നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

. - അവളിലെ പ്രണയവാർദ്ധക്യം -

. - അവളിലെ പ്രണയവാർദ്ധക്യം -
' എന്താ ടീച്ചറെ ഇന്ന് എണീക്കാൻ വൈകിയോ ...? '
പത്രക്കാരൻ ഗോപന്റെ ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്.
' ചെറിയ തലവേദന പോലെ അതാ വൈകിയേ '
ഗേറ്റു അടച്ചുകൊണ്ടു ചെറുചിരിതൂകി മറുപടി പറഞ്ഞു.
ശരിയാണ് ഇന്ന് പ്രഭാതസവാരിക്കൂ ഇച്ചിരി വൈകിയിരിക്കുന്നു.
പകലിന്റെ നേരിയ തിരിവെട്ടം കാണുന്നുണ്ട്.
സാധാരണ ഗോപനെ ജൂതപ്പള്ളിയുടെ വളവിലോ മൈതാനിയുടെ പൈപ്പിനടുത്തോ വച്ചാണ് കാണാറ്.
ഇന്ന് ആദ്യമായാണ് വീടിനു മുന്നിൽ വച്ചു കാണുന്നത്.
ഗോപൻ ധൃതിയിൽ സൈക്കിൾ ചവിട്ടികൊണ്ടു പോയി.
നേരിയ മഞ്ഞുള്ളത് കൊണ്ടാവാം നിരത്തിൽ അധികമാരെയും കണ്ടില്ല.
നടന്നു ബീച്റോഡിലേക്ക് കയറിയതറിഞ്ഞില്ല കടൽത്തീരത്തുനിന്നും ഉണക്കമീനിന്റെ രൂക്ഷഗന്ധമടിച്ചപ്പോഴാണ് തീരത്തേക്കു നോക്കിയത്.
ഘോരമല്ലെങ്കിലും ആഞ്ഞടിക്കുന്ന തിരകൾ ഒന്ന് ഭയപ്പെടുത്തിക്കൊണ്ടു തീരത്തേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.
പുകമഞ്ഞു കൊണ്ട് തീരം പകലിനെ വേൾക്കാൻ ഒരുങ്ങിക്കഴിഞ്ഞു, ദൂരെ കുറച്ചു പറവകൾ ചെറുകൂട്ടമായി പറന്നു പോകുന്നു. പുലർകാല ഭംഗി ആസ്വദിക്കണമെങ്കിൽ ഈ കടൽത്തീരത്തേക്കാൾ മനോഹരമായതൊന്നുമില്ലെന്നു തോന്നിപ്പോകും ചിലപ്പോൾ. ചിലപ്പോഴൊക്കെ പ്രഭാത സവാരിയെന്നു പറഞ്ഞു ഇറങ്ങുന്നത് തന്നെ ഈ കടലിന്റെ നെഞ്ചോടു ചേർന്നു പുലർകാലസൗന്ദര്യം ആവോളം ആസ്വദിക്കാൻ തന്നെയാണ് . അല്ലെങ്കിൽ തന്നെ ഈ വയസ്സുകാലത്തു മേനിയഴക്കിനോ വ്യായാമത്തിനോ ആർക്കാ ഇത്ര വലിയ താല്പര്യം..
' അരുന്ധതീ നീയിങ്ങനെ വെളുപ്പാന്കാലത്തു മടിപിടിച്ചിരുന്നാൽ വയസ്സുകാലത്തു പാടുപെടും ട്ടോ '
രവിയേട്ടന്റെ ശാസനകൾ അർത്ഥവത്തായിരിക്കുകയാണ്.
ഇടയ്ക്കുള്ള നടുവേദന വ്യായാമക്കുറവുകൊണ്ടാണെന്നു ഡോക്ടർ പറഞ്ഞപ്പോൾ ശരിക്കും ആ മനുഷ്യന്റെ ദീർഘവീക്ഷണത്തെ സ്മരിച്ചുപോയിട്ടുണ്ട്.
പക്ഷേ അതൊന്നു കേൾക്കാനോ അബദ്ധങ്ങൾ പറ്റുമ്പോഴുള്ള തന്റെ സ്ഥിരം ചമ്മൽ കാണാനോ കാത്തുനിൽക്കാതെ അദ്ദേഹം പോയി.
ഓർമ്മകൾ പലപ്പോഴും തീരത്തടിയുന്ന ചിപ്പികളും ചെറുശംഖുകളും പോലെയാണ് തിരയുടെ പറഞ്ഞുതീരാത്ത പ്രണയത്തിന്റെ ശേഷിപ്പുകൾ ...
നേരം ശരിക്കും വെളുത്തു കഴിഞ്ഞിരിക്കുന്നു. സൈതാലിക്ക ബീച്റോഡിൽ തന്റെ ഉന്തുവണ്ടിയിലുള്ള ചായക്കട തുറന്നു കഴിഞ്ഞിരുന്നു. പതിവുകാർതന്നെയായിരുന്നു അവിടെയുണ്ടായിരുന്നത്
സെബാസ്റ്റ്യൻ ഡോക്ടർ കയ്യിൽ കട്ടനും പിടിച്ചിരിക്കുന്നു .
മേനോൻ സാർ ബെഞ്ചിലിരുന്നു പത്രത്തിലേക്ക്നോക്കി ചായയൂതികിടിക്കുന്നു താഴെ അദ്ധേഹത്തിന്റെ പട്ടി പതിവുപോലെ ബെഞ്ചിന് താഴെ ഉറക്കച്ചടവോടെ ദൂരേക്ക്‌ നോക്കിയിരിന്നു..
" ടീച്ചറെ വൈകീട്ടത്തെ അസോസിയേഷന്റെ മീറ്റിംഗ് മറക്കണ്ടാ '
റെസിഡഷ്യൽ അസോസിയേഷന്റെ പ്രസിഡണ്ട്‌ കൂടിയായ ഡോക്ടർ ചിരിച്ചു കൊണ്ട് ഓർമിപ്പിച്ചു..
മറുചിരിയിൽ മറുപടിയൊതുക്കി വേഗം നടന്നു
പെട്ടന്ന് പെട്ടിക്കടയുടെ മുന്നിലേക്ക് ഒരു എഴുപതുമോഡൽ രാജദൂതു വന്നു നിർത്തി നടത്തത്തിനിടയിൽ അതിന്റെ സാരഥിയെ ഒന്ന് നോക്കി. അയാൾ കടയിൽ നിന്നും വാങ്ങിയ സിഗരറ്റ് കത്തിക്കുകയാണ്.
കുറ്റിത്താടിയും അലസമായ ചുരുളൻ മുടിയുമായൊരു മധ്യവയസ്‌കൻ പക്ഷേ കായികമായ ശരീരം സുന്ദരമായിരുന്നു. എവിടെയോ മറന്ന മുഖം,
നടത്തത്തിനു ധൃതി കൂട്ടി പള്ളിമുറ്റം കഴിഞ്ഞു ചിന്മയ എൽപി സ്കൂളിന് മുന്നിലെത്തി അതിന്റെ പടവുകൾക്കു ഒരു മാറ്റവും ഇല്ല.
അഭിയും നീലിമയും ഇവിടെയാണ് അക്ഷരം തൊട്ടതു, അമേരിക്കയിലെ തിരക്കിട്ട പാച്ചിലിൽ അവരിതൊക്കെ ഓർക്കാറുണ്ടോ എന്തോ.. വേണ്ടിയിരുന്നില്ല, എന്റെയൊറ്റയാളുടെ നിർബന്ധത്തിനു വഴങ്ങിയാ അന്ന് രവിയേട്ടൻ മക്കളെ സി ബി എസ്സിയിലേക്കു മാറ്റിയത്. അതവരിൽ തീർത്ത വ്യക്തിരൂപാന്തരം ഇന്നു ശരിക്കുമറിയുന്നു.
ബിസിനസ്സിൽ എന്തോ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു അഭി തനിക്കു കിട്ടിയ ഷെയറായ വീട് വിൽക്കാനൊരുങ്ങുന്നു , അമ്മയെ കുറിച്ച് അവനാലോചിച്ചുകാണില്ല അവന്റെ സുഹൃത്ത്‌ മെൽവിൻ അമ്മച്ചിയെ "സ്നേഹതീരത്തു" ചേർത്തത്‌ അവനും പ്രചോദനം ആയിക്കാണും ...
ആലോചനകൾ കാട് കയറുന്നു വേഗം വീട്ടിലെത്തിയില്ലെങ്കിൽ ഇന്നും പാല് കിട്ടില്ല..
എന്തോ ഓർത്തുകൊണ്ട് റോഡു മുറിച്ചു കടന്നതേ ഓർമ്മയുള്ളൂ പെട്ടന്ന് വളവു തിരിഞ്ഞ ബൈക്ക് ദേഹത്തു ശക്തിയായി തട്ടി ഓടയ്ക്കരികിലേക്കു താൻ തെറിച്ചു വീണു .
നെറ്റിയിൽ രക്തം ചീറ്റാൻ തുടങ്ങി വെള്ള ടവ്വൽ ചോരയിൽ കുതിർന്നിരിക്കുന്നു
ഇടിയിൽ തെറിച്ചു വീണെങ്കിലും ആ ബൈക്കുകാരൻ എഴുനേറ്റു വന്നു തനിക്കു നേരെ കൈ നീട്ടി.
സൈതാലിക്കയുടെ കടയിൽ കണ്ട ആ ചുരുളൻ മുടിക്കാരൻ. അസഹ്യമായ വേദനയിലും രോഷം തിളയ്ക്കുന്നുണ്ടായിരുന്നു ഒന്നെഴുനേൽക്കാൻ ശ്രമിച്ചതേ ഓർമയുള്ളൂ ചുറ്റും റോഡും മതിലുകളും തലത്തിരിയുന്നത്തു പോലെ കണ്ണുകളിൽ ഒരു തളർച്ച , കാലിടറിയതും അയാളുടെ കയ്യിലേക്ക് വീണു .....
കണ്ണ് തുറന്നപ്പോൾ മുകളിൽ ഒരു ഫാൻ കറങ്ങുന്നു. കയ്യിൽ ഗ്ലൂകോസ് കയറ്റിയിട്ടുണ്ട് ഏതോ ക്ലിനിക്കാണ്.
ആ ചെറിയ മുറിയുടെ ഇടതു വശത്തായി കസേരയിൽ അയാൾ ഏതോ മാഗസിൻ നോക്കി ഇരിക്കുകയാണ് .
പതിയെ എഴുനേൽക്കാൻ ശ്രമിച്ചു കൈകൾക്കും നടുവിനും നല്ല വേദനയുണ്ട് ..
" പേടിക്കാനൊന്നുമില്ല , രണ്ടു സ്റ്റിച് ഇടേണ്ടി വന്നു പ്രഷർ ഡൌൺ ആയി അതാണ്‌ പെട്ടന്ന് ബോധം പോയത് " -
അയാൾ ചെറു ചിരിയോടെ പറഞ്ഞു പക്ഷെ കണ്ണുകളിൽ കുറ്റബോധം ശരിക്കും നിഴലിക്കുന്നുണ്ടായിരുന്നു.
' തെറ്റു എന്റെ ഭാഗത്തുമുണ്ട് വളവിന്നു ഒന്ന് ഹോൺ അടിക്കാമായിരുന്നു ആളുകൾ ശ്രദ്ധിക്കാതെ ക്രോസ് ചെയ്യുന്ന സ്ഥലമാണ് അതു " - അയാൾ ന്യായീകരിക്കാതെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.
പെട്ടന്ന് പേഴ്സിൽ നിന്നും ഫോണ്‍ ബെല്ലടിക്കാൻ തുടങ്ങി , അഭിയാണ്.
' എന്താ മമ്മാ പറ്റിയത് വരുൺ വിളിച്ചപ്പോഴാ ഞാനറിഞ്ഞത് , മമ്മയിപ്പോൾ അവന്റെ ക്ലിനിക്കിലാ.."
" ഒന്നുല്ലടാ ഞാനൊന്നു നടക്കാൻ ഇറങ്ങിയതാ അപ്പോഴാ , പേടിക്കാനൊന്നുല്യാ ഒരു ചെറിയ മുറിവേ ഉള്ളൂ "
" മമ്മയോട് ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് വീട്ടിനകത്തെ ട്രെഡ്മില് എത്ര കാശ് ചിലവാക്കി വാങ്ങിയതാ "
" സാരല്ലടാ ഇപ്പൊ പേടിക്കാനൊന്നുമില്ലല്ലോ , പിന്നെ നീയിതൊന്നും നീലിമയോട് പറയണ്ടാ പിന്നെ അവൾക്കതുമതി "
" അവളറിഞ്ഞു , എന്തോ തിരക്കിലാ അതാ എന്നോട് വിളിക്കാൻ പറഞ്ഞത് , ശരി മമ്മ എന്തേലും ആവശ്യമുണ്ടേൽ വരുണിനോട് പറഞ്ഞാൽ മതി ഞാനൊരു മീറ്റിംഗിലാ വൈകീട്ട് വിളിക്കാം "
അവൻ തിരക്കിലാണ്, തിരക്കുകൾക്കിടയിൽ അവൻ മമ്മയെ ഓര്ക്കുന്നത് തന്നെ വലിയ കാര്യം , നാല് മാസം മുൻപ് വീട് വിൽക്കുന്നതുമായി എന്തോ സംസാരിക്കാൻ വിളിച്ചതാണ് പിന്നെ ഇന്നാണ് വിളിക്കുന്നത് , ഒരർത്ഥത്തിൽ ഈ അപകടം നന്നായി അതോണ്ട് എന്റെ കുഞ്ഞിന്റെ ശബ്ദമൊന്നു കേൾക്കാനായല്ലോ .. കണ്ണുകൾ നിറഞ്ഞു തുളുമ്പി ..
" ഞാൻ കുടിക്കാനെന്തെങ്കിലും വാങ്ങി വരാം "
അയാൾ ഫോണ്‍ വെയ്ക്കുന്നതും കാത്തിരിക്കുകയാരുന്നു.
പതിയെ അയാളെ ഒന്ന് നോക്കി. തെറ്റുപറ്റി ചിരിക്കാൻ ശ്രമിക്കുന്ന മുഖം അയാളെ കൂടുതൽ നിഷ്കളങ്കനാക്കി.
അല്പസമയത്തിനു ശേഷം അയാള് ഫ്ലാസ്കിൽ ചായയുമായി വന്നു.
' നിങ്ങൾ ബുദ്ധിമുട്ടണമെന്നില്ല , പൊയ്ക്കോളൂ എനിക്ക് പരാതിയൊന്നുമില്ല "
അയാൾ ഒന്നും പറയാതെ ഫ്ലാസ്ക് അവിടെ വച്ച് ഡോറിനടുത്തേക്കു നടന്നു . തിരഞ്ഞു ഇടർന്ന ശബ്ദത്തിൽ നിന്ന് ചോദിച്ചു
" അരുന്ധതിക്ക്‌ എന്നെ ഓർമ്മയുണ്ടോ ..? "
ഞെട്ടലോടെ അയാളെ നോക്കി , അതെ ഈ ശബ്ദം സുപരിചിതമാണ് ഭൂതകാലത്തിന്റെ ഏടുകളിൽ എവിടെയോ മറന്ന അല്ല മറക്കാൻ ശ്രമിച്ച അതേ മധുരസ്വരം..
' എന്റെ പേര് മാനുവൽ, തന്റെ പഴയ മനു...! '
ഒരായിരം വാതിലുകൾ തനിക്കു മുന്നിൽ അടയുന്നതുപോലെ. പുറത്തു മഴ ശക്തിയായി പെയ്യാൻ തുടങ്ങി ആഞ്ഞടിച്ച കാറ്റിൽ ജനൽപാളികളിൽ കൂടി ജലകണങ്ങൾ മുഖത്തേക്ക് അടിച്ചുകൊണ്ടിരുന്നു ...
ഈശ്വരാ കാലം ഇത്രയേറെ ഒരാളെ ശിക്ഷിക്കുമോ ..?
മനു ഒരുപാട് മാറിയിരിക്കുന്നു. കലാലയത്തിൽ ആരും മോഹിച്ചുപോകുന്ന സുമുഖനായ എഴുത്തുകാരൻ അറിയാതെ അവന്റെ എഴുത്തുകളിൽ കൂടി അവനെയും സ്നേഹിച്ചു പോയിരുന്നു.
കോളേജ് മൈതാനിയിലെ അരയാലിന്റെ ചുവട്ടിൽ മനുവിനൊപ്പമിരുന്നു ഒത്തിരി സ്വാപ്നങ്ങൾ കണ്ടിരുന്നു.
അച്ഛന്റെ മരണത്തോടെ വീടിന്റെ ഉത്തരവാദിത്വം തലയിൽ വന്നുപെട്ട മനുവിന് ബ്രിഗേഡിയർ വർമ്മയുടെ മകളെ ഇറക്കി കൊണ്ടുപോവാനുള്ള ധൈര്യമുണ്ടായില്ല അല്ല സഹചര്യം അനുവദിച്ചില്ല.
കാലമേറെയെടുത്തു മനുവിന്റെ ഓർമകളെ പറിച്ചു മാറ്റാൻ.
പിന്നീടു രവിയേട്ടൻ ജീവിതത്തിലേക്കു കടന്നു വന്നതും വസന്തത്തിന്റെ മുകുളങ്ങകൾ പതിയെ പൂക്കളായി മാറുകയായിരുന്നു. പിന്നീട് രവിയേട്ടനും അഭിയും നീലിമയുമായിരുന്നു തന്റെ ലോകം ..
മൌനം വെടിഞ്ഞുകൊണ്ടു മനു തന്നെ തുടർന്നു
" കുറേകാലം ആസ്സാമിലായിരുന്നു അവിടെ പത്രത്തിൽ ജോലിയും അല്ലറചില്ലറ സോഷ്യൽ ആക്ടിവിറ്റീസുമായി കുറെ കാലം തള്ളി നീക്കി , കഴിഞ്ഞ മാർച്ചിൽ അമ്മ മരിച്ചു പിന്നെ നാട്ടിൽ സെറ്റിലാവാൻ തീരുമാനിച്ചു "
" ഫാമിലിയൊക്കെ ...? "
" പെങ്ങളും കുടുംബവും ദുബായിലാണ് , അനിയൻ ഇവിടെ തഹസിൽദാറായിസ്ഥലമാറ്റം കിട്ടി അവന്റെ ഫാമിലി അടുത്തയാഴ്ച വരും "
" മാനുവലിന്റെ ഫാമിയെ കുറിച്ചാണ് ഞാൻ ..."
" ഹ ഹ .. ഫാമിലി ...
ഒരിക്കൽ ശ്രമിച്ചു വിവാഹം എന്ന ചട്ടക്കൂടിൽ ഒതുങ്ങാൻ പക്ഷെ അഞ്ചു വര്ഷം പൂർത്തിയാക്കാൻ പങ്കാളിക്ക് താല്പര്യം ഉണ്ടായിരുന്നില്ല ഏർളി ഡിവോഴ്സ് , പിന്നീട് അങ്ങനെ ഒരു കോമാളി വേഷം കെട്ടാൻ നിന്നില്ല. ഇപ്പോൾ പഴയ ബഷീറിയൻ സ്റ്റൈലിൽ പറഞ്ഞാൽ ഒറ്റാം തടി മുചാം വയറു "
മനു പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു . അയാളുടെ കണ്ണുകളിൽ പഴയ തിളക്കം നഷ്ടപ്പെട്ടിട്ടില്ല അതിൽ തന്നെ നോക്കിയിരുന്നു പോയി...
മനുവിന്റെ സംസാരം കേട്ട് സമയം പോയതറിഞ്ഞില്ല. നേരം ഇരുട്ടിയിരുന്നു. ഒരു പകൽ കൊണ്ട് ഒരായുസ്സിന്റെ കഥ മുഴുവൻ മനു പറഞ്ഞു തീർത്തു. അയാളുടെ ജീവിതം ഒരു കെട്ടുകഥപോലെയാണെന്നു തോന്നിപ്പോയി. കുടുംബത്തിന് വേണ്ടി ഒരു പുരുഷായുസ്സു മുഴുവൻ ചിലവിട്ടു. ഇപ്പോൾ അവർക്കൊരു ബാധ്യതയായിരിക്കുന്നു .
" അരുന്ധതീ ഏറെ വൈകിയിരിക്കുന്നു ഞാൻ ഇറങ്ങട്ടെ രാവിലെ വരാം "
മനു ഇറങ്ങിയപ്പോൾ എന്തോ ഒരു ശൂന്യത നിഴലിച്ചു ഒരു മുപ്പതു വർഷം പിറകോട്ടു പോയത് പോലെ. അന്ന് മനു പോയപ്പോൾ അനുഭവിച്ച അതെ ഏകാന്തത എവിടെയോ നിഴലിക്കുന്നത് പോലെ തോനുന്നു.
വയസ്സുകാലത്തു ഓരോ പൊട്ടത്തരങ്ങൾ തോന്നുന്നതേ. കയ്യിൽ വേദനയുണ്ടെങ്കിലും അറിയാതെ ചിരിച്ചു പോയി ..
പിറ്റേന്ന് കാലത്ത് തന്നെ മനു എത്തി ,
" സത്യം പറയാലോ അരുന്ധതീ , കുറെ ദിവസം ശരിക്കും ബോറടിക്കുകയാരുന്നു തിരിച്ചു ആസ്സാമിലേക്കു പോയാലോ എന്ന് വരെ തോന്നിപോയതാ പക്ഷെ ഇന്ന് നേരം പുലർന്നപ്പോൾ എന്തോ ഒരു ഉന്മേഷം "
" എന്തേ തിരിച്ചു പോകാൻ മനസ്സ് പറഞ്ഞത്, അവിടെ ആസ്സാമിൽ വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടോ..? "
" മ്ഹ് ... ഉണ്ട് എന്ന് തന്നെ പറയാം ഇരുപതോളം വര്ഷം ജനിച്ച നാടിനേക്കാൾ സുപരിചിതമായ സ്ഥലം. ഒരുപാട് സുഹൃത്തുക്കൾ, ഞാനായിട്ട് തുടങി വച്ച ഒരുപാട് സോഷ്യൽ ആക്ടിവിറ്റീസ്, ആശ്രയമില്ലാത്ത ഒരുകൂട്ടം കുഞ്ഞുങ്ങൾ ഇവിടെ നിൽക്കാൻ മനസ്സ് വരുന്നില്ല "
" ഇതല്ലേ ജനിച്ച നാട് ഇവിടെയും അതുപോലെ എന്തെങ്കിലുമൊക്കെ ചെയ്തു കൂടെ ..?"
" ഹ ഹ.. അത് വിട് ..താൻ പറ എന്തൊക്കെയാ തന്റെ വിശേഷം കുറച്ചൊക്കെ ഞാൻ പുറത്തു നിന്നും അറിഞ്ഞു , റിട്ടയേർഡ് ആയതിനു ശേഷം എഴുത്ത് രംഗത്തു സജീവമാണെന്ന് കേട്ടു. താനിപ്പോ ഒരു കൊച്ചു സെലിബ്രിറ്റി ആണല്ലേ ..! "
മനു കൂടുതൽ അടുക്കുകയായിരുന്നു. ഒരിക്കൽപോലും അയാളിൽ നിന്നും ആ നഷ്ടപ്രണയത്തിന്റെ ഒരു കണിക പോലും വന്നില്ല. അതേക്കുറിച്ചു ഒന്നും തന്നെ പറഞ്ഞില്ല എന്നതാണ് സത്യം.
നഷ്ട്ടപെട്ടതെന്തോ വീണുകിട്ടിയ കുട്ടിയെ പോലെ അയാൾ പെരുമാറി. അയാളുടെ ചിരിയും സംസാരവും പഴയതുപോലെ താനും ഒരുവേള ആസ്വദിച്ചു പോയി.
ഹോസ്പിറ്റലിനിന്നും ഡിസ്ചാർജ് ആയതും വിശ്രമിക്കാൻ പറഞ്ഞ ഒരാഴ്ചയും മനുവിനോടൊപ്പം ഇതാന്നു പറഞ്ഞപോലെ കഴിഞ്ഞു.
പലപ്പോഴും വൈകുന്നേരങ്ങളിൽ മനുവിന്റെ ഫോണ്‍ വരും . ഒറ്റയ്ക്കല്ലെന്നു മനസ്സ് പറയുന്നതുപോലെ തോന്നാൻ തുടങ്ങി. എങ്ങോ കൈവിട്ടുപോയ ഒരു സുരക്ഷിതത്വം ചുറ്റും ഒരു വലയം പോലെ പൊതിയുന്നോ..!
വിശ്രമം കഴിഞ്ഞതിനു ശേഷം പതിവ് പ്രഭാതസവാരിക്കിറങ്ങി ഈ തവണ രാവിലെ ഇറങ്ങുമ്പോൾ ഒരു പ്രതീക്ഷയും ഉണ്ടല്ലോ.
ബീച്റോഡിൽ മനു രാവിലെ തന്നെ എത്തിയിട്ടുണ്ടാവും പിന്നെ ജൂതപ്പള്ളിയും കടൽത്തീരത്തെ പഴയ പാർക്കും ലൈറ്ഹൗസുമൊക്കെ നടന്നു തീർക്കുന്നത് അറിയാറേയില്ല.
ഇന്ന് രാവിലെ കണ്ണാടിയിൽ നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത് വണ്ണം നല്ലവ്വണ്ണം കുറഞ്ഞിരിക്കുന്നു. കണ്ണിന് തടത്തിനു ചുറ്റിലുമുള്ള കറുപ്പും ഇല്ലാതായിരിക്കുന്നു. മുഖത്ത് ഏറെ കാലത്തിനു ശേഷം ഒരു തുടിപ്പ്. എന്നോ വറ്റിയ നീർത്തടാകം പോലെയായിരുന്നു കണ്ണുകൾ അവയ്ക്കെന്നെത്തേക്കാളും പ്രസരിപ്പ് തോന്നാൻ തുടങ്ങിയിരിക്കുന്നു. പഴയ കലാലയസുന്ദരി വീണ്ടും തന്നിലേക്ക് ആവാഹിച്ചതു പോലെ.
" എന്ത് പറ്റിയെടോ മുഖത്ത് വല്ലാത്ത ഒരു വാട്ടം വയ്യെങ്കിൽ പിന്നെയെന്തിന ഇന്ന് നടക്കാനിറങ്ങിയത് ..?"
" ഒന്നുമില്ല മനൂ ഇന്നലെ അഭി വിളിച്ചിരുന്നു അവൻ നെക്സ്റ്റ് വീക്ക് വരുന്നു വീട് വിൽക്കാനുള്ള ഡീൽ ആയത്രേ "
" അതിനെന്താ അവന്റെ ഫിനാൻഷ്യൽ പ്രോബ്ലം സെറ്റിൽ ചെയ്യനല്ലേ, വീട് വിൽക്കുകയാണെങ്കിൽ അവൻ തന്നെ അമേരിക്കയിലേക്ക് കൂടെ കൂട്ടുമല്ലോ , സൊ അതൊരു നല്ല കാര്യമല്ലേ ..? "
" മനൂ വീടവൻ വിൽക്കും പക്ഷെ മമ്മയെ അവൻ കൂടെ കൂട്ടില്ല, അവന്റെയും ഭാര്യയുടെയും സ്വകാര്യതയിലേക്കു മമ്മയെ അവൻ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. നീലിമയ്ക്കും അതേ അഭിപ്രായമാണത്രെ മെൽവിനോട് സംസാരിച്ചു സ്നേഹതീരത്തു മമ്മയ്ക്കു അവനൊരു ബുക്കിംഗ് ഏർപ്പാടാക്കിയിട്ടുണ്ട് "
പറഞ്ഞു തീർന്നതും വിതുമ്പിപ്പോയി, വറ്റിയ കണ്ണീർചാലുകൾ വർദ്ധങ്ങൾക്കു ശേഷം പുനരുജീവിച്ചു. സ്വയം മറന്നു കരഞ്ഞുപോയി ..
" വാർദ്ധക്യം ഒരു ബാധ്യത തന്നെയാണ് മനൂ നമ്മളറിയുന്നില്ലെങ്കിലും അവരെയതു ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടാവാം "
" ഹേയ് താനെന്താടോ കൊച്ചു കുട്ടികളെ പോലെ ചെഹ് കരയാതെ "
ആദ്യമായി അന്ന് മനു തന്റെ കരങ്ങൾ പിടിച്ചു , എന്നോ കവരാൻ ആഗ്രഹിച്ച കരങ്ങൾ, ഇന്നതിന്റെ ശക്തി ഉള്ളിൽ ഏതോ ഊർജ്ജം തരുന്നത് പോലെ..
കടലിൽ നിന്നും തണുത്തകാറ്റു മുഖത്തേക്ക് വീശിയടിച്ചു തിരകൾ അല്പനേരത്തേക്കു മൗനമായോ അതോ ഈ നേരത്തിനായി മൗനമേകിയതോ...
അഭി വന്നതും വീടുവിൽപ്പനയുമെല്ലാം ധൃതിയിൽ നടന്നു.
" മമ്മയ്ക്കവിടെ എല്ലാ സൗകര്യവുമുണ്ടാകും ഒന്നിനും ഒരു കുറവുമുണ്ടാകില്ല വെക്കേഷനിൽ ഞാനോ നീലിമയോ വന്നു കാണുകയും ചെയ്യാം "
മറുത്തൊന്നും പറഞ്ഞില്ല. തന്റെയെന്നു പറയാനുള്ള കുറച്ചു വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കൂടി രണ്ടു ബാഗേജിൽ നിറച്ചു. അഭി തന്നെ അതെടുത്തു കാറിന്റെ ഡിക്കിയിൽ വച്ചു.
" മമ്മാ അവിടെയാകുമ്പോൾ മമ്മയുടെ പ്രായത്തിലുള്ളവരാണ് മുഴവനും, ഒറ്റയ്ക്കാണെന്നു തോന്നില്ല മമ്മയ്ക്ക് ഒത്തിരി സന്തോഷമാവും "
വണ്ടി എം ജി റോഡിലേക്ക് കയറിയതും അതുവരെയുള്ള മൌനം വെടിഞ്ഞു
" അഭീ വണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് വിട് "
" മമ്മയെന്താ ഈ പറയുന്നേ , ആരെയെങ്കിലും കാണാനുണ്ടോ ..? "
" മ്ഹ് "
വണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് കയറി കാറിൽ നിന്നും ബാഗുകൾ എടുക്കുന്നതു കണ്ടു അഭി ശരിക്കും ഞെട്ടി.
" മമ്മയെന്താ ഈ കാണിക്കുന്നേ ..? "
" അഭീ നിന്റെ മമ്മ സന്തോഷമായിരിക്കുകയല്ലേ നിനക്ക് വേണ്ടത് , എന്നെ കുറിച്ച് നീ ആവലാതിപ്പെടേണ്ട നീ നിന്റെ തിരക്കുകളിലേക്ക് പൊയ്ക്കോളൂ ,
എന്റെയും നിന്റെ പപ്പയുടെയും നല്ലപ്രായം നിങ്ങൾ രണ്ടു മക്കൾക്ക് വേണ്ടിയായിരുന്നു ജീവിച്ചു തീർത്തത്, നിന്റെ പെങ്ങൾക്ക് എന്നെ കാണാൻ പോലും സമയം ഇല്ലാതായിരിക്കുന്നു. പപ്പ മരിച്ചപ്പോൾ പോലും അവളൊന്നു വന്നില്ല "
" ഞാനൊരിക്കലും നിങ്ങളെ കുറ്റം പറയില്ല പക്ഷേ നിങ്ങളുടെ തലമുറയുടെ സ്വാർത്ഥമായ സ്വകാര്യതയ്ക്ക് ഞാനൊരു ബലിയാടാകാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ജീവിതം ഇനിയെങ്കിലും എന്റെ ഇഷ്ടങ്ങൾക്കു വേണ്ടിയാവട്ടെ "
അപ്പോഴേക്കും മനു ഒരു ഓട്ടോയിൽ അവിടെയെത്തിരുന്നു. അഭിയോട് ഒന്ന് പുഞ്ചിരിച്ചു ശേഷം ബാഗുകൾ എടുത്തു മുന്നോട്ടു നടന്നു പിന്നെയൊന്നു തിരിഞ്ഞു നോക്കി പറഞ്ഞു
" അഭീ നിന്റെ മമ്മ സന്തോഷവതിയായിരിക്കും എന്നത്തേയും പോലെ "
അഭി മറുത്തൊന്നും പറഞ്ഞില്ല. അവനു പറയാനുള്ള ധൈര്യമില്ലാഞ്ഞിരിക്കാം.
മാനുവലിന്റെ കൈ പിടിച്ചകലുന്ന മമ്മയെ അവൻ കണ്ണിൽ നിന്നും മറയുവോളം നോക്കി. കുറ്റബോധം അവനിൽ ഒരു മിഴിനീർ കണക്കെ ഇറ്റു വീണു....
.........
" അരുന്ധതീ ആസ്സാമിൽ ഇപ്പോൾ നല്ല മഴയായിരിക്കും , നീ എഴുതി പകുതിയാക്കിയ 'മഴയുടെ വർണങ്ങൾ' പൂർത്തിയാക്കാൻ പറ്റിയ സമയം "
" മനൂ മഴയുടെ വർണങ്ങളെക്കാൾ ഞാനിന്നു ഇഷ്ടപ്പെടുന്നത് കടലിന്റെ മർമ്മരമാണ്. അത് തേടി പുലർകാലങ്ങളിൽ നടക്കവെയാണ് ദൈവമെനിക്ക് പുതു ജീവൻ തന്നത് "
...................

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot