നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹം കൊണ്ട് തീർത്ത ലോകം


അന്ന് എന്റെ സ്മാർട്ട് ഫോൺ കേട് വന്ന ദിവസമായിരുന്നു.പ്രത്യേകിച്ച് ഒരു പണിയൊന്നുമില്ലാത്തത് കൊണ്ട് വീട്ടിൽ തന്നെ കൂടി. ഹോ ആലോചിക്കുമ്പോൾ ഭ്രാന്ത് വരുന്നു ..
ഫെയ്സ് ബുക്കും വാട്സപ്പും ഒന്നുമില്ലാതെ എങ്ങനെ കഴിച്ച് കുട്ടും.ഓരോന്ന് ആലോചിച്ച് കൊണ്ട് ഞാൻ അടുക്കളയിലേക്ക് ചെന്നു. അവിടെ ഉമ്മയും പെങ്ങളും പാചകത്തിന്റെ തിരക്കിലാണ്..എന്നെ കണ്ടപാടെ പെങ്ങൾ എന്നെ നോക്കി ഒന്ന് ചിരിച്ചു ,,ഇന്നെന്താ മോനെ പതിവില്ലാതെ അടുക്കളയിലൊക്കെ,, ഉമ്മയുടെ ചോദ്യം.. ഒന്നൂല്ല ഉമ്മാ.ഞാൻ പരുങ്ങി പറഞ്ഞു...
അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. പെങ്ങളുടെ പുറകിൽ നിന്ന് രണ്ട് ചെറിയ ഉണ്ടക്കണ്ണുകൾ എന്നെ തുറിച്ച് നോക്കുന്നു ഞാൻ നോക്കുമ്പോൾ പുറകിലേക്ക് ഒളിക്കുന്നു പെങ്ങളുടെ മോളാ:..ഒരു മൂന്ന് വയസ്സ് ആയിട്ടുണ്ടാകും.., ,,സനമോളെ വാ,, വിളിച്ചതോടെ അവൾ ഒന്ന് കൂടെ പുറകിലോട്ട് പതുങ്ങി.. അവൾക്കന്നെ പേടിയാ കുട്ടികളോട് ഇടക്കൊക്കെ ഒന്ന് മിണ്ടിപ്പറയണം എന്നാലെ കുട്ടികൾക്ക് ഇഷ്ടമുണ്ടാ കൊള്ളൂ,, പെങ്ങളുടെ വക. അതിനൊക്കെ അവന് നേരം വാണ്ടേ മോളെ.അവന് ഉള്ള നേരം ഫോണിൽ തോണ്ടാൻ തന്നെ തികയുന്നില്ല. ഉമ്മയും കൂടിക്കൊടുത്തു... ഇനി ഇവിടെ നിന്നാൽ ശരിയാകില്ല മെല്ലെ പുറത്തേക്ക് ഇറങ്ങി...
എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല.
മുറ്റത്തേക്കിറങ്ങി വിടിന്റെ സൈഡിലുള്ള പറമ്പിലോട്ട് നടന്നു.അവിടെ ചെന്നപ്പോൾ ഉപ്പ ഉണ്ട് അവിടെ കുറച്ച് വാഴകൃഷിയുണ്ട് അതിന് വളം ഇടുകയാണ്. ഞാൻ ഉപ്പാനെ കുറച്ച് നേരം സൂക്ഷിച്ച് നോക്കി. ഉപ്പാടെ തലയൊക്കെ നരച്ചിരിക്കുന്നു... ആകെ ഒരു കോലമായിരിക്കുന്നു. ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ലല്ലോ ഞാൻ. ഉപ്പയെ ആദ്യമായിട്ട് കാണുന്നത് പോലെ കുറച്ച് നേരം അങ്ങനെ നോക്കി നിന്നു..
അതാ ഉപ്പ എന്നെ കണ്ടെന്ന് തോന്നുന്നു.. എന്നെ നോക്കി ഒരു പുഞ്ചിരിച്ചു. ഒന്നും പറഞ്ഞില്ല. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. അല്ലെങ്കിലും ഉപ്പ പണ്ടും എന്നോട് അധികം സംസാരിച്ചിരുന്നില്ല... എപ്പോഴും ഒരു ഗൗരവത്തിലായിരിക്കും. എന്റെ ചെറുപ്പത്തിലൊക്കെ എനിക്ക് ഭയങ്കര പേടിയായിരുന്നു. പേടി മാത്രമല്ല ഭയങ്കര ദേഷ്യവുമായിരുന്നു.. അതിന് കാരണമുണ്ട്.ഞാൻ ചെറുപ്പത്തിൽ ഭയങ്കര വികൃതിയായിരുന്നു.. ഉപ്പാടെ കയ്യിൽ നിന്ന് നല്ല പൂശയും കിട്ടിയിരുന്നു.
അന്നൊരിക്കൽ ഉപ്പാനോടുള്ള സകല ദേഷ്യവും മാറാനും ഒരു പാട് സ്നേഹം തോന്നാനും ഉള്ള ഒരു സംഭവമുണ്ടായി... എന്തോ ഒരു കാര്യത്തിന് അന്ന് എനിക്ക് കുറെ തല്ല് കിട്ടി.. എന്നെ കുറെ വഴക്കും പറഞ്ഞു.. അങ്ങനെ ഉപ്പ ഇറങ്ങി പോയി ഒരു വൈകുന്നേരമാണ് സംഭവം... അന്ന് ഞാൻ വാശിക്ക് ചോറ് കഴിക്കാതെ കിടന്നു.ഉമ്മ കുറെ നിർബന്ധിച്ചു ഞാൻ കഴിച്ചില്ല.. എനിക്ക് ഉപ്പാനോട് ദേഷ്യം കൂടി കൂടി വന്ന് കൊണ്ടിരുന്നു... ആലോചിച്ചിട്ട് ഉറക്കം വരുന്നില്ല.തിരിഞ്ഞും മറിഞ്ഞും കുറെ അങ്ങനെ കിടന്നു. ഒന്ന് ഉറങ്ങി ഒന്ന് തോന്നുന്നു.
കുറച്ച് കഴിഞ്ഞ് ഞാൻ ഞെട്ടിയുണർന്നു.. സമയം എത്ര ആയി. ഒരു പിടുത്തോമില്ല.ഉപ്പ വന്നെന്ന് തോന്നുന്നു.ഉപ്പാടെ ശബ്ദം പുറത്ത് നിന്ന് കേൾക്കുന്നുണ്ട്. എന്നെ വീണ്ടും അടിക്കുമോ എന്ന് പേടിച്ചിട്ട് ഉറങ്ങിയ പോലെ കിടന്നു..
അതാ ഉപ്പ റൂമിലോട് വന്നു .ഉമ്മയുമുണ്ട്.
അവൻ വാശി പിടിച്ച് ഒന്നും കഴിക്കാതെ കിടന്നു,, ഉമ്മയാണ്.. ഉപ്പയൊന്ന് മൂളി.... ,, അവന്റെ വികൃതി കണ്ടാൽ തല്ലി പോകും പിന്നെ എനിക്കും സങ്കടമാകും ,, ഉപ്പ എന്റെ കട്ടിലിൽ ഇരുന്നു. എന്റെ തലയിലിങ്ങനെ തലോടിക്കൊണ്ടിരുന്നു.. പിന്നെ എന്റെ നെറ്റിയിൽ ഉമ്മ വെച്ചു.. എന്നെ അമർത്തിപ്പിടിച്ച് ഏങ്ങി ഏങ്ങി കരയുന്നു.ന്റെ
മോനെ ഒരു പാട് തല്ലിയിന്ന്.ഉപ്പയുടെ കരച്ചിൽ നിൽക്കുന്നില്ല. ,, അത് സാരല്യ ഇങ്ങള് വരീം ഞാൻ ചോറ് വിളമ്പാം,, ഉമ്മ പറയുന്നു.എനിക്ക് വേണ്ട ന്റെ മോൻ കഴിച്ചിട്ടില്ലല്ലോ.. നീ പോയി കഴിച്ചോ. ഇന്നാ എനിക്കും വേണ്ട.ഉമ്മയും പറഞ്ഞു..
ഉപ്പയുടെ തേങ്ങൽ കൂടിക്കൊണ്ടിരുന്നു എന്നെ കെട്ടിപ്പിടിച്ച് എന്റെ നെറ്റിയിൽ തുരുതുരാ ഉമ്മ തരുന്നു... ഉപ്പയുടെ കണ്ണുനീര് എന്നെ മുഖത്തേക്ക് ഒലിച്ചിറങ്ങുന്നു... ഉപ്പയുടെ കരച്ചിൽ കണ്ട് അന്ന് ഞാനും കുറെ കരഞ്ഞു.. അന്നത്തോട് കൂടി ഉപ്പയോടുള്ള എന്റെ മനോഭാവം ആകെ മാറി..
ഉപ്പയെ കുറിച്ചുള്ള എന്റെ എല്ലാ ചിന്തയും തെറ്റായിരുന്നല്ലോ എന്നോർത്ത് എനിക്കാകെ സങ്കടമായി... (ഇത്തരം വൈകാരികമായ ഏതെങ്കിലും ഒരു ഓർമ്മ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ കൊണ്ടുപോയി തള്ളുന്ന മക്കൾക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻആശിച്ച് പോകുന്നു)..
ഓരോന്ന് ആലോചിച്ച് നിന്ന് സമയം പോയതറിഞ്ഞില്ല.. കുറച്ച് നേരം കൂടി അവിടെ നിന്ന് വീട്ടിലോട്ട് പോന്നു....
വീട്ടിലെത്തി കുറച്ച് നേരം റൂമിൽ പോയി കിടന്നു.. ഒന്ന് മയങ്ങി. പിന്നെ ഉമ്മ വന്ന് വിളിക്കുമ്പോഴാണ് ഉണരുന്നത്. ,,വാ മോനെ ചോറ് കഴിക്കാം,, ഞാൻ എണീറ്റു.. ഒരു കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലോട്ട് ചെന്നു... ,,,ഇവടന്നാണോ കഴിക്കണത്,, ഞാൻ അവിടെ ഒരു കസേരയിൽ ഇരുന്നു.. ഉപ്പ ചോറ് കഴിക്കൽ കഴിഞ്ഞ് പോയി എന്ന് തോന്നുന്നു. ഉമ്മ ചോറ് വിളമ്പി തന്നു. സന മോളൊക്കെ കഴിച്ചോ ഉമ്മാ., മം. അവരുടെ ഒക്കെ കഴിഞ്ഞു.നവാസ് ഫോൺ വിളിക്കുന്നുണ്ടാകും അവൾ മുകളിലുണ്ടാകും അവൻ അടുത്ത ആഴ്ച വരുകയല്ലേ,, ഉമ്മ പറഞ്ഞു.. ( നവാസ് അളിയനാണ് ) ഇതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ലല്ലോ പടച്ചോനെ.എന്റെ ചുറ്റും എന്തെല്ലാം സംഭവങ്ങൾ നടക്കുന്നു...
,,എടീ നഫീസാ ചോറ് ഉണ്ടോടി എടുക്കാൻ അവിടെ കരുതാതെ ഇരിക്കുമ്പോൾ ഒരു വിരുന്നുകാര് വന്നു .അടുത്ത വീട്ടിലെ ജാനുവേട്ട ത്തിയുടെ ശബ്ദമാണ് . ഇവിടീം കുറവാടീ .ന്നാ ഉള്ളത് കൊണ്ട് പൊയ്ക്കോ. ഉമ്മ കലത്തിലുള്ള ചോറൊക്കെ എടുത്ത് ജാനുവേട്ടത്തിക്ക് കൊടുത്തു.. അവരെന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അങ്ങനെ പോയി...
ഞാൻ ചോറും കലത്തിലോട്ട് നോക്കി. അത് കാലിയായിരിക്കുന്നു. അപ്പോ ഉമ്മ ചോറ് കഴിച്ചോ?. ഞാൻ ചോദിച്ചു. മം ..,നേരത്തെ കഴിച്ചതാ,, വെറുതെ പറയുന്നതായിരിക്കും.. ഞാൻ എന്റെ ചോറിൽ നിന്ന് കുറച്ച് എടുത്ത് ഉമ്മാക്ക് കൊടുത്തു.. ,,വേണ്ട മോനെ എനിക്ക് വിശപ്പില്ല വേണ്ടാഞ്ഞിട്ടാ. (ഇത് ചെറുപ്പത്തിൽ കുറെ കേട്ടതാ.. ചില ദിവസങ്ങളിൽ ഉമ്മ രാത്രി കഞ്ഞിയായിരിക്കും കുടിക്കുക.. ചിലപ്പോൾ ചോറ് ഇല്ലാത്തിട്ടായിരിക്കും.. എന്നാലും ചോദിച്ചാൽ പറയും ,,എനിക്ക് വിശപ്പില്ല അതാ കഞ്ഞി കുടിക്കണത്,, എന്ന്.... അതേ പോലെ മീനോ ഇറച്ചിയോ ഒക്കെ വാങ്ങുന്ന ദിവസം മീനിന്റെ നല്ല ഭാഗം ഒക്കെ നമുക്ക് തരും. ഉമ്മ ആ തല ഭാഗവും മുള്ളുമൊക്കെ തിന്നും എന്നിട്ട് പറയും എനിക്ക് ഇതാണിഷ്ടമെന്ന്. ഇതൊക്കെ നുണയാണെന്ന് എനിക്ക് കുറച്ച് വലുതായപ്പോഴാണ് മനസ്സിലായത്... ഉമ്മയുടെ സ്നേഹത്തിന് ചിലപ്പോഴൊക്കെ ചെറിയ ചെറിയ നുണകളുടെ കൂട്ടുണ്ടായിരുന്നു). എന്തായാലും ഉമ്മയെ പകുതി ചോറ് കഴിപ്പിച്ചിട്ടാ വിട്ടത്...
ചോറ് കഴിക്കല് കഴിഞ്ഞ് വീണ്ടും റൂമിലെത്തി.. വീണ്ടും കിടന്നു.. ഓരോന്ന് ആലോചിച്ചങ്ങനെ കിടന്നു..
ഈ യഥാർത്ഥ ജീവിതവും ഫെയ്സ് ബുക്കിലൊക്കെ നമ്മൾ കാണുന്നതൊക്കെ വലിയ അന്തരം ഉണ്ടല്ലോ....
ഫെയ്സ് ബുക്കിലെ ചില മതാ ഭ്രാന്തന്മാരുടെ പോസ്റ്റുകൾ ഒക്കെ കണ്ടാൽ തോന്നും ഇവടെ നാളെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനികളുമൊക്കെ തമ്മിൽ തല്ലി ഭയങ്കര പ്രശ്നമാകുമെന്ന്.. പക്ഷെ നമ്മുടെ നാട്ടിൻ പുറങ്ങളിൽ അങ്ങനെ യാതൊരും കുഴപ്പവുമില്ല താനും....
ജാനുവേട്ടത്തി വീട്ടിൽ വന്ന് ചോറ് കൊണ്ട് പോകുന്നു.. ഉമ്മ അവടെ പോയി പഞ്ചസാരയും എണ്ണയുമൊക്കെ കടം വാങ്ങുന്നു.. അയമുട്ടിക്കയും ജോസഫേട്ടനുമൊക്കെ ചന്ദ്രൻ ചേട്ടന്റെ ചായപ്പീടികയിലിരുന്നു സൊറ പറയുന്നു. അവര് ഒപ്പം ജോലിയെടുക്കുന്നു. അവർ കാർക്കും ഒരു പ്രശ്നോമില്ല... (അതോ ഇനി അവർക്ക് ഫെയ്സ് ബുക്ക് അക്കൗണ്ട് ഇല്ലാഞ്ഞിട്ടാണോ )..
അറിയില്ല..
ചിന്തകൾ അങ്ങനെ കാട്കയറുന്നു. വീണ്ടും ഉറക്കം..
പിന്നെയും ഉമ്മ വന്ന് വിളിക്കുമ്പോഴൊണ് എണീക്കുന്നത്. എണീറ്റ് ഒരു കട്ടൻ ഒക്കെ അടിച്ച് പുറത്തിറങ്ങി. അപ്പുറത്തെ പറമ്പിൽ കുറെ കുട്ടികൾ അതാ വട്ടം കൂടി നിന്ന് കളിക്കുന്നു. കോളോം കോളോം മുന്തിരിങ്ങാ.. നാരി നാരി ചുറ്റി വാ,,. പാട്ടുമുണ്ട്.... കാണാൻ നല്ല രസം...
അവരെ തന്നെ ഇങ്ങനെ നോക്കി നിന്നു.... ഞാനും ഒരു പാട് ഇങ്ങനെ കളിച്ചിട്ടുണ്ട്... അറിയാതെ എന്റെ എന്റെ ബാല്യകാലം മനസ്സിലോട്ട് വരുന്നു... ഹൊ എന്തൊരു രസമായിരുന്നു.. ആ കാലം വീണ്ടും. ആ ബാല്യത്തിലോട്ട് മടങ്ങാൻ കഴിഞ്ഞെങ്കിൽ.. വെറുതെ മോഹിച്ച് പോയി. അങ്ങനെ ഒരാശ മനസ്സിൽ വന്നപ്പോഴാണ് മഹാകവി കുഞ്ഞുണ്ണി മാഷിന്റെ രണ്ട് വരി മനസ്സിൽ ഓർമ്മ വന്നത്. (കുട്ടിക്ക് മുതിർന്നവനായിത്തിരുവാൻ മോഹം ...
കുട്ടിയായി തീരുവാൻ മുതിർന്നവർക്കും... താനായിത്തന്നെ ഇരിക്കുവാനാർക്കുമൊരാഗ്രഹമില്ല ഈ ജഗത്തിൽ.....)
എന്നാ പിന്നെ പോട്ടെ...
അവരുടെ കളി നോക്കി അങ്ങനെ നിന്നു. മനസ്സിന് നല്ല ഒരു ഉന്മേഷം... നമുക്ക് ചുറ്റും എന്തെല്ലാം സംഭവങ്ങൾ നടക്കുന്നു. കുറച്ച് നേരം കൂടി അവ ടെ നിന്നു വീട്ടിലോട്ട് പോന്നു. നേരം ഇരുട്ടാകുന്നു. ഉമ്മ നിസ്കാരം കഴിഞ്ഞ് റൂമിലിരിക്കുന്നു.. ഞാൻ അവിടേക്ക് പോയി. ഉമ്മയുടെ അടുത്തിരുന്നു. പിന്നെ ഉമ്മയുടെ മടിയിൽ തല വെച്ച് അങ്ങനെ കിടന്നു ഉമ്മ കൈ എടുത്ത് എന്റെ തലയിൽ വെച്ച് മുടികളിലൂടെ അങ്ങനെ തലോടി.. എന്നെ നോക്കി അങ്ങനെ പുഞ്ചിരിക്കുന്നു. ആ ചിരി ഹൃദയത്തിന്റെ ഉള്ളിൽ നിന്നാണ്... നിഷ്കളങ്കതയുടെ ചിരി.
എന്റെ മനസ്സിന് വല്ലാത്ത ആശ്വാസം. നമുക്ക് ചുറ്റും നമ്മളെ സ്നേഹിക്കാൻ ഇത്രയും ആളുകളുണ്ടായിട്ടും പലവിധ അനുഭവങ്ങളുണ്ടായിട്ടും അതിനൊന്നും നിൽക്കാതെ ഒറ്റക്കായത് പോലെ...തനിച്ചായത് പോലെ.എന്നൊക്കെ പറഞ്ഞ് ഫെയ്സ് ബുക്കിൽ സ്റ്റാറ്റസ് ഇടുന്ന സുഹൃത്തുക്കളെ.. നമുക്ക് ചുറ്റിലും മനോഹരമായ ഒരു ലോകമുണ്ട്.. സ്നേഹം കൊണ്ട് തീർത്ത ഒരു ലോകം.. ഒന്ന് അവിടേക്ക് ഇറങ്ങി ചെല്ലണം എന്ന് മാത്രം...
മൻസൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot