[ഭാരതാംബയ്ക്കായി ജീവൻ അർപ്പിച്ച ഓരോ ജവാനായും സമർപ്പിക്കുന്നു ]
"എടാ അപ്പുക്കുട്ടാ , ഇതെന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ , കഴിഞ്ഞാഴ്ച വിളിച്ചപ്പോഴും ഒരു കൊല്ലം കഴിഞ്ഞേ വരൂ എന്നല്ലേ പറഞ്ഞത് " . ബൈക്ക് റോഡ് സൈഡിലേക്ക് ഒതുക്കി നിർത്തി കൊണ്ടു ഉണ്ണി അവനെ പെട്ടന്ന് കണ്ടതിന്റെ ആശ്ചര്യത്തിൽ ചോദിച്ചു .
അപ്പുക്കുട്ടനും ഉണ്ണിയും ബാല്യകാല സുഹൃത്തുക്കളാണ് , അത് ഇപ്പോഴും പിരിയാതെ അവർ കാത്തു സൂക്ഷിക്കുന്നതുമുണ്ട് .അപ്പുക്കുട്ടന് പട്ടാളത്തിൽ ജോലി കിട്ടിയതിനു ശേഷം നാടുമായുള്ള ബന്ധം കുറഞ്ഞുവെങ്കിലും ഉണ്ണിയുമായുള്ള സൗഹൃദ ബന്ധത്തിന് മാത്രം ഒരു വിള്ളലും ഉണ്ടാക്കിയിരുന്നില്ല .
" ഈക്കുറി കുറച്ചു ദൂരെക്കാ ട്രാൻസ്ഫർ , അതുകൊണ്ടു എല്ലാവരെയും ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി ".
" നിനക്ക് എന്നാൽ ഒരു ഓട്ടോയിൽ കയറി വീട്ടിലോട്ടു പോകാൻ വയ്യായിരുന്നോ "
" നീ ബൈക്ക് അവിടെ വെച്ചിട്ടു വാ , നമ്മുക്ക് കുറച്ചു നടക്കാം , ദിവസവും മഞ്ഞിലും മലയിലും കൂടി അലയുന്ന ഞങ്ങൾ പട്ടാളക്കാർക്ക് വീട്ടിലേക്കുള്ള ഒന്നോ രണ്ടോ കിലോമീറ്റർ , അത് ഒരു ബുദ്ധിമുട്ടാണോ !" ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞതെങ്കിലും, മുഖത്തെ വാട്ടം കണ്ടപ്പോൾ അവന്റെ മനസിനെ എന്തോ ഒന്ന് മഥിക്കുന്നുണ്ടെന്നു ഉണ്ണിക്കു മനസിലായി .
" M.Com കാരനായ നിനക്ക് പട്ടാളത്തിൽ ചേർന്ന് ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടായിരുന്നോ ? എന്നെ നോക്ക് , ബാങ്കിലെ ജോലി , നല്ല ശമ്പളം , ലീവിന് ലീവ് , ജീവിതം അടിച്ചു പൊളിച്ചു ആസ്വദിക്കുവാ ".
" നമ്മൾ ചില്ലു ഫോട്ടോയിൽ തൂക്കി ഒതുക്കി ഇട്ടിരിക്കുന്ന ചില മഹാന്മാർ ഉണ്ട് , അവരും ഇങ്ങനെ സ്വന്തം കാര്യം മാത്രം നോക്കിയിരുന്നെങ്കിൽ നമ്മൾ ഇന്നും ബ്രിട്ടീഷുകാരുടെ അടിമകളായിരുന്നേനേ . ഞങ്ങൾ കുറച്ചുപേർ കഷ്ടപ്പെട്ടാലും , നിങ്ങളെ പോലെ ധാരാളംപേർക്കു ആസ്വദിച്ചു ജീവിക്കാൻ പറ്റുന്നുണ്ടല്ലോ .അതാണ് ഞങ്ങളെ പോലുള്ളവർക്ക് നൽകുന്ന ഏറ്റവും വലിയ സന്തോഷവും ".
ആ മറുപടി ഉണ്ണിയിൽ അല്പം ജാള്യത ഉണ്ടാക്കി , എങ്കിലും അവൻ തന്റെ ആത്മസുഹൃത്തിന്റെ വാദത്തോട് നൂറുശതമാനവും യോജിച്ചു .
" ആ ഇതാര് പട്ടാളമോ , പുരുഷുവിനു ഇപ്പോൾ യുദ്ധമൊന്നും ഇല്ലേ ? ഉണ്ണിക്കു കോളായി , കുറച്ചു നാളിനി പട്ടാള പുളു കഥ കേൾക്കാമെല്ലോ ". അത് സ്ഥലത്തെ സ്ഥിരം തൊഴിലില്ലായ്മ വേതനം വാങ്ങുന്ന ബാബുവിന്റെ കമെന്റായിരുന്നു .അപ്പുക്കുട്ടൻ അതിനു പ്രതികരിച്ചില്ലെങ്കിലും ഉണ്ണിയുടെ രക്തം അത് കേട്ടു തിളച്ചു . " നീ ഇനി കൂടുതൽ ചിലച്ചാൽ ഒരു യുദ്ധം ഇവിടെ ഉടനെ ഉണ്ടാകും ".
" നീയെന്തിനാ വെറുതെ വല്ലവനുമായി വഴക്കിടാൻ പോകുന്നെ , അല്ലെങ്കിലും പട്ടാളക്കാർ എന്ന് കേൾക്കുമ്പോൾ എല്ലാവര്ക്കും ലീവിന് വന്ന് കുറെ ബഡായികൾ പറഞ്ഞു പോകുന്ന കോമാളികൾ മാത്രമാണല്ലോ , മരിച്ചു കഴിയുമ്പോൾ മാത്രമല്ലേ അവനു വിലയുണ്ടാകുന്നത് ".
പഠനത്തിന് ശേഷം ധാരാളം നല്ല ജോലി ഓഫറുകൾ ഉണ്ടായിട്ടും അവൻ പട്ടാളത്തിൽ ചേർന്നത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു , " സ്വന്തം അമ്മയുടെ മാനത്തിനു വില പറയുന്നവരുമായി പൊരുതി മരിച്ചാലും , ആ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞു കിടക്കാൻ കഴിഞ്ഞാൽ ഞാൻ അഭിമാനം കൊള്ളും " , ഇതായിരുന്നു അവർക്കുള്ള അവന്റെ മറുപടി .
ദേശ സ്നേഹം അവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ് , അവന്റെ മുത്തശ്ശനും അറിയപ്പെടുന്ന ഒരു സ്വാതന്ത്ര്യ സമര ഭടൻ ആയിരുന്നു .ദേശസ്നേഹം പലർക്കും ഇപ്പോൾ സിനിമാ കാണുന്നതിന് മുന്നേ ഒരു മിനിറ്റു തോന്നുന്ന എന്തോ ഒരു വികാരം മാത്രമായി മാറി കൊണ്ടിരിക്കുവല്ലേ , അതിലും അസഹിഷ്ണത ഉള്ളവരാണ് അധികവും . ഉണ്ണിക്കു തന്റെ കൂട്ടുകാരനെ കുറിച്ച് ഓർത്തപ്പോൾ അഭിമാനം തോന്നി .
" വീടെത്തിയില്ലേ ഇനി നീ ചെല്ല് , നമുക്ക് രാവിലെ കാണാം " , ഉണ്ണി കൂട്ടുകാരനോട് യാത്ര ചോദിച്ചു തിരിച്ചു നടന്നു .
വീട്ടിൽ ചെന്നു കയറിയപ്പോൾ ഉണ്ണിയെപ്പോലെ തന്നെ എല്ലാവരും ഒന്ന് ആശ്ചര്യപ്പെട്ടു . അമ്മയുടെയും ഭാര്യയുടെയും സന്തോഷം കണ്ണുകളിൽ ചെറിയ നീർതുള്ളികളായി രൂപപ്പെട്ടത് അവൻ കണ്ടു .
" അച്ഛാ തോക്കു കൊണ്ടു വന്നില്ലേ ?" , മകൻ കഴിഞ്ഞ ലീവിന് വന്നപ്പോഴേ പറഞ്ഞു വച്ചിരുന്ന തന്റെ പ്രിയപ്പെട്ട കളിപ്പാട്ടത്തിനായി ഓടി വന്നു . കൊണ്ടു വന്നില്ലെന്നറിഞ്ഞപ്പോൾ അവനു പിണക്കമായി . അവിടെ ചെന്നിട്ടു വലിയൊരു തോക്കു അയച്ചു തരാമെന്നു പറഞ്ഞു അപ്പുക്കുട്ടൻ മകനെ സമാധാനിപ്പിച്ചു .
അപ്പുക്കുട്ടൻ പട്ടാളത്തിൽ ചേർന്നതിൽ ഒട്ടും ഇഷ്ടമില്ലാത്ത ആളായിരുന്നു അവന്റെ അച്ഛൻ .വരുമ്പോൾ കൊണ്ടു കൊടുക്കാറുള്ള കുപ്പികൾ മാത്രമായിരുന്നു പുള്ളിക്കുള്ള സന്തോഷം , ഇത്തവണ അതും ഇല്ലന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖം കറുത്തു .
" നാട്ടിൽ വല്ല നല്ല ജോലിയും ചെയ്യേണ്ടവനായിരുന്നു , ആ തള്ള ഒറ്റ ഒരുത്തിയാ , ഭർത്താവിന്റെ വീര കഥകൾ പറഞ്ഞു കേൾപ്പിച്ചു ഈ ചെറുക്കനെ പട്ടാളത്തിൽ ചേർപ്പിച്ചത് ", ദേഷ്യം തീർക്കാനായി അച്ഛൻ മരിച്ചു പോയ മുത്തശ്ശിയെ കുറ്റം പറയാൻ തുടങ്ങി .
അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് കോളേജിൽ പഠിക്കുന്ന അനിയൻ എത്തിയത് .ഒത്തിരി പ്രായ വത്യാസം ഉള്ളതുകൊണ്ട് അപ്പുക്കുട്ടന് അവൻ ഒരു മകനെ പോലെ ആയിരുന്നു .ഒരു ബൈക്ക് വേണമെന്ന് കുറെ നാളായി പറയാൻ തുടങ്ങിയിട്ട് , ഇത്തവണയും അവൻ അതിൽ കയറി പിടിച്ചു . താൻ തിരിച്ചു പോയിക്കഴിഞ്ഞാൽ ഉടൻ കാശ് അയച്ചു തരുമെന്നും , അതിൽ നിന്നും ബൈക്ക് വാങ്ങാനുള്ള കാശ് എടുത്തോളാനും അപ്പുക്കുട്ടൻ അവനോടു പറഞ്ഞു .
" പെട്ടന്ന് വാങ്ങി തരാമെങ്കിൽ തന്നോ , വാക്കു പറഞ്ഞിട്ട് നോക്കി ഇരിക്കാൻ ചേട്ടൻ ഗൾഫുകാരൻ ഒന്നുമല്ലല്ലോ , പട്ടാളക്കാരൻ അല്ലേ , തിരിച്ചു വന്നാൽ വന്നെന്നു പറയാം" .എന്തും വെട്ടിത്തുറന്നു പറയുന്ന അവന്റെ സ്വഭാവം അറിയാവുന്ന കൊണ്ടു ആർക്കും ഒന്നും തോന്നിയില്ല , എങ്കിലും അപ്പുക്കുട്ടന്റെ ഭാര്യ സുധ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോയി .
അപ്പുക്കുട്ടൻ മുറിയിൽ ചെല്ലുമ്പോൾ സുധ കണ്ണുകൾ തുടക്കുകയായിരുന്നു .അപ്പുക്കുട്ടൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു .
" അവൻ പറഞ്ഞത് കേട്ടിട്ടല്ല , ചേട്ടന് എന്തെങ്കിലും സംഭവിച്ചാൽ !!, അതോർത്തപ്പോഴാണ്, പിന്നെ എനിക്കും മോനും ആരാ ഉള്ളത് , വാർത്ത കേൾക്കാൻ ഇരിക്കുന്നത് തന്നെ പേടിയോടെ ആണ് ".അവൾ അവന്റെ മാറിലേക്ക് തല ചേർത്തു വെച്ചു .
അപ്പുക്കുട്ടൻ മെല്ലെ സുധയുടെ മുഖം ഉയർത്തി അവളുടെ കണ്ണുനീർ തുടച്ചു .
" ഭാരത മാതാവിനായി ജീവൻ സമർപ്പിച്ചിട്ടുള്ള ഒരു പട്ടാളക്കാരന്റെ ഭാര്യ ആണ് നീ , നിന്നെ പോലുള്ള അനേകം അമ്മമാരുടെ കണ്ണുകൾ നിറയാതിരിക്കുവാനാണ് ഞങ്ങൾ ജീവൻ പോലും തൃണവല്ഗണിച്ചു കാവൽ നിൽക്കുന്നത് , എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും പൊടിയരുത് , അത് ഒരു ധീര ജവാനോടു കാട്ടുന്ന അപമാനം ആയിരിക്കും . നമ്മുടെ മോനെയും ഒരു ദേശ സ്‌നേഹി ആയി മാത്രമേ വളർത്താവുള്ളു ".
നേരം പുലരാറാവുന്നെ ഉള്ളു , ലാൻഡ്ഫോൺ ബെല്ല് അടിക്കുന്ന കേട്ടാണ് സുധ എഴുന്നേറ്റത് . നോക്കിയപ്പോൾ അപ്പുക്കുട്ടനെ കട്ടിലിൽ കാണാനില്ലായിരുന്നു , ആരോഗ്യ കാര്യത്തിൽ വളരെ ശ്രദ്ധാലു ആയതിനാൽ ലീവിന് വന്നാലും വെളുപ്പിനെ എഴുന്നേറ്റു ഓടാൻ പോകാറുണ്ട് , പതിവ് പോലെ പൊയ്ക്കാണുമെന്നു അവൾ കരുതി .
കയ്യിൽ കിടന്നു ഉറങ്ങി കൊണ്ടിരുന്ന മോനെ പതിയെ മാറ്റി കിടത്തി അവൾ ഫോണെടുത്തു .മറുതലയ്ക്കൽ നിന്നും സുബേദാർ അപ്പുക്കുട്ടൻ നായരുടെ വീടല്ലേ എന്ന ചോദ്യത്തിന് അതെ എന്ന് അവൾ മറുപടി പറഞ്ഞു .
" ഇത് ഡൽഹിയിലെ ഫോഴ്സ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നുമാണ് സംസാരിക്കുന്നതു , ഒരു sad news ഉണ്ട് ...കഴിഞ്ഞ ദിവസം ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ injured ആയി ഹോസ്‌പിറ്റലൈസ്‌ഡ് ആയിരുന്ന അദ്ദേഹം ഇന്ന് വെളുപ്പിനെ നാടിനായി വീരമൃത്യു വരിച്ചു ....."
Omesh Thyparambil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക