ജീവിതം കഥ പറഞ്ഞപ്പോൾ
..............................................
..............................................
ഇടവഴിയിലേക്ക് കുത്തിയൊലിച്ച് ഇറങ്ങുന്ന മഴവെള്ളം ഒഴുകി പോകുന്നത് കാണാൻ നല്ല രസായിരുന്നു. അതിൽ കാല് കൊണ്ട് കളം വരച്ച് കളിക്കുമ്പോൾ അതിലും രസം. പിന്നെ ഒരു തോർത്ത് മുണ്ട് കൊണ്ട് പരലുകളെ ഊറ്റി കുപ്പിയിലാക്കി, ആ കുപ്പിക്ക് ചുറ്റും ഇരിക്കും ഞാനും എന്റെ കൂട്ടുകാരും. കുറേ ഇലകൾ പറിച്ച് ആ ഒലിച്ച് പോകുന്ന വെള്ളത്തിലോട്ട് നിരത്തും, അത് താളത്തിൽ ഒഴുകി പോകുന്നത് നോക്കിയിരിക്കും. ബാല്യമങ്ങനെ കുളിരായി കളിച്ചു തീർത്തു.
തൊടി നിറയെ മാവും, പ്ലാവും ,പേരയും, സീതാപ്പഴവും, സപ്പോട്ടയും, കറിവേപ്പിലയും, പുളിയും . ,തേക്കും ഒക്കെയായിരുന്നു. അതിന്റെ പച്ചപ്പ് എന്റെ വീട്ടിലേക്ക് ഒളികണ്ണിട്ട് നോക്കിയിരുന്നു. കൂടപ്പിറപ്പുകളോട് പായാരം പറഞ്ഞും, കളിച്ചും വീടിന്നകവും ഹരിതപൂർണ്ണമായിരുന്നു.
നടവരമ്പിലെ കുഞ്ഞുറോസാപ്പൂക്കൾ എന്നോട് കിന്നാരം പറയുന്ന പ്രായമായിരുന്നു അത്. കളി പറഞ്ഞ് തീരാൻ എനിക്കീ ജന്മം പോരായിരുന്നു അവരുടെ അടുത്ത് . ബിരിയാണിയും, അപ്പങ്ങളും കൊണ്ട് ഓടാൻ ഞാൻ വെമ്പി നില്ക്കാറാണ്, സാമ്പാറും, പായസവും, അവിയലും പകരം തരുമ്പോൾ അവിടെ ഞങ്ങളുടെ ആത്മബന്ധം വേരൂന്നുകയായിരുന്നു. കൂടപിറപ്പുകളെപ്പോലെ കുറേ.. സ്നേഹ ഭാജനങ്ങൾക്ക് നടുവിൽ എന്റെ ബാല്യവും, കൗമാരവും, യൗവനത്തിൻ പാതിയും ഞാൻ ആസ്വദിക്കുകയായിരുന്നു.
എന്റെ കൊച്ചു വീട് പെട്ടെന്നാണ് അലംകൃതമായത് ! തലശ്ശേരി പന്തലിന്റെ പ്രൗഢിയിൽ ജ്യേഷ്ഠത്തിയെ പോലെ എന്റെ വീടിനും ഒരു പുത്തൻ മണമായിരുന്നു. മണവാട്ടിയുടെ മണം! ഞാൻ നട്ടുനനച്ച റോസാപ്പൂവിന്റെ നിറമായിരുന്നു ജ്യേഷ്ഠത്തിയുടെ മുഖത്ത്. മാഞ്ചുവട്ടിലും, മൊസാണ്ടയോട് ചേർന്നും ആളുകളുടെ ബഹളം. എന്റെ വീടിന്റെ അകത്തളങ്ങളിൽ ഒപ്പനപ്പാട്ടുകൾ! എന്നോട് ആരോ.. പ്രണയം പറയുന്ന പോലെ ! ഞാനെന്റെ മുറ്റത്ത് പടർന്ന കല്യാണ സൗഗന്ധികത്തെ മെല്ലെ തലോടി.
പന്തലഴിഞ്ഞു, ആളുകൾ പിരിഞ്ഞു, വലിയൊരു തറവാട്ട് മുറ്റത്തേക്ക് സഹോദരിയെ പറിച്ച് നട്ടു. ആകെപ്പാടെ ഒരു നിശബ്ദ്ദത കളിയാടി എന്റെ വീട്ടിൽ. അലസമായി ഞാൻ എന്റെ പ്രിയപ്പെട്ട തൊടിയിലൂടെ നടന്നു. പിന്നെ ഓടി എന്റെ കിന്നാരം കേൾക്കാൻ എന്നും ചെവിയോർത്ത, എനിക്ക് വാത്സല്യം പകർന്ന സ്നേഹങ്ങളെത്തേടി ! അവർക്കിടയിൽ ഞാൻ എല്ലാം മറന്നിരുന്നു. രക്ത ബസത്തേക്കാൾ മനസ്സിൽ ആഴ്ന്നിറങ്ങുന്ന ചില സ്നേഹ ബന്ധങ്ങൾ !
അടക്കിപ്പിടിച്ച തേങ്ങലുകൾ, നെടുവീർപ്പുകൾ, എന്റെ കാതുകളെ തേടിയെത്തുന്നുണ്ടായിരുന്നു ആ ചുവരുകളെ ഭേദിച്ച് കൊണ്ട്. പിന്നീടുള്ള ദിവസങ്ങൾ നെടുവീർപ്പുകളാൽ അലോസരപ്പെട്ടുകൊണ്ടിരുന്നു. ഞാൻ ഓടി നടന്ന എന്റെ മുറിക്കകത്ത് എന്തെല്ലാമോ അസ്വസ്ഥതകൾ ! ജീവിതം എവിടെയോ വഴിമുട്ടിയെന്ന ഉമ്മായുടെ വെളിപ്പെടുത്തലുകളിൽ എല്ലാം നഷ്ടമാവുകയായിരുന്നു.
ജീവിതത്തിന്റെ ഒഴുക്കിന്റെ ഗതി മാറാൻ തുടങ്ങിയിരുന്നു. എന്റെ റോസയും, മൊസാണ്ടയും വാടി തലകുനിച്ച് നില്ക്കുന്ന പോലെ. ചിത്രശലഭത്തെ പോലെ പാറി നടന്ന എന്റെ ചിറകുകൾ കരിഞ്ഞ് തുടങ്ങിയിരുന്നു. ജീവനിലേറെ ഞാൻ സ്നേഹിക്കുന്ന പിച്ചവെച്ച മണ്ണും, വീടും , പ്രിയപ്പെട്ടവരും എനിക്കിനി അന്യമാകാൻ നിമിഷങ്ങൾ മാത്രം.
വീട് വിലയ്ക്കെടുക്കാൻ വന്നവർ എന്റെ കല്യാണ സൗഗന്ധികത്തെ നുള്ളി നോവിക്കുന്നുണ്ടായിരുന്നു. അരുതേ.... എന്ന് പറയാൻ ഇനി ഞാൻ ആരുമല്ല അവിടെ. നോട്ട് കെട്ടുകൾ എണ്ണി വാങ്ങിയിരുന്നു അപ്പോഴേക്കും .നിറഞ്ഞ കണ്ണുകളിലൂടെ ഞാൻ അവിടമാകെ ഒന്ന് നോക്കി. എന്നെ നോക്കി എന്റെ വീടും, മാഞ്ചുവടും കരയുന്നത് എനിക്ക് കാണാമായിരുന്നു.
യാന്ത്രികമായി ഞാൻ ആ മുറിയിലൊന്നാകെ നടന്നു. ആ ചുവരുകളിൽ തല ചായ്ച്ചു നില്ക്കാൻ പേടി തോന്നി എനിക്ക്. എന്നിൽ നിന്നും ഒരു പാട് ദൂരേയ്ക്ക് പോയി എല്ലാം.. കാൽമുട്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു, കൈകൾ ഐസ് പോലെ മരവിച്ചിരുന്നു, നെഞ്ചിൽ കടലിരമ്പുന്നുണ്ടായിരുന്നു. ചുണ്ടുകൾ എന്തൊക്കെയോ പറയാൻ കൊതിച്ചു. എന്നെ മാറോട് ചേർത്ത എന്റെ പ്രിയപ്പെട്ടവരുടെ നടുവിൽ ഏങ്ങിക്കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.....
എന്തിനീ.... ജന്മം എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ! കണ്ണീര് കൊണ്ട് മങ്ങിയ കാഴ്ചകൾ പിറകിലേക്ക് പോകുമ്പോഴും തിരിഞ്ഞു നോക്കി ഞാൻ എന്റെ വഴികളെ.... എനിക്ക് എന്റെ വീട്ടിൽ പോകണമെന്ന് അലമുറയിട്ട് പൊട്ടിക്കരയുമ്പോഴും അവിടം എനിക്ക് മരിച്ച് കഴിഞ്ഞു എന്ന് ഉള്ളം എഴുതുന്നുണ്ടായിരുന്നു.
ഇനിയൊരു ജന്മം ഉണ്ടെങ്കിലോ..?
എനിക്ക് ആ ഇടവഴിയിലെ വെള്ളത്തിൽ കളം വരയ്ക്കണം, മതിവരുവോളം എനിക്ക് വാത്സല്യം തന്നവരോട് കളി പറയണം, എന്റെ കല്യാണ സൗഗന്ധികത്തെ നട്ടുനനയ്ക്കണം. എന്റെ വീടിന്ന് അകത്തളം ഹരിതപൂർണ്ണമാക്കണം!
അവിടേക്ക് എനിക്കൊന്ന് തിരികെ നടക്കണം!
അവിടേക്ക് എനിക്കൊന്ന് തിരികെ നടക്കണം!
സ്നേഹസാദരങ്ങളോടെ..
ഷംസീറഷമീർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക