Slider

പനി

0


പനി ശരിക്കുമൊരു പണിയാണ്..
പണ്ടൊക്കെയാരുന്നേൽ ആരും മൈൻഡ്‌ ചെയ്യാത്തോണ്ട് ഒന്നോ രണ്ടോ ദിവസം കഴിഞാൽ പനി ചമ്മലടക്കി പിടിച്ചോണ്ട് എങ്ങോട്ടേക്കോ പോവും..
വല്ല കഞ്ഞിയോ ചമ്മന്തിയോ ഉണക്കമീൻ
ചുട്ടതോ കിട്ടിയെങ്കിലായി..
ഇന്നങ്ങനല്ലാലോ..
പനിവന്നാൽ രാജകീയ സ്വീകരണമാ..
ഫ്രൂട്സും ടാബ്ലറ്റ്‌സും എന്നുവേണ്ട മൂന്നാലു ദിവസം റെസ്റ്റും..
പനിക്കു അഹങ്കാരം വന്നില്ലേലെ അത്ഭുതമുള്ളൂ..
പണ്ടത്തെ പനിക്ക് വ്യക്തമായൊരു പേരോ മേൽവിലാസമോ ഉണ്ടായിരുന്നില്ല..
ഇന്നങ്ങനല്ല..
നല്ല കിടുക്കാച്ചി പേരുകൾ മാത്രല്ല ആധാർകാർഡ് വരെയുണ്ട്..
ഇന്നുള്ളവർക്ക് വരുന്ന പനിയും രസകരമാണു..
പ്രായമുള്ളവർക്കാണേൽ വലിയ ഗമയൊന്നും ഇല്ലാത്ത പാവം പിടിച്ച പനിയാവും..
വല്ലപ്പോഴുമൊന്നു ചുമച്ചു സാന്നിധ്യമറിയിച്ചു അലസതയോടെ അവിടവിടായി ഇരുന്നു നേരം കളയും..
അമ്മമാരുടെ അടുത്തു വരുന്ന പനിക്ക് ഇച്ചിരി കുട്ടിത്തമുണ്ടാവും..
ഇടക്കു വന്നും പോയും കളിപ്പിച്ചോണ്ടിരിക്കും..
ഒരു കട്ടൻചായയോ റസ്കോ കിട്ടിയാൽ പനിക്ക് കുശാലായി..
അവനതും കഴിച്ചോണ്ട് രണ്ടീസം കഴിഞ്ഞാൽ എങ്ങോട്ടേലും പോവും..
അച്ഛന്റടുത്തു വരുന്ന പനിക്ക് ഒരു ഗാംഭീര്യമൊക്കെ കാണും..
ചുമക്കുമ്പോഴും കാണും ആ ആഢ്യത്വം..
ആരെയും കൂസാത്ത ആ പാവം കാണുമ്പൊ പനിക്കും വാശികൂടും..
എന്നാലും പനിയെ സൽക്കരിച്ചിരുത്താൻ കൂട്ടാക്കാതെ മുണ്ടും മാടിക്കുത്തി കവലയിലേക്കൊരു നടത്തമുണ്ട്..
ഗത്യന്തരമില്ലാതെ പനിക്കു ഒഴിഞ്ഞു പോവുകയെ നിവൃത്തിയുണ്ടാവുള്ളൂ..
കാമുകന്റെ പനിക്ക് മടിയന്റെ സ്വഭാവമാവും..
മനസില്ലാ മനസോടെ ഡോക്ടറെ കണ്ടാലും മരുന്നു കൃത്യമായി കഴിക്കൊന്നുമില്ല..
അതോണ്ട് തന്നെ മൂന്നു നാല് ദിവസമെങ്കിലുമെടുക്കും അതൊന്നു പോയിക്കിട്ടാൻ..
കാമുകിയുടേതിന് പരിഭവചൂടുള്ള പനിയാവും..
പനിവന്നതിനേക്കാൾ പ്രിയപ്പെട്ടവൻ എന്നോടതെപ്പറ്റി ഒന്നു ചോദിക്കാൻ മെനക്കെട്ടില്ലാലോ എന്നൊക്കെ ഓർത്തു ആധി കയറും..
അതൊടെ പനിക്കും വാശിയാവും..
മെല്ലെയെ ഇറങ്ങിപ്പോവത്തുള്ളൂ..
ഭർത്താവിനു വരുന്ന പനി പലപ്പോഴുമൊരു സംഭവമാവും..
വിക്സ്‌വിടെ ടാബ്ലെറ്റെവിടെ എന്നൊക്കെ തിരഞ്ഞുള്ള നെട്ടോട്ടമാവും..
ഭാര്യ അടുക്കളയിലേക്കോടും..
ആവിപിടിക്കാനുള്ള വെളളം ചൂടാക്കലും കഞ്ഞിയുണ്ടാക്കലും എന്നുവേണ്ട ആകപ്പാടെ വെപ്രാളമാവും..
അതോടേ പനിക്കും കുശാലാവും..
കൃത്യമായ പരിഗണന കിട്ടുവല്ലേ..
ഭാര്യക്കാണേൽ അവളതു പുറമേക്കു കാണിക്കൊന്നുമില്ല..
എന്നാലും മനസുകൊണ്ട് കൊതിക്കും..
ഒന്നു തൊട്ടു നോക്കിയിരുന്നേൽ..
ഇന്നു അടുക്കളയിൽ കേറാതെ റെസ്റ്റെടുത്തോന്നു പറഞ്ഞു കേട്ടിരുന്നേൽ എന്നൊക്കെ..
പക്ഷേ പലപോഴും നിരാശയാവും ഫലം..
അതൊടെ അവൾ ക്ഷീണിതയായി അടുക്കളയിലേക്കു നടക്കും..
ഇതുകാണുമ്പൊ പനിക്ക് പോലും സഹതാപം തോന്നും..
കൂടുതൽ വിഷമിപ്പിക്കാതെ അതിറങ്ങിപ്പോവും..
കുട്ടികൾക്കുള്ള പനിക്ക് വാത്സല്യചൂടുണ്ടാവും..
അമ്മയുടെ സ്നേഹാർദ്രമായ ചുംബനവും..
പനിക്കും അതുമതിയാവും..
അവനപ്പോത്തന്നെ ശാന്തനാവും..
പ്രവാസിയുടെ പനിക്ക് പലപോഴും അവഗണയുടെ ചൂടാവും..
ഒന്ന്‌ രണ്ടു ദിവസങ്ങൾ കഴിയുമ്പോ താനെയങ്ങു പൊയ്‌ക്കോളും..
കാര്യങ്ങളിങ്ങനൊക്കെയാണേലും പനിയൊരു സുഖമുള്ള ഓർമയാണ്..
അമ്മയുടെ സ്നേഹച്ചൂടേറ്റ് മയങ്ങുന്ന നല്ലോർമകൾ.

By: Rayan Sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo