Slider

ഉണ്ണിയമ്മ

0


രാവിലെ എണീറ്റെങ്കിലും ആകെയൊരു ഉന്മേഷക്കുറവ്. ഇന്നലെ രാത്രിയിലെ ഉറക്കം ശരിയായില്ല. ആ സ്വപ്നം അതെന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു.
നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി ഉണ്ണിയമ്മയുടെ മുഖം. ദയനീയതയോടെ തന്നെ നോക്കുന്ന ആ കണ്ണുകൾ .ആ രൂപം മനസിൽ നിന്നും മായുന്നതേയില്ല. കണ്ടിട്ട് കുറേ കാലമായി .തിരക്കുകൾക്കിടയിൽ ഞാനവരെയും മറന്നു പോയിരിക്കുന്നു.
പ്രതീക്ഷിക്കാതെ വീട്ടിലെത്തിയതിനാലാവും ഉമ്മ ചോദിച്ചു "എന്തേ ഇപ്പൊ വരാൻ?
ഞാനിന്നലെ ഉണ്ണിയമ്മയെ വല്ലാത്തൊരവസ്ഥയില് സ്വപ്നം കണ്ടു. അവർക്കെന്തെങ്കിലും അസുഖമുണ്ടോ? എനിക്കൊന്ന് കാണണമായിരുന്നു. നിങ്ങളു മക്കളെ ഒന്നു നോക്കിക്കോളിം.... ഞാനവിടം വരെയൊന്ന് പോയി വരാം.
അവരെ സ്വപ്നം കണ്ടെന്നും പറഞ്ഞാണോ ഇത്താത്ത ഓടി വന്നത് വാപ്പാ നേം ഉമ്മാനേയുമൊന്നുമല്ലെ .....അനിയത്തിയാണ്. അവളുടെ കളിയാക്കലിന് തമാശ രൂപേണ ഞാനൊരു ചിരി വരുത്തി.
തറവാടിനോട് ചേർന്ന് പുതിയ വീടു വെച്ച് താമസം മാറിയതിൽ പിന്നെ ഞാനവരെ കണ്ടിട്ടില്ല. ഉമ്മയും പഴയ വീട്ടിൽ ഒന്നു രണ്ടു പ്രാവശ്യം പോയിരുന്നെങ്കിലും അവർ മൂത്ത മകന്റെ വീട്ടിലാണെന്നും പറഞ്ഞ് കാണാൻ കഴിഞ്ഞില്ല.
ഒരു വാഴത്തോപ്പിന്റെ ഇരുവശങ്ങളിലുമായിരുന്നു ഞങ്ങളുടെ വീട് .ഞാനും അനിയനും ചെറുതായിരിക്കുമ്പോഴേ ഉപ്പ ഗൾഫിൽ പോയതിനാൽ ഉമ്മാക്ക് ഏക ആശ്രയം ആ വീടും വീട്ടുകാരുമായിരുന്നു. എന്റെ പ്രഭാതം മുതൽ പ്രദോഷം വരെയും ചിലപ്പോൾ രാത്രിയിലെ താമസവുമെല്ലാം അവിടെത്തന്നെയായിരിക്കും. എന്നെ നീന്തൽ പഠിപ്പിച്ചതും സ്കൂളിലെ ഹോം വർക്ക് ചെയ്യാൻ സഹായിച്ചിരുന്നതുമെല്ലാം അവിടത്തെ അമ്മായിയായിരുന്നു.എനിക്കവിടെ അച്ഛച്ഛനും അച്ഛമ്മയും വല്ല്യച്ഛനും വല്ല്യമ്മയുമൊക്കെ ഉണ്ടായിരുന്നു.ചെറിയച്ഛൻ ഗൾഫിൽ നിന്നും വരുമ്പോൾ പെട്ടി തുറക്കാൻ ഞാനും കാത്തിരിക്കും .അവിടത്തെ കുട്ടികൾക്കുള്ളതുപോലെ ഡ്രസ്സും മിഠായിയുമെല്ലാം ഞങ്ങൾക്കു മുണ്ടാവും. അതുപോലെ ഉപ്പ വരുമ്പോൾ തിരിച്ചും. പെരുന്നാളും ഓണവും വിഷുവുമെല്ലാം ഞങ്ങൾക്ക് ഒന്നിച്ചുള്ള ആഘോഷങ്ങളായിരുന്നു.
വാഴത്തോപ്പിനരികിലെ ചെറിയ ഇടവഴി ടാറിട്ടു വലിയ റോഡായി. പുഴക്ക് മീതെ പാലം വന്നപ്പോൾ റോഡു വീണ്ടും വീതി കൂടി .അച്ഛച്ഛനും അമ്മമ്മയും മരിച്ചു.ഉണ്ണിയമ്മക്ക് പ്രായമായിത്തുടങ്ങി.കുട്ടികളെല്ലാം വളർന്നു.വല്യച്ഛൻമാരെല്ലാം വേറെ വീട് വെച്ച് പോയി.ചെറിയച്ഛൻ കല്ല്യാണം കഴിച്ചു.വീടുകൾ തമ്മിൽ അകലം കൂടി ത്തുടങ്ങിയോ...
എന്റെ വിവാഹം കഴിഞ്ഞ ശേഷം ഞാൻ വന്നെന്നറിഞ്ഞാൽ ഉണ്ണിയമ്മ എന്നെ കാണാൻ ഓടിയെത്തുമായിരുന്നു. ചേമ്പും പൂളയും കറൂത്തയുമെല്ലാം ചേർത്ത് നാടൻ കൂട്ടാനുണ്ടാക്കുന്ന പതിവുണ്ടവർക്ക് .അതിലൊരു പങ്ക് എനിക്കായി കയ്യിലുണ്ടാകും. വയറു കാണുന്ന തരത്തിലുള്ള ബ്ലൗസും മുട്ടിൽ നിന്നല്പം ഇറങ്ങി നിൽക്കുന്ന മുണ്ടും ,ചാണകം അങ്ങിങ്ങായി പറ്റിപ്പിടിച്ച് കാണുന്ന ചെരിപ്പിടാത്ത കാലുകളും. അതായിരുന്നു ഉണ്ണിയമ്മ. കയ്യിലൊരു പാത്രവും അതിനു മുകളിൽ വച്ചിരിക്കുന്ന വാഴയിലക്ക് മീതെ പടൂട്ടാന്റെ ആവി പൊങ്ങുന്നുണ്ടാവും. തലയിൽ തേച്ച കാച്ചിയ എണ്ണയുടെയും ചാണകത്തിൻെറയും കൂടിക്കലർന്ന ഒരു പ്രത്യേക ഗന്ധമായിരുന്നു അവർക്ക് .
ഞാനും അനിയനുമൊഴികെ എനിക്കു താഴെ ഉള്ളവർ വളർന്നപ്പോഴേക്കും വീട്ടുകാരെല്ലാം പല വഴിക്ക് പിരിഞ്ഞതിനാൽ ആ വീടിനോട് പഴയ തുപോലെ ആഴത്തിലുള്ള അടുപ്പമുണ്ടായിരുന്നില്ല.അതു കൊണ്ട് തന്നെ അനിയത്തികൾക്കെല്ലാം ഉണ്ണിയമ്മയോട് വലിയ താല്പര്യമില്ലായിരുന്നു, കൊണ്ടുവരുന്ന ഭക്ഷണത്തിനോടും. നമ്മുടെ മതക്കാര് മറ്റു ജാതിയിൽ പെട്ടവരുടെ വീട്ടിലെ ഭക്ഷണം കഴിക്കാൻ പാടില്ലെന്നിടക്കിടെ കേൾക്കാറുണ്ടായിരുന്നെങ്കിലും ,ആ വീട്ടുമുറ്റത്ത് വളർന്നതിന്റെയാകാം എനിക്ക് അവരുടെ കൈ കൊണ്ട് നൽകുന്നതിനെല്ലാം പ്രത്യേക രുചിയായിരുന്നു. ഇടക്കെല്ലാം കുഴമ്പു വാങ്ങിക്കാനെന്നും പറഞ്ഞ് അൻപത് രൂപാ, നൂറ് രൂപ നോട്ടുകൾ ഞാനാ കൈകളിലേക്ക് നൽകുമ്പോൾ ഞാനും മനസുകൊണ്ട് അവരുടെ പേരക്കുട്ടിയായിരുന്നു ...
"അന്റെ പുയ്യാപ്ല വരുമ്പോൾ എനിക്കൊരു ടൈഗർ ബാം കൊണ്ടു വരാൻ പറയണം. കാണുമ്പോഴെല്ലാം ഇടക്കിടെ പറയാറുണ്ട്. അതോർമ്മിച്ചതിനാൽ ഞാനൊരു ബാമിന്റെ ബോട്ടിൽ കയ്യിൽ കരുതിയിരുന്നു.
വൈകുന്നേരമായതിനാൽ അച്ഛച്ഛന്റെ അസ്ഥിത്തറയിൽ വിളക്കു വെക്കാനൊരുങ്ങുകയായിരുന്നു ഉണ്ണിയമ്മ. എന്നെ കണ്ടതും ആ കണ്ണുകൾ പ്രകാശിച്ചു. സ്വപ്നത്തിൽ ഞാൻ കണ്ട രൂപത്തോളമില്ലെങ്കിലും , ക്ഷീണിച്ചിരിക്കുന്നു .ചെവിക്കല്പം കേൾവിക്കുറവുമുണ്ട്.
ചെറിയച്ഛന്റെ ഭാര്യയും മക്കളും ഉണ്ണിയമ്മയുമായി അത്ര രസത്തിലല്ലെന്നും ഉണ്ണിയമ്മ ഇടക്കിടെ പിണങ്ങി മറ്റു മക്കളുടെയടുത്ത് പോയി നിൽക്കാറുണ്ടെന്നും അടുത്ത വീട്ടിലെ ഐശുത്താത്ത പറഞ്ഞറിഞ്ഞിരുന്നതിനാൽ ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. ബാം കയ്യിൽ കൊടുത്തപ്പോൾ തലവേദനയുടെയും ,പല്ലുവേദനയുടെയും പുറം വേദനയുടെയുമെല്ലാം കഥകളും ബാമില്ലാത്തതിന്റെ ബുദ്ധിമുട്ടുകളും പറഞ്ഞു .എല്ലാം ഞാൻ ചെറു പുഞ്ചിരിയോടെ കേട്ടിരുന്നു. ഞാൻ അന്വേഷിച്ചു ചെന്നതിന്റെ സന്തോഷം ആ മുഖത്തെനിക്ക് കാണാമായിരുന്നു.
മടങ്ങാൻ നേരം പതിവുപോലെ ആ കൈകളിലേക്കൊരു നൂറു രൂപാ നോട്ട് വെച്ചു കൊടുത്തപ്പോൾ എന്റെ നെറുകയിലൊരു മുത്തം നൽകിയെന്നെ എന്റെ ഉണ്ണിയമ്മ യാത്രയാക്കി.
മതങ്ങൾക്കും ജാതികൾക്കുമപ്പുറം പവിത്രമായ ചില മനുഷ്യ ബന്ധങ്ങളുണ്ട്. അതൊരിക്കലും പുതുതലമുറക്ക് അന്യമാവാതിരിക്കട്ടെ.

By: FinuMol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo