നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രാത്രിയാത്രികരുടെശ്രദ്ധയ്ക്ക്


രാത്രിയാത്രികരുടെശ്രദ്ധയ്ക്ക്.... സമയംഅര്‍ദ്ധരാത്രികഴിഞ്ഞിരിയ്ക്കുന്നു. ഡ്യൂട്ടിഷിഫ്റ്റ് കഴിഞ്ഞു ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ദുര്‍ഗ്ഗ ക്ഷീണിതയായിരുന്നു. ഇന്നാണെങ്കില്‍ ഒരുമണിക്കൂര്‍ ഓവര്‍ടൈം ജോലിയും ചെയ്തു. നഗരപരിധിയ്ക്കപ്പുറമുള്ള വീട്ടിലേയ്ക്ക് ഓഫീസില്‍ നിന്നനുവദിച്ച കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഉറങ്ങാതിരിയ്ക്കാന്‍ നല്ലപാടാണ്. വേറെയും സഹപ്രവര്‍ത്തകരുണ്ടാവും, ഓരോരുത്തരായി അവരവരുടെ താമസസ്ഥലത്തിനടുത്തിറങ്ങും. സ്ത്രീജീവനക്കാര്‍ തനിച്ചുള്ള ട്രിപ്പില്‍ സുരക്ഷാജീവനക്കാരന്‍ ഉണ്ടാകണമെന്ന വ്യവസ്ഥയുമുണ്ട്. നഗരത്തിന്റെ തിരക്കില്‍ നിന്നുമാറി വെളിച്ചം കുറഞ്ഞ റോഡിലാണിപ്പോള്‍. ദുര്‍ഗ്ഗ പുറത്തേയ്ക്കു നോക്കി. ഇനിയും ഒരുമണിക്കൂര്‍ യാത്രയുണ്ട്. അപ്പോഴാണ് ശ്രദ്ധിച്ചത്, ഇന്ന് ഡ്രൈവറുടെയടുത്ത് മുന്‍സീറ്റില്‍ സെക്യൂരിറ്റിഉദ്യോഗസ്ഥനില്ല. ഡ്രൈവറും താനും മാത്രമേ വണ്ടിയിലുള്ളു. ദുര്‍ഗ്ഗ ഡ്രൈവറുടെ മുഖമോര്‍ത്തെടുക്കാന്‍ ശ്രമിച്ചു, സ്ഥിരം ആളുതന്നെയല്ലേ?പേരോര്‍മ്മയില്ല. മൊബൈല്‍വൈബ്രേഷനില്‍ അച്ഛന്റെ മുഖം തെളിഞ്ഞു. സാധാരണ യാത്രകളില്‍ ഇടയ്ക്കിടെയുള്ള അച്ഛന്റെ ഫോണ്‍കോളുകള്‍ എടുക്കാറില്ല. വീട്ടിലേയ്ക്കു തന്നെയല്ലെ പോകുന്നത്! പക്ഷേ ഇന്നെന്തോ.. "ഹലോ, അച്ഛനുറങ്ങിയില്ലേ, ഞാന്‍ ഒരുമണിക്കൂറിനുള്ളിലെത്താം.. വില്‍ റീച്ച് ഇന്‍ വണ്‍അവര്‍". ഡ്രൈവര്‍ കേള്‍ക്കാന്‍ വേണ്ടിയാണ് ഇംഗ്ളീഷില്‍ കൂട്ടിച്ചേര്‍ത്തത്. അയാള്‍ കണ്ണാടിയിലൂടെ ദുര്‍ഗ്ഗയെയൊന്നു നോക്കി. കാമ്പസ് സെലക്ഷനിലൂടെ പഠനം തീര്‍ന്നതും വന്‍കിട കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍ സന്തോഷമായിരുന്നു. സ്വപ്രയത്നം കൊണ്ടു കിട്ടിയ ജോലി. അമേരിക്കന്‍ ക്ളയന്റ്സിന്റെ സൗകര്യാര്‍ത്ഥമാണ് ജോലിസമയം ക്രമീകരിച്ചിരിയ്ക്കുന്നത്. മിക്കവാറും സായാഹ്നത്തോടെ തുടങ്ങി പാതിരയ്ക്കവസാനിയ്ക്കുകയാണ് പതിവ്. ഓഫീസ് വാഹനം വീട്ടില്‍ വന്നെടുത്ത് തിരിച്ചു കൊണ്ടുവന്നുവിടും. സമാന തൊഴില്‍സ്ഥാപനങ്ങളിലെ പോലെ വെല്ലുവിളിയുണര്‍ത്തുന്ന ഉത്തരവാദിത്തങ്ങളുണ്ടെങ്കിലും ദുര്‍ഗ്ഗ അതെല്ലാം ഇഷ്ടപ്പെട്ടിരുന്നു. ഉയര്‍ന്ന ശമ്പളവും പ്രമോഷന്‍ സാദ്ധ്യതകളും മുന്നിലുണ്ട്. വാഹനം മെല്ലെയാണോ ഓടുന്നത്? ദുര്‍ഗ്ഗ പുറത്തെ ഇരുട്ടിലേയ്ക്കു നോക്കിയിരുന്നു. പെട്ടെന്നാണ് ചീറിപ്പാഞ്ഞുവന്ന രണ്ടു മോട്ടോര്‍ബൈക്കുകള്‍ തൊട്ടുതൊട്ടില്ലയെന്നവണ്ണം ഇരമ്പിക്കൊണ്ടു കടന്നുപോയത്. അല്പദൂരംപോയി അതേവേഗത്തില്‍ തിരിച്ചുവന്ന് അവ വട്ടംചുറ്റിയോടിക്കൊണ്ടിരുന്നു. ദുര്‍ഗ്ഗ നടുങ്ങിത്തരിച്ചിരുന്നു. ഡ്രൈവര്‍ പതുക്കെ വണ്ടി മുന്നോട്ടെടുക്കുന്നുണ്ട്. അവര്‍ വിന്‍ഡോഗ്ളാസില്‍ ഇടിയ്ക്കുന്നുണ്ട്... ഭയ്യാ, ഡോര്‍ മത് ഖോലോ.. അവളുറക്കെ പറഞ്ഞു. പുറത്തു നിന്നുള്ള ആക്രോശങ്ങള്‍ കൂടുകയാണ്. പെട്ടെന്ന് എന്തോ പിറുപിറുത്തുകൊണ്ട് ഡ്രൈവര്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി, അല്പം ദൂരെ മാറി അവരുമായി കലഹിയ്ക്കുന്നപോലെ ആംഗ്യംകാണിയ്ക്കുന്നുണ്ട്. കാറിലേയ്ക്കു ചൂണ്ടിയെന്തോ പറയുന്നുമുണ്ട്. പുറത്തിറങ്ങിയോടാനാണ് ദുര്‍ഗ്ഗയ്ക്ക് തോന്നിയത്. ഇരുട്ടില്‍ വിജനമായ റോഡിലൂടെ എങ്ങോട്ട്.. മൊബൈലില്‍ വീണ്ടും അച്ഛന്റെ മുഖം തെളിഞ്ഞു. അലറിവിളിച്ചു കരയാനാണവള്‍ക്കു തോന്നിയത്. പെട്ടെന്നാണ് അച്ഛന്‍ അയച്ചു തന്ന ഓഡിയോക്ളിപ് ഓര്‍മ്മവന്നത്. വിന്‍ഡോഗ്ളാസ് താഴ്ത്തി അവള്‍ ആ ക്ളിപ് പ്ളേ ചെയ്തു. പോലീസ് സൈറണ്‍ ഉറക്കെ മുഴങ്ങി. പൊടുന്നനെ ഡ്രൈവര്‍ ഓടിവന്ന് വാഹനം മുന്നോട്ടെടുത്തു. ബൈക്കുകള്‍ അതിവേഗം എതിര്‍ദിശയില്‍ മറഞ്ഞു. ഓാഡിയോക്ളിപ് നിര്‍ത്തി ദുര്‍ഗ്ഗ ഫോണില്‍ സംസാരിയ്ക്കുന്ന മട്ടില്‍ തുടര്‍ന്നു.. ഹലോ, അങ്കിള്‍.. യെസ്, ഐ ആം സേഫ്..ഡാഡ് ഗെവ് മി യുവര്‍ നമ്പര്‍.. ആര്‍ യു നൗ ഇന്‍ പോലീസ് സ്റ്റേഷന്‍? നത്തിംഗ് മച്ച്.. റീച്ചിംഗ് ഹോം.. എലോണ്‍ ഇന്‍ കാര്‍.. നോ സെക്യുരിറ്റി ഓഫീഷ്യല്‍ റ്റുഡേ.. നോ പ്രോബ്ലം.. ജസ്റ്റ് ഇന്‍ഫോമ്ഡ്.. ഓകെ..ബൈ അങ്കിള്‍.. ഫോണ്‍ കട്ടുചെയ്തതും ഡ്രൈവര്‍ കണ്ണാടിയിലൂടെ നോക്കി പറഞ്ഞു.. പതാ നഹി, മാഡം, വോ ലോഗ് കോന്‍ ഥേ.. അറിയില്ലത്രെ, വാതില്‍തുറന്നിറങ്ങുന്നതിനു മുമ്പോര്‍ത്തില്ലല്ലോ. ദുര്‍ഗ്ഗ പറഞ്ഞു..കോയി ബാത് നഹി, പര്‍ വോ സെക്യുരിറ്റിവാലാ ആജ് കിഥര്‍ ഹേ? അയാളൊന്നു പരുങ്ങി,.. ലഗ്താ ഹെ ആജ് ഛുട്ടി ലിയാ..മുച്ഛേ മാലും നഹി.. ദുര്‍ഗ്ഗ മനസ്സിലോര്‍ത്തു, ചിലപ്പോള്‍ ശരിയാവാം.. പക്ഷെ അല്ലെങ്കിലോ? അയാള്‍ ചോദിച്ചു,'ആപ്കി അങ്കിള്‍ പോലീസ് മേം ഹൈ? വോ മേരെ സൂപ്പര്‍വൈസര്‍ സെ കംപ്ളെയിന്റ് കിയാ തൊ, മേരെ ലിയെ മുശ്കില്‍ ഹോഗാ.. ദുര്‍ഗ്ഗയോര്‍ത്തു, അപ്പോള്‍ പേടിയുണ്ട്, അവള്‍ പറഞ്ഞു.. ആപ് ഏക് കാം കീജിയേ.. ആപ് ഖുദ് ഉന്‍സെ കഹ് ദീജിയേ.. യേ ഭീ കഹ്നാ കി ആജ് സെക്യുരിറ്റി നഹി ഥേ.. ഇനി അയാള്‍ക്കിത് റിപ്പോര്‍ട്ട് ചെയ്യാതെ പറ്റില്ലെന്നറിയാം.. വീടെത്തിയിറങ്ങുമ്പോള്‍ ദുര്‍ഗ്ഗ ചോദിച്ചു.. ഭയ്യാ, മേം ആപ്കാ നാം ഭൂല്‍ ഗയാ.. ക്യാ നാമ് ഹെ? വിറയാര്‍ന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു..ഈശ്വര്‍ദാസ്.. വാതില്‍തുറന്ന അച്ഛനെ കെട്ടിപ്പിടിച്ച് ദുര്‍ഗ്ഗ പറഞ്ഞു, 'അച്ഛാ,ഈശ്വരനാണെന്റെ ഡ്രൈവര്‍'. ഒന്നും മനസ്സിലാകാതെ മകളെ ചേര്‍ത്തു പിടിച്ചു അകത്തേയ്ക്കു നടക്കുമ്പോളയാള്‍ പറഞ്ഞു.. മോള്‍ക്ക് നല്ല ക്ഷീണമുണ്ട്, വേഗം ഡ്രസ് മാറി ഉറങ്ങിക്കോളൂ.. ദുര്‍ഗ്ഗ മുറിയിലെത്തി, കിടക്കയിലിരുന്നു. പാവം അച്ഛന്‍! തനിയെ രാത്രികാലങ്ങളിലുള്ള തന്റെ യാത്രകള്‍ അദ്ദേഹത്തിനെന്നും ഉത്കണ്ഠ നല്‍കുന്നുണ്ട്. സ്വരക്ഷയ്ക്കായി ചെയ്യേണ്ട കാര്യങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിയ്ക്കുന്നത് പലപ്പോഴും അലോസരപ്പെടുത്തിയിട്ടുണ്ട്. ബാഗില്‍ പെപ്പര്‍സ്പ്രെ കരുതണം, പോലീസ്, ആംബുലന്‍സ് നമ്പറുകള്‍, ഓഡിയോ ക്ളിപ്സ്, അങ്ങിനെ പലതന്ത്രങ്ങള്‍. ഒന്നിനും ചെവികൊടുത്തിരുന്നില്ലെങ്കിലും തന്റെ ഉപബോധമനസ്സില്‍ അച്ഛന്റെ ഉപദേശങ്ങള്‍ താനറിയാതെ പതിഞ്ഞിരുന്നോ! രാവിലെ തമാശമട്ടിലെങ്കിലും അച്ഛനോടെല്ലാം പറയണം. ഇനിയുമൊരുപാടു രാത്രിയാത്രകളെ നേരിടാനുറച്ച് ദുര്‍ഗ്ഗ ഉറങ്ങാനൊരുങ്ങി. കുറിപ്പ്: പഠനസംബന്ധമായും തൊഴിലുമായി ബന്ധപ്പെട്ടും അസമയങ്ങളില്‍ യാത്രിചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ധൈര്യം പകര്‍ന്ന് പിന്തുണ പ്രഖ്യാപിയ്ക്കുന്നു. രാധാസുകുമാരന്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot