കുട്ടിക്കാലം മുഴുവനും കൂട്ടുകുടുംബത്തില്‍ ആയിരുന്നതിനാല്‍, ഒരുപിടി നല്ല ഓര്‍മ്മകള്‍ എന്നും ജീവിതത്തില്‍ കൂട്ടായിട്ടുണ്ട്. അമ്മവീട്ടില്‍ ആയിരുന്നു അധികവും. അമ്മൂമ്മ, മുത്തച്ഛന്‍, അമ്മാമന്‍, അമ്മായി, ചെറിയമ്മമാരും പിന്നെ ഞങ്ങളും; ഒക്കെയായൊരു ചെറിയ കുടുംബം. അമ്മാമന്റേം പിന്നെ ചെറിയമ്മേടേം മക്കളുമാര്‍ന്നു തരാതരത്തിലുള്ള കൂട്ട്. ഇതിനും പുറമേ അയല്‍പ്പക്കത്തെ കുട്ടികളും എല്ലാം കൂടി ഒരു ഓളം തന്ന്യാര്‍ന്നു. വേനലവധിക്കാലത്ത് പറമ്പില്‍ ഓലപ്പുരയുണ്ടാക്കിയും, ആട്ടിന്‍കൂട് ബസ്സാക്കിയും കളിക്കുന്നതു കൂടാതെ ക്രിക്കറ്റ്, പന്തുകളി, കിളിമാസ്, കവിടികളി, കല്ലുകളി, നൂറാങ്കോല്‍, ചീട്ടുകളി തുടങ്ങി അനേകം കളികള്‍ വേറെയും. ഇവയൊന്നും പോരാഞ്ഞ് തല്ലുകൊള്ളി കളികളും വേണ്ടുവോളം ഉണ്ടാര്‍ന്നു.
സന്ധ്യയ്ക്ക് അമ്മൂമ്മയോടൊന്നിച്ച് നാമം ചൊല്ലല്‍ അക്കാലത്ത് ഒരു പതിവായിരുന്നു. ഗുരുവായൂരില്‍ നിന്നും വാങ്ങിയ ഒരു നാമപുസ്തകവും, അച്ഛന്‍ എഴുതിയ നാമങ്ങളടങ്ങിയ ഒരു പുസ്തകവുമായിരുന്നു ഗുരുക്കള്‍. വേഗത്തില്‍ നാമം ചൊല്ലിത്തീര്‍ത്ത്, നാമം ചൊല്ലിക്കൊണ്ടിരിക്കുന്ന അമ്മൂമ്മേടെ മടിയില്‍ തല വച്ചു കിടക്കാനും അമ്മൂമ്മയെക്കൊണ്ട് തല മസ്സാജ് ചെയ്യിപ്പിക്കാനും ഒരു ഓട്ടമുണ്ട്. ചില ദിവസങ്ങളിലെ ഉറക്കവും അമ്മൂമ്മയോടൊത്തു തന്നെ. കുഴമ്പിന്‍റെയും എണ്ണയുടെയും ഒക്കെയൊരു ഗന്ധമായിരുന്നു അമ്മൂമ്മക്കെന്നും. ആ മണം ചൂഴ്ന്നു നിന്നിരുന്ന കരിമ്പടത്തിനു കീഴെ അമ്മൂമ്മയുടെ കരവലയത്തിലൊതുങ്ങിക്കിടന്നിരുന്ന ആ കാലത്തിന്‍റെ, ഓര്‍മ്മകള്‍ക്ക് തന്നെ ഉണ്ടൊരു സുഗന്ധം.
മിക്ക വേനല്‍ക്കാലങ്ങളിലും വീട്ടിലെ കിണറില്‍ നിന്നും ചേറെടുത്തു കളയുമായിരുന്നു. പറമ്പിന്‍റെ ഒരു ഭാഗത്തായിരിയ്ക്കും ആ വെളിയിലെടുത്ത ചേറ് മുഴുവന്‍ കൂട്ടിയിടുന്നത്. ആ ചേറില്‍ നിന്നും ശില്‍പ്പങ്ങളുണ്ടാക്കാനെന്ന മട്ടില്‍ അതില്‍ പൂഴ്ന്തുവിളയാടിയിരുന്ന ഞങ്ങളെ, ചൊറി വരും എന്നൊക്കെ പറഞ്ഞ് "അനാവശ്യ"മായി എല്ലാരും ശകാരിച്ചിരുന്നു. ഒരുനാള്‍ ഈ പതിവുപരിപാടി കണ്ടുവന്ന, വേറെന്തോ കാരണത്തില്‍ already അരിശം പൂണ്ടിരുന്ന അമ്മൂമ്മ, അന്ന്‍ ഞങ്ങളെ കൊറേ ചീത്ത വിളിച്ചു. അതില്‍ ദേഷ്യവും സങ്കടവും സഹിക്കവയ്യാഞ്ഞ് വീട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന്‍ ആരും കേള്‍ക്കുന്നില്ല എന്നുള്ള "അബദ്ധ"ധാരണയില്‍ നിഘണ്ടുവില്‍ ഉള്ള ചില വാക്കുകള്‍ അമ്മൂമ്മക്കെതിരെ മുഴക്കുകയും ചെയ്തു - ഒരാശ്വാസത്തിന്....
പതിവുപോലെ വൈകീട്ടത്തെ മേലുകഴുകല്‍ കലാപരിപാടിയ്ക്ക് കിണറ്റിന്‍കരയില്‍ വച്ച് അടുത്തുകിട്ടിയപ്പോള്‍ അമ്മേടെ വക പൊതിരെ തല്ല്, "ഇനി മൂത്തോരെപറ്റി വേണ്ടാതീനം പറയ്യോ....." അലറിക്കരച്ചിലിനിടയിലും അവ്യക്തമായി വിളിച്ചു പറഞ്ഞു, "ഇല്ലമ്മേ, ഇനി ചെയ്യില്ലാ".... തലവേദനയെടുത്ത് അകത്തു കിടന്നിരുന്ന അമ്മ കേട്ടുപോലും, അമ്മൂമ്മയെപ്പറ്റി വ്യാകരണപ്പിഴവില്ലാതെ നടത്തിയ ആ വാഗ്ധോരണി... അങ്ങനെ അന്ന് മനസ്സിലായി കൊടുത്താല്‍ പണി കിണറ്റിന്‍കരേലും കിട്ടുമെന്ന്.....
(കൃഷ്ണകുമാര്‍ ചെറാട്ട്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക