നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചതി (കഥ)

ചതി (കഥ)
************
''നാജീ.. ഇയ്യ് വരുമ്പോ അരിയും സാധനങ്ങളും സുബെെറിന്റെ പീടീന്ന് വാങ്ങീട്ട് വരണം.. കൂട്ടാൻ വെക്കാൻ കുറച്ചും മീനും വാങ്ങിക്കോ..''
''ശരി ഉമ്മാ.. ഞാൻ പോയിട്ട് വരാം''
ഉമ്മാനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉള്ളിലൊരു നീറ്റൽ അനുഭവപ്പെട്ടു.
ഉന്നും അറിയിക്കാതെ എത്ര കാലമാണ് ഉമ്മാന്റെ മുമ്പിൽ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുക. പാവം ഒന്നുമറിയാതെ ഉപ്പാന്റെ ഒരു വിളിക്കായ് കാത്തിരിക്കാണ് ഉമ്മ..
സുബെെറിക്ക പറ്റ് പെെസ കുറച്ചെങ്കിലും കൊടുക്കാതെ ഇനി സാധനങ്ങൾ തരില്ല എന്നാണ് പറഞ്ഞിരിക്കുന്നത്... അതൊന്നും ഉമ്മാക്കറിയില്ല, ഉമ്മാനെ ഒന്നും അറിയിച്ചില്ല ഞാൻ. ഉപ്പ ഗൾഫിൽ നിന്ന് മാസാമാസം ബാങ്കിലേക്ക് പെെസ അയക്കുന്നുണ്ട് എന്നാണ് ഉമ്മാ കരുതിയിരുന്നത്.. അല്ലെന്ന് മാറ്റിപ്പറയാനും ഞാൻ നിന്നിട്ടില്ല. ഞാനിപ്പോ ബാങ്കിലേക്ക് പോവുന്നതും ഉപ്പാടെ പെെസ ബാങ്കിൽ വന്നോ എന്ന് നോക്കാനാണ് എന്നാണ് ഉമ്മാനോട് പറഞ്ഞിരിക്കുന്നത്.. ശരിക്കും ഞാനിപ്പൊ ബാങ്കിലേക്ക് പോവുന്നത് രണ്ടു ദിവസം മുന്നേ വന്ന ജപ്തി നോട്ടീസിന് എന്തെങ്കിലും ഇളവ് അനുവദിച്ചു കിട്ടുമോ എന്നറിയാനാണ്.. ഞങ്ങളുടെ അവസ്ഥ പറഞ്ഞാൽ അവർക്ക് മനസ്സിലാവും എന്നുള്ള വിശ്വാസത്തോടെയാണ്.
നല്ല സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്.. ഉപ്പയും ഉമ്മയും ഇത്താത്തയും ഞാനും അടങ്ങുന്ന ഒരു കൊച്ചു സ്വർഗ്ഗ വീട്.. ഉപ്പ കൂലിപ്പണിക്ക് പോയിട്ടായിരുന്നു ഞങ്ങളുടെ ജീവിതം കഴിഞ്ഞിരുന്നത്.. അന്നാന്ന് കിട്ടുന്ന സമ്പാദ്യം കൊണ്ട് ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും.. ഇത്താത്താടെ കല്യാണം നടത്താൻ വേറെ ഒരു വഴിയും കാണാത്തതു കൊണ്ടാണ് ഉപ്പ വീടും പറമ്പും പണയം വെച്ച് ബാങ്കിൽ നിന്ന് വലിയൊരു തുക ലോണെടുത്തത്.. മുതലിലേക്ക് ഒന്നും അടക്കാൻ പറ്റിയില്ലെങ്കിലും പലിശ മുടങ്ങാതെ അടച്ചിരുന്നതു കൊണ്ടാണ് മൂന്ന് വർഷങ്ങൾക്കിപ്പുറവും വീടും പറമ്പും നഷ്ടപ്പെടാതിരുന്നത്.. പക്ഷേ ഇപ്പൊ എല്ലാം കെെവിട്ടു തുടങ്ങിയിരിക്കുന്നു..
''കുട്ടീ.. നീ പോരുന്നുണ്ടോ..?'' എന്ന ചോദ്യം കേട്ടപ്പോഴാണ് ഓർമ്മകളിൽ നിന്നുണർന്നത്... ഓരോന്നാലോചിച്ച് ബസ്സ് വന്നത് ഞാൻ അറിഞ്ഞില്ല..
ഓടിച്ചെന്ന് ബസ്സിൽ കേറാൻ തുടങ്ങുമ്പോഴാണ് ക്ലീനറുടെ മുനവെച്ചുള്ളൊരു ചോദ്യം
'' എന്താണ് ഇത്ര ആലോചിക്കാൻ... ഉം..ഉം.. നടക്കട്ടേ.... തൊട്ടാൽ പൊട്ടുന്ന പ്രായല്ലേ...''
അയാളുടെ ആ വാക്കുകൾ എനിക്ക് അത്രക്കങ്‌ട് പിടിച്ചില്ല... അയാളെ വല്ലാത്തൊരു നോട്ടം നോക്കി സെെഡ് സീറ്റിൽ പോയി ഇരുന്നു..
*************************************
കൂലിപ്പണിചെയ്തിട്ടൊന്നും ബാങ്കിലെ ലോണടക്കാനും വീട്ടിലെ ചിലവ് നടത്താനും ഉപ്പാക്ക് കഴിയില്ലെന്ന് തോന്നിയത് കൊണ്ടാവും ഗൾഫ് ജീവിതം തിരഞ്ഞെടുത്തത്.. അത്രയും കാലം ഞങ്ങളെ വിട്ടു നിൽക്കാത്ത ഉപ്പ ഞങ്ങളില്ലാത്തൊരു ജീവിതത്തിലേക്ക് പോവുന്നത് ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല.. ഉപ്പ ഞങ്ങളെ വിട്ട് പോവണ്ടാ എന്ന് പറയുമ്പോഴും പുറമേ ചിരിച്ച് എന്നെ സമാധാനിപ്പിക്കാൻ ഒരു കാര്യം പറയുമായിരുന്നു..
''നാജീ... അന്റെ ഇത്താത്താനെ കെട്ടിക്കാൻ ഇന്റെ കയ്യിൽ നമ്മുടെ പുരേടേം പറമ്പിന്റേം ആധാരം ഉണ്ടായിരുന്നു.. അന്നെ കെട്ടിക്കാറായില്ലേ. ഇനി എന്തെടുത്തിട്ടാ അന്റെ കല്യാണം ഞാൻ നടത്താ... അതോണ്ട് ന്റെ കുട്ടി ഉപ്പാനെ ഇങ്ങനെ വെശമിപ്പിക്കരുത്..''
ഉപ്പാടെ ഒരു സുഹൃത്തായിരുന്നു ഉപ്പാക്കുള്ള വിസയും കാര്യങ്ങളൊക്കെ ശരിയാക്കിയിരുന്നത്.. അയാളുടെ അനിയന്റെ സൂപ്പർ മാർക്കറ്റിലേക്കായിരുന്നു വിസ എന്നാണ് പറഞ്ഞിരുന്നത്.. വിസക്ക് പെെസയൊന്നും വേണ്ട ടിക്കറ്റിന് പെെസയുണ്ടാക്കിയാൽ മതീന്ന് അയാൾ പറഞ്ഞപ്പോൾ അറിഞ്ഞില്ലായിരുന്നു അതൊരു ചതിയായിരിക്കുമെന്ന്...
ഉപ്പ പോകുന്ന ദിവസമാണ് അയാൾ വീട്ടിൽ വന്നത്... ഒരു കവറിൽ പൊതിഞ്ഞ രൂപത്തിൽ ഒരു സാധനം ഉപ്പാടെ അടുത്ത് കൊടുത്തത്.. അത് അയാളുടെ അനിയന് കൊടുക്കാനുള്ളതാണെന്നും അനിയനുള്ള കുറച്ചു ഡ്രെസ്സാണെന്നും പറഞ്ഞത്.. ഉപ്പാക്കറിയില്ലാർന്നു ആ പൊതി ഉപ്പാടെ ജീവിതം തകർക്കാനുള്ളതായിരുന്നെന്ന്..
എല്ലാവരോടും യാത്ര പറഞ്ഞ് നിറകണ്ണുകളോടെ വീടിന്റെ പടിയിറങ്ങുമ്പോൾ തന്റെ എല്ലാ സ്വപ്നങ്ങളും അസ്തമിക്കാനുള്ള പോക്കാണെന്ന് അറിയില്ലാർന്നു ആ പാവത്തിന്. ആദ്യമായി ഗൾഫിലേക്ക് പോവുന്നതിന്റെ പരിചയക്കുറവ് ഉണ്ടായിരുന്നതെല്ലാം ധെെര്യം പകർന്ന് കൊടുത്ത് പരിഹരിച്ചതും അയാൾ തന്നെ.. ഉപ്പാനെ ചതിച്ച ആ സുഹൃത്ത്..
******************************************
ദമാം എയർപോട്ടിലിറങ്ങി ചെക്കിങ്ങിന് നിൽക്കുന്ന സമയത്താണ് കറുത്തഡ്രെസ്സിട്ട് തോക്കുധാരികളായ ഒരു പറ്റം ആൾക്കാർ ഉപ്പാനെ വളഞ്ഞത്.... അവിടെ നടക്കുന്നതെന്താണെന്നൊന്നും അറിയാതെ ഉപ്പ ആകെ പരിഭ്രമിച്ചിരുന്നു.
ചോദ്യമോ പറച്ചിലോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല.. തോക്കു ചൂണ്ടി അവരോടൊപ്പം നടക്കാൻ പറഞ്ഞപ്പോഴും ഉപ്പാക്കറിയില്ലാർന്നു എന്താണ് സംഭവമെന്ന്...
അവര് പോലീസുകാരാണെന്ന് പോലും ഉപ്പാക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല..
അവരുടെ ഒളിത്താവളത്തിലേക്ക് എത്തിച്ച് അറബിയിൽ ഒരോന്ന് ചോദിക്കാനും ഉപദ്രവിക്കാനും തുടങ്ങി..
ഒന്നും മനസ്സിലാവാതെ വല്ലാത്തൊരു നിസ്സഹായവസ്ഥയിൽ ആയിരുന്നു.. അപ്പോഴാണ് തോക്കു ചൂണ്ടി നിൽക്കുന്ന ഒരൊൾ ആ പൊതി ഉപ്പാക്ക് നേരെ നീട്ടിയത്... അതെ സുഹൃത്ത് അനിയനു കൊടുത്തു വിട്ട ആഡ്രെസ്സിന്റെ പൊതി...
അതു തുറന്നിരിക്കുന്നു.. എന്നിട്ട് ഷർട്ടിൽ പൊതിഞ്ഞ രൂപത്തിൽ വേറെ ഒരു പൊതിയും ഉണ്ട്.. അപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് ഉപ്പാക്ക് ബോധ്യമായത്.... ചോദ്യം ചെയ്യലും വിചാരണയും വിധി പറച്ചിലും ശിക്ഷയുമൊക്കെ കഴിഞ്ഞ് ആറുമാസ മായി ഉപ്പ സൗദി ജയിലിൽ കഴിയാൻ തുടങ്ങിയിട്ട്... കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാൻ ആ പാവത്തിനെ കൊണ്ട് കഴിഞ്ഞില്ല.. ആരും സഹായിക്കാനും ഉണ്ടിയില്ല ആ അന്യനാട്ടിൽ..
ഉപ്പ പോയിട്ട് ഒരു വിവരവും കിട്ടാതെ ഒരു മാസക്കാലം ഞങ്ങൾ നീറി ജീവിച്ചു.. ഒരു മാസത്തിന് ശേഷമാണ് ഇത്താത്തയുടെ ഭർത്താവുമായി സൗദി പോലീസ് ബന്ധപ്പെട്ടത്.. ഉപ്പ മയക്കുമരുന്ന് കടത്തിയ കേസ്സിൽ സൗദി ജയിലിലാണെന്ന് പറഞ്ഞത്.. എന്നെയും ഉമ്മാനേയും അവർ ഒന്നും അറിയിച്ചിരുന്നില്ല... ഉപ്പ വിളിച്ചിരുന്നു ജോലി ശരിയായിട്ട് എല്ലാവരേയും വിളിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നു. ഞാനും ഉമ്മയും അറിയാതെ തന്നെ അളിയൻ എല്ലാവഴിയും നോക്കിയിരുന്നു.. അവസാനമായി മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കാൻ വേണ്ടിയാണ് എന്നോട് എല്ലാം അറിയിച്ചത്.. ആറു മാസമായി ഉപ്പ സൗദി ജയിലിൽ കഴിയാൻ തുടങ്ങിയിട്ട്, ഉമ്മാനെ ഇതുവരെ അറിയിച്ചിട്ടില്ല.. ഒന്നും... ഉപ്പ വിളിക്കാറുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കാണ് ആ പാവത്തെ...
എടുത്താൽ പൊങ്ങാത്ത ബാധ്യതകളും പേറി എല്ലാം ഒന്നു കരക്കടുപ്പിക്കാൻ വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ച് ഗൾഫിലേക്ക് പോയത്.. അത് വിശ്വസിച്ചവർ ഒരുക്കിയ ചതിക്കുഴിയിൽ അവസാനിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.. ഇന്ന് സൗദി ജയിലിൽ നേരിടേണ്ടി വരുന്ന ശിക്ഷയെക്കാളും ഉപ്പാനെ വേദനിപ്പിക്കുന്നത് ഞങ്ങളെക്കുറിച്ചുള്ള ഓർമ്മകളായിരിക്കും..ചെയ്യാത്ത തെറ്റിന് ശിക്ഷയനുഭവിക്കേണ്ടി വന്ന എന്റെ ഉപ്പാടെ സ്ഥിതി ഇനിയൊരാൾക്കും ആവർത്തിക്കാതിരിക്കട്ടേ..!!!
ജാസ്മിൻ സജീർ
(ഇതൊരു കഥ മാത്രമായി അവസാനിക്കട്ടേ... സ്വന്ത ബന്ധങ്ങളെ വിട്ട് അന്യ നാട്ടിലേക്ക് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി പോവുന്ന എല്ലാ സുഹൃത്തുക്കളേയും ഇത്തരം ചതിക്കുഴികളിൽ പെടുത്താതെ
കാത്തു രക്ഷിക്കണേ നാഥാ..)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot