Slider

രാവിനു നീളമേറെ....(കഥ)

0
രാവിനു നീളമേറെ....(കഥ)
****************************
ഈ രാവ് പുലരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു ഞാൻ... ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങൾ എന്നിലൂടെ മിന്നിമായുന്നു... ഒരു രാവ് കൊണ്ട് തീരാനുള്ളതായിരുന്നോ ഒരു ജന്മം മുഴുവൻ കാത്തിരുന്നത്..? കുട്ടിക്കാലം മുതൽക്കേ നീ എനിക്കെന്നും ഞാൻ നിനക്കെന്നും പറഞ്ഞത് എവിടെ വെച്ചാണ് നീ മറന്നു തുടങ്ങിയത്...? എല്ലാം ഉള്ളിലൊതുക്കി എന്തിനാണ് എന്നെ വീണ്ടും വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചതും ജീവിത സഖിയാക്കി കൂടെ കൂട്ടിയതും...??
നാളെ നമ്മുടെ ആദ്യ വിവാഹ വാർഷികത്തിന് നീ എനിക്കു നൽകിയ സമ്മാനമാണോ ഈ ഒറ്റപ്പെടുത്തൽ...?
ജീവിതാവസാനം വരെ നമ്മുടെ ഈ സ്നേഹം നിലനിൽക്കണം എന്ന് നൂറാവർത്തി പറഞ്ഞതു നീയല്ലേ...??
എന്നിട്ടിപ്പോൾ ഇന്നലെ വന്ന ഒരു പെണ്ണിനു വേണ്ടി ഞാൻ നിനക്ക് അന്യമായല്ലേ..? ദെെവമേ എന്തിനാണിങ്ങനൊരു പരീക്ഷണം..!!
ഈ മുറിയിൽ തനിച്ച് കിടക്കുമ്പോൾ കാരാഗ്രഹത്തിൽ കിടക്കുന്നതു പോലെയാണ് എനിക്കു അനുഭവപ്പെടുന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നാലും ചങ്കിലൊരു കത്തികൊണ്ട് കുത്തുന്ന വേദനയനുഭവപ്പെടുന്നു... എവിടെയാണ് എന്റെ ഉണ്ണ്യേട്ടന് തെറ്റു പറ്റിയത്..?
കുട്ടിക്കാലം മുതൽക്കേ ഒരുമിച്ച് കളിച്ചും പഠിച്ചും വളർന്നതല്ലേ നമ്മൾ.. ഒടുവിൽ എല്ലാവരുടേയും അറിവോടെയല്ലേ നമ്മൾ പ്രണയിച്ചതും.. ഓർമ്മവെച്ച നാളുമുതൽക്കെ ഒരു ദിവസം പോലും ഞങ്ങൾ കാണാതിരുന്നിട്ടില്ല... അതിർ വരമ്പുകളില്ലാതെയാണ് ഞങ്ങളുടെ കുട്ടിക്കാലവും കൗമാരവും കടന്നു പോയിരുന്നത്.. എന്റെ മുറച്ചെറുക്കനാണ് ഉണ്ണ്യേട്ടൻ... ലച്ചു ഉണ്ണിക്കുള്ളതാണെന്നും ഉണ്ണി ലച്ചൂനുള്ളതാണെന്നും കുട്ടിക്കാലം മുതൽക്കേ കേട്ടു വളർന്നതാണ് ഞങ്ങൾ....
ഒടുവിൽ കല്യാണ പ്രായമായപ്പോൾ ഉണ്ണിക്കൊരു ജോലി കിട്ടീട്ട് മതി കല്യാണം എന്ന് വീട്ടുകാരു പറഞ്ഞത് വകവെക്കാതെ വാശിപിടിച്ച് പെട്ടെന്നു തന്നെ കല്യാണം നടത്തിയതും ഉണ്ണ്യേട്ടന്റെ ഇഷ്ടത്തിന് തന്നെയായിരുന്നു. പിന്നീട് വീട്ടുകാരിൽ നിന്നുള്ള പ്രഷർ സഹിക്കവെയ്യാതെ എന്നേയും കൂട്ടി ബാംഗ്ലൂരിലേക്ക് ജോലി അന്വേഷിച്ചു വന്നതാണ്.. അന്ന് വീട്ടുകാര് പറഞ്ഞതാണ് ജോലി ശരിയായിട്ട് കൊണ്ടുപോയാൽ പേരെ ലച്ചൂനെ എന്ന്... എന്റെ ലച്ചു ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല പിന്നെയല്ലെ ദിവസങ്ങളോളം എന്ന് അവരോട് മറുപടി പറഞ്ഞത് മറന്നു പോയതാണോ എന്റെ ഉണ്ണ്യേട്ടൻ...
കല്യാണം കഴിഞ്ഞ് രണ്ടുമാസംവരെ ഞങ്ങൾ നാട്ടിൽ നിന്നിട്ടുള്ളു.. പിന്നെ ബാംഗ്ലൂരിൽ വന്ന് ഒരു കൂട്ടുകാരൻ വഴി നല്ലൊരു ജോലിയും ശരിയായി.. ഒരു കൊച്ചു വീടും വാടകക്കെടുത്തു താമസവും തുടങ്ങി. ഇവിടെ വന്നിട്ടിപ്പോൾ പത്ത് മാസമായി.
നാളെ ഞങ്ങളുടെ ആദ്യ വിവാഹവാർഷികമാണ്. ഈ ഒരു വർഷത്തിനിടക്ക് എപ്പോഴാണ് ഉണ്ണ്‌യേട്ടന് മാറ്റം സംഭവിച്ചത്...? രണ്ടു മാസം മുമ്പു വരെ സ്വർഗ്ഗ തുല്യമായിരുന്നു ഞങ്ങളുടെ ജീവിതം.. കുട്ടിക്കാലം മുതൽക്കേ കണ്ടും അറിഞ്ഞും പ്രണയിച്ചും ജീവിച്ചതു കൊണ്ടാവാം വിവാഹജീവിതത്തിലേക്ക് കടന്നപ്പോഴും സന്തോഷവും സ്നേഹവും ഇരട്ടിയായതും...
രണ്ടു മാസത്തോളമായി ഉണ്ണ്യേട്ടനിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ട്... രാത്രി
ഒരുപാടു വെെകി വീട്ടിലേക്കു വരുന്നു.. ചിലദിവങ്ങളിൽ മദ്യപിച്ചു വരുന്നു.. ചില രാത്രികളിൽ വീട്ടിലേക്ക് വരാറേ ഇല്ല..
വന്നാൽ തന്നെ അധികം മിണ്ടാറില്ല...
എന്താണെന്ന് ചോദിച്ചാൽ ഒന്നൂല്ല ലച്ചൂ...
ജോലിയുടെ പ്രഷറാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറും... സാധാരണ വീട്ടിൽ വരുന്ന സമയത്തും കാണാതായാൽ ഫോണിൽ വിളിച്ചു നോക്കും.. ഒന്നുകിൽ ബിസി ആയിരിക്കും ഇല്ലെങ്കിൽ സ്വിച്ച് ഓഫും... മനസ്സിൽ ഓരോരോ ആധികൾ കയറിത്തുടങ്ങിയിട്ട് നാളുകൾ കുറേ ആയി.. എന്റെ ഉണ്ണ്യേട്ടന്റെ പ്രശ്നങ്ങളൊക്കെ പെട്ടെന്നു തീർത്തു കൊടുക്കണേ എന്ന് ദെെവത്തിനോട് ഉള്ളുരുകി പ്രാർത്ഥിക്കാത്ത നേരമില്ല.
എന്റെ പ്രാർത്ഥന ദെെവം കേൾക്കുന്നില്ലെന്നാണ് തോന്നുന്നത്... ഒരു ദിവസം രാത്രി ഉണ്ണ്യേട്ടൻ ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നതു കേട്ടാണ് ഞാൻ ഉണർന്നത്..
ഐ ലൗ യൂ റിയാ... ഐ ലൗ യൂ സോമച്ച്... ഇതായിരുന്നു ഉണ്ണ്യേട്ടൻ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിരുന്നത്... ലെെറ്റിട്ട് ഉണ്ണ്യേട്ടനെ തട്ടി വിളിച്ചുണർത്തി ആരാണ് റിയ എന്നു ചോദിച്ചപ്പോൾ ഏത് റിയ...നിനക്കു തോന്നിയതാവും ലച്ചൂ... ലെെറ്റ്,ഓഫ് ചെയ്ത് കിടന്നേ പെണ്ണേ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി... ആ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്കുറങ്ങാൻ പറ്റിയില്ല.. ഉണ്ണ്യേട്ടന് എന്നോടുള്ള അകൽച്ചകൾക്കുള്ള കാരണം എന്തായിരിക്കും എന്നായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ എന്നെ വല്ലാതെ അലട്ടിയിരുന്നത്...
ദിവസം കൂടുന്നിടത്തോളം ഞങ്ങൾക്കിടയിലുള്ള അകൽച്ചയും കൂടിക്കൂടി വന്നു... അകൽച്ചക്കുള്ള കാരണങ്ങൾ ചോദിച്ചപ്പോഴൊക്കെ ഒാഫീസിലെ തിരക്ക് പറഞ്ഞ് എന്നെ മാറ്റി നിറുത്തി.... രണ്ടു ദിവസം മുമ്പാണ് രാവിലെ ഉണ്ണ്യേട്ടൻ ഓഫീസിലേക്ക് പോവാനിറങ്ങിയപ്പോൾ എന്നോട് പറഞ്ഞത് ''ലച്ചൂ.. നിനക്ക് നാട്ടിലേക്ക് പോവണേൽ ഞാൻ ബസ്സ് കയറ്റിത്തരാം.. ഞാൻ രണ്ടുദിവസം കഴിഞ്ഞേ വരൂ'' എന്ന് പറഞ്ഞത്...
വേണ്ടെന്ന് ഞാൻ പറയുമ്പോഴും എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു എന്റെ ഉണ്ണ്യേട്ടനെ പഴയതു പോലെ എനിക്ക് തിരിച്ചു കിട്ടുമെന്ന്... ആരണ്ടു ദിവസവും ഉണ്ണ്യേട്ടനില്ലാതെ ഒറ്റക്ക് കഴിഞ്ഞപ്പോഴും ഇല്ലാത്ത ഒറ്റപ്പെടലാണ് ഉണ്ണ്യേട്ടൻ തിരിച്ചു വന്നപ്പോൾ എനിക്ക് സമ്മാനിച്ചത്... തിരിച്ചു വന്നത് ഒരു പെണ്ണിനേയും കൊണ്ടായിരുന്നു.. പേര് റിയ, കൂടെ വർക്ക് ചെയ്യുന്നതാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി.... എന്റെ കൺ മുന്നിൽ വെച്ചു അവരുടെ പെരുമാറ്റം ഒരു സാധാരണ നാട്ടും പുറത്തുകാരി പെണ്ണെന്ന നിലക്ക് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല... കുറേ ക്ഷമയോടെ നിന്നെങ്കിലും അവരുടെ തൊട്ടുരുമ്മിയുള്ള ഇരുത്തവും സംസാരവും ഒക്കെ കണ്ടപ്പോൾ എന്റെ സകല നിയന്ത്രണവും പോയി.. ഒരു നിമിഷത്തേക്ക് എന്നെത്തന്നെ മറന്നു ഞാൻ പ്രതികരിച്ചു... അന്നുറക്കത്തിൽ നിങ്ങൾ പറഞ്ഞ റിയ ഇതല്ലേ എന്നും ഇവൾക്കു വേണ്ടിയല്ലേ എന്നെ നിങ്ങൾ ഒഴിവാക്കുന്നേ എന്നും മുഖത്തടിച്ചപോലെ എനിക്കു ചോദിക്കേണ്ടി വന്നു.... അവളുടെ മുന്നിൽ വെച്ച് അങ്ങനെ ചോദിച്ചതു കൊണ്ടാവും എന്റെ മുഖത്തേക്ക് ഉണ്ണ്യേട്ടൻ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞത്... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നും ഞങ്ങൾക്കിടയിലെ തടസ്സം നീയാണെന്നും നിന്നെ ഒഴിവാക്കാൻ വേണ്ടിയാണ് നിന്നോട് നാട്ടിലേക്കു പോവാൻ ഞാൻ പറഞ്ഞത് എന്നും ഒരു കൂസലും ഇല്ലാതെ ഉണ്ണ്യേട്ടൻ പറഞ്ഞത്..
ആ ഒരു നിമിഷം ലോകം അവസാനിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു... ദെെവമേ അവർക്കിടയിലെ തടസ്സം ഞാനാണെന്നറിഞ്ഞിരുന്നില്ലല്ലോ... ഒരിക്കൽ പോലും ജീവന്റെ പാതിയായ ഉണ്ണ്യേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ...
ഒന്നു പൊട്ടിക്കരയാൻ പോലും കഴിയാതെ ആകെ ഒരു മരവിപ്പായിരുന്നു.... ഈ രാത്രി ഉണ്ണ്യേട്ടൻ അവളുടെ കെെപിടിച്ചിറങ്ങിപോയപ്പോൾ അറിഞ്ഞില്ലായിരുന്നു ഇത്രയും കാലം സ്നേഹിച്ചതും കൊണ്ടു നടന്നതും വെറും ഒരു ചതി മാത്രമായിരുന്നെന്ന്...
നാളത്തെ വിവാഹ വാർഷികത്തിന്എനിക്ക് ഉണ്ണ്യേട്ടൻ നൽകിയ സമ്മാനമാണ് ശൂന്യത നിറഞ്ഞ ഈ ഒറ്റപ്പെടുത്തൽ...!!
ഈ രാവിനു നീളമേറെ....
അവസാനത്തെ തുള്ളി എണ്ണയും കത്തി തീർന്നിരിക്കുന്നു...!!
ജാസ്മിൻ സജീർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo