Slider

പ്രവാസം - Part 2

0
Image may contain: 1 person, text

Download Nallezhuth Android App from Google Playstore to read all parts
'ഹൗസ് ഡ്രൈവർ ' എന്ന എന്റെ അനുഭവക്കുറിപ്പ്.

1960ന്റെ ഒടുക്കത്തിലും 970ന്റെ തുടക്കത്തിലും ഗൾഫ് മേഖലകളിൽ പെട്രോളിയം ഉൽപ്പന്നത്തിന്റെ കണ്ടുപിടുത്തവും, അതിനോട് അനുബന്ധിച്ച് വന്ന സാമ്പത്തിക പുരോഗതിയും, ഒട്ടകങ്ങളും ആടുകളുമായി നടന്നിരുന്ന അറബികളെ വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും പറിച്ചുനട്ടു. നമ്മുടെ നാടുകളെ അപേക്ഷിച്ച് ജനസംഖ്യ കുറവും, തൊഴിൽ മേഖലകൾ കൂടുതലും ആയിരുന്ന ഗൾഫിലേക്ക് സ്വാഭാവികമായും മറ്റു രാജ്യങ്ങളിൽനിന്നും തൊഴിലാളികളെ ഇറക്കേണ്ടിവന്നു.അവിടെനിന്നാണ് ഗൾഫ് പ്രവാസത്തിന്റെയും പ്രവാസികളുടെയും തുടക്കം.
അറബികൾ പൊതുവെ പണ്ടുമുതൽക്കേ അടിമകളെ ഉപയോഗിച്ച് ജീവിച്ചവരാണ്. പ്രവാചകന്റെ കാലത്ത് തന്നെ അടിമ സമ്പ്രദായം ഉണ്ടായിരുന്നു. ആഫ്രിക്കയിൽ നിന്നും മറ്റുമുള്ള അടിമകൾ അറബികളുടെ വീടുകളിലും മരുഭൂമികളിലും കിടന്നു ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവരാണ്. എന്നാൽ അന്ത്യ പ്രവാചകന്റെ വരവോടെ ഇരുണ്ട കാലഘട്ടത്തിൽ ജീവിച്ച അറബികളെ ഇസ്ലാമിന്റെ സ്വാന്തന തീരത്തിലൂടെ നടത്തി ഒരു ഉത്തമ സമുദായം ആക്കി മാറ്റിയതിലൂടെ പതിയെ പതിയെ അടിമ സംവിധാനം ഏകദേശം മുഴുവനായും ഈ നാടുകളിൽ നിന്നും തുടച്ചുമാറ്റി.
വിദേശികൾ എന്നുപറഞ്ഞാൽ അറബികൾക്ക് പണ്ട് ഒരു വിധത്തിൽ അടിമകൾ തന്നെ ആയിരുന്നു. അതിനായി ജോലിക്ക് വരുന്നവരുടെ മേലിൽ അവർ ഒരുപാട് നിബന്ധനകൾ വച്ചു. അതിൽ ചിലത്, അറബിയുടെ കീഴിൽ എത്തിയാൽ ഉടനെ പാസ്പോർട്ട് അവർ വാങ്ങി വയ്ക്കും, അത് സൗദി അറേബ്യയിൽ ഇപ്പോഴും പലരും തുടർന്നുപോരുന്നു. കഫീലിന്റെ സമ്മതമില്ലാതെ നാട്ടിലേക്ക് പോവാതിരിക്കാൻ ആണതു. പിന്നെ വിസ യുടെ കാലാവധി രണ്ടുവർഷമാണ് അത് കഴിയാതെ തൊഴിലാളിക്ക് നാട്ടിലേക്ക് പോകാനോ, അധികാരികളോട് പരാതിപ്പെടാനോ അവകാശമില്ല. പിന്നെയും സ്വന്തമായി ഉണ്ടാക്കിയ തോന്നിയ പോലുള്ള നിയമങ്ങൾ യഥേഷ്ടം ഒരു അടിമയുടെ മേൽ എന്നപോലെ അയാളുടെ ഇഷ്ടാനുസരണം ചുമത്തും. പ്രതികരിക്കാനും മറ്റും അവസരമില്ലാത്ത പഴയകാല പ്രവാസികൾ എല്ലാം സഹിക്കേണ്ടിവന്നു.
അറബി വീടുകളിൽ കഠിനമായ മർദ്ദനമുറകളിലും മരുഭൂമികളിൽ ഭക്ഷണവും വെള്ളവും കിട്ടാതെയും നിറമുള്ള ഒരുപാട് സ്വപ്നങ്ങളുമായി വീട്ടിൽ നിന്നിറങ്ങിയ പ്രവാസികൾ മരിച്ചുവീണു. അവരിൽ ഇന്ത്യനും,പാകിസ്ഥാനിയും, ബംഗാളിയും, മലയാളിയും എല്ലാം ഉൾപ്പെടും. അവരെക്കുറിച്ച് ആരും പിന്നീട് അന്വേഷിച്ചില്ല. അല്ലെങ്കിലും അവർ തിരിച്ചു വരാൻ ഉറപ്പിച്ചു പോയവരായിരുന്നു ല്ല. രക്ഷപ്പെട്ടാൽ പെട്ടു ഇല്ലെങ്കിൽ മരിക്കാൻ പോലും തയ്യാറായി തന്നെയാണ് അവർ പുറപ്പെട്ടത്.
കപ്പലുകളിലും മറ്റും കയറി ഹജ്ജ് വിസക്ക് ആയിരുന്നു ആദ്യം ആദ്യം ആളുകൾ വന്നിരുന്നത്. പിന്നീട് അത് തൊഴിൽ വിസ കളിലേക്ക് മാറി കപ്പൽ എന്നുള്ളത് വിമാനങ്ങളുടെ കണ്ടുപിടുത്തവും കൂടിയായപ്പോൾ കുറച്ചുകൂടി എളുപ്പമുള്ള യാത്രാമാർഗ്ഗം ആയി മാറി. എന്നാൽ അത്ര പെട്ടന്നൊന്നും മാറുന്നതായി രുന്നില്ല അറബികളുടെ സ്വഭാവങ്ങൾ. അവർ പലരും തൊഴിലാളികളെ പീഡിപ്പിച്ചു കൊണ്ടേയിരുന്നു. ഇവിടെ പരിചയമുള്ളവർക്ക് ചിന്തിക്കാൻ കഴിയാത്ത ഒരു ജോലിയാണ് അറബി വീടുകളിൽ അടുക്കള ജോലി ചെയ്യുന്ന ഗദ്ധമകളുടെ ജീവിതം എന്തൊക്കെ പീഡനങ്ങൾ ഉണ്ടായാലും ഒന്നു പ്രതികരിക്കാനോ, ഉറക്കെ കരയാനോ, ഇറങ്ങി ഓടനോ, കഴിയാത്ത പാവം പാവം സഹോദരിമാർ.
പ്രവാസികളുടെ ഭാവി തീരുമാനിക്കുന്നത് അവരുടെ സ്പോൺസർമാരുടെ സ്വഭാവമാണ്. നല്ല സ്വഭാവക്കാരാണ് എങ്കിൽ അവരുടെ ഭാഗ്യം അവന് നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിശ്രമവും എല്ലാം പ്രതീക്ഷിക്കാം. മറിച്ചാണെങ്കിൽ എല്ലാം കുഴഞ്ഞതുതന്നെ. ഇങ്ങനെ ഒക്കെ ആണെങ്കിലും പാവം അറബികളെ മുതലെടുത്തവരും കുറവല്ല. അറബികളെ പറ്റിച്ചു നാട്ടിൽ പോയി പണക്കാരായവർ നിരവധിയാണ്. അതിൽ മലയാളികളുടെ എണ്ണം വളരെ കൂടുതലാണ്. കുബുദ്ധികൾക്ക് പേരുകേട്ടവരാണല്ലോ നമ്മൾ. ചിലർ ക്ഷമയോടെ ജോലിചെയ്ത് രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നാട്ടിൽ പോയി നാലോ ആറോ മാസം നാട്ടിൽ നിന്ന് വീണ്ടും ഗൾഫിലേക്ക് തിരിച്ചു വരും. ഇങ്ങനെ ഒന്നോ രണ്ടോ പോക്ക് പോയി വന്നാൽ നാട്ടുകാരുടെയും വീട്ടുകാരുടെയും മനസ്സിൽ അയാൾ ഒരു 'ഗൾഫുകാരൻ' ആയി മാറിയിട്ടുണ്ടാവും.അങ്ങനെയങ്ങനെ ഇടയ്ക്ക് നാട്ടിൽ വരുന്ന ഒരു വിരുന്നുകാരനായി പ്രവാസി എന്ന പ്രയാസി മാറും. അവസാനം ജീവിതത്തിന്റെ നല്ല നാളുകൾ ജീവിച്ചു തീർക്കാൻ കഴിയാത്ത ദുഃഖ ഭാരവുമായി ഒരുപിടി രോഗങ്ങളുമായി അയാൾ നാട്ടിൽ വരും. പിന്നെ നാട്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ അയാൾക്ക് പ്രയാസമായിരിക്കും അത് പൊതുവെ വീട്ടുകാർക്ക് അയാളോട് ദേഷ്യത്തിന് കാരണം ആകാനും മതി.
ഗൾഫ് എന്ന അറവുശാലയിലേക്ക് പ്രവാസി സ്വയം കഴുത്ത് നീട്ടി കൊടുക്കുമ്പോൾ അയാളുടെ വീട്ടിലും കുടുംബത്തി ലും അതിന്റെ മാറ്റങ്ങൾ കാണുന്നു. മുഴുപട്ടിണിയും അരപ്പട്ടിണിയും ആയി കഴിഞ്ഞിരുന്ന ചോർന്നൊലിക്കുന്ന ചെറ്റക്കുടിലുകൾ സുന്ദരമായ വീടുകളും മൂന്നു നേരം വയർ നിറയെ ഭക്ഷണവും, ടേപ്പ് റെക്കോർഡർ പാട്ടുമൊക്കെയായി വീടു മാറുമ്പോൾ പ്രവാസി തന്റെ എല്ലാ പ്രയാസങ്ങളും സ്വയം മറക്കുന്നു. പ്രവാസത്തിന്റെ എല്ലാ കഷ്ടപ്പാടുകളും അനുഭവിച്ച ആളായിരുന്നു എന്റെ ഉപ്പ. രണ്ടു ഭാര്യമാരെയും,14 മക്കളെയും , പെങ്ങളെയും അനിയന്മാരെയും ഒക്കെ ഒരു കരയ്ക്കെത്തി ക്കാൻ ഉപ്പ സ്വയം എരിഞ്ഞടങ്ങിയത് 27 വർഷത്തെ തന്റെ പ്രവാസ ജീവിതം ആയിരുന്നു.
കാര്യങ്ങൾ ഇത്രയൊക്കെ ആണെങ്കിലും പഴയ പ്രവാസികളിൽ നിന്നും ആധുനിക പ്രവാസികൾ ഒരുപാട് മാറിയിരിക്കുന്നു രണ്ടും മൂന്നും വർഷത്തെ കാത്തിരിപ്പ്, ശബ്ദം റെക്കോർഡ് ചെയ്ത ഓഡിയോ കാസറ്റുകളും തപാലിലും ആളുകളുടെ കയ്യിലുമായി കാത്തിരുന്നു വന്നിരുന്ന കത്തുകളും, വർഷത്തിലൊരിക്കൽ മണിക്കൂറുകളോളം കാത്തിരുന്ന് കിട്ടിയ അഞ്ചു മിനിറ്റ് ടെലിഫോൺ ചിലപ്പോൾ ഒന്നും പറയാൻ കഴിയാതെ കരഞ്ഞു തീർത്തതും എല്ലാം ഇന്ന് പ്രവാസികളും കുടുംബങ്ങളും പാടേ മറന്നിരിക്കുന്നു.
"എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ"
" അബുദാബിലുള്ളരെഴുത്ത് പെട്ടി, പെട്ടി തുറന്നപ്പോൾ കത്തുകിട്ടി"
ഇതുപോലുള്ള എത്രയെത്ര മാപ്പിളപ്പാട്ടുകൾ മലയാളി പ്രവാസികളുടെ വീടുകളിൽ വർഷങ്ങളോളം തരംഗമായിരുന്നു. അതുപോലെ പണ്ട് ടെലഫോൺ കണ്ടുപിടിച്ചപ്പോൾ ദൂരസ്ഥലങ്ങളിലേക്ക് ബസ്സിലും മറ്റും പോയി ഒരുപാട് സമയം കാത്തിരുന്നതായിരുന്നു അഞ്ചോ ആറോ മിനുട്ട് സംസാരിച്ചിരുന്നത്. മറു തലക്കൽ ഹലോ എന്ന ശബ്ദം കേൾക്കേണ്ട താമസം ഇങ്ങേത്തലക്കൽ ഭാര്യയായാലും ഉമ്മയായാലും ഉപ്പ യായാലും പൊട്ടിക്കരഞ്ഞിട്ടുണ്ടാകും. എന്റെ നാട്ടിൽ നിന്നും ആളുകൾ ഫോൺ ചെയ്യാൻ ബസ് കയറുമ്പോൾ മറ്റുള്ളവർ കളിയാക്കി ചോദിക്കുന്ന ഒരു ചോദ്യം 'ഇന്ന് 50 രൂപയുടെ കരച്ചിൽ ആണോ അതോ നൂറുരൂപയുടെ കരച്ചിലാണോ' എന്നായിരുന്നു.
ഈ പറഞ്ഞ അവസ്ഥയിൽ നിന്ന് ഇന്ന് ഒരുപാട് മാറ്റങ്ങൾ വന്നു അറബികളുടെ ജീവിതത്തിലും ഇവിടത്തെ നിയമത്തിലും പ്രവാസികളോടുള്ള പെരുമാറ്റത്തിലും പ്രവാസികളുടെ ജീവിത നിലവാരത്തിലും എല്ലാം വിപ്ലവകരമായ മാറ്റങ്ങൾ വന്നു. ഗൾഫ് രാജ്യങ്ങൾ വിദ്യാഭ്യാസപരമായി മുന്നേറിയതും, വിവരസാങ്കേതികവിദ്യയും അതിൽ വലിയ പങ്കുവഹിച്ചു.
ഇന്ന് നാട്ടിൽ നിന്ന് പുറപ്പെട്ട അന്നു തന്നെ ഇവിടെ എത്താം, അന്നുതന്നെ നാട്ടിൽ വിവരം വിളിച്ചു പറയുക മാത്രമല്ല നെറ്റിലൂടെ എന്നും വീട്ടുകാരെ സ്വന്തം റൂമിൽ ഇരുന്ന് കാണുകയും ചെയ്യാം. അത് പോലെ ജോലി കഷ്ടപ്പാട് ആണെങ്കിൽ തിരിച്ചു പോവാം, മറ്റു വല്ല പ്രയാസവും പ്രശ്നമുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ വക്കീലന്മാരും നിയമസഹായവും ചാരിറ്റികളും സംഘടനകളും ഗൾഫിലെ മുഴുവൻ രാജ്യങ്ങളിലും ഉണ്ട്. ഈ മേഖലയിൽ ഏറ്റവും കൂടുതൽ സംഘടനകൾ ഉള്ളത് മലയാളികൾക്കാണ്. എന്നും എവിടെയും നമ്മൾ മലയാളികൾ മാറ്റത്തിന്റെ കാര്യത്തിൽ ഒരു മാതൃകയാണല്ലോ. എത്രയൊക്കെ വളർന്നാലും മാറിയാലും ആദ്യം അവിടെയൊക്കെ ഒരു മലയാളത്തനിമ ഉണ്ടാവും എന്നത് ശ്രദ്ധേയമാണ്.
ഇന്ന് കുടുംബത്തിന്റെ പട്ടിണി മാറ്റാൻ വേണ്ടി കടൽ കടന്നു വരുന്ന പ്രവാസികൾ വളരെ കുറവാണ് സമ്പാദിക്കാനും, ഉള്ളത് മെച്ചപ്പെടുത്താനും, തങ്ങൾ പഠിച്ച മേഖലകളിലുള്ള ഉയർന്ന ശമ്പളത്തിൽ ഉള്ള ജോലി സാധ്യതകൾ തേടിയും ഒക്കെയാണ് ഇന്ന് കൂടുതലായും പ്രവാസികൾ വന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ടു തന്നെ ഭൂരിഭാഗം പ്രവാസികൾക്കും വീട്ടുകാരെയും നാടിനെയും പിരിഞ്ഞിരിക്കുന്ന ദുഃഖം ഒരു പരിധി വരെ കുറവാണ് കാരണം ആറുമാസം അല്ലെങ്കിൽ എട്ടുമാസം കൂടിയാൽ ഒരു വർഷം ഇത്രയും കാലം ഇവിടെ നിന്നാൽ ഒരിക്കൽ നാട്ടിൽ പോകുന്നു നാട്ടിലും ഇവിടെ നിന്ന പോലെ മാസങ്ങൾ നിൽക്കുന്നു തിരിച്ചു പോരുന്നു അതുപോലെ മാതാപിതാക്കളെയും കുടുംബത്തെയും ഉംറക്കും ഹജ്ജിനും കൊണ്ടുവരുന്നു. ഭാര്യയെയും മക്കളെയും വിസിറ്റ് വിസയിൽ കൊണ്ടുവന്നു മാസങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളം ഇവിടെ താമസിക്കുന്നു. ചിലർ കുട്ടികളുടെ പഠനവും മറ്റും ഇവിടെ യാക്കി കുടുംബത്തോടൊത്ത് ഇവിടെ കഴിയുന്നു അങ്ങനെ നാട്ടിലെ പോലെ തന്നെ ഇവിടെയും പ്രവാസത്തിന്റെ പ്രയാസങ്ങളില്ലാതെ കഴിയുന്നവർ നിരവധിയാണ്. എട്ടു മണിക്കൂർ ജോലിയും ആഴ്ചയിൽ രണ്ടു ലീവും സ്വന്തമായി കമ്പനി വണ്ടിയും ഫ്ലാറ്റും എല്ലാം ഉള്ള മലയാളി പ്രവാസികളും കുറവല്ല.
എങ്കിലും അധികവും പ്രവാസികൾ മാസ ശമ്പളം കൊണ്ട് കുടുംബത്തിന്റെ ചെലവും മക്കളുടെ പഠിപ്പും മറ്റുമായി സ്വന്തം ചിലവിലേക്കും മിച്ചം വയ്ക്കനും ഒന്നും ഇല്ലാത്തവരാണ്. അവർ എന്നും പ്രവാസികൾ ആയിരിക്കുകയും ചെയ്യും.
മാറ്റങ്ങൾ അറിയാതെ കുടുംബത്തെ കാണാതെ ഇന്നും മരുഭൂമിയിൽ ആടുകളുടെയും ഒട്ടകങ്ങളുടെയും കൂട്ടത്തിൽ സൂര്യന്റെ ചൂടിൽ വെന്തുരുകി കഴിയുന്നവരും, അറബി വീടുകളിൽ അടിമകളെ പോലെ വീട്ടുവേല ചെയ്തു ശമ്പളത്തിന് പകരം അടിയും തൊഴിയും വാങ്ങുന്ന സഹോദരിമാരും ഇന്നും മരുഭൂമിയുടെ കാണാപ്പുറങ്ങളിൽ എവിടെയെങ്കിലും കാണാതിരിക്കില്ല..
-----------
വിമാനം ശക്തമായി താഴ്ന്നു കൊണ്ടേയിരുന്നു. എന്റെ ചെവി അസഹനീയമായി വേദനിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ താഴ്ത്താൻ മാത്രം ഇയാളിത് എന്തിനാ ഇത്രയ്ക്ക് പൊക്കി പറത്തിയത്. ഫ്ലൈറ്റിൽ ഭക്ഷണവും മറ്റും കഴിച്ച് ഞാൻ നന്നായി ഉറങ്ങിയിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തെ അലച്ചിലും വീട്ടിൽനിന്ന് എയർപോർട്ടിലേക്കുള്ള യാത്രയും കാരണം ഞാൻ നന്നായി ക്ഷീണിച്ചിരുന്നു അതുകൊണ്ടു തന്നെ കയറിയിരുന്ന് അല്പം കഴിഞ്ഞ് ഉടനെ ഞാൻ ഉറങ്ങി. ഇടയ്ക്ക് ഭക്ഷണവും ജ്യൂസും ഒക്കെ വന്നത് പാതി ഉറക്കത്തിൽ കഴിച്ച് ഞാൻ വീണ്ടും ഉറങ്ങുകയായിരുന്നു. ഇപ്പോൾ ഏകദേശം വിമാനം ലാൻഡ് ചെയ്യാൻ ആയി എന്ന് തോന്നുന്നു. മുമ്പൊന്നും വിമാനം ഇത്ര വേഗം താഴേക്ക് ഇറക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല ഇത് എന്തുപറ്റി എന്ന് അറിയില്ല. ഇനി വല്ല കേടുപാടും കണ്ട് പെട്ടെന്ന് ഇറക്കുന്നതാണോ, എവിടെയെങ്കിലും ഇടിച്ചിറക്കുന്നതാണോ എന്തോ. എന്തായാലും കുഴപ്പമില്ല ഞാൻ തനിച്ചല്ലല്ലോ എല്ലാം വിധിപോലെ വരും.
വീണ്ടും വീണ്ടും വിമാനം താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയും എന്റെ ചെവി വേദനിച്ചു കൊണ്ടിരിക്കുകയും ചെയ്തു. വണ്ടി ഒന്നു നിന്നാൽ ജീവനക്കാരുടെ കയ്യിൽനിന്നും വല്ല മരുന്നും വാങ്ങി കഴിക്കാം ആയിരുന്നു എന്നും പ്രതീക്ഷിച്ചു രണ്ടു ചെവിയിലും വിരലുകൾ തിരുകി ഞാനിരുന്നു. കുറച്ചുസമയത്തിനുശേഷം വിമാനം ലാൻഡ് ചെയ്തു. എല്ലാവരും ബാഗും മറ്റും എടുത്ത് എഴുനേൽക്കാൻ തുടങ്ങി ഞാൻ അവിടെത്തന്നെ അൽപനേരം ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ചെവി വേദന കുറഞ്ഞു വന്നു ഞാൻ പതിയെ എഴുന്നേറ്റു മുക്കാൽഭാഗം ആളുകളും ഇറങ്ങിക്കഴിഞ്ഞിരുന്നു. ഞാനും പുറത്തേക്കു നടന്നു എന്റെ സാധനങ്ങൾ എല്ലാം കൂടെ ഒരു ബാഗിലാക്കി ഞാൻ ലഗേജിൽ വിട്ടതുകൊണ്ട് വിമാനത്തിൽ എന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. വിമാനത്തിൽ നിന്നും പുറത്തു കടന്ന ഞാൻ എയർപോർട്ടിൽ അകത്തേക്ക് നടന്നു.
11 വർഷങ്ങൾക്ക് മുൻപ് 2005ൽ ഈ എയർപോർട്ടിൽ എന്റെ പതിനെട്ടാമത്തെ വയസ്സിൽ ഞാൻ വന്നിറങ്ങിയതാണ് രണ്ടുവർഷം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ഇനി ജോലിക്ക് വേണ്ടി ഇങ്ങോട്ടേക്ക് ഒരു മടക്കം ഉണ്ടാവില്ല എന്ന് തീരുമാനിച്ചതാണ് പക്ഷേ വിധി രണ്ടാമതും മൂന്നാമതും എന്നെ ഇവിടേക്ക് എത്തിച്ചു ആ വിധിയിൽ സന്തോഷിക്കുക തന്നെ.ഇവിടം കൊണ്ട് ഒരിക്കലും നഷ്ട ത്തേക്കാൾ അധികം ലാഭമല്ലാതെ കിട്ടിയിട്ടില്ല ഒന്നുമില്ലെങ്കിലും പതിനെട്ടാമത്തെ വയസ്സിൽ മക്കത്ത് പോയി കഅബ കാണാനും മദീനയിൽ പോവാനും ഇരുപതാമത്തെ വയസ്സിൽ മാതാപിതാക്കളോട് ഒപ്പം ഹജ്ജ് ചെയ്യാനും കഴിഞ്ഞത് ഇവിടെ വന്നത് കൊണ്ടാണല്ലോ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഈ വരവും വെറുതെയാവില്ല. നാഥൻ വെറുതേ ആകാതിരിക്കട്ടെ ആമീൻ.
വെള്ള തോപ്പും വെള്ളയും ചുവന്നതുമായ തട്ടവും വട്ടും ധരിച്ച് സൗദി ചെറുപ്പക്കാർ വിമാനത്തിൽ നിന്നും ഇറങ്ങുന്നവർക്ക് എമിഗ്രേഷൻ കൗണ്ടറിലേക്കുള്ള വഴി കാണിക്കുന്നു. സൗദികൾ ഒരു വഴിക്ക്, നാട്ടിൽ പോയി ലീവ് കഴിഞ്ഞ് വരുന്ന പഴയ വിസയിൽ ഉള്ളവർ ഒരു വഴിക്ക്, പുതിയ വിസയിൽ വരുന്ന എന്നെപ്പോലെയുള്ളവർ മറ്റൊരുവഴിക്ക് നാലഞ്ച് കൗണ്ടറുകളിലെ മുമ്പിലായി ഞങ്ങൾ നിന്നു. കൗണ്ടറിലുള്ള സൗദികൾ കാവ കുടിച്ചും പൊട്ടി ചിരിച്ചും, സംസാരിച്ചും കൗണ്ടറിൽ നിന്ന് ഇറങ്ങി പുകവലിച്ചും ഒക്കെ ചെയ്യുന്ന ജോലിയിൽ അവരുടെ ആത്മാർത്ഥത കാണിച്ചുകൊണ്ടിരുന്നു. ഓരോരുത്തർക്ക് തന്നെ അഞ്ചും പത്തും മിനുട്ട് സമയം വേണ്ടിവന്നു പാസ്പോർട്ട് പരിശോധിച്ച്‌ ,അവരുടെ കാമറയിൽ നിന്ന് ഫോട്ടോയെടുത്ത് രണ്ടു കയ്യിന്റെയും അടയാളം (ഫിംഗർ പ്രിന്റ്) പിടിച്ച് ആളുകൾ ഓരോരുത്തരായി മുന്നോട്ടു നീങ്ങി. അരമണിക്കൂറിലധികം വേണ്ടി വന്നു എന്റെ ഊഴം എത്താൻ. പരിശോധന കഴിഞ്ഞ് എന്റെ വിരലടയാളം വച്ചു ശരിയാകാത്തത് കണ്ട ഓഫീസർ രണ്ടു മൂന്നു തവണ വിരൽ തുടച്ച് വീണ്ടും വീണ്ടും വെക്കാൻ ആവശ്യപ്പെട്ടു. അവസാനം ഓഫീസർ കമ്പ്യൂട്ടറിൽ നിന്നും മുഖമുയർത്തി എന്നെ നോക്കി അപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി.
'ഇതിനു മുൻപ് ഇവിടെ വന്നിരുന്നു '
'അതെ '
'എന്നിട്ട് എങ്ങനെയാണ് തിരിച്ചുപോയത് '
'എക്സിറ്റ് അടിച്ച് '
'എത്രകാലം നിന്നു '
'അഞ്ചുമാസം '
'അതിനു മുൻപ് വന്നിരുന്നുവോ '
'അതെ പണ്ട് ഉംറ വിസയിൽ വന്നിരുന്നു '
'അന്ന് എങ്ങനെയാണ് തിരിച്ചുപോയത് '
' ജയിൽ വഴിക്ക് '
'ഇവിടെ എത്ര കാലം നിന്നു '
' രണ്ടു വർഷവും ഒരു മാസവും '
'എന്റെ കൂടെ വരൂ '
അയാൾ ഏതോ കുറ്റവാളിയെ താൻ ഒറ്റയ്ക്ക് കീഴ്പ്പെടുത്തിയ പോലെ എന്നെയും കൊണ്ട്, മാറി ഒരു സ്ഥലത്ത് ഇരിക്കുന്ന രണ്ടു മൂന്ന് ഓഫീസർമാരുടെ അടുത്തു പോയി പോയി. എന്റെ പാസ്പോർട്ടും മറ്റും അവിടെ ഏൽപ്പിച്ച അയാൾ തന്റെ സീറ്റിലേക്ക് മടങ്ങി പോയി. ഞാൻ അവിടെതന്നെ നിന്നു അവിടെയിരുന്ന ഓഫീസർ എന്റെ രേഖകൾ പരിശോധിക്കുന്നതിനിടയിൽ അവിടെ പാത്രത്തിൽ ഉണ്ടായിരുന്ന മിഠായി മറ്റു ഓഫീസർമാർക്ക് കൊടുത്ത കൂട്ടത്തിൽ എന്റെ നേരെയും നീട്ടി ഞാൻ അതിൽ നിന്ന് ഒന്ന് എടുത്തു കഴിച്ചു. 'കുറച്ചു കഴിഞ്ഞ് വിളിക്കാം അവിടെ പോയി ഇരുന്നോളൂ' എന്നുപറഞ്ഞ് അയാൾ ഒരു സ്ഥലം ചൂണ്ടിക്കാണിച്ചു തന്നു. ഞാൻ അവിടെ ചെല്ലുമ്പോൾ എന്നെ കൂടാതെ നാലോ അഞ്ചോ പേരുകൂടിയുണ്ട് അവിടെ രണ്ടു പേർ മലയാളികളായിരുന്നു. അവർ രണ്ടുപേരും വളരെ പരിഭ്രാന്തരായി പരസ്പരം സംസാരിക്കുകയും പലരെയും ഫോണിൽ വിളിക്കാൻ ശ്രമിക്കുകയും ചെയ്തു കൊണ്ടിരുന്നു ഒന്നും സംഭവിക്കാത്തതുപോലെ 'ഇതൊക്കെയെന്ത് ഇതിനും വലിയത് പ്രതീക്ഷിച്ചതാണ്' എന്ന മട്ടിൽ ഞാൻ അവിടെയിരുന്നു.
രാജ്യത്തു നിന്ന് ഒരിക്കൽ നിയമലംഘനം നടത്തി നാട് കടത്തപ്പെട്ട വരെ അവരുടെ വിരലടയാളം രേഖപ്പെടുത്തി പിന്നീട് വരുന്നത് തടയുന്ന ഒരു നിയമം എട്ട് ഒമ്പത് വർഷം മുൻപു മുതൽ സൗദിയിൽ നടപ്പിൽ വരുത്തിയിരുന്നു. അതിന്റെ ഇരകൾ ആണ് ഞങ്ങൾ എല്ലാം എന്റെ പേരിലുള്ള കുറ്റം ഉംറ വിസയിൽ വന്ന് അനധികൃതമായി താമസിച്ചു എന്നുള്ളതാണ്. അങ്ങിനെയുള്ളവരെ എയർപോർട്ടിൽ തടഞ്ഞു വെച്ച് സ്വന്തം കഫീൽ വന്ന് അവരുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പുറത്ത് വിടലാണ് പതിവ്. മറിച്ച് മറ്റു പല കേസുകളിലും പെട്ട് ജയിൽ വഴി നാട്ടിലേക്ക് പോയവർക്ക് ഇവിടെ ഇറങ്ങാൻ കഴിയില്ല. അവരെ തിരിച്ചു വിമാനം കയറി വിടലാണ് പതിവ് ഇതെല്ലാം എനിക്ക് അറിയുന്നതും അനുഭവിച്ചതും ആണ് കഴിഞ്ഞവർഷം റിയാദ് എയർ പോർട്ടിൽ ഞാൻ ഇറങ്ങി ഒന്നര ദിവസം എയർപോർട്ടിൽ കഴിഞ്ഞതിനുശേഷമാണ് പുറത്തിറങ്ങാൻ പറ്റിയത്. അതുകൊണ്ടുതന്നെ എനിക്ക് ഒരു പരിഭ്രമവും ഉണ്ടായിരുന്നില്ല അല്ലെങ്കിലും പരിഭ്രമിച്ചത് എന്തുകാര്യം. അള്ളാഹു വിധിച്ചതിനെ ആർക്കും തടുക്കാൻ കഴിയില്ല അവൻ തടഞ്ഞതിനെ ആർക്കും നൽകാനും കഴിയില്ല ഇത് മനസ്സിൽ ഉറപ്പിച്ചൽ പിന്നെ ഒരു കാര്യത്തിലും നമുക്ക് ടെൻഷൻ ഉണ്ടാവില്ല.
ഞാൻ ബാത്റൂമിൽ പോയി മടങ്ങി വരുന്ന വഴിക്ക് , എയർപോർട്ടിൽ വച്ച് പരിചയപ്പെട്ട ഒരു ചെറുപ്പക്കാരൻ എന്നെ വിളിച്ചു എന്തുപറ്റി എന്ന് അന്വേഷിച്ചു അവനും ഞാൻ വന്ന അതേ ഫ്ലൈറ്റിൽ വന്നതാണ് അവൻ എമിഗ്രേഷൻ വരിയിലാണ് ഞാൻ അവനോടു കാര്യം പറഞ്ഞു. അവൻ അവിടെയുള്ള ക്ലീനിങ് തൊഴിലാളികളായ ബംഗാളികളുടെ കയ്യിൽ നിന്നും ഒരു സിം കാർഡ് വാങ്ങിയിട്ടുണ്ട് അതിൽ നിന്നും ഞാൻ എനിക്കു വിസ അയച്ചു തന്ന മണിക്ക് വിളിച്ച് എന്റെ കഫീൽ നെയും കൂട്ടി എയർപോർട്ടിലേക്ക് വരാൻ പറഞ്ഞു. മണി എന്റെ നാട്ടുകാരനാണ് എങ്കിലും എനിക്ക് നേരിട്ട് പരിചയമില്ല യാദൃശ്ചികമായിട്ടാണ് മണിയുടെ സുഹൃത്ത് നാട്ടിൽ വന്നപ്പോൾ ഒരു ഹൗസ് ഡ്രൈവർ വിസയുടെ കാര്യം ഞാൻ അറിയുന്നത് നാട്ടിൽ പണിയില്ലാതെ അലഞ്ഞുനടന്ന ഞാൻ പിന്നെ ഒന്നും ചിന്തിക്കാതെ അതിനു സമ്മതം മൂളി. വിസക്ക് പ്രത്യേകിച്ച് ചിലവൊന്നും ഇല്ല നാട്ടിലെ മെഡിക്കലും ടിക്കറ്റും ഞാൻ കൊടുക്കണം അത് ഇവിടെ വന്നു ജോലിയിൽ പ്രവേശിച്ച്‌ അൽപം കഴിഞ്ഞാൽ കഫീൽ തിരിച്ചു തരും എന്നും പറഞ്ഞു. അല്ലെങ്കിലും ഏറ്റവും ചിലവുകുറഞ്ഞ വിസ ആണല്ലോ ഹൗസ് ഡ്രൈവർ വിസ. പ്രത്യേകിച്ച് എനിക്ക് സൗദിയിലെ ലൈസൻസും ഇവിടെ വണ്ടി ഓടിച്ചുള്ള പരിചയവും അറബിഭാഷ സംസാരിക്കുവാനും അറിയുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി. ചിലവുകുറഞ്ഞതു കൊണ്ട് തന്നെയാണ് ഒരിക്കൽക്കൂടി സൗദിയിലെ വീട്ടിലേക്ക് ഡ്രൈവർ ജോലിക്ക് മനസ്സില്ലാമനസ്സോടെ ഞാൻ പുറപ്പെട്ടത്.
മണിയും കഫീലും വരുന്നത് വരെ ഞാനെന്റെ പഴയ സീറ്റിലേക്ക് ചെന്നിരുന്നു അവിടെ ഉള്ളവരുമായി പരിചയപ്പെട്ടു എനിക്കറിയാവുന്ന വിവരങ്ങൾ അവരുമായി പങ്കുവെച്ചു അവിടെയുള്ള ചിലർ കേസിൽപ്പെട്ട് നാടുകടത്തപ്പെട്ട വരാണ് അവരിൽ ഒരാളുടെ കഫീലും മകനും എയർപോർട്ടിൽ വന്ന് പോലീസുകാരുമായി കുറച്ചു നേരം സംസാരിച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു. 'ഇന്നിനി ഒന്നും നടക്കില്ല നാളെ വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് വരാം അപ്പോൾ ഉദ്യോഗസ്ഥരെ കണ്ട് സംസാരിച്ചു നോക്കട്ടെ എന്ന് പറഞ്ഞു '.അത് ഒരു പ്രായമായ സൗദി ആയിരുന്നു അവർ മടങ്ങി.
' അബ്ദുൽ നാസർ ഹിന്ദി' എന്ന് ആരോ പറയുന്നത് കേട്ടപ്പോൾ ഞാൻ പോലീസുകാരുടെ ഭാഗത്തേക്കു നോക്കി അവിടെ തോളിൽ ഒരു ബാഗും തൂക്കി ചെറുപ്പക്കാരനായ ഒരു സൗദി നിൽക്കുന്നു ഞാൻ അവിടേക്ക് ചെന്നു 'ഞാനാണ് ഇന്ത്യക്കാരനായ അബ്ദുൽ നാസർ' എന്നു പറഞ്ഞ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു. ഇയാൾ തന്നെയായിരിക്കാം എന്റെ കഫീൽ. അയാൾ എന്നെയും കൂട്ടി ഓഫീസറുടെ മുറിയിൽ ചെന്ന് എന്നെ പുറത്തിരുത്തി അകത്തേക്കു കയറി കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരും പുറത്തേക്കുവന്നു ഓഫീസർഓട് നന്ദി പറഞ്ഞ് എന്നെയും കൂട്ടി എന്റെ ലഗേജുമെടുത്ത് ഞങ്ങൾ പുറത്തേക്കു നടന്നു. പുറത്ത് കടന്നപ്പോഴാണ് ഞാൻ മണിയെ ആദ്യമായി കാണുന്നത് ഞങ്ങൾ മൂന്നുപേരും അല്പ നേരം സംസാരിച്ചു ശേഷം എന്നെ മണിയെ ഏൽപ്പിച്ച കഫീൽ പോയി. ഞാനും മണിയും മണിയുടെ വണ്ടിയിൽ അയാളുടെ റൂമിലേക്ക് തിരിച്ചു.
മണിയുമായി സംസാരിക്കുന്നതിനിടയിലും എന്റെ മനസ്സിൽ ചെറിയ ഒരു വിഷമം സാധാരണ ഡ്രൈവർമാർ വന്നിറങ്ങിയാൽ അവരെ കണ്ട ഉടനെ നൂറോ ഇരുന്നൂറോ റിയാൽ കഫീൽ അവർക്കു കൊടുക്കുന്ന ഒരു മാമൂലുണ്ട് എനിക്കാരും ഒന്നും തന്നില്ല. ഇനി എല്ലാ മാമൂലുകളെയും എതിർക്കുന്ന ആളാണ് ഞാൻ എന്ന് അറിഞ്ഞു കാണുമോ എന്തോ എന്തായാലും ഇപ്പോ വന്നതല്ലേ ഉള്ളൂ അടുത്ത ദിവസങ്ങളിലായി തരുമായിരിക്കും എന്ന് സമാധാനിച്ച് ഞാൻ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.
സമയം അർദ്ധരാത്രി കഴിഞ്ഞ രണ്ട് 30 ആയിരിക്കുന്നു റോഡിൽ തിരക്കു കുറഞ്ഞ സമയം എങ്കിലും വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു രാത്രിയെ പകലാക്കാൻ വേണ്ടി വഴികളിൽ മുഴുവനും മഞ്ഞനിറത്തിൽ ലൈറ്റുകൾ പ്രകാശിച്ചു കൊണ്ടിരിക്കുന്നു ആദ്യമായി വിദേശത്തേക്കു വരുമ്പോൾ ഏതൊരാൾക്കും തോന്നുന്നത് ഏതോ ഒരു സ്വർഗ്ഗലോകത്ത് വന്നിറങ്ങിയ അവസ്ഥയാകും. 15 മിനിറ്റ് ഓട്ടത്തിനു ശേഷം ഞങ്ങൾ മണിയുടെ റൂമിലെത്തി അയാളെ കൂടാതെ മറ്റൊരു മലയാളി ഡ്രൈവറും കൂടി ആ റൂമിൽ ഉണ്ടായിരുന്നു. ഇടുങ്ങിയ ഒരു മുറിയിൽ രണ്ടു കട്ടിലുകൾ ഇട്ടിരിക്കുന്നു അങ്ങേ തലക്കൽ ഒരു ചെറിയ ബാത്ത്റൂമും, റൂമിലേക്ക് പ്രവേശിക്കുന്ന വാതിലിനോട് ചേർന്ന് പാചകം ചെയ്യാനുള്ള ഗ്യാസ് കുറ്റിയും അടുപ്പും അതിന്റെ തൊട്ടടുത്ത് ഒരു മേശയിൽ ഒരു ടിവിയും ഇരിക്കുന്നു. ഞാൻ മണിയുടെ ഫോണിൽനിന്ന് വിവരങ്ങളൊക്കെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു ഞങ്ങൾ ഭക്ഷണവും പ്രഭാത നമസ്കാരവും കഴിഞ്ഞ് ഉറങ്ങാൻ കിടന്നു.
രണ്ടുദിവസത്തിനുശേഷം കഫീൽ വന്നു മണിയുമായി സംസാരിച്ച്‌ കഫീലിന്റെ വീടിനടുത്തേക്ക് എന്നെ കൊണ്ടുപോയി. അവിടെ അടുത്തായി ഞങ്ങളുടെ നാട്ടുകാർ താമസിക്കുന്ന ഒരു റൂമിൽ എനിക്കൊരു സീറ്റ് തരപ്പെടുത്തി യിരുന്നു. കഫീലിന്റെ കൂടെ ഇപ്പോൾ തൽക്കാലം താമസ സൗകര്യം ഇല്ല അവർ പുതിയ വീട്ടിലേക്ക് മാറാൻ ഇരിക്കുന്നു അവിടെ ഡ്രൈവർക്ക് പ്രത്യേകം റൂമുണ്ട് അതുവരെ ഒന്നോ രണ്ടോ മാസം നാട്ടുകാരുടെ റൂമിൽ തങ്ങാം. ഈ കാര്യങ്ങളൊക്കെ എന്നോട് മുന്നേ തന്നെ മണി പറഞ്ഞതായിരുന്നു.
(തുടരും)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo