നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മറുവാക്ക് (ചെറുകഥ)


" മുറുക്കീട്ട് ആ മുറ്റത്തേക്ക് തന്നെ നീട്ടി തുപ്പ് കേട്ടോ ഇങ്ങള്, അങ്ങ് പറമ്പിലേക്ക് തുപ്പ് മനുഷ്യാ... നാറ്റിയിടാനായി മാത്രം ഓരോ ജന്മം!"
അയാൾ ഒന്നും മിണ്ടാതെ ഉമ്മറക്കോലായീന്ന് എണീറ്റ് നടന്നു. അയാൾ അങ്ങിനെയായിരുന്നു ഒന്നിനും മറുത്തൊരു വാക്ക് പറയില്ലായിരുന്നു.
ഒരു തോർത്ത് മുണ്ടും തോളിലിട്ട് അയാൾ കവലയിലേക്ക് നടന്നു.
" ഹോ! ഇന്നും വാങ്ങി വന്നിട്ടുണ്ട് ഈ മനുഷ്യൻ, "അയക്കൂറ!"
ചട്ടിക്കണക്കിന് കാഴ്ചയ്ക്ക് ഉണ്ടല്ലോ അതാവും എന്നും ഈ "മത്തി " ! ഫൂ!...ആർക്ക് വേണം. ഈ പത്ത് ഉറുപ്പി കേന്റെ മീന്."
ആ സ്ത്രീ മീൻ മണ്ണിലേക്ക് വലിച്ചെറിഞ്ഞ് ആട്ടി തുപ്പിക്കൊണ്ട് കഴുത്തും തിരിച്ച് നടന്നു.
മണ്ണിൽ പുരണ്ട് അങ്ങിങ്ങായ് തെറിച്ച്കിടക്കുന്ന ആ മത്സ്യങ്ങൾ അയാൾ പെറുക്കിയെടുത്തു. കിണറ്റിൻ കരയിലെ പാത്രത്തിലിട്ട് വെള്ളം കോരിയൊഴിച്ച് കഴുകി. ഒരു കടലാസിൽ പൊതിഞ്ഞ് വീണ്ടും കവലയിലേക്ക് നടന്നു.
"ദാസാ.... ഒന്ന് നില്ക്കേ.. "
"എന്താ ഗോപാലേട്ടാ "
"ഒരു മുപ്പത് ഉറുപ്പിക ഉണ്ടോ നിന്റെ കയ്യിൽ , ഞാൻ നാളെത്തരാം..."
ചോദിച്ച പാടെ ദാസൻ കാശെടുത്ത് അയാൾക്ക് നേരെ നീട്ടി. ആ കാശും മടിക്കുത്തിൽ തിരുകി അയാൾ വേഗതയിൽ മാർക്കറ്റിലേക്ക് നടന്നു.മത്തി തിരിച്ചു കൊടുത്ത് മാറ്റിവാങ്ങി അയാൾ വീട്ടിലേക്ക് മടങ്ങി.
"ഓ... വന്നോ.. ഇപ്പെവിടുന്നാ "അയല " കിട്ടിയത് ! അപ്പൊ വേണ്ടാന്ന് വച്ചിട്ടാ ഇങ്ങള് ആള് നല്ല വെളഞ്ഞവിത്താ ". അവളുടെ വാക്കിൽ ഒരു തരം പക പുകയുന്ന പോലെ.

നനഞ്ഞ് വന്ന കണ്ണ് അയാൾ വെള്ളെഴുത്തിന്റെ കണ്ണട കൊണ്ട് മറച്ചു.
" മക്കള് വന്നിട്ട് ചോറെടുക്കാം, നിങ്ങള് കുറച്ചവിടെ ഇരിക്ക്. അത്ര തിരക്ക് കൂട്ടാൻ അദ്ധ്വാനിച്ച് വന്ന് ഇരിക്ക്യോന്നും അല്ലാലോ, അവര് കടയടച്ച് വരട്ടെ!".
അയാൾ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചു. ഉമ്മറത്തെ കസേരയിൽ വന്ന് ഇരുന്നു. മക്കള് വരുന്നതും നോക്കി.
"കൈ കഴുകി വന്നോ.... മക്കളേ..." അവള് അകത്തീന്ന് വിളിച്ചു. വിശപ്പിന്റെ ശക്തിയിൽ അയാൾ കേട്ട പാടെ സ്റ്റൂള് വലിച്ചിട്ട് ഇരുന്നു.
" വറത്ത മീൻ നിങ്ങള് എടുക്കണ്ടാട്ടോ.. അവർക്കേ ഞാൻ വറത്തുള്ളൂ! അല്ലേലും ഈ നാല് അയല എന്തൊക്കെ ചെയ്യണം" . ആ സ്ത്രീ താക്കീതും നല്കി അടുക്കളയിലോട്ട് പോയി.
അയാൾ പ്ലേറ്റിലെ മീനിലേക്ക് നീട്ടിയ കൈ പതിയെ പുറകോട്ട് മാറ്റി. ആ ചോറുരുള വായിലോട്ട് ഇടുമ്പോൾ അയാളുടെ ഹൃദയത്തിന്റെ മിടിപ്പ് കൂടിയിരുന്നോ...
"മക്കളേ നാളെയല്ലേ വിഷു. കോടി എടുത്തോ?"
അയാള് മക്കളോട് ചോദിച്ചു. വളർന്ന് വിവാഹം പ്രായം വന്നിട്ടും അവർ അയാൾക്ക് കൊച്ചു കുട്ടികളായിരുന്നു.
" അതെ, എടുത്തു. അമ്മയ്ക്കും ഒരു സാരി വാങ്ങി. അച്ഛന് വേണ്ടെന്ന് അമ്മ പറഞ്ഞു. കഴിഞ്ഞ വിഷൂന് സിന്ധു ചേച്ചി കൊണ്ട് വന്നത് ഉണ്ടെന്ന്. അത് ഒരു തവണയേ ഇട്ടിട്ടുള്ളൂന്ന്. അതു കൊണ്ട് അച്ഛന് എടുത്തില്ല."
" എനിക്കെന്തിനാ.. ഞാനെവിടെയും പോകുന്നില്ലല്ലോ.. " അയാൾ തിരിഞ്ഞ് നടന്നു.
ഭദ്രകാളിയെപ്പോലെ ഉറഞ്ഞ് തുള്ളിക്കൊണ്ട് അയാളുടെ ഭാര്യ അകത്തീന്ന് വന്നു.
"അല്ല മനുഷ്യാ.... വിഷുവായിട്ട് നിങ്ങള കയ്യീന്ന് എന്തേലും എടുത്ത് ഇവിടെ വല്ലതും വാങ്ങുമോ..? നല്ല സുഖം തിന്ന് സുഖിച്ച് ഇങ്ങനെ ഇരിക്ക്യാ.. പേരിന് ഒരു നെയ്ത്തും. ഒരു ഷെഡ്ഡും കെട്ടി രണ്ട് തോർത്തും നെയ്ത് ഇരുന്നാ എല്ലായീന്നാ "
" ഇബ്രാഹീക്ക ഒരു പൈസ തരാനുണ്ട് രണ്ട് തോർത്തിന്റെ." അയാൾ ഭാര്യയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
"ഹേ ... പിന്നേ.. അത് കിട്ടീട്ടല്ലേ ഇവിടെ പൊര നിറയ്ക്കുന്നത് .ഒന്ന് മിണ്ടാണ്ട് പോ മനുഷ്യാ " . ആ സ്ത്രീ തുറുത്തിച്ച് കൊണ്ട് തിരിഞ്ഞ് നടന്നു.
അയാളുടെ കണ്ണുകളിൽ നനവുണ്ടായിരുന്നു. ആർക്കും കാണിക്കാതെ ഒരു ജന്മം മുഴുവൻ കൊണ്ട് നടന്ന നനവ്. മക്കളുടെ സ്നേഹം പോലും നിഷേധിക്കപ്പെട്ട അച്ഛന്റെ കണ്ണിലെ നനവ്.
പിറ്റേന്ന് നേരത്തെ തന്നെ അയാൾ കവലയിലേക്കിറങ്ങി.ഇബ്രാഹിയെ കണ്ടു.
"ഇബ്രാഹീ..., തോർത്ത് മുണ്ടിന്റെ കാശ്..."
"ഓ... ഞമ്മളത് മറന്നു, തോർത്തിന് തീരെ വീതിയില്ല. അതോണ്ട് വീട്ടില് വച്ചിക്ക് നീ വേറെ രണ്ടെണ്ണം തയ്ച്ചി തരീൻ ഞമ്മക്ക്. അത് ഞമ്മള് നാളെ കൊണ്ടേന്ന് തരാം."
അയാൾ ഒന്നും മിണ്ടാതെ ശരിയെന്നും പറഞ്ഞ് കലങ്ങി മറിഞ്ഞ നെഞ്ചോടെ വീട്ടിലേക്ക് നടന്നു.
"അമ്മേ..... ദാ.. അച്ഛൻ വരുന്നുണ്ട് " അയാളുടെ രണ്ടാമത്തെ മകൾ സിന്ധു ! നേരത്തെ എത്തിയിട്ടുണ്ട്.
"എന്തെങ്കിലും ഉണ്ടോടീ കൈയിൽ?അല്ലേലും എന്തുണ്ടാകാനാ.... അങ്ങിനെയൊരു പതിവില്ലാലോ ആ മനുഷ്യന് " അടുക്കളയിൽ നിന്നും അയാളുടെ ഭാര്യ പതിവ് പല്ലവികളുടെ കെട്ടഴിച്ച് വിട്ടിരുന്നു.
" ആ തെക്കെപറമ്പിന്റെ കുറച്ച് ഭാഗം വിറ്റ് എനിക്ക് തന്നത് അച്ഛന് തീരെ പിടിച്ചിട്ടില്ല അല്ലേ അമ്മേ"?
"അതെ, അതൊന്നും പിടിക്കീല മൂപ്പർക്ക് . വയസ്സാംകാലത്ത് ഒറ്റക്ക് വിലസാൻ പൂത്തിവച്ചതാവും അല്ല പിന്നെ ".
പ്രതീക്ഷിച്ചതൊക്കെ കേട്ട്കൊണ്ട്ത്തന്നെയാണ് അയാൾ കയറി വന്നത്. ഷർട്ട് അഴിച്ച് അയലിൽ തൂക്കി . അയാൾ ഷെഡ്ഡിലേക്ക് പോയി.
"ഹോ.... നല്ലോരു ദിവസോം ഈ മനുഷ്യൻ ഒച്ചപ്പാട് ഉണ്ടാക്കാൻ കേറിയോ... ,ആരെ കാണിക്കാനാ ...., ഈ നാടകം "
ഭാര്യയുടെ വാക്കുകൾ നെയ്ത്തിന്റെ വേഗത കൂട്ടി അയാൾ തടഞ്ഞു നിർത്തുന്നുണ്ടായിരുന്നു. കണ്ണുകളിൽ ഒരു ഭാവവും ഇല്ലായിരുന്നു. അയാൾക്ക്ചുറ്റിലും ആ ദിവസത്തിന്റെ ആരവങ്ങൾ ഇല്ലായിരുന്നു. യാന്ത്രികമായി അയാളുടെ കൈ ചലിക്കുന്നുണ്ടായിരുന്നു.
" മക്കളേ ... നിങ്ങള് വന്ന് ഇരിക്ക് ചോറ് എടുക്കാം അമ്മ. അച്ഛനെ ഉദ്യോഗം കഴിഞ്ഞിട്ടൊക്കെ വിളിക്കാം ആ സ്ത്രീ പരിഹസിച്ച് രസിക്ക്യായിരുന്നു.
" അച്ഛൻ നിർത്തീന്ന് തോന്നുന്നു ശബ്ദ്ദമൊന്നും കേൾക്കുന്നില്ല. ഞാൻ പോയി വിളിക്കാം" അയാളുടെ മൂത്ത മകൻ എഴുന്നേറ്റു ഷെഡ്ഡിലേക്ക് നോക്കി.
ആ വിളിക്ക് കാതോർത്ത് കാണില്ല അയാൾ .കുത്തുവാക്കുകളുടേയും , പരിഹാസങ്ങളുടേയും കൂന നിറഞ്ഞ് നില്ക്കുന്ന ആ അന്നം അയാൾ ആഗ്രഹിച്ച് കാണില്ല. അതാവും ദൈവം അയാളെ കൂട്ടി പോയ്ക്കളഞ്ഞത്. നിശ്ചലമായ ആ നെയ്ത്ത് പലകയിൽ തല ചായ്ച്ച് അയാൾ കിടക്കുന്നുണ്ടായിരുന്നു.
തെക്കെ പറമ്പിൽ കത്തുന്ന ചിതയ്ക്ക് വെമ്പൽ കൂടുതലുള്ള പോലെ.... ഒരു പാട് കാലമായി കൊതിയോടെ കാത്തിരുന്നിരിക്കാം മരണത്തെ അയാൾ!
**********************************************
"മോനേ..... ഇത് മത്തിയല്ലേ.... നിനക്ക് വേറൊന്നും കിട്ടിയില്ലേടാ...?"
"ഓ.....അതൊക്കെ മതിയമ്മേ.. മീനിനൊക്കെ ഭയങ്കര കാശാ ".
കാലചക്രം കറങ്ങി കൊണ്ടേയിരിക്കും പെണ്ണേ.... നിന്നെ അത് അറിയിക്കും നിന്റെ പാതി നിനക്ക് ആരായിരുന്നു എന്ന്.!
ശുഭം.
ഷംസി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot