Slider

എഴുത്തുകാരൻ എന്നാൽ...

0
Image may contain: 1 person

എഴുത്തുകാരൻ എന്നാൽ എന്താണ്? എഴുത്തുകാരനാണോ വായനക്കാരനാണോ വലുത്? എഴുത്തുകളെപ്പറ്റിയും അതിന്റെ നിലവാരത്തെപ്പറ്റിയും ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എന്റെ അഭിപ്രായം മാത്രം ഞാനിവിടെ കുറിക്കുന്നു.
നല്ല എഴുത്തുകാരൻ അതിനേക്കാൾ നല്ല വായനക്കാരൻ ആയിരിക്കും. ഒരു രചനയെ വായിച്ച് ഭംഗിയായി വിശകലനം ചെയ്യാൻ കഴിയുന്നവർക്കെല്ലാം നല്ല എഴുത്തുകാരനും ആകാൻ കഴിഞ്ഞേക്കാം. വിശദീകരണങ്ങൾ ഇല്ലാതെ വായനക്കാരിലേക്ക് തന്റെ ആശയങ്ങളെ എത്തിക്കാൻ കഴിഞ്ഞാൽ അയാൾ ഒരു നല്ല എഴുത്തുകാരൻ ആണെന്ന് പറയാം. അതിന് കടുകട്ടി ഭാഷ പ്രയോഗങ്ങൾ വേണമെന്നുണ്ടെന്ന് തോന്നുന്നില്ല. ലളിതമായ ഭാഷയിൽ പറയുന്നവർക്കും മികച്ച എഴുത്തുകാരാകാം.
ഓരോ ആളുകളും രൂപത്തിലും ഭാവത്തിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നത് പോലെ എഴുത്തിലും വ്യത്യസ്തപ്പെട്ടിരിക്കും. ഓരോരുത്തരും എഴുതുന്ന ആശയങ്ങളിലും പ്രമേയങ്ങളിലും ആ വ്യത്യസ്തത കാണാം. ഒരേ പ്രമേയത്തെക്കുറിച്ച് രണ്ടു വ്യക്തികൾ എഴുതുന്ന രീതിയും വ്യത്യാസപ്പെട്ടിരിക്കും. ഒന്നും മോശമാണ് എന്ന് നമുക്ക് പറയാനാവില്ല.
ഇനി ഒരു രചന വായിക്കുന്നവർ എല്ലാം ഒരേ അഭിപ്രായം പറയണമെന്നില്ല. വായനക്കാരും എഴുത്തുകാരെപ്പോലെ വ്യത്യസ്തരാണ്. ചിലർക്ക് ചില രചനകൾ ഉൾകൊള്ളാൻ പോലും കഴിയാറില്ല. അവർ ലളിതമായ മറ്റു രചനകളെ നല്ലതെന്ന് പറഞ്ഞേക്കാം. അതുകൊണ്ട് ഈ രചന മോശമാണെന്ന് അർത്ഥമില്ല.
വിമർശനം എന്നാൽ ഒരു തരത്തിൽ വായനക്കാരന്റെ അഭിപ്രായം തന്നെയല്ലേ...? മികച്ച രചയിതാവിനെ സൃഷ്ടിക്കുവാനുള്ള മാർഗമാണ് വിമർശനം. സ്വന്തം മക്കളുടെ തെറ്റുകൾ മാതാപിതാക്കൾ ക്ഷമിക്കുന്നത് പോലെ സ്വന്തം രചനയിലെ കുറവുകൾ കുറവുകളായി എഴുത്തുകാരന് തോന്നണമെന്നില്ല. അത് ചൂണ്ടിക്കാട്ടുന്നവൻ ആണ് യഥാർത്ഥ വിമർശകൻ.
എനിക്കിഷ്ടപ്പെടാത്ത രചന മോശമാണ് എന്ന് കടുത്ത ഭാഷയിൽ പറയുന്നതിനെ വിമർശനം എന്ന് പറയാൻ കഴിയില്ലെന്ന് തോന്നുന്നു. ഒരു എഴുത്തുകാരൻ സ്വന്തം കുഞ്ഞിനെപ്പോലെ കരുതുന്ന രചനകളെ മോശം എന്ന് പറയുമ്പോൾ രചയിതാവിന്റെ മനസ്സ് തീർച്ചയായും വേദനിക്കും. പക്ഷെ അത് തന്റെ രചനയിലെ താൻ അറിയാതെ, കാണാതെ പോയ തെറ്റുകൾ ആണെന്നും അത് തിരുത്തിയാൽ കുറച്ചു കൂടി മികച്ചതാക്കാമെന്നും രചയിതാവിന് തോന്നിയാൽ അത് ഒരു നല്ല എഴുത്തുകാരന്റെ ജനനം ആണെന്ന് പറയാം.
എന്തിനും ഏതിനും കുറ്റം പറയുന്നവർ എല്ലാ കൂട്ടത്തിലും ഉണ്ടാകും. അവരുടെ അഭിപ്രായങ്ങൾ രചയിതാവിന്റെ ഉന്മേഷത്തെ കുറയ്ക്കും. പുതിയ മികച്ച രചനകൾ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ തകർക്കും. അത്തരത്തിലുള്ള അഭിപ്രായങ്ങൾ തള്ളി കളയാൻ കഴിയണം. നമ്മുടെ രചനയെ മികച്ചതാക്കാൻ വേണ്ടുന്ന അഭിപ്രായങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുന്നവനും അത് ഉൾക്കൊള്ളാൻ കഴിയുന്നവനും ആണ് മികച്ച രചയിതാവ്.
പ്രശസ്തരുടെ രചനകൾ മാത്രം വായിച്ചാൽ ഒരു നല്ല വായനക്കാരൻ ആകാൻ കഴിയില്ല. എല്ലാ തരത്തിലുള്ള രചനകളും വായിക്കുകയും അതിൽ നല്ലതും ചീത്തയും വേർതിരിക്കാൻ കഴിയുകയും ചെയ്താൽ അയാൾ ഒരു നല്ല വായനക്കാരൻ ആണെന്ന് പറയാം. നല്ല വായനക്കാർക്ക് നന്നായി വിമർശിക്കാൻ കഴിവുള്ളവനും നല്ല രചനകൾ സൃഷ്ടിക്കാൻ പ്രാപ്തനും ആയിരിക്കും.
കൂട്ടുകാരെ.. ഓരോരുത്തരിലും നല്ല വായനക്കാരും എഴുത്തുകാരും ഒക്കെ ഒളിഞ്ഞിരുപ്പുണ്ട്. അത് കണ്ടെത്തുകയും രാകി മിനുക്കി തിളക്കമുള്ളതാക്കുകയും ചെയ്യുക എന്ന കർമ്മമേ നമുക്ക് ചെയ്യാനുള്ളൂ.. വായന വളരട്ടെ. എല്ലാവർക്കും ആശംസകൾ.
നോട്ട്: അഭിപ്രായങ്ങൾ എന്റേത് മാത്രം.

BY Samini Gireesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo