Showing posts with label AbbasNM. Show all posts
Showing posts with label AbbasNM. Show all posts

മാൻ ഒഫ്‌ ദ മാച്ച്‌ (അബ്ബാസ്‌ എൻ. എം)

Image may contain: 1 person

ഫാർമ്മസിയിൽ നല്ല തിരക്കുളള ഒരു ദിവസമാണു ഞാൻ അവനെ ആദ്യമായി കാണുന്നത്‌ മുഹമ്മദ്‌ റസൂൽ ഖാൻ അതാണവന്റെ പേര് വെള്ളാരം കണ്ണുകളുള്ള വിളഞ്ഞ ഗോതബത്തിന്റെ നിറവും പാറിപ്പറന്ന മുടികളുമുള്ള അഫ്ഗാൻ യുവാവ്‌.
രണ്ട്‌ മണിക്കൂറിലതികമായി അവനാനിൽപ്പുതുടങ്ങീട്ട്‌ മരുന്നു വാങ്ങാനുള്ള ടോകൻ പോലും എടുക്കാതെയാണാനിൽപ്പ്‌. ഞാൻ ഒരു ബ്രേക്‌ കഴിഞ്ഞുവന്നപ്പോഴും ആൾ ആ നിൽപ്പുതന്നെയാണു തിരക്കൽപ്പം കുറഞ്ഞപ്പോൾ അവൻ എന്നെ പ്രതീക്ഷിച്ചെന്നോണം അടുത്ത്‌ വന്നു
" താങ്കൾക്ക്‌ ഉർദു അറിയുമല്ലോ അതാ താങ്കൾ ഒഴിവാക്കുന്നത്‌ വരെ കാത്തിരുന്നത്‌"
" പറഞ്ഞോളു , എവിടെ താങ്കളുടെ മരുന്ന് ശീട്ട്‌"
" ഇതാ, പക്ഷെ ആദ്യം എത്ര പൈസയാവും എന്നറിയണം എന്നിട്ടു മതി, നേരത്തെ ആ ഫിലിപ്പൈൻ പെണ്ണ് എന്തല്ലാമോ പറഞ്ഞു എനിക്കൊന്നും മനസ്സിലായില്ല അതാ നിങ്ങളെ കാത്ത്‌ നിന്നത്‌"
വളരെ നിശ്കളങ്കമായി അവൻ പറഞ്ഞു നിർത്തി
" ബായ്‌ ഇതിലെ ഒന്ന് രണ്ട്‌ മരുന്നുകൾ താങ്കളുടെ ഇൻഷൂറൻസ്‌ കാർഡ്‌ കവർച്ചെയ്യില്ല ആകെ ഒരു 250 ദിർഹമോളം വരും"
തല കുനിച്ച്‌ നിരാശനായി ഒന്നും പറയാതെ തിരിച്ചു നടക്കുന്ന അവൻ എന്റെ മനസ്സിൽ വല്ലാത്ത ഒരു വിങ്ങലാണു ഉണ്ടാക്കിയത്‌ ഇത്‌ പോലെയുള്ള കാഴ്ച്ചകൾ സാധാരണയാണങ്കിലും എനിക്കവനെ തിരിച്ചു വിളിക്കാനണു തോനിയത്‌.
" ബായ്‌ ഇദർ ആഹോം "
ഒരു നിഷം ആലോചിച്ചു നിന്ന് അവൻ തിരിച്ചു വന്നു കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു
" എന്താ എന്തു പറ്റി നിങ്ങൾക്ക്‌ മരുന്ന് വേണ്ടേ?"
കുറച്ച്‌ സമയത്തിനു അവൻ ഒന്നും പറഞ്ഞില്ലാ , പിന്നെ കണ്ഠമിടറിക്കൊണ്ട്‌ പറഞ്ഞു തുടങ്ങി.
" സാബ്‌ ഒരു ആയ്ച്ചയിലധികമായി ചെവിയും തൊണ്ടയും വേദനിക്കുന്നു രാത്രിയിൽ വല്ലാത്ത വേദന ഉറങ്ങാൻ പറ്റുന്നില്ല രണ്ട്‌ മൂന്ന് ദിവസമായിട്ട്‌ ജോലിയില്ല പിന്നെ..."
അത്‌ അവൻ മുഴുവനാക്കിയില്ല
"നന്ദിയുണ്ട്‌ സാബ്‌ എന്നോട്‌ വിവരങ്ങൾ ചോദിച്ചല്ലോ ഇപ്പോൾ മരുന്ന് വേണ്ട ഞാൻ പിന്നെ വാങ്ങിച്ചോളാം, അല്ലങ്കിൽ ആ ചെവിയിൽ ഇറ്റിക്കുന്ന മരുന്ന് മാത്രം മതി ബാക്കി ഞാൻ പിന്നെ വാങ്ങിച്ചോളാം "
" ചെവിയിൽ മരുന്നു ഇറ്റിച്ചത്‌ കൊണ്ട്‌ മാത്രം കാര്യമില്ലാ അകത്ത്‌ കഴിക്കാനുള്ള മരുന്ന് കൂടി കഴിച്ചാലെ പൂർണ്ണമായി സുഖപ്പെടൂ, ആ മരുന്നിന്റെ ശീട്ട്‌ ഇങ്ങു താ എന്നിട്ട്‌ അവിടെ പോയി ഇരിക്ക്‌ ഞാൻ വിളിക്കുമ്പോൾ ഇങ്ങോട്ട്‌ വന്നാമതി"
എന്റെ ചിലവിൽ മരുന്നെല്ലാം എടുത്ത്‌ പൊതിഞ്ഞ്‌ അവനെ വിളിച്ചു
"മരുന്ന് കൊണ്ട്‌ പോയി മുടക്കമില്ലാതെ കഴിക്കുക ദൈവം പെട്ടന്ന് നിങ്ങളുടെ അസുഖം വേഗത്തിൽ സുഖപ്പെടുത്തി തരട്ടെ".
അൽപം ശങ്കിച്ചു മരുന്നു വാങ്ങി കൊണ്ടവൻ ചോദിച്ചു
" ഇതിന്റെ പൈസ തരാൻ എന്റെ കയ്യിൽ ..."
" ഓ അത്‌ സാരമില്ല ഞാൻ കൊടുത്തിട്ടുണ്ട്‌ നിങ്ങൾ പിന്നീട്‌ എനിക്ക്‌ തന്നാൽ മതി "
"വളരെ നന്ദി നിങ്ങളെയും കുടുംബത്തെയും ദൈവമനുഗ്രഹിക്കട്ടെ "
നിറകണ്ണുകളോ അതും പറഞ്ഞ്‌ മരുന്നു വാങ്ങിച്ചു അവൻ നടന്നകന്നു.
ആഴ്ച്ചകൾ ഒന്ന് രണ്ടു പിന്നിട്ടു അവനെയും ആ സംഭവുമെല്ലാം മറന്നു തുടങ്ങിയിരുന്നു ഒരു ദിവസം മോർണ്ണിംഗ്‌ ഡ്യൂട്ടികഴിഞ്ഞിറഞ്ഞാൻ സമയത്താണു അവൻ വീണ്ടും വരുന്നത്‌ ആദ്യം മനസ്സിലായില്ല പിന്നെ അവന്റെ വെള്ളാരം കണ്ണുകളാണു എല്ലാം ഓർമ്മപ്പെടുത്തിയത്‌
" അസുഖമെല്ലാം മാറിയോ "
" ഉവ്വ്‌ സാബ്‌ ദൈവാനുഗ്രഹം, എല്ലാം സുഖമായി, ഞാൻ താങ്കളെ കാണാൻ രണ്ട്തവണ വന്നിരുന്നു നിങ്ങളിവിടെ ഇല്ലാത്തത്‌ കൊണ്ട്‌ താങ്കളെ കാണാനും താങ്കളുടെ പൈസ കുറച്ച്‌ മടക്കിതരാനും പറ്റിയില്ല എന്നോട് ക്ഷമിക്കണം"
" ഓ അതൊന്നും സാരമില്ല നിങ്ങളുടെ അസുഖം ഭേദപ്പെട്ടല്ലോ അതു മതി, ഞാൻ ജോലി കഴിഞ്ഞു റൂമിലേക്ക്‌ പോവുകയാണു"
ഇത്‌ പറഞ്ഞ്‌ ഫാർമ്മസിയിൽ നിന്ന് പുറത്ത്‌ ഇറങ്ങിയ എന്റെ പിന്നാലെ അവനും വന്നു കുറച്ചു ചില്ലറ നോട്ടുകൾ കയ്യിൽ പിടിച്ച്‌ അത്‌ എനിക്ക്‌ നേരെ നീട്ടിക്കൊണ്ട്‌ പറഞ്ഞു
" ഇത്‌ കുറച്ച്‌ പൈസയാണു നിങ്ങൾ ഇത്‌ വാങ്ങണം ബാക്കി ഞാൻ പിന്നെ തന്നോളാം"
ഇപ്പോൾ വേണ്ട പിന്നെ ഒരുമിച്ച്‌ എടുക്കാം എന്നല്ലാം പറഞ്ഞു നോക്കി അവൻ വിടാനുള്ള ഭാവമില്ല ഒടുവിൽ പണം വാങ്ങിച്ചു അവനോടൊപ്പം നടക്കുമ്പോൾ അവൻ കൂടുതൽ ഉല്ലാസവാനായി തോന്നി.
വൈകീട്ട്‌ നടക്കാനിറങ്ങിയപ്പോഴാണു അവനെ പിന്നെ കാണുന്നത്‌ കൂട്ടുകാർക്കൊപ്പം പാർക്കിൽ ക്രിക്കറ്റ്‌ കളിക്കുകയാണു മനോഹരമായിട്ടാണവൻ ബാറ്റ്‌ ചെയ്യുന്നത്‌ കുറേസമയം അത്‌ നോക്കി നിന്നു കളിക്കിടയിൽ എപ്പോഴോ എന്നെ കണ്ടപ്പോൾ അടുത്തേക്ക്‌ ഓടിവന്നു വിശേഷങ്ങൾ അനേഷിച്ചു മറ്റു സുഹ്യത്തുകൾക്കെല്ലാം പരിചയപ്പെടുത്തി കൊടുത്തു അവരുടെ കൂടെ കളിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം നിർബന്ധിച്ചു.
ഞങ്ങളുടെ സൗഹ്യദം അങ്ങനെ വളർന്നു.
എന്റെ രാത്രി ഡ്യൂട്ടി സമയത്ത്‌ അവൻ ഫാർമ്മസിയിൽ വരും വിശേഷങ്ങൾ പറഞ്ഞിരിക്കും യുദ്ധം തകർത്ത അവന്റെ നാടിനെകുറിച്ചു 7 ക്ലാസ്സ്‌ മുഴുവനാക്കുന്നതിനു സ്കൂൾ പഠനം നിർത്തി അഭയാർത്തിയായി പാലായനം ചെയ്യേണ്ടിവന്ന അവസ്ഥയെ കുറിച്ച്‌ സ്വന്തകാരെയും പ്രിയപ്പെട്ടവരെയും കൊണ്ട്‌ പോയ പ്രക്യതിയുടെ വിക്യതിയെ കുറിച്ച്‌ , പ്രക്യതി ഒന്നു പിണങ്ങിയപ്പോൾ നിലം പൊത്തിയ മൺകൂരയക്കിടയിൽ മരണത്തോട്‌ മല്ലിട്ട ദിനരാത്രങ്ങളെക്കുറിച്ച്‌ ഒടുവിൽ അതിർത്തിയിലെ അഭയാർത്തി ക്യാമ്പിൽനിന്ന് ഈ സൈകതഭൂമി വരെയെത്തിയ നീണ്ട യാത്രകളെകുറിച്ച്‌ എല്ലാം അവൻ വിശദമായി സംസാരിച്ചു.
ദിനങ്ങൾ കഴിയും തോറും ഞങ്ങളുടെ സൗഹ്യദവും വളർന്നു ഒരിക്കൽ അവൻ എന്നോട്‌ പറഞ്ഞു
" സാബ്‌ നിങ്ങൾ മലബാരികൾ ( കേരളക്കാർ) എത്ര ഭാഗ്യം ചെയ്തവരാണു എത്ര ശാന്തിയിലും സമാദാനത്തിലുമാണു നിങ്ങൾ കഴിയുന്നത്‌ നിങ്ങളെപ്പോലെ ഇത്രയും അടുക്കും ചിട്ടയോടും ജീവിക്കുന്ന ഒരു സമൂഹം വേറെയുണ്ടാവുമോ? സാബി ന്റെ നാട്ടിലെ പാസ്സ്പോർട്ട്‌ എനിക്കു കിട്ടുമോ?
"എന്റെ ഒരു പഴയ പാസ്പോർട്ട്‌ ഉണ്ട്‌ അത്‌ മതിയോ? " തമാശരൂപേണയുള്ള എന്റെ മറുപടി അവനെ വേദനിപ്പിച്ചെന്ന് തോനുന്നു പോകാൻ ഒരുങ്ങിയ അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി എല്ലാം മൂളികേട്ട്‌ അവൻ യാത്രപറഞ്ഞു ഇറങ്ങി.
കുറേദിവസത്തിനു അവന്റെ ഒരു വിവരവും ഇല്ലായിരുന്നു അപ്രതീക്ഷിതമായി ഒരു ദിനം അവൻ കടന്നു വന്നു നേരെ ഒരു ചോദ്യമായിരുന്നു " സാബ്‌ എന്നെ ഇംഗ്ലീഷ്‌ പഠിപ്പിക്കാമോ? അന്നുമുതൽ ഒഴിവുസമയത്തെ പരിപാടി അവന്റെ ഇംഗ്ലീഷ്‌ പഠനമായി ഒന്നു രണ്ട്‌ മാസങ്ങൾ കൊണ്ട്‌ അത്യാവിശ്യം വാക്കുൾ പറയാനും എഴുതാനുമെല്ലാം പഠിച്ചു ആയിടക്കാണു ഒരു സുഹ്യത്തിന്റെ ക്ലബിന്റെ ക്രിക്കറ്റ്‌ മത്സരം കാണാൻ പോയത്‌ എന്റെ കൂടെ അവനുമുണ്ടായിരുന്നു അവരുടെ ഒരു കളിക്കാരനു പരിക്ക്‌ ആയത്‌ കൊണ്ട്‌ പകരം ആളില്ലാതെ ഇരിക്കുമ്പോഴാണു ഞങ്ങൾ ചെല്ലുന്നത്‌ ഒരാൾക്ക്‌ പകരം കളിക്കുമോ എന്ന് അവനോട്‌ ചോദിച്ചു അവൻ കളിക്കാൻ എപ്പോഴോ റെഡിയായിരുന്നു
കളിയുടെതുടക്കത്തിൽ അവനു കുറച്ചു താളപിഴകൾ ഉണ്ടായി എങ്കിലും കളി അവസാനിക്കുംബോൾ അവന്റെ ഒറ്റയാൾ പ്രകടനത്തിൽ ക്ലബ്‌ വിജയകിരീടവും ചൂടി അവനാക്ലബിൽ സ്തിരം കളിക്കാരനായി മാറി ,യു എ ഇ ലെതന്നെ ഏറ്റവും തിരക്കുള്ള ക്രിക്കറ്റ്‌ കളിക്കാരനായി അവൻ വളരുകയായിരുന്നു , യു എ ഇ സന്ദർശനെത്തിയ അഫ്ഗാൻ ദേശീയ ടീം ന്റെ പരിശീലനത്തിൽ ഭാഗമായത്‌ അവന്റെ ക്രിക്കറ്റ്‌ കരിയറിനെ മാറ്റിമറിച്ചു ദേശീയ ടീമിൽ ഇടം നേടുവാൻ അത്‌ വഴി അവനു സാദിച്ചു പിന്നീട്‌ അവന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു ദേശീയ ടീമിനു വിജയങ്ങൾ സമ്മാനിച്ച അവനെ പൊന്നും വില കൊടുത്താണു കേരളത്തിലെ ഐ പി എൽ ടീം സ്വന്തമാക്കിയത്‌ താരലേലം കഴിഞ്ഞ്‌ അവനെന്നെ വിളിച്ചു " സാബ്‌ നിങ്ങളുടെ നാടിന്റെ പാസ്സ്പോർട്ട്‌ എനിക്ക്‌ കിട്ടിയില്ലങ്കിലും സാബിന്റെ നാടിനു വേണ്ടി കളിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു ,
അദ്യത്തെ മാച്ചിനായി ഇവിടെ വന്നപ്പോൾ പലതരത്തിലുമുള്ള അഫ്ഗാൻ സ്വീറ്റ്സ്‌ മായി അവൻ എന്നെ കാണാൻ വന്നു ഒരു പാടു സമയം വിശേഷങ്ങൾ പറഞ്ഞിരുന്നു മുമ്പത്തെപോലെതന്നെ മുഹമ്മദ്‌ റഫിയുടെയും കിഷോർക്കുമാറിന്റെയുമെല്ലാം പാട്ടുകൾ പാടിതന്നു പോകുന്ന സമയം വി ഐ പി പാസ്സ്‌ കയ്യിൽ വെച്ച്‌ തന്ന് സാബ്‌ എന്തായാലും കളി കാണാൻ വരണം എന്ന് സ്നേഹപൂർവ്വം നിർബന്ധിച്ചാണു പോയത്‌.
തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി മറ്റൊരു മനോഹരമായ ഇന്നിംഗ്സ്‌ കാഴ്ചവെച്ച്‌ കളം വിട്ട്‌ കളിയിലെ കേമൻ പട്ടം സ്വീകരിച്ചു സംസാരിക്കുമ്പോൾ ഈ വിജയം ഞാൻ എന്റെ സാബിനു സമർപ്പിക്കുന്നു , മാൻ ഒഫ്‌ ദ മാച്ച്‌ ട്രോഫിയുമായി അവൻ നേരെ അവന്റെ സാബിനെ കണാനായി നടന്നടുക്കുകയായിരുന്നു.
#അബ്ബാസ്‌ എൻ. എം
അബൂദാബി

മാലാഖമാർ കരഞ്ഞ നാൾ (അബ്ബാസ്‌ എൻ. എം)

മാലാഖമാർ കരഞ്ഞ നാൾ
(അബ്ബാസ്‌ എൻ. എം)
=========================
"അമ്മെ.. അമ്മെ.. ആരെങ്കിലും എന്റെ അമ്മയെ കണ്ടോ " മഞ്ഞു പുക ച്ചുരുളുകളിൽ തട്ടി ആശബ്ദം നേർത്തു ഇല്ലാതെയായി.
വെളുത്ത മേഘ കൊട്ടാരങ്ങൾക്കുനടുവിലെ ആ ഉദ്ധ്യാനത്തിനു ചുറ്റും അവൾ ഒന്നു കണ്ണോടിച്ചു പല വർണ്ണ ചിത്രശലഭങ്ങൾ പോലെ തന്റെ പ്രായക്കാർ പാറി നടക്കുന്നു അവരുടെ കുഞ്ഞിളം ചിറകുകൾ വെള്ളിമേഘ കൂട്ടങ്ങളെ വകങ്ങു മാറ്റി അങ്ങനെ നടക്കുന്നു ,മഴവില്ലിലിൽ തൊട്ടിൽ കെട്ടി സ്വർണ്ണ വർണ്ണമുള്ള തെട്ടിലിൽ കിടന്നു മോണകാട്ടി ചിരിക്കുന്നു ചിലർ, ചോക്ലേറ്റ്‌ അരുവിയും തേനരുവിയിലും കൂത്താടുന്ന മറ്റൊരു സംഘം, എങ്ങും ആന്ദവും ആഹ്ലാദവും മാത്രം തനിക്കു മാത്രമെന്തെയ്‌ സന്തോഷിക്കാൻ പറ്റാത്തത്‌?
കഴിഞ്ഞ ദിവസമാണു ഞാനിവിടെ എത്തിയത്‌ രാത്രി അമ്മയുടെ മാറിൽ ഉറങ്ങികിടക്കുകയായിരുന്നു ഞാൻ , അമ്മയുടെ മുടിക്കെട്ടിൽ ആരോ പിടിച്ചു വലിച്ചു ഇഴച്ചു ആക്രോശിക്കുന്നത്‌ കേട്ടാണു ഞാൻ ഉണർന്നത്‌ അമ്മക്കു മേലേ പതിക്കുന്ന കാലുകൾക്കിടയിൽ നിന്ന് എന്നെ രക്ഷിക്കാൻ അമ്മ ഒരു പാട്‌ ശ്രമിക്കുന്നു, പാവം എന്റെ അച്ഛനെ കയർ കൊണ്ട്‌ വരിഞ്ഞു മുറിക്കിയിരിക്കുന്നു പരുത്തി വേർത്തിരിക്കാൻ തല്ലുന്ന പോലെ ഒരു പാട്‌ ആളുകൾ ചേർന്ന് തല്ലുന്നു ചുറ്റും നോക്കി നിന്നു മൊബൈലിൽ പകർത്തുന്നവരിൽ പലരും ഞങ്ങൾ അറിയുന്നവരോ ഞങ്ങളെ അറിയുന്നവരോ ആണല്ലോ എന്നിട്ടും എന്തെയ്‌ ആരും ഒന്നും പറയാത്തത്‌.
ഞങ്ങളുടെ മൺ കൂരയുടെ അടുപ്പിൽ പോലും എന്താണവർ തിരയുന്നത്‌
" നീയും മേത്തൻ മാരോടൊപ്പം ചേർന്നു നശിച്ചു പോ ക്ഷുദ്രജാതിക്കാരാ" എന്ന് ആക്രോശിച്ചാണല്ലോ അവർ അച്ഛനേയും അമ്മയേയും മർദ്ധിക്കുന്നത്‌ ? എന്താണു ഈ ജാതി ? മതം? കേട്ടു മടുത്തിരിക്കുന്നു പക്ഷെ എന്താണന്നു ഇത്‌ വരെ മനസ്സിലായില്ല, ആൺ ,പെൺ , വലിയവർ, കുട്ടികൾ ഇതെല്ലാം മനസ്സിലായി ഇവയെ എല്ലാം നശിപ്പിക്കാനുള്ളതാണോ ഈ മതം ജാതി എന്നുള്ളത്‌?
കാലികളെ കച്ചവടം ചെയ്ത്‌ ഞങ്ങൾ ഉപജീവനം ചെയ്യുന്നത്‌ തെറ്റാണോ വീട്ടിൽ വളർത്തിയിരുന്ന പശുവിനെ ഒരു 'ബായ്‌' ക്കു വിറ്റത്‌ ചേട്ടന്റെ ചികിത്സക്കായിരുന്നല്ലോ അന്ന് അച്ഛൻ പൈസക്കു വേണ്ടി മുട്ടാത്ത വാതിലുകൾ ഇല്ലല്ലോ? അന്നൊന്നും ഈ മത, ജാതിക്കാരെ ആരെയും കണ്ടില്ല.
"എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലെ " അമ്മയുടെ നിലവിളിക്കിടയിൽ എന്നെ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു ഞാൻ വീണത്‌ തൂവെള്ള നിറമുള്ള നാലു ചിറകുകൾക്കുമേലയായിരുന്നു,‌ പുഞ്ചിരിച്ചു എന്നെ തലോടുന്ന രണ്ടുപേർ എന്നെ ആ ചിറകുകളിൽ കിടത്തി വാനത്തേക്ക്‌ ഉയർത്തുമ്പോഴും താഴെ എന്റെ അമ്മയുടെ നിലവിളി ഉയരുന്നുണ്ടായിരുന്നു.
മനോഹരമായ ആകാശലേകത്തെത്തിയിട്ടും കരഞ്ഞു നിലവിളിച്ചു പ്രകാശത്തിന്റെ മുഖമുള്ള ആ രണ്ടു പേരോടായി ഞാൻ ചോദിച്ചു
"നിങ്ങൾ ആരാണു? ഞാനിത്‌ എവിടെ യാണു? എന്തിനാണു നിങ്ങൾഎന്നെ ഇവിടെ കൊണ്ട്‌ വന്നത്‌? എനിക്ക്‌ എന്റെ അമ്മയെ കാണണം "
"കുഞ്ഞേ ഞങ്ങൾ മാലാഖമാരാണു ഭൂമിയിലെ നിന്റെ ദുരിതങ്ങളിൽ നിന്ന് രക്ഷിച്ചു സ്വർഗ്ഗലോകത്തേക്ക്‌ കൊണ്ട്‌ വരാൻ ദൈവം നിയോഗിച്ചതാണു ഞങ്ങളെ"
" വേണ്ട എനിക്കീ സ്വർഗ്ഗലോകം വേണ്ട എനിക്കെന്റെ അമ്മയെ കണ്ടാൽ മതി എന്റെ അമ്മയെവിടെയാണോ അവിടെയാണു എനിക്കു സ്വർഗ്ഗം, എന്നെ എന്റെ അമ്മയുടെ അടുത്തെത്തിക്കൂ.."
ദയനീയമായ ആ നിലവിളി സ്വർഗ്ഗലേകത്തെ പോലും പിടിച്ചുലച്ചു അന്ന് ആദ്യമായി മാലാഖമാരും തേങ്ങി കരഞ്ഞു, ആ അമ്മയെ സ്വീകരിക്കാൻ ഭൂമിയിലേക്ക്‌ ചിറകുകൾ വിരിച്ചു മാലാഖമാർ പുറപ്പെട്ടിരുന്നു.
#അബ്ബാസ് എൻ. എം.
അബൂദാബി

കഥ പരോൾ

കഥ
പരോൾ
(അബ്ബാസ്‌. എൻ. എം. )
=========================
നാലു വർഷങ്ങൾക്കു ശേഷം സ്വാതന്ത്രത്തിന്റെ ശുദ്ധവായു ശ്വസിച്ചു കൊണ്ട്‌ അയാൾ ബസ്സ്‌ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു,
ബലിപെരുന്നാളും ഓണവും ഒന്നിച്ചെത്തിയത്‌ കൊണ്ടാവും അങ്ങാടിയിലെല്ലാം നല്ല തിരക്ക്‌ തന്റെ പ്രിയതമക്കും അമ്മക്കും ഓണകോടി വാങ്ങണമെന്നുണ്ട്‌ പക്ഷെ കാലിയായ പോക്കറ്റ്‌ നോക്കി നെടുവീർപ്പിടാൻ മത്രമെ കഴിഞ്ഞൊള്ളൂ ജയിലിൽ നിന്ന് സമ്പാദിച്ച തുച്ചമായ സംഖ്യ അടുത്തായ്ച പുറത്തിറങ്ങുന്ന തോമസേട്ടന്റെ മകളുടെ കല്യാണത്തിനു കൊടുക്കാൻ ഏൽപ്പിച്ചിട്ടാണു പോന്നത്‌ അല്ലങ്കിലും ഈ പരോൾ താൻ ഒട്ടും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ ആയിരുന്നില്ലല്ലോ
നാലുവർഷത്തിനിടക്ക്‌ ഒരിക്കൽ പോലും പരോളിനു ശ്രമിക്കാത്തതിൽ എല്ലാവർക്കും അത്ഭുതമാണു,തന്നെയുമല്ല ഇത്രയും കാലത്തിനിടയിൽ കാര്യമായി ആരും തന്നെ കാണാൻ ജയിലിൽ വന്നിട്ടുമില്ല.
ജയിൽ സൂപ്രണ്ട്‌ അടക്കമുള്ളവരുടെ നിർബന്ധവും താൽപര്യവും ഒന്നു മാത്രമാണു ഈ പരോളിനു ഞാൻ ഒരുങ്ങിയത്‌ തന്നെ, അതുമല്ല കഴിഞ്ഞ മാസം ഹമീദ്‌ കാണാൻ വന്നപ്പോൾ പറഞ്ഞിരുന്നു രേഷ്മ ക്ക്‌ ഒരു വിവാഹം ഏകദേശം ശെരിയായിട്ടുണ്ട്‌ എല്ലാം പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട്‌ എന്ന്
ഹമീദ്‌ എന്റെ ചങ്ക്‌ ചങ്ങാതി അവൻ മാത്രമാണു നാടും വീടുമായിട്ടുള്ള ഏക ബന്ധം മാസത്തിൽ ഒരിക്കലെങ്കിലും അവൻ വരും വാതോരാതെ സംസാരിച്ചു കൊണ്ട്‌ വൈദ്യരുടെ മോളുടെ അവിഹിതം പിടിച്ചത്‌ തൊട്ട്‌ ഉത്സവത്തിനു കൊണ്ട്‌ വന്ന ആന വിരണ്ടത്‌ അടക്കമുള്ള എല്ലാ വാർത്തകളും അവനാണു എത്തിച്ചു തരാറുള്ളത്‌,
എന്റെ കുഞ്ഞു പെങ്ങൾ രേഷ്മക്കു കല്ല്യണം ശരിയായതും ബാലേട്ടനു ജോലിയിൽ പ്രമോഷനായതും അമ്മക്ക്‌ പ്രഷർ കൂടി കുളിമുറിയിൽ വീണതും ഒരു ആയ്ച ആശുപത്രിയിൽ കിടന്നതടക്കം എല്ലാം വിവരിക്കുമ്പോഴും രമ യുടെ വിവരങ്ങൾ ചോദിക്കുമ്പോൾ മാത്രം അവനെന്തങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറി പലപ്പോഴും അവന്റെ തൊണ്ടയിടറുന്നതും കാണാമായിരുന്നു.
ബസ്സ്‌ മെല്ലെ നീങ്ങി തുടങ്ങി പുറത്തെ കാഴചകളിലേക്ക്‌ കണ്ണുകളെ അയച്ചു ചിന്തകളെ ഭൂതകാലത്തേക്ക്‌ മേയാൻ വിട്ടു അയാളങ്ങനെ ഇരുന്നു.
" പഹയാ എന്തു തടിയാണടോ ഇത്‌ ഗൾഫിൽ ഏതു റേഷൻകടയിന്നാണടോ നീ അരിവാങ്ങുന്നത്‌"
ഹമീദ്‌ തുടങ്ങികഴിഞ്ഞു, ഒന്നര വർഷത്തെ ഗൾഫ്‌ പ്രവാസത്തിൽ നിന്ന് ആറുമാസത്തെ ലീവിനു നാട്ടിൽ വരുമ്പോൾ എയർപ്പോർട്ടിൽ തന്നെ സ്വീകരിക്കാൻ വന്നതാണു ഹമീദും സുകു വും മുസ്താഖ്‌ മെല്ലാം
" അതെയ്‌ കുപ്പി ഒന്നും കൊണ്ടന്നില്ലെ" സുകുവാണു ചോദിച്ചത്‌ " നീ ബേജാറാവല്ല രമണാ എല്ലാമുണ്ട്‌" അവനു മറുപടി കൊടുത്തു അവനു സന്തോഷമായി വരുന്ന വഴിയിൽ ചായകുടിക്കാൻ നിർത്തിയപ്പോഴാണു ഹമീദ്‌ പറഞ്ഞത്‌
അടുത്ത ഞായറായ്ച മുതൽ പെണ്ണുകാണൽ പരിപാടി ആരംഭിക്കുകയാണു ഒരുങ്ങി ഇരുന്നു കൊള്ളുക " ബാലേട്ടൻ അഞ്ചാറു പെൺ വീട്ടുകാരുടെ വിലാസങ്ങൾ തന്നിട്ടുണ്ട് നമ്മുക്ക്‌ അതെല്ലാം പോയി നോക്കണം" അവൻ പറഞ്ഞു നിർത്തി.
അടുത്ത ഞായർ മുതൽ രണ്ടായ്ചകാലം പെണ്ണുകാണൽ പരിപാടി തുടർന്നു കൊണ്ടെയിരുന്നു അവസാനം തന്റെ ജീവിത സഖിയായി രമയെ കണ്ടത്തുകയും ചെയ്തു.
പിന്നെ ഒരു കാത്തിരിപ്പായിരുന്നു കല്യാണ ദിവസത്തിനായി, പുലരുവോളം അവളുമായി ഫോണിൽ സംസരിച്ചു കൊണ്ടിരുന്നു ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം പറഞ്ഞു ഭാവി ജീവിതത്തിന്റെ പ്രതീക്ഷകളും ആകുലതകളും പങ്കുവെച്ചു, രണ്ടാളുടെയും നഷ്ട പ്രണയങ്ങളെ കുറിച്ചു പറഞ്ഞു ചിരിച്ചു അവളുടെ മുറച്ചെറുക്കനുമായുള്ള പ്രണയവും അത്‌ തകർന്നതും അങ്ങനെ എല്ലാം പരസ്പരം പറഞ്ഞു മനസ്സുകൾ തമ്മിൽ വല്ലാതെ അടുത്തു , പിന്നെ എല്ലാം കൊണ്ടും ഒന്നാവാനുള്ള ആദിവസത്തിനുള്ള കാത്തിരിപ്പായിരുന്നു.
ഒടുവിൽ ആ സുദിനം വന്നത്തി കുടുംബ ക്ഷേത്രത്തിൽ വെച്ച്‌ അവളുടെ കഴുത്തിൽ താലി കെട്ടി എന്റെ സ്വന്തമാകി, സന്ധ്യയായി കല്യാണവീട്ടിലെ ബഹളങ്ങളെല്ലാം അവസാനിച്ചു പിരിഞ്ഞു പോവാൻ കൂട്ടാകാതെ വീണ്ടും ചുറ്റി പറ്റി നിന്നിരുന്ന സ്നേഹിതമാരെയെല്ലാം നിർബന്ധിച്ചും ശ്വാസിച്ചും പറഞ്ഞയച്ചു , ഞങ്ങളുടെ മാത്രമായ ഒരു ലോകത്തേക്ക്‌ പ്രവേശിച്ചു ,
"ഡീ രമെ മൂധേവീ നീ അവനെയും കെട്ടി സുഖിക്കാമെന്നു കരുതണ്ടഡീ ഇറങ്ങി വാ ഡീ.. " ഈ അലർച്ച കേട്ടാണു മുറി വിട്ട്‌ പുറത്തിറങ്ങിയത്‌ മുറ്റത്ത്‌ നാലഞ്ചു ചെറുപ്പക്കർ കയ്യിൽ വടിയും മറ്റ്‌ എന്തല്ലാമോ ഉണ്ട്‌ എല്ലാവരും നന്നായി മദ്യപിച്ചിട്ടുണ്ട്‌ വീട്ടിലേയും അയൽപക്കത്തെ വീടുകളിലെയും എല്ലാരും പുറത്തിറങ്ങീട്ടുണ്ട്‌ തന്റെ പിന്നിലായി നിലയുറപ്പിച്ച രമയെ നോക്കി പച്ചതെറി പറയുന്ന ചെറുപ്പകാരനെ ഞാൻ നോക്കി എവിടെയോ കണ്ടിട്ടുണ്ട്‌ രമയും ബാലേട്ടനും അമ്മയും രേഷ്മയുമെല്ലാം സ്ത്ംഭിച്ചു നിൽക്കുകയാണു,
" ചന്ദ്രേട്ടാ എന്താ ഇത്‌ " എന്റെ പിന്നിലായിരുന്ന രമ മുന്നോട്ട്‌ വന്നു ചോദിച്ചു അതെ അതു അവനാണു ചന്ദ്രൻ അവളുടെ മുറച്ചെറുക്കൻ ,
"നീ പോയി ചാവ്‌ "
എന്ന് പറഞ്ഞതും കൈയിലുണ്ടായിരുന്ന കത്തിയെടുത്ത്‌ അവൻ രമക്കു നേരെ വീശിയതും ഒരുമിച്ചായിരുന്നു അവനെ ചവിട്ടി രമയെ പെട്ടന്നു തള്ളിമാറ്റി തെറിച്ചു വീണ രമക്കു നേരെ കത്തിയുമായി നീങ്ങുന്ന അവനെയും സുഹ്യത്തുക്കളേയും കയ്യിൽ കിട്ടിയ വിറക്‌ കഷ്ണം കൊണ്ട്‌ ഞാനും അക്രമിച്ചു ഒടുവിൽ അവളുടെ നേരെ പാഞ്ഞടുക്കുന്ന ഒരുത്തനു നേരെ ഞാൻ വീശിയ വിറകു കൊള്ളി അവന്റെ തല തകർത്തു വല്ലാത്ത ഒരു അലർച്ചയോടെ അവൻ താഴെ വീണു പിടഞ്ഞു എല്ലാം കണ്ട്‌ ഭയന്ന് ചന്ദ്രനടക്കമുള്ളവർ ഓടി രക്ഷപ്പെട്ടു .
ബസ്സിന്റെ പെട്ടന്നുള്ള ബ്രേക്‌ ചവിട്ടുന്ന ശബ്ദമാണു ചിന്തകളിൽ നിന്ന് ഉണർത്തിയത്‌ ,
ഏതോ ബൈകുകാരൻ ബസ്സിനു കുറുകേ ചാടിയതാണു അടുത്ത രണ്ട്‌ സ്റ്റോപ്‌ കഴിഞ്ഞാൽ തനിക്കു ഇറങ്ങണം, ബസ്സ്‌ വീണ്ടും മുന്നോട്ട്‌ നീങ്ങി ബസ്സിൽ നിന്ന് ഇറങ്ങിയ ആളുകൾക്കിടയിൽ കണ്ണുടക്കി തന്റെ രമയെ പോലെ ഒരുത്തി കയ്യിൽ ഒരു കുഞ്ഞു മായി നടന്നകലുന്നു കൂടെ ഓരാളുമുണ്ട്‌ മുഖം വ്യക്തമല്ല , ബസ്സിലിരുന്നു നടന്നകലുന്ന അവരെ കണ്ണിൽ നിന്നു മായും വരെ നോക്കി.
ബസ്സിറങ്ങി വീട്ടിലേക്ക്‌ നടക്കാൻ തുടങ്ങി കാര്യമായ മാറ്റങ്ങൾ ഒന്നും അങ്ങാടിക്കു സംഭവിച്ചിട്ടില്ല ഫ്രണ്ട്‌സ്‌ സ്പോർട്‌സ്‌‌ ആൻഡ്‌ ആർട്‌സ്‌ ക്ല്ബും വായനശാലയും കാലിയായി കിടക്കുന്നു തന്റെ വിപ്ലവ ചിന്തകൾക്കും കലാകായിക പ്രവർത്തനങ്ങൾക്കും പ്രചോദനമായ മഹത്‌ കൂട്ടായ്മുടെ തകർച്ച വിളിച്ചോതുന്നതരത്തിൽ ക്ലബിന്റെ ബോർഡ്‌ ദ്രവിച്ചു ഒറ്റ കമ്പിയിൽ തൂങ്ങിയാടുന്നു തന്നെ കടന്നുപോകുന്ന പരിചിതമുഖങ്ങളിൽ പലതിലും ഒരു പുച്ഛമോ സഹതാപമോ നിഴലിക്കുന്നു മറ്റു ചിലർ ഒന്നു ചിരിച്ചു തങ്ങളുടെതായ ലോകത്തേക്ക്‌ തിരക്കിട്ടു നടന്നു നീങ്ങുന്നു ഒരിക്കൽ ഈ അങ്ങാടിയുടെ നിറ സാന്നിദ്ധ്യമായിരുന്ന താൻ ഒരു അപരിചിതനെപോലെ ആയിരിക്കുന്നു , തന്നെ കടന്നു പോയ ഓട്ടോറിക്ഷ കുറച്ചു മുന്നോട്ട്‌ പോയി നിന്നു ഹമീദിന്റെ ഓട്ടോയാണു അവൻ നിർത്തി ഓടിവന്നു കെട്ടിപ്പിടിച്ചു ഒന്നും പറയാൻ കഴിയാതെ പൊട്ടികരഞ്ഞു അവൻ തനിക്കും നിയന്ത്രിക്കാൻ പറ്റിയില്ല അവനോടൊന്നിച്ചു ഓട്ടോയിൽ വീട്ടിലേക്ക്‌ തിരിക്കുമ്പോൾ രണ്ടാൾക്കും ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല അവന്റെ വീട്ടിലേക്കുള്ള റോഡിലേക്ക്‌ തിരിയുന്ന സമയത്താണു അവനോട്‌ പറഞ്ഞത്‌ ഞാൻ ആദ്യം വീട്ടിൽ പോവട്ടെ നമ്മുക്ക്‌ വൈകീട്ടു കാണാം ഒന്നും പറയാതെ ഒന്നു മൂളുകമാത്രം ചെയ്തു അവൻ തന്നെ വീട്ടിന്റെ മുന്നിൽ വിട്ട്‌ ഞാൻ എന്റെ വീട്ടിൽ ഉണ്ടാവും എന്ന് മാത്രം പറഞ്ഞ്‌ അവൻ പോയി.
അമ്മ വരാന്തയിൽ തന്നെയുണ്ട്‌ പാവം ക്ഷീണിച്ചു വല്ലാതെയായിരിക്കുന്നു കുറെ നേരം തന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു പിന്നെ തന്നെ കെട്ടിപിടിച്ചു ഒരു പാട്‌ കരഞ്ഞു താൻ അപ്പോഴും തന്റെ പ്രിയതമയെ തേടുകയായിരുന്നു അകത്തു നിന്ന് ചേട്ടത്തിയമ്മ വന്നു നോക്കി
" എട്ടത്തിയമ്മെ രമ എവിടെ?" അവർ മറുപടിയൊന്നും പറയാതെ അകത്തേക്കു കയറിപോയി അമ്മയുടെടെ കരച്ചിൽ ഒന്നു ഉച്ചത്തിലായോ? വരന്തയോട്‌ ചാരിയുള്ള തന്റെ മുറി ലക്ഷ്യമാക്കി നടന്നു വതിൽ തള്ളിതുറന്നു അനിയത്തി രേഷ്മയാണു കട്ടിലിൽ കിടന്നു ആരോടോ മൊബൈലിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണു തന്നെ കണ്ടതും ഫോൺ കട്ട്‌ ചെയ്തു എണീറ്റു.
" രേഷ്മ നീ വലിയ പെണ്ണായല്ലോ " അവൾ തല കുമ്പിട്ടു നിൽകുകയാണു എന്റെ ചോദ്യത്തിനു ഒന്നും പറയാതെ അവളും മുറിവിട്ടു പുറത്ത്‌ പോയി
എന്തുപറ്റി എല്ലാർക്കും , ആർക്കും ഞാൻ വന്നത്‌ ഇഷ്ടമായില്ലാ എന്ന് തോനുന്നു രമയുടെ വീട്‌ വരെ ഒന്നു പോയാലോ? പുറത്തു ബൈകിന്റെ ശബ്ദംകേട്ടു അത്‌ ബാലേട്ടനാണു ചേട്ടത്തി വിളിച്ചിട്ടു വരുന്നതാണു എന്ന് തോനുന്നു
" അമ്മേ അവൻ എന്ത്‌ കണ്ടിട്ടാ ഇപ്പോ ഇങ്ങോട്ട്‌ കയറിവന്നത്‌ രേഷമയുടെ ചെറുക്കന്റെ വീട്ടുകാരറിഞ്ഞാൽ എന്താവും " ഇത്‌ ചോദിച്ചു കൊണ്ടാണു ബാലേട്ടൻ വരാന്തയിലേക്ക്‌ കയറുന്നത്‌
" അമ്മക്കറിയുന്നതല്ലെ എത്ര ആലോചനകളാ ആങ്ങള കൊലപാതകിയാ എന്ന് പറഞ്ഞ്‌ മുടങ്ങിയത്‌ എനിക്കും രണ്ട്‌ പെൺങ്കുട്ടോളാ വളർന്നു വരുന്നത്‌ നല്ല ഒരു ഓണമായിട്ട്‌ സന്തോഷം കളയാനാണോ അവനിങ്ങോട്ട്‌ വന്നിട്ടുള്ളത്‌"
ബാലേട്ടൻ സംസാരിച്ചു കൊണ്ടെയിരുക്കുകയാണൂ
നെഞ്ചത്ത്‌ വലിയ കല്ല് കൊണ്ട്‌ ഇടിച്ചത്‌ പോലെ ഒരു അവസ്‌ഥ ഒന്നും പറയാതെ മുറിവിട്ട്‌ പുറത്തിറങ്ങി
"ഞാൻ പോവാണമ്മെ" അത്രമാത്രം പറഞ്ഞൊപ്പിച്ചു ഇറങ്ങി നടന്നു , "മോനെ" അമ്മകരയുകയാണു തിരുഞ്ഞു നോക്കതെ നടന്നു എവിടെ പോകണം എന്ത്‌ ചെയ്യണം ഒരു എത്തും പിടിയും കിട്ടുന്നില്ല നടത്തം അവസാനിച്ചത്‌ ഹമീദിന്റെ. വീട്ടിന്റെ മുറ്റത്താണു തന്നെ പ്രതീക്ഷിച്ചത്‌ പോലെ അവൻ അവിടെകാത്തിരിക്കുന്നുണ്ട്‌ .
അന്ന് രാത്രി ഭക്ഷണമെല്ലാം കഴിച്ചു കിടക്കുന്നതിനു മുൻപ്‌ അവൻ എല്ലാ കഥകളും പറഞ്ഞു എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഈ ഭൂമി പിളർന്നു താൻ അതിലേക്ക്‌ അങ്ങ്‌ ആഴ്‌ന്ന് പോയിരുന്നങ്കിൽ എന്ന് അയാൾ ആത്മാർത്തമായി ആഗ്രഹിച്ചു തന്റെ അമ്മ ഒഴിച്ചു ആരും താൻ ജയിലിൽ നിന്ന് തിരിച്ചു വരുന്നത്‌ ആഗ്രഹിക്കുന്നില്ല , താൻ ആർക്കുവേണ്ടിയാണോ വഴക്കിട്ടു കൊലപാതകിയായത്‌ അവൾ തന്റെ രമ അവളുടെ മുറച്ചെറുക്കൻ ചന്ദ്രനെയും കെട്ടി ഒരു കുട്ടിയുമായി സന്തോഷത്തോടെ കഴിയുന്നു.
നേരം പുലരുവോളം ഉറങ്ങാൻ സാധിച്ചില്ല , ആരേയും കുറ്റപെടുത്താൻ തോനുന്നില്ല അവരവരുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ അവരുടെ തീരുമാങ്ങൾ തന്നെയാണു ശരി, എങ്കിലും ചെയ്ത തെറ്റിനു ശിക്ഷ സ്വയം ചോദിച്ചുവാങ്ങിയതാണു എന്നിട്ടും തന്നെ പഴയ ഞാനായി കാണാൻ ആർക്കും കഴിയില്ല എന്നത്‌ സത്യമാണു , എല്ലാം എന്റെ വിധിയാണു മനഃപ്പൂർവ്വമല്ലങ്കിലും ഞാനും ഒരു കൊലപാതകിയാണു ദൈവം തന്ന ജീവനെടുക്കാൻ തനിക്കെന്താ അധികാരം ഒരു പക്ഷെ അതിനുള്ള ശിക്ഷയാവും ഇതല്ലാം.
ആലോചിച്ചും സമയം പോയതറിഞ്ഞീല ഹമീദ്‌ വന്ന് വിളിച്ചപ്പോഴാണറിയുന്നത്‌ ഉടനെ എണീറ്റു അവനോടൊപ്പം കുളത്തിൽ പോയി കുളിച്ചു വന്നു അവന്റെ പെരുന്നാൾ ഡ്രസ്സിനൊപ്പം തനിക്കും ഓണത്തിനു ഡ്രസ്സ്‌ ഒരുക്കി വെച്ചിരിക്കുന്നു.
"മോൻ വെഷമിക്കണ്ട എല്ലാം പടച്ചോന്റെ പരീക്ഷണങ്ങളാണു, മോന് ഞങ്ങളെല്ലാം ഇല്ലെ"
ഹമീദിന്റെ ഉമ്മാന്റെ വാക്കുകൾ കണ്ണീരോടെയാണു കേട്ടത്‌ , പെട്ടന്ന് ഒരുങ്ങി ഹമീദിനു പെരുന്നാൾ പള്ളിക്കു പോവാനുള്ളതാണു അവനോടൊപ്പം ഓട്ടൊയിൽ പുറപ്പെട്ടു വഴിയിലുടനീളം നാടിന്റെ അവസ്ഥയെ കുറിച്ചു വാതോരാതെ ഹമീദ്‌ സംസാരിച്ചു കൊണ്ടിരുന്നു പള്ളിയോടടുപ്പിച്ച്‌ ഓട്ടോ നിർത്തി അവൻ പള്ളിയിലേക്ക്‌ കയറിപോയി ഓണാശംസകളും ഈദ്‌ മുബാറക്കുമെല്ലാം നേർന്ന് പലരും തന്നെയും കടന്നു പോയി സന്തോഷ തരുന്ന മുഖങ്ങൾ ,
അയാൾ സ്വയം സന്തോഷവാനാവാൻ ശ്രമിച്ചു അങ്ങിനെ നിന്നു ,
അന്യനാട്ടുകാരായ ആളുകൾ കൗതുകത്തോടെ നോക്കുന്നുണ്ട്‌ , മുസ്ലിം പള്ളിക്കു മുന്നിൽ ഹിന്ദു യുവാവ്‌ ആരെയോ കാത്തു നിൽകുന്നത്‌, അവർക്കറിയില്ലല്ലോ ഹമീദ്‌ പ്രാർത്ഥനക്കുകയറുമ്പോൾ താൻ പള്ളിക്കു പുറത്ത്‌ തിണ്ണയിൽ കാത്തിരിക്കാറുണ്ടായിരുന്നു എന്ന്,
ഹമീദ്‌ പ്രാർത്ഥനകഴിഞ്ഞു വന്നു ഓട്ടോ പിന്നെയും മുന്നോട്ട്‌ നീങ്ങി ദേവീ ക്ഷേത്ര പരിസരത്തെത്തിയപ്പോ അവൻ ഓട്ടോ നിർത്തി.
"ചെല്ല് പോയി തൊഴുതു പ്രാർത്ഥിച്ചു വാ നല്ലൊരു ദിവസായിട്ട്‌ ഇങ്ങനെ ചടഞ്ഞ്‌ കൂടി ഇരിക്കല്ലാ"
ദേവിക്കുമുന്നിൽ മനമുരുകി പ്രാർത്ഥിച്ചു മനസ്സിനു വല്ലാത്ത ഒരു ശാന്തത കൈവന്നപോലെ തിരിച്ച്‌ പോകുമ്പോൾ ഹമീദിനോടായി പറഞ്ഞു
" ഡാ എനിക്കു ഒരു അമ്മക്ക്‌ കൊടുക്കാൻ ഒരു ഓണകോടി വാങ്ങിതരണം നീ "
അതും വാങ്ങിച്ചു പോവേണ്ട സ്ഥലം പറഞ്ഞപ്പോൾ നെറ്റി ചുളിച്ചു അവൻ ചോദിച്ചു
" അത്‌ വേണോ , കുഴപ്പമാവൂലെ"
" ഒരു കുഴപ്പവും ഇല്ല നീ വണ്ടി എടുക്ക്‌"
പിന്നെ അവനൊന്നും പറഞ്ഞില്ല മൂന്ന് കിലോമീറ്റർ താണ്ടി പാടത്തിനടുത്ത ഓടിട്ട ഒരു കൊച്ചു വീടിന്റെ മുന്നിൽ ഓട്ടോ നിർത്തി കൈയ്യിലെ പൊതിയുമായി ആ വീട്ടിലേക്ക്‌ നടന്നു.
മുറ്റത്ത്‌ ഒന്നും ആരേയും കാണുന്നില്ല തിരുവേണത്തിന്റെ ആരവങ്ങളൊന്നുമില്ല,
"ഇവിടെ ആരുമില്ലെ" ഒരു സ്ത്രീ വന്നു മുഖം കാണിച്ചു
" ആരാ "
"അമ്മയില്ലെ ഇവിടെ"
" അമ്മെ ഒരാൾ കാണാൻ വന്നിരിക്കുന്നു" എന്ന് പറഞ്ഞ്‌ അവർ പോയി കുറച്ച്‌. കഴിഞ്ഞപ്പോ വടിയും കുത്തി അവശയായ ഒരു കോലത്തിൽ അവർ വന്നു ചാരുപടിയിൽ വന്നിരുന്നു " മോൻ ഏതാ" ക്ഷീണിച്ച ശബ്ദത്തിൽ അവർ ചോദിച്ചു
"ഞാൻ കുറച്ചപ്പുറത്തുള്ളതാ അമ്മയെ ഒന്നു കാണാൻ വന്നതാ" ഇത്‌ പറഞ്ഞു കൈയ്യിലുള്ള പൊതി അവരുടെ കൈയ്യിൽ വെച്ചു കൊടുത്തു , അത്‌ തുറന്നു നോക്കി അവരുടെ മുഖത്ത്‌ ഒരു ചെറു പുഞ്ചിരി വിടർന്നു
" നാലഞ്ചു വർഷങ്ങളായി ഇത്‌ പോലെ ഒരു ഓണകോടി കിട്ടീട്ട്‌ എന്റെ
കുഞ്ഞോൻ മരിച്ചതിൽ പിന്നെ ഇത്‌ ആദ്യത്തേതാ മോനെ ഈശ്വരൻ അനുഗ്രഹിക്കും" പറയുമ്പോൾ അവരുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
ആ കാലു പിടിച്ചു ഒരു പാട്‌ പൊട്ടിക്കരഞ്ഞു " അമ്മ എന്നോട്‌ പൊറുക്കണം " വേറെ ഒന്നും പറയാൻ കഴിഞ്ഞില്ല, കൂടുതൽ ഒന്നും പറയാതെ തിരിച്ചു നടന്നു, പിറകിൽ കുഞ്ഞിമോന്റെ മാലയിട്ട ഫോട്ടോക്ക്‌ മുന്നിലെ വിളക്കിലെ തിരിനാളം ഒന്നുകൂടി തെളിഞ്ഞു കത്തി മുഖത്തെ പുഞ്ചിരി ഒന്നു കൂടി വ്യക്തമായി തെളിഞ്ഞു .
#അബ്ബാസ്‌ എൻ. എം
അബൂദാബി

കഥ കർഷക നോവ്‌


കഥ
കർഷക നോവ്‌
(അബ്ബാസ്‌ എൻ. എം )
*********************************
സമയം പാതിര കഴിഞ്ഞു അഹമ്മദാജിക്കു കിടന്നിട്ടു ഉറക്കം വരുന്നില്ല എണീറ്റു പതിയെ ജനൽ അരികിലെത്തി പുറത്തേക്ക്‌ നോക്കി നല്ല നിലാവ്‌ മഴതോർന്നിരിക്കുന്നു. കുളത്തിൻ കരയിലെ തവളകളുടെ ശബ്ദം കേൾക്കാം അതിജീവനത്തിന്റെ മുദ്രാവാക്യങ്ങൾ പോലെ
വെറുതെ പശുതൊഴുത്തിന്റെ ഭാഗത്തേക്കൊന്നു നോക്കി ഇല്ലാ ആരുമില്ല അവസാനമുണ്ടായിരുന്ന പശുവിനേയും കഴിഞ്ഞദിവസം വിറ്റു ജനിച്ചനാൾമുതൽ തൊട്ട്‌ ഒരു കൂടപിറപ്പ്‌ കണക്കെയുള്ളതായിരുന്നു പശുവും പശുതൊഴുത്തുമെല്ലാം അതും ഓർമ്മയാവുകയാണു സങ്കടമടക്കാൻ പറ്റുനില്ല തന്റെ പ്രിയതമയുടെ വിയോഗത്തിനു ശേഷം വീണ്ടും പൊട്ടികരഞ്ഞു
ശബ്ദമുണ്ടാകാതെ വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി വീട്ടിൽ എല്ലാവരും നല്ല ഉറക്കത്തിലാണു തനിക്കുമാത്രം ഇന്ന് ഉറങ്ങാൻ കഴിയില്ലാ തന്റെ അവസാനത്തെ ദിവസമാണു ഈവീട്ടിൽ ഇന്ന്, നാളത്തെ പ്രഭാതത്തോട്‌ കൂടി താൻ മറ്റൊരു നാട്ടിൽ മറ്റൊരു ചുറ്റുപാടിൽ കഴിയേണ്ടിവരും തന്നെ പറിച്ചു നടാൻ ഒരുങ്ങുകയാണു തന്റെ വേരുകളും ശിഖിരങ്ങളും എത്ര വിദഗ്ദ്ധമായാണു വേർപ്പെടുത്തിയത്‌ തന്റെ ആത്മാവും സ്വപനങ്ങളും അലിഞ്ഞു ചേർന്ന ഈ മണ്ണു വിട്ടൊരു യാത്ര ആലോചിക്കാൻ കഴിയുന്നില്ല. പക്ഷെ സത്യം അംഗീകരിച്ചെ മതിയാവൂ നാളെ മുതൽ മോൻ പണികഴിപ്പിച്ച പട്ടണത്തിലെ വീട്ടിലേക്ക്‌ താമസം മാറുകയാണു തന്റെ മുൻ തലമുറകൾ ജീവിച്ചുമരിച്ച ഈമണ്ണുവിട്ടൊരു യാത്ര അലോചിക്കുംതോറും കണ്ണുനീരിന്റെ ഒഴുക്കും കൂടി, തന്നെ ആശ്വസിപ്പിക്കാൻ ആരോരുമില്ലല്ലോ തന്റെ നല്ലപാതിയുടെ വിയോഗം തീർത്ത സങ്കടകടൽ നീന്തികയറാൻ ഇത്‌വരേ കഴിഞ്ഞിട്ടില്ല്ലാ അതിനിടക്ക്‌ ഈ പറിച്ചു നടൽ കൂടി താങ്ങാൻ കഴിയില്ലാ ഒലിച്ചിറങ്ങിയ കണ്ണുനീരിനെ തൈ തെങ്ങോലയിൽ നിന്ന് ഇറ്റിവീഴുന്ന മഴത്തുള്ളികൾ മറച്ചു.
നിലാവിൽ കുളിച്ചുനിൽകുന്ന തന്റെ വീടിനെ ഒരിക്കൽ കൂടി നോക്കി തന്റെ പ്രയത്നത്തിന്റെ അടയാളം പതിങ്ങ ഓരോ കല്ലുകൾ പോലും തേങ്ങുന്നത്‌ പോലെ മച്ചിൽ കൂടുകൂട്ടിയ അമ്പല പ്രാവുകൾക്കും ഇന്ന് ഉറക്കമില്ലാ എന്ന് തോനുന്നു , താൻ നടക്കാനും ഓടാനുമെല്ലാം പഠിച്ച പാടവരമ്പിലൂടെ വേച്ചു വേച്ചു നടന്നു മോനെ കുറ്റപ്പെടുത്താൻ കഴിയുന്നില്ലാ അവന്റെ തലമുറക്കൊപ്പം നിന്നു ചിന്തിക്കുമ്പോൾ അവന്റെ തീരുമാനങ്ങളാണു ശരി അവന്റെ ജോലിയും ബിസ്സ്നസ്സു തിരക്കുകൾക്കും ഇടയിൽ ഏകനായി കഴിയുന്ന എന്റെ അരികിൽ ഓടിയെത്താൻ അവനു കഴിയുന്നില്ല. കഴിഞ്ഞമാസത്തെ നെഞ്ചുവേദനയും ആശുപത്രിവാസവുമെല്ലാം ഇങ്ങനെ ഒരു തീരുമാനത്തിനു ആക്കം കൂട്ടി
വരമ്പത്തുനിന്നു ചുറ്റും നോക്കി ഒന്നും വിതക്കാത്ത ഒഴിഞ്ഞപാടം കളകൾകയറി നശിച്ചുകൊണ്ടിരുന്നു. തന്റെ വിയർപ്പുതുള്ളികൾ സ്വർണ്ണ നെൽകതിരുകളായി തിരിച്ചുനൽകിയിരുന്ന പാടം ക്ഷയിച്ചു ഇല്ലാതെയായിരിക്കുന്നു എന്റെ ദുഃഖങളിലും വിഷമങ്ങളിലും എന്നെ ആശ്വസിപ്പിച്ചിരുന്ന , നഖം പൂഴ്തി കാളകുട്ടൻമാർ കുതിക്കുമ്പോൾ ചിരിച്ചുല്ലസിച്ചിരുന്ന ചേറുനു ഇപ്പോൾ നിസംഗഭാവം വിറച്ചു വിറച്ചു പതിയെ പാടത്തേക്കു ഇറങ്ങി ചേറു സന്തോഷം പ്രകടിപ്പിച്ചു ഇരുകാലിലും ആലിംഗനം ചെയ്തു ദൂരെ ഏതോ പതിരാകോഴി കൂവുന്നു കോര യുടെ മാടത്തിനു പകരം ഉയരുന്ന വലിയ വീടിന്റെ പണിനടക്കുന്നിടത്ത്‌ താമസിക്കുന്ന ബംങ്കാളികൾ എണീറ്റെന്നു തോനുന്നു
കോരൻ ഇപ്പോ വിദേശത്തു മകകളുടെ കൂടെയാണു , തന്റെ കൂടെ കൊത്താനും കിളക്കാനും വിത്തെറിയാനും ഒന്നിച്ചു ഉണ്ടായിരുന്നവൻ താൻ ദാനമായി നൽകിയ സ്ഥലത്ത്‌ കൂര കെട്ടി എത്ര സന്തോഷത്തോടെയാണു ഞങ്ങൾകഴിഞ്ഞിരുന്നത്‌ പൊങ്ങച്ചം കാണിക്കാൻ അറിയാത്ത ആ ഇന്നലകൾ എത്ര സുന്ദരങ്ങളായിരുന്നു " ഹാജിയാരുമാപ്ലിളെ കിടാങ്ങളെല്ലാം പഠിച്ചു മിടുക്കരായി പ്രമാണിമാരുമായി ഏന്റെ വാർദ്ധക്യം അവർക്കു ഇപ്പോ ബുദ്ധിമുട്ടായി എന്ന് തോനുന്നു അടുത്ത വാരം മൂത്തോന്റെ കൂടെ വിദേശത്തു പോവാ ഏന്റെ ചാവല്ലാം അവിടെയാവുമെന്നാ തോനുന്നത്‌" എന്ന് പറഞ്ഞ്‌ തന്നെ കെട്ടിപിടിച്ചു കരഞ്ഞുയാത്ര പറയുമ്പോൾ തേച്ചുമിനുക്കിയ ഭാഷ ആയിരുന്നില്ല അത്‌ , വാർദ്ധ്യക്യം നാടുകടത്തലിന്റെത്‌ കൂടിയാണോ? അറിയില്ല ചിന്തകളെ മേയാൻ വിട്ട്‌ ചേറിൽ കാലും പൂഴ്തി അയാളങ്ങനെ ഇരുന്നു
പ്രഭാതത്തിന്റെ വരവറിയിച്ചെന്നോണം ബാങ്ക്‌ വിളികേട്ടാണു ചിന്തകളിൽ നിന്ന് ഉണർന്നത്‌ എണീറ്റു കുളക്കരയിലേക്കുപോയി അംഗശുദ്ധി വരുത്തി ഒരു വാഴയില വെട്ടി അതിൽ നിന്നു നിസ്കരിച്ചു മനമുരുകി പ്രാർത്ഥിച്ചു തിരിച്ചു വീട്ടിലേക്കു മടങ്ങാൻ സമയത്താണു തന്റെ സ്വപങ്ങളും പ്രതീക്ഷകളും പ്രണയവും പങ്കുവെച്ചിരുന്ന ഞാവൽമര തറയിലേക്ക്‌ നോക്കിയത്‌ അതെ അതവൾ തന്നെ വെളുത്ത കാച്ചിമുണ്ട്‌ എടുത്ത്‌ തന്നെ മാടിവിളിക്കുന്നു താൻ പാടത്ത്‌ പണിയിലാവുമ്പോൾ കഞ്ഞിയുമായി വന്ന് വിളിക്കുന്നത്‌ പോലെതന്നെ പുഞ്ചിരിച്ചുനിൽകയാണു നടത്തത്തിനു വേഗതപോരാത്തത്‌ പോലെ പെട്ടന്നു അങ്ങെത്തിയിരുന്നങ്കിൽ ഒരുപാട്‌ കാര്യങ്ങൾ ചോദിക്കാനുണ്ട്‌ കിതച്ചു ഞാവൽമരതറയിൽ കയറിയിരുന്നു പുഞ്ചിരിച്ചു അവളും അങ്ങനെയിരിക്കുകയാണു ഒന്നും പറയുന്നില്ലാ ശരീരം തളരുന്നത്‌ പോലെ മെല്ലെ അവളുടെ മടിയിലേക്ക്‌ തലവെച്ചുകിടന്നു എന്തല്ലാമോ ചോദിക്കണമെന്നുണ്ടയാൾക്ക്‌ പക്ഷെ സംസാരം പുറത്തേക്ക്‌ വരുന്നില്ല ഇല്ല അവളെയും കാണുന്നില്ല ചുറ്റും വെളുത്ത പുകമറപോലെ ചിരിക്കുന്ന രൂപങ്ങൾ അവർ അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു എഴുനേൽപ്പിച്ചു താൻ ഒരു തൂവൽ പോലെ ഭാരമില്ലാത്ത പോലെ തോന്നി അയാൾക്ക്‌. ആ രുപങ്ങളുടെ കൂടെ ആകാശനീലിമയിലേക്ക്‌ മെല്ലെ നീങ്ങികൊണ്ടിരുന്നു താഴെ ഞാവൽമരതറയിൽ കർഷകശ്രീ അവാർഡ്‌ ജേതാവ്‌ മഠത്തിൽ പറമ്പ്‌ അഹമ്മദ്‌ ഹാജിയുടെ ചേതനയറ്റ ശരീരം കിടന്നു.
#അബ്ബാസ്‌ എൻ. എം
അബൂദാബി.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo