നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റാസ്‌ അൽ ഖൈമയിലെ രാജകുമാരൻ


അൽപനേരം മനസമാധാനത്തോടെ എവിടെയെങ്കിലും കുറച്ചു നേരം ഇരിക്കാമെന്നു വെച്ചാൽ ഈ നശിച്ച ബംഗാളികൾ ......എവിടെ നോക്കിയാലും ഇവന്മാരെ ഉള്ളു .
നിന്നോട്ടെ , ഇതതല്ലല്ലോ അവന്മാരുടെ കൊത്ത കൊത്ത എന്നുള്ള സംസാരമാണ് സഹിക്കാൻ പറ്റാത്തത് . പെണ്ണല്ലാത്തതു കൊണ്ടു കൊള്ളാം , പെണ്ണുങ്ങളെ കണ്ടാൽ അവന്മാരുടെ കണ്ണുകൾ എയർപോർട്ടിലെ സ്‌കാനർ മെഷീനെ കടത്തി വെട്ടും . ഇവന്മാരെ എല്ലാം വെടിവെച്ചു കൊല്ലണം .
"ഭായ് കമിനാസൂ" [ How are u ] , എന്നെ കണ്ട്‌ കമ്പിനിയിലെ ബംഗാളി ടീ ബോയ് ഓടി വന്നു .
[ നിന്നെയൊക്കെ വെടി വെച്ചു കൊല്ലാൻ പ്ലാനിടുമ്പോളാണോ അവന്റൊരു കമിനാശൂ ] വെറുപ്പ് മനസ്സിൽ ഉള്ളത് കൊണ്ട് " ആ ...ബാലു " [ am fine ] എന്ന് പറഞ്ഞിട്ട് ഞാൻ വീണ്ടും നക്കീൽ പട്ടണത്തിന്റെ വഴിയോരത്തു കൂടെ മുന്നോട്ടു നടന്നു .
റൂമിലിപ്പോൾ എല്ലാവന്മാരും കമ്പനികൂടാൻ തുടങ്ങി കാണും . വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഇവിടുത്തെ അറിയപ്പെടുന്ന കുടിയന്മാർ ഒത്തു കൂടുന്ന സ്ഥലമാണ് എന്റെ ഫ്ലാറ്റ് . എന്റെ സഹ മുറിയന്മാർ ഇപ്പോഴേ ഫ്‌ളാറ്റായിക്കാണും . വെളുപ്പിനെ വരെ കാണും പ്രകടനങ്ങൾ .
കള്ളു കുടിച്ചാൽ തീരുന്നതല്ലല്ലോ എന്റെ പ്രശ്നം , ആഴ്ചയിലെ ഒരു ഒഴിവു ദിവസം ആസ്വദിക്കാൻ വരുന്ന അവന്മാരെക്കൂടി എന്റെ സങ്കടം പറഞ്ഞെന്തിനാ വെറുതെ സെന്റി ആക്കുന്നെ . അതുകൊണ്ടു തന്നെയാണ് പുറത്തു എവിടെയെങ്കിലും പോയി സ്വസ്ഥമായി ഇരിക്കാമെന്നു കരുതിയത് .

ഞാൻ നഖീൽ തെരുവിലൂടെ വീണ്ടും മുന്നോട്ടു നടന്നു . " അൽ നഖീൽ " , റാസ്‌ അൽ ഖൈമയിലെ മെയിൻ ടൗൺ . റാസ്‌ അൽ ഖയ്മയെ കുറിച്ച് വർണ്ണിക്കാൻ അധികമൊന്നുമില്ല , യുഎഇയുടെ ഏഴു എമിറേറ്റുകളിൽ വടക്കേ അറ്റത്തു ഒമാനുമായി അതിർത്തി പങ്കിടുന്ന ഒരു ചെറിയ എമിറേറ്റ് . മലകളും , ക്രെഷറുകളും , സിമെന്റ് കമ്പിനികളുമാണ് ധാരാളം . അത് കൊണ്ട് തന്നെ പൊടിക്ക് ( Dust ) ഒരു ക്ഷാമവുമില്ല . ദുബായിയെയും ഷാർജയെയും അപേക്ഷിച്ചു നോക്കുവാണെങ്കിൽ ഒരു ചെറിയ ഗ്രാമം .
സിറ്റിസെന്ററോ , കോർണിഷോ ഉള്ളു ഇനി ഒന്ന് പോയി സ്വസ്ഥമായി ഇരിക്കണമെന്ന് വെച്ചാൽ . അടുത്തു careefour ആയതു കൊണ്ട് നേരെ അങ്ങോട്ട് വിട്ടു . പുതിയ ലുലു സെന്റർ വന്നതോടെ അവിടെ ബംഗാളികളുടെ ശല്യം കുറവാണ് .
പുറത്തെ ചൂടിൽ നിന്നും സെൻട്രലൈസ്ഡ് Ac യിലേക്ക് കയറിയപ്പോൾ ഐസു വെള്ളം തലയിലൊഴിച്ച സുഖം . വ്യാഴാഴ്ച ആയതു കൊണ്ട് നല്ല തിരക്കുണ്ട് .
കറുപ്പ് പുറംചട്ടയിൽ പൊതിഞ്ഞ അറബ് തരുണീമണികളുടെ ഇടയിലൂടെ മൊറോക്കൻ പെൺകൊടികൾ താളത്തിൽ നടന്നു വരുന്നത് കണ്ടപ്പോൾ വിവാഹ ശേഷമെടുത്ത ദൃഢ പ്രതിജ്ഞ മറന്നു അറിയാതെ ഞാൻ നോക്കിപ്പോയി . എന്നെ കുറ്റം പറയാൻ പറ്റില്ല ഏതാണുങ്ങളായാലും ഒന്ന് നോക്കി പോകും. [ സംശയം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചേട്ടനെ ഫോണിൽ വിളിച്ചു ചോദിച്ചു നോക്ക് ]
അവരുടെ സ്ട്രെക്ചർ ആസ്വദിച്ചു നടന്ന ഞാൻ അറിയാതെ ഒരു അറബിക്കിളവന്റെ ദേഹത്ത് പോയി തട്ടി. °°° Accident °°° " ഹറാമി , ഇന്ത മായ് ശൂഫ് " [ ചീത്ത പറഞ്ഞതാണെന്ന് മനസിലായില്ലേ , അത്രയും മനസിലാക്കിയാൽ മതി ]
ഒഴിഞ്ഞു മാറിയത് കൊണ്ട് കിളവന്റെ കയ്യിലിരുന്ന ചൂരലിന്റെ ഊന്നുവടിയുടെ അടി കിട്ടിയില്ല . എല്ലാവരുടെയും മുന്നിൽ നാണം കെട്ടതിന്റെ ചമ്മൽ കൂനിന്മേൽ കുരു എന്ന കണക്കെ എന്റെ ടെൻഷൻ കൂട്ടി .
പുറകുവശത്തു കടലുമായി ബന്ധിച്ചു കിടക്കുന്ന ഒരു ചെറിയ തടാകം ഉണ്ട് , അതിനു തീരത്തു നല്ലൊരു പുൽത്തകിടിയും .അവിടെ പോയിരിക്കാം . വിഷമം വരുമ്പോളെല്ലാം ഞാനൊറ്റയ്ക്ക് മുൻപ് പോയിരിക്കാറുള്ള സ്ഥലമാണ് . മനസിന് ഒരു പ്രേത്യേക സുഖമാണ് അവിടെ കിട്ടുന്നത് .
അവിടെ ചെന്നിരുന്നു വീണ്ടും ഞാൻ ചിന്തകളിലേക്കാണ്ടു . " ജ്ജ് ഇവിടെ ഒറ്റയ്ക്ക് കുത്തീരിക്ക്യാ " ,ശബ്ദം കേട്ടു ഞാൻ തല ഉയർത്തി നോക്കി . മുഹമ്മദിക്ക , അടുത്ത ഫ്ലാറ്റിലാണ് താമസം .
അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് , ഈ മലപ്പുറം കാക്ക .യുഎഇ ഒരു ചെറിയ മലപ്പുറം തന്നെയാണ് . മലയാളികളെ ഇവിടെ മലബാറികൾ എന്ന് വിളിക്കണമെങ്കിൽ മനസിലാകുമല്ലോ , അവരുടെ ആ ഇത് ....
" എന്താണ് അന്റെ മുഖത്തൊരു വാട്ടം " , എന്റടുത്തിരുന്നുകൊണ്ടു മുഹമ്മദിക്ക ചോദിച്ചു . ഒരാളോടെങ്കിലും മനസ്സ് തുറക്കാൻ കഴിഞ്ഞാൽ ഒരു ആശ്വാസമാകും . ഞാൻ ഇക്കായോട് എല്ലാം തുറന്നു പറഞ്ഞു .
ഗൾഫ് രാജ്യങ്ങളിലേക്ക് വിവാഹ ശേഷം തിരിച്ചു വരാറുള്ള ഭൂരിഭാഗം ചെറുപ്പക്കാർക്കും ഉണ്ടാകാറുള്ള മാറാരോഗം തന്നെയായിരുന്നു എനിക്കും .
കല്യാണത്തിനായി ആകെ കിട്ടിയത് ഒരു മാസത്തെ ലീവായിരുന്നു . കല്യാണവും വിരുന്നുമൊക്കെയായി തന്നെ അതങ്ങു തീർന്നു . അവളുടെ മുഖം പോലും മനസ്സിൽ ഒന്ന് പതിയുന്നതിനു മുന്നേ ഫ്‌ളൈറ്റ് കയറി .
ഒന്നെങ്കിൽ അവളെ ഇങ്ങോട്ട് കൊണ്ട് വരണം അല്ലെങ്കിൽ ജോലി ഉപേക്ഷിച്ചു ഞാനങ്ങോട്ടു ചെല്ലണമെന്നാണ് ദിവസവും ഫോൺ വിളിച്ചിട്ടു അവൾ പറയുന്നത് . അവളുടെ കരച്ചിൽ കേട്ട് എന്റെ ചങ്കു തകരുവാ .
ഇവിടെ സാലറി കിട്ടുന്ന കാശ് മുക്കാൽ പങ്കുംഇപ്പോൾ ഹുണ്ടി ഫോണുകാരന് കൊടുത്തു കൊണ്ടിരിക്കുവാ . നാട്ടിലെ ഫോൺ ബില്ല് ഈ മാസം 25000 ആണ് . വീട്ടുകാരും അത് കൊണ്ട് പൂര ചീത്തയാ . ഇതെല്ലാം കൊണ്ട് ഞാൻ ആകെ തകർന്നിരിക്കുവാ .
" ജ്ജ് ഇതിനാണാ ബേജാറാവണത് , അനക്ക് ഓളെ ഇങ്ങോട്ട് കൂട്ടീട്ടു വന്നാലെന്താണ് , അനക്ക് ഒരു വീടല്ലേ വേണ്ടത് അത് ഞമ്മള് ശരിയാക്കിത്തരാം .... ഇങ്ങളാ അറബീനെ കണ്ടാ , ഓന്റെ വില്ല ഒരെണ്ണം കാലിയാ , ഹിമാറിനോട് ഞമ്മളൊന്ന് സംസാരിച്ചിട്ട് വരാം ."
ഇക്ക അറബിയോട് സംസാരിച്ചു എല്ലാം ശരിയാക്കി . അത് കൈവിട്ടു പോകേണ്ടെന്നു കരുതി അഡ്വാൻസായി 1000 ദിർഹം ഞാൻ അറബിക്ക് കൈമാറി , സന്തോഷ സൂചകമായി 500 ദിർഹം മുഹമ്മദിക്കയ്ക്കും .
ആ പുൽത്തകുടിയിൽ തിരിച്ചു പോയിരുന്നപ്പോൾ മനസ്സിൽ നിന്നും ഒരു മല ഇറക്കി വച്ചതു പോലെ .
യൂസ്ഡ് ഫർണിച്ചറുകളും , മറ്റു വീട്ടു സാധനങ്ങളും വിൽക്കുന്ന എന്റെ ഒരു ചങ്ങാതി ഉണ്ട് , നിസാറിക്ക . അതുകൊണ്ടു തന്നെ ആ ടെൻഷൻ വേണ്ട , പൈസയും പതിയെ കൊടുത്താൽ മതി .
എൻഗേജ്മെന്റ് കഴിഞ്ഞപ്പോഴേ അവളെ കൊണ്ട് പാസ്പോർട് എടുപ്പിച്ചത് കൊണ്ട് ആ ടെൻഷനും കുറഞ്ഞു . അറബാബിനെ [ മൊയലാളി , അതിനാണ് ... ] ഫോൺ വിളിച്ചു വിസയ്ക്കുള്ള പെർമിഷൻ ലെറ്റർ ഇപ്പോൾ തന്നെ ചോദിക്കാം .
ഓഫീസിൽ വെച്ചു ചോദിച്ചാൽ ശരിയാവില്ല , എല്ലായിടത്തെയും പോലെ മലയാളികൾ തന്നെ ആയിരുന്നു എന്റെ ഓഫീസിലും കൂടുതൽ .തേങ്ങാ പൊതിക്കാനുള്ള ഉപകരണം മാത്രമല്ല പാരയെന്നു കണ്ടുപിടിച്ചത് മലയാളികളാണെന്നു വിദേശത്തു ജോലി ചെയ്തിട്ടുള്ളവർക്കേ മനസ്സിലാകൂ .അത് കൊണ്ട് ഫോണിൽ വിളിച്ചു ചോദിക്കാം .
എല്ലാ പ്ലാനുകളും ഞാൻ മനസ്സിൽ തയ്യാറാക്കുമ്പോളാണ് മൊബൈൽ റിങ്‌ ചെയ്തത് . മൊബൈൽ എടുത്തു നോക്കിയ ഞാൻ ഞെട്ടി പോയി Arabab calling •••••• ഹോ ! കിളവന് നൂറ്‌ ആയുസ്സാ . പലസ്തീനി ആണ് അറബാബ് , എന്നെ വലിയ കാര്യമാണ് . ഇപ്പോൾ തന്നെ ചോദിച്ചേക്കാം .
ഫോണെടുത്തപ്പോൾ നെഞ്ചു തകരുന്ന ഒരു വാർത്തയാണ് കേട്ടത് . എനിക്ക് ദുബായിലെ മെയിൻ ബ്രാഞ്ചിലേക്ക്‌ ട്രാൻസ്ഫെർ , നാളെ രാവിലെ തന്നെ പോണമെന്ന് .
ഞാൻ ഫാമിലിയെ കൊണ്ട് വരാൻ പോവുകയാണെന്നും , പോകാൻ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞപ്പോൾ ബുദ്ധിമുട്ടാണെങ്കിൽ ജോലി റിസൈന്‍ ചെയ്തു
പൊക്കോളാനായിരുന്നു അയാളുടെ മറുപടി .
ഒരു ലീവ് ചോദിക്കുമ്പോൾ നീയില്ലെങ്കിൽ കമ്പനി ഇല്ലെന്നു പറയാറുള്ള ആ കിളവൻ തന്നെ ആണോ ഈ പറയുന്നത് . ഉള്ളിൽ പതഞ്ഞു പൊങ്ങിയ ദേഷ്യവും സങ്കടവും വാക്കായി പുറത്തേക്കു ചാടി .
" ഖല്ലിവല്ലി , അനാ മായ് രീദ് ഇന്ത ശുകല് " [ വേറൊന്നുമല്ല മുൻപ് മോഹൻലാലും ശ്രീനിവാസനും പറഞ്ഞത് തന്നെ ; [ അല്ലേലും ഈ നശിച്ച കമ്പിനിയിലെ പണി ............] പറഞ്ഞിട്ട് ഞാൻ ഫോൺ കട്ടു ചെയ്തു .
ഞാൻ തിരിച്ചു പോരുവാണെന്നുള്ള വാർത്ത അവളെ വിളിച്ചു പറഞ്ഞേക്കാം , അവൾക്കു സന്തോഷമാകും .
ഞാനിത് അവളോട് പറഞ്ഞപ്പോൾ ഒരു നിമിഷം മറുതലയ്ക്കൽ അനക്കം നിന്നു . അവൾ ആനന്ദത്തിൽ വിങ്ങി പൊട്ടുകയായിരിക്കുമെന്നു ഞാൻ കരുതി . പക്ഷെ അവളുടെ വാക്കുകൾ എന്നെ ശരിക്കും തകർത്തു കളഞ്ഞു .
" എന്റെ പൊന്നു ചേട്ടാ , ഞാനെന്തെങ്കിലും പൊട്ടത്തരം പറഞ്ഞെന്നും വെച്ച് വേണ്ടാത്ത പണിക്കൊന്നും നിക്കേണ്ടാ , ഇങ്ങോട്ട് ഓടി വന്നിട്ട് എന്തിനാ ? തെക്കു വടക്കു നടക്കാനോ ? ഒരു ഗൾഫുകാരൻ എന്ന ഒറ്റ യോഗ്യതേടെ പുറത്താ എന്റെ വീട്ടുകാര് എന്നെ നിങ്ങള്ക്ക് കെട്ടിച്ചു തന്നത് , ഇതെങ്ങാനം അവരറിഞ്ഞാൽ ആ നിമിഷം എന്നെ വിളിച്ചു കൊണ്ട് പോകും , അവിടെ നിന്ന് പത്തു കാശുണ്ടാക്കാൻ നോക്ക് . "
" യൂ റ്റൂ ബറൂട്ട്സി " , എന്ന് പറയണമെന്ന് എനിക്കുണ്ടായിരുന്നു . പക്ഷെ നാവിന്റെ ചലനം നിലച്ച പോലെ .
മറുതലയ്ക്കൽ ഫോൺ കട്ടായിട്ടും അഞ്ചു മിനിറ്റോളം ഫോണും ചെവിയിൽ വെച്ച് ഞാൻ നിന്നു . സ്വബോധം തിരിച്ചു കിട്ടിയപ്പോൾ ഞാൻ ചാടി എഴുന്നേറ്റ് , ഫ്ലാറ്റ് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു .
എളുപ്പം ചെന്നാൽ ഒരു പെഗ്ഗെങ്കിലും കിട്ടും , അതടിച്ചു കിടന്നിട്ട് അതി രാവിലെ തന്നെ എഴുന്നേറ്റ് പോയി അറബാബിന്റെ കാലിൽ വീണു മാപ്പു പറഞ്ഞിട്ട് ദുബായിലേക്ക് തിരിക്കണം .
ശേഷം ദുബായിൽ ............
📝
Omesh Thyparambil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot