നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൂസ ഹാജി പി പി ( കഥ രണ്ട്)


വർഷങ്ങൾക്ക് മുമ്പ് മൂസ ഹാജിയുടെ അയൽപക്കത്തുണ്ടായ ഒരു സംഭവമാണ്. അന്ന് മൂസഹാജി വെറും മൂസയാണ് . ഹജ് ചെയ്തിട്ടുണ്ടായിരുന്നില്ല. അയൽപക്കത്ത് ഒരു പാവപ്പെട്ട പെൺകുട്ടിയുടെ കല്യാണം നടക്കുകയാണ്.
മൂസ ഹാജിയുടെ കയ്യിൽ കാശില്ലാത്ത കാലമായിരുന്നതിനാൽ അധികമൊന്നും സാമ്പത്തികമായി സഹായിക്കാൻ മൂസ ഹാജിക്ക് കഴിയുമായിരുന്നില്ല. ശരീരം കൊണ്ട് പരമാവധി സഹായിക്കുക എന്ന ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മൂസ ഹാജി കല്യാണ വീട്ടിൽ സജീവമായിരുന്നു.
ചെറുപ്പക്കാർ വാടക സാധനങ്ങൾ എല്ലാം തൊട്ടടുത്തുള്ള മദ്രസ്സയിൽ നിന്ന് തലച്ചുമടായി കൊണ്ടുവന്നു. പന്തൽ പണിയും ഡക്കറേഷൻ പണിയും ലൈറ്റ് .& സൗണ്ട് സുമെല്ലാം ചെറുപ്പക്കാരുടെ വകയാണ്. അന്ന് മൂസഹാജി ബിരിയാണിച്ചെമ്പിനടുത്തു തന്നെ ചുറ്റിപ്പറ്റി നിന്നു. കാരണം നേരിയ പഞ്ചസാരയുടെ അസുഖം മൂസ ഹാജിക്ക് ഉണ്ടായിരുന്നു.അടുപ്പുകൾക്കടുത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീകളെ തട്ടലും മുട്ടലുമായിരുന്നു മൂസ ഹാജിയുടെ ബിരിയാണി ചെമ്പിനോടുള്ള താൽപര്യത്തിന് കാരണം.
അതിരാവിലെ നേരം പുലരുന്നതിനു മുമ്പേ ചെറുപ്പക്കാരാരും ഉണ്ടാകില്ല എന്ന ധൈര്യത്തിലായിരുന്നു മുസ ഹാജിയുടെ ഈ ശൃംഗാര കേളികൾ അരങ്ങേറിയിരുന്നത്. എന്നാൽ മൂസ ഹാജിയുടെ ഈ തട്ടലും മുട്ടലും അസഹനീയമായതോടെ സ്ത്രികളും പ്രയാസത്തിലായി. പരസ്യമായി വഴക്ക് പറയാനും വയ്യ രഹസ്യമായി ഉപദേശിച്ചിട്ടും കാര്യമില്ല എന്നിരിക്കുമ്പോഴാണ് ബിരിയാണി വയ്ക്കുന്ന പണ്ടാലി, മൂസ ഹാജിയെ വിളിച്ച് അരിയിലേക്ക് വെള്ളമടിക്കാൻ ആവശ്യപ്പെട്ടത്. കഴുകാൻ വേണ്ടിയായിരുന്നു വെള്ളമടി. തൊട്ടടുത്തുള്ള കിണറ്റിൽ നിന്ന് മോട്ടോർ വഴി നേരിട്ട് അടിക്കലാണ് ചെമ്പിലേക്ക്.തട്ടലും മുട്ടലും നടത്താൻ പറ്റിയ സന്ദർഭം.മൂസഹാജി ചെമ്പിൽ വെള്ളമടിച്ചു നിറച്ചു. സ്ത്രീകൾ അത് കണ്ട് അവിടെ നിന്ന് മാറിപ്പോയിരുന്നു. വട്ടത്തിൽ നിന്ന് കഴുകുമ്പോൾ മൂസ ഹാജിക്ക് തട്ടാനും മുട്ടാനും കൂടുതൽ സൗകര്യമുള്ള സന്ദർഭം ആണ് എന്നതിനാലാണ് സ്ത്രീകൾ മാറിയത്.
മൂസ ഹാജി നോക്കിയപ്പോൾ സ്ത്രീകളെ ഒന്നും കാണാനില്ല. മോട്ടോർ നിർത്തി പൈപ്പ് ചെമ്പിൽ തന്നെ ഇട്ട് മൂസഹാജി സ്ത്രീകളെ വിളിക്കാൻ വേണ്ടി പോയി.
തിരിച്ചു വന്നപ്പോൾ മൂസ ഹാജി ആകെ സ്തബ്ധനായിപ്പോയി.ചെമ്പിലെ അരിയും വെള്ളവും കാണാനില്ല. അന്ന് വെള്ളത്തിൽ ഇറക്കി വയ്ക്കുന്ന പമ്പ് സെറ്റുകൾ മൂസ ഹാജി കണ്ടിട്ടുണ്ടായിരുന്നില്ല. വാടക സ്റ്റോറുകാരുടെ കൈയിൽ മാത്രമാണ് അത്തരം മോട്ടോറുകൾ ഉണ്ടായിരുന്നത്.കുഴൽ കിണറുകളിൽ ഉപയോഗിക്കുന്ന മോട്ടോറുകളെപ്പറ്റി മൂസ ഹാജിക്കറിയാമായിരുന്നെങ്കിലും സാധാരണ കിണറിൽ ഇത് ഉപയോഗിക്കുന്നുണ്ട് എന്നത് അന്നാണ് മൂസഹാജി അറിഞ്ഞത്.
മോട്ടോർ ഓഫാക്കിയ സമയത്ത് ചെമ്പിലേക്ക് ഇട്ട പൈപ്പിലൂടെ വെള്ളവും കൂടെ അരിയും റിട്ടേൺ അടിക്കുകയായിരുന്നു. ഷാർപിന്റെ വെഞ്ചുറാ മോട്ടോർ തന്റെ തനി സ്വഭാവം പുറത്തെടുത്തതിനാൽ മൂസ ഹാജിയുടെ പഞ്ചാരയുടെ അസുഖം ഒരു ബോധം കെടലോടെ അവസാനിച്ചു. അൻപത് കിലോ അരി ഒറ്റയടിക്ക് കിണറിൽ പോയ വാർത്ത കേട്ടാണ് അന്ന് കല്യാണ വിടും നാടും ഉണർന്നത്.
വീണ്ടും അരി കൊണ്ട് വന്ന് കല്യാണമൊക്കെ ഭംഗിയായി നടന്നെങ്കിലും മൂസ ഹാജിയുടെ ബോധം തെളിയാൻ പിറ്റെ ദിവസം വെള്ളിയാഴ്ച പള്ളിയിലെ ജുമുഅ നിസ്കാരം കഴിയേണ്ടിവന്നു എന്നതായിരുന്നു വാസ്തവം.
(ഇത് ഞാൻ മുമ്പ് വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ആരും വരണ്ട. ഇതെന്റെ നാട്ടിലുണ്ടായ സംഭവമാണ്)
ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot