Showing posts with label ഷംസീറഷമീർ. Show all posts
Showing posts with label ഷംസീറഷമീർ. Show all posts

സഹായധനം



പള്ളിക്കാട്ടിലെ നിശ്ശബ്ദതയെ മുറുക്കികെട്ടിയിട്ടിട്ടുണ്ട് അയഞ്ഞ് പോകാതെ .മിടിക്കുന്ന കുറേ...നെഞ്ചുകൾ ആറടിമണ്ണിലേക്ക് ആ മനഷ്യനെ ഇറക്കി വച്ചു.
അയാൾ ഉറങ്ങുകയാണ്. ആവലാതികളില്ല, മനോവിഷമങ്ങൾ ഒട്ടും ഇല്ല.
പക്ഷെ ആ വലിയ നിലവിളിയിൽ പെട്ടെന്ന് പള്ളിക്കാട് ഒന്നുലഞ്ഞ് പോയിട്ടുണ്ട്.
 മറ്റു ഖബറിടങ്ങളും വിറങ്ങലിച്ച് പോയിട്ടുണ്ട്.
അതുവരെ അടക്കി വച്ച ദുഃഖത്തിന്റെ നീർച്ചാലുകൾ ആ മീസാൻ കല്ലുകളെയാകെ കുതിർത്തു കളഞ്ഞു.
"ഉപ്പാ... ഉപ്പാ.... "എന്ന് അവൻ ഉറക്കെക്കരഞ്ഞു.
ആരൊക്കെയോ താങ്ങി മുന്നോട്ട് നടത്തുമ്പോഴും അവൻ തിരിഞ്ഞ് നോക്കുന്നുണ്ട്.
ഉപ്പാന്റെ ഖബറിടം തേങ്ങുന്നുണ്ട്,,,,അവനറിയാം- ചെയ്ത് കൂട്ടാൻ ഒരുപാട് കാര്യങ്ങൾ ശേഷിക്കവെ എന്റെ ഉപ്പാക്ക് എങ്ങിനെ ആ മണ്ണിൽ സ്വസ്ഥമായി കിടക്കാൻ കഴിയും?
ഉപ്പ കരയുന്നുണ്ട് , മക്കളെ ഓർത്ത് പൊട്ടിപൊട്ടി കരയുന്നുണ്ട്.
പ്രതീക്ഷകൾ ഒരുപാട് ഉണ്ടായിരുന്നു അയാൾക്ക്.
ഒക്കെയും ദൈവംതന്ന ജീവൻ നിലയ്ക്കും മുൻപ് ചെയ്ത് തീർക്കാനുള്ള തത്രപ്പാടിലായിരുന്നു. കുടുംബത്തിന്റെ അത്താണിയായ നല്ലവനായ ആ മനുഷ്യൻ കൂടപ്പിറപ്പുകൾക്കെല്ലാം മണവാട്ടികളാകാനുള്ള ഭാഗ്യം ഉണ്ടാക്കി കൊടുത്തു.
ഗൾഫ് ജീവിതം പിന്നീടുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിന് സാക്ഷിയാകാൻ തുടങ്ങവെയാണ് അസുഖക്കാരനായത്. ഓപ്പറേഷന് വലിയ തുക കെട്ടിവച്ച് ജീവനെ തിരിച്ച് കൊണ്ടുവന്നു.
ഡോക്ടർ ഒരു കാര്യമേ നിർദ്ദേശിച്ചുള്ളൂ...
"പ്രവാസ ജീവിതം ഇനി താങ്കൾക്ക് പറ്റില്ല. കഠിനമായ ജോലികൾ ഒന്നും തന്നെ പാടില്ല."
എല്ലാം വെറുതെ തലയാട്ടി സമ്മതിച്ച് അവിടുന്ന് ഇറങ്ങി നടക്കുമ്പോൾ ,ഒരു പാട് ബാധ്യതകൾ അയാൾക്ക് മുൻപിലൂടെ നടന്ന് നീങ്ങുന്നുണ്ടായിരുന്നു.
കോൺക്രീറ്റിട്ട വീട് ഉണ്ടായിരുന്നു അയാൾക്ക്. മൂന്ന് നേരവും ആഹാരം കഴിച്ചിരുന്നു കുടുംബം.മക്കൾ കോളേജിലും, സ്കൂളിലും പഠിക്കുന്നു. ഗൾഫ് കാരൻ ! ജനങ്ങളുടെ കണ്ണിൽ മോശക്കാരല്ലല്ലോ.... വീടിന്റെ പൂർത്തീകരണത്തിന് ബാങ്കിൽ നിന്ന് വായ്പ എടുത്തതും, ഓപ്പറേഷന് വേണ്ടി കടം വാങ്ങിയതും എല്ലാം അയാൾക്ക് നെഞ്ചിലെ ആരും അറിയാത്ത ഭാരങ്ങൾ ആയിരുന്നു.
ഡോക്ടറുടെ താക്കീത് മറക്കാനേ.. കഴിയുമായിരുന്നുള്ളൂ...
"പ്രവാസത്തിന്റെ നോട്ടുകൾക്കെ എന്നെ രക്ഷിക്കാൻ കഴിയൂ..... എനിക്ക് എന്റെ മകളെ ഭാവി നോക്കണ്ടെ? ഞാൻ പോയി വരാം.... "
അയാൾ വീണ്ടും പടിയിറങ്ങി.
" നീ ഇനി പോകരുത്. "ആരോ..ഒരാൾ പറഞ്ഞത് അയാളുടെ ചെവിയിൽ പതിഞ്ഞിരുന്നു.
നിസ്സഹായനായി അതിന് ഉത്തരം കൊടുക്കാതെ വീണ്ടും മണലാരണ്യത്തിലേക്ക്... ,,,അല്ല, മരണത്തിലേക്ക് അയാൾ നടന്നു കയറി.
കുറച്ചു നാളുകൾക്ക് ശേഷം ബാധ്യതകളൊന്നും നിറവേറ്റാതെ ചോര തുപ്പി ആ നല്ല മനുഷ്യൻ വേദനയോടെ മരണത്തെ ഏറ്റുവാങ്ങി.
മരണം എന്റെ ചാരെ എത്തിയെന്ന് അറിഞ്ഞ നിമിഷം ആ മനുഷ്യൻ എത്ര വേദന തിന്ന് കാണും. മരണത്തിന്റെ വേദനയല്ല. ജീവിച്ചിരിക്കുന്നവരെയോർത്ത്, തന്നെ പ്രതീക്ഷിച്ച് വലിയൊരു കടക്കെണിയുടെ നടുവിൽ പേടിച്ചിരിക്കുന്ന കുഞ്ഞുങ്ങളേയും ,ഭാര്യയേയും ഓർത്ത്. കാരുണ്യവാനോട് കരഞ്ഞ് പറഞ്ഞ് കാണും എന്നെ രക്ഷിക്കണം നീയെന്ന്. എനിക്കിനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് .പക്ഷെ മരണമല്ലേ.. തിരിച്ചയക്കാൻ ആർക്ക് സാധിക്കും!
ഇന്ന് അയാളെ പള്ളിക്കാട്ടിൽ ഖബറടക്കി ആളുകൾ തിരികെ നടക്കുന്നു.
ആരോടും ഒരു പരാതിയും പറഞ്ഞ് കൈ നീട്ടാത്ത ആ മനുഷ്യന്റെ നന്മകൾ ചർച്ച ചെയ്യപ്പെടുന്നു.
അയാളുടെ വാവിട്ട് കരയുന്ന മകനെ ആശ്വസിപ്പിക്കുന്നു.
ഒടുവിൽ ആ മനുഷ്യന്റെ കഷ്ടതകൾ അറിഞ്ഞവർ ഒന്നിക്കുന്നു .
അവർ സംഘം ചേർന്ന് പണം സ്വരൂപിക്കുന്നു.
ബാങ്കിലെ കടങ്ങളും മറ്റുള്ള എല്ലാ കടങ്ങളും തീർക്കാൻ സന്നദ്ധരാകുന്നു.
നന്മയുള്ള ഹൃദയങ്ങൾ കൂടിച്ചേർന്ന് ആശ്വാസത്തിന്റെ സഹായധനം ആ കുടുംബത്തിന് മുന്നിൽ സമർപ്പിക്കുന്നു.
ഞാനുൾപ്പെടെയുള്ള കുടുംബത്തിന്റെ ഒരു ചെറിയ തുക ആ കൂട്ടായ്മയിൽ പങ്ക് വഹിക്കുമ്പോഴും ....ഹൃദയം ആ മനുഷ്യനെ ഓർത്ത് കരയുന്നു.
ഒരൊറ്റ രാത്രിയെങ്കിലും മനഃസമാധാനത്തോടെ അയാൾ ഉറങ്ങിക്കാണുമോ..????
ഒരു തുള്ളി വെള്ളം തൃപ്തിയോടെ അയാളുടെ ഉള്ളിലേക്ക് ഇറങ്ങി പോയിട്ടുണ്ടാകുമോ? ???
മരണം വരെ തീക്കനലോളം ചൂട് തലയിലും, ശരീരത്തിലും പേറി മരിച്ചു മണ്ണായി പോയില്ലേ.... ജീവിച്ചിരുന്നപ്പോൾ ആരെങ്കിലും ആ കൈകളിൽ കുറച്ച് നോട്ടുകെട്ടുകൾ വച്ച് കൊടുത്തിരുന്നുവെങ്കിൽ ആ മനുഷ്യൻ എത്ര സന്തോഷിച്ചേനെ... ഒരു ദിവസമെങ്കിലും മനസ്സറിഞ്ഞൊന്ന് ആഹാരം കഴിച്ചേനെ.
കുറച്ച് നാൾ കൂടി ജീവിച്ചേനെ..... മക്കളെ ഉൾഭയമില്ലാത്ത ഹൃദയം കൊണ്ടൊന്ന് ചേർത്ത് നിർത്താൻ കഴിഞ്ഞേനെ...
ഒരു പാട് സഹായനിധികളുണ്ട് ഇന്ന് നമുക്കിടയിൽ, പലർക്കും അത് ഉപകാരപ്പെടുന്നുമുണ്ട്. അത് വേണം നിരാലംബർക്ക്, രോഗശയ്യയിൽ കിടക്കുന്നവർക്ക്,ഒക്കെയും ഇന്ന് ഒരു പാട് നല്ല മനസ്സുകളുടെ കൂടിച്ചേരൽ വെളിച്ചം പകരുന്നു.
പക്ഷെ ഇങ്ങനെയും ഉണ്ടാവാം.. കുറേ പേർ! അല്ല, ഉണ്ട് .നമ്മളിൽത്തന്നെ, അവർ മൂന്ന് നേരം ഉണ്ണുന്നുണ്ടാകാം, മോശമില്ലാത്ത വീട് ഉണ്ടാകാം.., ഗൾഫ് കാരനാവാം....പക്ഷെ ഒരു പാട് ഭാരം ഉള്ളിന്റെയുള്ളിൽ പേറുന്നുണ്ടാകാം..
"ജീവൻ " എന്ന ആ ഒരു മാന്ത്രികശക്തി അവനിൽ ഉള്ളത് കൊണ്ട് ആരും സഹായിക്കാൻ ഒരുങ്ങാറില്ല. ശരീരത്തിൽ നിന്നും അതങ്ങ് ഉയർന്ന് പോയാൽ അവനെപ്പറ്റി ഇന്ന് നമ്മൾ ചികയുന്നു.
ജീവിച്ചിരിക്കുമ്പോൾ ആ മനുഷ്യനൊന്ന് മനസ്സറിഞ്ഞ് ചിരിച്ചിരുന്നെങ്കിൽ ......... വേദനകൾ തേടി കണ്ടെത്താം.. മരണമെത്തുന്നതിന് മുൻപെ ആ ചിരി കാണാൻ കഴിഞ്ഞാൽ അതാണ് ഭാഗ്യം!
ആ കുടുംബം കുറേ നല്ല മനസ്സുകളുടെ കനിവിനാൽ ഇന്ന് ആശ്വാസം കണ്ടെത്തും. പക്ഷെ ഹൃദയം വല്ലാതെ വേദനിക്കുന്നുണ്ട് ഒരു തുള്ളി ആശ്വാസത്തിന്റെ ഉറവ കാണാതെ മരുഭൂമിയിൽ പിടഞ്ഞ് വീണ ആ മനുഷ്യനെയോർത്ത്...!
പ്രാർത്ഥനയോടെ....
ഷംസീറ ഷമീർ.

സ്വാതന്ത്ര്യം ആവശ്യത്തിന്


സ്വാതന്ത്ര്യം ആവശ്യത്തിന്
..........................................
ആണിന്റെ സ്വാതന്ത്ര്യംപെണ്ണിന് ഇല്ലെന്ന് . പെണ്ണിന് രാത്രി ഇറങ്ങി നടക്കണമെന്ന് ആരേയും പേടിക്കാതെ.ഇഷ്ടമുള്ള എന്തും ധരിക്കണം പോലും ആരും ചോദ്യം ചെയ്യരുതെന്ന്, ആരും പീഢിപ്പിക്കുകയും ചെയ്യരുതെന്ന് - എങ്ങിനെയുണ്ട്? നിങ്ങളോടാ .... ഞാൻ ചോദിക്കുന്നത് സമൂഹത്തിനോട് .
പെണ്ണ് എന്ന് പറഞ്ഞാൽ മനസ്സിൽ ഒരു രൂപം വരും ആർക്കും അല്ലേ...? ശാലീനതയുള്ള, അച്ചടക്കുള്ള, നാണമുള്ള ആ രൂപം തന്നെയാ പെണ്ണ്.! പെണ്ണിന് എന്തിനാ അമിത സ്വാതന്ത്ര്യം? അതാവശ്യമില്ല. അതു കൊണ്ട് തന്നെയാ ഞാനടക്കമുള്ള പെണ്ണിനെ ഇങ്ങനെ സൃഷ്ടിച്ചതും - വലിയൊരു കർത്തവ്യം അവളിലേല്പ്പിച്ചിട്ട് പടച്ച് വിട്ടത്.
"അമ്മയാവുക " .... അത് പുരഷന് പറ്റില്ലല്ലോ? പ്രസവിക്കാൻ?അതു തന്നെയാ പെണ്ണേ.... വ്യത്യാസം .നീ അതിലൂടെ ഒരു ലോകത്തെയാണ് പടുത്തുയർത്തേണ്ടത്. ആ നിനക്ക് കുറേ പരിമിതികൾ ചുറ്റിലും തീർത്തത് സ്വാഭാവികം !
പെണ്ണ് എന്തിന് രാത്രിയിൽ തനിച്ച് സഞ്ചരിക്കണമെന്ന് വാശി പിടിക്കുന്നു.? എന്തിന് നഗ്നത പുറം ലോകത്തെ കാട്ടി വസ്ത്രം ധരിക്കണമെന്ന് നിർബന്ധം പിടിക്കുന്നു. മാന്യമായി വസ്ത്രം ധരിച്ചാൽ എന്താണ് അവളിൽ നിന്നും ചോർന്ന് പോകുന്നത്. ഒരു കൂട്ട് പിടിച്ച് രാത്രിയിൽ സഞ്ചരിച്ചാൽ അവളോടുള്ള ബഹുമാനം കൂടുകയല്ലേ ഉള്ളൂ.... എല്ലാം വലിച്ചെറിഞ്ഞ് "ഞങ്ങളെ പീഢിപ്പിച്ചോളൂ... "എന്നുറക്കെ റോഡിന് നടുവിൽ കിടന്ന് അലറിയാൽ ആണുങ്ങൾ ചിലപ്പോൾ അതിന് മെനക്കെട്ടെന്ന് വരും. സൂക്ഷിക്കേണ്ടത് സ്വയം സൂക്ഷിക്കുക തന്നെ വേണം അല്ലാതെ തങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കണമെന്ന് മോഹിച്ച് ആൺവേഷം പുറമെ കെട്ടിയാടിയാൽ ഉള്ളിൽ നിന്ന് ചോർന്ന് പോകുന്നത് നീ ശപിച്ചെറിയുന്ന സ്ത്രീയെന്ന സൗന്ദര്യമാണ്! ആ സൗന്ദര്യം നിന്റെ അടച്ച് വച്ച മേനിയിലേ ഉണ്ടാകൂ പെണ്ണേ.. തുറന്നിട്ട മേനിയിലല്ല.
പുരുഷന് എവിടെയാണ് സ്വാതന്ത്ര്യം കൊടുത്തത് ? സ്വന്തം വീട്ടിന്നകത്ത് പോലും സ്വാതന്ത്ര്യമില്ലാത്തവരാ യഥാർത്ഥത്തിൽ അവർ. സ്വന്തം ബന്ധുമിത്രാദികളോട്, സുഹൃത്തുക്കളോട്.. ഇടപഴകാനുള്ള സ്വാതന്ത്ര്യം പോലും അവർക്ക് നിഷേധിക്കുന്ന പെണ്ണുണ്ട് . ഇല്ലെന്ന് പറയാൻ പറ്റുമോ? എന്തിന് സ്വന്തം അമ്മയോട്, അച്ഛനോട് സംസാരിക്കാൻ വരെ വിലക്കുന്ന പെണ്ണേ.. നീയാണോ സ്വാതന്ത്ര്യം ഇല്ലെന്ന് വിലപിക്കുന്നത് . ഒരു ടിവി റിമോട്ട് പോലും യഥേഷ്ടം ഉപയോഗിക്കാൻ പറ്റാത്ത പുരുഷനോട് ഏത് സ്വാതന്ത്ര്യത്തെപ്പറ്റിയാണ് നിങ്ങൾ വാചാലരാവുക.
പുരുഷന്മാരിൽ ഉണ്ടാകാം... ചില വൈകല്യങ്ങൾ കൊണ്ട് നടക്കുന്നവർ അതിനെയൊക്കെ നേരിടാൻ റോഡിൽ പാതിരാത്രി സഞ്ചരിച്ചും, പുരുഷന്റെ തലയ്ക്ക് മീതെ കയറി ഇരുന്നും കിട്ടുന്ന ധൈര്യമൊന്നും വേണമെന്നില്ല. മനസ്സിന്റെ ശക്തി മതി യഥാർത്ഥ പെണ്ണിന്. പെണ്ണിന്റെ ഇടയിലും ഇല്ലേ ഈ അസുഖക്കാർ ആണിനെ കൊഞ്ചിക്കുഴഞ്ഞ് വശീകരിക്കുന്നവർ ഇതൊന്നും വെറുതെ എഴുതിതള്ളുകയല്ല. നേർകാഴ്ച തന്നെ . അപ്പൊ അതും പെണ്ണിന്റെ രീതിയിലുള്ള മറ്റൊരു പീഢനം തന്നെയാ ഒരു തരത്തിൽ. ഇതിനൊക്കെയും സാഹചര്യം ഒരുക്കാതിരിക്കുക എന്നേ... അർത്ഥമാക്കിയുള്ളൂ! "സാഹചര്യം ഞങ്ങൾ സൃഷ്ടിക്കും നിങ്ങൾ തൊടരുത് " എന്ന് പറയുന്ന പെണ്ണിനോട് മാത്രം .
പെണ്ണായി പിറന്നാൽ പെണ്ണായി തന്നെ ജീവിക്കേണ്ടി വരും ,നല്ലൊരു ആണിനെ വാർത്തെടുക്കുന്നത് ഒരു പെണ്ണ് തന്നെയാ.. പുരുഷന്റെ മേൽ ആധിപത്യം സ്ഥാപിച്ചും, അവനെ ഭരിച്ചും ജീവിക്കുന്ന പെണ്ണിന്റെ ചരിത്രം താണ്ഡവമാടിക്കൊണ്ടിരിക്കുമ്പോൾ.. പെണ്ണേ നിനക്ക് സംരക്ഷകൻ അവൻ തന്നെയാണെന്ന് ഓർക്കുക. പെണ്ണ് മറച്ച് വെക്കേണ്ടത് മറച്ച് തന്നെ വെക്കൂ.. തല താഴ്ത്തേണ്ടിടത്ത് ഒന്ന് താഴ്ത്തി വയ്ക്കൂ.ആ നിമിഷം. നീ ഉയരും വാനോളം. അവിടെ കിട്ടും നീ ആഗ്രഹിക്കുന്ന എല്ലാ സ്വാതന്ത്ര്യവും.
(പെണ്ണെന്ന് പറഞ്ഞ് അഹങ്കരിച്ചുള്ള ചില പെൺപിള്ളേരുടെയൊക്കെ കോപ്രായങ്ങൾ കണ്ട് പറയണമെന്ന് തോന്നി പറഞ്ഞു.)
ഷംസീറ ഷമീർ.

ജീവിതം കഥ പറഞ്ഞപ്പോൾ


ജീവിതം കഥ പറഞ്ഞപ്പോൾ
..............................................
ഇടവഴിയിലേക്ക് കുത്തിയൊലിച്ച് ഇറങ്ങുന്ന മഴവെള്ളം ഒഴുകി പോകുന്നത് കാണാൻ നല്ല രസായിരുന്നു. അതിൽ കാല് കൊണ്ട് കളം വരച്ച് കളിക്കുമ്പോൾ അതിലും രസം. പിന്നെ ഒരു തോർത്ത് മുണ്ട് കൊണ്ട് പരലുകളെ ഊറ്റി കുപ്പിയിലാക്കി, ആ കുപ്പിക്ക് ചുറ്റും ഇരിക്കും ഞാനും എന്റെ കൂട്ടുകാരും. കുറേ ഇലകൾ പറിച്ച് ആ ഒലിച്ച് പോകുന്ന വെള്ളത്തിലോട്ട് നിരത്തും, അത് താളത്തിൽ ഒഴുകി പോകുന്നത് നോക്കിയിരിക്കും. ബാല്യമങ്ങനെ കുളിരായി കളിച്ചു തീർത്തു.
തൊടി നിറയെ മാവും, പ്ലാവും ,പേരയും, സീതാപ്പഴവും, സപ്പോട്ടയും, കറിവേപ്പിലയും, പുളിയും . ,തേക്കും ഒക്കെയായിരുന്നു. അതിന്റെ പച്ചപ്പ് എന്റെ വീട്ടിലേക്ക് ഒളികണ്ണിട്ട് നോക്കിയിരുന്നു. കൂടപ്പിറപ്പുകളോട് പായാരം പറഞ്ഞും, കളിച്ചും വീടിന്നകവും ഹരിതപൂർണ്ണമായിരുന്നു.
നടവരമ്പിലെ കുഞ്ഞുറോസാപ്പൂക്കൾ എന്നോട് കിന്നാരം പറയുന്ന പ്രായമായിരുന്നു അത്. കളി പറഞ്ഞ് തീരാൻ എനിക്കീ ജന്മം പോരായിരുന്നു അവരുടെ അടുത്ത് . ബിരിയാണിയും, അപ്പങ്ങളും കൊണ്ട് ഓടാൻ ഞാൻ വെമ്പി നില്ക്കാറാണ്, സാമ്പാറും, പായസവും, അവിയലും പകരം തരുമ്പോൾ അവിടെ ഞങ്ങളുടെ ആത്മബന്ധം വേരൂന്നുകയായിരുന്നു. കൂടപിറപ്പുകളെപ്പോലെ കുറേ.. സ്നേഹ ഭാജനങ്ങൾക്ക് നടുവിൽ എന്റെ ബാല്യവും, കൗമാരവും, യൗവനത്തിൻ പാതിയും ഞാൻ ആസ്വദിക്കുകയായിരുന്നു.
എന്റെ കൊച്ചു വീട് പെട്ടെന്നാണ് അലംകൃതമായത് ! തലശ്ശേരി പന്തലിന്റെ പ്രൗഢിയിൽ ജ്യേഷ്ഠത്തിയെ പോലെ എന്റെ വീടിനും ഒരു പുത്തൻ മണമായിരുന്നു. മണവാട്ടിയുടെ മണം! ഞാൻ നട്ടുനനച്ച റോസാപ്പൂവിന്റെ നിറമായിരുന്നു ജ്യേഷ്ഠത്തിയുടെ മുഖത്ത്. മാഞ്ചുവട്ടിലും, മൊസാണ്ടയോട് ചേർന്നും ആളുകളുടെ ബഹളം. എന്റെ വീടിന്റെ അകത്തളങ്ങളിൽ ഒപ്പനപ്പാട്ടുകൾ! എന്നോട് ആരോ.. പ്രണയം പറയുന്ന പോലെ ! ഞാനെന്റെ മുറ്റത്ത് പടർന്ന കല്യാണ സൗഗന്ധികത്തെ മെല്ലെ തലോടി.
പന്തലഴിഞ്ഞു, ആളുകൾ പിരിഞ്ഞു, വലിയൊരു തറവാട്ട് മുറ്റത്തേക്ക് സഹോദരിയെ പറിച്ച് നട്ടു. ആകെപ്പാടെ ഒരു നിശബ്ദ്ദത കളിയാടി എന്റെ വീട്ടിൽ. അലസമായി ഞാൻ എന്റെ പ്രിയപ്പെട്ട തൊടിയിലൂടെ നടന്നു. പിന്നെ ഓടി എന്റെ കിന്നാരം കേൾക്കാൻ എന്നും ചെവിയോർത്ത, എനിക്ക് വാത്സല്യം പകർന്ന സ്നേഹങ്ങളെത്തേടി ! അവർക്കിടയിൽ ഞാൻ എല്ലാം മറന്നിരുന്നു. രക്ത ബസത്തേക്കാൾ മനസ്സിൽ ആഴ്ന്നിറങ്ങുന്ന ചില സ്നേഹ ബന്ധങ്ങൾ !
അടക്കിപ്പിടിച്ച തേങ്ങലുകൾ, നെടുവീർപ്പുകൾ, എന്റെ കാതുകളെ തേടിയെത്തുന്നുണ്ടായിരുന്നു ആ ചുവരുകളെ ഭേദിച്ച് കൊണ്ട്. പിന്നീടുള്ള ദിവസങ്ങൾ നെടുവീർപ്പുകളാൽ അലോസരപ്പെട്ടുകൊണ്ടിരുന്നു. ഞാൻ ഓടി നടന്ന എന്റെ മുറിക്കകത്ത് എന്തെല്ലാമോ അസ്വസ്ഥതകൾ ! ജീവിതം എവിടെയോ വഴിമുട്ടിയെന്ന ഉമ്മായുടെ വെളിപ്പെടുത്തലുകളിൽ എല്ലാം നഷ്ടമാവുകയായിരുന്നു.
ജീവിതത്തിന്റെ ഒഴുക്കിന്റെ ഗതി മാറാൻ തുടങ്ങിയിരുന്നു. എന്റെ റോസയും, മൊസാണ്ടയും വാടി തലകുനിച്ച് നില്ക്കുന്ന പോലെ. ചിത്രശലഭത്തെ പോലെ പാറി നടന്ന എന്റെ ചിറകുകൾ കരിഞ്ഞ് തുടങ്ങിയിരുന്നു. ജീവനിലേറെ ഞാൻ സ്നേഹിക്കുന്ന പിച്ചവെച്ച മണ്ണും, വീടും , പ്രിയപ്പെട്ടവരും എനിക്കിനി അന്യമാകാൻ നിമിഷങ്ങൾ മാത്രം.
വീട് വിലയ്ക്കെടുക്കാൻ വന്നവർ എന്റെ കല്യാണ സൗഗന്ധികത്തെ നുള്ളി നോവിക്കുന്നുണ്ടായിരുന്നു. അരുതേ.... എന്ന് പറയാൻ ഇനി ഞാൻ ആരുമല്ല അവിടെ. നോട്ട് കെട്ടുകൾ എണ്ണി വാങ്ങിയിരുന്നു അപ്പോഴേക്കും .നിറഞ്ഞ കണ്ണുകളിലൂടെ ഞാൻ അവിടമാകെ ഒന്ന് നോക്കി. എന്നെ നോക്കി എന്റെ വീടും, മാഞ്ചുവടും കരയുന്നത് എനിക്ക് കാണാമായിരുന്നു.
യാന്ത്രികമായി ഞാൻ ആ മുറിയിലൊന്നാകെ നടന്നു. ആ ചുവരുകളിൽ തല ചായ്ച്ചു നില്ക്കാൻ പേടി തോന്നി എനിക്ക്. എന്നിൽ നിന്നും ഒരു പാട് ദൂരേയ്ക്ക് പോയി എല്ലാം.. കാൽമുട്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു, കൈകൾ ഐസ് പോലെ മരവിച്ചിരുന്നു, നെഞ്ചിൽ കടലിരമ്പുന്നുണ്ടായിരുന്നു. ചുണ്ടുകൾ എന്തൊക്കെയോ പറയാൻ കൊതിച്ചു. എന്നെ മാറോട് ചേർത്ത എന്റെ പ്രിയപ്പെട്ടവരുടെ നടുവിൽ ഏങ്ങിക്കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.....
എന്തിനീ.... ജന്മം എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ! കണ്ണീര് കൊണ്ട് മങ്ങിയ കാഴ്ചകൾ പിറകിലേക്ക് പോകുമ്പോഴും തിരിഞ്ഞു നോക്കി ഞാൻ എന്റെ വഴികളെ.... എനിക്ക് എന്റെ വീട്ടിൽ പോകണമെന്ന് അലമുറയിട്ട് പൊട്ടിക്കരയുമ്പോഴും അവിടം എനിക്ക് മരിച്ച് കഴിഞ്ഞു എന്ന് ഉള്ളം എഴുതുന്നുണ്ടായിരുന്നു.
ഇനിയൊരു ജന്മം ഉണ്ടെങ്കിലോ..?
എനിക്ക് ആ ഇടവഴിയിലെ വെള്ളത്തിൽ കളം വരയ്ക്കണം, മതിവരുവോളം എനിക്ക് വാത്സല്യം തന്നവരോട് കളി പറയണം, എന്റെ കല്യാണ സൗഗന്ധികത്തെ നട്ടുനനയ്ക്കണം. എന്റെ വീടിന്ന് അകത്തളം ഹരിതപൂർണ്ണമാക്കണം!
അവിടേക്ക് എനിക്കൊന്ന് തിരികെ നടക്കണം!
സ്നേഹസാദരങ്ങളോടെ..
ഷംസീറഷമീർ.


സ്മൃതിഗീതം


സ്മൃതിഗീതം
........................
ഏകാന്ത മൂകം കൊഴിയുംപകലുകൾ
രാകേന്ദുപാഴ്നിഴൽ തീർക്കുന്നരാത്രികൾ
പിന്നെ പ്രഭാതങ്ങൾ പിന്നാലെ സന്ധ്യകൾ
നിന്നെക്കുറിച്ചെന്നൊടാരായുമോർമകൾ
നിന്നോളമേറ്റം പ്രിയങ്കര സാമീപ്യ -മിന്നോളമുള്ളൊരെൻ ജന്മായനങ്ങളി-
ലില്ലായിരുന്നുവെന്നോതുന്നിതോർമയാം
ചില്ലാൽ മുറിഞ്ഞു വ്രണപ്പെട്ട ഹൃത്തടം.
ഓർമ്മകൾ മാത്രമായെങ്കിലും നിന്നുടെ
യോർമ്മകളെൻ ജീവനിശ്വാസമാത്രകൾ
തോറുംതിരികെത്തരുന്നവെൻനഷ്ടമായ്
മാറിയ നിന്നെയും വേദനയും പ്രിയേ.....
(മരഭൂമിയിൽ ഒരു മഴ പെയ്തതാ.. എന്നെ വിട്ടേക്കൂ....)

By
Shamseera Shammer

വെട്ടം


വെട്ടം
................ (ചെറുകഥ)
"എല്ലാം തച്ചുടച്ചു അവൻ ഇറങ്ങി പോയി. .ഇനിയൊന്നും ബാക്കിയില്ല!
ഒരൊറ്റ പാത്രവും അടുക്കളയിൽ ഇനിയില്ലല്ലോ ദൈവമേ..
എല്ലാം പോട്ടെ നിങ്ങളെ മരുന്നും കുപ്പിയും വരെ അവൻ എറിഞ്ഞ് പൊട്ടിച്ചില്ലേ... ഇന്ന് രാത്രി കഴിക്കേണ്ട മരുന്നിന് ഇനിഎവിടെ പോകും ഈശ്വരാ.... എന്തിനാ ഇങ്ങനെയൊരെണ്ണത്തിനെ ഞങ്ങൾക്ക് നീ തന്നത്. "
മീനാക്ഷിയുടെ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു കണ്ണീരിനോടൊപ്പം.
"എടിയേ... മീനാക്ഷിയേ.. നീ കരയല്ല നമ്മള യോഗമാന്ന് വിചാരിച്ചേക്ക്." കുറുപ്പിന് പറയാൻ എന്നും അതേയുള്ളൂ യോഗമാണ് !വിധിയാണ്!
"എന്നാലും എന്താ മീനാക്ഷീ അവൻ ഇങ്ങനെ ആയിപ്പോയത്.? നമ്മളവനെ എത്ര സ്നേഹിച്ചാ വളർത്തിയത്? നല്ലത് മാത്രമല്ലേ പറഞ്ഞ് കൊടുക്കാറുള്ളൂ., നല്ലപ്രവൃത്തികൾ കണ്ടല്ലേ അവൻ വളർന്നത്. എന്നിട്ടും എന്റെ മോൻ. ഈ അച്ഛന് മാനക്കേട് മാത്രം സമ്പാദിച്ചു തരുന്നു. എത്ര മക്കളുണ്ട് ഈ ഭൂമിയിൽ നന്നായി ജീവിക്കുന്നു. എനിക്ക് പൂതി വരുന്നു മീനാക്ഷി നമ്മള മോനും ഒന്ന് അങ്ങിനെയാവാൻ."
അയാളുടെ മുഖത്ത് പ്രതീക്ഷകൾ ഒരുപാടുണ്ട്. മീനാക്ഷിയുടെ മുഖത്ത് കാലം വരച്ച കരിനിഴൽ മാത്രം!
"ഇന്ന് മൂവായിരം രൂപ വേണമെന്ന് പറഞ്ഞു. അത് കൊടുക്കാഞ്ഞിട്ടാ .. അവന് മൈസൂർക്ക് പോകണമെന്ന് കൂട്ടാളരോടൊപ്പം .ഞാൻ പറഞ്ഞു അച്ഛന്റെ കൈയിൽ അഞ്ചിന്റെ പൈസയില്ലെന്ന് ."
അയാളൊന്ന് മൂളി. "ഇന്ന് വിനു കുടിച്ചിരുന്നോ "?
"പിന്നെ കുടിക്കാതെ ഇതൊക്കെ കാട്ടിക്കൂട്ടുമോ അവൻ. നമ്മള വിധി അല്ലാതെന്തു അല്ലേ .? മീനാക്ഷിയെന്നും അത് പറഞ്ഞാ സമാധാനിക്കുക വിധിയിൽ. അയാളും അതിനൊത്ത് തലയാട്ടി.
"നിങ്ങള് വിഷമിക്കേണ്ട അവൻ നന്നാവും. നമ്മളമോന് തിരിച്ചറിവ് വരും." മീനാക്ഷി അയാളുടെ സമാധാനം നിലനിർത്താൻ എന്നും ശ്രമിച്ചിരുന്നു അകം പുകയുമ്പോഴും .
"ബൈക്കിന്റെ ശബ്ദം കേൾക്കുന്നു, എടീ... അവൻ വന്നു.നേരം ഒരു പാട് ഇരുട്ടിയില്ലേ നീ അവന് വേഗംചോറ് കൊടുക്കൂ.. "
"അവനിങ്ങ് അകത്തോട്ട് കയറട്ടെ, നിങ്ങള് ഇങ്ങനെ തിരക്ക് കൂട്ടല്ല. ഈ സ്നേഹമൊന്നും നമ്മള മോൻ കാണുന്നില്ലല്ലോ ദൈവമേ. എന്തിനാ അവൻ നമ്മളെ ഇങ്ങനെ വേദനിപ്പിക്കുന്നേ.. " വിളമ്പുന്ന ചോറിൽ വരെ മീനാക്ഷിയുടെ കണ്ണീരിന്റെ നനവുണ്ടായിരുന്നു.
മേശപ്പുറത്ത് വച്ച ചോറിലേക്ക് ഒന്ന് നോക്കി അവൻ കയറി മുറിയിലേക്ക് പോയി.
"മോനേ.. നിനക്ക് ചോറ് വേണ്ടേ''?
"വേണ്ട" കനത്ത സ്വരം'.
"വാടാ അച്ഛന് വിഷമമാകും നീ
കഴിച്ചില്ലേൽ ".
മീനാക്ഷി കെഞ്ചുന്നുണ്ടായിരുന്നു.
"വാടാ.... മോനേ "
അവൻ വന്ന് ചോറിന് മുന്നിൽ ഇരുന്നു
മീനാക്ഷിക്കും, കുറുപ്പിനും എന്തെന്നില്ലാത്ത സന്തോഷം തോന്നി.
അവൻ ഓരോ ഉരുള ചോറും വായിലിടുന്നത് അവർ ഇമവെട്ടാതെ നോക്കിയിരുന്നു.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മീനാക്ഷിക്ക് തന്റെ പ്രതീക്ഷകൾക്ക് കുഞ്ഞു ചിറക് മുളയ്ക്കും പോലെ തോന്നി.
" നിങ്ങള് ശ്രദ്ധിച്ചോ.. ഞാൻ കരുതി അവൻ ചോറ് തട്ടിമറിക്കലേ ഉണ്ടാവൂന്ന്. അവനത് മുഴുവൻ കഴിച്ചു. ആകെപ്പാടെ ഒരു ശാന്തത വിനുവിന്റെമുഖത്ത് ."
"അതേടീ... എനിക്ക് പ്രതീക്ഷയുണ്ട് അവൻ നമ്മള മോനല്ലേ... നമ്മള് ആരോടും ഒരു ദ്രോഹോംചെയ്തില്ലല്ലോ.. അവൻ നന്നാവും നീ നോക്കിക്കോ."
"ഈശ്വരാ.. നീയാണ് ഞങ്ങൾക്കുള്ളൂ".. മീനാക്ഷി നെടുവീർപ്പിട്ടു ചരിഞ്ഞ് കിടന്നു.
അതിരാവിലെ ആരോ കതകിന് മുട്ടുന്നത് കേട്ടാണ് കുറുപ്പ് ഉണർന്നത്.
മുറ്റത്ത് നില്ക്കുന്നവരെ കണ്ട് കുറുപ്പ് ഒന്ന് ഞെട്ടി.
" വിനുവിന്റെ വീടല്ലേ.? കാക്കിയിട്ട അവർ അയാൾക്ക് നേരെ തിരിഞ്ഞു.
"അയ്യോ .. ഇതെന്താ കുറുപ്പേട്ടാ പോലീസോ ? മീനാക്ഷി പേടിയോടെ വന്ന് നില്ക്കുന്നുണ്ടായിരുന്നു.
"അതെ ". ആ അച്ഛന്റെ സ്വരം ഇടറിയിരുന്നു.
"വിളിക്ക്. മകന് കഞ്ചാവ് കച്ചവടമാ പണി. ഇന്നലെ രാത്രി ഞങ്ങൾക്കൊരു വിവരം കിട്ടി. നിങ്ങളെ മകനും, റോഡിന്ന് അപ്പുറത്തെ വീട്ടിലെ ആ കുട്ട്യേലിയുടെ മകനും കൂടി പാലത്തിന്റെ ചുവടെ കഞ്ചാവ് കൈമാറ്റം ചെയ്ത് കാശ് വാങ്ങുന്നത് കണ്ടവരുണ്ട്. വിളിക്ക്."
"അയ്യോ .. സാറേ.. അവൻ ഒരു പാവമാ.. കുറുപ്പ് പേടിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു.
വിനുവിനെ പോലീസുകാർ തള്ളിക്കൊണ്ട് പോകുന്നത് ആ അമ്മയും, അച്ഛനും കാണാൻ കഴിയാതെ തിരിഞ്ഞ് നിന്നു മുഖം പൊത്തി കരഞ്ഞു.
" മീനാക്ഷി.. ഇന്നലെ നീ എന്തൊക്കെയാ പറഞ്ഞേ..ഒക്കെ വെറുതെ. അല്ലേ ... അവൻ പോയി നമ്മള മോൻ പോയി. അവന്റെ ജീവിതം പോയി. "
"നിങ്ങളും പറഞ്ഞില്ലേ അവൻ നന്നാകുമെന്ന് ".ആ അമ്മയ്ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ധ്വനിയായിരുന്നു വാക്കുകളിൽ .
മാനക്കേട് കൊണ്ട് ആ ജന്മങ്ങൾ പുറത്തിറങ്ങാതായി. വീട്ടിനുള്ളിൽ പരസ്പരം പരിതപിച്ച് സ്വയം നീറി പുകഞ്ഞു.
" എവിടെയാ നമ്മൾ തോറ്റത് മീനാക്ഷിയേ..? എനിക്ക് ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല. അമിതമായ ലാളന ഞാൻ കൊടുത്തില്ല, സ്നേഹക്കുറവും കാണിച്ചില്ല. പഠിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്തു. എന്നിട്ടും നമ്മളെ അവൻ തിരിച്ചറിഞ്ഞില്ലല്ലോ ടീ"
"നിങ്ങളിങ്ങനെ വേദനിക്കല്ലേ അസുഖം കൂടും."
"ഇനിയെന്തിനാ മീനാക്ഷീ നമ്മൾ? അവനിനി എപ്പഴാ പുറത്ത് വരിക.? വന്നാലും അവനിനി..."അയാളുടെ കണ്ണുകൾ നിറയുന്നത് മീനാക്ഷിക്ക് സഹിച്ചില്ല.
"മക്കൾക്കും തിരിച്ചറിവ് വേണം അല്ലേ ടീ.. അല്ലാതെ നമ്മള് നല്ല വഴി തെളിച്ച് കൊടുത്തിട്ട് ഒരു കാര്യവുമില്ല." അയാൾക്ക് എല്ലാം കെട്ടടങ്ങിയ മനുഷ്യന്റെ രൂപമായിരുന്നു.
"അവന്റെ വിവാഹവും കുട്ടികളും എല്ലാം നമ്മള സ്വപ്നമല്ലായിരുന്നോ.. ആ പ്രായത്തിൽ നമ്മള മോൻ ജയിലിൽ!"
നിങ്ങള് നിറുത്ത്. നമ്മക്ക് ഉറങ്ങാം.. മീനാക്ഷി ലൈറ്റണയ്ക്കാൻ എഴുന്നേറ്റു.
ലൈറ്റണയ്ക്കെല്ലെടീ മീനാക്ഷി.. വയ്യ എന്തൊക്കെയോരുൾഭയം, അഭിമാനിയായിരുന്നു ഞാൻ ഇനി എനിക്ക് എന്ത് വിലയാടീ .. സമൂഹത്തിൽ. എങ്ങിനെ പുറത്തിറങ്ങും ഞാൻ.വയ്യ. നമുക്ക് അങ്ങ് മരിച്ചു കളഞ്ഞാലോടീ.. അയാൾ അതുവരെ അടക്കി പറഞ്ഞതും, അടക്കി വച്ചതും പൊട്ടിപൊട്ടി പുറത്തേക്ക് വലിയ ശബദ്ദത്തോടെ പതിക്കുന്നുണ്ടായിരുന്നു.
"എനിക്കും തോന്നിയിരുന്നു കുറുപ്പേട്ടാ.. ചത്ത് കളയാൻ, പലപ്പോഴും. " മീനാക്ഷി അതുപറയുമ്പോൾ അയാൾ അവളുടെ മുഖത്തേക്ക് ദയനീയമായി നോക്കി.
"വേണ്ട... മീനാക്ഷീ നമുക്ക് ജീവിക്കാം.. നമുക്ക് നമ്മളെ മനഃസാക്ഷിയല്ലേ വലുത്. എല്ലാ കടമയും നമ്മള് നിറവേറ്റിയില്ലേ ഭംഗിയായി. പിഴച്ചത് നമ്മൾക്കല്ലാന്ന് ഉറപ്പല്ലേ... ആ വിശ്വാസം ഉള്ളതുകൊണ്ട് നമുക്ക് തലയുയർത്തിത്തന്നെ നടക്കാം.. നീ ലൈറ്റണയ്ക്ക്."
മുറിയിലെ വെട്ടം അണഞ്ഞു.പുതിയൊരു വെട്ടത്തിന് വേണ്ടിയായിരിക്കുമോ അത്?
ശുഭം!
ഷം സി.

മറുവാക്ക് (ചെറുകഥ)


" മുറുക്കീട്ട് ആ മുറ്റത്തേക്ക് തന്നെ നീട്ടി തുപ്പ് കേട്ടോ ഇങ്ങള്, അങ്ങ് പറമ്പിലേക്ക് തുപ്പ് മനുഷ്യാ... നാറ്റിയിടാനായി മാത്രം ഓരോ ജന്മം!"
അയാൾ ഒന്നും മിണ്ടാതെ ഉമ്മറക്കോലായീന്ന് എണീറ്റ് നടന്നു. അയാൾ അങ്ങിനെയായിരുന്നു ഒന്നിനും മറുത്തൊരു വാക്ക് പറയില്ലായിരുന്നു.
ഒരു തോർത്ത് മുണ്ടും തോളിലിട്ട് അയാൾ കവലയിലേക്ക് നടന്നു.
" ഹോ! ഇന്നും വാങ്ങി വന്നിട്ടുണ്ട് ഈ മനുഷ്യൻ, "അയക്കൂറ!"
ചട്ടിക്കണക്കിന് കാഴ്ചയ്ക്ക് ഉണ്ടല്ലോ അതാവും എന്നും ഈ "മത്തി " ! ഫൂ!...ആർക്ക് വേണം. ഈ പത്ത് ഉറുപ്പി കേന്റെ മീന്."
ആ സ്ത്രീ മീൻ മണ്ണിലേക്ക് വലിച്ചെറിഞ്ഞ് ആട്ടി തുപ്പിക്കൊണ്ട് കഴുത്തും തിരിച്ച് നടന്നു.
മണ്ണിൽ പുരണ്ട് അങ്ങിങ്ങായ് തെറിച്ച്കിടക്കുന്ന ആ മത്സ്യങ്ങൾ അയാൾ പെറുക്കിയെടുത്തു. കിണറ്റിൻ കരയിലെ പാത്രത്തിലിട്ട് വെള്ളം കോരിയൊഴിച്ച് കഴുകി. ഒരു കടലാസിൽ പൊതിഞ്ഞ് വീണ്ടും കവലയിലേക്ക് നടന്നു.
"ദാസാ.... ഒന്ന് നില്ക്കേ.. "
"എന്താ ഗോപാലേട്ടാ "
"ഒരു മുപ്പത് ഉറുപ്പിക ഉണ്ടോ നിന്റെ കയ്യിൽ , ഞാൻ നാളെത്തരാം..."
ചോദിച്ച പാടെ ദാസൻ കാശെടുത്ത് അയാൾക്ക് നേരെ നീട്ടി. ആ കാശും മടിക്കുത്തിൽ തിരുകി അയാൾ വേഗതയിൽ മാർക്കറ്റിലേക്ക് നടന്നു.മത്തി തിരിച്ചു കൊടുത്ത് മാറ്റിവാങ്ങി അയാൾ വീട്ടിലേക്ക് മടങ്ങി.
"ഓ... വന്നോ.. ഇപ്പെവിടുന്നാ "അയല " കിട്ടിയത് ! അപ്പൊ വേണ്ടാന്ന് വച്ചിട്ടാ ഇങ്ങള് ആള് നല്ല വെളഞ്ഞവിത്താ ". അവളുടെ വാക്കിൽ ഒരു തരം പക പുകയുന്ന പോലെ.

നനഞ്ഞ് വന്ന കണ്ണ് അയാൾ വെള്ളെഴുത്തിന്റെ കണ്ണട കൊണ്ട് മറച്ചു.
" മക്കള് വന്നിട്ട് ചോറെടുക്കാം, നിങ്ങള് കുറച്ചവിടെ ഇരിക്ക്. അത്ര തിരക്ക് കൂട്ടാൻ അദ്ധ്വാനിച്ച് വന്ന് ഇരിക്ക്യോന്നും അല്ലാലോ, അവര് കടയടച്ച് വരട്ടെ!".
അയാൾ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചു. ഉമ്മറത്തെ കസേരയിൽ വന്ന് ഇരുന്നു. മക്കള് വരുന്നതും നോക്കി.
"കൈ കഴുകി വന്നോ.... മക്കളേ..." അവള് അകത്തീന്ന് വിളിച്ചു. വിശപ്പിന്റെ ശക്തിയിൽ അയാൾ കേട്ട പാടെ സ്റ്റൂള് വലിച്ചിട്ട് ഇരുന്നു.
" വറത്ത മീൻ നിങ്ങള് എടുക്കണ്ടാട്ടോ.. അവർക്കേ ഞാൻ വറത്തുള്ളൂ! അല്ലേലും ഈ നാല് അയല എന്തൊക്കെ ചെയ്യണം" . ആ സ്ത്രീ താക്കീതും നല്കി അടുക്കളയിലോട്ട് പോയി.
അയാൾ പ്ലേറ്റിലെ മീനിലേക്ക് നീട്ടിയ കൈ പതിയെ പുറകോട്ട് മാറ്റി. ആ ചോറുരുള വായിലോട്ട് ഇടുമ്പോൾ അയാളുടെ ഹൃദയത്തിന്റെ മിടിപ്പ് കൂടിയിരുന്നോ...
"മക്കളേ നാളെയല്ലേ വിഷു. കോടി എടുത്തോ?"
അയാള് മക്കളോട് ചോദിച്ചു. വളർന്ന് വിവാഹം പ്രായം വന്നിട്ടും അവർ അയാൾക്ക് കൊച്ചു കുട്ടികളായിരുന്നു.
" അതെ, എടുത്തു. അമ്മയ്ക്കും ഒരു സാരി വാങ്ങി. അച്ഛന് വേണ്ടെന്ന് അമ്മ പറഞ്ഞു. കഴിഞ്ഞ വിഷൂന് സിന്ധു ചേച്ചി കൊണ്ട് വന്നത് ഉണ്ടെന്ന്. അത് ഒരു തവണയേ ഇട്ടിട്ടുള്ളൂന്ന്. അതു കൊണ്ട് അച്ഛന് എടുത്തില്ല."
" എനിക്കെന്തിനാ.. ഞാനെവിടെയും പോകുന്നില്ലല്ലോ.. " അയാൾ തിരിഞ്ഞ് നടന്നു.
ഭദ്രകാളിയെപ്പോലെ ഉറഞ്ഞ് തുള്ളിക്കൊണ്ട് അയാളുടെ ഭാര്യ അകത്തീന്ന് വന്നു.
"അല്ല മനുഷ്യാ.... വിഷുവായിട്ട് നിങ്ങള കയ്യീന്ന് എന്തേലും എടുത്ത് ഇവിടെ വല്ലതും വാങ്ങുമോ..? നല്ല സുഖം തിന്ന് സുഖിച്ച് ഇങ്ങനെ ഇരിക്ക്യാ.. പേരിന് ഒരു നെയ്ത്തും. ഒരു ഷെഡ്ഡും കെട്ടി രണ്ട് തോർത്തും നെയ്ത് ഇരുന്നാ എല്ലായീന്നാ "
" ഇബ്രാഹീക്ക ഒരു പൈസ തരാനുണ്ട് രണ്ട് തോർത്തിന്റെ." അയാൾ ഭാര്യയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
"ഹേ ... പിന്നേ.. അത് കിട്ടീട്ടല്ലേ ഇവിടെ പൊര നിറയ്ക്കുന്നത് .ഒന്ന് മിണ്ടാണ്ട് പോ മനുഷ്യാ " . ആ സ്ത്രീ തുറുത്തിച്ച് കൊണ്ട് തിരിഞ്ഞ് നടന്നു.
അയാളുടെ കണ്ണുകളിൽ നനവുണ്ടായിരുന്നു. ആർക്കും കാണിക്കാതെ ഒരു ജന്മം മുഴുവൻ കൊണ്ട് നടന്ന നനവ്. മക്കളുടെ സ്നേഹം പോലും നിഷേധിക്കപ്പെട്ട അച്ഛന്റെ കണ്ണിലെ നനവ്.
പിറ്റേന്ന് നേരത്തെ തന്നെ അയാൾ കവലയിലേക്കിറങ്ങി.ഇബ്രാഹിയെ കണ്ടു.
"ഇബ്രാഹീ..., തോർത്ത് മുണ്ടിന്റെ കാശ്..."
"ഓ... ഞമ്മളത് മറന്നു, തോർത്തിന് തീരെ വീതിയില്ല. അതോണ്ട് വീട്ടില് വച്ചിക്ക് നീ വേറെ രണ്ടെണ്ണം തയ്ച്ചി തരീൻ ഞമ്മക്ക്. അത് ഞമ്മള് നാളെ കൊണ്ടേന്ന് തരാം."
അയാൾ ഒന്നും മിണ്ടാതെ ശരിയെന്നും പറഞ്ഞ് കലങ്ങി മറിഞ്ഞ നെഞ്ചോടെ വീട്ടിലേക്ക് നടന്നു.
"അമ്മേ..... ദാ.. അച്ഛൻ വരുന്നുണ്ട് " അയാളുടെ രണ്ടാമത്തെ മകൾ സിന്ധു ! നേരത്തെ എത്തിയിട്ടുണ്ട്.
"എന്തെങ്കിലും ഉണ്ടോടീ കൈയിൽ?അല്ലേലും എന്തുണ്ടാകാനാ.... അങ്ങിനെയൊരു പതിവില്ലാലോ ആ മനുഷ്യന് " അടുക്കളയിൽ നിന്നും അയാളുടെ ഭാര്യ പതിവ് പല്ലവികളുടെ കെട്ടഴിച്ച് വിട്ടിരുന്നു.
" ആ തെക്കെപറമ്പിന്റെ കുറച്ച് ഭാഗം വിറ്റ് എനിക്ക് തന്നത് അച്ഛന് തീരെ പിടിച്ചിട്ടില്ല അല്ലേ അമ്മേ"?
"അതെ, അതൊന്നും പിടിക്കീല മൂപ്പർക്ക് . വയസ്സാംകാലത്ത് ഒറ്റക്ക് വിലസാൻ പൂത്തിവച്ചതാവും അല്ല പിന്നെ ".
പ്രതീക്ഷിച്ചതൊക്കെ കേട്ട്കൊണ്ട്ത്തന്നെയാണ് അയാൾ കയറി വന്നത്. ഷർട്ട് അഴിച്ച് അയലിൽ തൂക്കി . അയാൾ ഷെഡ്ഡിലേക്ക് പോയി.
"ഹോ.... നല്ലോരു ദിവസോം ഈ മനുഷ്യൻ ഒച്ചപ്പാട് ഉണ്ടാക്കാൻ കേറിയോ... ,ആരെ കാണിക്കാനാ ...., ഈ നാടകം "
ഭാര്യയുടെ വാക്കുകൾ നെയ്ത്തിന്റെ വേഗത കൂട്ടി അയാൾ തടഞ്ഞു നിർത്തുന്നുണ്ടായിരുന്നു. കണ്ണുകളിൽ ഒരു ഭാവവും ഇല്ലായിരുന്നു. അയാൾക്ക്ചുറ്റിലും ആ ദിവസത്തിന്റെ ആരവങ്ങൾ ഇല്ലായിരുന്നു. യാന്ത്രികമായി അയാളുടെ കൈ ചലിക്കുന്നുണ്ടായിരുന്നു.
" മക്കളേ ... നിങ്ങള് വന്ന് ഇരിക്ക് ചോറ് എടുക്കാം അമ്മ. അച്ഛനെ ഉദ്യോഗം കഴിഞ്ഞിട്ടൊക്കെ വിളിക്കാം ആ സ്ത്രീ പരിഹസിച്ച് രസിക്ക്യായിരുന്നു.
" അച്ഛൻ നിർത്തീന്ന് തോന്നുന്നു ശബ്ദ്ദമൊന്നും കേൾക്കുന്നില്ല. ഞാൻ പോയി വിളിക്കാം" അയാളുടെ മൂത്ത മകൻ എഴുന്നേറ്റു ഷെഡ്ഡിലേക്ക് നോക്കി.
ആ വിളിക്ക് കാതോർത്ത് കാണില്ല അയാൾ .കുത്തുവാക്കുകളുടേയും , പരിഹാസങ്ങളുടേയും കൂന നിറഞ്ഞ് നില്ക്കുന്ന ആ അന്നം അയാൾ ആഗ്രഹിച്ച് കാണില്ല. അതാവും ദൈവം അയാളെ കൂട്ടി പോയ്ക്കളഞ്ഞത്. നിശ്ചലമായ ആ നെയ്ത്ത് പലകയിൽ തല ചായ്ച്ച് അയാൾ കിടക്കുന്നുണ്ടായിരുന്നു.
തെക്കെ പറമ്പിൽ കത്തുന്ന ചിതയ്ക്ക് വെമ്പൽ കൂടുതലുള്ള പോലെ.... ഒരു പാട് കാലമായി കൊതിയോടെ കാത്തിരുന്നിരിക്കാം മരണത്തെ അയാൾ!
**********************************************
"മോനേ..... ഇത് മത്തിയല്ലേ.... നിനക്ക് വേറൊന്നും കിട്ടിയില്ലേടാ...?"
"ഓ.....അതൊക്കെ മതിയമ്മേ.. മീനിനൊക്കെ ഭയങ്കര കാശാ ".
കാലചക്രം കറങ്ങി കൊണ്ടേയിരിക്കും പെണ്ണേ.... നിന്നെ അത് അറിയിക്കും നിന്റെ പാതി നിനക്ക് ആരായിരുന്നു എന്ന്.!
ശുഭം.
ഷംസി.

യാത്ര പറയാതെ


പത്രത്തിലുള്ള ആ ഫോട്ടോയിലേക്ക് ഒന്ന് നോക്കാനേ കഴിഞ്ഞുള്ളൂ എനിക്ക്. അതെ അത് ടീച്ചറ് തന്നെ!
ഉണർന്ന് വരുന്ന പ്രഭാതത്തിന്റെ മനോഹാരിതയായിരുന്നു ടീച്ചർക്ക് ! നല്ല കറുപ്പുള്ള ചുരുണ്ട മുടിയായിരുന്നു ടീച്ചർക്ക് .വെളുത്ത നിറം, സദാ പ്രസരിപ്പാർന്ന പ്രകൃതം!
കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആ വ്യക്തിത്വത്തെ ഞാൻ കണ്ടത്.
.........................................................................
ഹൃദയത്തിന്റെ മിടിപ്പ് കൂടി എന്റെ ശരീരത്തിൽ ഒരു വിറയലായത് മാറി വരുന്നുണ്ട്. ശരിക്കും വിറയ്ക്കുന്നുണ്ട് പിന്നീട് അതൊരു തണുപ്പായി ദേഹത്തെ പൊതിയുന്നു. എന്റെ നാട്ടിൽ നിന്നും കിലോമീറ്ററുകൾ ദൂരെയുള്ള ആ സ്കൂളിലേക്ക് അദ്ധ്യാപക പരിശീലനത്തിനായി കയറി ചെല്ലുമ്പോൾ മനസ്സ് പേടിയുടെ കൂമ്പാരം കൊണ്ട് നിറഞ്ഞ് നില്ക്കുകയായിരുന്നു.
"എന്താടോ... ഒരു പരിഭ്രമം.. കയറി വാടോ..."
വെളുത്ത്, ചുരണ്ട മുടിയുള്ള ആ ടീച്ചറായിരുന്നു അത്. ഉത്സാഹവതിയായ ടീച്ചറുടെ സാമീപ്യം എന്നിലെ ഭീതിയും, അങ്കലാപ്പും കുറേ കുറച്ചിരുന്നു.
"തനിക്ക് നല്ല പേടിയുണ്ട് ഇന്നിവിടെ ഇരിക്ക്... കുട്ടികളേയും, അദ്ധ്യാപകരേയും, സ്കൂളും എല്ലാം നിറച്ച് കാണ് എന്നിട്ട് തുടങ്ങാം....."
ടീച്ചറുടെ ആ വാക്കുകൾ എനിക്ക് പകർന്നത് ചോർന്ന് പോയ എന്റെ ധൈര്യത്തെയായിരുന്നു. മനസിൽ ടീച്ചർക്ക് ഒരുപാട് നന്ദി പറഞ്ഞതോടൊപ്പം എന്തെന്നില്ലാത്ത ഒരിഷ്ടവും ഓടി വന്നു.
ഞങ്ങളൊന്നിച്ചുള്ള ഇടവേളകളും, യാത്രകളും-- ടീച്ചറെ ഞാൻ മനസിലാക്കുകയായിരുന്നു.
അകാരണമായ എന്തൊക്കെയോ പിരിമുറുക്കങ്ങൾ ടീച്ചറെ അലട്ടുന്നത് പോലെ എനിക്ക് തോന്നിയത്... ടീച്ചറ് എന്നോട് വന്ന് അത് ചോദിച്ചപ്പോഴാണ്-
"എടോ... എന്റെ മോനെ പരിചയപ്പെട്ടോ? അവൻ എങ്ങിനെ ക്ലാസിൽ?"
നാലാം ക്ലാസിൽ -ടീച്ചറെ പോലെ സുന്ദരവും, നിഷ്കളങ്കവുമായ മുഖത്തോട് കൂടി നല്ല തടി വച്ച്, പൊക്കം അധികമില്ലാത്ത ഒരു പാവം മോനെ ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. അത് ടീച്ചറുടെ മകനായിരുന്നു. ടീച്ചറുടെ പ്രിയപ്പെട്ട ""അപ്പു.""
" അപ്പു നല്ല കുട്ട്യാ ടീച്ചറേ... പാവമാ.. അവന് കാര്യങ്ങൾ എല്ലാം അറിയാം പക്ഷെ പ്രതികരിക്കാൻ ഒരു മടി പോലെ.. വല്ലാത്തൊരു പേടി പോലെ " .
ഞാൻ പറഞ്ഞ് തീർന്നതും ടീച്ചറെന്റെ കയ്യിൽ മുറുകെ പിടിച്ചു.
" അതാണ്, അതാണെടോ... അവന്റെ പ്രശ്നം! വല്ലാത്ത ടെൻഷനാ എല്ലാ കാര്യത്തിലും അതുകൊണ്ട് തന്നെ എന്റെ മോന് ഒന്നും ശരിയായി പഠിക്കാൻ പറ്റുന്നില്ല"
ടീച്ചറുടെ മുഖത്ത് നിറയെ നിരാശയായിരുന്നു ആ സമയം ഞാൻ കണ്ടത്.അമിതമായ ആകാംക്ഷ ടീച്ചറെ വല്ലാതെ വലയ്ക്കുന്നുണ്ടെന്ന് തോന്നിച്ചു .
" " അവൻ കുഞ്ഞല്ലേ ടീച്ചർ, വളരുന്തോറും ഒക്കെ മാറി വരും, ടീച്ച - റവനിൽ ഒന്നിനും അധികം സമ്മർദ്ദം ചെലുത്തേണ്ട.... അവൻ ഇഷ്ടമുള്ളത് പോലെ ചെയ്തോട്ടെ ഇപ്പൊ " "
ഒരു പാട് അറിവുള്ള ആ നിറഞ്ഞ ചിരിയുള്ള അദ്ധ്യാപിക എനിക്ക് മുന്നിൽ ഒരു ശിഷ്യയെപ്പോലെ നില്ക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു ഞാൻ കണ്ടത്.
പരിശീലനത്തിന്റെ ദിവസങ്ങൾ ഓരോന്നായി കഴിയുമ്പോൾ ആ അമ്മയും ,മകനും എന്റെ മനസിൽ സ്നേഹത്തിന്റെ നിറങ്ങൾ കൊണ്ട് ചിത്രം വരച്ച് തുടങ്ങിയിരുന്നു.
എന്റെ ക്ലാസുകൾ വീക്ഷിച്ച് വിശകലനം ചെയ്യുമ്പോൾ അന്നുവരെ എന്നോട് കാണിച്ച അടുപ്പത്തിന്റെ ഒരംശം പോലും ടീച്ചറിൽ ഞാൻ കണ്ടിരുന്നില്ല .അതായിരുന്നു ആ ടീച്ചറിന്റെ മഹത്വവും !
ഉച്ഛ ഭക്ഷണം പങ്കിട്ട് കഴിച്ചും, ഒരേ ബസ്സിൽ യാത്ര ചെയ്തും ടീച്ചറും ,അപ്പുവും എന്നിലേക്ക് വളരെ അടുത്ത് കഴിഞ്ഞിരുന്നു. മകനെ ഇങ്ങനെയും പ്രാണനായി കരുതുന്ന ഒരമ്മ! മുതിർന്നിട്ടും മടിയിലിരുത്തി ഊട്ടുന്ന അമ്മ- ടീച്ചറിലെ ആ മാതൃത്വത്തേയും എനിക്ക് ആവോളം കാണാൻ കഴിഞ്ഞിരുന്നു.
"എടോ താനിവിടുന്ന് പോയാൽ ഞങ്ങളെ മറക്വോ.? വരുമോ ഇനി ഇങ്ങോട്ട്? നിന്റെ കുടുംബത്തോടൊപ്പം വരണം എനിക്ക് കാണണം തന്റെ മകളെ.. ഇപ്പൊ കുഞ്ഞല്ലേ കൊണ്ടുവരാൻ ബുദ്ധിമുട്ടാകും, ഒരു ഫോട്ടോയെങ്കിലും കാട്ടിത്താടോ.." - ആ വാക്കുകളിൽ ഒളിച്ചു വച്ച കുറേ ഇഷ്ടം ഉണ്ടായിരുന്നതായി എനിക്ക് തോന്നി!
നല്ല സ്നേഹങ്ങൾ മനസ്സിൽ പതിയാൻ ദീർഘദൂരമൊന്നും സഞ്ചരിക്കേണ്ടതായി വരില്ല അല്ലേ നമുക്ക്? അതാവാം ടീച്ചർ എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു.
മിക്ക ദിവസങ്ങളും ഓടിക്കിതച്ച് കൊണ്ട് വരുന്ന ടീച്ചർക്ക് അന്നും പറയാനുണ്ടായിരുന്നു. വീട് വയ്ക്കാൻ ബാങ്കീന്ന് വായ്പയെടുത്ത കഥ, അതു അടച്ച് തീർക്കാൻ ഉള്ള ബുദ്ധിമുട്ടിന്റെ കഥ !
" എപ്പഴാടോ ഇതൊക്കെ തീർന്ന് ഒന്ന് സ്വസ്ഥമാകുന്നേ.. മകളുടെ പഠനം കഴിഞ്ഞാൽ പിന്നെ അവളെ കെട്ടിക്കാറായ ഓട്ട പാച്ചിലിലാകും, ഇപ്പൊ അവള് എഞ്ചിനീയറിംങിന് പഠിക്ക്യാ.... "
"ടീച്ചറെന്തിനാ ഇങ്ങനെ ടെൻഷൻ കൂട്ടുന്നേ..... ബാധ്യതകളില്ലാത്ത മനുഷ്യരുണ്ടോ? സ്വരുക്കൂട്ടി വച്ച് എല്ലാവർക്കും എല്ലാം ചെയ്യാൻ കഴിയോ? അത് അങ്ങിനെയൊക്കെയങ്ങ് തീരും... സമയമാകുമ്പോൾ എല്ലാം നടക്കും!"
ഞാനിതൊക്കെ ടീച്ചറുടെ അസ്വസ്ഥമായ മനസിനെ പാകപ്പെടുത്താൻ പറഞ്ഞ് പിടിപ്പിച്ചത് സ്നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു.പക്ഷെ ടീച്ചർ എന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഒരു പാട് അറിവുകൾ എനിക്ക് പകർന്ന് തന്ന അദ്ധ്യാപിക എന്തിനോ വേണ്ടി കാത്ത് നില്ക്കുന്ന പോലെ....
ദിനങ്ങളും, മാസവും ഞൊടിയിടയിൽ കടന്നു പോയ പോലെ തോന്നി എനിയ്ക്ക് .
അവസാന ദിവസം ആ വിദ്യാലയത്തിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ പാതി വഴി വരെ ടീച്ചറും, അപ്പുവും എന്റെ കൂടെ ഉണ്ടായിരുന്നു.
" അപ്പൂ...... നന്നായി പഠിക്കണം ..... ടീച്ചർക്ക് സന്തോഷം കൊടുക്കണം പഠിച്ച് വളർന്ന് വലുതായിട്ട് " ..... എന്റെ മുഖത്തേക്ക് നോക്കി അപ്പു ചിരിച്ച് തലയാട്ടി.
"എടോ... താൻ വരുമോ ഇനി ഈ വഴി ... മകളെയും കൂട്ടി ,? ഞാൻ മാത്രമല്ല എന്റെ ക്ലാസിലെ കുട്ടികളും പറഞ്ഞു തന്റെ മകളെ കാണണമെന്ന് കൂട്ടി വരുമോ... ഒരിക്കൽ? "
" വരാം ടീച്ചർ തീർച്ചയായും വരും ഞാൻ."
അവിടെ വച്ച് അവരെ പിരിയുമ്പോൾവേദന തോന്നിയെങ്കിലും ഞാൻ സന്തോഷിച്ചു. ജീവിതത്തിന്റെ വഴിവക്കിൽ വച്ച് കിട്ടിയ നല്ല മനസ്സുകളെ കുറിച്ചോർത്ത്.
........................................................................
പഠനം പൂർത്തിയായി ..... കുടുംബത്തോടൊപ്പം മറുനാട്ടിലേക്ക് ചേക്കേറുമ്പോഴും മനസിൽ ഓർത്തിരുന്നു. ടീച്ചറെപ്പോയി കണ്ടില്ലല്ലോയെന്ന്, പിന്നീട് ആ മുഖം മനഃപൂർവ്വം ഒളിച്ച് വച്ചു. എത്ര ഒളിപ്പിച്ചാലും ചില ബന്ധങ്ങൾ നമ്മളെ ഉണർത്തും..... അവരുമായുള്ള കൂടിക്കാഴ്ച കൊതിക്കും !
അതായിരിക്കാം നെഞ്ചിലുള്ള പച്ചപ്പിന്റെ നാട്ടിൽ കാല് കുത്തിയ പാടെ ഓർത്തത് ടീച്ചറിനെയായിരുന്നു. നാല് വർഷക്കാലം പിന്നിട്ട ഓർമ്മയ്ക്ക് വീണ്ടും ജീവൻ വച്ചു.
മറന്ന് കാണുമോ ടീച്ചർ എന്നെ? ദേഷ്യം കാണുമോ ടീച്ചർക്ക് എന്നോട്.? പറഞ്ഞ വാക്ക് പാലിക്കാൻ എനിക്ക് വർഷങ്ങൾ വേണ്ടിവന്നു.
മനഃപൂർവ്വമല്ലല്ലോ സാഹചര്യം - അതെ ഞാൻ ആശ്വസിച്ചു. അന്ന് എനിക്ക് ഒരു പാട് ആഹ്ലാദമായിരുന്നു. പ്രതീക്ഷിക്കാതെ ടീച്ചർ എന്നെക്കണ്ടാൽ ശരിക്കും തരിച്ച് പോകും! അപ്പു ഇപ്പോൾ എട്ടാം ക്ലാസിൽ എത്തിക്കാണും...ടീച്ചറും എന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടാവണം അതാവും എന്നെ അവിടേക്ക് നയിക്കുന്നത്.
അതിരാവിലെ ഉണരുമ്പോഴും..... തുടുത്ത മുഖമുള്ള, പ്രസരിപ്പു പകരുന്ന, കറുത്ത ചുരുണ്ട മുടിയുള്ള ടീച്ചറുടെ രൂപമേ മനസ്സിൽ ഉള്ളൂ....
തലേ ദിവസം ഈ കൂടിക്കാഴ്ച ഓർത്ത് ഉറക്കം കുറവായിരുന്നു. പോകാൻ ഒരുങ്ങുന്നതിന് മുൻപേ... ഞാൻ കണ്ടു- ഉമ്മറക്കോലായിൽ നിവർത്താത്ത പത്രം എന്നോട് എന്തോ പറയാൻ നില്ക്കുന്ന പോലെ........
എന്റെ കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണുനീർ ആ പത്രത്തിലെ നല്ല കറുപ്പുള്ള ചുരണ്ട മുടിയുള്ള, ചിരിച്ച മുഖമുള്ള ടീച്ചറിന്റെ ചിത്രത്തിൽ തുരുതുരാ വീഴുകയായിരുന്നു. കണ്ണുകൾ അമർത്തി തുടച്ച് ഞാൻ നനഞ്ഞ് മാഞ്ഞ ആ അക്ഷരങ്ങൾ വായിച്ചു.
" അദ്ധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണ് മരിച്ചു സംസ്കാരം ഇന്ന് കാലത്ത് പത്ത് മണിക്ക്."
സമയവും, കാലവും ആരേയും ഒന്നിനും കാത്ത് നില്ക്കില്ലല്ലോ.. കാണും മുൻപെ അത് കടന്ന് പോകും... ബന്ധങ്ങളെ കൈവിടാതെ കൊതിതീരും വരെ ഒപ്പം നടത്തിയിരുന്നെങ്കിൽ.......
ഇന്നും മനസ്സ് കരയും ടീച്ചർ ഉള്ളംകൈയിൽ കൊണ്ട് നടന്ന അപ്പുവിനെ യോർക്കുമ്പോൾ!!
( ടീച്ചറുടെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട്..........!)
ഷംസീറഷമീർ ചെച്ചി.

ഓത്തുപള്ളി


(ഓർമ്മയിലെന്റെ കൂട്ടുകാരി )
ഇരുമ്പഴിക്കുള്ളിൽ കിടന്നു 'സാനിയ ' അലറി വിളിക്കുന്നത് പുറം ലോകത്തെ ഉണർത്തുന്നുണ്ടെങ്കിലും ആരും ചെവിക്കൊള്ളാൻ കൂട്ടാക്കിയില്ല!
'നശിച്ചവൾ', 'പിഴച്ചവൾ ', 'കുടുംബം കലക്കിയവൾ', 'അസത്ത്, 'സെയ്ത്താൻ ' ,'പിശാച് '_
ഓരോ സമുദായവും അവരവരുടെ ഇഷ്ടാർത്ഥം അവൾക്ക് പേരിട്ടു.ആ ഇരുമ്പുകമ്പികളിൽ സാനിയ തലതല്ലി കരഞ്ഞു- അവൾ വിളിച്ചു പറഞ്ഞു-
"അറിയില്ല, ഒന്നും എനിക്കറിയില്ലായിരുന്നു " ........
************
നിങ്ങളിൽ ചിലർക്ക് അറിയാമായിരിക്കും സാനിയയെ, ഓത്തു്പള്ളിയിലെ എന്റെ കൂട്ടുകാരിയെ...........
ഓത്തുപള്ളിയിലെ പഠനം കഴിഞ്ഞ് പിരിയുമ്പോൾ സാനിയയോട് മനസ്സിൽ നീരസമായിരുന്നു എനിക്ക്...... - എന്റെ കൈയിൽ അവള് നുള്ളിയ നീറ്റലിന്റെ നീരസം ! കാലം സഞ്ചരിച്ച വഴികളിൽ മനസിന്റെ നീറ്റൽ മായാതെ നിന്നു. സ്കൂൾ പഠനത്തിന്റെ നടവഴികളിൽ ഞങ്ങളുടെ കണ്ണുകൾ ഉടക്കിയെങ്കിലും അവളോട് മിണ്ടാൻ പ്രതികാര മനസ്സ് വിസ്സമതിച്ചു.
ഹൈസ്കൂൾ കാലം മനസ്സിന് പക്വത വരുത്തി തുടങ്ങിയപ്പോൾ ഞങ്ങൾ ചിരിച്ചു തുടങ്ങി. പതിയെ നീരസം മറന്ന് സംസാരിച്ചു. അവളുടെ വലിയ നടയുള്ള ഓട് മേഞ്ഞ വീട്ടിലേക്ക് ഒരിക്കൽ കൂട്ടുകാരിയായി പോയതോടെ നീരസം പാടേ മാഞ്ഞു!
സാനിയയുടെ "ശാഠ്യം ", "വാശി " അതായിരുന്നു എന്റെ കൈയിൽ അവളെ നുള്ളാൻ പ്രേരിപ്പിച്ചത്! യഥാർത്ഥത്തിൽ അവളൊരു പൊട്ടിയായിരുന്നു! വെറുമൊരു "പൊട്ടിപ്പെണ്ണ് "ആരേയും പെട്ടെന്ന് അകമഴിഞ്ഞ് വിശ്വസിക്കുമായിരുന്നു സാനിയ . ഞാനവളെ മനസിലാക്കിയത് അങ്ങിനെയായിരുന്നു.
കാലങ്ങൾ പിന്നിട്ട്- സാനിയയും ഞാനും കണ്ടുമുട്ടുമ്പോൾ ഞങ്ങൾ പക്വതയാർന്ന കുടുംബിനികളായിരുന്നു!!
അവളുടെ പെരുമാറ്റത്തിൽ നൂറുമേനിയായിരുന്നു ഒതുക്കവും, സ്നേഹവും!
" നിന്റെ കലപിലയ്ക്ക് ഒരു മാറ്റവുമില്ലല്ലേ " ... സാനിയ എന്നെ വീക്ഷിച്ചത് ശരിയായിരുന്നു ആ വാക്കുകളിൽ!
അവളുടെ കൈയിൽ രണ്ട് തങ്കക്കുടങ്ങൾ !!!
"രണ്ടും ആൺകുട്ടികളാല്ലേ?"
രണ്ട് വയസ്സുള്ള ഇളയ മകനെ കെട്ടിപിടിച്ചു ഉമ്മ വച്ചു കൊണ്ടാ എന്നോട് അവൾ "അതേന്ന് " ഉത്തരം പറഞ്ഞത്. നാലുവയസ്സുള്ള മൂത്തമകനെ മറുകൈയിൽ മുറുക്കെ പിടിച്ചിരുന്നു.
ഞാനും എന്നോട് ചേർത്ത് രണ്ട് മുത്തം അവളുടെ മക്കൾക്ക് പകർന്നു.മക്കളോടുള്ള സാനിയയുടെ സ്നേഹം ആ കൂടിക്കാഴ്ചയിൽ ഞാൻ നിറഞ്ഞ് കണ്ടു. അടുത്ത മാസം പ്രിയതമന്റെയടുത്തേക്ക് പറക്കാൻ പോകുന്ന സന്തോഷ വാർത്ത പറഞ്ഞു സാനിയ നടന്നു പോയത് ഞാൻ ഇന്നും ഓർക്കുന്നു!
ജീവിതത്തിന്റെ തിരക്കിനിടയിൽ മറവിയുടെ ശ്മശാനതയിലേക്ക് വലിച്ചെറിയപ്പെട്ട ചില മുഖങ്ങൾ പിന്നീട് മറനീക്കി പുറത്ത് വരിക നമ്മളെ ഞെട്ടിത്തരിപ്പിച്ച് കൊണ്ടായിരിക്കാം - മനസിൽ തീക്കോരിയിട്ടു കൊണ്ടാവാം..... അങ്ങിനെയാ സാനിയായെ ഞാൻ വീണ്ടും ഓർത്തത് ........ കേട്ടത് സത്യമാണെന്ന് മുറിപ്പാടോടെ അറിഞ്ഞത് !!!!!!!!
"സാനിയ "!_ അവൾക്ക് എന്താണ് സംഭവിച്ചത്?
*******
അതെ ഭർത്താവിന്റെയടുത്തുളള ഒന്നിച്ചുള്ള വാസമൊക്കെ കഴിഞ്ഞ് നാട്ടിലെത്തിയ സാനിയ - പെട്ടെന്ന് ഒരു ദിവസം തന്റെ പൈതങ്ങളേയും കൊണ്ട് നാടുവിട്ടു.!! എന്തിന്? ഞാനും ചോദിച്ചു ? എന്തിന്?
അവൾക്ക് സ്വന്തമായി കാശ് വേണമെന്ന് , ജോലി വേണമെന്ന് സ്വാതന്ത്ര്യം വേണമെന്ന് , മക്കളെ ആവോളം സമ്പത്തിൽ പൂഴ്ത്തി വളർത്തണമെന്ന് . അതിന് വേണ്ടി കൈയിൽ കിട്ടിയ ലക്ഷവും കൊണ്ട് ഏതോ പരിചയക്കാരനെ കൂട്ടുപിടിച്ച് സാനിയ നാടും, വീടും വിട്ടിറങ്ങിയതാണ്,, - ആരോടൊക്കെയോ വാശി തീർക്കാൻ....!
അവളുടെ ഉള്ളിൽ നിറഞ്ഞാടിയ ശാഠ്യമൊന്ന് തന്നെയാണ് അതിന് കാരണം- മറ്റെല്ലാവരും അവൾ പുതിയ കാമം തേടി-മാംസം തേടി പോയെന്ന് പറഞ്ഞപ്പോൾ ഞാൻ മന്ത്രിച്ചിരുന്നു അല്ലെന്ന് ,,സാനിയ മുൻ ശുണ്ഠിക്കാരിയാണെന്ന്. അതവളെ കൊണ്ട് ചെന്നെത്തിച്ചത് പരിചിതമല്ലാത്ത വ്യക്തികൾക്കും, നഗര തിരക്കിലുമിടയിലേക്കാണ്.
പാതി വഴിയിൽ വച്ച്, പറഞ്ഞ് ഉറപ്പിച്ചആർക്കോ സാനിയായെ കൈമാറി ലക്ഷം കൈപ്പറ്റി കൂടെ ചേർന്നവൻ രക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് കുറേ നികൃഷ്ടജന്മങ്ങൾ വാഴുന്ന ലോകം അവൾക്ക് മുന്നിൽ തുറന്ന് കിടക്കുകയായിരുന്നു.
ജോലി, പണം - ലക്ഷ്യം ചിലപ്പോ അവളെ അന്ധയാക്കിയതാവാം ....
ജീവിതം തോർന്ന് തീരുന്നതറിയാതെ ബോംബെ നഗരത്തിലെ സെക്സ് മാഫിയ സംഘത്തിന്റെ ബലിഷ്ഠമായ കരങ്ങളിൽ തന്റെ കുഞ്ഞുങ്ങളേയും കൊണ്ട് അവൾ ജോലിക്കും, പണത്തിനും വേണ്ടി ആർത്തിയോടെ കണ്ണോടിച്ചു.
ഞാൻ പറഞ്ഞില്ലേ അവളൊരു പൊട്ടിയായിരുന്നു - അവര് പറഞ്ഞതൊക്കെ വിശ്വസിച്ച്,,,, - ആദ്യപടിയായി അവർ നല്കിയ ക്ലീനിംങ് ജോലി ഏറ്റെടുത്തു. മക്കളെ നെഞ്ചോട് ചേർത്ത് അവൾ കൈയിൽ കിട്ടുന്ന കാശിനേയും, സ്വർഗ്ഗതുല്യ ജീവിതത്തേയും പറ്റി വാ തോരാതെ പൊന്നുമക്കളോട് വർണ്ണിച്ചു .
" മക്കൾ " - തടസ്സമാകുമെന്ന് ആ രാക്ഷസ ജന്മങ്ങൾ തിരിച്ചറിഞ്ഞതാവാം, അവരെ ബോർഡിംങിലാക്കി വിദ്യപകരാമെന്ന് സാനിയായെ വിശ്വസിപ്പിച്ച് ആ തങ്കക്കുടങ്ങളെ അവളിൽ നിന്നും അടർത്തി.
ചുരിദാറിൽ നിന്നും ജീൻസിലേക്ക് കൂട് മാറിയ ഉമ്മാന്റെ പാന്റ്സിൽ തലോടി ആ മകൻ ഇതു പോലൊരെണ്ണം എനിക്കും വേണമെന്ന് കെഞ്ചി ,, "എല്ലാം വാങ്ങാം മോനെ നമുക്ക് എല്ലാരുടെ മുന്നിലും ജീവിച്ച് കാട്ടിക്കൊടുക്കണ"മെന്ന് അവൾ തന്റെ മകനോട് പറയുമ്പോൾ- സാനിയാ... നിനക്ക് ഇത്രയും ജീവിതമെന്തെന്ന് അറിയാൻ കഴിവില്ലായിരുന്നോ ....???? ഈ കൂട്ടുകാരി ചോദിച്ചു പോകുന്നു.!
പിന്നീട് എവിടെയായിരുന്നു സാനിയ?
ഒന്നും അവൾ അറിഞ്ഞ് കാണില്ല ഒന്നും .!!അവൾ ശരിക്കും പൊട്ടി തന്നെയായിരുന്നു.,,,, വാശിക്കാരി!
പുലരിയെ കീറിമുറിച്ച് ചോര തെറിപ്പിച്ച് കൊണ്ടായിരുന്നു ആ ദിവസത്തിന്റെ തുടക്കം!
അന്നു ഞാൻ മുത്തം കൊടുത്ത് പിരിഞ്ഞ പൊന്നു മകൻ -സാനിയായുടെ മൂത്ത മകനെ, ജീവനില്ലാതെ ഏതോ നഗരത്തിന്റെ പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ ബെഞ്ചിൽ നിന്നും കണ്ടെടുത്തു. ആ പൈതലിന്റെ ഭൂമിയിലുള്ള ജീവിതം കൂറേ കാട്ടാളന്മാർ കൂടി ഇല്ലാതാക്കി.
ആ മരവിപ്പിനെ വീണ്ടും ആഞ്ഞടിച്ച് കൊണ്ടായിരുന്നു പിറ്റേ ദിവസം അവളുടെ രണ്ടാമത്തെ പിഞ്ചോമനയെ റയിൽവെ ട്രാക്കിന് സമീപത്ത് നിന്നും കിട്ടിയതറിഞ്ഞത്.. വിശ്വസിക്കാൻ കൂട്ടാക്കാതെ ഹൃദയത്തെ ഞാൻ പിടിച്ചുവച്ചു! ആ കുഞ്ഞു മുഖങ്ങൾ എനിക്ക് മുന്നിൽ ചിരിച്ചുകാട്ടുന്നത് പോലെ.. ഒന്ന് കരയാൻ പോലും കഴിയാതെ വിറങ്ങലിച്ച നിമിഷങ്ങളായിരിക്കാം - ആ കുരുന്നുകളെ നാട്ടിലെ പള്ളിക്കാട്ടിൽ ഖബറടക്കുന്ന നേരം കൂടി നിന്ന ഹൃദയങ്ങൾക്കെല്ലാം....
സാനിയ ? അവൾക്കതിന് കഴിയുമോ ഇല്ല എന്ന് തന്നെ എന്റെ മനസ്സു പറഞ്ഞു. ആ മക്കളെ അവള് കൊല്ലില്ല, ഒരിക്കലും കൊല്ലാൻ പറ്റില്ല അവൾക്ക് . അവൾ അടക്കിപ്പിടിച്ചത് ഞാൻ കണ്ടതാണ് !
അന്വേഷണങ്ങളൊന്നും എവിടെയും എത്തിയില്ല മാസങ്ങളോളം..... സാനിയ എന്റെ മനസ്സിൽ വിങ്ങലായി തുടർന്നു .അവളോട് മനസ്സിൽ വെറുപ്പും, പുച്ഛവും തോന്നി.ആ മക്കളെ ഓർക്കുമ്പോൾ നെഞ്ച് പിളരുന്നത് പോലെയായി.
മാസങ്ങൾക്ക് ശേഷം ബാംഗ്ലൂരിലെ ഒരു കടയിൽ വച്ച് തപ്പി തടഞ്ഞ് ഇംഗ്ലീഷും, ഹിന്ദിയും പറഞ്ഞ ഒരു യുവതിയെ കടക്കാരൻ പോലീസിന് കൈമാറി. അതെ അവൾ സാനിയയായിരുന്നു! രണ്ട് മക്കളെ കൊന്ന ഉമ്മ! ആണോ?... അല്ലായിരുന്നു!!
ചോദ്യം ചെയ്യലിൽ തളർന്ന സാനിയയുടെ മുൻപിൽ ജീവിതം കൈവിട്ട് പോയിരുന്നു!
അവൾ പൊട്ടിക്കരഞ്ഞു ... പോലീസുകാരൻ നീട്ടിയ മലയാള പത്രം കണ്ട് അവൾ അലമുറയിട്ടു. ഭ്രാന്തിയെപ്പോലെ കൂകിവിളിച്ചു. അതെ സാനിയക്ക് ഒന്നുമറിയില്ലായിരുന്നു - തന്റെ മക്കൾ സുഖമായി ആ നഗരത്തിലെ ഏതോ സ്കൂളിൽ പഠിക്കുന്നു എന്ന് വിശ്വസിച്ചു പോന്ന പൊട്ടിപ്പെണ്ണ് മാത്രമായിരുന്നു അവൾ!! സ്വന്തം നാട്ടിൽ നിയമത്തിന്റെ മുൻപിൽ എത്തി നില്ക്കുമ്പോൾ അവൾ തീർത്തും മരിച്ചു കഴിഞ്ഞിരുന്നു.
ചിറകിനടിയിൽ ഒളിപ്പിച്ച് വച്ച് ,ഇഷ്ടമുള്ളതെല്ലാം നേടിക്കൊടുക്കാൻ താൻ കൂടെക്കൊണ്ട് പോയ മക്കളുടെ ചേതനയറ്റ ശരീരത്തിന്റെ ചിത്രങ്ങൾ! മുന്നിൽ കണ്ടപ്പോൾ അവൾ പിന്നെ കരഞ്ഞ് കാണില്ല , എങ്ങിനെ കരയും? എന്തിന് കരയും...... ഒരു തുള്ളി പോലും കണ്ണീന്നു കനിഞ്ഞ് കാണില്ല. അത്രയ്ക്ക് സ്നേഹിച്ചിട്ടാവില്ലേ മക്കളെ കൂടെക്കൂട്ടിയത് .
ആ കിടാങ്ങളെ കൊന്ന് തള്ളിയ കിരാതൻമാരെ ഒരു നിയമവും കണ്ടെത്തിയില്ല, സാനിയ എന്ന പെൺകുട്ടി എത്തിപ്പെട്ട സെക്സ് മാഫിയ ലോകത്തേക്ക് വിലങ്ങുമായി ഒരു നിയമപാലകനും കടന്നു ചെന്നില്ല. ,,,,ചൂണ്ടാൻ സാനിയയുടെ വിരലുണ്ടായിട്ടും വിശാലമായ നമ്മുടെ ഈ ലോകത്ത് ആ പിശാചിന്റെ ജന്മങ്ങൾ ഇന്നും നൃത്തം ചവിട്ടുന്നുണ്ട്.
മനസ്സും ,ശരീരവും മരവിച്ച സാനിയ സെൻട്രൽ ജയിലിൽ ഇടയ്ക്കിടെ കൂകി വിളിക്കും, ഇടയ്ക്കിടെ മരണത്തെ തേടി ഓടി നടക്കും .കുഞ്ഞുന്നാളിൽ എന്റെ കൈയിൽ നുള്ളിയത് പോലെ ,,,, ഒരു വാശിയുടെ പുറത്ത് ഇറങ്ങി നടന്ന സാനിയയുടെ മേൽ എല്ലാ കുറ്റവും ചുമത്തപ്പെട്ടു.ശരിയാണ് അവൾ അർഹിക്കുന്നു എന്നാലും മനസിൽ സങ്കടം കുമിഞ്ഞ് കൂടാറുണ്ട്,,, കണ്ണ് നിറയാറുണ്ട് അവളെ ഓർക്കുമ്പോൾ.
ഒന്ന് പോയി കാണണമെന്ന് തോന്നാറുണ്ട്, അവളുടെ കൈയിൽ വേദന കൊണ്ട് പുളയുന്ന ഒരു നുള്ള് നുള്ളാൻ.... എന്തിന്? ചിലപ്പോൾ അവൾ എന്നെ തിരിച്ചറിയില്ല, സാനിയയുടെ ശരീരമേ ഇന്ന് കാണാൻ സാധിക്കൂ.... അവൾ എന്നേ മരിച്ചു കഴിഞ്ഞതാവും!!!
............
എങ്കിലും എനിക്കവളോടും, നിങ്ങളോടും പറയാനുണ്ട്:---
" ""ജീവിതമല്ലേ ഇത് ദു:ഖവും, സന്തോഷവും ഇഴചേർന്ന ജീവിതം ! ദൈവം തരുന്ന ഈ ഇത്തിരി സമയം ബന്ധങ്ങളെ ഇല്ലായ്മയും, കഷ്ടതകളും അറിഞ്ഞ് സ്നേഹിക്കുക. സുഖങ്ങളിലും ,ദു:ഖങ്ങളിലും അവർക്ക് താങ്ങാവുക. ഒരു വാശിയുടെ പുറത്ത് പവിത്രമായ ജീവിതത്തെ ഒന്നുമല്ലാതാക്കി വലിച്ചെറിയാതിരിക്കുക." ""
ഷംസീറഷമീർ.

ജന്മാന്തര സുഹൃത്ത്


കലാലയത്തിന്റെ അവസാന നാളുകളാവുമ്പോഴേക്കും ആ സാന്നിദ്ധ്യം അവനിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. മൂന്ന് വർഷക്കാലം അവൾ പോലുമറിയാതെ അവൻ പിൻതുടർന്ന അവളുടെ വഴികളിൽ അവന്റെ സ്നേഹത്തിന്റെ പൂവുകൾ ഇരട്ടി ഗന്ധത്തോടെ വിരിയുന്നുണ്ടായിരുന്നു. വിട്ടുപിരിയാനാവാത്ത ഹൃദയ ബന്ധം അവൻ കൊരുത്തിട്ടു.
അതൊരു കലാലയ കുസൃതിയോ, പ്രായത്തിന്റെ ചാപല്യമോ അല്ലായിരുന്നു. എന്താണെന്ന് വ്യാഖ്യാനിക്കാൻ അവനും കഴിഞ്ഞിരുന്നില്ല.
'ആരാധനയോ ' 'പ്രണയമോ,' 'വാത്സല്യമോ'.... എല്ലാറ്റിനുമപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ? അവളുടെ സാന്നിദ്ധ്യം അവൻ എപ്പോഴും കൊതിച്ചു. അതവനെ ഒരു തരം വിഭ്രാന്തിയിലാക്കി.
അവളെ ഇഷ്ടപ്പെടാൻ എന്താണ് കാരണം- എല്ലാവരുമായും സൗഹാർദ്ദത്തിലായിരുന്നു അവൾ, അതായിരിക്കാം അവനെ ആകർഷിച്ചത്.നാട്യങ്ങളില്ലാത്ത പെരുമാറ്റം, നിഷ്കപടമായ സ്നേഹം ഇതായിരുന്നു അവളിൽ അവൻ ദർശിച്ചത്.
ജന്മദായിയായ മാതാവിനെ ഒഴിച്ചാൽ ഈ ഭൂമുഖത്ത് അവളിലാണ് അവന്റെ ഇഷ്ടം എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ലായിരുന്നു.
സ്നേഹം വളർന്നു ! മൗനത്തിന്റെ ചങ്ങലകൾ മുറുകി.കോളേജിന്റെ ഇടനാഴികകളിൽ, ക്ലാസ് മുറികളിൽ മിഴികൾ തമ്മിൽ കഥ മെനഞ്ഞു. പക്ഷെ.......... പ്രണയമോ? ,,,,സ്നേഹ മോ?..... അതു മാത്രം നിശ്ശബ്ദതയുടെ ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്നു!
അവന്റെ വാക്കുകളിൽ അവൾ സൗന്ദര്യത്തിന്റെ മാരിവില്ല് തീർക്കുന്നവളായിരുന്നു! ഒടുവിൽ ആ അവസാന നാളുകൾ അവന്റെ മനസ്സ് അംഗീകരിച്ചു " അവളെ പ്രണയിക്കുകയാണ് ഞാൻ "!! പക്ഷെ കാമുകിയല്ല- മറ്റെന്താണ്? അറിയില്ല.
അവൻ പറഞ്ഞ് തുടങ്ങി- ""ത്രസിപ്പിക്കുന്ന മുഖകാന്തിയില്ല, മനം മയക്കുന്ന വാക്ചാതുരിയില്ല, തെളിനീ ർവിശുദ്ധിയുള്ള ഹൃദയമുണ്ട്_ സ്വീകരിക്കുമോ?.... ഞാൻ സ്നേഹിക്കുന്നു, ഇഷ്ടമാണ് ഒരുപാട് ഈ ലോകത്ത് മറ്റാരേക്കാളും"""""!!
അവിടേയും മൗനം നിറഞ്ഞാടി
രണ്ടു കണ്ണുനീർ തുള്ളികൾ അവന് സ്വന്തം !
" ഞാൻ സുമംഗലിയായി ,,, എല്ലാവരേയും ഒരു ദിവസം ക്ഷണിക്കും!
നീ എനിക്ക് എന്ടെ ജന്മാന്തരസുഹൃത്താണ് '"!!!
.............
ഇന്ന് കർക്കടക രാത്രിയിൽ മഴ തിമർത്ത് പെയ്യുമ്പോൾ അവന്റെ മനസിൽ അവൾ നിറഞ്ഞു ,ഒപ്പം കണ്ണും നിറഞ്ഞു. വർഷങ്ങൾക്കിപ്പുറം അവൾ ജന്മാന്തരസുഹൃത്തായി....
(പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കായി..)
ഷംസീറഷമീർ ചെച്ചി.

ദൈവം പറയുന്നു.


"""" ഈ എഴുത്ത് നിങ്ങൾ വായിച്ചാൽ മതി. വേറൊന്നും വേണ്ട. അനുഭവിച്ചവർ, കണ്ടറിഞ്ഞവർ ,കേട്ടറിഞ്ഞവർ, വായിച്ചറിഞ്ഞവർ - ക്ഷമിക്കുക. അറിയാത്തവർക്കായി.....................

'ദൈവം 'പറയുന്നു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
അള്ളി പിടിച്ചു കയറാൻ നോക്കിയെങ്കിലും വീണ്ടും ആരോ തട്ടി താഴെയിട്ടു. ആ മധ്യവയസ്ക വന്ന് വീണത് എന്റെ മുൻപിലാ! എന്തൊക്കെയോ കുത്തിനിറച്ച സഞ്ചിയിൽ നിന്ന് നിറം മങ്ങി, വാടിയ ഒരു ആപ്പിൾ റോഡിലേക്ക് ഉരുണ്ടു പോയി. ഞാൻ അത് എടുത്ത് ആ അമ്മയുടെ കൈയിൽ കൊടുത്തു. അവരത് വാങ്ങി സഞ്ചിയിൽ കുത്തി തിരുകി. ബസ്സ് സ്റ്റോപ്പിന്ടെ തൂണിലേയ്ക്ക് തല ചായ്ച്ച് മാറി നിന്നു.
" എങ്ങോട്ടാ പോകേണ്ടത്?"
"അടുത്ത കവലയിലാ മോനേ.", വേഗമെത്താലോന്ന് കരുതിയാ ആ ബസ്സീ കയറി പറ്റാൻ നോക്കിയേ.... ഇനിയിപ്പോ ബസ്സ് വര്വോ മോനേ?"
ഞാൻ കൈ മുട്ടി വിളിച്ചപ്പോ ഒരു ഓട്ടോക്കാരൻ ഞങ്ങളെ മുൻപിൽ വന്ന് നിന്നു.
" കയറിക്കോളൂ..... ഇനിയിപ്പോ എല്ലാം ബസ്സും ഇങ്ങിനെയേ വരൂ..... എനിക്ക് ആ വഴിക്കാ പോകേണ്ടത്. കയറിക്കോളൂ......."
ഞാൻ അവരെ ക്ഷണിച്ചു.ആ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം പടർന്നു.
ഓട്ടോ ഇറങ്ങി, ഞാനും അവിടെ ഇറങ്ങി ,ആ അമ്മയോടൊപ്പം നടന്നു. എന്തിനെന്നറിയില്ല. എങ്കിലും നടന്നു.
വയലിന്റെ വരമ്പത്ത് നിലംപൊത്തി വീഴാറായ പാതി ഓലയും ,പാതിഓടും മേഞ്ഞ വീട് . ആ സ്ത്രീയോട് ഞാൻ വാങ്ങി പിടിച്ച സഞ്ചി ഉമ്മറക്കോലായിലെ പടിയിൽ ചാരി വച്ചു. അകത്തേക്ക് നോക്കി. അവർക്ക് എന്തെല്ലാമോ വെപ്രാളം !
കോലായിൽ ഒരു മൂലയിൽ അവനെ ഞാൻ കണ്ടു. അവരുടെ മകൻ, പത്തിരുപത്തഞ്ച് വയസ്സ് കാണും അവന്ടെ ചുറ്റിലും 'മലവും, മൂത്രവും'. അതിൽ കിടന്നും, ഇരുന്നും കളം വരയ്ക്കുന്നു.
എനിക്ക് ഓക്കാനം വന്നു, മുറ്റത്തേക്ക് മാറി നിന്നു.
" ബുദ്ധിയില്ല മോനേ.... ഇവന് . " അതാ... ആ അമ്മ അവനെ എഴുന്നേല്പിക്കാൻ നന്നേ പാടു പെടുന്നു. എന്നിട്ടും ഞാൻ നോക്കി നിന്നു.
"ഒരു സഹോദരി ഉണ്ട് ഇവന് .അതും ഇങ്ങനെയാ മോനെ ..അകത്തുണ്ട്. , കാണണോ?"
"വേണ്ട. " ഞാൻ പോകട്ടെ. കണ്ണു ഇറുക്കി തുറന്ന് വേഗം അവിടുന്ന് ഇറങ്ങി, പുതിയ കാഴ്ചയെ തേടി. കണ്ടത് മറക്കാൻ . രാത്രിയുടെ സൗന്ദര്യം എനിക്ക് മുന്നിൽ പരിഹസിച്ചു നില്ക്കുന്നു. കണ്ണീന്നും, മനസ്സീന്നും ഒന്നും മായുന്നില്ല. ആ കുട്ടികൾ, ആ അമ്മ. അവരുടെ നരകം ഭൂമിയിൽത്തന്നെ !
ഞാൻ? .... എന്നെ ആരാണ് അവിടേക്ക് നയിച്ചത്? എന്തിനാണ്? എന്നിട്ടും ഞാൻ?
പുലരിയുടെ കിരണം തട്ടി വിളിച്ചപ്പോഴും കണി കണ്ടത് ആ ദൃശ്യം. ! ഓട്ടിസം ബാധിച്ച രണ്ട് കുട്ടികൾ ! കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട് ഒരു പാട്. പക്ഷെ ........
രണ്ടു മൂന്ന് നാൾ ആമുഖങ്ങളും പേറി ഞാൻ നടന്നു.
മനസിന്റെ ഭാരം ഇല്ലാതാക്കാനാ.. വീണ്ടും ആ വരമ്പിലൂടെ ഞാൻ നടന്നു. പൊട്ടിപൊളിഞ്ഞ സിമന്റിട്ട ആ തിണ്ണയിൽ കയറി നിന്നു.
"ആരൂല്ലേ "?????
"ആരാ? "പുറകീന്നാണ്.
"ഞാൻ ഇവിടെ വന്നിരുന്നു,,മുൻപ്. "
"ഓ.... ആ തള്ളയും ,രണ്ട് പിള്ളേരും മിനിഞ്ഞാന്ന് വിഷം കുടിച്ചു ചത്തു."
"ആ മന്ദബുദ്ധി ചെക്കൻ അടക്കി വെച്ച വികാരം അതിന്റെ പെങ്ങളൂട്ടിയുടെ മേലങ്ങ് തീർത്തു.! പറഞ്ഞിട്ടെന്താ... ബുദ്ധിയില്ലാന്ന് വച്ച്, ഇതൊക്കെ പിടിച്ചു നിർത്താൻ പറ്റ്വോ..... ആരോ ചെക്കന് വേണ്ടാത്തൊക്കെ കാണിച്ചു കൊടുത്ത് കാണും. കലികാലം!"
അയാൾ ഇറങ്ങി നടന്നു.
എന്റെ തലയിൽ ആ വീടിന്റെ മേൽക്കൂര വന്ന് പതിയും പോലെ. ചാടി തുള്ളി ഞാൻ മുറ്റത്തേക്ക്.
ആ അമ്മയുടെ മുഖം എന്റെ നെഞ്ചിൽ കാഠാര കുത്തിയിറക്കുന്നു .
വയലിൽ നിന്ന് തലോടി ഇറങ്ങിയ കാറ്റ് എന്നോട് കുറേ കഥ പറഞ്ഞു .ആരും പറയാത്ത കഥ!
"ദൈവം എന്തിനാവും എനിക്ക് തിരിച്ചറിവുള്ള തലച്ചോറ് തന്നത്.,?എന്തിനാവും ആരോഗ്യമുള്ള മനസ്സും, ശരീരവും തന്നത്?" അതെ- നിയോഗിച്ചതാണ് എന്നെപ്പോലുള്ളവരെ, ഇവർക്കായി..,
........................................................
ഇന്ന് ഞാൻ സ്വർഗ്ഗത്തിലാണ്, എനിക്ക് ചുറ്റും അവരുണ്ട്. തിന്നാനറിയാത്തവർ ,കുടിക്കാനറിയാത്തവർ, നടക്കാനറിയാത്തവർ. അവരുടെ കഥകൾ കേട്ട് കേട്ട് ഞാൻ വലിയൊരു ആൽമരമായി മാറി. അവർക്ക് മുകളിൽ തണൽ വിരിച്ച് നില്ക്കുന്ന പടുവൃക്ഷം .
ആ അമ്മയുടേയും, മക്കളുടേയും ദുർവിധിയ്ക്ക് ശേഷം.... ഞാൻ തേടിയിറങ്ങിയ വഴികൾ- മനസ്സും, ശരീരവും ഒന്നടങ്കം മരവിപ്പിക്കുന്ന സത്യങ്ങളിലേക്കായിരുന്നു.!
എന്റെ മുന്നിൽ പൊട്ടിക്കരയുന്ന മാതാപിതാക്കൾ- അവരുടെ വാക്കുകൾ എന്റെ നാഡീഞരമ്പുകളെ വരിഞ്ഞ് മുറുക്കുന്നവയായിരുന്നു.
എന്ടെ മുന്നിലിരുന്ന് അവർ ഉള്ളം തുറന്നു.
"മോനേ.... ഞാനിന്ന് എവിടുന്നാ വരുന്നതെന്നോ ?? ദാ നോക്ക് എന്റെ മകളെ നോക്ക് അവൾക്ക് സ്ത്രീത്വത്തിന്റെ പൂർണ്ണതയൊരുക്കുന്ന ഗർഭപാത്രം!! ! ഇന്നില്ല. ഞാനത് അറുത്ത് മാറ്റിച്ചു. എന്തിനാ മോനേ..... എന്ടെ മോൾക്കത് . എന്ടെ കാലശേഷം അവൾ സുരക്ഷിതയല്ല മോനേ.... വേണ്ട, -മലവും, ഭക്ഷണവും തിരിച്ചറിയാത്ത ഇവർ ! എവിടെ സംരക്ഷിക്കപ്പെടാനാ...". എല്ലാ ദുഃഖവും ഒരു പോലെ പേറുന്നവർ .
നെറ്റിയിലെനിസ്കാര തയമ്പിന് മാറ്റാൻ കഴിയാത്ത ദീനരോദനങ്ങൾ! ആ ഉപ്പയും ചോദിച്ചു നമ്മളിനി ആരെ പ്രതീക്ഷിക്കണം? ആർക്ക് വേണ്ടി ജീവിക്കണം? "മരണം " -ജീവൻ തന്നവന് തിരിച്ചെടുക്കാൻ മാറ്റിവെയ്ക്കപ്പെട്ടതാണ്. അതു കൊണ്ട് മാത്രമാ ഈ ഭൂമിയിൽ..... അയാളുടെ കണ്ണുകളും ഇന്ന് എന്നിലാണ് നിയോഗിക്കപ്പെട്ടത് എന്നിൽ.
ഓരോ ദിവസവും ഉറങ്ങാൻ കണ്ണടയ്ക്കുമ്പോൾ ഒറ്റ പ്രാർത്ഥനയേ ഉള്ളൂ... ജീവിതം മടുത്ത് മരണത്തെ തേടി പോയെന്ന വാർത്തയുമായി എന്നെ ആരും വിളിക്കരുതേയെന്ന്. ആ സ്ത്രീയിൽ ഞാനത് ഭയന്നിരുന്നു!
അവരെന്നോട് അത് പറഞ്ഞത്,- ഞാൻ കേട്ടത് -എനിക്ക് ഈ ലോകം തന്നെ അങ്ങ് അവസാനിച്ച് പോയെങ്കിലെന്ന് തോന്നിയ നിമിഷമായിരുന്നു.
"..മോനേ.... പാപിയാണ് ഞാൻ മഹാ പാപി. വികാരങ്ങളുടെ വേലിയേറ്റം അവനെക്കൊണ്ട് അന്യ സ്ത്രീകളുടെ ശരീരത്തിൽ കാമം തീർക്കാൻ വെമ്പുന്നു. അതില്ലാണ്ടാക്കാനാ മോനെ ഞാൻ കൂടെകിടന്നു കൊടുക്കുന്നത് "...... അയ്യോ..... എന്നെ കൊന്നേക്കു മോനെ, കൊന്നേക്കൂ.".......... അവർ തലതല്ലിക്കരഞ്ഞു.എന്റെ കണ്ണീന്ന് രക്തമായിരുന്നു പ്രവഹിച്ചത്. ലോകമേ..... നീ അറിയുന്നുവോ...... ഇതൊക്കെയും???
" ഞങ്ങളുടെ മക്കൾ കഥ പറയണ്ട, പാട്ട് പാടേണ്ട, ഓടേണ്ട ,നൃത്തം വെയ്ക്കേണ്ട അവർ - "മലമേത്, ഭക്ഷണമേത്" എന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി. ,,, അവർ സ്വന്തമായി ഒന്ന് പല്ല് തേച്ചാൽ മതി. ഒരിക്കൽ ഒരൊറ്റ പ്രാവശ്യം "അമ്മേ" എന്നൊന്ന് വിളിച്ചാ മതി.വേറൊന്നും ഞങ്ങൾക്ക് വേണ്ട. ഇത് വിധിയാണോ? ദൈവം കയ്യൊപ്പ് ചാർത്താൻ മറന്ന് പോയവരുടെ വിധി !
ഇന്ന് ഞാനുണ്ട് ഇവർക്ക് - എന്നെപ്പോലെ ചിലരും ഇവർക്കിടയിൽ ഉണ്ട് .കരുണ വറ്റി തീരാത്ത മനുഷ്യരാണ് അവരും.അവരുമിന്ന് എന്റെ കൈത്താങ്ങാണ്. ഞങ്ങൾ ഇവർക്ക് കാവലായി കണ്ണുകൾ തുറന്ന് വച്ച് അതിലൂടെ ലോകത്തെ കാട്ടിക്കൊടുക്കുകയാണ്. ഇന്ന് എനിക്ക് ചുറ്റും വിസർജജ്യം നാറുന്നില്ല. പനിനീർ തളിച്ച വഴികളാണ് നീളെ !
***********************"************
( എന്റെയീ അക്ഷരങ്ങൾ നിങ്ങൾക്ക് മുന്നിൽ കാട്ടിയത് യാഥാർത്ഥ്യമാണ്. ആ വ്യക്തിയെ ,കഥാപാത്രങ്ങളെ നിങ്ങൾക്ക് കാണാം - കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ "നെസ്റ്റ് " എന്ന ദൈവഗൃഹത്തിലേക്ക് കയറിച്ചെന്നാൽ . ഭിന്നശേഷിയുള്ള കുട്ടികൾക്കായി അന്താരാഷ്ട്ര നിലവിൽ' NIARC' എന്ന പുതു സംരംഭം നമ്മുടെ നാട്ടിൽ ആവിഷ്ക്കരിക്കുമ്പോൾ ഉദിക്കുന്നത് പൊൻ കിരണമായിരിക്കും. നിങ്ങളുടെ ഒരു പുഞ്ചിരിയെങ്കിലും അവർക്കായി പകരാൻ പരിശ്രമിക്കുമെന്ന് വിശ്വസിച്ച് കൊണ്ട്. എന്നെ ആഴത്തിൽ സ്പർശിച്ച ആ വ്യക്തിക്കും ,അതിലൂടെ ഞാൻ കേട്ടറിഞ്ഞ ജന്മങ്ങൾക്കും സമർപ്പിക്കുന്നു. ദൈവം നമുക്ക് തണലാവട്ടെ!
.......
ഷംസീറഷമീർ (ചെച്ചി.

ഒരു കുഞ്ഞു കഥ


"അസ്സൂ."..............." അസ്സൂ.".........
നീണ്ട് പുളഞ്ഞ് കിടക്കുന്ന റെയിവെ ട്രാക്കിലൂടെ അപ്പു അലറി വിളിച്ചു കൊണ്ട് ഓടുകയാണ്. ഉരുളൻ കല്ലുകൾ അവന്റെ കാലിൽ തടയിട്ടു വീഴ്ത്തുന്നുണ്ട്. കൈമുട്ട് പൊട്ടി രക്തം കൈപ്പത്തിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ഒന്നും അപ്പു അറിഞ്ഞില്ല..... അവൻ ഓടുകയാണ്.
"അസ്സൂ".... "അസ്സൂ.".....
റെയിൽ പാളത്തിൽ അപ്പുവിന്റെ മുൻപിൽ അവർ നടന്ന് നീങ്ങുന്നുണ്ട്. കുറേ നാടോടികൾ! കാഴ്ചയിൽ തീരെ വൃത്തിയില്ലാത്തവർ ! ചുമലിൽ കുറേ പ്ലാസ്റ്റിക് ചാക്കുകൾ വീർത്ത് കിടക്കുന്നു. ശരീരം പാതി നഗ്നമാണ്. കാഷായ നിറുള്ള ഒറ്റമുണ്ട് മാത്രം അതിലുള്ള മൂന്ന് പുരുഷന്മാർക്ക് . സ്ത്രീകൾ രണ്ട്, കൊച്ഛു കുട്ടികൾ നാല് .കൂട്ടത്തിൽ പതിനാറ് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു പയ്യനും ഉണ്ട്. ആ പയ്യനെയാണ് അപ്പു ലക്ഷ്യം വെച്ച് ഓടുന്നത്.
"അസ്സൂ...... " അപ്പു ആ പയ്യന്റെ മുതുകിൽ തൊട്ടു.
കറുത്ത് കരിവാളിച്ച,ഒരു തരം പേടിപ്പെടുത്തുന്ന കണ്ണോടെ അവൻ തിരിഞ്ഞു നോക്കി. കൂടെ മറ്റുള്ളവരും അപ്പുവിനെ തുറിച്ചു നോക്കി.
"അസ്സു.... "അസ്സു "- അപ്പു അവനെയൊന്ന് തൊട്ട് നോക്കി .
അവൻ അപ്പുവിന്റെ കൈ തട്ടി മാറ്റി. പതിയെ മുൻപോട്ട് തന്നെ നടന്നു നീങ്ങി.കൂടെയുള്ളവർ പാളത്തീന്ന് ഉരുളൻ കല്ലെടുത്ത് അപ്പുവിനെ എറിയാൻ തുടങ്ങി. അപ്പു നിലവിളിച്ചു കൊണ്ട് തിരിഞ്ഞോടി.
അപ്പു ആ വീടിന്റെ ഗേറ്റ് കടന്ന് ചാമ്പയ്ക്കാമരത്തിന് ചുവട്ടിൽ പോയി ഇരുന്നു. ഏങ്ങി, ഏങ്ങി കരഞ്ഞു. ആ ഏങ്ങലിൽ പാളത്തിൽ കണ്ടത് അസ്സു തന്നെയാന്ന് അവന്റെ ഉള്ളം വെറുതേ മന്ത്രിക്കുന്നുണ്ടായിരുന്നു.
"ആരാ കരയുന്നേ.... മോനേ അപ്പൂ... ഇങ്ങ് കയറി വാ.... വലിയ ചെക്കനായിട്ട് ഇപ്പളും കരയാ... അകത്തേക്ക് വാ.... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ വന്നിരുന്ന് കരയരുതെന്ന് ."
"അസ്സൂന്റുമ്മാ ''.......... അപ്പൂ ആ സ്ത്രീയെ കെട്ടി പിടിച്ചു കരഞ്ഞു. അവൻ അങ്ങിനെയാ വിളിച്ചത്. "അസ്സൂന്റുമ്മ " .
അവർ അപ്പുവിനെ കസേരയിൽ ഇരുത്തി, ഒരു കപ്പ് ചായ ഫ്ളാ സ്കീന്ന് ഒഴിച്ചു കൊടുത്തു. അതു കുടിക്കുമ്പോഴും അപ്പു കരയുകയായിരുന്നു. ആ ഉമ്മയും , അപ്പുവും മൗനമായി ചായക്കപ്പീന്നുയരുന്ന ആവിയിലേക്ക് നോക്കിയിരുന്നു. അവർ അസ്സുവിനെ ക്കുറിച്ചാവും ഓർക്കുന്നത്.***********
ആറാട്ട് മഹോത്സവത്തിന്റെ നാളുകളായിരുന്നു അത്.അപ്പുവിനും, അസ്സുവിനും പ്രായം പത്ത്. രണ്ട് കുടുംബങ്ങളുടെ ഉത്സവത്തിന്റെ നാളുകൾ!
അസ്സുവിന്റെ കയ്യിലെ കളിക്കോപ്പുകൾ അപ്പുവിന്റേ തുമായിരുന്നു.
"നീ എടുത്തോ " എനിക്കുപ്പ വേറെ കൊണ്ടത്തരും ", എന്നും അത് പറഞ്ഞാ അസ്സു എല്ലാം അപ്പുവിന് നല്കാറ്.
ഊണിലും, ഉറക്കിലും സ്നേഹം സ്വരുക്കൂട്ടി വെയ്ക്കുന്ന കൂട്ടുകാർ ! ചാമ്പയ്ക്കാ ചുവട്ടിൽ പന്തല് കെട്ടി കളിക്കുമ്പോൾ അസ്സു പറയും, " അപ്പൂ...... നീയും ,ഞാനും ഈ ചാമ്പയ്ക്കയോളം വളർന്നാലും ഇതിന്റെ ചുവട്ടിൽ വന്നിരിക്കണം നമുക്ക്,,,കഥകള് പറയണം ഒരുപാട് .
അപ്പുവിന് ഒരു പാട് ഇഷ്ടമായിരുന്നു അസ്സൂനെ. വീട്ടിൽ ചെന്നാൽ അച്ഛനോടും, അമ്മയോടും പറയാൻ നൂറ് കൂട്ടം ഉണ്ടാവും അവന് അസ്സു വിന്റെ കഥ.
അപ്പു ,അന്ന് അസ്സുവിനോട് ഒരു കാര്യം ഏല്പിച്ചാ പോയത് , - "നമുക്കിന്ന് വൈകീട്ട് ആറാട്ടിന് പോകണം." ഉപ്പാന്റെ സമ്മതം വാങ്ങി അവൻ കുളിച്ചൊരുങ്ങി ,മുടി ഒരു ഭാഗത്തേക്ക് ചീകി ചിരിച്ച് നിൽപ്പുണ്ടായിരുന്നു. അപ്പു എത്തുമ്പോൾ.
" ഉമ്മാ....... അസ്സു വേഗം വരാട്ടോ... ആലവട്ടവും വാങ്ങി " .
ആലവട്ടം അവന് ഏറെ പ്രിയമായിരുന്നു.
ഗേറ്റിനരികിൽ ഉമ്മയും,ഉപ്പുയുംകൈ വീശി കാണിച്ചു അവർക്ക്. ബാല്യത്തിന്റെ പനിനീർ മുകുളങ്ങൾക്ക് ഇരട്ടി ഗന്ധമുണ്ടായിരുന്നു അപ്പോൾ.
അപ്പുവിന്റേയും, അസ്സു വിന്റേയും കണ്ണുകളിൽ പല വർണ്ണങ്ങളും മിന്നി മറഞ്ഞു. അപ്പു- വട്ട പാത്രത്തിലെ വെള്ളത്തിൽ കറങ്ങുന്ന ചെറിയ ബോട്ടിനെ കണ്ണെടുക്കാതെ നോക്കി നിന്നു.
" അപ്പൂ..... ദേ നോക്ക് നിറയെ ആലവട്ടം. ഇപ്പ വരാട്ടോ.... "അസ്സു ആ തിരക്കിലേക്ക് ഓടി. അപ്പുവിന്റെ കാതുകളിൽ അവസാനമായി പതിഞ്ഞ അസ്സു വിന്റെ വാക്കുകൾ. സമയം പിന്നിട്ടിട്ടും
ആലവട്ടവും കൊണ്ട് അസ്സു അവനെ തേടി വന്നില്ല. ആ തെരുവിൽ അപ്പുവിന്റെ കരച്ചിൽ അശക്തമായിരുന്നു. ഉത്സവത്തിന്റെ നിറവിൽ അസ്സു എവിടെയോ അപ്രത്യക്ഷമായിരുന്നു.
ഇന്ന് അസ്സുവിനെ അവർക്ക് നഷ്ടപ്പെട്ടിട്ട് ആറ് വർഷം കഴിയുന്നു.!!!!!!!!!!!!!!
കപ്പിലെ ചായ തണുത്തു. ആ ഉമ്മ അപ്പുവിന്റെ കരം പിടിച്ചു.
"അപ്പൂ........ പത്ത് മാസം അവനെ ചുമന്ന് ,പെറ്റ് പോറ്റി, അണ്ണാറക്കണ്ണനേയും, കാക്കയേയും കാട്ടി ചോറ് കൊടുത്ത്, എന്തോരം ആശ വെച്ചാ അവനെ ഞങ്ങള് വളർത്തിയതാ..... ,ന്നിട്ട് ഞങ്ങൾ ജീവിക്കുന്നില്ലേ.... മോനേ? മോൻ സങ്കടപ്പെടെണ്ട. ആ ഉമ്മ അപ്പുവിനെ സമാധാനിപ്പിച്ചു.
മരണത്തേക്കാൾ ഭയാനകമായ ശിക്ഷയല്ലേ മോനേ ദൈവം ഞങ്ങൾക്ക് തന്നത്! ന്റെ മോനിപ്പോ......... ആരാരുമറിയാതെ..... അസ്സൂന്റെ ഉമ്മാന്റെ മൗനത്തിലൂടെ അപ്പുഅവിടുന്നിറങ്ങി പതിയെ വീട്ടിലേക്ക് നടന്നു. നിഴലുപോലെ അസ്സു കൂടെയുണ്ടെന്ന്അവനു തോന്നി.
അന്നു രാത്രി അസ്സു വിന്റെ ഉമ്മാക്ക് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല.
ആ രാത്രിക്ക് നിശ്ശബ്ദത കൂടുതലായ പോലെ....
" ആജിക്കാ..... നിങ്ങളുറങ്ങിയോ.. "
" ഇല്ല, എന്തേയ്?
" നമ്മള മോനിപ്പം വല്ല്യതായിട്ടുണ്ടാവും ല്ലേ.??, അവൻ സുന്ദരനായിരിക്ക്വോ? ,അവന് നമ്മളെ ഓർമ്മയുണ്ടാകോ ആജിക്കാ?"
"മ്ം..... വല്ല്യ തായിക്കാണും, മ്മളെ അപ്പൂനെ പോലെ ".
" അവന് ഇങ്ങ് പോരരുതോ ഇവിടേക്ക് ,അസ്സൂന് മ്മളെ കാണാൻ പൂതിയാകുന്നുണ്ടാകൂല്ലേ ആജിക്കാ..
" അതിന്, മ്മളെ അസ്സൂന് വഴി അറിയ്യോ നഫീസു. അവൻ കുഞ്ഞല്ലേ..."
" അവൻ എന്തേലൊക്കെ കഴിച്ചു കാണോ ,ആജീക്കാ..?എവിടെയാവും കിടക്കാറ്? കൊതുകടിക്കുന്നുണ്ടാവും ന്റെ മോനെ."...
"ഒരു ദിവസം മ്മളെ അസ്സു വരും നഫീസു. ഉമ്മാ......, ഉപ്പാന്ന് വിളിച്ച് അവനീ പടി കയറി വരും."
"മ്ം " നഫീസൂനെ അസ്സുവിന്റെ കൈവന്ന് തലോടിയപോലെ ആ ഉമ്മ ഉറക്കിലേക്ക് തെന്നി വീണു.
കാലത്ത്, ഉമ്മറത്ത് അപ്പുവും, അച്ഛനും, അമ്മയും നില്പുണ്ടായിരുന്നു.
" ഞങ്ങള് ഇവിടം വിട്ട് പോക്വാ ഹാജി യാരെ ,അപ്പൂന് പട്ടണത്തിലാ കോളേജി പോകേണ്ടത്. മാത്രല്ല, അവന്റെ സ്ഥിതി അറിയാലോ...?
"മ്ം,,,,,, നന്നായി. ന്റെ കുട്ടി പഠിച്ച് ആളായി വാ...... "
അപ്പു ആ ചാമ്പയ്ക്കാമരത്തിന് ചുവട്ടിൽ മേല്പ്പോട്ട് നോക്കി നില്പാണ്. അവൻ മെല്ലെ നടന്ന് ആ ഉപ്പാന്റേയും, ഉമ്മാന്ടേയും കൈ പിടിച്ചു.
"അസ്സൂൻറുമ്മാ...... ഞാൻ കൊണ്ട് വരും നമ്മള അസ്സൂനെ..... കൊണ്ട് വരും! അവൻ ഉണ്ടാവും എവിടെയോ... ആ ആലവട്ടവും കൊണ്ട് എന്നെത്തേടി...... " മുഴുമിപ്പിക്കാതെ അപ്പു നടക്കാൻ തുടങ്ങവേ..... ആ മാതാപിതാക്കൾ വിതുമ്പി_
" വന്നേക്കണേ മോനെ അസ്സൂനെയും കൊണ്ട് ഞങ്ങളെ കണ്ണടയും മുൻപെ .
നിറകണ്ണുമായി അപ്പു നടന്നകന്നു.
എന്നെങ്കിലുമൊരിക്കൽ അപ്പു അസ്സുവിനേയും കൊണ്ട് വരുന്നതും കാത്ത് അവരിന്നും ജീവിക്കുന്നു.
....................................................
(നമ്മുടെ കൺമുൻപിൽ നിന്ന് ഒരു മിന്നൽ പിണർ പോലെ അപ്രത്യക്ഷമാകുന്നഎല്ലാ കുഞ്ഞുങ്ങളും ഒരിക്കൽ തിരികെയെത്തുമെന്ന് കാത്തിരിക്കുന്ന ഹൃദയങ്ങൾക്ക് മുന്നിൽ......)
ഷംസീറഷമീർ ( ചെച്ചി ) 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo