Slider

പാലം കടക്കുവോളം

0

ദിവസേനയുള്ള പത്രവായനക്കിടയില്‍ സ്പോര്‍ട്സ് പേജില്‍ വന്ന ഒരു ആണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന നളിനിടീച്ചറുടെ ശ്രദ്ധ പിടിച്ചു പറ്റി. കായികലോകത്ത് നല്ല ഭാവിയുള്ള ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ, സഹായം തേടിയുള്ള വാര്‍ത്താക്കുറിപ്പായിരുന്നു അത്. സ്കൂള്‍തലത്തിലും ജില്ലാതലത്തിലും മറ്റും ധാരാളം കപ്പുകള്‍ മേടിച്ചിട്ടുള്ള പയ്യന്‍. ദാരിദ്ര്യം കാരണം നല്ലൊരു വീട് പോലുമില്ല – ഒറ്റ മുറിയിലാണ് അച്ഛനും അമ്മയും അനിയത്തിയുമുള്ള കുടുംബം താമസിക്കുന്നത്. കിട്ടിയ കപ്പുകള്‍ വയ്ക്കാന്‍ സ്ഥലമില്ലാതെ ഒരു ചാക്കില്‍കെട്ടിയാണ് സൂക്ഷിച്ചിരിക്കുന്നത്. അച്ഛന്‍ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. അമ്മ അടുത്തുള്ള വീടുകളില്‍ പോയി ചെറിയ പണികള്‍ ചെയ്ത് കുറച്ചൊക്കെ സമ്പാദിക്കും. അനിയത്തി ചെറിയ ക്ലാസ്സില്‍ പഠിക്കുന്നു. ആ പയ്യന്‍ - സുരേഷ് – പഠിക്കാനും വളരെ മിടുക്കനാണ്. നാട്ടുകാരില്‍നിന്നും ചെറിയ തോതില്‍ കിട്ടുന്ന സഹായം കൊണ്ടാണ് കായികമത്സരത്തിലെല്ലാം പങ്കെടുക്കുന്നത്. എവിടെ നിന്നെങ്കിലും പ്രോത്സാഹനം ലഭിച്ചാല്‍ വളരെ ഉയരത്തിലെത്താന്‍ സാധ്യതയുണ്ട്.
സുരെഷിന്റെ ഒരു അധ്യാപിക – ഓമനടീച്ചര്‍ - ആണ് ഈ വിവരം ഇട്ടിരിക്കുന്നത്. അവരുടെ ടെലിഫോണ്‍ നമ്പറും കൊടുത്തിട്ടുണ്ട്. നളിനിടീച്ചര്‍ ഉടനെ അവരെ വിളിച്ചു – താന്‍ ഒരു റിട്ടയേര്‍ഡ്‌ അദ്ധ്യാപികയാനെന്നും പത്രത്തിലെ പരസ്യം കണ്ടിട്ട് വിളിച്ചതാണെന്നും പറഞ്ഞു. തന്നെകൊണ്ട് പറ്റുന്ന തരത്തില്‍ സഹായിക്കാന്‍ തെയ്യാറാണെന്നും അതിനുവേണ്ടി പണം അയക്കേണ്ട രീതിയും അറിയിക്കാന്‍ പറഞ്ഞു. ആ അധ്യാപികയുടെ പേരില്‍ മണിഓര്ഡര്‍ ആയോ ബാങ്ക്ഡ്രാഫ്റ്റ്‌ ആയോ അയച്ചാല്‍ മതിയെന്ന് പറഞ്ഞു അവരുടെ അഡ്രസ്സും കൊടുത്തു.
അതനുസരിച്ച് നളിനി ടീച്ചര്‍ സ്വന്തം ഭര്‍ത്താവുമായി ആലോചിച്ച് അയ്യായിരം രൂപയുടെ മണി ഓര്‍ഡര്‍ ആ ടീച്ചറുടെ പേര്ക്ക് അയച്ചു കൊടുത്തു, ഒപ്പം ഫോണ്‍ നമ്പറും. അദ്ദേഹത്തിനും വിരൊധമുണ്ടായിരുന്നില്ല – , ഒരു നല്ല കാര്യത്തിനു വേണ്ടിയല്ലേ? ഇത് കൊണ്ട് ആ പയ്യന്‍ നേരെയാകുന്നെകില്‍ നന്നായി അദ്ദേഹം അഭിപ്രായപെട്ടു.
രണ്ടു ദിവസം കഴിഞ്ഞ് ഓമനടീച്ചര്‍ വിളിച്ചു വളരെ നന്ദി പറഞ്ഞു. ആദ്യമായാണ്‌ ഇത്രയും തുക ഒരുമിച്ചു കിട്ടുന്നത്, അത് മുഴുവന്‍ സുരേഷിന്റെ കായികജീവിതത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി ഉപകരിക്കും എന്നും പറഞ്ഞു. അവന്റെ ഓരോ നേട്ടങ്ങളും വിളിച്ചു പറയാമെന്നും പറഞ്ഞു. സുരേഷിനെക്കൊണ്ടും അവര്‍ വിളിപ്പിച്ചു നേരിട്ട് നന്ദി അറിയിച്ചു.
ദിവസങ്ങള്‍ പോയിക്കൊണ്ടിരുന്നു. സുരേഷ് വിജയത്തിന്റെ പടികള്‍ ഓരോന്നായി ചവുട്ടിക്കയറി. അറിയുന്ന ഒരു കായികതാരമായി. സംസ്ഥാനതലത്തില്തന്നെ ഒരു അറിയപ്പെടുന്ന താരമായി. ദേശീയടീമില്‍ വരെ ഇടം പിടിക്കും എന്നായി. അപ്പോഴേക്കും രാഷ്ട്രീയക്കാരും, സ്ഥലത്തെ പ്രമാണിമാരും ഇടപെട്ടു അവനു നല്ലൊരു ചെറിയ വീട് നിര്‍മ്മിച്ചുകൊടുത്തു. അച്ഛന് ചെറിയ ഒരു ജോലിയും ലഭിച്ചു. അങ്ങിനേ അവര്‍ പണ്ടത്തെ കഷ്ടപ്പാടില്‍ നിന്നും മോചിതരായി.
ഈ സമയത്തെല്ലാം സുരേഷും ഓമനടീച്ചറും നളിനിടീച്ചറെ വിളിച്ചു എല്ലാ കാര്യങ്ങളും അറിയിച്ചുകൊണ്ടിരുന്നു. ഓരോ മത്സരത്തിനും പോകും മുന്പ് അവരുടെ അനുഗ്രഹം വാങ്ങിയിരുന്നു. എപ്പോഴും അവരുടെ ആദ്യത്തെ സഹായത്തിനു നന്ദി പറഞ്ഞുകൊണ്ടിരുന്നു. നളിനിടീച്ചര്‍ സംതൃപ്തിയോടെ കേള്ക്കും . നല്ല ഗുരുത്വം. “നന്നായി വരും” അവര്‍ അനുഗ്രഹിക്കും.
പതുക്കെ പതുക്കെ വിളികള്‍ കുറഞ്ഞുവന്നു, സുരേഷിന്റെയും, ടീച്ചറുടെയും: തീരെ ഇല്ലാതായി എന്ന് പറയാം. ഇടയ്ക്കു അങ്ങോടു വിളിക്കുമ്പോള്‍ രണ്ടോ മൂന്നോ വാക്കില്‍ മറുപടി ഒതുക്കും.
സുരേഷിനെയും ടീച്ചറെയും കാണണമെന്ന് നളിനിടീച്ചര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതിനൊരു അവസരം കിട്ടി. അവരുടെ വീട്ടിനടുത്തുള്ള അമ്പലത്തില്‍ വച്ചുള്ള ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് അവസരം കിട്ടി. സാധാരണ ഒഴിഞ്ഞുമാറുകയാണ് പതിവെങ്കിലും ഇങ്ങിനെ ഒരു അവസരം കിട്ടുമല്ലോ എന്ന് കരുതി പോകാന്‍ തീരുമാനിച്ചു. ഭര്‍ത്താവിനു പോലും അതൊരു അത്ഭുതമായിരുന്നു.
വിവാഹത്തിന്റെ തലേന്ന് അവര്‍ ഓമനടീച്ചറെ വിളിച്ചു വിവരം പറഞ്ഞു. രണ്ടുപേരേയും കാണണമെന്നുണ്ടെന്നും അമ്പലത്തില്‍ വന്നാല്‍ നന്നായിരിക്കും എന്നും പറഞ്ഞു. ആ ടീച്ചര്‍ അങ്ങിനെ ആകാമെന്നു പറഞ്ഞു. പക്ഷെ വലിയ താല്പര്യമൊന്നും ആ വാക്കില്‍ തോന്നിയില്ല.
വിവാഹസ്ഥലത്ത് എത്തിയ ഉടന്‍ അവര്‍ ടീച്ചറിനെ വിളിച്ചു – ഉടന്‍ വരാമെന്നായിരുന്നു മറുപടി. ടീച്ചര്‍ അവരെ തിരിച്ചറിയാനുള്ള വഴിയും പറഞ്ഞുകൊടുത്തു, കാത്തിരുന്നു.
വിവാഹവും സദ്യയും കഴിഞ്ഞു വന്നവര്‍ തിരിച്ചുപോയിതുടങ്ങി. നളിനിടീച്ചര്‍ വന്ന വണ്ടിയില്‍ എല്ലാവരും കയറിയിരുന്നു,അവരൊഴികെ. അവര്‍ അപ്പോഴും സുരേഷിനെ കാത്തുനില്പ്പാണ്, പ്രതീക്ഷയോടെ. നാട്ടുകാരോട് പലരോടും അവനെപറ്റി ചോദിച്ചു, വരുമെന്ന് തന്നെയാണ് മറുപടി പറഞ്ഞത്. ബസ്സിലുള്ളവര്‍ ചിലര്‍ ധൃതി കൂട്ടി തുടങ്ങി. ക്ഷമകെട്ടു നളിനിടീച്ചര്‍ ഫോണില്‍ ആ ടീച്ചറെ വിളിച്ചുനോക്കി. ആദ്യമൊക്കെ റിങ്ങ് ചെയ്യുന്നുണ്ടായിരുന്നു, പക്ഷെ എടുക്കുന്നില്ല. നാലഞ്ചു തവണ കഴിഞ്ഞപ്പോള്‍ അപ്പുറത്തു നിന്ന് കട്ട് ചെയ്തു. അതോടെ അവര്‍ക്ക് കാര്യം മനസ്സിലായി. അവര്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു.
ബസ്സില്‍ ഇര്ക്കുമ്പോഴും അവര്ക്ക് സുരേഷിന്റെയും ഓമനടീച്ചറുടെയും വിചാരമായിരുന്നു. എന്തൊക്കെയാണ് ആദ്യം പറഞ്ഞിരുന്നത്? ഇപ്പോള്‍ പണവും പ്രശസ്തിയും ഉണ്ടായപ്പോള്‍ എല്ലാം മറന്നുപോയി. ടീച്ചറുടെ വിഷമം കണ്ടു അവരുടെ ഭര്ത്താ വ് ചോദിച്ചു – “താനെന്തിനാ വിഷമിക്കുന്നത്? ഇതൊക്കെ മനുഷ്യസ്വഭാവമല്ലേ? അയ്യായിരം രൂപ ഒരു നല്ല കാര്യത്തിനായി ചിലവാക്കിയെന്ന് കരുതിയാല്‍ മതി. എപ്പോഴെങ്കിലും അവന്‍ തിരിഞ്ഞുനോക്കുകയാനെങ്കില്‍ തന്റെ പേര് ഓര്ക്കും എന്ന് കരുതി സമാധാനിക്കാം.”

ശിവദാസ് കെ വീ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo