Showing posts with label SebiyaThesnim. Show all posts
Showing posts with label SebiyaThesnim. Show all posts

#തനിയെ


നേരിയ ചാറ്റൽ മഴ കാറ്റോടു ചേർന്ന് മുഖത്തേക്ക് വീശിയടിച്ചപ്പോഴാണ് കണ്ണ് തുറന്നത്.ട്രെയിൻ ഏതോ പ്ലാറ്റ്ഫോം വിട്ട് പതിയെ നീങ്ങി തുടങ്ങിയിരിക്കുന്നു.എവിടെയെത്തിയെന്ന് ഒരു നിഃശ്ചയവുമില്ലാതെ ചുറ്റിലും നോക്കി.കോഴിക്കോട് നിന്നും കേറുമ്പോൾ കൂടെ ഉണ്ടായിരുന്ന ആ ചേച്ചി ഇറങ്ങി കാണണം.
സ്ലീപ്പർ ക്ലാസ് ആയത് കൊണ്ട് വലിയ തിരക്കില്ലായിരുന്നു.എങ്കിലും അപരിചിതമായ മുഖങ്ങൾ എന്നിൽ ചെറിയ നിരാശയുണ്ടാക്കി.മലയാളികളെന്ന് പറയാൻ രണ്ടോ മൂന്നോ പേർ മാത്രം.അതിലൊരുത്തൻ ഇടയ്ക്കിടെ എന്നെ ശ്രദ്ധിക്കും പോലെ..
ഫോണെടുത്ത് സമയം നോക്കി. യാത്ര ആരംഭിച്ചിട്ടിപ്പോൾ 6 മണിക്കൂർ പിന്നിട്ടിരിക്കുന്നു.എപ്പോഴായിരിക്കും ഞാനുറങ്ങിപ്പോയത് സ്ഥലകാല ബോധമില്ലാതെ എന്തുറക്കമാണ് ഉറങ്ങിയത്?
പുറം കാഴ്ചയിലേക്ക് ശ്രദ്ധ തിരിച്ചിരുന്നെങ്കിലും ഉള്ളിൽ ഒരു നൂറായിരം ആശങ്കകളായിരുന്നു.
ചാറ്റൽ മഴ ശക്തി പ്രാപിക്കാൻ തുടങ്ങി.നട്ടുച്ചയിലും മേഘമിരുണ്ട് ഇരുട്ട് വന്ന് നിറയുന്നുണ്ട്.ട്രെയിനിൽ നേരിയ വെളിച്ചം തെളിഞ്ഞു .വിൻഡോ ഷട്ടർ താഴ്ത്തി വീണ്ടും കണ്ണടച്ച് കിടന്നു.
എം സി എ കഴിഞ്ഞ് ഇതിപ്പോ മൂന്നാമത്തെ ഇന്റർവ്യൂയാണ് നാളെ അറ്റൻഡ് ചെയ്യാൻ പോകുന്നത്.ബാംഗ്ലൂരിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ.
ഇന്ന് ബാംഗ്ലൂരുള്ള അമ്മയുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് നാളെ രാവിലെ ഒമ്പതിന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം.വൈകുന്നേരം ആറു മണിയോടെ ട്രെയിൻ സ്റ്റേഷനിൽ എത്തും അവിടെ അവരാരെങ്കിലും കാത്ത് നിൽക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്.ഇത്രയും ദൂരം ഒറ്റക്കൊരു യാത്ര ആദ്യമായാണ്. ശെരിക്കും പറഞ്ഞാൽ മറ്റുള്ളവരിൽ നിന്നും ഒരൊളിച്ചോട്ടം.
പഠനം കഴിഞ്ഞ ആ മാസത്തിൽ തന്നെ ആയിരുന്നു മനുവുമായുള്ള വിവാഹ നിശ്‌ചയം.ആദ്യമൊക്കെ വളരെ സ്നേഹത്തോടെ സംസാരിച്ചിരുന്ന ആൾ പോകെ പോകെ മറ്റൊരു രീതിയിലായി പെരുമാറ്റം .വിളിക്കുന്നിടത്തെല്ലാം കൂടെ ചെല്ലണമെന്നായി.വിവാഹം കഴിയാതെ ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോൾ പിന്നെ സ്ത്രീധനത്തെ കുറിച്ചായി സംസാരം.അച്ഛൻ ഗൾഫിലാണെങ്കിലും സമ്പാദ്യമെന്ന് പറയാൻ ഞങ്ങൾ മൂന്ന് പെൺമക്കളല്ലാതെ മറ്റൊന്നുമില്ലാത്തത് കൊണ്ട് ,ആദ്യമേ അതേ കുറിച്ച് സംസാരിച്ചതായിരുന്നു.നല്ല വിദ്യാഭ്യാസം ഞാനെന്റെ മക്കൾക്ക് നൽകും അതാണ് ഞാൻ നൽകുന്ന സ്ത്രീധനം എന്നച്ഛൻ പറഞ്ഞിട്ടും,എന്ത് കിട്ടും എന്നതിനെ കുറിച്ച് അയാൾ അന്വേഷിച്ച് കൊണ്ടേയിരുന്നു .സഹികെട്ട് എനിക്കീ വിവാഹം വേണ്ടച്ഛ എന്ന് പറയുമ്പോൾ അച്ഛനെന്റെ കൂടെ നിന്ന് ആശ്വസിപ്പിച്ചു.വിവാഹത്തിന് ഒരു മാസം മുമ്പേ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു.പക്ഷെ ബന്ധുക്കളെന്ന് അറിയപ്പെടുന്നവർ തന്നെ പലതും പറഞ്ഞു നടന്നു.എല്ലാവരുടെയും ചോദ്യങ്ങൾക്കും കുത്ത് വാക്കുകൾക്കും ഇടയിൽ നിന്നും താത്കാലികമായി ഒരൊളിച്ചോട്ടം.
അമ്മ പല തവണ പറഞ്ഞതാണ് തനിയെ ഒരു യാത്ര വേണ്ട.അമ്മാവന്റെ മോൻ കൂട്ട് വന്നോളുമെന്ന് .ഒറ്റക്ക് പൊയ്ക്കോളാം എന്ന് എനിക്കായിരുന്നു നിർബന്ധം.അല്ലേലും അവനെ കൂടെ കൂട്ടിയിട്ട് എന്ത് കാര്യം.ആണുങ്ങളെ പൊതുവെ വിശ്വസിക്കാൻ കൊള്ളില്ല .അവനെ തീരെയും.ജോലികിട്ടിയാലും ഇടക്കുള്ള യാത്രകൾ ഞാൻ ഒറ്റക്ക് തന്നെ ചെയ്യണ്ടേ? എന്റെ മുടന്തൻ ന്യായങ്ങൾക്ക് മുന്നിൽ അമ്മയുടെ വാ അടഞ്ഞു.പക്ഷെ ഇപ്പൊ എന്തോ മനസ്സിന് വല്ലാത്തൊരു ഭാരം.ഫോണെടുത്ത് അമ്മയുടെ ഫോണിലേക്കു ഡയൽ ചെയ്‌തെങ്കിലും കിട്ടുന്നെ ഇല്ലായിരുന്നു.
"എന്താ കാൾ കണക്ട് ആവുന്നില്ലേ?"
വീണ്ടും വീണ്ടും ഡയൽ ചെയ്യുന്നത് കാണ്ടാവണം എതിർ സീറ്റിലിരുന്ന അവനെന്നോട് ചോദിച്ചു.
ഉള്ളിലുള്ള നിരാശ മുഖത്തേക്ക് പ്രതിഫലിപ്പിക്കാതിരിക്കാൻ പാടുപെട്ട് ഒരു പുച്ഛ ഭാവത്തോടെ ഞാനവനെ നോക്കി.
മറുപടിയൊന്നും പറയാത്തത് കൊണ്ടാകാം പിന്നെ ഒന്നും മിണ്ടിയില്ല. പുറത്ത് മഴകനത്ത് കൊണ്ടിരുന്നു.ട്രെയിനിന്റെ വേഗത തീരെ കുറഞ്ഞു കുറഞ്ഞു വന്നു.
ആറു മണിയോടെ യശ്വന്തപുർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരേണ്ട ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് എത്തിയത്.മഴക്ക് നേരിയ ശമനമുണ്ടായിരുന്നു.പുറത്തിറങ്ങിയെങ്കിലും പരിചയമുള്ള ഒരു മുഖവും എനിക്കായ് കാത്തു നിന്നില്ല.ഫോൺ ചാർജ് തീർന്ന് സ്വിച് ഓഫ് ആകാനായിരിക്കുന്നു.കയ്യിലുള്ള നമ്പറിൽ പലതവണ വിളിച്ച് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുമ്പോഴാണ് പിറകിൽ നിന്നും ഒരു ചോദ്യം
"എങ്ങോട്ടാണ് പോകേണ്ടത്?"
തിരിഞ്ഞ് നോക്കിയ ഞാൻ ഞെട്ടി. ട്രെയിനിൽ വെച്ച് കണ്ട അവൻ തന്നെ.
ഇവനെന്തിനാവാം എന്നെ ഇങ്ങനെ പിന്തുടരുന്നത്?
"ഇവിടെ ഈ നേരത്തതിങ്ങനെ ഒറ്റക്ക് നില്കുന്നത് ബുദ്ധിയല്ല .ആർകെങ്കിലും വിളിക്കണമെങ്കിൽ ഇതിൽ നിന്ന് വിളിച്ചോളൂ"
അവൻ ഫോണെടൂത്ത് എന്റെ നേർക്ക് നീട്ടി.
ഞാൻ വലിയ പ്രതീക്ഷയോടെ അത് വാങ്ങി.
ഡയൽ ചെയ്ത നമ്പർ ചെക്ക് ചെയ്യാൻ നിർദേശിച്ച് അതും നിരാശയിൽ അവസാനിച്ചു..
"എവിടേക്കാണ് പോകേണ്ടത്?"
എനിക്ക് പറഞ്ഞു കൊടുക്കാൻ ഈ നമ്പറല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.
"ഞാനിവിടെ ഒരു ഇന്റർവ്യൂന് വന്നതാണ്..നാളെയാണ്..
കുടുംബക്കാരുണ്ട് ഇവിടെ.
വരാമെന്ന് പറഞ്ഞതാണ്...."
സങ്കടവും നിരാശയും ഒന്നിച്ച് വന്നെന്റെ ശബ്ദമിടറി.
"വിരോധമില്ലെങ്കിൽ കൂടെ വന്നോളൂ.ഞാൻ പെങ്ങളുടെയും അളിയന്റെയും കൂടെയാണ് താമസം.അവിടെ എത്തീട്ട് എന്തെങ്കിലും ചെയ്‌യാം ഈ പെരും മഴയിൽ ഇവിടിങ്ങനെ തനിച്ച്..."
എന്റെ അഹങ്കാരത്തിന്റെ മുനയൊടിഞ്ഞു.അഭയ സ്ഥാനം കിട്ടിയ പോലെ ഞാനവന്റെ പിറകെ നടന്നു.നിറഞ്ഞ് വന്ന മിഴികൾ വെറുതെ ആരെയൊക്കെയോ തിരഞ്ഞു.
ഒരു ടാക്‌സി വിളിച്ച് എന്നോടതിൽ കേറാൻ ആവശ്യപ്പെട്ടു.ഇടക്കവൻ ആർക്കൊക്കെയോ വിളിക്കുന്നുണ്ടായിരുന്നെങ്കിലും കാൾ കണക്ട് ആവാതെ പല തവണ ഫോൺ കട്ട് ചെയ്തു .അല്പദൂരം പിന്നിട്ട് ഒരു ഫ്ളാറ്റിന് മുന്നിൽ ആ ടാക്‌സി നിന്നു.ലിഫ്റ്റിന് നേരെ നടക്കുമ്പോൾ ഭയം കൊണ്ടെന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.അടുത്ത നിമിഷം എന്തും സംഭവിക്കാം വലിയൊരു ട്രാപ്പിലാണ് നീ വന്ന് പെട്ടതെന്ന് മനസ്സെന്നോട് പറഞ്ഞ് കൊണ്ടേയിരുന്നു.ലിഫ്റ്റിൽ കേറി ഏഴാം നമ്പർ അമർത്തി അവനെന്റെ മുഖത്തേക്ക് നോക്കി.
"എവിടെയാണ് ഇന്റർവ്യൂ?"
പറയാനൊന്നും കിട്ടാതെ ബാഗിൽ നിന്നും കമ്പനിയുടെ അഡ്രെസ്സ് എടുത്ത് ഞാനവന് നേരെ നീട്ടി.എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.
"എന്തിനാണിങ്ങനെ പേടിക്കുന്നത്.എന്നെ നല്ലൊരു സുഹൃത്തായി കാണാം"
ഞാൻ ഒന്നും മിണ്ടിയില്ല.
ലിഫ്റ്റിറങ്ങി എഴുപത്തി മൂന്നാം നമ്പർ വാതിലിനരികിലെത്തി.മറ്റു വാതിലുകളെല്ലാം അടഞ്ഞ് കിടക്കുന്നു.ചുറ്റിലും ഭയാനകരമായ നിശബ്‌ദത മാത്രം. അതിനെ കീറിമുറിക്കാനെന്നവണ്ണം മഴ തിമിർത്ത് പെയ്യുന്നു .കാളിങ് ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല.
"ഇതെവിടെ പോയി കിടക്ക വിളിച്ചാ ഫോണും എടുക്കില്ല"
പിറുപിറുത്ത് കൊണ്ട് അവൻ വീണ്ടും ഫോണെടുത്ത് ആർക്കോ ഡയൽ ചെയ്തു.ഇപ്രാവശ്യം മറുതലക്കൽ ഒരു സ്ത്രീ ശബ്ദം.
"ചേച്ചീ എവിടാ ?വാതിൽ തുറക്ക്
എന്ത് ?? എപ്പോ ?? എന്തായിരുന്നു ?
ആ ശെരി "
"അവരിവിടെ ഇല്ല.അളിയന്റെ അമ്മാവന്റെ മോൻ ഒരാക്സിഡന്റിൽ മരിച്ചു.പെട്ടന്ന് പോകേണ്ടി വന്നത്രെ"
ഫോൺ വെച്ചു കൊണ്ട് എന്നോടിത് പറയുന്നതിനിടയിൽ ചാരിവെച്ച ഒരു ചെറിയ വിൻഡോയിലൂടെ കയ്യിട്ട് ചാവി എടുത്തുകൊണ്ടവൻ വാതിൽ തുറന്നു.
"പേടിക്കണ്ട കേറി വന്നോളൂ"
ഒരു നിമിഷം എന്ത് വേണമെന്നറിയാതെ ഞാൻ പകച്ചു നിന്നു.
തെരുവിലേക്ക് ഇറങ്ങുന്നതിലും ഭേദം ഇത് തന്നെയാണെന്ന് മനസ്സ് പറഞ്ഞു.
"ആ റൂം ഉപയോഗിച്ചോളൂ .ഇവിടെ രണ്ട് റൂമേ ഒള്ളു അതാണ് ഞാൻ ഉപയോഗിക്കുന്ന റൂം.ഇന്നൊരു ഡേ അല്ലെ ഞാനിവിടെ എവിടേലും കിടന്നോളാ.
ആ പിന്നേയ് അതിന്റെ ലോക്ക് കേടാണ്.അഡ്ജസ്റ്റ് ചെയ്യണം.മറ്റേ റും അവർ ലോക്ക് ചെയ്തിട്ടുണ്ടാകും"
വെള്ളിടിവാൾ ഏറ്റ പോലെ അതെന്റെ കാതിലേക്ക് വീണ്ടും വന്ന് മുഴങ്ങി.ഇറങ്ങി ഓടിയാലോ?പക്ഷെ എവിടെം വരേ?
"വിശക്കുന്നില്ലേ ഞാനെന്തേലും വാങ്ങിയിട്ട് വരാം"
വിശപ്പും ദാഹവുമൊക്കെ ഇല്ലാതായിരിക്കുന്നു.എങ്കിലും ഞാനൊന്നും പറഞ്ഞില്ല.അവൻ പുറത്തേക്ക് പോയതും ഞാനവിടെ ചുറ്റിലും നോക്കി.
ഈശ്വരാ ഞാൻ പെട്ട് പോയോ?ഇവന്റെ കൈ കൊണ്ടായിരിക്കുമോ എന്റെ മരണം.ഒറ്റക്കൊരു ഫ്ലാറ്റിൽ ഒരു യുവാവിന്റെ കയ്യിൽ അകപ്പെട്ടാൽ....
ആവശ്യമില്ലാത്ത പല ചിന്തകളും മനസിലേക്ക് കേറി വന്നു.തല കറങ്ങുന്ന പോലെ തോന്നി.റൂമിൽ കേറി മൊബൈൽ ചാർജിൽ ഇട്ടു. ശേഷം അടുക്കളയിലേക്ക് നടന്നു.ഒരു ചെറിയ ഷെൽഫിന് അരികിൽ കറിക്കത്തി ഇരിക്കുന്നതെന്റെ ശ്രദ്ധയിൽ പെട്ടു.മറ്റൊന്നും ഞാനപ്പോൾ ആലോചിച്ചില്ല.അതുമെടുത്ത് തിരിഞ്ഞ് നടക്കുമ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്.കൈ ഷ്വാളിനകത്തേക്ക് ഒളിപ്പിച്ച് വെച്ച് വാതിൽ തുറന്നതും,കയ്യിൽ രണ്ട് പൊതിയുമായ് അവൻ ചിരിച്ച് നിൽക്കുന്നു.
നിന്റെ ഈ ചിരിയൊക്കെ എന്തിനാണെന്ന് എനിക്ക് നന്നായിട്ടറിയാം ഞാൻ മനസ്സിൽ പറഞ്ഞ് കൊണ്ട് തിരിഞ്ഞ് നടന്നു.
കഴിച്ചെന്ന് വരുത്തി തീർത്ത് എഴുന്നേറ്റു. ചാർജിൽ വെച്ചിരുന്ന ഫോൺ സ്വിച് ഓൺ ചെയ്ത് നോട്ട് പാഡിൽ അവൻ ടാക്‌സിക്കാരനോട് പറഞ്ഞ സ്ഥലവും ഫ്ലാറ്റ് നമ്പറും കുറിച്ച് വെച്ചു.കൂടെ ഞാനൊരു അപകടത്തിൽ പെട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ടൈപ്പ് ചെയ്ത് സേവ് എന്നമർത്തി.ഒരപകടം എപ്പോഴും പ്രതീക്ഷിക്കാം.പെട്ടെന്നെടുത്ത് ആർക്കെങ്കിലും സെന്റ് ചെയ്യാൻ വേണ്ടിയായിരുന്നു അത്.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും സമാധാനം കിട്ടിയില്ല .ലൈറ്റ് അണക്കാനെന്തോ ധൈര്യവുമില്ലായിരുന്നു.കത്തി തലയിണക്ക് താഴെ തന്നെ കരുതി.എപ്പോഴും തുറക്കപ്പെടാവുന്ന ചാരിയ വാതിലിലേക്ക് തന്നെ മിഴികൾ തുറന്ന് കിടന്നു.
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.ചാരിയ വാതിൽ ചെറിയൊരു ശബ്ദത്തോടെ പതിയെ തുറക്കപ്പെട്ടു.ഭയം കൊണ്ട് ഞാൻ കണ്ണുകൾ ഇറുകെ അടച്ചു.കൈ തലയിണക്കടിയിലൂടെ കത്തിയിൽ മുറുക്കെ പിടിച്ചു.നിമിഷങ്ങൾക്ക് ശേഷവും അനക്കമൊന്നുമില്ലാതായപ്പോൾ പതിയെ മിഴികൾ തുറന്ന് നോക്കി .എനിക്ക് അഭിമുഖമായുള്ള ഷെൽഫിൽ നിന്നും ഏതോ ബുക്ക് തിരയുകയാണവൻ .ശ്വാസം അടക്കി പിടിച്ച് ഉറക്കം നടിച്ച് തന്നെ കിടന്നു.ഏതോ പേപ്പർസ് കയ്യിലെടുത്ത് അവൻ ശബ്ദമുണ്ടാക്കാതെ തിരിഞ്ഞ് നടന്നു.അപ്പോഴായിരിക്കണം എന്നെ ശ്രദ്ധിച്ചത്.മറ്റൊരു ഷെൽഫിൽ നിന്നും ഒരു പുതപ്പെടുത്ത് എന്നെ പുതപ്പിച്ച് വാതിൽ പതിയെ ചാരി അവൻ പുറത്തേക്ക് പോയി.
ദീര്ഘമായൊരു നിശ്വാസത്തോടെ ഞാൻ കണ്ണ് തുറന്നു.ഹൃദയമിടിപ്പിന്റെ താളം പതിയെ സാധാരണ ഗതിയിലേക്കെത്തുന്നത് ഞാനറിഞ്ഞു .എന്റെ സകല പുരുഷ സങ്കല്പങ്ങളെയും മാറ്റിമറിച്ച് തന്റെ ആരുമല്ലാത്ത ഒരാണിന്റെ സംരക്ഷണം ഞാനാദ്യമായി അനുഭവിച്ചു. ആശ്വാസത്തിന്റെ നീർതുള്ളികൾ എന്റെ അനുവാദത്തിന് കാത്ത് നിൽക്കാതെ പൊഴിഞ്ഞ് കൊണ്ടിരുന്നു.
ചാറ്റൽ മഴയോടെയാണ് പിറ്റേന്നും നേരം പുലർന്നത്.ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് തനിയെ പൊയ്ക്കോളാമെന്ന് പറഞ്ഞെങ്കിലും എന്റെ കൂടെ വന്നു.തിരിച്ച് നാട്ടിലേക്ക് പോകുമ്പോൾ സ്റ്റേഷനിൽ പോകേണ്ട വഴിയും ഓരോ കാര്യങ്ങളും പറഞ്ഞ് തന്നു കൊണ്ടേ ഇരുന്നു.പിരിയാൻ നേരം അവന്റെ നമ്പരാണ് എന്ത് ആവിശ്യമുണ്ടെങ്കിലും വിളിക്കാമെന്ന് പറഞ്ഞ് ഒരു കടലാസ് കഷ്ണം എനിക്ക് നേരെ നീട്ടി.ഞാനത് വാങ്ങി ഒരു നന്ദിവാക്ക് പോലും പറയാതെ തിരിഞ്ഞ് നടന്നു.പതിയെ തുറന്ന് നോക്കി. 'കിരൺ' നീല മഷിയിൽ ഭംഗിയായെഴുതിയ ആ പേര് വീണ്ടും വീണ്ടും വായിച്ചു.ശേഷം കൈ കൊണ്ട് ചുരുട്ടി ആ കടലാസ് തുണ്ട് ദൂരേക്കെറിഞ്ഞു.ഞങ്ങൾ ഇനിയും കാണേണ്ടവരാണ്..മനസ്സ് വെറുതെ പറഞ്ഞു തിരിഞ്ഞ് നോക്കുമ്പോൾ അവൻ നിന്നിടം ശ്യൂന്യമായിരുന്നു.എങ്കിലും നിരാശ തോന്നിയില്ല.ആത്മവിശ്വാസത്തോടെ ഓഫീസിന്റെ പടികൾ കേറുമ്പോൾ മഴ തോർന്നിരുന്നു എന്റെ മനസുപോലെ...
Sebiya thasnim

#നിയോഗം


#നിയോഗം
വീണ്ടും ഫോൺ റിംഗ് ചെയ്ത് കൊണ്ടേയിരുന്നു.നാട്ടിലെ നമ്പറിൽ നിന്നുമായത് കൊണ്ടാണോ, ഇങ്ങനെ നിർത്താതെ ഒരു കാൾ പതിവില്ലാത്തത് കൊണ്ടാണോ അറിയില്ല മനസ്സിലെന്തോ ഒരു ഭയം വന്ന് നിറയുന്നുണ്ടായിരുന്നു. പതിയെ വണ്ടി ഒരു സൈഡിലേക്കൊതുക്കി ഞാനാ നമ്പറിലേക്ക് തിരിച്ച് വിളിച്ചു..
"ബാലു.. നീ എന്താടാ ഫോണെടുക്കാത്തെ ?"
നാട്ടിൽ നിന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഷാജിയാണ്.
"എന്താടാ കാര്യം ? ഇതേത് നമ്പരിന്ന നീ അടിച്ചേ ? ഞാൻ ഡ്രൈവിലായിരുന്നു.കുട്ടികളെ സ്കൂളിൽ കൊണ്ടാക്കാൻ പോകുന്ന വഴിയാ"
"അതൊക്കെ പിന്നെ പറയാം.. നിനക്ക് പെട്ടന്ന് ലീവ് കിട്ടോ?"
അപ്രതീക്ഷിതമായ അവന്റെ ചോദ്യം എന്റെയുള്ളിൽ ഒരു നടുക്കമാണുണ്ടാക്കിയത്.
ഈശ്വരാ.. ന്റെ അമ്മ..
പെട്ടന്ന് ഓർക്കാൻ അതല്ലാതെ മറ്റൊന്നുമില്ലായിരുന്നു..
"എന്താടാ..എന്ത്പറ്റി?"
"അത് പിന്നെ.. നമ്മുടെ ലച്ചൂന് ഇന്ന് കോളജിലേക്ക് പോകും വഴി ചെറിയ ഒരാക്സിഡന്റ്"
അവന്റെ ശബ്ദം ഇടറുന്നുണ്ട്.
"ഒരോപ്പറേഷൻ വേണമെന്ന് പറയുന്നു. പേടിക്കാനൊന്നുല്ല ലീവ് കിട്ടുമെങ്കിൽ നീ ഒന്ന് വാ.."
തിരിച്ചൊന്നും ചോദിക്കാനെനിക്കായില്ല.അതിന് മുമ്പേ കൈകൾക്ക് ബലം നഷ്ടപ്പെട്ടിരുന്നു.മുറുകെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ താഴേക്ക് ഊർന്ന് വീണു. എന്താണെന്റെ ലച്ചൂന് സംഭവിച്ചതെന്ന് ഒരറിവുമില്ലാതെ ഞാൻ അന്താളിച്ച് നിന്നു. ഫോൺ എടുക്കാൻ പോലും ശ്രമിക്കാതെ സ്റ്റീയറിങ്ങിലേക്ക് തലവെച്ചങ്ങിനെ കിടന്നു.
തോളിലേക്കൊരു കരസ്പർശം ഏറ്റപ്പോഴാണ് തല ഉയർത്തി നോക്കിയത്.ഖഫീലിന്റെ മോളാണ്. സ്കൂളിലെത്താൻ വൈകും എന്നുള്ളത് അറീക്കാനാകാം എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
അവളുടെ നിഷ്കളങ്കമായ കുഞ്ഞു പുഞ്ചിരി തെല്ലൊരാശ്വാസം തന്നുവോ.. ഹേയ് വഴിയില്ല.. ദൈവത്തിന് ഇനിയും പരീക്ഷിച്ച് മതിയായില്ലല്ലോ.
എങ്ങിനെയൊക്കെയോ ഒരു വിധത്തിൽ വണ്ടിയെടുത്ത് കുട്ടികളെ സ്കൂളിലെത്തിച്ചു.സീറ്റിനടിയിൽ നിന്നും ഫോണെടുത്തു നോക്കി.മറ്റൊരു കാളും വന്നിട്ടില്ലായിരുന്നു.തിരിച്ചൊന്ന് നാട്ടിലേക്ക് വിളിക്കാൻ എന്തോ ധൈര്യം വന്നില്ല. അച്ഛന്റെ സുഹൃത്ത് റിയാസ്‌ക്കയെ വിളിച്ച് വിവരങ്ങൾ പറഞ്ഞു.
തിരികെ റൂമിലേക്ക് മടങ്ങുമ്പോൾ ഒരു വലിയ ചോദ്യ ചിഹ്നം വന്നെന്റെ മുന്നിൽ നിന്ന്, ഇടയ്ക്കിടെ മുന്നോട്ടുള്ള വഴിയേ അവ്യക്തമാക്കികൊണ്ടിരുന്നു..ഈശ്വരാ എന്താണിനി ഞാൻ വേണ്ടത്?
നാലു വർഷം... നാലുവർഷമായി ഈ മരുഭൂമിയിലേക്ക് കാലെടുത്ത് വെച്ചിട്ട്.നാട്ടിലേക്കൊന്ന് പോകാൻ അതിയായ ആഗ്രഹമില്ലാഞ്ഞിട്ടല്ല.എങ്ങനെയാണ് പോകുക എന്നൊരു പിടിയുമില്ലാത്തത് കൊണ്ടാണ്.
പത്താം ക്ലാസ്സ് വരേ ഒരു ബുദ്ധിമുട്ടുകളും ഞാനറിഞ്ഞിട്ടില്ല.അമ്മയും അനിയത്തിമാരും , ഗൾഫിൽ നിന്നും ഒരഥിതിയെ പോലെ വർഷങ്ങൾ കൂടുമ്പോൾ മാത്രം വരുന്ന അച്ഛനും.എത്ര സന്തോഷമായിരുന്നു അന്നൊക്കെ..പെട്ടന്നുള്ള അച്ഛന്റെ മരണം തകർത്തടിഞ്ഞത് ഞങ്ങളുടെ ജീവിതവും,സ്വപ്നങ്ങളായിരുന്നു.പിന്നീടങ്ങോട്ടെല്ലാം മാറിമറിഞ്ഞു.ജീവിക്കാൻ വേണ്ടി അമ്മ ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ട് പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അറിയാവുന്ന ജോലികളെല്ലാം ചെയ്തു പലതും അനുഭവിച്ചു. പലരുടെയും കുത്തുവാക്കുകൾ കേട്ടു.ഒടുക്കം അച്ഛന്റെ സുഹൃത്ത് റിയാസ്‌ക്ക വഴി കിട്ടിയതാണ് ഈ ഹൗസ് ഡ്രൈവർ വിസ.
ഇങ്ങോട്ട് വിമാനം കേറുമ്പോഴും വലിയ പ്രതീക്ഷകളൊന്നും എനിക്കില്ലായിരുന്നു.
തോറ്റുപോയവനെന്ത് പ്രതീക്ഷ?
മറ്റുള്ളവരുടെ വീട്ടിൽ വീട്ടുജോലിക്ക് പോയിരുന്ന അസുഖക്കാരിയായ അമ്മയെ ഇനിയെങ്കിലും നല്ലപോലെ നോക്കണം.അനിയത്തിമാരെ നന്നായി പഠിപ്പിക്കണം. അച്ഛന്റെ സ്ഥാനത്ത് നിന്ന് അവരെ സുരക്ഷിതമായ കൈകളിലേൽപ്പിക്കണം.ഇത്രെയേ ആഗ്രഹങ്ങളൊള്ളു.എന്നിട്ടും ദൈവം എന്തിനാണിങ്ങനെ പരീക്ഷിക്കുന്നത്.അതോ ഇതുപോലും ആഗ്രഹിക്കാനുള്ള അർഹതയില്ലാത്തവനായിരുന്നോ ഞാൻ..
ഇവിടെ എത്തീട്ടും കഷ്ടപ്പാടുകൾക്ക് ഒരു കുറവുമുണ്ടായില്ല .1500 റിയാൽ ശമ്പളമായി കിട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും. വന്ന ദിവസം തന്നെ ഖഫീൽ റിയാസ്‌ക്കയോട് പറഞ്ഞിരുന്നു. 1000 റിയാലേ കൊടുക്കു,അതിന് പറ്റുമെങ്കിൽ നിൽക്കാൻ പറഞ്ഞാൽ മതിയെന്ന് . വളരെ വിഷമത്തോടെ റിയാസ്‌ക്ക എന്നോടിത് പറയുമ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
"എവിടെ ചെന്നാലും എനിക്കിത്രയേ യോഗമുള്ളു ഇക്കാ.. അതൊന്നും സാരോല്ല. ഇതും എനിക്കിപ്പോൾ വലുതാണെന്ന്" മറുപടി കൊടുക്കുമ്പോൾ ചങ്കിനകത്തൂടെ വല്ലാത്തൊരു വേദനയുണ്ടായിരുന്നു.
അന്ന് തുടങ്ങിയതാണ് ഈ ഓട്ടം രാവെന്നോ പകലെന്നോ ഇല്ലാതെ.
വികലാംഗനായ എന്റെ ഖഫീലിന്റെ യാത്രാ പരമായ എല്ലാ കാര്യങ്ങളും നോക്കണം. അദ്ദേഹത്തിന്റെ അഞ്ചു മക്കൾ, ഭാര്യ. ഇവെരെപ്പഴാണോ പറയുന്നത് അപ്പോൾ വണ്ടി എടുത്തോണം.വിശപ്പും ദാഹവുമില്ലാതെ അവർ വരുന്നത് വരേ കാത്തിരിക്കണം.മൂത്ത രണ്ട് മക്കൾക്കും സ്വന്തമായി വണ്ടിയുണ്ടെങ്കിലും.ഒരു ദയയുമില്ലാതെ എന്നെ ഇട്ടോടിക്കും.എങ്കിലും ഭക്ഷണവും താമസവും ഒന്നും അറിയേണ്ട. അത്കൊണ്ട് തന്നെ 1000 റിയാലിൽ നിന്നും 100 റിയാൽ ഒഴിച്ച് ബാക്കിയെല്ലാം നാട്ടിലേക്കയക്കും.അത് കടങ്ങൾ തീർക്കാൻ തന്നെ തികയില്ല. രണ്ട് അനിയത്തിമാരെ പഠിപ്പിക്കണം . അമ്മയുടെ മരുന്ന്. മറ്റു ചിലവുകൾ ഒന്നും ആകില്ലെന്നറിയാം.
വർഷത്തിൽ ഒരുമാസം ലീവ് കിട്ടുമെങ്കിലും അത്പോലുമെടുക്കാതെ ഇതിപ്പോ നാലാമത്തെ വർഷമാണ്. എന്നിട്ടും ഒന്നുമില്ലല്ലോ എന്റെ കയ്യിൽ.സുഹൃത്തുക്കളെന്ന് പറയാൻ പോലും ഇവിടാരുമില്ല. ഈ വണ്ടിയും ആ വലിയ വീടിനോട് ചേർന്ന ഒറ്റമുറിയും അതാണെന്റെ ലോകം
ദൈവമേ.. ന്റെ കുട്ടീടെ ഓപ്പറേഷൻ...
ഓർക്കുംതോറും മനസ്സിൽ ഇരുട്ട് വന്ന് നിറഞ്ഞു..എന്ത് ചെയ്യും ആരോട് ചോദിക്കണം കുറച്ച് പൈസ?
റൂമിലേക്ക് എത്തിയെങ്കിലും എന്ത് വേണമെന്ന് ഒരുപിടിയുമില്ലാതെ ഞാൻ തളർന്നിരുന്നു .സ്ഥലസകാല ബോധം വന്നപ്പോൾ അമ്മയുടെ നമ്പറിലേക്ക് അടിച്ചു. ഒറ്റ റിങ്ങിൽ തന്നെ ഫോണെടുത്ത് നെഞ്ചു പൊട്ടിപ്പോകുന്ന ഒരു കരച്ചിലായിരുന്നു. പിന്നെ ഒന്നും ചോദിക്കാനായില്ല,എന്നെ തകർത്ത് കളയാൻ മാത്രം ശക്തിയുണ്ടാ കരച്ചിലിന്..അതെ സീരിയസ് ആണ്. ചെറിയ പരിക്കൊള്ളെങ്കിൽ അമ്മ എന്റെ മുന്നിൽ പിടിച്ച് നിൽക്കുമായിരുന്നു.
ഇനിയാർക്കാണ് ഈശ്വരാ ഞാനൊന്ന് വിളിക്കുക.. ആരോടാണ് ഒരു സഹായം ചോദിക്കുക.ഒരുപിടിയുമില്ലല്ലോ..
എങ്ങനെയെങ്കിലും ഖഫീലിനെ കാണണം,കുട്ടികൾക്ക് സ്കൂൾ അവധിയൊന്നുമില്ലാത്തത് കൊണ്ട് ലീവ് തരില്ലെന്നുറപ്പാണ് കുറച്ച് പൈസ ചോദിച്ചാൽ തരുമെങ്കിലോ...മറ്റൊന്നും അപ്പോൾ ഞാലോചിച്ചില്ല. കണ്ണുനീരിനെ വകവെക്കാതെ ആ വലിയ വീടിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു..ഇന്ന് വരേ അങ്ങോട്ട് കേറിയിട്ടില്ല അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് അറിയുകയുമില്ല. ഭയം കൊണ്ടും നിരാശകൊണ്ടും ചങ്കിനകത്ത് ഒരു പിടച്ചിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
പക്ഷേ...
എന്നെ പ്രതീക്ഷിച്ചത് പോലെ അദ്ദേഹം വീൽചെയറിലിരുന്ന് സ്വയം പുറത്തേക്ക് വന്നു.ഇത് വരേ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു തെളിച്ചം ആ മുഖത്ത് ഞാൻ കണ്ടു. ശ്വാസ ഗതിയിൽ ഇടറിപ്പോകാവുന്നത് കൊണ്ടാകാം ശ്രമിച്ചെങ്കിലും എന്റെ വാക്കുകൾ പുറത്തേക്ക് വരുന്നില്ലായിരുന്നു. എന്ത് വേണമെന്നറിയാതെ പകച്ച് നിന്ന എന്നെ അദ്ദേഹം അടുത്തേക്ക് വിളിച്ചു.നിറഞ്ഞ പുഞ്ചിരിയോടെ ഒരു കവർ എനിക്ക് നേരേ നീട്ടി.തുറന്ന് നോക്കാൻ ആംഗ്യം കാണിച്ചു. ഒന്നും മനസ്സിലാവാതെ ഞാനത് പതിയെ തുറന്നു. എന്റെ പാസ്പോർട്ട്, നാട്ടിലേക്കുള്ള ടിക്കറ്റ്, എനിക്ക് ചിന്തിക്കാൻ പോലുമാവാത്ത ഒരു സംഖ്യയുടെ ചെക് ലീഫ്... സത്യമാണോ സ്വപ്നമാണോ എന്നൊരു നിഃശ്ചയവുമില്ലാതെ എന്റെ മിഴികളെ നിയന്ത്രിക്കാനാകാതെ കൂപ്പുകൈകളാലെ ഞാൻ അദ്ദേഹത്തോട് ചേർന്ന് തറയിലേക്ക് പതിഞ്ഞിരുന്ന് പൊട്ടി കരഞ്ഞു.
അൽപ്പം മുമ്പ് റിയാസ്‌ക്ക വിളിച്ച് വിവരങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചിരിക്കുന്നു.അപ്പോൾ തന്നെ ടിക്കറ്റ് എടുക്കുകയായിരുന്നു.
"സാലറി ഞാൻ മനപ്പൂർവ്വം കുറച്ച് തന്നതാണ്. എല്ലാ മാസവും ഒരു സംഖ്യ നിങ്ങൾക്കായി കരുതാറുണ്ട്.പണത്തിന്റെ അഹങ്കാരത്തിൽ അല്ലാഹുവിനെ മറന്ന് ജീവിച്ച ഒരു കാലമുണ്ടായിരുന്നു എനിക്ക്. പകരമായിട്ട് ഒരു കാൽ പടച്ചവൻ തിരിച്ചെടുത്തപ്പോഴാണ് ജീവന്റെയും. പണത്തിന്റെയും, അവൻ തന്ന സകല സൗഭാഗ്യങ്ങളുടെയും വിലയറിയുന്നത്".അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും,അനിയത്തി കുട്ടിക്ക് ഒന്നും സംഭവിക്കില്ല, ദുആ ചെയ്യാമെന്നും പറഞ്ഞ് എന്റെ തോളിൽ തട്ടികൊണ്ട് സമാധാനിപ്പിക്കുന്ന ആ വലിയ മനുഷ്യൻ എന്നെ ഏറെ അത്ഭുതപ്പെടുത്തി.. ശെരിയാണ് ഒരു പക്ഷേ സാലറിയുടെ കൂടെ അദ്ദേഹം ഈ തുകയും തന്നിരുന്നെങ്കിൽ ഒന്നും ബാക്കി വെക്കാൻ ഉണ്ടാകുമായിരുന്നില്ല. സകല ദൈവങ്ങളെയും മനസ്സിലോർത്ത് നിറമിഴികളോടെ ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോഴും ഉള്ളിൽ ഒരു സങ്കട കടലിരമ്പുന്നുണ്ടായിരുന്നു.
നാട്ടിലേക്ക് പൈസ അയച്ചതിന് ശേഷം ഞാനമ്മയെ വിളിച്ച് വിവരം അറിയിച്ചു,ഓപ്പറേഷൻ എത്രയും പെട്ടന്ന് നടത്തണമെന്ന് പറയുമ്പോഴും . അതുവരെ നിലച്ചിട്ടില്ലാത്ത അമ്മയുടെ തേങ്ങൽ ഒരു നോവായ് നെഞ്ചിൽ തറച്ച് നിന്നു. കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിലും എല്ലാത്തിനും നീ ഉണ്ടെന്ന ആശ്വാസമാണെനിക്കെന്ന് പറയുമ്പോൾ ഷാജി എന്നെ സമാധാനിപ്പിച്ചു.
പിറ്റേന്ന് രാവിലെയുള്ള ഫ്ലൈറ്റിൽ നാട്ടിലേക്ക് തിരിക്കുമ്പോൾ നാലു വർഷത്തിനിപ്പുറം സന്തോഷിക്കാനുള്ള വകയൊന്നുമുണ്ടായിരുന്നില്ല. ന്റെ കുഞ്ഞു പെങ്ങളുടെ മുഖമായിരുന്നു മനസ്സു നിറയെ, അവളുടെ ജീവനുവേണ്ടി ഓരോ നിമിഷവും യാത്രയിലുടനീളം ഉള്ളുരുകി പ്രാർത്ഥിച്ചു.ഫ്ലൈറ്റിറങ്ങി നേരേ ആശുപത്രിയിലേക്കാണ് പോയത്.ഞാൻ വിളിച്ച് പറഞ്ഞതനുസരിച്ച് ഷാജി എനിക്കായ് ആശുപത്രിക്ക് മുന്നിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും അതുവരെ പിടിച്ച് നിർത്തിയ സങ്കടം നിയന്ത്രിക്കാനാവാതെ ഞാനവന്റെ നെഞ്ചിലേക്ക് വീണു.
"നീ ഇങ്ങനെ വിഷമിക്കല്ലേ..ലച്ചൂന് ഒരു കുഴപ്പോംല്ല.. ഓപ്പറേഷൻ കഴിഞ്ഞു,അവൾ കണ്ണ് തുറന്നു. ഇനി പേടിക്കാനൊന്നുല്ല. നീ വാ അമ്മ നിന്നെ കാത്തിരിക്ക"
തെല്ലൊരാശ്വാസം തന്ന് ഒരു കൈകൊണ്ടെന്റെ കയ്യിൽ മുറുകെ പിടിച്ച് മറു കയ്യിൽ എന്റെ ബാഗുമായി അവൻ മുന്നെ നടന്നു. നാലു വർഷങ്ങൾക്ക് ശേഷം ആ ആശുപത്രിയുടെ ഐ സി യു വിന് മുന്നിൽ വെച്ച് ഞാനെന്റെ അമ്മയെ കണ്ടു.പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു.ലോകം തന്നെ തിരിച്ച് കിട്ടിയ പോലെ ഞാനോടി ചെന്ന്‌ അമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു.
"അമ്മേ... മ്മുടെ ലച്ചു.." ശബ്ദം ഇടറാതിരിക്കാൻ ഞാൻ പാടുപെട്ടു ..
"ന്റെ മോൻ പേടിച്ചോ... ഒന്നും പറയാൻ ആവില്ല പ്രാർത്ഥിച്ചോളു എന്ന് ഡോക്ടർ പറഞ്ഞപ്പോ ഈ അമ്മ തളർന്ന് പോയെടാ.നീ വാ നിനക്ക് കാണണ്ടേ അവളെ.ഇനി അമ്മക്കൊന്നും പേടിക്കാനില്ല ന്റെ കുട്ടിയുണ്ടേൽ അമ്മക്ക് ധൈര്യാ.."
അമ്മയുടെ മനസ്സിലെ ആശ്വാസത്തിന്റെ ആഴം ആ വാക്കുകളിൽ നിന്നും എനിക്കൂഹിക്കാമായിരുന്നു.
മിഴികൾ നനഞ്ഞെങ്കിലും ഒരു ചെറു ചിരിയോടെ ന്റമ്മയെ ചേർത്ത് പിടിച്ച് ഐ സി യു വിനുള്ളിലേക്ക് നടക്കുമ്പോഴും ദൈവ ദൂതനെ പോലെ വന്ന ആ വലിയ മനുഷ്യനോട് മനസ്സുകൊണ്ട് ഒരായിരം വട്ടം ഞാൻ നന്ദി പറയുകയായിരുന്നു.
സബിയ തസ്നിം

ആത്മസഖി


എന്നായിരുന്നു ഞങ്ങൾ തമ്മിൽ ആദ്യമായ് കണ്ടത്..
ഓർക്കുമ്പോഴെല്ലാം ഒരു നനുത്ത ചിരിയെന്റെ ചുണ്ടിൽ അറിയാതെ വിടരാറുണ്ട്. പതിനാറു വർഷങ്ങൾ പിന്നിലേക്ക് ഞാനെന്ന ആറാം ക്ലാസ്സുകാരൻ വെറുതെയൊന്ന് ഓടി പോവാറുണ്ട്..നിറം മങ്ങാതെ കിടക്കുന്ന ഓർമ്മകളൊരു ചാറ്റൽ മഴയായ് നെഞ്ചിലേക്ക് പതിയെ പെയ്തിറങ്ങാറുണ്ട്....
ഏട്ടന്റെ വിവാഹ ദിവസമായിരുന്നു അന്ന്..
ഏടത്തിയുടെ വീട്ടിലേക്ക് തിരിക്കുമ്പോൾ കല്ല്യാണ ചെക്കന്റെ അനിയൻ എന്ന ഗമയോടെയായിരുന്നു എന്റെയിരിപ്പ്. മനോഹരമായലങ്കരിച്ച
കതിർമണ്ഡപത്തിനരികെ നിൽക്കുമ്പോഴാണ് അവിടെയുള്ള കുട്ടിക്കൂട്ടങ്ങൾക്കിടയിൽ വെച്ച് ഞാനവളെ ആദ്യമായ് കണ്ടത്.വിടർന്ന കണ്ണുകളുള്ള, എനിക്കേറെ ഇഷ്ടപ്പെട്ട നീല നിറത്തിലുള്ള പട്ടുപാവാടയുമിട്ട് ഓടി കളിക്കുന്ന ഒരു സുന്ദരി. ആദ്യ കാഴ്ചയിൽ തന്നെ മറ്റുള്ളവരോടൊന്നും തോന്നാത്ത എന്തോ ഒരു കൗതുകമായിരുന്നു എനിക്കവളോട് .. കണ്ണെടുക്കാതെ ഞാൻ നോക്കി നിൽക്കെ പട്ടുപാവാടയിൽ തടഞ്ഞ് അവളൊന്ന് വീണു.. കൂടെ കളിച്ചവരെല്ലാം ആർത്തു ചിരിച്ചപ്പോൾ കരച്ചിലിന്റെ വക്കിലെത്തിയ അവൾക്ക് നേരേ ഞാനെന്റെ കൈ നീട്ടി, പിടിച്ചെഴുന്നേൽപ്പിച്ചു.
അദൃശ്യമായ ഒരു സ്നേഹ നൂലിനാൽ ഞങ്ങളെ തമ്മിൽ ബന്ധിക്കുകയായിരുന്നോ ദൈവം... ആയിരിക്കണം
ഏടത്തിയുടെ മൂത്താങ്ങളയുടെ മോൾ.എന്റെ അതേ പ്രായം.ആറാം ക്ലാസ്സിൽ പഠിക്കുന്നു.വിശേഷങ്ങളൊക്കെ പങ്ക് വച്ച് അന്ന് യാത്ര പറഞ്ഞ് പിരിഞ്ഞെങ്കിലും പിന്നീടുള്ള ഓരോ വിരുന്നിലും, ആഘോഷങ്ങളിലും ഞങ്ങൾ പരസ്പരം കണ്ടു.ദൈവം ഓരോ അവസരങ്ങളായ് കൊണ്ട് തരികയായിരുന്നെന്ന് പറയാം.ഒരു നോട്ടം കൊണ്ടും ചിരികൊണ്ടും കൈമാറാൻ മാത്രം പാകത്തിന് ബാക്കി വെച്ച ഒന്ന്..എല്ലാവരും കളിയിലും ചിരിയിലും മുഴുകുമ്പോൾ ഞങ്ങളുടെ മിഴികൾ തമ്മിൽ മൗനമായ് സംസാരിച്ചു.അത് പ്രണയമാണെന്ന് തിരിച്ചറിയാൻ മൂന്ന് വർഷങ്ങളെടുത്തു.ഇഷ്ടമാണെന്ന് ഞാനവളോട് ആദ്യമായ് പറഞ്ഞ, എനിക്കേറെ പ്രിയപ്പെട്ട
ആ ദിവസം ഇന്നലെയെന്നപോൽ ഇന്നുമെന്റോർമ്മയിൽ ഇടക്ക് വന്ന് വെറുതെ പുഞ്ചിരിച്ച് നിൽക്കാറുണ്ട് .. അന്ന് ഞങ്ങൾ രണ്ട് പേരും ഒമ്പതാം ക്ലാസ്സിലായിരുന്നു.
പിന്നീടങ്ങോട്ട് കാത്തിരിപ്പായിരുന്നു.നിശ്ചയതാമ്പൂലങ്ങൾക്കും വിവാഹങ്ങൾക്കും , പിറന്നാളുകൾക്കും... ഇരുവീട്ടുകാരും ഒന്നിച്ച് ചേരുന്ന ഓരോ ആഘോഷങ്ങൾക്കുമായ്.തമ്മിലൊന്ന് കാണാൻ വേണ്ടി മാത്രം..
വാക്കുകൾ മനസ്സിൽ ശ്വാസം മുട്ടിക്കാൻ തുടങ്ങിയപ്പോൾ ഏതോ ഒരു നിമിഷത്തിന്റെ ഉൾപ്രേരണയാൽ ഞാനവൾക്കൊരു കത്തെഴുതാൻ തീരുമാനിച്ചു.തിരിച്ചുള്ള മറുപടിക്കായി കാത്തിരുന്ന നിമിഷങ്ങളായിരുന്നു അന്നോളമുള്ള ജീവിതത്തിൽ ഏറ്റവും ദൈർഘ്യമേറിയത്. വിശപ്പും, ദാഹവുമില്ലാതെ കാന്തികമായ എന്തോ ഒന്ന് അവളുടെ ഓർമകളിലേക്ക് മാത്രം എന്നെ വലിച്ചടുപ്പിച്ച്‌ കൊണ്ടേയിരുന്നു ..
ആ ഇടക്കാണ് ഞാനെഴുതിയ ഒരു കത്ത് അവളുടെ വീട്ടിൽ പിടിക്കപ്പെട്ടത്. വലിയ പ്രശ്നങ്ങളുടെ തുടക്കമായിരുന്നു അത്. ഞങ്ങൾ കാരണം ഇരു കുടുംബവും വഴക്കിന്റെ വക്കോളമെത്തി.ഓരോ ആഘോഷങ്ങളിലും ഞങ്ങൾക്ക് രണ്ട് പേർക്കും മാത്രം വിലക്കേർപ്പെടുത്തി. വഴക്കും അടിയും ഏറ്റുവാങ്ങി എന്റെ പ്രിയപ്പെട്ട പ്രണയത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു..
പിന്നീടൊരിക്കൽ പോലും പരസ്പരം കണ്ടില്ല. ഒരുവിവരവും അറിഞ്ഞതുമില്ല. അതിന് ശ്രമിക്കുമ്പോഴെല്ലാം പരാജയമായിരുന്നു ഫലം.നിരാശയുടെ നാളുകൾ.. പ്രണയത്തിന്റെ പേരിൽ ഇത്രമേൽ വേദനിക്കേണ്ടി വരുമെന്ന് പഠിപ്പിച്ചു തന്നതും അവളുടെ ഓർമകളായിരുന്നു. ഒരു ജോലിയായിട്ട് എവിടെയായാലും കണ്ട് പിടിക്കണമെന്നും, അന്നും അവൾ എന്നെ കാത്തിരിക്കുന്നുവെങ്കിൽ കൂടെ കൂട്ടണമെന്നും അന്നേ ഉറപ്പിച്ചു . പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യന്റെ വെറും വാക്കായിരുന്നില്ല, ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞ് പോയ സ്നേഹത്തിന്റെ ഉറപ്പായിരുന്നു.
ഓരോ ദിവസവും ഞാനവളെ കുറിച്ചോർത്തു.നീറുന്ന ഓർമകളിൽ കാണണമെന്നു തോന്നും കാത്തിരിക്കണമെന്ന് പറയാൻ മനസ്സ്‌ വെമ്പും.ഒരിക്കലും എത്തിപെടാനാവാത്ത വിധം പഠനത്തിന്റെ പേരുപറഞ്ഞ് വീട്ടുകാരെന്നെ നാടുകടത്തി, ഹോസ്റ്റലിന്റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിട്ടു. നന്നായി തന്നെ പഠിച്ചു. എഞ്ചിനീയറിംഗ് കഴിഞ്ഞ് മസ്കറ്റിൽ നല്ല നിലയിൽ ജോലിയുമായി.ഇടക്കൊക്കെ ഞാനേട്ടത്തിയോട് തിരക്കാറുണ്ടായിരുന്നു അവളെ കുറിച്ച്. നിന്റെയീ പ്രേമം കാരണം എന്റെ ജീവിതം കൂടെ ഇല്ലാതാക്കരുതെന്ന അപേക്ഷയുടെ സ്വരം പിന്നീടൊരിക്കൽ കൂടി ചോദിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു.
ആദ്യമായ് ലീവിൽ വന്നപ്പോൾ അവളെ അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.എന്നെ ഓർക്കുന്നുണ്ടാകുമോ അതോ ഭർത്താവും കുടുംബവുമായി മറ്റൊരു ജീവിതം നയിക്കുന്നുണ്ടാകുമോ.. അങ്ങനെയെങ്കിൽ അകലെ നിന്നെങ്കിലും കാണണമെന്നും നിനച്ച് ചെന്ന എന്റെ മുന്നിലേക്ക് ഒരു വലിയ ആഘാതം സമ്മാനിച്ചവൾ വന്നു നിന്നു.
അവസാനമായി കണ്ടതിൽ പിന്നെ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം, കാലം ഇന്നവളെ എന്റെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുന്നു.ചുമരിൽ പിടിച്ച് വേച്ചു വേച്ച് നടക്കുന്ന അന്നത്തെ ആ പട്ടുപാവാടക്കാരിയിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു രൂപത്തിൽ.
ഒട്ടും തെളിച്ചം കുറയാത്ത മനോഹരമായ വിടർന്ന കണ്ണുകളിൽ നിരാശയുടെ നോട്ടമെറിഞ്ഞ് മൗനമായ് അവൾ നിന്നു.
ഒരുപാട് നിർബന്ധിച്ചപ്പോഴാണ് അവളെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്.അന്നത്തെ ആ വീഴ്ച്ച പിന്നീടൊരു പതിവായിരുന്നു ജീവിതത്തിൽ.
ആദ്യമൊക്കെ പ്രിയപ്പെട്ട പ്രണയത്തെ ഓർമിപ്പിച്ചെങ്കിലും,അത് തുടർന്ന് കൊണ്ടിരുന്നു.ശ്രദ്ധിക്കാതെയുള്ള നടത്തമാണെന്ന് പലരും കുറ്റപ്പെടുത്തി.കോളേജിൽ എത്തിയിട്ടും മാറ്റമില്ലാതായപ്പോഴാണ് ഡോക്ടറെ കാണുന്നത്.പേശികൾക്ക് ബലക്ഷയം സംഭവിച്ച് കൊണ്ടിരിക്കുന്ന,പ്രോഗ്രസീവ് മാസ്ക്കുലാർ ഡിസ്ട്രോഫി എന്ന ഒരപൂർവ്വ രോഗമായിരുന്നു വീഴ്‌ചക്ക് കാരണം. ആരോഗ്യപരമായ ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്കിനിയുണ്ടാവില്ലെന്നും അവൾ കൂട്ടി ചേർത്തു.
എല്ലാം കേട്ടിട്ടും എനിക്കവളെ ഉപേക്ഷിക്കാനുള്ളതൊന്നും തോന്നിയില്ല
"എന്റെ കൂടെ വന്നൂടെ നമ്മൾ സ്വപ്നം കണ്ട ജീവിതത്തിലേക്ക് "
മുഖവുരയില്ലാതെ പെട്ടന്നുള്ള എന്റെ ചോദ്യത്തിലവൾ തെല്ലൊന്നമ്പരന്നു
സമ്മതിക്കാൻ തയ്യാറായിരുന്നില്ല.വീൽ ചെയറിൽ തീരേണ്ട ജീവിതം എനിക്കൊരു ഭാരമാകുമെന്നായിരുന്നു അവളുടെ കണ്ടെത്തൽ. എത്രത്തോളം അവളെന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് മനസ്സിലായിട്ടും പിന്മാറിക്കൊണ്ടേയിരുന്നു.ഞാൻ പരിശ്രമിച്ച് കൊണ്ടും.
നീ ഇല്ലാതെ മറ്റൊരു ജീവിതം എനിക്കില്ലെന്നും പറഞ്ഞുകൊണ്ട്, അന്ന് ഞാനവിടം വിട്ടിറങ്ങി. തിരിഞ്ഞ് നടക്കുമ്പോൾ വെറുതെ ആ മിഴികളിലേക്കൊന്ന് നോക്കി എന്നോടുള്ള സ്നേഹക്കടൽ വറ്റാതെ അലയടിച്ചുയരുന്നതെനിക്ക് കാണാമായിരുന്നു.പ്രതീക്ഷയായിരുന്നു എനിക്കവൾ,കാലങ്ങളായ് കൊണ്ട് നടന്ന എന്റെ പ്രിയപ്പെട്ട സ്വപ്നം.ഈ പരിമിതികളൊന്നും അതിന്റെ മാറ്റു കുറക്കില്ലായിരുന്നു.
എന്നെങ്കിലും അവൾ സമ്മതിക്കുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം.പക്ഷേ.. ഒരു വർഷത്തോളം ഞാൻ കാത്തിരുന്നിട്ടും കണ്ടില്ലെന്ന് നടിച്ച് പതിവ്‌പല്ലവി തന്നെ പറഞ്ഞ്കൊണ്ടവൾ പിന്മാറി.അതുമാത്രമായിരുന്നില്ല,അവളെയോർത്ത് ജീവിതം ഇല്ലാതാക്കരുതെന്നും മറ്റൊരു വിവാഹം കഴിക്കണമെന്നും എന്നെ നിർബന്ധിച്ച് കൊണ്ടിരുന്നു.
ഇനിയീ കാത്തിരിപ്പിനർത്ഥമില്ലെന്ന് പൂർണ്ണ ബോധ്യമായത് കൊണ്ട് വീട്ടുകാരുടെ താല്പര്യപ്രകാരം ഇപ്രാവശ്യം ലീവിന് വന്നപ്പോൾ എല്ലാവരും കൂടെ എന്റെ വിവാഹം തീരുമാനിച്ചു.
എന്തോ അവളെ നേരിട്ട് പോയി ക്ഷണിക്കണമെന്നു തോന്നി . ഞാൻ വിവാഹിതനാകുകയാണെന്നും. തീർച്ചയായും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ് വിവാഹ ക്ഷണക്കത്ത് അവളുടെ നേരേ നീട്ടുമ്പോൾ എന്തിനെന്നറിയാതെ എന്റെ കൈ വിറച്ചു.
അത് വാങ്ങാനവൾ കൂട്ടാക്കിയില്ല.
"ഞാനുറപ്പായും വരും.നല്ലൊരു ജീവിതമുണ്ടാകാൻ എന്നും ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ട്."
എന്നിൽ നിന്നും മുഖം വെട്ടിച്ച് ഇടറുന്ന വാക്കുകളോടെ മറുപടി തന്നു.
അതവിടെ വെച്ച്, ആ മുഖത്തേക്ക് നോക്കാനാവാതെ തിരിഞ്ഞ് നടക്കുമ്പോൾ ശൂന്യത കൊണ്ടെന്റെ മനസ്സ്‌ ഇരുണ്ട് മൂടിയിരുന്നു.
************************************************
ഇന്നായിരുന്നു എന്റെ വിവാഹം....
കുടുംബങ്ങൾ മാത്രം ഒത്തുചേർന്ന് വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ചെറിയൊരു ചടങ്ങ്. അവളും, വീട്ടുകാരും വന്നിട്ടുണ്ടായിരുന്നു. കതിർമണ്ഡപത്തിലേക്ക് കേറും മുമ്പേ ഞാനവളുടെ അടുത്തേക്ക് ചെന്നു
"വധുവിനെ കാണണ്ടേ നിനക്ക് ?"
മൗനമായ് പൊഴിഞ്ഞ കണ്ണീരായിരുന്നു മറുപടി..
ഞാനാ കൈ പിടിച്ച് എന്റെ നെഞ്ചോട് ചേർത്ത് വച്ചു.മറു കൈകൊണ്ട് കണ്ണ് തുടച്ചു.
ഒരു ഞെട്ടലോടെ അവൾ കൈ വലിച്ച് ചുറ്റിനും നോക്കി.എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു.
"മുഹൂർത്തത്തിന് സമയമായി" ആരോ പറഞ്ഞു.
ഇരു കയ്യിലും അവളെ കോരിയെടുത്ത് ഞാൻ കതിർമണ്ഡപത്തിലേക്ക് നടന്നു. കണ്ടു നിന്നവരെല്ലാം പൂക്കൾ കൊണ്ട് ഞങ്ങളെ ആശീർവദിച്ചു. ഒരാൾ മാത്രം കഥയറിയാതെ എന്നെ മിഴിച്ച് നോക്കി .
"മിഴിച്ച് നോക്കണ്ട നീ തന്നെയാണെന്റെ വധു. ക്ഷണക്കത്ത് നോക്കിയിരുന്നോ നീ?"
കണ്ണിലൊളിപ്പിച്ച മുഴുവൻ സ്നേഹവും ഒരു നോട്ടം കൊണ്ടെന്റെ ഉള്ളിലേക്ക് പകർന്ന്, ഇല്ലെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി.
"എന്നാ നീ മാത്രേ അറിയാതെയൊള്ളു.. മറ്റെല്ലാവർക്കും അറിയാം, ഇനിയും വേണ്ടെന്ന് വെക്കാമോ നിനക്കെന്നെ?" കതിർമണ്ഡപത്തോട് ചേർന്ന് കൈകളിൽ നിന്നും താഴേക്ക് നിർത്തുമ്പോൾ ഞാനവളുടെ കാതിൽ പതിയെ ചോദിച്ചു.
വിശ്വാസം വരാതെ അവൾ അച്ഛനേയും അമ്മയെയും മാറി മാറി നോക്കി.മനസ്സു നിറഞ്ഞ് ചിരിച്ച് കൊണ്ടവർ ഞങ്ങളെ അനുഗ്രഹിച്ചു.
"അവരും കൂടെ അറിഞ്ഞിട്ടാണ്. ഇതല്ലാതെ വേറൊരു മാർഗവും ഞാൻ കണ്ടില്ലെടോ "
ഇനി മറ്റൊരു ഹൃദയത്തിലേക്കും എന്റെ സ്നേഹം പറിച്ച് നടില്ലെന്ന് ബോധ്യമായത് കൊണ്ടാവാം, ഒരു നനുത്ത ചിരി തന്ന് നിറഞ്ഞ മിഴികളോടെ ഇരു കൈകൾ കൊണ്ടുമെന്നെ ചുറ്റിപ്പിടിച്ച് എന്റെ നെഞ്ചിലേക്കവൾ മുഖമമർത്തി. എന്തിനെന്നറിയാതെ എന്റെ മിഴികളും നിറയുന്നുണ്ടായിരുന്നു....
(Theme got from a real incident )

അതിജീവനം


ഡിസംബർ... നീ എനിക്കെന്നും നോവുള്ളൊരോർമ്മയാണ്.നീയാണെന്നെ ഞാനാക്കിയതെങ്കിലും, അത് വലിയൊരു നഷ്ട്ടം സമ്മാനിച്ചായിരുന്നല്ലോ..അതിനു ശേഷം നീണ്ട പന്ത്രണ്ട് വർഷങ്ങൾ കടന്ന് പോയിരിക്കുന്നു.നിനക്കോർമയുണ്ടോ നിന്നിലെ ആ പൊള്ളുന്ന ദിനങ്ങളെ..
അന്നും പതിവ്പോലെ മക്കളെ സ്കൂളിലേക്കയക്കാനുള്ള പടപൊരുതലിലായിരുന്നല്ലോ ഞാൻ.. എത്ര നേരത്തെ എണീറ്റാലും രാവിലെ ഒന്നിനും സമയം തികയാറില്ല.
അടുക്കളയിലെ തിരക്കിട്ട പണികൾക്കിടയിലാണ് മൊബൈൽ ഫോൺ റിംഗ് ചെയ്തത്.ഇതുപോലൊരു കാൾ വന്നെന്റെ ജീവിതം മാറ്റിമറിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല.
എടുത്ത് നോക്കുമ്പോൾ ഏട്ടനാണ്.കടയിലേക്കുള്ള സാധനങ്ങളെടുക്കാൻ പോയിട്ട് രണ്ട് ദിവസമായിരുന്നു.ഇന്നലെ വിളിച്ചപ്പോൾ ഇന്നെത്തുമെന്ന് പറഞ്ഞതുമാണ്,എന്റെ തിരക്കറിയാവുന്നത് കൊണ്ട് സാധാരണ ആ നേരത്തൊരു വിളിയുണ്ടാവാറില്ലല്ലോ..
എത്ര ആകാംക്ഷയോടെയാണ് ഞാനതെടുത്തത്..
"ഹെലോ രവിയേട്ടാ..."
മറുതലക്കൽ ഒരു പ്രതികരണവുമില്ലായിരുന്നു.
"എന്താ മിണ്ടാത്തെ ?രവിയേട്ടൻ ഇതെവിടാ?"
ഇല്ല മിണ്ടുന്നില്ല.. ഒരുപാട് തവണ എന്ത് പറ്റിയെന്ന് ചോദിച്ചിട്ടും മറുപടിയൊന്നും ഇല്ലാതെ ഫോൺ കട്ടായി. പലപ്രാവശ്യം തിരിച്ച് വിളിച്ചെങ്കിലും ബെല്ലടി നിലക്കും വരേ ഫോണനാഥമായ് കിടന്നതല്ലാതെ പ്രതികരണമൊന്നുമുണ്ടായില്ല. ഈശ്വരാ.. എന്തേലും അപകടം!! എനിക്കെന്തോ ആധികേറാൻ തുടങ്ങി.അല്ലെങ്കിലും ഞാനന്നൊക്കെ അങ്ങനെയായിരുന്നില്ലേ.ചെറിയ കാര്യങ്ങൾക്ക് പോലും ആധികേറുന്ന ഒരു പൊട്ടിപെണ്ണ്.
വേണ്ടാത്ത ചിന്തകൾ മനസ്സിലേക്ക് തികട്ടി വന്നെങ്കിലും മക്കൾക്ക് പോകാനുള്ളതാണല്ലോ എന്ന ചിന്തയിൽ യാന്ത്രികമായി ഞാൻ അടുക്കളയിലേക്ക് നടന്നു..
അച്ഛനും അമ്മയുംകൂടി തൊടിയിലേക്കിറങ്ങിയതായിരുന്നു, അധികം സ്ഥലമൊന്നുമില്ലെങ്കിലും ഉള്ള തൊടിയിൽ കുറച്ച് പച്ചക്കറികളൊക്കെ വെച്ചിട്ടുണ്ട്. അതിന് നനക്കലും മണ്ണിടലുമൊക്കെയാണ് അന്നച്ഛന്റെ പ്രധാന വിനോദം.ഇടക്കൊക്കെ അമ്മയും കൂടെക്കൂടാറുണ്ട്.അച്ഛനെന്നും വലിയ ദേഷ്യക്കാരനായിരുന്നു.
നേരിയ ഒരോർമ ബാക്കിയാക്കി സ്വന്തമച്ഛൻ മരണത്തിലേക്ക് പടിയിറങ്ങി പോകുമ്പോൾ ഞാൻ നാലാം ക്ലാസ്സിലാണ്.പിന്നീട് ഒരുപാട് കഷ്ട്ടപ്പെട്ടാണമ്മ എന്നെയും അനിയനെയും വളർത്തിയതും, എന്റെ കല്ല്യാണം നടത്തിയതും.
കല്ല്യാണം കഴിഞ്ഞപ്പോൾ ഞാൻ കരുതിയത് ഇനിയെങ്കിലുമൊരച്ഛന്റെ സ്നേഹമെനിക്കാവോളം അനുഭവിക്കാമെന്നാണ്.
പക്ഷേ നമ്മൾ ആഗ്രഹിക്കുംപോലല്ലോ പലതും.ഞാനന്നൊക്കെ പലപ്പോഴും ചിന്തിച്ചിരുന്നു ഒറ്റ മരുമകളായിട്ടും അച്ഛനെന്തിനാണിത്ര ദേഷ്യമെന്ന്...
തിരിച്ചൊരുപ്രതികരണവുമില്ലാതെ മറുതലക്കൽ ഫോൺ റിംഗ് ചെയ്ത്കൊണ്ടേയിരുന്നു.ഓരോ തവണയും ബെല്ലടി നിലയ്ക്കുമ്പോഴും ഹൃദയമിടിപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു .എത്താറായിട്ടുണ്ടാകും അതുകൊണ്ടാകും എടുക്കാത്തതെന്ന് മനസ്സിനെ സ്വയം പറഞ്ഞാശ്വസിപ്പിച്ച് മറ്റു പണികളിലേക്ക് തിരിഞ്ഞെങ്കിലും,
"രവിയെന്തേ ഇത്വേരെ എത്താതെ?" എന്ന അമ്മയുടെ ഇടക്കുള്ള ചോദ്യം വീണ്ടും സ്വസ്ഥത കെടുത്തി.
അന്നൊരു പതിനൊന്ന് മണിയായിക്കാണും വീണ്ടും എന്റെ ഫോൺ ബെല്ലടിച്ചു. ഓടി ചെന്ന് നോക്കിയപ്പോൾ രവ്യേട്ടൻ എന്ന് തെളിഞ്ഞു നിൽക്കുന്ന സ്‌ക്രീൻ കണ്ടെന്ത് സന്തോഷമായിരുന്നു എനിക്ക്. വിറയ്ക്കുന്ന കൈകളോടെ ഫോണെടുത്ത് ചെവിയോടടുപ്പിക്കുമ്പോൾ കാണിച്ചു തരാട്ടോ എന്നഭാവമായിരുന്നു മനസ്സിൽ.
"രവിയേട്ടാ...എന്താ പറ്റിയെ?"
"ഇത് രവിയേട്ടൻ അല്ല.."
മറുതലക്കൽ അപരിചിതമായ ഒരു സ്ത്രീ ശബ്ദം
വീണ്ടും ഉള്ളിലൂടെ ഒരാളൽ, മിനിഷനേരം കൊണ്ട് ഹോസ്പിറ്റലും അപകടവുമൊക്കെയാണ് മനസ്സിൽ മിന്നി മറഞ്ഞത്.തിരിച്ചെന്ത് ചോദിക്കണമെന്നറിയാതെ ഞാൻ പകച്ചു.
"ന്റെ രവ്യേട്ടനേടെ ?? "
"രവി എന്റടുത്തുണ്ട്, ഞാനദ്ദേഹത്തിന്റെ ഭാര്യയാണ് സംസാരിക്കുന്നത്"
"ഭാര്യയോ ??? നിങ്ങളെന്തൊക്കെയാണീ പറയുന്നത്?രവ്യേട്ടന്റെ കയ്യിൽ ഫോൺ കൊടുക്കൂ.."
മറുതലക്കലെ അടക്കിപ്പിടിച്ച സംസാരം. എന്റെ ഉള്ളം നെരിപ്പോട് പോലെ എരിയാൻ തുടങ്ങി.
"നീയെന്നോട് ക്ഷമിക്കണം.എന്നെ ശപിക്കരുത്. അവള് പറഞ്ഞത് സത്യമാണ്"
പെട്ടന്ന് ഫോൺ ഡിസ്കണക്ടായി.
എന്താണ് സംഭവിക്കുന്നതെന്നെനിക്ക് മനസ്സിലായതേയില്ല.തലയിലേക്കൊരു ഭാരം കേറ്റിവെച്ച പോലെ ഒന്നുകരയാൻ പോലും കഴിയാതെ ചുമരിലേക്ക് ചാരി കുറേനേരം വെറുതെങ്ങനെ നിന്നു.അമ്മ മുറിയിലേക്ക് വന്ന് എന്ത് പറ്റി മോളെ എന്ന് ചോദിച്ചിട്ടും ഞാൻ മിണ്ടുന്നില്ല. അമ്മയെ ആദ്യമായ് കാണുമ്പോലെ തോന്നി.
ദേ.. ഇങ്ങോട്ടൊന്ന് വന്നേ എന്ന അമ്മയുടെ
ആധികേറിയ വിളികേട്ട് അച്ഛനും ഓടി വന്നു.
"മോള് ചോദിച്ചിട്ടൊന്നും പറയുന്നില്ല. ന്റീശ്വരാ ന്റെ മോനെന്തേലും..." അമ്മ കരയാൻ തുടങ്ങി.ഒന്നുല്ലമ്മേ എന്ന് പറയണെമെന്നുണ്ടായിരുന്നെങ്കിലും ചങ്കിനകത്തേക്കൊരു നശിച്ച വേദനവന്ന് തറച്ച് നിൽക്കുമ്പോൾ ഞാനെങ്ങനെ പറയാനാണ്?
പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറവും ഇതെല്ലാമോർക്കുമ്പോൾ തൊണ്ടക്കുഴിൽ ഇന്നും ഒരു നേരിയ നോവ് വന്ന് ബാക്കിയാവുന്നുണ്ട്..
അന്നുവരെ കളിയും ചിരിയും സന്തോഷങ്ങളും മാത്രമായിരുന്ന വീട് ഒറ്റ പകലുകൊണ്ട് മരണവീടിന് സമാനമായി.എന്താണ് സത്യാവസ്ഥ എന്നറിയാൻ അച്ഛന്റെ ഉറ്റ സുഹൃത്ത് രാമേട്ടന്റെ മകൻ സന്തോഷിനെ ഏല്പിച്ചു.രണ്ട് ദിവസം കഴിഞ്ഞ് അയാൾ വന്നു. കേട്ടതെല്ലാം സത്യമാണ്. കോയമ്പത്തൂർ വെച്ച് രവിയേട്ടൻ മറ്റൊരു വിവാഹം കഴിച്ചിരിക്കുന്നു.
"നമ്മുടെ കടയിലേക്ക് തുണിയെടുക്കാൻ പോകുമ്പോൾ അവിടെ വെച്ചുണ്ടായ ഒരു പരിചയം,പല തവണ കണ്ടും സംസാരിച്ചും അതൊരുപാട് വളർന്നിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടുകാർ കൂടി ഇടപെട്ടപ്പോൾ.... "
വാക്കുകൾ മുഴുവിപ്പിക്കാനാവാതെ അയാൾ പറഞ്ഞു നിർത്തി.
എന്തിനേയും ധൈര്യപൂർവ്വം നേരിടാറുള്ള അച്ഛനന്ന് നിസ്സഹായനായി അനന്തതയിലേക്ക് നോക്കിയിരിക്കുന്നത് ഞാൻ കണ്ടു. അമ്മ തേങ്ങി തേങ്ങി കരയുന്നതും. പക്ഷേ എനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായതേയില്ല.കണ്ണിലൂടെ ഒരിരുട്ട് കേറിയതോർമയുണ്ട്.
ബോധം തെളിയുമ്പോൾ ഏതോ ആശുപത്രി മുറിയിലാണ്.അപ്പോഴും അകാരണമായ ഒരുഭയമെന്നെ വരിഞ്ഞ് മുറുക്കുന്നുണ്ടായിരുന്നു.ഇന്ന് വരേ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത അവസ്ഥ.
എങ്ങോട്ടെങ്കിലും ഇറങ്ങി ഓടിയാലോ എന്നാണെനിക്കാദ്യം തോന്നിയത്,ഉറക്കെ ഉറക്കെ കരയണമെന്നും തോന്നി.പക്ഷേ ഭയമെന്ന വികാരമെന്നെ അതിൽ നിന്നെല്ലാം പിന്തിരിപ്പിച്ചു.ഇനിയെനിക്ക് പഴയപോലെ ഒന്നിനും കഴിയില്ലെന്ന് മനസ്സെന്നോട് പറഞ്ഞ്കൊണ്ടേയിരുന്നു..
മരുന്നും,കൗൺസിലിംഗുമായി പത്ത് ദിവസത്തെ ആശുപത്രിവാസമൊരു പരിധിവരെ എന്റെ നശിച്ച ഭയത്തെ ഇല്ലാതാക്കി.ഡിസ്ചാർജായ ദിവസമാണ് ഞാനെല്ലാം ശ്രദ്ധിച്ചത്. അച്ഛനായിരുന്നു ഇത്രേം ദിവസം എന്റെ കൂടെ.മക്കളുടെ കാര്യംകൂടി നോക്കണ്ടേ അമ്മക്ക്. അമ്മ ഇടക്ക് വന്ന് പോകുന്നുണ്ടായിരുന്നു.
ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ അന്നാദ്യമായ് അച്ഛനെന്നെ സമാധാനിപ്പിച്ച് കൊണ്ടേയിരുന്നു
"രവിയേട്ടൻ ??"
ഇടക്ക് കേറിയുള്ള എന്റെ ചോദ്യത്തിന് അൽപനേരം മൗനമായിരുന്നു മറുപടി.
"സന്തോഷിനറിയാം ആ പെണ്ണിന്റെ വീട്. അത്രേടം വരേ നമുക്ക് നാളെ തന്നെയൊന്ന് പോകാം" എന്റെ മുഖത്ത് നോക്കാതെയുള്ള അച്ഛന്റെ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു.
പിറ്റേന്ന് അതിരാവിലെ സന്തോഷിന്റെ കാറിൽ ഞങ്ങൾ പുറപ്പെട്ടു.എനിക്കുറപ്പുണ്ടായിരുന്നു, രവിയേട്ടൻ ഞങ്ങളെ കാണുമ്പോൾ എല്ലാം മറന്ന് ക്ഷമചോദിച്ച് കൂടെ വരുമെന്ന്.ഏട്ടനെന്നെ മറക്കാനാവുമോ?മക്കളുടെ അച്ഛാ എന്ന വിളി കേൾക്കാതിരിക്കാനാവുമോ? ജന്മം കൊടുത്തവരെയൊക്കെ ഒരു നിമിഷം കൊണ്ട് ഉപേക്ഷിക്കാനാവുമോ..
എന്റെ എല്ലാ ചോദ്യങ്ങളും അവശേഷിപ്പിച്ച,പ്രതീക്ഷകളെല്ലാം അസ്തമിച്ച ഒരവസാന കൂടിക്കാഴ്ചയായിരുന്നു അത്. ആ വീടിന്റെ അകത്തേക്ക് പോലും ആരും ഞങ്ങളെ ക്ഷണിച്ചില്ല.ചുറ്റുമുള്ള വീട്ടുകാർക്ക് കാഴ്ചക്കാരായി ഞങ്ങൾ പുറത്ത് നിന്നു.പിടിക്കപ്പെട്ട പ്രതിയെ പോലെ മുഖത്തേക്ക് പോലും നോക്കാതെ രവിയേട്ടൻ ഞങ്ങളുടെ മുന്നിൽ വന്നു.എന്റെയും മക്കളുടേയും കണ്ണുനീരിന് ഒരുവിലയും ഉണ്ടായിരുന്നില്ല.ചങ്കിനകത്തേക്കൊരു വേദന ഇടയ്ക്കിടെ തികട്ടി വരുന്നത് കൊണ്ട് അധികമൊന്നും സംസാരിക്കാനാവാതെ ഞാൻ വെറുതെ നിന്നു
"ന്റെ കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാ അവളിത്രേം കാലം നിനക്കും മക്കൾക്കും വേണ്ടി ജീവിച്ചിട്ടല്ലേ ഒള്ളു.അതിന്റെ കണ്ണീർ കാണാൻ വയ്യ. ഞാൻ നിന്റെ കാലു പിടിക്കാം നീ ഞങ്ങടെ കൂടെ വരണം."
പെട്ടന്നായിരുന്നു അച്ഛൻ പൊട്ടി കരഞ്ഞു കൊണ്ട് രവിയേട്ടന്റെ കാലിലേക്ക് വീണത്.. നെഞ്ചിലേകൊരുപിടി കനൽ കോരിയിട്ട കാഴ്ചകണ്ട് നടുങ്ങിപ്പോയി. കർക്കശക്കാരനായ, തന്റേടിയായ ദേഷ്യക്കാരൻ കരയുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.
"അരുതച്ഛാ..എനിക്ക് വേണ്ടി ഈ മനുഷ്യന്റെ കാല് പിടിക്കരുത്" എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാനോടി അച്ഛനെ പിടിച്ചെഴുന്നേല്പിച്ചു. കരഞ്ഞ് കരഞ്ഞ് തളർന്ന അമ്മയേം കൂട്ടി മക്കൾ കാറിലേക്ക് നടന്നിരുന്നു.കാഴ്ചക്കാരെല്ലാം കണ്ണീരു വാർക്കുമ്പോഴും ഒരാളുടെ മനസ്സുമാത്രം കല്ലുപോലെ ഉറച്ച് നിന്നു. തിരിഞ്ഞ് നടക്കുമ്പോൾ ഒരു പിൻവിളിക്കായ് കാതോർത്തു. പത്ത് വർഷം ഒരേ മനസ്സായി ജീവിച്ചിട്ട് എന്നിൽ കാണാത്ത എന്ത് നന്മയായിരിക്കും ഏട്ടൻ അവളിൽ കണ്ടിട്ടുണ്ടാവുക.അറിയില്ലായിരുന്നെനിക്ക്.അച്ഛനും അമ്മയും മനസ്സിലാക്കിയ അത്രപോലും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു..
***************************************************
ഡിസംബർ.. നിന്റെ മഞ്ഞുവീഴുന്ന ആ രാത്രികളിൽ പോലും ഞാൻ ചുട്ടെരിയുകയായിരുന്നു. എന്തിനായിരുന്നു നീ എനിക്ക് വെറുക്കപ്പെട്ടൊരു മാസമായത്?എന്തിനായിരുന്നു കനൽ മഴയായ് അന്നെന്നിലേക്ക് പെയ്തിറങ്ങിയത് ?.ഞാനന്ന് തളർന്ന് പോയിരുന്നെങ്കിൽ....
പാരമ്പര്യമായി അച്ഛനിൽ നിന്നും ഏട്ടൻ നടത്തി വന്നിരുന്ന ആ ചെറിയ തുണിക്കട,ഒരുപാട് കുത്തുവാക്കുകൾക്കും പ്രശ്നങ്ങൾക്കുമൊടുവിൽ അന്നച്ഛനെന്നെ ഏൽപ്പിക്കുമ്പോൾ,അതിനെ കുറിച്ചൊന്നുമറിയാതെ പകച്ച് നിന്നിട്ടുണ്ട് ഞാൻ..ജീവിതം ഇനിയെന്ത്,എങ്ങനെ എന്നോർത്ത് ദിവസവും കരഞ്ഞിട്ടുണ്ട്.
കരഞ്ഞു കരഞ്ഞു തളർന്ന ഒരു നിമിഷത്തിലാണ് മുന്നോട്ട് കുതിക്കാൻ തുടങ്ങിയത്.പിന്നീടങ്ങോട്ട് ജീവിതത്തോട് വല്ലാത്തൊരു വാശിയായിരുന്നു.മക്കളെ നല്ല രീതിയിൽ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കണമായിരുന്നു. എന്റച്ഛനും അമ്മയ്ക്കും വെറുമൊരു മരുമകളല്ല, മകളുമല്ല,ചങ്കുറപ്പുള്ള ഒരു മകനാകണമായിരുന്നു എനിക്ക്. ആ യാത്രയിൽ പലതവണ ഞാൻ തളർന്ന് വീണത് വരും വർഷങ്ങളിൽ കണ്ടിരുന്നോ നീ ?..ഓരോ തവണ വീഴുമ്പോഴും ധൈര്യം തന്ന് ചേർത്ത് പിടിച്ചത് ആ സ്നേഹമില്ലെന്ന് ഞാൻ കരുതിയിരുന്ന ഗൗരവക്കാരനായിരുന്നു.മുന്നോട്ടുള്ള ഓരോ യാത്രയിലും എന്റെ വഴികാട്ടിയായത്.ഓരോ വീഴ്ചയിലും എനിക്ക് കരുത്തായത്.വിശ്രമിക്കേണ്ട വാർദ്ധക്യത്തിലും എനിക്കും മക്കൾക്കും വേണ്ടി രാപകലില്ലാതെ കൂടെ നിന്ന് കഷ്ട്ടപെട്ടത്.എങ്ങനെയാണ് ഞാനെന്റെ അച്ഛനെക്കുറിച്ചൊന്ന് പറഞ്ഞ് നിർത്തേണ്ടത്?എങ്ങനെയാണ് ഇനിഞാനാ കടങ്ങളൊക്കെ വീട്ടേണ്ടത്.അറിയില്ലെനിക്ക്..
എനിക്കിന്നും അത്ഭുതമാണത്.വെറും അഞ്ചുപേരിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഞാനിന്ന് അറിയപ്പെടുന്ന ടെക്സ്റ്റയിൽ ഷോപ്പിന്റെ നടത്തിപ്പുകാരിയായത്.ആദ്യത്തെ പൊട്ടിയിൽ നിന്നും പക്വതയുള്ളൊരു കുടുംബനാഥയായത്.
മറ്റൊരു വേദന മനസ്സിന്റെ കോണിലിന്നും മായാതെ കിടക്കുന്നുണ്ട്.പന്ത്രണ്ട് വർഷങ്ങൾ കടന്ന് പോയിട്ടും ഞാനും,മക്കളും എങ്ങനെ ജീവിച്ചെന്ന്‌ ഒരിക്കൽ പോലും തിരിഞ്ഞ് നോക്കിയിട്ടില്ല.എന്തിന്, സ്വന്തം അച്ഛനെ അവസാനമായൊരു നോക്ക് കാണാൻ പോലും വന്നിട്ടില്ല.. എവിടെയാണെന്ന് അറിയുകയുമില്ല.
അതൊന്നുമോർക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. എനിക്കിനിയുമേറെദൂരം പോകാനുണ്ട്. മോളിപ്പോൾ രണ്ടാം വർഷ മെഡിസിൻ വിദ്യാർത്ഥിയാണ്,മോൻ പത്താം ക്ലാസ്സിലും.അവരുടെ പഠനം,ഭാവി.. പിന്നെ ജീവിതമാർഗം നോക്കുന്നതിനിടയിൽ,താങ്ങും തണലുമായി നിന്ന്,എനിക്ക് പകരം എന്നെക്കാളേറെ മക്കളുടെ കാര്യങ്ങൾ ശ്രദ്ധിച്ച എന്റമ്മയെ നന്നായി നോക്കണം..പക്ഷേ ഇതൊന്നും കാണാൻ, എന്നെ ഞാനാക്കിയ എന്റച്ഛനിനിയില്ലല്ലോ എന്നോർക്കുമ്പോൾ നോവുന്നുണ്ടേറെ...
എങ്കിലും ഡിസംബർ... നീ എനിക്കിനിയെന്തെല്ലാം സൗഭാഗ്യങ്ങൾ നേടിത്തന്നാലും നിന്നെ സ്നേഹിക്കാനെനിക്കാവില്ല,ഓരോ വർഷവും നിന്നിലെത്തി നിൽക്കുമ്പോൾ ഓർമ്മകൾ പിന്നിലേക്ക് കൂട്ടി കൊണ്ടുപോയെന്നെ കുത്തി നോവിക്കുന്നുണ്ട്.
അത്രമേൽ പ്രിയപ്പെട്ടതെന്തോ ആയിരുന്നല്ലോ എനിക്ക് നഷ്ടമായത്...
************************

By : sebiya thesnim

മൗനനൊമ്പരം



കാലം എത്ര വിചിത്രമായാണ് രണ്ടുപേർക്ക് തമ്മിൽ വീണ്ടും കണ്ടുമുട്ടാൻ സാഹചര്യം ഒരുക്കുന്നതെന്നോർത്തു ഞാനേറേ അത്ഭുതപെട്ടിട്ടുണ്ട്.കാരണം മറ്റൊന്നുമല്ല. ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയ അവളിതാ എന്റെ കണ്മുന്നിൽ വന്ന് നിൽക്കുന്നു . അന്നത്തെ എന്റെ എല്ലാ ചിന്തകൾക്കും, ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി.
മൂന്ന് വർഷങ്ങൾക്ക് മുൻപ്
അന്നൊരു തിങ്കളാഴ്ചയായിരുന്നു. രാവിലെ കോളേജിലേക്കുള്ള ബസ് യാത്രയിൽ,തിരക്കിപിടിച്ച് നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും
"സ്ക്യൂസ്‌മീ.. ഒരു വഴി തരാമോ?"എന്ന് കേട്ടത്.
തിരിഞ്ഞ് നോക്കിയപ്പോൾ വിടർന്ന കണ്ണുകളുള്ള, ഒരു സുന്ദരി കുട്ടി . കയ്യിൽ ഒരു വലിയ ഹാൻഡ് ബാഗും, തോളിൽ ഒരു കുഞ്ഞു ബാഗുമായി ചിരിച്ച് നിൽക്കുന്നു. എവിടെയോ കണ്ട നല്ല പരിചയം തോന്നിയെങ്കിലും.ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.
ഞാൻ വഴി മാറിക്കൊടുത്ത് അവളെ തന്നെ നോക്കിനിന്നു. ബസ് ഇറങ്ങിയതും ഹെൽമെറ്റ് വെച്ച ഒരു ചെറുപ്പക്കാരന്റെ കൂടെ അവിടെ നിർത്തിയിട്ടിരുന്ന ഒരു ബൈക്കിൽ കേറി അവൾ പോയി.
ആരായിരിക്കും അവൻ ..എവിടെയാണ് ഞാനവളെ ഇതിനു മുൻപ് കണ്ടത്..?
പല ചോദ്യങ്ങളും ചിന്തകളും കാട്
കേറിയെങ്കിലും തൽക്കാലം അതിനെല്ലാം വിരാമമിട്ട് ഞാൻ കോളേജിലേക്ക് നടന്നു.
പിന്നീടുള്ള എല്ലാ തിങ്കളാഴ്ചകളിലും അതൊരു പതിവ് കാഴ്ചയായി. ബസ് വരുന്ന സമയം അവൻ അവൾക്കായി അവിടെ കാത്തു നിൽക്കുന്നുണ്ടാകും.അന്നെല്ലാം എന്റെ മനസ്സിൽ അതെ ചോദ്യം ഉയർന്ന വരും.ആരായിരിക്കും അവൻ?
ഒരു ദിവസം അവളിറങ്ങുമ്പോൾ എവിടെയാ പഠിക്കുന്നതെന്ന് ഞാൻ ചോദിച്ചു. മണ്ണാർക്കാട് എം ഇ എസ് കോളേജ് എന്ന് മാത്രം പറഞ്ഞു. അതിനുശേഷം ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ലായിരുന്നു. അല്ലെങ്കിൽ സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് പറയാം.ഞാൻ കേറുമ്പോഴേക്കും നല്ല തിരക്കായിക്കാണും. അവളിറങ്ങാൻ നേരമാണ് തമ്മിൽ കാണുന്നത്. അപ്പോഴെല്ലാം പരസ്പരം ഒരു ചെറുചിരി സമ്മാനിക്കാറുള്ള, പിന്നീട് ജീവിതയാത്രയിൽ ഓർക്കാൻ ഒന്നും ബാക്കിവെക്കാത്ത ഒരു സൗഹൃദം.
******************************************************
മൂന്ന് വർഷങ്ങൾക്കിപ്പുറം, നേരിയ മഞ്ഞു വീഴുന്ന, തണുത്ത ഒരു പ്രഭാതത്തിൽ തികച്ചും യാദൃച്ഛികമായി വീണ്ടും ഞങ്ങൾ തമ്മിൽ കണ്ടു.
ഒരു ബന്ധുവീട്ടിൽ വിരുന്ന് പോയതായിരുന്നു. അവിടുത്തെ ഇളയ കുട്ടിയെ ട്യൂഷൻ ക്ലാസ്സിൽ വിടാൻ വേണ്ടി എന്റെ കളിക്കൂട്ടുകാരികൂടിയായ കസിന്റെ കൂടെ ഞാനും പോയി.അവിടെ വെച്ചായിരുന്നു ആ കൂടിക്കാഴ്ച്ച.
ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ലെങ്കിലും . അദൃശ്യമായതെന്തോ ഞങ്ങൾക്കിടയിൽ ഉണ്ടായിരിക്കണം. എന്റെ കസിൻ അവളോട് സംസാരിക്കുമ്പോഴെല്ലാം ഞാനോർക്കുകയായിരുന്നു എവിടെയാണീ മുഖം ഞാൻ കണ്ടിട്ടുള്ളതെന്ന്... ഒടുവിലെന്റെ ഓർമയും മറവിയും തമ്മിലുള്ള മത്സരത്തിൽ ഓർമ്മ തോറ്റുപോകുമെന്ന് കരുതിയ നിമിഷത്തിലാണ് പറയുന്നത്, മണ്ണാർക്കാട് എം.ഇ.എസ്.കോളേജിലാണ് പഠിച്ചതെന്ന്. അത് പറഞ്ഞപ്പോൾ എനിക്ക് തീർച്ചയായി. പക്ഷേ അവൾ എന്നെ ഓർക്കുന്നുണ്ടാവില്ലെന്ന ചിന്തയിൽ, പരിചയം പുതുക്കാൻ എന്തോ എനിക്കപ്പോൾ തോന്നിയില്ല.
ഓർമ്മകൾ മായാചിത്രം പോലെ കണ്ണിൽ തെളിഞ്ഞ് നിന്നു.
ബസ്സിൽ വെച്ച് കാണുന്നതിനും മുൻപ് ഞാനവളെ ഈ നാട്ടിൽ വെച്ചായിരിക്കണം കണ്ടിട്ടുള്ളത് .
എനിക്കവളെ കുറിച്ച്‌ കൂടുതലറിയാൻ ആകാംഷയായി.തിരിച്ച് നടക്കുമ്പോൾ ഞങ്ങൾ സംസാരിച്ചത് മുഴുവൻ അവളുടെ കാര്യങ്ങളായിരുന്നു.കേട്ടതെല്ലാം
ഏതോ സിനിമാ കഥ പോലെ വിചിത്രമായിതോന്നി എനിക്ക് .
ആ കഥയിൽ എനിക്കൊരു കോളേജ് കാണാമായിരുന്നു.അവിടെ കർക്കശക്കാരനായ ഒരു നായകനേയും,അവന്റെ ഹൃദയത്തിലൊളിപ്പിച്ച സ്നേഹക്കടൽ കണ്ടെത്തിയ സുന്ദരിയായ നായികയേയും കാണാം, അവരുടെ മനോഹരമായ പ്രണയത്തെ കാണാം,ഒടുവിൽ ഒത്തിരി ത്യാഗങ്ങൾ സഹിച്ച് അവരൊന്നാകാൻ പോകുന്നതും, സ്വപ്‌നങ്ങൾ നെയ്ത് കൂട്ടുന്നതും, ആ സ്വപ്നങ്ങളിൽ ജീവിക്കുന്നതും കാണാമായിരുന്നു.
പക്ഷേ ചില ഭംഗിയുള്ള കാഴ്ചകൾക്ക് കൂടുതൽ ആയുസ്സുണ്ടാകാറില്ല. അതിലേക്ക് ചിലപ്പോഴൊക്കെ രംഗബോധമില്ലാതെ അവൻ കടന്നുവരും..
നാട്ടിൽ വെച്ച് നടന്ന ഒരു ബൈക്ക് ആക്‌സിഡന്റിൽ പെട്ട്, ഒരാൾ കാത്തിരിക്കുന്നുണ്ടെന്ന ചിന്തയില്ലാതെ,അവസാനമായൊന്ന് കാണാൻ പോലും നിൽക്കാതെ അവൻ മരണത്തിന് കീഴടങ്ങി.
അവന്റെ മരണം തെല്ലൊന്നുമല്ലായിരുന്നു അവളെ ബാധിച്ചത്. ശാരീരികമായും മാനസീകമായും തകർന്ന് മാസങ്ങളോളം ആശുപത്രി മുറിയിൽ. അതിനു ശേഷം ഒരു ജീവച്ഛവം പോലെ കുറേ നാളുകൾ വീടിന്റെ നാലു ചുവരുകൾക്കിടയിൽ... എങ്കിലും അവൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചില്ല.അവനില്ലാത്ത ഈ ലോകത്ത് അവന്റെ ഓർമകളുമായി ജീവിക്കാൻ തന്നെ തീരുമാനിച്ചു..
ദിവസങ്ങൾ കടന്ന് പോയി ഒരുവിധം പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോൾ,അവളുടെ നല്ല നാളെയെ മുന്നിൽ കണ്ട് എതിർപ്പുകൾ വകവെക്കാതെ വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചു. ചെക്കനുമായി ഒന്ന് സംസാരിക്കാൻ പോലും അവസരം കൊടുക്കാതെ,ഒരു പെണ്ണുകാണൽ ചടങ്ങിന്റെ അകമ്പടിപോലുമില്ലാതെ പെട്ടന്നുണ്ടായ ഒരു കല്ല്യാണം.
അതിനോടവൾ എങ്ങനെ പൊരുത്തപ്പെട്ടു എന്ന എന്റെ ചോദ്യഭാവത്തെ മനസ്സിലാക്കിയാവണം
"അതിന് ദിവസങ്ങളുടെ ആയുസ്സ് പോലും ഉണ്ടായില്ലെഡീ.. "എന്നവൾ കൂട്ടി ചേർക്കുമ്പോൾ പറഞ്ഞറീക്കാനാവാത്ത ഒരു നിർവികാരീകതയായിരുന്നു എന്നിൽ.
പത്തു മിനിറ്റു മാത്രം നടക്കാൻ ദൂരമുള്ള ട്യൂഷൻ ക്ലാസ്സിൽ നിന്നും അര മണിക്കൂർ എടുത്താണ് ഞങ്ങൾ വീട്ടിലെത്തിയത്.
വീടിനോട് ചേർന്ന വാകമരച്ചോട്ടിലെത്തിയപ്പോഴും തിരിച്ചൊന്നും ചോദിക്കാനാവാതെ വാക്കുകൾക്കായി ഞാൻ പരതുകയായിരുന്നു.
ഞാനവളെ മുൻപ് കണ്ടിട്ടുണ്ടെന്നും, ഈ സൗഹൃദത്തെ എനിക്കൊന്ന് പുതുക്കണമെന്നും. അതിന് നീ സഹായിക്കുമോ എന്നുമുള്ള എന്റെ മറുചോദ്യത്തിന് അവൾ തന്ന മറുപടി ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടത്..
കല്ല്യാണം കഴിഞ്ഞ ഉടനെ അവൾ തലയിടിച്ച് വീണിരുന്നു .അതിനു ശേഷം അവൾക്ക് പഴയ ചില കാര്യങ്ങളൊന്നും ഓർക്കാൻ പറ്റാറില്ല.അതുകൊണ്ടാണവർ ബന്ധം ഒഴിഞ്ഞത്. പക്ഷേ ഒരുപാട് പരിശോധനകൾക്കും, ടെസ്റ്റുകൾക്കുമൊടുവിൽ ഒരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർസ് വിധി എഴുതിയതെങ്കിലും, അവർക്ക് പോലും കണ്ടുപ്പിടിക്കാനാവാതെ ഒരപൂർവ്വ രോഗം സമ്മാനിച്ച് അവളുടെ ചില ഓർമ്മകൾ എങ്ങോട്ടായിരിക്കും മാഞ്ഞുപോയത് ?.
കുറച്ച് വർഷം കൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് ഒരാളുടെ ജീവിതത്തിൽ വരുന്നത്. എന്തൊരു പരീക്ഷണങ്ങളാണിതൊക്കെ ?ഉത്തരമില്ലാത്ത പല ചോദ്യങ്ങളും വെറുതെ എന്റെ മനസ്സിലൂടെ കടന്ന് പോയി.
പെട്ടന്നാണ് ഞാനതോർത്തത് അപ്പൊ ട്യൂഷൻ ??
അവിടെ വേറെ ടീച്ചേർസുണ്ട്. വെറുതെ വീട്ടിലടഞ്ഞിരിക്കേണ്ടെന്ന് കരുതി വീട്ടുകാർ അങ്ങോട്ട് വിടുന്നതാണെന്നും, അങ്ങനെ എന്തൊക്കെയോ പറഞ്ഞവൾ നിർത്തി. ഒന്നും വ്യക്തമായി കേട്ടില്ല. മനസ്സിൽ അപ്പോഴും തെളിഞ്ഞ് നിന്നത് അന്ന് ബസ്സിൽ വെച്ച് കണ്ട,വിടർന്ന കണ്ണുകളുള്ള ആ സുന്ദരമായ മുഖമായിരുന്നു.
പരിചയപ്പെടണമെന്ന് ഞാനുറപ്പിച്ചു.ഒരാളോട് പെട്ടെന്നടുക്കാനുള്ള എന്റെ സാമർഥ്യം കൊണ്ടോ, അവൾക്കും സൗഹൃദങ്ങളോട് അത്രയും ഇഷ്ടമുള്ളത് കാരണമോ അറിയില്ല,
അവിടെ നിന്ന കുറച്ച് ദിവസങ്ങൾക്കൊണ്ട് ഞങ്ങൾ വളരെ അടുത്തു . ഓരോ വൈകുന്നേരങ്ങളിലും ആ മരച്ചോട്ടിൽ വെറുതെ സംസാരിച്ചിരുന്നു. പക്ഷേ അവളെന്നെ മുൻപ് കണ്ടതായി ഓർക്കുന്നെ ഇല്ലെന്ന് ദിവസം ചെല്ലുംതോറും എനിക്ക് വ്യക്തമായികൊണ്ടിരുന്നു. ജീവന് തുല്ല്യം സ്നേഹിച്ച് മരണത്തിലേക്ക് പടിയിറങ്ങിപ്പോയ പ്രിയപ്പെട്ട പ്രണയത്തെപ്പോലും അവളോർക്കുന്നില്ല ..അപ്പോഴല്ലേ വെറും ചിരിയിൽ മാത്രം ഒതുങ്ങി പ്പോയ എന്റെ സൗഹൃദം...
ഒരു കണക്കിനവൾക്കൊന്നും ഓർമയിൽ ഇല്ലാത്തത് നന്നായെന്ന് എനിക്ക് തോന്നാറുണ്ട്. അതുകൊണ്ടാണല്ലോ ഇപ്പോഴും മനസ്സ്‌ തുറന്ന് ചിരിക്കാനാവുന്നത്.
ഞാനവിടെ നിന്നും പോരുന്നതിന്റെ തലേ ദിവസവും ഞങ്ങൾ സ്ഥിരം ഇരിക്കാറുള്ള ആ വാകമരച്ചോട്ടിലിരുന്നു. പക്ഷേ എന്നത്തേയും പോലെ കൂടുതലൊന്നും സംസാരിക്കാനാവാതെ ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി നിന്നു. .ഓരോ ഇളംകാറ്റിൽ പോലും വാകപ്പൂക്കൾ കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഞാൻ നാളെ തിരിച്ച് പോകുമെന്നും. ഇനി വരുമ്പോൾ കാണാമെന്നും പറഞ്ഞപ്പോൾ അവളൊന്നും മിണ്ടിയില്ല. ഒടുവിൽ യാത്രപറഞ്ഞവൾ തിരിഞ്ഞ് നടന്നു അപ്പോഴും എന്റെ മനസ്സിൽ വല്ലാത്തൊരു നീറ്റൽ ബാക്കിയായി.
ഞാനും നീയും തമ്മിൽ മുജ്ജന്മ ബന്ധമുണ്ടായിരിക്കണം കൂട്ടുകാരി.. അല്ലെങ്കിൽ വീണ്ടും നീയെന്റെ മുന്നിലിങ്ങനെ... നിന്റെ ഓർമയിൽ പോലുമില്ലാത്ത നമ്മൾ തമ്മിൽ ഇതിനു മുന്പും കണ്ട കാര്യം എന്നിൽ തന്നെ ഒടുങ്ങട്ടെ. അത് പറഞ്ഞാൽ ഒരു പക്ഷേ നീ നിന്റെ പ്രിയപ്പെട്ട പ്രണയത്തെ ഓർത്തെങ്കിലോ... ഒന്നും വേണ്ട.
ഇനി കാണുമ്പോൾ നിന്റെ ഓർമ്മയിൽ ഞാനുണ്ടാകുമോ...?എങ്ങനെയുണ്ടാകാൻ അല്ലേ..ഒന്നും ഓർക്കാൻ നിനക്കാവില്ലല്ലോ.
ഓരോന്നോർത്ത് അവൾ നടന്നു നീങ്ങുന്നതും നോക്കി ഞാൻ വെറുതെ നിന്നു..
പെട്ടന്നാണവൾ തിരിഞ്ഞു നിന്നത്... ഒരു നനുത്ത ചിരിയോടെ എന്റടുത്തേക്ക് നടന്നു വന്നു.
"എനിക്ക് നിന്നെ പൂർണ്ണ വിശ്വാസമാണ്. ഞാനൊരു കാര്യം പറയട്ടെ ?"
ഒന്നും മനസ്സിലാവാതെ,എന്താണിവൾ പറയാൻ പോകുന്നതെന്ന് ഒരു പിടുത്തവുമില്ലാതെ ചോദ്യഭാവത്തിൽ ഞാനവളെ നോക്കി.
"പറയണോ വേണ്ടയോ എന്ന് ഒരുപാടാലോചിച്ചു. നിന്നോടെനിക്ക് പറയണം.
എനിക്കെല്ലാം ഓർമയുണ്ട് ട്ടോ... ഇവിടെ വെച്ച് ആദ്യം കണ്ടപ്പഴേ എനിക്ക് മനസ്സിലായി നിന്നെ... "
ഒന്നും പറയാനാവാതെ ഞാൻ തരിച്ച് നിൽക്കുമ്പോൾ.. എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ ദൂരേക്ക് നടന്നകന്നിരുന്നു.
ഉൾകിടിലത്തോടെ ഇന്നും എന്റെ ചെവിയിൽ ആ വാക്കുകൾ മുഴങ്ങി നിൽക്കുന്നു
വീണ്ടും ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി.. 

By: Sebiya Thesnim

സ്വർഗ്ഗം



ബൈക്ക് മുറ്റത്തേക്ക് കേറിയപ്പോഴേക്കും,ശബ്ദം കേട്ടിട്ടാവണം അമ്മ മുൻവശത്തേക്കോടിയെത്തിയിരുന്നു. ഞങ്ങളെ കണ്ട സന്തോഷം മുഖത്ത് തെളിഞ്ഞു കാണാം.ആ ചിരി കണ്ടപ്പഴേ മനസ്സിൽ ഇരമ്പിയിരുന്ന കടൽ ശാന്തമാകുന്നത് ഞാനറിഞ്ഞു.
"അമ്മേ ഞാൻ ഇറങ്ങിണില്ല, ഇവള് രണ്ടൂസം ഇവിടെ നിക്കട്ടെ, കൂട്ടികൊണ്ടു പോകാൻ ഞാൻ വന്നോളാം "
"കേറീട്ട് പോ മോനെ"
"ഇല്ലമ്മേ അത്യാവശ്യകാര്യോണ്ട്, ഞാൻ വരാം, അച്ഛനോട് പറയണേ.."
ശ്രീയേട്ടൻ പോയപ്പോഴാണ് അമ്മ എന്നെ ശ്രദ്ധിക്കുന്നത്,
"ന്ത് പറ്റി ന്റെ കുട്ടിക്ക്..?"
എന്റെ മുഖ ഭാവം കണ്ടാകണം അങ്ങനൊരു ചോദ്യം.
ഉള്ളിൽ വിതുമ്പി നിന്ന സങ്കടം പെട്ടന്നങ്ങ് പൊട്ടി പോയി .സ്ഥലകാല ബോധമില്ലാതെ മുറ്റത്തു നിന്ന് തന്നെ ഞാനമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.
"ഈശ്വരാ.. ന്താ ന്റെ കുട്ടിക്ക് ?
പറ അവിടെ ന്തേലും പ്രശ്നോണ്ടോ ?"
അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം കൂടുന്നത് ആ നെഞ്ചിൽ കിടന്ന് ഞാൻ കേട്ടു..
"ഇല്ലമ്മേ..ഒന്നൂല്ല, നിങ്ങളെ ഒക്കെ കാണാഞ്ഞിട്ട്...
അച്ഛനേടെ? പണിക്ക് പോയോ?ദേവുട്ടീം നിധി മോളും ? എല്ലാരേം കാണണമെനിക്ക് ..."
സ്വയം നിയന്ത്രിക്കാനാവാതെ തേങ്ങലോടെ ഉള്ള എന്റെ ചോദ്യം കേട്ട് അമ്മയുടെ ഹൃദയം മുറിഞ്ഞ് കാണണം.
"അയ്യേ.. അതാണോ, കല്ല്യാണം കഴിഞ്ഞാ എല്ലാ പെങ്കുട്ട്യോളും അങ്ങനല്ലേ,അതിനൊക്കെ ഇങ്ങനെ വെഷമിക്ക ?ന്റെ കുട്ടി അകത്തേക്ക് ബാ.."
ഞാനപ്പോൾ അത് ശ്രദ്ധിച്ചു.
അമ്മയുടെ മുഖത്തെ ആ ആധി എത്രപെട്ടെന്നാണ് മാഞ്ഞ് പോയത്, കണ്ണ് നിറഞ്ഞെങ്കിലും ചിരിച്ച്കൊണ്ടെന്നെ ചേർത്ത് പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ, നെറുകയിലൊന്നമർത്തി ചുംബിക്കുമ്പോൾ,എന്റമ്മയുടെ സ്നേഹം എത്രത്തോളം വലുതാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.
"നീ പോയി ഡ്രസ്സ് മാറി വാ.. അപ്പോക്ക് അമ്മ കഴിക്കാനെന്തേലും എടുക്കാം"
ഞാൻ നേരെ എന്റെ മുറിയിലേക്ക് നടന്നു, അമ്മ അടുക്കളയിലേക്കും.
ഒരു മാറ്റവുമില്ല എന്റെ എല്ലാ സാധനങ്ങളും അതുപോലെ തന്നെ വെച്ചിട്ടുണ്ട്. പുസ്തകങ്ങളും, ഡ്രെസ്സുകളുമൊക്കെ..
ജീവിതത്തിൽ ഇരുപത് വർഷം കഴിഞ്ഞ, എന്റെ സ്വന്തമെന്ന് കരുതിയ വീട്.ഇന്നിതാ ഇവിടെ ഞാനൊരു വിരുന്നുകാരി മാത്രം.എന്തൊരു യോഗമാണ് ഞങ്ങൾ പെൺകുട്ടികൾക്ക്.പെട്ടന്നൊരു ദിവസം എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങണം,പിന്നെ തികച്ചും അപരിചിതരായ കുറേ പേരുടെ കൂടെ അവരിലൊരാളായി മാറണം.ഇടക്കെപ്പോഴെങ്കിലും സ്വന്തം വീട്ടിലേക്ക് വരുന്ന വിരുന്നുകാരിയാകണം..
വെറുതെ ജനവാതിലിനരിലേക്ക് നടന്ന് കർട്ടൺ മാറ്റി ജനൽ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു. ഞാൻ നട്ടുവളർത്തിയ ചെമ്പകം ആദ്യമായ് മൊട്ടിട്ടുണ്ട്. ദേവൂട്ടി എന്റെ കല്യാണത്തിനോടടുപ്പിച്ച് നട്ട റോസാ ചെടി നന്നായി വളർന്ന് തളിർത്ത് നിൽക്കുന്നു ,അമ്മേടെ പൂവാലി പശു പതിവ് പോലെ തൊടിയിൽ പുല്ലു തിന്നുന്നു..
എല്ലാം നോക്കി നിൽക്കുമ്പോൾ എന്തോ നഷ്ട്ടമായ പോലെ എന്തെന്നില്ലാത്ത ഒരു നിരാശയായിരുന്നു മനസ്സിൽ..
ഈശ്വരാ.. എന്ത് വേണം ഞാൻ.. ഇവരോടെല്ലാം തുറന്ന് പറയണോ...
എത്ര കഷ്ട്ടപെട്ടാണച്ഛൻ എന്റെ കല്ല്യാണം നടത്തിയത്.എന്നിട്ടിപ്പോ.. ആലോചിക്കും തോറും ആധി കൂടിക്കൂടി വന്നു.
കല്ല്യാണം കഴിഞ്ഞിട്ട് ഒരുമാസമേ ആയിട്ടുള്ളു. അതിന്റെ ഒരു സന്തോഷവും എനിക്കില്ലായിരുന്നു.കാരണം മറ്റൊന്നുമല്ല ശ്രീയേട്ടനെന്നെ ഇഷ്ട്ടമല്ല.
ജ്വലിച്ചു നിന്ന അഗ്നിയെ സാക്ഷിയാക്കി അയാളെന്റെ കഴുത്തിൽ താലി ചാർത്തിയപ്പോൾ. കയ്യിൽ നിലവിളക്കുമായി വലതുകാൽ വെച്ച് ആ വീടിന്റെ പടിക്കേറുമ്പോൾ എന്തെല്ലാം പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്. പക്ഷേ.. എല്ലാം ഒരു രാത്രികൊണ്ടവസാനിച്ചു.
എനിക്ക് വേറെ ഒരിഷ്ടമുണ്ടായിരുന്നെന്നും, അവളെ മറക്കാനെനിക്ക് കഴിഞ്ഞിട്ടില്ലെന്നും ശ്രീയേട്ടൻ എന്റെ മുഖത്ത് നോക്കി പറയുമ്പോൾ മറുത്തൊന്നും പറയാനാവാതെ,പകച്ച് നിൽക്കാനേ കഴിഞ്ഞൊള്ളു.എനിക്കോർമയുണ്ട് എന്റെ മിഴികൾ നനഞ്ഞിരുന്നില്ല.പക്ഷെ ഉള്ളം നെരിപ്പോട് പോലെ എരിയുകയായിരുന്നു.
ഇതാ.. ഇന്നിത് വരെയും ശ്രീയേട്ടനെന്നെ ഭാര്യയായി കാണാൻ കഴിഞ്ഞിട്ടില്ല.ഒരു മാസം ഞാനെല്ലാം സഹിച്ചു.അതിനിടയിൽ രണ്ട് വട്ടം വീട്ടിൽ വന്ന് പോയെങ്കിലും ആരോടും ഞാനൊന്നും പറഞ്ഞിട്ടില്ല. ഇതിപ്പോ ആദ്യമാണ് രണ്ട് ദിവസം നിൽക്കാൻ...
എല്ലാവരുടെ മുന്നിലും ഒരുപാട് സ്നേഹമുള്ള പോലെയാണ് എന്നോട് പെരുമാറുന്നത്, അല്ലെങ്കിലും ദേഷ്യമോ, വെറുപ്പോ ഒന്നും കാണിക്കാറില്ല. പക്ഷെ ഭാര്യയെന്ന പദവി മാത്രം നൽകുന്നില്ല.വേറൊരുത്തിയെ മനസ്സിലിട്ട്, ഒന്നുമറിയാത്ത എന്നോടെന്തിനാണീ ചതി ചെയ്തെതെന്ന് പലവട്ടം ചോദിക്കാൻ തുടങ്ങിയതാണ്. നാക്ക് പൊങ്ങാറില്ല, മനസ്സ്‌ മരവിച്ച പോലെ.ജീവിതം മടുത്തിരിക്കുന്നു..
"വല്യേച്ചീ... "
പെട്ടന്നുള്ള വിളി കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു.. നിധിമോളാണ് എന്റെ കുഞ്ഞനുജത്തി.സ്കൂൾ വിട്ട് വന്നതേയുള്ളു, യൂണിഫോം ഒന്നും മാറിയിട്ടില്ല.
അവളുടെ മുഖത്തെ ആകാംഷ നിറഞ്ഞ സന്തോഷം മായുന്നത് കണ്ടപ്പോഴാണ് എനിക്ക് ബോധ്യം വന്നത്, എന്റെ മിഴികൾ രണ്ടും നിറഞ്ഞൊലിക്കുകയാണെന്ന്.
"വല്ല്യേച്ചി കരയാ..?"
"ഇല്ലെടി മോളേ.. ഓരോന്നോർത്ത് നിങ്ങളെയൊക്കെ പിരിഞ്ഞ സങ്കടാ.."
അവളോടി വന്നെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.. അപ്പോഴേക്കും ദേവൂട്ടിയും എത്തിയിരുന്നു എന്റെ നേരെ ഇളയവൾ. അച്ഛനുമമ്മക്കും ഞങ്ങൾ മൂന്ന് പെണ്മക്കളാ..
പിന്നവിടെ ഒരു കൂട്ടക്കരച്ചിലായി. സമാധാനിപ്പിക്കാൻ വന്ന അമ്മയും കരയാൻ തുടങ്ങി.
"അയ്യേ.. ഞാനൊന്ന് വന്നപ്പോ എല്ലാരും കരയാച്ചാ ഞാൻപൂവ്വ"
ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു..
"പോ ചേച്ചി.. വല്ല്യേച്ചി അല്ലേ ഞങ്ങളെയൊക്കെ കരയിച്ചേ ? ഇനി കൊറേ ദിവസം കഴിഞ്ഞിട്ട് പോയാതി"
"ആഹാ കൊള്ളാല്ലോ കുറുമ്പി "
ഞാനവളുടെ ചെവിയിൽ പിടിച്ച് തിരുമ്മി. മിഴികൾ തുടച്ച് ചിരിച്ചു.
അച്ഛനെ കണ്ടില്ലല്ലോ എന്നോർത്തതും
"ന്റെ കുട്ടി എപ്പഴാ വന്നേ ? ദേ മുറ്റത്തേക്ക് കേൾക്കുന്നുണ്ട് നിങ്ങളെ സംസാരം. അപ്പഴേ ഞാൻ കരുതി ഇന്റെ കുട്ടി വന്നിട്ടുണ്ടാകുംന്ന്" ഇതും പറഞ്ഞ് നിറഞ്ഞ സന്തോഷത്തോടെ കേറിവന്നതും ഒന്നിച്ചായിരുന്നു.
ഇതുവരെ ഇത്ര സന്തോഷത്തോടെ അച്ഛനെ ഞാൻ കണ്ടിട്ടുണ്ടോ.. അറിയില്ലെനിക്ക്. ഓടി ചെന്ന് അച്ഛൻറെ നെഞ്ചിലേക്ക് വീഴുമ്പോൾ. ഒരു കുഞ്ഞു കുട്ടിയാവുകയായിരുന്നു ഞാൻ..എന്തോ വല്ലാത്തൊരു സമാധാനമായിരുന്നു മനസ്സിനപ്പോൾ.വലുതാവണ്ടായിരുന്നു എന്നും എന്റച്ഛന്റെ തണലിലിങ്ങനെ നിന്നാ മതിയാർന്നു.
അന്ന് ഞങ്ങൾ ഒരുപാട് വൈകിയാണ് കിടക്കാൻ പോയത്..വിശേഷങ്ങൾ പങ്ക്‌വെച്ചും, കളിച്ചും ചിരിച്ചും..
അപ്പോഴെല്ലാം ഉള്ളിന്റെയുള്ളിൽ ഞാൻമാത്രം കരയുകയായിരുന്നു.
പിറ്റേന്ന് കുട്ടികൾ സ്കൂളിൽ പോയിക്കഴിഞ്ഞപ്പോൾ അമ്മയോടെങ്കിലും എല്ലാം പറയാമെന്ന തീരുമാനത്തിൽ അടുക്കളയിലേക്ക് നടന്ന ഞാൻ, അച്ഛൻ അമ്മയോട് സംസാരിക്കുന്നത് കേട്ടാണവിടെ നിന്നത്.
"ന്തേലും വെഷമണ്ടോ ന്റെ കുട്ടിക്ക് ?അവളെന്തേലും പറഞ്ഞോ ?"
"നിങ്ങക്കെന്തേ അങ്ങനെ തോന്നാൻ ?"
"ആ പഴേ ചിരീം കളീം ഒന്നും അങ്ങടില്ല.ന്തേലും ഉണ്ടേലും പറയില്ലാത്.പാവാ ന്റെ കുട്ടി"
"ഉം.. നിക്കും തോന്നി.. ഞാനൊന്ന് ശെരിക്ക് ചോദിക്കട്ടെ"
അമ്മ ഒരു ദീർഘ ശ്വാസമെടുത്തു.
ന്റെ കുട്ടീന്റെ മനസ്സ്‌ നൊന്താ നിക്ക് സഹിക്കാൻ പറ്റില്ലാട്ടോ ന്നും പറഞ്ഞ് അച്ഛൻ അടുക്കള വഴി മുറ്റത്തേക്ക് ഇറങ്ങി പോയപ്പോൾ എന്റെ ഹൃദയമാണ് പൊട്ടിപ്പോയത്.. അന്നത്തെ ആ ദിവസം പോലെ..
അന്ന്.. കോളേജിൽ ഫീസ് അടക്കേണ്ട അവസാന ദിവസം, ഇറങ്ങുമ്പോൾ അച്ഛനോട് പൈസ ചോദിച്ചെങ്കിലും.അച്ഛന്റെ കയ്യിൽ അത്രേം തുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ഇന്ന് അടച്ചില്ലെങ്കിൽ ഞാൻ പുറത്ത് നിൽക്കേണ്ടി വരുമെന്ന് അല്പം ദേഷ്യത്തോടെ പറഞ്ഞ് ഇറങ്ങി നടന്നപ്പോൾ,
എന്റച്ഛൻ എത്രമാത്രം വെഷമിച്ചിട്ടുണ്ടാവണം.
ഉച്ചയായപ്പോൾ എവിടുന്നൊക്കെയോ കടം വാങ്ങി കോളേജിൽ വന്ന് എന്റെകയ്യിൽ അത് വെച്ചിട്ട്,ന്റെ കുട്ടിനെ പൊറത്താക്കിയോ ന്ന് ചോദിച്ചപ്പോഴും
ഇല്ലച്ഛാ ന്നും പറഞ്ഞ് സമാധാനിപ്പിച്ച് തിരിച്ചയക്കുമ്പോൾ കാഴ്ചയിൽ നിന്ന് മറയും വരേ ഞാൻ നോക്കി നിൽക്കുമ്പോഴും..ഇത്പോലെ എന്റെ ചങ്ക് പൊട്ടുന്ന വേദനയായിരുന്നു.
ദൈവമേ...ഇത്രയും കഷ്ട്ടപെട്ടെന്നെ വളർത്തി, കല്യാണോം കഴിപ്പിച്ച് വിട്ടിട്ട് ഇനിയും ഒരു തീരാദുഃഖം കൊടുക്കാൻ എനിക്കാവില്ല്യ.. എല്ലാം ഞാൻ നിന്നിലർപ്പിക്കുന്നു.
അല്ലെങ്കിലും ഒന്ന് ശ്രമിച്ച് പോലും നോക്കാതെ, അതിന്റെ സത്യാവസ്ഥ പോലും അറിയാതെ എന്തിനാണ് ഞാൻ...
ഒരിഷ്ടമുണ്ടായിരുന്നെന്നല്ലേ എന്റെ ശ്രീയേട്ടൻ എന്നോട് പറഞ്ഞത്, മറക്കാൻ അൽപ്പം സമയമാണ് ആവിശ്യമെങ്കിലോ?അതുമല്ല ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുന്ന ആളായത് കൊണ്ടാണല്ലോ ഒന്നും പെട്ടന്ന് മറക്കാൻ കഴിയാത്തത്,എന്റെ സ്നേഹത്തിന് അത് മാറ്റി എടുക്കാൻ കഴിഞ്ഞാൽ...
എന്തൊക്കെയോ ഓർത്ത് സ്വയം ആശ്വസിച്ച് കൊണ്ട് ഞാനെന്റെ മുറിയെ ലക്ഷ്യമാക്കി തിരിച്ച്‌ നടന്നു.
വേണ്ട ആരും ഒന്നും അറിയണ്ട. നാളെ ശ്രീയേട്ടൻ വരുമ്പോൾ തിരിച്ച് പോണം, സ്നേഹം കൊണ്ടും, ക്ഷമകൊണ്ടും തീർക്കാൻ പറ്റാത്ത ഒന്നുമില്ല കുടുംബ ജീവിതത്തിൽ.
മിഴികൾ തുടച്ച് ആത്മവിശ്വാസത്തോടെ നടക്കുമ്പോൾ, മനസ്സിന്റെ ഭാരം പതിയെ കുറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു
അതെ..ഇത് നിനക്ക് തനിയെ നേരിടാവുന്ന പ്രശ്നമേയുള്ളു. ഉള്ളിലിരുന്നാരോ എനിക്ക് ധൈര്യം പകരും പോലെ...
***
(ക്ഷമയും നിഃശ്ചയ ദാർഢ്യവും കുടുംബത്തിൽ കൊണ്ടുവരാൻ കഴിയുമെങ്കിൽ, ഈ ഭൂമിയിൽ തന്നെ നമുക്ക് സ്വർഗം തീർക്കാം ) 

By: sebiya thesnim

നോവോർമ്മകൾ

For more from Sebiya Thesnim, visit nallezhuth.com   ======
അന്നത്തെ ആ ദിവസം പോലെ ഇന്നും ഉണർന്നപ്പോൾ മുതൽ മനസ്സ്‌ പതിവിലും അസ്വസ്ഥമാണ്. അല്ലെങ്കിലും ഇപ്പോൾ കുറച്ച് ദിവസമായങ്ങിനാണല്ലോ.മഴമൂടി നിൽക്കുന്ന പുലരികളെല്ലാം മനസ്സിന് വല്ലാത്തൊരു ഭാരമാണ് സമ്മാനിക്കുന്നത്.
ക്യാൻസർ വാർഡിലെ ഈ ഒൻപതാം നമ്പർ ബെഡിൽ പ്രതീക്ഷകളറ്റ് കിടക്കുമ്പോൾ വിഷാദമല്ലാതെ എന്ത് കൂട്ടുവരാനാണ്.പേടിക്കാനൊന്നുമില്ല ഫസ്റ്റ് സ്റ്റേജ് ആണ്,ചികിത്സിച്ചാൽ ഭേദമാകുമെന്ന് ഡോക്ടർ പലതവണ പറഞ്ഞതാണ് എന്നാലും...
ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വേദന അറിയണമെങ്കിൽ ഇതുപോലൊരു അവസ്ഥയിൽ എത്തണം. പ്രതീക്ഷകൾ ഇല്ലാതെ, മോഹങ്ങളില്ലാതെ നിരാശ മാത്രം കൂട്ടായി..
മനസ്സിലെന്നപോലെ പുറത്തും നല്ല ഇരുട്ട് മൂടിയിരിക്കുന്നു.ഒരു മഴക്കോളുണ്ട്. ജനവാതിലിനരികിലേക്ക് പതിയെ നടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം എന്നെ വരിഞ്ഞ് മുറുക്കി.
മേഘപാളികളാൽ മൂടപ്പെട്ട ആകാശം പെയ്ത് തോരാൻ വെമ്പി നിൽക്കുന്ന പോലേ.. ഞാനും, ഇവിടെയുള്ള ഓരോരുത്തരും ഇതുപോലെയല്ലേ ?അന്തരീക്ഷത്തിന്റെ അനന്തതയിലേക്ക് നോക്കി ഓർമയുടെ കെട്ടഴിച്ചാൽ ആദ്യവും അവസാനവും വിങ്ങി നിറയുന്നത് ഒരു മുഖം മാത്രം.
**********************************************
ഏതാനും വർഷങ്ങൾക്ക് മുൻപ് .. പതിവില്ലാതെ മഴമൂടി നിന്ന ആ വേനലിലെ അവസാന ദിവസം ഇന്നലെ എന്ന പോലെ ഇന്നുമുണ്ടോർമ്മയിൽ. ഉണരുമ്പോൾ തന്നെ അകാരണമായ ഒരു വിഷാദം മനസ്സിനെ അലട്ടിയിരുന്നു. ഇന്നെന്താ ഇങ്ങനെ എന്നോർത്ത് മൊബൈൽ ഫോണുമെടുത്ത് ഉമ്മറപ്പടിയിലേക്കിരിക്കുമ്പോഴാണ് അപ്പൊറത്തെ വീട്ടിലെ ശ്യാമേച്ചീടെ വരവ്.
ശ്യാമേച്ചി ഞങ്ങടെ നാട്ടിലെ ആകാശവാണി കൂടിയാണ്. രാവിലെ തന്നെ വല്ലോം കിട്ടിക്കാണും അമ്മയെ അറീക്കാൻ വരുന്ന വരവാ .ഞാൻ കാണാത്ത മട്ടിൽ മൊബൈലിലേക്ക് നോക്കി. പണ്ടാരം ചാർജ് തീർന്ന് ഓഫ് ആയിട്ടുണ്ട്.
"അച്ചൂ .. നിങ്ങൾ വല്ലോം അറിഞ്ഞോ ?അമ്മെന്തേ ? "
അവരുടെ മുഖത്തെ വല്ലാത്ത പരിഭ്രമം എനിക്കെന്തോ പന്തികേട് തോന്നി
"ന്താച്യേ ? അമ്മാ... ദേ ശ്യാമേച്ചി"
അടുക്കളയിൽനിന്നും തിരക്കുകൾക് ഇടവേളയിട്ട് അമ്മ മുൻവശത്തേക്ക് വന്നു
"ന്തേ ശ്യാമേ ?"
അവരെന്തോ പറയാൻ വന്ന് എന്റെമുഖത്തേക്ക് നോക്കി വാക്കുകളില്ലാതെ മിഴിച്ചു നിൽക്കുന്നു .
"ന്തേടി.. ന്തേലും പ്രശ്ണോണ്ടോ?"
അമ്മയുടെ ആധിയേറിയ ചോദ്യംകൂടിയായപ്പോൾ എന്നിലെ പേടി കൂടിക്കൂടി വന്നു.
ഞാൻ ഇരിക്കുന്നിടത്തുനിന്ന് പതിയെ എണീറ്റു അവരെ രണ്ടുപേരെയും മാറി മാറി നോക്കി
"തെക്കേലെ കുറുപ്പേട്ടന്റെ മോളില്ലേ.?ആ കുട്ടി മരിച്ചെന്ന്... ആത്മഹത്യേത്രേ.. മ്മടെ അച്ചൂന്റെ കൂട്ടാരി അല്ലാർന്നോ ?"
എന്നെ ഏറെ തളർത്തിയ ആ വാർത്തയെനിക്ക് വിശ്വസിക്കാനായില്ല. മറുത്തൊരു വാക്ക് ചോദിക്കാതെ ഞാനാ ഉമ്മറപ്പടിയിലേക്ക് അമർന്നിരുന്നു.മനസ്സിൽ ശൂന്യതയുടെ ഇരുണ്ട നിറം വന്നു നിറഞ്ഞുനിന്നു.
"ആത്മഹത്യയോ!! ?എന്തിനാ ശ്യാമേ ആ കുട്ടിയങ്ങനെ ?"
"ആർക്കും അറീലാത്രേ.. അതിനൊരു പ്രേമം ണ്ടായിരുന്നു പറീണു.ഒരെഴുത്തൊന്നും ഇല്ല്യാത്രേ"
"മോളെ .. നെനകിച്ചണ്ടോ ന്തിനാ ആ കുട്ടി ?"
"നിക്കറീല്ല്യാമ്മ ... അവളിപ്പോ ഇന്നോടത്ര കൂട്ടില്ല്യാലോ ? "ശബ്ദം വ്യക്തമായി പുറത്ത് വരാതെ ഞാൻ പറഞ്ഞൊപ്പിച്ചു.
"തൂങ്ങി മരിച്ചേക്കാ ?അതോ വെഷം വല്ലതും ??ന്നാലും ന്താ ആ കുട്ടിക്ക് അങ്ങനെ തോന്നാൻ ? ഈശ്വരാ ന്തൊക്കെ ഈ കുട്ടയാൾടെ മനസ്സിലെന്നാർക്കാർക്കറിയ"
ശ്യാമേച്ചി അതിനൊക്കെയും മറുപടി പറഞ്ഞ് കൊണ്ടേയിരുന്നു.. ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ശരീരമാകെ ഒരു മരവിപ്പ് കണ്ണിലേക്ക് ഇരുട്ട് പടർന്ന് കേറും പോലേ..
മരണവീടിന്റെ പടികേറുമ്പോൾ എന്തോ സ്വയം നിയന്ത്രിക്കാനാവാതെ ഞാനമ്മയുടെ കയ്യിൽ മുറുകെ ചുറ്റിപ്പിടിച്ചിരുന്നു. അധികവും പരിചയമുള്ള മുഖങ്ങളായിരുന്നെങ്കിലും ആരെയും ശ്രദ്ധിച്ചില്ല. അവളെ ആ ചെറിയ വീടിന്റെ നടുവിലെ മുറിയിലായി വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നു. ഇടവിട്ടുള്ള അവളുടെ അമ്മയുടെ നിലവിളി അവിടെ തളം കെട്ടി നിന്ന നിശബ്ദതയെ കീറി മുറിക്കുന്നുണ്ടിടക്ക്.അച്ഛൻ തളർന്ന് ചുമരിനോട് ചാരിയിരുന്ന് മറ്റേതോ ലോകത്തെന്ന പോലേ മൗനമായ് കണ്ണീർ വാർക്കുന്നു.
ഒന്നും കണ്ടു നിൽക്കാനായില്ല. അമ്മയുടെ തോളിൽ ചാഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ പൊടുന്നനെ മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങിയിരുന്നു..
വീടെത്തീട്ടും ഞാൻ അമ്മയുടെ കയ്യിലെ പിടി വിട്ടിരുന്നില്ല. അമ്മ എന്തൊക്കെയോ പറഞ്ഞെന്നെ സമാധാനിപ്പിച്ച് കൊണ്ടിരുന്നു. ഒന്നും പറയാതെ ഞാൻ നേരെ എന്റെ മുറിയിൽകേറി വാതിലടച്ചു. പാതി നനഞ്ഞിരുന്ന വസ്ത്രംപോലും മാറാതെ കണ്ണാടിക്കു മുമ്പിൽ നിന്ന് എന്റെ പ്രതിരൂപത്തെ കണ്ണിമ വെട്ടാതെ നോക്കി,മനസ്സാക്ഷിയില്ലാത്തവളല്ലേ ഞാൻ ? ഈ വിഷമം അഭിനയമല്ലേ ശെരിക്കും ?
എന്തിനാണാനവൾ?.. എന്നോട് പകരം വീട്ടിയതാണോ? എന്താണ് സംഭവിക്കുന്നതെന്നറിയാതെ,ഒരുത്തരവുമില്ലാത്ത പലചോദ്യങ്ങൾ നനസ്സിൽ മിന്നി മറിഞ്ഞു. ചിരിക്കണോ കരയണോ എന്നറിയാതെ ഒരു ദീർഘ ശ്വാസമെടുത്തു..
'മണ്ടി 'ഒരു നഷ്ട പ്രണയത്തിന് വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കിയവൾ.നന്ദിയാണോ ഞാൻ പറയേണ്ടത് ?അവനെ എനിക്ക് വിട്ടു തന്നിട്ട് സ്വയം ഒഴിഞ്ഞു തന്നതിന്.അതോ മാപ്പോ നിന്റെ ജീവിതം ഇല്ലാതാക്കിയതിന്. കുറ്റബോധത്തിന്റെ നേരിയ നാളമെന്നിൽ തെളിയുന്നത് ഞാനറിഞ്ഞു.
***********************************************
ഡിഗ്രിക് പഠിക്കുമ്പോഴാണ് അവളെ ഞാൻ പരിചയപ്പെടുന്നത്.എന്റെ പ്രിയപ്പെട്ട കൂട്ടുകാരി. അങ്ങനെ പറയാവോ എനിക്കറിയില്ല. അവൾക്കുണ്ടായിരുന്ന ആ പ്രണയം..അവനാണ് എല്ലാത്തിനും കാരണം. ഒരുപക്ഷേ അവർതമ്മിൽ അടുപ്പമാണെന്ന് അറിയുംമുൻപേ എനിക്കവനോട് തോന്നിയ ഇഷ്ട്ടമാവാം എന്നെകൊണ്ട് ഇങ്ങനെയൊക്കെ...
കോളേജിൽ എത്തും മുൻപേ അവർതമ്മിൽ ഇഷ്ട്ടമായിരുന്നെന്ന് പിന്നീടാണ് അറിഞ്ഞത്. ദൃഢമായ ആ ബന്ധത്തെ ഒരിക്കലും തകർക്കാനാവില്ലെന്നെനിക്കറിയാമായിരുന്നെങ്കിലും അവനോടുള്ള എന്റെ ഇഷ്ടം അതെനിക്ക് ധൈര്യം തന്നുകൊണ്ടേയിരുന്നു. സംശയത്തിന്റെ കരിനിഴൽ അവർക്കിടയിൽ വീഴ്ത്താൻ ഒരു കഴുകനെ പോലേ ഞാനവസരം നോക്കി നിന്നു. ഇന്നിതാ ഒടുക്കം ഞാൻ തന്നെ 'വിജയിച്ചിരിക്കുന്നു.' ഇടക്കെപ്പഴോ അവൾ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നിലെ സൂത്രധാരിയെ. അന്നുമുതൽ ഒരു കൂട്ടുമില്ലായിരുന്നു ഞങ്ങൾ തമ്മിൽ. പിന്നെ അവൾ ആരോടും മിണ്ടാതായി. അവനവൾക്ക് മുഖം കൊടുക്കാതെ നടക്കുന്നത് കണ്ട് ഞാനേറെ സന്തോഷിച്ചു. അവളപ്പോഴും ഉരുകി തീരുകയായിരുന്നോ ? മറക്കമായിരുന്നില്ലേ അവനെ ? അതിനവൾ മരണം കൊണ്ട് പകരം വീട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എന്തായാലും ഇനി അവളില്ലല്ലോ എന്നോർക്കുംതോറും ഉള്ള് പിടഞ്ഞ് കൊണ്ടിരുന്നു.
ബെഡിലേക്ക് മറിഞ്ഞ് ചാർജിൽ വെച്ച ഫോണെടുത്തു നോക്കി ദേ അവസാനമായി അവളയച്ച മെസ്സേജുണ്ട്.
'നീ എനിക്കെന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു.അതങ്ങനെ മതിയായിരുന്നു.എന്തിനായിരുന്നു ഞങ്ങൾക്കിടയിലേക്ക് വന്ന് ഇങ്ങനെ.. അറിയില്ലെനിക്ക്. എല്ലാം ഞാൻ നിനക്ക് വിട്ടുതന്നിരിക്കുന്നു .. പക്ഷേ അവന്റെ സ്നേഹമില്ലാതെ,അവൻ സംശയിക്കുന്ന ഒരാളായി ഒരു നിമിഷം പോലും ജീവിക്കാനാവില്ല. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എനിക്ക് തിരിച്ച് തന്നേക്കണം.. നിന്നോട് മാത്രമാണെനിക്ക് യാത്ര പറയാനുള്ളത്. ഞാൻ പോകുന്നു അവന്റെ ഓർമകളുമായി. നന്ദി.. '
ആ വാക്കുകൾ ഹൃദയത്തിലേക്കൊരസ്ത്രം തൊടുത്തു വിട്ടപോലെ എന്നിൽ തറച്ചു നിന്നു. പുറത്ത് പെയ്യുന്ന മഴയുടെ തണുത്ത പാളികളെന്നെ ചുട്ടു പൊള്ളിച്ചു. ഇന്നെന്തിനാണിത്ര മഴ. പ്രകൃതി പോലും കരയുകയാണോ.. അതോ അവളുടെ ആത്മാവെന്നെ കരഞ്ഞു ശപിക്കുകയോ.
അവൾ പോയാൽ അവനെന്നെ തേടിവരും എന്നൊക്കെ എന്റെ വെറും തോന്നലുകളായി തന്നെ ബാക്കിയായി.പിന്നീട് ഞാൻ കണ്ടിട്ട് പോലുമില്ല. അതിന് ശ്രമിച്ചതുമില്ല. മാനസികമായി ഞാൻ പാടെ തകർന്ന് പോയിരുന്നു.
***********************************************
ഒരാളെ വഞ്ചിക്കുമ്പോൾ ഉണ്ടാകുന്ന അവരുടെ വേദന, അതിന്റെ ശിക്ഷയുടെ ആഴം ഇന്ന് ഞാൻ തിരിച്ചറിയുന്നു..
ഇന്നതാണ് ക്യാൻസറിന്റെ രൂപത്തിൽ എന്നെ പിടികൂടിയിരിക്കുന്നത്.
"മോളെ.. എന്താ നീ ഇത്ര ആലോയ്ക്കുന്നെ ?"
ഓർക്കാപുറത്തുള്ള അമ്മയുടെ വിളി.
അമ്മക്കൊന്നുമറിയില്ലല്ലോ.. ആർക്കും അറിയില്ല. അറിയുന്ന ആൾ ആരോടും പറയാതെ പോയ്‌ കളഞ്ഞില്ലേ.വിളിച്ച് പറയാമായിരുന്നു അവൾക്കീ ലോകത്തോട്. ഇങ്ങനൊരു തീരാ വേദനതന്ന് തോൽപ്പിച്ച് കളയണ്ടായിരുന്നു.
ഓർമകൾക്ക് തൽക്കാലം വിരാമമിട്ട് പുറത്തേക്ക് നോക്കി. ഇരുണ്ട് നിന്ന ആകാശം തെളിഞ്ഞ് നിൽക്കുന്നു . നല്ലൊരു മഴ പെയ്ത് തോർന്നിരിക്കുന്നു.. ഒന്നും അറിഞ്ഞതേ ഇല്ല.
എന്നാണ് എന്റെ മനസ്സും ഇത് പോലൊന്ന് തെളിഞ്ഞ് നിൽക്കുക. അറിയില്ലെനിക്ക്. അങ്ങനൊന്നുണ്ടാകുമോ? നിന്റെ ഓർമകൾ മാത്രം കരഞ്ഞ് തീരുന്നേയില്ല. ഒരു പ്രാവശ്യം,ഒറ്റപ്രാവശ്യം പോലും മാപ്പ് ചോദിക്കാൻ എനിക്കായില്ലല്ലോ.ഇനി പ്രാർത്ഥനകൾ മാത്രം പകരം തന്ന് എന്റെ ഊഴം എത്തും വരെ ഞാൻ ഉരുകിയുരുകി ഇവിടെയിങ്ങനെ....
****

By: 
Sebiya Thasnim

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo