ഞാനും അനീസും ഹരിയും കാലത്തു തന്നെ ഒരുങ്ങി ഇറങ്ങി... ഇന്ന് ഞങ്ങളുടെ ക്ലോസ് ഫ്രണ്ട് അമ്മുവിന്റെ ചേച്ചിയുടെ വിവാഹമാണ്... വിവാഹ വീട്ടിൽ ചെന്നപ്പോൾ അമ്മുവിന്റെ ഒരു കൂട്ടുകാരിയെ ഞങ്ങൾ കണ്ടു.. ചുവപ്പ് ദാവണിയിൽ നീല ദുപ്പട്ടയുടുത്ത് മുടിയിൽ മുല്ലപ്പൂവും നെറ്റിയിൽ ചന്ദന കുറിയുമണിഞ്ഞു ഒരു തനി നാടൻ പെൺകുട്ടി....
ഈ ദാവണിയും മുല്ലപ്പൂവും ചന്ദന കുറിയും നമ്മുക്ക് പണ്ടേ വീക്ക് പോയിന്റ് ആണ്.. യാരടി നീ മോഹിനി എന്ന തമിഴ് സിനിമയിലെ വെൺ മേഘം എന്ന പാട്ടിലെ ലുക്കുള്ള നയൻസ് മുന്നിൽ വന്നു നിന്ന ഫീൽ ആയിരുന്നു.. അമ്മുവിനെ വിളിച്ചു പരിചയപ്പെടുത്തി തരാൻ ഒത്തിരി പറഞ്ഞെങ്കിലും ആ ദുഷ്ട സമ്മതിച്ചില്ല... അവസാനം ഒരു ഡയറി മിൽക്ക് വാങ്ങി തരാം എന്ന് പറഞ്ഞപ്പോൾ അവൾ അതിനു തയ്യാറായി....
അങ്ങനെ ഞങ്ങളെ അവളുടെ ഫ്രണ്ട്സ് ആണ് എന്ന് പറഞ്ഞു അവൾക്ക് പരിചയപ്പെടുത്തി.. എന്നിട്ട് കുറച്ചു തിരക്കുണ്ട് നീ ഇവരുടെ കൂടെ നിൽക്ക് എന്ന് പറഞ്ഞ് അമ്മു പതുക്കെ തടിതപ്പി... അവൾ സ്വയം പരിചയപ്പെടുത്തി എന്റെ പേര് കാവ്യാ, ഞാൻ ഡിഗ്രിക്കു പഠിക്കുന്നു വീട്ടിൽ അമ്മ അച്ഛൻ അനിയൻ മുത്തശ്ശി... അച്ഛൻ ഒരു മെക്കാനിക്കാണ്. അമ്മ ഞങ്ങളുടെ കാര്യങ്ങൾ എല്ലാം നോക്കുന്നു. അനിയൻ 5 ൽ പഠിക്കുന്നു... അവൾ സ്വയം പരിചയപ്പെടുത്തി...
ആദ്യ ഊഴം അനിസിന്റെ ആയിരുന്നു.. അവൻ പേര് പറഞ്ഞു വീട്ടിൽ ഉപ്പ ഉമ്മ അനിയത്തി എന്നിവർ ഉണ്ട്... ഉപ്പാക്ക് ബസിനിസ്സാണ്.. ഞാൻ ഞെട്ടിപ്പോയി ഉപ്പാക്ക് മീൻ കച്ചവടമാണ് എന്ന് പറയാൻ കുറച്ചിൽ ആയതുകൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത്.. സത്യത്തിൽ മീൻ കച്ചവടവും ബിസിനസ്സ് ആണല്ലോ..
പക്ഷെ അവൾ എന്ത് ബിസിനസ്സ് ആണ് എന്ന് ചോദിച്ചപ്പോൾ അവന്റെ മുഖം ഒന്ന് കണേണ്ടതായിരുന്നു... പക്ഷെ അവൻ പറഞ്ഞു ഫിഷ് ഓൾസെയിൽ ആയി എടുത്ത് റീടെയ്ൽ ആയി വിൽക്കുക.. കേരളത്തിന്റെ പല ഭാഗങ്ങളിലും ഉപ്പയാണ് ഫിഷ് കയറ്റി അയക്കുന്നത്... വാപ്പച്ചിക്ക് പല ഇടത്തായി സ്ഥിരം കസ്‌റ്റേമെഴ്സ് ഒത്തിരിയുണ്ട്...
എനിക്ക് അത്ഭുതം തോന്നി അവന്റെ സംസാരം കേട്ടിട്ട്.. ഞങ്ങളുടെ ഗ്രാമത്തിൽ കിഴക്കുമുറി, പടിഞ്ഞാറ്റുമുറി, വടക്കുമുറി, തെക്കുമുറി എന്ന് പറഞ്ഞ നാല് പ്രദേശങ്ങളിലും മീൻ കൊടുക്കുന്നത് അവന്റെ ഉപ്പയാണ്... ഇതാകാം അവൻ ഉദ്ദേശിച്ച കേരളത്തിന്റെ പലപല ഭാഗങ്ങൾ... പിന്നെ സ്ഥിരം കസ്‌റ്റേമെഴ്സ് എന്ന് പറഞ്ഞാൽ ഒന്ന് എന്റെ അമ്മയും, ഒന്ന് ഹരിടെ അമ്മയും, പിന്നെ എന്റെ അയൽവാസി ജമീലാത്തയും... പറഞ്ഞത് മുഴുവൻ സത്യമാണ് എന്നാൽ സത്യവുമല്ല...
അടുത്ത ഊഴം എന്റെ ആണ് ഞാനും കുറച്ചില്ല വീട്ടിൽ അച്ഛൻ അമ്മ അനിയൻ എന്നിവരാണ് ഉള്ളത്... അച്ഛന് സൂപ്പർ മാർക്കറ്റാണ് എന്ന് വച്ച് കാച്ചി... അമ്മക്ക് ടൈലറിങ് ഷോപ്പും അതിലും ഒരു കുറവും വരുത്തിയില്ല.. അനിയൻ 6 ൽ പഠിക്കുന്നു എന്നും പറഞ്ഞു... സത്യത്തിൽ അച്ഛന് പലചരക്ക് കടയാണ്, അമ്മ വീട്ടിൽ ഇരുന്നു വസ്ത്രങ്ങൾ തൈക്കും അത്രയെ ഉള്ളു... ഞാനും നുണ ഒന്നും പറഞ്ഞതില്ല പക്ഷെ സത്യവും പറഞ്ഞില്ല...
അവൾ ഹരിയെ നോക്കി വീട്ടിൽ അമ്മ അച്ഛൻ ചേച്ചി അനിയത്തി എന്നിവരാണ് ഉള്ളത്.. അച്ഛന് ഓട്ടോ ആണ്, അമ്മ ബാലവാടിയിൽ ടീച്ചറാണ്, അനിയത്തിയും ചേച്ചിയും പഠിക്കുവാണ്..
ഇത് പറഞ്ഞു നിർത്തിയപ്പോൾ അവനോട് എനിക്ക് തന്നെ ഒരു ബഹുമാനം തോന്നിയാ നിമിഷമായിരുന്നു... അവൻ ഒരു പെൺകുട്ടിയുടെ മുന്നിൽ ഞാൻ വലിയവനാണ് എന്ന് കാണിക്കാൻ ഞങ്ങളെ പോലെ വീട്ടുകാരെ മാറ്റി പറഞ്ഞില്ലല്ലോ...
പിന്നെ ഒരു തമാശ എന്താണ് എന്നോ... അവൾ ഹരിയുടെ ഭാര്യയായി ഇപ്പോൾ വീട്ടിൽ വന്നു... അവൾ എന്റെ അച്ഛന്റെ സൂപ്പർ മാർക്കറ്റിൽ നിന്നാണ് അവളുടെ വീട്ടിലേക്ക് സാധങ്ങൾ വാങ്ങാറുള്ളത്, അമ്മയുടെ ടൈലറിങ് ഷോപ്പിൽ നിന്നാണ് അവളുടെ വസ്ത്രങ്ങൾ തൈപ്പിക്കാറുള്ളത്... അനിസിന്റെ ഉപ്പയെ കാത്തിരിക്കുന്ന ഒരു കസ്‌റ്റമറുകൂടി ആയി ഫിഷ് ഓൾ സെയിൽ ആയി വാങ്ങാൻ...
Note:- മറ്റുള്ളവരുടെ മുന്നിൽ എന്തൊക്കെയോ ആണ് എന്ന് വരുത്തി തീർത്തു പലരും പലതും നേടിയെടുക്കാൻ ശ്രമിക്കാറുണ്ട് അങ്ങനെ ചെയ്യുമ്പോൾ നമ്മൾ നമ്മളെ തന്നെ ഇല്ലാതെ ആക്കി ഒരു പുതിയ ആളായി ജീവിക്കാൻ തുടങ്ങുകയാണ്.... പിന്നീട് ആ കള്ളം സംരക്ഷിക്കാൻ പല കള്ളങ്ങളും പറഞ്ഞു നമ്മൾ മനസ്സിൽ തീർത്ഥ കഥാ പാത്രമായി ജീവിക്കേണ്ടി വരുന്നു....
കഴിയുന്നതും നമ്മൾ നമ്മളായി ജീവിക്കുക.. അതറിഞ്ഞു ഇഷ്ടപ്പെടുന്നവരും കൂടെ നിൽക്കുന്നവരും മതി നമുക്ക്.. അത് കൂട്ടുകാരയാലും, പ്രണയിനിയായാലും വേറെ ആരായാലും....
Sajith_Vasudevan(ഉണ്ണി...)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക