Slider

കവിത: മോക്ഷം

0
ഇന്നലെയെന്റെ കുടമുല്ല മൊട്ടിട്ടു കുളിർ 
തെന്നലിൻ തലോടലിൽ ഉയിരിട്ടതോ,
ഇളവെയിലിന്റെ സ്നേഹാർദ്രലാളനമോ..
അതോ പെയ്യുവാൻ മടിച്ചെത്തിയൊരാ ..
കാർമേഘഭാണ്ഡത്തിൽ നിന്നറിയാതെ ഊർന്നൊരു മഴത്തുള്ളിതൻ ജാലമോ. .
എന്റെ മിഴികളിൽ ഇന്നൊരു നേർത്ത നാണത്തിന്റെ ഓര്മപുതുക്കലാണീ കൊച്ചു ചെടിയുമവളുടെ പുഞ്ചിരിയാകുമീ.. പൂമൊട്ടും..
ഇനിയും വസന്തമെത്തിനോക്കാത്തൊരെൻ തൊടിയിലെ ആദ്യമുകുളത്തെ നേർത്തൊരു പുഞ്ചിരിയകമ്പടിയേകി സ്വാഗതമോതിഞാൻ..
ഇനിയുമെന്റെ തൊടിയിലനന്ത വസന്തത്തിന്റ കേളികൊട്ടാമിത്
പൂക്കാൻ മടിച്ചതോ ഭയന്നതോ അറിയില്ല എനിക്കിന്നുമെന്താണെന്റെ ചെടികളൊക്കെയുമിത്രനാൾ മൗനമായതെന്ന്..
നിലയ്ക്കാത്ത വസന്തത്തിൻ ആഗമനത്തിനായീകൊച്ചു ചെടിയൊരാരംഭമായതോ..
മോഹങ്ങൾ ചിറകുരുമ്മുന്നിതെന്നുള്ളിൽ
തുടികൊട്ടിപ്പാടുന്നു തളിർക്കുമെൻ യൗവ്വനം..
എവിടെയോ മൂളുന്നൊരു വണ്ടിന്റെ സീൽക്കാരവും..
കാത്തിരിക്കുന്നതുമെന്നേപ്പോലെ വിടരുമീ പൂമൊട്ടിനുള്ളിലെ മധുവിനായ് .......
ചിരിയിലൊളിക്കുന്നൊരെൻ ചിരകാലമൗനത്തിന്നവസാനമാവുന്നതറിയുന്നു ഞാൻ..
ഈ പൂമൊട്ട് എന്റെ നിനവിൽതെളിക്കുന്നു മോഹത്തിൻ തിരിവെട്ടം...
മായുന്നിതാ എന്റെ മാനസകാർമേഘമിനി പെയ്യുവാനല്ലാതെ വരില്ലെന്നുറപ്പിനാൽ..
വർഷമിനി പെയ്യും എന്റെ തൊടിയിലൊരു പൂക്കാലവും പേറി..
അസ്തമയത്തിന്റെ നേടുവീർപ്പിനിയില്ല..ഉണ്ടെനിക്കായ് പ്രഭാതമീ മൊട്ടുകൾ പൂക്കളായ് എന്റെ മിഴികളും മനവും നിറയ്ക്കുന്നൊരാ ദിനം..
അസ്തമയങ്ങളെ ഭയപ്പെട്ടിരുന്നു ഞാനൊരിക്കൽ ,എന്റെ അരുമയാം കുറിഞ്ഞിയും,അരളിയും നറു ചെമ്പകവും
അശോകവും പൂവിടാൻ മടിച്ചകാലത്തിലെ,
പുലരികളെന്നിൽ ശോകവും നിറച്ചിരുന്നു..
ഇന്നെന്റെ മനസ്സിന്റെ കൂട്ടിലടച്ചോരെൻ മോഹങ്ങളൊന്നായുണർന്നിടുന്നു..
എത്തുന്നു വസന്തമെത്താൻ മടിച്ച തൊടിയിലേയ്ക്കും..
മോഹത്തിന്നവസാനമില്ലെന്നാൽ മോഹഭംഗങ്ങൾ അവസാനിക്കില്ലൊരിക്കലും..
ഇന്നലെ എന്റെ മുല്ല മൊട്ടിട്ടതെന്റെ മോഹസാഫല്യത്തിന്നാഗമമറിയിച്ചതായിരിക്കും.....

By
Nisa Nair

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo