജനമായ തീർത്തും ഒറ്റപ്പെട്ട ചെറു ദ്വീപിൽ കഴിയാൻ തുടങ്ങിയിട്ട്.
ഇടയ്ക്കിടെ കായലിലൂടെ പോകുന്ന ചെറുവള്ളങ്ങളും അതിലെ തുഴക്കാരും പലപ്പോഴും തന്റെ സഹായികളാകുന്ന ഗ്രാമത്തിന്റെ നിഷ്കളങ്ക മുഖങ്ങൾ ..
തന്റെ കൊതുമ്പു വള്ളത്തിൽ ഇടയ്ക്കിടെ വിരുന്നുകാരനെപ്പോലെ വരുകയും എന്നാൽ എന്റെ അടുക്കളക്കാരനാവുകയും ചെയ്യുന്ന ജോസുകുട്ടി ...
അവനുമായി അധികം സംസാരമൊന്നുമില്ല ,
അതു കൊണ്ടു തന്നെ അവന് തന്നിൽ നിന്ന് വലിയ പ്രതീക്ഷകളും ഉണ്ടെന്ന് തോന്നുന്നില്ല.
എന്റെ ഏകാന്തതകളെ മുറിച്ച് കൊണ്ട് കായലിലെ ഓളപ്പരപ്പിലൂടെ ഒരു മാസത്തേയ്ക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളുമായി ചില വൈകുന്നേരങ്ങളിൽ എന്റെ മരക്കൊട്ടാരത്തിലേക്ക് കടന്നുവരാറുണ്ട് .
തന്റെ ഇല്ലായ്മയെക്കുറിച്ച് ഒരിക്കൽ പോലും പരാതി പറയാത്ത ആ ചെറുപ്പക്കാരനിൽ നിന്ന് എത്രയോ താഴെയാണ് തന്റെ സ്ഥാനമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കായലിലെ പരൽ മീനുകളെ കൂട്ടുകാരാക്കി അവരോട് സംസാരിച്ച് സമയം കഴിച്ചിരുന്ന എന്റെ മുന്നിലേക്ക് ലോൺലി ടൂറിസത്തിന്റെ ഭാഗമായി വീണ്ടും സഞ്ചാരികളെത്തി തുടങ്ങിയിരിക്കുന്നു.
തിരക്കുപിടിച്ച കമ്പോളവൽക്കരിക്കപ്പെട്ട ഈ ലോകത്തിൽ സുഖം തേടിയുള്ള മനുഷ്യന്റെ പാച്ചിലിനിടയിൽ പുതിയൊരു ബിസിനസ്സ് . 'ഏകാന്തത ആഗ്രഹിക്കുന്നവർക്ക് അത് ഒരുക്കി കൊടുക്കൽ.
കിടന്ന് മുകളിലേക്ക് നോക്കുമ്പോൾ പരസ്പരം കൊക്കുരുമ്മിയിരിക്കുന്ന ഇണപ്പക്ഷികൾ .. കണ്ടാൽ മുട്ടക്കള്ളനെ പോലുണ്ട്.
ചുവന്ന കണ്ണുകൾ കഴുത്തു വരെ കറുത്ത നിറം , ചിറകുകൾ മഞ്ഞ ,കറുത്ത നീളമുള്ള വാൽ ,
കൂട്ടിൽ മുട്ടയുണ്ടാവണം ,
ഒന്ന് ഇടയ്ക്ക് എങ്ങോട്ടോ പറന്നു പോയി.
മറ്റേ പക്ഷി ഇതുവരെ കേൾക്കാത്ത രീതിയിൽ ഉള്ള ഒരു ശബ്ദം ഉണ്ടാക്കുന്നുണ്ട്‌.
ഞാൻ അത് ശ്രദ്ധിച്ചു. എന്തോ ഒരു പ്രത്യേകതയുണ്ട്..
അപ്പോൾ അതാ ആപക്ഷി പറന്നു വരുന്നുണ്ട് , ഇവിടെ ഈ മരച്ചില്ലയിൽ ഇണക്കിളി ആ
വല്ലാത്ത ശബ്ദം ചിറകിട്ടടിച്ച്കൂടുതൽ ഉച്ചത്തിൽ ഉണ്ടാക്കുന്നുണ്ട് .
പെട്ടെന്ന് പറന്ന് വന്ന ആൺപക്ഷി ഒ 'രു മരത്തിന്റെ ചില്ലയിൽ തട്ടി വീണു.
കൂട്ടിലെ കിളിയിൽ നിന്ന് നിലവിളിക്കുമ്പോലെ ഒരു ശബ്ദം .... താഴെ വീണ പക്ഷി എഴുന്നേൽക്കാൻ ശ്രമിച്ചു .. നിരന്തര ശ്രമത്തിനു ശേഷം ആ കിളിക്ക് പറക്കാൻ കഴിഞ്ഞു.
അത് വീണ്ടും പറന്ന് കൂട്ടിനടുത്ത് എത്തി ഒരു ചില്ലയി'ലിരുന്ന് അണക്കുന്നുണ്ട്.
ആ കിളി വലതുവശം തിരിഞ്ഞാണ് കൂട്ടിലേക്ക് കയറുന്നത്.
അതിന് ഇടതു കണ്ണിന് കാഴ്ചയില്ലന്ന് തോന്നുന്നു.
ആൺകിളി പറന്നു വരുമ്പോൾ 'ഇണക്കിളിയുടെ അങ്കലാപ്പാട് കൂടിയ കരച്ചിൽ എന്തുകൊണ്ടായിരുന്നു എന്നത് ഇപ്പോൾ വ്യക്തമാവുന്നു.
കിളികളുടെ സ്നേഹവും അസ്തമയ ചുവപ്പും വീണ്ടും ഒരു വസന്തത്തിന്റെ സൂചന നൽകുന്നുണ്ടോ ?
അസ്തമയം എന്നത് പുതിയൊരു ഉദയത്തിനു വേണ്ടിയാണല്ലോ

By: Gopal Arangal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo