Slider

ചേച്ചിയമ്മ

0

ചേച്ചിയമ്മ
പതിവില്ലാതെ തന്‍റെ മേശപ്പുറത്ത് ഒരു എഴുത്ത് കണ്ടപ്പോള്‍ മനോജ്‌ അത്ഭുതപ്പെട്ടു പോയി. വളരെക്കാലമായി ആരും കത്തയക്കാറില്ലല്ലോ. വീട്ടിലാര്‍ക്കും തന്നെ ഫോണ്‍ വന്നതില്‍പ്പിന്നെ കത്തയുക്കുന്ന സ്വഭാവം ഇല്ലല്ലോ.?
വീട്ടില്‍ നിന്നും ഉള്ള എഴുത്തല്ല, മനോജിനു മനസ്സിലായി. മാധവന്‍ എന്നാണ് അയച്ച ആളുടെ പേരെഴുതിയിരിക്കുന്നത്. അങ്ങിനെ ഒരാള്‍ ഉള്ളത് അച്ഛന്റെ അനുജനാണ്. .“ഇങ്ങിനെ ഒരു എഴുത്ത് നീ പ്രതീക്ഷിച്ചിരിക്കുകയില്ല എന്നറിയാം. മാത്രമല്ല ഫോണ്‍ വന്നതിനു ശേഷം ഈ രീതി തീരെ ഇല്ലല്ലോ. ഞാനും ഫോണ്‍ ചെയ്യാം എന്നാണ് ആദ്യം നിരീച്ചത്. പക്ഷെ ഇങ്ങിനെ ചെയ്യുന്നതാണ് കൂടുതല്‍ ഉചിതം എന്ന് തോന്നി”
"നീ ഇതിനകം വിവരം അറിഞ്ഞിട്ടുണ്ടാകുമോ എന്നറിയില്ല. നിന്റെ ചേച്ചിയമ്മ – ഗോവിന്ദേട്ടന്റെ ഭാര്യ – കഴിഞ്ഞ ബുധനാഴ്ച അന്തരിച്ചു. കഴിഞ്ഞ പ്രാവശ്യം നീ വന്നപ്പോള്‍ ചെറുതായി ചുമയും ശ്വാസംമുട്ടലും ഉണ്ടായിരുന്നല്ലോ, അത് ദിനം പ്രതി വര്ദ്ധിച്ചുവന്നു. അത് കാര്യമാക്കാതെ അവര്‍ ദിനചര്യകളൊക്കെ നടത്തിവന്നു. മരിക്കുന്നതിന്റെ തലേന്ന് കൂടി കുളിയും പ്രാര്ത്ഥനയും ചെയ്തിരുന്നു. ബുധനാഴ്ച വെളുപ്പിന് ഉറക്കത്തിലാണ് മരണമുണ്ടായത്. ഭാഗ്യത്തിന് മക്കളെല്ലാവരും അടുത്തുണ്ടായിരുന്നു. അന്ത്യകര്‍മങ്ങളെല്ലാം ഭംഗിയായി നടന്നു. ഈ ഞായറാഴ്ചയാണ് പുലവീടല്‍. എങ്ങിനെയെങ്കിലും വരാന്‍ ശ്രമിക്കണം. നിറുത്തുന്നു.” (ഈ കാര്യം മനോജിനോട് ഭാര്യ ഉഷ വിളിച്ചു പറഞ്ഞിരുന്നു. പക്ഷെ സമയക്കുറവുകാരണം വിശദമായി അറിയാന്‍ പറ്റിയിരുന്നില്ല)
ചേച്ചിയമ്മയെ മനോജ്‌ അഞ്ചു വയസ്സുള്ളപ്പോഴാണ് കാണുന്നത്. അച്ഛന്റെയും അമ്മയുടെയും കൂടെ ഒരു വിവാഹത്തിന് പോയപ്പോഴായിരുന്നു. അന്ന് തന്നെ അവര്ക്ക് ഒരന്‍പത് വയസ്സ് കാണും. അന്ന് തന്നെ രണ്ടാള്‍ക്കും ഒരടുപ്പം തോന്നിയിരുന്നു. സ്വന്തം മക്കള്ലോട് പോലും കാട്ടാത്ത വാത്സല്യം മനോജിനു കിട്ടിയിരുന്നു എന്ന്‍ അവരുടെ മക്കള്‍ അവനോട പറഞ്ഞിട്ടുണ്ട്.
ആ കാലത്തൊക്കെ അച്ഛന്റെ തറവാട്ടിലേക്കുള്ള യാത്ര വളരെ ദുര്ഘ്ടം പിടിച്ചതായിരുന്നു, മനോജ്‌ ഓര്‍ത്തു. ഒരു കരിവണ്ടിയെ ഉള്ളൂ. പക്ഷെ അത് കിട്ടണമെങ്കില്‍ . അതിരാവിലെ തന്നെ പുറപ്പെടണം പക്ഷെ തറവാട്ടില്‍ എത്തുന്നതോ സന്ധ്യക്കും. അതിനിടയില്‍ ഷോര്ണൂരിലുള്ള ഒരു പതിവുകാരന്റെ ഹോട്ടലില്നിന്നും ഊണ് കഴിക്കാന്‍ മാത്രമേ അച്ഛന്‍ സമ്മതിച്ചിരുന്നുള്ളൂ. ഒരു കാപ്പി പോലുമില്ല. തറവാട്ടിലെത്തുമ്പോഴേക്കും ആകെ അവശനായി തീര്‍ന്നിരിക്കും.
മനോജ്‌ വരുന്ന ദിവസം നേരത്തേതന്നെ അച്ഛന്‍ അറിയിച്ചിട്ടുണ്ടാകും. അവര്‍ അവിടെ എത്തുന്നതും നോക്കി ചേച്ചിയമ്മ പൂമുഖത്തുതന്നെ നില്പുണ്ടാകും. എത്തിക്കഴിഞ്ഞാല്‍ അവനെ പിടിച്ചുകൊണ്ടുപോയി വയര്‍ നിറയെ ഭക്ഷണം കഴിപ്പിച്ചിട്ടേ എങ്ങോട്ടെങ്കിലും പോകാന്‍ അനുവദിക്കാറുള്ളൂ.
എന്നാല്‍ ഒരു പട്ടണത്തില്‍ ജീവിച്ചുവന്ന മനോജിനു ഗ്രാമപ്രദേശത്തുള്ള തറവാട്ടിലേക്ക് പോകാന്‍ മടിയായിരുന്നു. പകല്‍വെളിച്ചം പോലും മടിച്ചു മടിച്ചുവരുന്ന കെട്ടിടം ഒരു വീര്‍പ്പു മുട്ടലുണ്ടാക്കി അവന്റെ മനസ്സില്‍. മുറികള്‍ക്കകത്തു വവ്വാലുകളുടെ ബഹളം, അവയുടെ പറക്കലും ഒച്ചയും. ആളുകളെ കാണുന്നതു തന്നെ അപൂര്‍വ്വം.. കാണുന്നവരാകട്ടെ എല്ലാവരോടും – കുട്ടികളാണെങ്കില്‍ പോലും – വളരെ ബഹുമാനത്തോടെയെ പെരുമാറുകയുള്ളൂ.
നട്ടുച്ചയ്ക്ക് പോലും വെളിച്ചം കയറാത്ത തറവാട്ടില്‍ ഇരുട്ടിയാലുള്ള കാര്യം പറയേണ്ടതില്ലലോ? ആദ്യം പോയ സമയത്ത് കറന്റ് വന്നിട്ടുമുണ്ടായിരുന്നില്ല. കംമ്പിവിളക്ക് മാത്രമേയുള്ളൂ. അതിന്‍റെ മുന്പിലിരുന്നാണ് ഭക്ഷണവും മറ്റും. എന്തെങ്കിലും ഒരൊച്ച കേട്ടാല്‍ പോലും പേടിയാകും. അച്ഛനും മറ്റുള്ളവരും ഒരു കൂസലുമില്ലാതെ പെരുമാറുന്നത് കാണുമ്പോള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
ചേച്ചിയമ്മ ഇടയ്ക്കു പറയും “എത്ര ആളുകള്‍ പെരുമാറിയിരുന്ന സ്ഥലമായിരുന്നു ഇവിടെ. അദ്ദേഹത്തെ (വലിയച്ഛന്‍) കൂടാതെ അച്ഛനമ്മമാര്‍, അനുജന്മാര്‍. കൂട്ടുകാര്‍ അങ്ങിനെ എത്ര എത്ര പേര്‍! ഒരന്‍പതു പേരെങ്കിലും ദിവസവും ഉണ്ടാകും. ചില ദിവസങ്ങളില്‍ നൂറിലേറെ പേരെ സത്കരിചിട്ടുണ്ട് ഞാന്‍.”
"നിനക്ക് അതൊന്നും ഓര്‍മ ഉണ്ടാകില്ല. പക്ഷെ ന്‍റെചേട്ടന്‍ വിജയനോട് ചോദിച്ചു നോക്കൂ. അവന്‍റെ ഒഴിവുകാലം മുഴുവന്‍ ഇവിടെ ആയിരുന്നല്ലോ? രാവിലെ പ്രാതല്‍ കഴിച്ചുപോയാല്‍ പിന്നീട് വൈകീട്ടേ കാണുകയുള്ളൂ. ആ, അതെല്ലാം ഒരു കാലം”
മനോജ്‌ വലുതായപ്പോള്‍ ഏതെങ്കിലും ചടങ്ങിനുമാത്രം തറവാട്ടില്‍ പോകുക എന്നായി. പോയാല്‍തന്നെ രണ്ടുദിവസത്തില്‍ കൂടുതല്‍ നില്ക്കാ റില്ല. ചേച്ചിയമ്മയെ ഒന്ന് കണ്ടു എന്ന് വരുത്തും. അച്ഛന്‍ അവിടെ പോയി വരുമ്പോഴെല്ലാം അവരുടെ കാര്യം പറയും. ഇടയ്ക്കു ശാസിക്കുകയും ചെയ്യും “നിനക്കവിടെ വരെ ഒന്ന് പോയാല്‍ എന്താ? ഏടത്തി നിന്നെ കാണാതെ വിഷമിച്ചിരിക്കുകയാണ്”
അങ്ങിനെയിരിക്കെ പെട്ടെന്നൊരു ദിവസം തറവാട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ചേച്ചിയമ്മയുടെ മകന്‍ അപ്പുവേട്ടന്‍ ഉടന്‍ തന്നെ അവരുടെ മുന്‍പില്‍ കൊണ്ടുപോയി നിരുതിയിട്ടുചോടിച്ചു: “അമ്മക്ക് ഇതാരാണെന്ന് മനസ്സിലായോ?” ഒറ്റ നോട്ടത്തില്‍ത്തന്നെ അവര്‍ തിരിച്ചരിഞ്ഞു “ഇത് മനോജല്ലേ”? ഇത്ര വര്‍ഷം കഴിഞ്ഞതോന്നും അവര്ക്ക് പ്രശ്നമായിരുന്നില്ല. അവരുടെ സന്തോഷം കണ്ടപ്പോള്‍ മനോജിനു തോന്നി – വര്‍ഷ.ത്തില്‍ ഒരിക്കലെങ്കിലും അവിടെ ചെന്നു നില്‍ക്കേ ണ്ടതായിരുന്നു എന്ന്‍.
ചേച്ചിയമ്മ തറവാട്ടില്‍ വിവാഹിതയായി എത്തുമ്പോള്‍ മനോജിന്റെ അച്ഛനോഴികെ എല്ലാവരും ചെറിയ കുട്ടികളായിരുന്നു. വലിയച്ഛനും അച്ഛനും തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരുടെയും കാര്യം ചേച്ചിയമ്മ നല്ല പോലെ നോക്കി. സ്വന്തം മക്കളുണ്ടായിട്ടും അതിനൊരു കുറവുമുണ്ടായില്ല. വലുതായപ്പോള്‍ എല്ലാവരും അടുത്തടുത്ത് വീടുകള്‍ വച്ച് കുടുംബമായി താമസിച്ചു തുടങ്ങി.
വലിയച്ഛനും മനോജിന്റെു അച്ഛനും തമ്മില്‍ വളരെ അടുപ്പമായിരുന്നു. തറവാടീലെ കാര്യങ്ങളെല്ലാം അച്ഛനാണ് നടത്തിയിരുന്നത്. ഒരു മാസത്തില്‍ പത്തു ദിവസം മാത്രമാണ് അച്ഛന്‍ സ്വന്തം മക്കളുടെയും ഭാര്യയുടെയം കൂടെ ചിലവഴിച്ചിരുന്ന്നത്. എന്നാല്‍ വലിയച്ഛന്‍ തറവാട്ടിന് പുറത്തേക്കു പുറത്തേക്കു പോയിട്ടുണ്ടോ എന്ന് സംശയമാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അദ്ദേഹം പറയുമായിരുന്നു: “അതെല്ലാം അനിയനോട് പറഞ്ഞാല്‍ മതി അയാള്‍ ശരിയാക്കിക്കൊള്ളും
ചേട്ടന്‍ മരിച്ചതറിഞ്ഞു തറവാട്ടില്ലെത്തിയ മനോജിന്‍റെ അച്ഛന്‍ ചേച്ചിയമയോദ് ചോദിച്ചുവത്രേ – “ എല്ലാ കാര്യത്തിനും എന്റെ സഹായം ആവശ്യമായിരുന്നല്ലോ. എന്താ ഇത് മാത്രം ഒറ്റക്കായത്? ഏട്ടന്‍ മരിക്കാന്‍ വല്ല സൂത്രവും കരുതിവച്ചിരുന്നോ?
പണ്ടത്തെ സ്ത്രീകളില്‍ നിന്ന് വ്യതസ്തമായി ആഭരണങ്ങള്‍ ധരിക്കുന്നതില്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല അവര്‍ക്ക്, മനോജ്‌ ഓര്‍ത്തു. വേണ്ടുവോളം കയ്യില്‍ ഉണ്ടായിരുന്നിട്ടും ഒരു താലിച്ചരട് മാത്രമേ കഴുത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഓരോ കയ്യിലും ഓരോ വളകളും.
കയ്യില്‍ ഒന്നില്‍ കൂടുതല്‍ വളകള്‍ ധരിക്കാതിരുന്നതിനു വേറെ കാരണം കൂടി ഉണ്ടായിരുന്നുവെന്നു മനോജ്‌ പിന്നീടാണ് മനസ്സിലാക്കിയത്. പണ്ട് തറവാട് നിന്ന സ്ഥലം ബകന്‍ എന്ന രാക്ഷസന്‍റെ ആവാസകേന്ദ്രമായിരുന്നത്രേ. സ്ത്രീകളുടെ കയ്യിലെ വളകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടാല്‍ അവിടെ മനുഷ്യരുണ്ടെന്ന് അവനു മനസ്സിലാകും. ഇതോഴിവാക്കനാനത്രേ ഒരു വള മാത്രം സ്ത്രീകള്‍ ധരിച്ചിരുന്നത്.
മനോജിന്റെ അച്ഛനും അമ്മയും കൂടി ഒരിക്കല്‍ തറവാട്ടിനടുത്തുതന്നെ താമസിക്കുന്ന ചെറിയമ്മയെ കാണാന്‍ പോയി. അമ്മക്കും അധികം ആഭരണങ്ങള്‍ ധരിക്കുന്നത് ഇഷ്ടമായിരുന്നില്ല., ചെറിയമ്മക്കാണെങ്കില്‍ മറിച്ചും, ഒടുവില്‍ ചേച്ചിയമ്മയുടെ കയ്യില്‍ നിന്നും കുറച്ചു വാങ്ങിയാണത്രേ അവിടെ പോയത്.
മനോജിന്റെന വിവാഹത്തിന് ചേച്ചിയമ്മ വന്നില്ല. അവര്‍ പറഞ്ഞു “വരണമെന്ന് നല്ല മോഹമുണ്ട്. പക്ഷെ ഇത്രയും ദൂരം വന്ന് കിടപ്പിലായാല്‍ എല്ലാവര്ക്കും ബുദ്ധിമുട്ടുണ്ടാകും. പക്ഷെ മനസ്സു കൊണ്ട് ഞാന്‍ അവിടെ ഉണ്ടാകും, തീര്ച്ചം”
വിവാഹശേഷം ഉഷയെയും കൂട്ടി മനോജ്‌ ആദ്യം പോയത് ചേച്ചിയമ്മയെ കാണാനാണ്. അവര്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. കുറേനേരം ഉഷയെ അടുത്തുപിടിച്ചിരുത്തി കുശലങ്ങള്‍ ചോദിച്ചു. അവിടെനിന്നും വരുന്നവരെ അവര്‍ രണ്ടു പേരും ഒരുമിച്ചായിരുന്നു.
പിന്നെ ജോലിസ്ഥലത്ത്നിന്നും ലീവില്‍ വരുമ്പോഴെല്ലാം അവരെപോയി കാണുക പതിവാക്കി. ഓരോ തവണ കാണുമ്പോഴും പ്രായമേറി വരുന്നത് പ്രകടമായിരുന്നെങ്കിലം ഉന്മേഷത്തിനു യാതൊരു കുറവും തോന്നിയില്ല.
എന്നാല്‍ കഴിഞ്ഞ വര്‍ഷം അവിടെപോയപ്പോള്‍ എന്തോ വലിയ വ്യത്യാസം തോന്നി. എന്തൊക്കെയോ പ്രശ്നങ്ങള്‍ അവരെ അല്ട്ടുന്നതുപോലെ. ഒന്നിനും ഒരു താല്പര്യമില്ലാത്തത് പോലെ. കുശലങ്ങള്‍ ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്.
മനോജിന്റെ അച്ഛന്‍ മരിച്ചശേഷം തറവാട്ടില്‍ പോയപ്പോള്‍ വളരെ വ്യസനത്തോടെ അവര്‍ പറഞ്ഞു:”താഴെയുള്ളവര്‍ ഓരോരുത്തരായി ഇങ്ങിനെ പോകുന്നു. ഇതെല്ലാം കാണാന്‍ ഞാന്‍ എന്തപരാധമാണോ ചെയ്തത്. വേറെ അനുജന്മാര്‍ ഇതിനുമുന്പ് മരിച്ചിരുന്നെങ്കിലും അച്ഛന്റെ വേര്‍പാട് വളരെ ദു:ഖിപ്പിച്ചിരുന്നു.
മനോജിന്റെ അച്ചന്‍റെ മരണശേഷം എന്തൊക്കെയോ ചില പ്രശ്നങ്ങള്‍ അവിടെ ഉണ്ടായിരുന്നത്രേ. ചേച്ചിയമ്മയുടെ മക്കളും മരുമക്കളും തമ്മില്‍ എന്തോ ഉരസല്‍. ഇതുവരെ ഇതൊന്നും കണ്ടുശീലിക്കാത്ത അവര്ക്ക് ഇതൊരു വലിയ ഞെട്ടല്‍ തന്നെ ആയിരുന്നു.
ഈ സംഭവങ്ങളെല്ലാം മനോജ് മനസ്സിലാക്കിയത്ചേട്ടനില്‍ നിന്നാണ് . ഒരു ദിവസം തറവാട്ടില്‍ പോയ ചേട്ടനോട് എല്ലാ വിഷമങ്ങളും പറഞ്ഞു കുറെ നേരം കരഞ്ഞുവത്രേ.
അവരുടെ ഈ ആധിയാണ് അന്ത്യത്തിനു വഴിയൊരുക്കിയതെന്നു മനോജിനു തോന്നി. സന്തോഷത്തോടെ ആയിരുന്നെങ്കില്‍ കുറച്ചുകാലം കൂടി ജീവിക്കുമായിരുന്നു, അതിനുള്ള ആരോഗ്യം അവര്ക്കു ണ്ടായിരുന്നു. ഏതായാലും അവരും യാത്രയായി. സുഖവും ദു:ഖവും ഒന്നുമില്ലാത്ത ഒരു ലോകത്തേക്ക്.

By
Sivadasan Thampuran

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo