Slider

ദുസ്വപ്നം

0
സ്ത്രീകൾക്കെതിരായുള്ള പുരുഷന്മാരുടെ കടന്നുകയറ്റം അസഹ്യമായപ്പോൾ ദൈവം പുരുഷന്മാരേക്കാൾ അധികാരവും ശക്തിയും കൊടുത്തു സ്ത്രീകളെ സഹായിച്ചു..
അതോടെ വീട്ടുജോലികളും കുട്ടികളെ നോക്കലും പച്ചക്കറി പലചരക്കു വാങ്ങിക്കാൻ പോവലുമൊക്കെ പുരുഷന്മാരുടെ തലയിലായി..
എനിക്കും കിട്ടി നല്ലമുട്ടൻ പണി.. കാലത്തെഴുന്നേറ്റു വീട്ടു ജോലികളൊക്കെ തീർത്ത് കെട്ട്യോൾക്കു ഓഫിസിലേക്കുള്ളതും കുട്യോൾക്ക്‌ സ്‌കൂളിലേക്കുള്ളതുമായ ഭക്ഷണം തയാറാക്കി നടുനിവർത്തുമ്പോഴേക്കും സമയം ഒമ്പതുമണി..
ഉച്ചക്കിന്നിനി ഒന്നുമുണ്ടാക്കാൻ വയ്യ..
ഉള്ളതോണ്ട് ഒപ്പിക്കാം..
വൈകുന്നേരം ചായക്കുള്ളത് ഉണ്ടാക്കിയാൽ മതിയല്ലോന്നുള്ള ആശ്വാസത്തോടെ സോഫയിലേക്കു ചാഞ്ഞു ടീവി ഓൺചെയ്തു..
പീഡന വാർത്ത തന്നെയാണു
ഇന്നത്തെയും വിഷയം..
കൈലിമുണ്ടുടുത്തു ഇടവഴിയിലൂടെ നടന്നു പോവുകയാരുന്ന മധ്യവയസ്കനെ രണ്ടു പ്ലസ്‌ടു വിദ്യാർത്ഥിനികൾ ചേർന്നു കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവത്രെ..
പേടിച്ചോടിയ പാവം തൊട്ടടുത്ത പറമ്പിലെ പൊട്ടക്കിണറ്റിൽ വീണു ഗുരുതരാവസ്ഥയിലാണ് പോലും..
ഇന്നലെ വർക്കപ്പണിക്ക് വന്ന രണ്ടു ബംഗാളികളെയും ആരൊക്കെയൊ ചേർന്നു പീഡിപ്പിക്കാൻ ശ്രമിച്ചുന്നു വാർത്തയുണ്ടാരുന്നു..
കാലം പോയൊരു പോക്കേ..
ഒരുകാലത്തു എന്തു സുഖമായിരുന്നു..
ഏതുപാതിരാത്രിക്കും ആരെയും പേടിക്കാതെ നടക്കാം..
വായിൽതോന്നിയതു വിളിച്ചു പറയാം..
വീട്ടിലാണെലും കെട്ട്യോളേം കുട്ട്യോളേം നിലക്ക് നിർത്തി ഭരിക്കാം..
ഹോ എല്ലാം പോയി..
വളർന്നു വരുന്നതും രണ്ടാൺകുട്ടികളാണ്..
ഓർക്കുന്തോറും മനസിൽ തീയാളുകയാ..
സ്വസ്ഥമായൊന്നു
ഉറങ്ങീട്ടു ദിവസങ്ങളായി..
പുറത്തോട്ടിറങ്ങി നടക്കാൻ വയ്യ..
ചില പെണ്ണുങ്ങളുടെ തുറിച്ചു നോട്ടവും അർഥം വെച്ചുള്ള സംസാരവും കാണുംപോ ചൂളിപ്പോവും..
അവളോടു പറയാമെന്നു വച്ചാൽ നിങ്ങളവരെ നോക്കാൻ പോയിട്ടല്ലെന്നാവും മറുപടി..
അതിനവളെ കുറ്റപ്പെടുത്തനൊക്കില്ല..
പണ്ടു ആരൊ അവളോടു അനാവശ്യമായി പെരുമാറിയെന്ന് എന്നോടു പറഞപ്പോ കുറച്ചൊക്കെ നീയും സൂക്ഷിക്കണമെന്നാരുന്നു എന്റെ പ്രതികരണം..
അതിനുള്ള ശിക്ഷയാണിത്..
ബസ്സിലെ തിക്കിലും തിരക്കിനുമിടയിലുള്ള തോണ്ടലും മുട്ടലും കൂടതെ കണ്ടക്ടറിയുടെ അർത്ഥം വച്ചുള്ള നോട്ടവും ചില്ലറ തരുമ്പോ അറിയാത്ത മട്ടിലുള്ള സ്പർശനവും സഹിക്കാൻ വയ്യാഞ്ഞാണ് ആട്ടോയിൽ പോകാമെന്നു വെച്ചതു..
ഒന്നും പറയേണ്ടല്ലോ...
പടപേടിച്ചു പന്തളത്തു ചെന്നപോലായി..
ഇന്നു കറിവെക്കാനൊന്നുമില്ലാത്തത്കൊണ്ട് എന്തെങ്കിലും വാങ്ങിക്കാൻ പുറത്തേക്കിറങ്ങാൻ നോക്കുംപ്പോഴാ മീൻ കാരിയുടെ വരവു..
വീട്ടിലാരുമില്ലെന്നു കണ്ടപ്പൊ അവളുടെ പെരുമാറ്റത്തിലും പന്തികേട്..
കാശുകൊടുക്കുമ്പോ കൈക്കു കേറികടന്നു പിടിച്ചു..
ഞാനുറക്കെ നിലവിളിച്ചു ..
പക്ഷേ ശബ്ദം പുറത്തേക്കു വരുന്നില്ല..
അവളെന്റെ വാപൊത്തിപ്പിടിച്ചതും മീനിന്റെ ദുർഗന്ധം സഹിക്കവയ്യാതെ എന്റെ ബോധം പോയി..
കണ്ണുതുറന്നു നോക്കുമ്പോൾ ഭാര്യയും മക്കളുമുണ്ട് ചുറ്റിനും..
ഇന്നലെയെന്തോ ദുസ്വപ്നം കണ്ടു ഭയന്നു ബോധം മറഞ്ഞപ്പോൾ ആശുപത്രിയെത്തിച്ചതാണ് പോലും..
അപ്പോൾ കണ്ടതൊക്കെ ഒരു സ്വപ്നമായിരുന്നോ..
ഹാവൂ ആശ്വാസമായി..
ഇനിയിവരെ സൂത്രത്തിൽ പറഞ്ഞയച്ചിട്ടു വേണം പുതിയ ക്ലിപ്പുകൾ വല്ലതുംഇറങ്ങിയിട്ടുണ്ടോന്നു നോക്കാൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo