Slider

മാറ്റം വേണ്ടതു നമ്മുടെ ചിന്താഗതികൾക്കു

0
കാലത്തു വീട്ടിൽ നിന്നിറങ്ങുമ്പോ വലിയ ലക്ഷ്യമൊന്നുമുണ്ടാരുന്നില്ല..
ബസ്റ്റോപ്പിൽ ആരെങ്കിലുമുണ്ടെൽ ഒന്നു വായ്‌നോക്കണം..
അതുകഴിഞ്ഞു തിരക്കുള്ള ഏതേലും ബസ്സിലോട്ടു കയറി ടൗണിലേക്ക് വെച്ചുപിടിക്കണം..
അതെന്നാ തിരക്കുള്ള ബസിൽ കയറുന്നെന്ന് ഒരു മലയാളിയും എന്നോടു ചോദിക്കില്ല..
കാരണം എല്ലാരുടെയും ദൈനം ദിന ജീവിതത്തിൽ ഏതെങ്കിലുമൊരു സമയം എന്നെപ്പോലൊരാളെ ബസ്സിന്റെ മുൻഭാഗത്തു കാണാനിടയായിട്ടുണ്ടാവണം.
ഇല്ലാത്ത തിരക്കുണ്ടാക്കി സ്ത്രീകളോടു മുട്ടിയുരുമ്മി നിക്കുന്നതിന്റെ ഒരുസുഖം..
അതനുഭവിച്ചു തന്നെ അറിയണം..
അപ്പോ അവരുടെ മാനസികാവസ്ഥ എന്താണെന്നു ആലോചിക്കാറില്ലേന്നൊക്കെയാവും നിങ്ങളുടെ ചോദ്യം..
അതൊക്കെയാരന്വേഷിക്കുന്നു..
സ്വന്തം ഉമ്മേം പെങ്ങളൊന്നുമല്ലാലോ..
ആരുടെയോ ഭാര്യ..
ആരുടെയോ പെങ്ങൾ..
പറഞ്ഞു പറഞ്ഞു കാടുകയറി..
ബസ്റ്റോപ്പിലേക്കു പോവുന്ന കാര്യല്ലേ പറഞ്ഞു വന്നേ..
അങ്ങനെ ബസ്റ്റോപ്പിലെത്തി..
ഭാഗ്യം ഇറങ്ങിയത് വെറുതെയായില്ല..
കാണാൻ ഒട്ടും മോശമല്ലാത്തൊരു പെൺകൊച്ചു നിപ്പുണ്ട് അവിടെ..
ഇളംനീല നിറത്തിലുള്ള ചുരിദാറാണ് വേഷം..
കൂടേ രണ്ടുവയസ്സ് തോന്നിപ്പിക്കുന്നൊരു കുട്ടിയുമുണ്ട് ..
തൊട്ടപ്പുറത്ത് ഒരു വൃദ്ധനും നിൽപ്പുണ്ടാരുന്നു..
അയാളെ ശ്രദ്ധിക്കാൻ പോയില്ല..
കുട്ടിയുടെ കയ്യില് ഒരു കുഞ്ഞുകളിപ്പാട്ടമുണ്ട്..
അവനതുമായി മൽപ്പിടുത്തം നടത്തുവാ..
ഇടക്കമ്മയോടെന്തോ ചോദിക്കുന്നുമുണ്ട്..
അതിന്നിടയിൽ കളിപ്പാട്ടം താഴെവീണതും അവൾ കുനിഞ്ഞു കൊണ്ടതെടുത്തു അവന്റെ കയ്യിൽക്കൊടുത്തു..
അത്രേം മതിയാരുന്നു എനിക്കു..
കണ്ണുകൾ കൊണ്ടവളുടെ സൗന്ദര്യം ശരിക്കും ഒപ്പിയെടുത്തു..
ഇനിയൊന്നുടെ കൊച്ചിന്റെ കയ്യെന്ന് കളിപ്പാട്ടം താഴെ വീഴണെന്നു മനസ്സിലാഗ്രഹിച്ചതും അതുതന്നെ സംഭവിച്ചു..
പക്ഷേ ഇത്തവണ അവൾ കുനിയുന്നതിനു മുമ്പെത്തന്നെ പരട്ടക്കിളവൻ അടുത്തേക്കു വന്നതെടുത്തു കൊടുത്ത്..
ശേഷം രൂക്ഷമായെന്നെയൊന്നു നോക്കി അവളോടെന്തോ കുശു കുശുത്തു..
സംഗതി പന്തിയല്ലെന്ന് തോന്നിയത് കൊണ്ടു ഞാനപ്പോ തന്നെ സ്ഥലം കാലിയാക്കുകയും ചെയ്തു..
രാവിലത്തെ കറക്കമൊക്കെ കഴിഞു വീട്ടിലെത്തിയപ്പോഴാണ് ചാനലിൽ വാർത്ത കണ്ടതു..
പ്രമുഖ നടിയെ ആക്രമിക്കാൻ ശ്രമം നടന്നുവെന്ന്..
ബ്രേക്കിങ്ങ് ന്യൂസ് മുഴുവനും അതാണു..
വൈകുന്നേരം ചർച്ചയുമുണ്ടത്രെ..
ഇതാണവസരം..
വേഗം ഫേസ്ബുക്ക് ലോഗിൻ ചെയ്തു..
ഇപ്പത്തന്നെ ഒരു പോസ്റ്റിടണം..
സ്ത്രീകൾക്കെതിരായ അക്രമത്തിൽ ലജ്ജിക്കുക പ്രിയനാടെ എന്നൊക്കെ പറഞ്ഞു തുടങ്ങാം..
ലൈക്കിന്റെ ചാകരയാവും..
കാറ്റുള്ളപ്പോഴല്ലേ തൂറ്റാനൊക്കു..
വാക്കുകൾക്കു മൂർച്ച കൂട്ടണം..
മാത്രല്ല ഇങ്ങനൊരു പോസ്റ്റിട്ടാ വേറേം ഗുണമുണ്ട്‌..
സ്ത്രീകളിൽ ആരെങ്കിലുമൊക്കെ ഇന്ബോക്സിലേക്കു വന്നു അഭിനന്ദിക്കാതിരിക്കില്ല..
അതു പിടിച്ചു കേറുകേം ചെയ്യാം..
'വർദ്ധിച്ചു വരുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുക മാത്രല്ല നമ്മുടെ കണ്മുന്നിൽ വെച്ചു ഒരു പെണ്ണുപോലും അപമാനിക്കപ്പെടാൻ പാടില്ല' എന്നുപറഞ്ഞു പോസ്റ്റ് അവസാനിപ്പിക്കുമ്പോ ദേ കൈത്തണ്ടയിലെ രോമങ്ങൾ എഴുന്നേറ്റു നിന്നു..
ആവേശം കൊണ്ടാവണം..
ഗൂഗിളിൽ ചെന്നു നല്ലൊരു ചിത്രവും തിരഞ്ഞു പിടിച്ചു പോസ്റ്റുമ്പോ അതിനു കിട്ടാവുന്ന ലൈക്കായിരുന്നു മനസ്സു നിറയെ.
○●
ഏതെങ്കിലും വാർത്തകൾ കാണുമ്പൊൾ ഇതുപോലെ സോഷ്യൽമീഡിയകളിൽ പോസ്റ്റുകൾ ചവച്ചു കമന്റുകള് തുപ്പുന്ന നമ്മളിലെത്ര പേരുണ്ട് ജീവിതത്തിലിതു പ്രാവർത്തികമാക്കാൻ..
ഓരുപക്ഷേ ഏത്രയോപേരെ മനസിൽ ക്രൂരമായി ബലാൽക്കാരം ചെയ്താവും ഞാനുൾപ്പെടെ പലരുടെയും ദിവസം കടന്നുപോവുന്നതു..
അതിന്റെ ബാക്കിപത്രമാണ് ഫേസ്ബുക്കിലെ സ്ത്രീകൾക്കു മാത്രമായി ലഭിക്കുന്ന റിക്വസ്റ്റുകളുടെ എണ്ണം വർദ്ധിക്കുന്നതും ഇൻബോക്സ് നിറഞ്ഞു കവിയുന്നതും..
തനിച്ചു കിട്ടിയാൽ എന്തുമാവാമെന്നുള്ള ചിന്തയിൽ നിന്നുടലെടുക്കുന്നതു..
ഇതെ മാനസികാവസ്ഥയിൽ നിന്നാണു അർധരാത്രി ഒരു പെണ്ണിനെ തനിച്ചു കിട്ടിയാലെന്തും ചെയ്യാമെന്നുള്ള തോന്നലുണ്ടാവുന്നതും..
മാറ്റം വേണ്ടതു നിയമത്തിനും നിയമപാലകർക്കും മാത്രല്ല..
നമ്മുടെ ചിന്താഗതികൾക്കു കൂടിയാണു.
അപ്പോഴേ പെണ്ണിന്റെ വ്യക്തിത്വം അംഗീകരിക്കപ്പെടുകയുള്ളൂ..
അപ്പോൾമാത്രമേ അവൾ എന്റെകൂടെ സുരക്ഷിതയാണെന്നുള്ള തോന്നൽ ഓരോരുത്തരിലും ഉണ്ടാക്കിയെടുക്കാനും കഴിയുള്ളൂ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo