നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാത്രാമൊഴി


വാട്സ് ഒൺ യുവർ മൈന്റ് എന്ന് ഫേസ്ബുക്ക് ചോദിച്ചപ്പോൾ ഇന്ന് മനസിനെ ഏറെ വേദനിപ്പിച്ച ഒരു സംഭവം നിങ്ങളുമായി പങ്കുവെക്കുന്നുവെന്ന് മാത്രം. എന്റെയൊരു സുഹൃത്ത് മുഖേനയാണ് ഞാൻ നല്ലെഴുത്തിലെത്തിപ്പെട്ടത്. ധാരാളം വായനക്കാരുള്ള വലിയൊരു ഗ്രൂപ്പ്. അതിലെ വായനക്കാർ എനിക്കുതന്ന പ്രോത്സാഹനങ്ങൾ ചെറുതൊന്നുമല്ല. കുറെയേറെ പുതിയ സുഹൃത്തുക്കളെ എനിക്കീ ഗ്രൂപ്പിൽ നിന്നും കിട്ടി..
അപ്രതീക്ഷിതമായാണ് സബിതയുടെ (പേര് യഥാർത്ഥമല്ല) പ്രൊഫൈൽ ഞാൻ കാണാനിടയായത്. എന്നെയേറെയാകർഷിച്ചു അവളുടെ ഫോട്ടോകൾ. എന്റെ എഴുത്തുകൾക്ക് അവളുടെ കമന്റുകൾ വരുമ്പോൾ എനിക്കെന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു. അവയെല്ലാം ഞാൻ വീണ്ടും വീണ്ടും വായിക്കുമായിരുന്നു. അവൾ എന്നെയും അവളുടെ ഫ്രന്റായി സ്വീകരിച്ചു
അപ്രതീക്ഷിതമായാണ് ഒരു ദിവസം ഇൻബോക്സിൽ അവളുടെ മെസേജ് വന്നത്.
എന്റെ പോസ്റ്റുമയി ബന്ധപ്പെട്ട ഒരു തമാശ പങ്കുവെക്കുകയായിരുന്നു അവൾ. മടിച്ചു മടിച്ചു ഞാൻ അവളോട് വിശേഷങ്ങൾ തിരക്കി. എല്ലാറ്റിനും അവൾ സന്തോഷത്തോടെ മറുപടി തന്നു.
അന്നത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലപ്പുറമായിരുന്നു. അന്നെന്റെ മനസിൽ മുഴുവൻ അവളായിരുന്നു.
അങ്ങിനെ ഞങ്ങൾ തമ്മിലുള്ള ബന്ധം വളർന്നു.പിന്നീടുള്ള എന്റെ പുലരികൾക്ക് ഒരു പ്രത്യേക തിളക്കമായിരുന്നു. അസ്തമയ സൂര്യനിൽ അവളുടെ ചുവന്നു തുടുത്ത മുഖം ഞാൻ കണ്ടു.
അവളുടെ കമന്റുകൾക്കും അവളെ കാണിക്കാനും വേണ്ടി മാത്രമായി ഞാൻ കുറെയെഴുതി.
എന്റെ എഴുത്തുകൾക്ക് താഴെ അവളുടെ കമൻറുകൾ കാണാൻ വൈകിയാൽ ഞാൻ അസ്വസ്ഥനാകുമായിരുന്നു.
കുറെ നിർബന്ധിച്ചപ്പോഴാണ് അവൾ തന്റെ കോൺടാക്റ്റ് നമ്പർ തന്നത്. ഇത്രയേറെ സംസാരിക്കാനെന്താണുള്ളതെന്ന അവളുടെ ചോദ്യത്തിന്, ഒരു ജന്മം മുഴുവൻ നിന്നോട് പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളുണ്ടെൻ മനസിലെന്ന് ഞാനവളോട് മറുപടി പറഞ്ഞു.
പിന്നീടുള്ള എന്റെ ദിവസങ്ങൾ അവൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. കാരണം അപ്പോഴേക്കും അവളെ ഞാനത്ര മാത്രം ഇഷ്ടപ്പെട്ടു പോയിരുന്നു. ഒരു ദിവസമെങ്കിലും അവളെ വിളിച്ചില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലായിരുന്നു.
അവളുടെ സ്വകാര്യ ദു:ഖങ്ങൾ എന്റെയും ദുഃഖങ്ങളായി. എന്റെ വാക്കുകൾ അവൾക്കെപ്പോഴും സന്തോഷം പകരുന്നുവെന്ന് മനസിലായപ്പോൾ അതിൽ ഞാൻ ആനന്ദം കൊണ്ടു. അവളുടെ പെൺസുഹൃത്തുക്കളോടുപോലും പറയാത്ത രഹസ്യങ്ങൾ അവളെന്നോട് പങ്കുവെച്ചപ്പോൾ അവൾ എന്റെ ആരെല്ലാമൊ ആയി മാറുകയായിരുന്നു.
എന്നോട് അനുവാദം വാങ്ങാതെ അവൾ വീടിന് പുറത്തിറങ്ങില്ലായിരുന്നു. ഭക്ഷണം കഴിക്കുന്നതും ഉറങ്ങാൻ പോകുന്നതുമെല്ലാം എന്നെയറിയിച്ചിട്ട് മാത്രം. അത്രക്കേറെ അവളും എന്നെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
അതോ അതെന്റെ മിഥ്യാധാരണയായിരുന്നോ.? ആയിരുന്നിരിക്കണം. അല്ലെങ്കിൽ ഒരു ചെറിയ കാര്യത്തിന് വേണ്ടി അവൾ ഇന്നെന്നോട് ഇത്തരത്തിൽ ദേഷ്യപ്പെടുമായിരുന്നോ? എന്റെ മനസ് വേദനിക്കുന്നത് അവൾ അറിഞ്ഞില്ലായിരുന്നിരിക്കും. അതൊ അറിയാതെയെങ്ങാനും എന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചോ? ഇല്ലെന്നാണെന്റോർമ്മ.
വാട്സപ്പിലൂടെ പരസ്പരം കുത്തുവാക്കുകൾ പറയാൻ ഞങ്ങൾ മത്സരിക്കുകയായിരുന്നു ഇന്ന്. ഞാൻ അവളുടെ നന്മക്ക് വേണ്ടി പറഞ്ഞ ഒരു വാക്ക് അവളുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായി അവൾ ചിത്രീകരിച്ചപ്പോൾ ഞാനാകെ തകർന്നു പോയി. അവളുടെ ദേഷ്യം മുഴുവൻ അവൾ പറഞ്ഞു തീർത്തു. ഇനിയും എന്റെ വാക്കുകൾ കൊണ്ട് അവളുടെ മനസിന് ചെറിയൊരു മുറിവുപോലുമേൽക്കാതിരിക്കാൻ അവളെ ഞാനെന്റെ മനസിന്റെ കൂട്ടിൽ നിന്നും എന്നെന്നേക്കുമായിതുറന്നു വിട്ടു.
എന്റെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ,അതിരുകളില്ലാത്ത ആകാശത്ത് അവൾ പാറിപ്പറക്കട്ടെ. പുതിയ പുതിയ സ്വപ്നങ്ങളുടെ ചിറകിലേറി അവൾ ജീവിതയാത്രയിൽ പറന്നുല്ലസിക്കട്ടെ. എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ എന്റെ മനസിന്റെ നീറ്റൽ തെല്ലു പോലുമറിയാതെ അവൾ പോയതിലുള്ള സങ്കടം ഇപ്പോഴും സഹിക്കാൻ കഴിയുന്നില്ല.
ഞാനവളെ തന്ത്രപൂർവ്വം ഒഴിവാക്കിയെന്ന മട്ടിലായിരുന്നു അവളുടെ വാക്കുകൾ.അതിനും ഞാൻ മറുപടി പറഞ്ഞില്ല. അവളങ്ങനെ തന്നെ കരുതിക്കോട്ടെ. എന്റെ കെണിയിൽ നിന്നും പാവം രക്ഷപ്പെടട്ടെ.
ഇനിയെന്റെ സങ്കടങ്ങളെല്ലാം എന്നുമെന്റേത് മാത്രം.
അവസാനമായി അവൾ പറഞ്ഞത് കഥാകൃത്തിന് കഥയെഴുതാൻ ഒരു വിഷയം കൂടി കിട്ടിയല്ലോ എന്നാണ്. കഥയായിട്ടല്ലെങ്കിലും ഞാനെന്റെ വേദനകൾ ഇവിടെ നിങ്ങൾക്കു മുമ്പിൽ കുറിക്കുകയാണ്.ഇതിനടിയിലും അവളുടെ കമന്റുകൾ ഞാൻ തേടും , അവൾ വരില്ലെന്നെനിക്കുറപ്പുണ്ടെങ്കിലും.
* * * * *
ഇതിവിടെ എഴുതുന്നത് ലൈക്കിന് വേണ്ടിയല്ല. എന്റെയൊരു സമാധാനത്തിന് വേണ്ടി മാത്രം. ഞാൻ ഇത്രയേറെ വേദനിക്കുന്നുണ്ടെന്നറിഞ്ഞ് അവൾ സന്തോഷിക്കട്ടെ. അവളുടെ സന്തോഷമായിരുന്നല്ലോ എന്റെ സന്തോഷം..

bY
Sakeer Hussain

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot