Slider

ആത്മസഖി

0

എന്നായിരുന്നു ഞങ്ങൾ തമ്മിൽ ആദ്യമായ് കണ്ടത്..
ഓർക്കുമ്പോഴെല്ലാം ഒരു നനുത്ത ചിരിയെന്റെ ചുണ്ടിൽ അറിയാതെ വിടരാറുണ്ട്. പതിനാറു വർഷങ്ങൾ പിന്നിലേക്ക് ഞാനെന്ന ആറാം ക്ലാസ്സുകാരൻ വെറുതെയൊന്ന് ഓടി പോവാറുണ്ട്..നിറം മങ്ങാതെ കിടക്കുന്ന ഓർമ്മകളൊരു ചാറ്റൽ മഴയായ് നെഞ്ചിലേക്ക് പതിയെ പെയ്തിറങ്ങാറുണ്ട്....
ഏട്ടന്റെ വിവാഹ ദിവസമായിരുന്നു അന്ന്..
ഏടത്തിയുടെ വീട്ടിലേക്ക് തിരിക്കുമ്പോൾ കല്ല്യാണ ചെക്കന്റെ അനിയൻ എന്ന ഗമയോടെയായിരുന്നു എന്റെയിരിപ്പ്. മനോഹരമായലങ്കരിച്ച
കതിർമണ്ഡപത്തിനരികെ നിൽക്കുമ്പോഴാണ് അവിടെയുള്ള കുട്ടിക്കൂട്ടങ്ങൾക്കിടയിൽ വെച്ച് ഞാനവളെ ആദ്യമായ് കണ്ടത്.വിടർന്ന കണ്ണുകളുള്ള, എനിക്കേറെ ഇഷ്ടപ്പെട്ട നീല നിറത്തിലുള്ള പട്ടുപാവാടയുമിട്ട് ഓടി കളിക്കുന്ന ഒരു സുന്ദരി. ആദ്യ കാഴ്ചയിൽ തന്നെ മറ്റുള്ളവരോടൊന്നും തോന്നാത്ത എന്തോ ഒരു കൗതുകമായിരുന്നു എനിക്കവളോട് .. കണ്ണെടുക്കാതെ ഞാൻ നോക്കി നിൽക്കെ പട്ടുപാവാടയിൽ തടഞ്ഞ് അവളൊന്ന് വീണു.. കൂടെ കളിച്ചവരെല്ലാം ആർത്തു ചിരിച്ചപ്പോൾ കരച്ചിലിന്റെ വക്കിലെത്തിയ അവൾക്ക് നേരേ ഞാനെന്റെ കൈ നീട്ടി, പിടിച്ചെഴുന്നേൽപ്പിച്ചു.
അദൃശ്യമായ ഒരു സ്നേഹ നൂലിനാൽ ഞങ്ങളെ തമ്മിൽ ബന്ധിക്കുകയായിരുന്നോ ദൈവം... ആയിരിക്കണം
ഏടത്തിയുടെ മൂത്താങ്ങളയുടെ മോൾ.എന്റെ അതേ പ്രായം.ആറാം ക്ലാസ്സിൽ പഠിക്കുന്നു.വിശേഷങ്ങളൊക്കെ പങ്ക് വച്ച് അന്ന് യാത്ര പറഞ്ഞ് പിരിഞ്ഞെങ്കിലും പിന്നീടുള്ള ഓരോ വിരുന്നിലും, ആഘോഷങ്ങളിലും ഞങ്ങൾ പരസ്പരം കണ്ടു.ദൈവം ഓരോ അവസരങ്ങളായ് കൊണ്ട് തരികയായിരുന്നെന്ന് പറയാം.ഒരു നോട്ടം കൊണ്ടും ചിരികൊണ്ടും കൈമാറാൻ മാത്രം പാകത്തിന് ബാക്കി വെച്ച ഒന്ന്..എല്ലാവരും കളിയിലും ചിരിയിലും മുഴുകുമ്പോൾ ഞങ്ങളുടെ മിഴികൾ തമ്മിൽ മൗനമായ് സംസാരിച്ചു.അത് പ്രണയമാണെന്ന് തിരിച്ചറിയാൻ മൂന്ന് വർഷങ്ങളെടുത്തു.ഇഷ്ടമാണെന്ന് ഞാനവളോട് ആദ്യമായ് പറഞ്ഞ, എനിക്കേറെ പ്രിയപ്പെട്ട
ആ ദിവസം ഇന്നലെയെന്നപോൽ ഇന്നുമെന്റോർമ്മയിൽ ഇടക്ക് വന്ന് വെറുതെ പുഞ്ചിരിച്ച് നിൽക്കാറുണ്ട് .. അന്ന് ഞങ്ങൾ രണ്ട് പേരും ഒമ്പതാം ക്ലാസ്സിലായിരുന്നു.
പിന്നീടങ്ങോട്ട് കാത്തിരിപ്പായിരുന്നു.നിശ്ചയതാമ്പൂലങ്ങൾക്കും വിവാഹങ്ങൾക്കും , പിറന്നാളുകൾക്കും... ഇരുവീട്ടുകാരും ഒന്നിച്ച് ചേരുന്ന ഓരോ ആഘോഷങ്ങൾക്കുമായ്.തമ്മിലൊന്ന് കാണാൻ വേണ്ടി മാത്രം..
വാക്കുകൾ മനസ്സിൽ ശ്വാസം മുട്ടിക്കാൻ തുടങ്ങിയപ്പോൾ ഏതോ ഒരു നിമിഷത്തിന്റെ ഉൾപ്രേരണയാൽ ഞാനവൾക്കൊരു കത്തെഴുതാൻ തീരുമാനിച്ചു.തിരിച്ചുള്ള മറുപടിക്കായി കാത്തിരുന്ന നിമിഷങ്ങളായിരുന്നു അന്നോളമുള്ള ജീവിതത്തിൽ ഏറ്റവും ദൈർഘ്യമേറിയത്. വിശപ്പും, ദാഹവുമില്ലാതെ കാന്തികമായ എന്തോ ഒന്ന് അവളുടെ ഓർമകളിലേക്ക് മാത്രം എന്നെ വലിച്ചടുപ്പിച്ച്‌ കൊണ്ടേയിരുന്നു ..
ആ ഇടക്കാണ് ഞാനെഴുതിയ ഒരു കത്ത് അവളുടെ വീട്ടിൽ പിടിക്കപ്പെട്ടത്. വലിയ പ്രശ്നങ്ങളുടെ തുടക്കമായിരുന്നു അത്. ഞങ്ങൾ കാരണം ഇരു കുടുംബവും വഴക്കിന്റെ വക്കോളമെത്തി.ഓരോ ആഘോഷങ്ങളിലും ഞങ്ങൾക്ക് രണ്ട് പേർക്കും മാത്രം വിലക്കേർപ്പെടുത്തി. വഴക്കും അടിയും ഏറ്റുവാങ്ങി എന്റെ പ്രിയപ്പെട്ട പ്രണയത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു..
പിന്നീടൊരിക്കൽ പോലും പരസ്പരം കണ്ടില്ല. ഒരുവിവരവും അറിഞ്ഞതുമില്ല. അതിന് ശ്രമിക്കുമ്പോഴെല്ലാം പരാജയമായിരുന്നു ഫലം.നിരാശയുടെ നാളുകൾ.. പ്രണയത്തിന്റെ പേരിൽ ഇത്രമേൽ വേദനിക്കേണ്ടി വരുമെന്ന് പഠിപ്പിച്ചു തന്നതും അവളുടെ ഓർമകളായിരുന്നു. ഒരു ജോലിയായിട്ട് എവിടെയായാലും കണ്ട് പിടിക്കണമെന്നും, അന്നും അവൾ എന്നെ കാത്തിരിക്കുന്നുവെങ്കിൽ കൂടെ കൂട്ടണമെന്നും അന്നേ ഉറപ്പിച്ചു . പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യന്റെ വെറും വാക്കായിരുന്നില്ല, ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞ് പോയ സ്നേഹത്തിന്റെ ഉറപ്പായിരുന്നു.
ഓരോ ദിവസവും ഞാനവളെ കുറിച്ചോർത്തു.നീറുന്ന ഓർമകളിൽ കാണണമെന്നു തോന്നും കാത്തിരിക്കണമെന്ന് പറയാൻ മനസ്സ്‌ വെമ്പും.ഒരിക്കലും എത്തിപെടാനാവാത്ത വിധം പഠനത്തിന്റെ പേരുപറഞ്ഞ് വീട്ടുകാരെന്നെ നാടുകടത്തി, ഹോസ്റ്റലിന്റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിട്ടു. നന്നായി തന്നെ പഠിച്ചു. എഞ്ചിനീയറിംഗ് കഴിഞ്ഞ് മസ്കറ്റിൽ നല്ല നിലയിൽ ജോലിയുമായി.ഇടക്കൊക്കെ ഞാനേട്ടത്തിയോട് തിരക്കാറുണ്ടായിരുന്നു അവളെ കുറിച്ച്. നിന്റെയീ പ്രേമം കാരണം എന്റെ ജീവിതം കൂടെ ഇല്ലാതാക്കരുതെന്ന അപേക്ഷയുടെ സ്വരം പിന്നീടൊരിക്കൽ കൂടി ചോദിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു.
ആദ്യമായ് ലീവിൽ വന്നപ്പോൾ അവളെ അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.എന്നെ ഓർക്കുന്നുണ്ടാകുമോ അതോ ഭർത്താവും കുടുംബവുമായി മറ്റൊരു ജീവിതം നയിക്കുന്നുണ്ടാകുമോ.. അങ്ങനെയെങ്കിൽ അകലെ നിന്നെങ്കിലും കാണണമെന്നും നിനച്ച് ചെന്ന എന്റെ മുന്നിലേക്ക് ഒരു വലിയ ആഘാതം സമ്മാനിച്ചവൾ വന്നു നിന്നു.
അവസാനമായി കണ്ടതിൽ പിന്നെ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം, കാലം ഇന്നവളെ എന്റെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുന്നു.ചുമരിൽ പിടിച്ച് വേച്ചു വേച്ച് നടക്കുന്ന അന്നത്തെ ആ പട്ടുപാവാടക്കാരിയിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു രൂപത്തിൽ.
ഒട്ടും തെളിച്ചം കുറയാത്ത മനോഹരമായ വിടർന്ന കണ്ണുകളിൽ നിരാശയുടെ നോട്ടമെറിഞ്ഞ് മൗനമായ് അവൾ നിന്നു.
ഒരുപാട് നിർബന്ധിച്ചപ്പോഴാണ് അവളെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്.അന്നത്തെ ആ വീഴ്ച്ച പിന്നീടൊരു പതിവായിരുന്നു ജീവിതത്തിൽ.
ആദ്യമൊക്കെ പ്രിയപ്പെട്ട പ്രണയത്തെ ഓർമിപ്പിച്ചെങ്കിലും,അത് തുടർന്ന് കൊണ്ടിരുന്നു.ശ്രദ്ധിക്കാതെയുള്ള നടത്തമാണെന്ന് പലരും കുറ്റപ്പെടുത്തി.കോളേജിൽ എത്തിയിട്ടും മാറ്റമില്ലാതായപ്പോഴാണ് ഡോക്ടറെ കാണുന്നത്.പേശികൾക്ക് ബലക്ഷയം സംഭവിച്ച് കൊണ്ടിരിക്കുന്ന,പ്രോഗ്രസീവ് മാസ്ക്കുലാർ ഡിസ്ട്രോഫി എന്ന ഒരപൂർവ്വ രോഗമായിരുന്നു വീഴ്‌ചക്ക് കാരണം. ആരോഗ്യപരമായ ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്കിനിയുണ്ടാവില്ലെന്നും അവൾ കൂട്ടി ചേർത്തു.
എല്ലാം കേട്ടിട്ടും എനിക്കവളെ ഉപേക്ഷിക്കാനുള്ളതൊന്നും തോന്നിയില്ല
"എന്റെ കൂടെ വന്നൂടെ നമ്മൾ സ്വപ്നം കണ്ട ജീവിതത്തിലേക്ക് "
മുഖവുരയില്ലാതെ പെട്ടന്നുള്ള എന്റെ ചോദ്യത്തിലവൾ തെല്ലൊന്നമ്പരന്നു
സമ്മതിക്കാൻ തയ്യാറായിരുന്നില്ല.വീൽ ചെയറിൽ തീരേണ്ട ജീവിതം എനിക്കൊരു ഭാരമാകുമെന്നായിരുന്നു അവളുടെ കണ്ടെത്തൽ. എത്രത്തോളം അവളെന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് മനസ്സിലായിട്ടും പിന്മാറിക്കൊണ്ടേയിരുന്നു.ഞാൻ പരിശ്രമിച്ച് കൊണ്ടും.
നീ ഇല്ലാതെ മറ്റൊരു ജീവിതം എനിക്കില്ലെന്നും പറഞ്ഞുകൊണ്ട്, അന്ന് ഞാനവിടം വിട്ടിറങ്ങി. തിരിഞ്ഞ് നടക്കുമ്പോൾ വെറുതെ ആ മിഴികളിലേക്കൊന്ന് നോക്കി എന്നോടുള്ള സ്നേഹക്കടൽ വറ്റാതെ അലയടിച്ചുയരുന്നതെനിക്ക് കാണാമായിരുന്നു.പ്രതീക്ഷയായിരുന്നു എനിക്കവൾ,കാലങ്ങളായ് കൊണ്ട് നടന്ന എന്റെ പ്രിയപ്പെട്ട സ്വപ്നം.ഈ പരിമിതികളൊന്നും അതിന്റെ മാറ്റു കുറക്കില്ലായിരുന്നു.
എന്നെങ്കിലും അവൾ സമ്മതിക്കുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം.പക്ഷേ.. ഒരു വർഷത്തോളം ഞാൻ കാത്തിരുന്നിട്ടും കണ്ടില്ലെന്ന് നടിച്ച് പതിവ്‌പല്ലവി തന്നെ പറഞ്ഞ്കൊണ്ടവൾ പിന്മാറി.അതുമാത്രമായിരുന്നില്ല,അവളെയോർത്ത് ജീവിതം ഇല്ലാതാക്കരുതെന്നും മറ്റൊരു വിവാഹം കഴിക്കണമെന്നും എന്നെ നിർബന്ധിച്ച് കൊണ്ടിരുന്നു.
ഇനിയീ കാത്തിരിപ്പിനർത്ഥമില്ലെന്ന് പൂർണ്ണ ബോധ്യമായത് കൊണ്ട് വീട്ടുകാരുടെ താല്പര്യപ്രകാരം ഇപ്രാവശ്യം ലീവിന് വന്നപ്പോൾ എല്ലാവരും കൂടെ എന്റെ വിവാഹം തീരുമാനിച്ചു.
എന്തോ അവളെ നേരിട്ട് പോയി ക്ഷണിക്കണമെന്നു തോന്നി . ഞാൻ വിവാഹിതനാകുകയാണെന്നും. തീർച്ചയായും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ് വിവാഹ ക്ഷണക്കത്ത് അവളുടെ നേരേ നീട്ടുമ്പോൾ എന്തിനെന്നറിയാതെ എന്റെ കൈ വിറച്ചു.
അത് വാങ്ങാനവൾ കൂട്ടാക്കിയില്ല.
"ഞാനുറപ്പായും വരും.നല്ലൊരു ജീവിതമുണ്ടാകാൻ എന്നും ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ട്."
എന്നിൽ നിന്നും മുഖം വെട്ടിച്ച് ഇടറുന്ന വാക്കുകളോടെ മറുപടി തന്നു.
അതവിടെ വെച്ച്, ആ മുഖത്തേക്ക് നോക്കാനാവാതെ തിരിഞ്ഞ് നടക്കുമ്പോൾ ശൂന്യത കൊണ്ടെന്റെ മനസ്സ്‌ ഇരുണ്ട് മൂടിയിരുന്നു.
************************************************
ഇന്നായിരുന്നു എന്റെ വിവാഹം....
കുടുംബങ്ങൾ മാത്രം ഒത്തുചേർന്ന് വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ചെറിയൊരു ചടങ്ങ്. അവളും, വീട്ടുകാരും വന്നിട്ടുണ്ടായിരുന്നു. കതിർമണ്ഡപത്തിലേക്ക് കേറും മുമ്പേ ഞാനവളുടെ അടുത്തേക്ക് ചെന്നു
"വധുവിനെ കാണണ്ടേ നിനക്ക് ?"
മൗനമായ് പൊഴിഞ്ഞ കണ്ണീരായിരുന്നു മറുപടി..
ഞാനാ കൈ പിടിച്ച് എന്റെ നെഞ്ചോട് ചേർത്ത് വച്ചു.മറു കൈകൊണ്ട് കണ്ണ് തുടച്ചു.
ഒരു ഞെട്ടലോടെ അവൾ കൈ വലിച്ച് ചുറ്റിനും നോക്കി.എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു.
"മുഹൂർത്തത്തിന് സമയമായി" ആരോ പറഞ്ഞു.
ഇരു കയ്യിലും അവളെ കോരിയെടുത്ത് ഞാൻ കതിർമണ്ഡപത്തിലേക്ക് നടന്നു. കണ്ടു നിന്നവരെല്ലാം പൂക്കൾ കൊണ്ട് ഞങ്ങളെ ആശീർവദിച്ചു. ഒരാൾ മാത്രം കഥയറിയാതെ എന്നെ മിഴിച്ച് നോക്കി .
"മിഴിച്ച് നോക്കണ്ട നീ തന്നെയാണെന്റെ വധു. ക്ഷണക്കത്ത് നോക്കിയിരുന്നോ നീ?"
കണ്ണിലൊളിപ്പിച്ച മുഴുവൻ സ്നേഹവും ഒരു നോട്ടം കൊണ്ടെന്റെ ഉള്ളിലേക്ക് പകർന്ന്, ഇല്ലെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി.
"എന്നാ നീ മാത്രേ അറിയാതെയൊള്ളു.. മറ്റെല്ലാവർക്കും അറിയാം, ഇനിയും വേണ്ടെന്ന് വെക്കാമോ നിനക്കെന്നെ?" കതിർമണ്ഡപത്തോട് ചേർന്ന് കൈകളിൽ നിന്നും താഴേക്ക് നിർത്തുമ്പോൾ ഞാനവളുടെ കാതിൽ പതിയെ ചോദിച്ചു.
വിശ്വാസം വരാതെ അവൾ അച്ഛനേയും അമ്മയെയും മാറി മാറി നോക്കി.മനസ്സു നിറഞ്ഞ് ചിരിച്ച് കൊണ്ടവർ ഞങ്ങളെ അനുഗ്രഹിച്ചു.
"അവരും കൂടെ അറിഞ്ഞിട്ടാണ്. ഇതല്ലാതെ വേറൊരു മാർഗവും ഞാൻ കണ്ടില്ലെടോ "
ഇനി മറ്റൊരു ഹൃദയത്തിലേക്കും എന്റെ സ്നേഹം പറിച്ച് നടില്ലെന്ന് ബോധ്യമായത് കൊണ്ടാവാം, ഒരു നനുത്ത ചിരി തന്ന് നിറഞ്ഞ മിഴികളോടെ ഇരു കൈകൾ കൊണ്ടുമെന്നെ ചുറ്റിപ്പിടിച്ച് എന്റെ നെഞ്ചിലേക്കവൾ മുഖമമർത്തി. എന്തിനെന്നറിയാതെ എന്റെ മിഴികളും നിറയുന്നുണ്ടായിരുന്നു....
(Theme got from a real incident )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo