ചോദിക്കാതെ പോയ ചില ചോദ്യങ്ങള്‍ (ചെറുകഥ)
************************
************************
തലശ്ശേരിയില്‍ നിന്നും കോഴിക്കോടേയ്ക്ക്, ദിവസവുമുള്ള ഈ യാത്ര, അതെന്റെ മനസ്സും ശരീരവും ഒരുപോലെ ക്ഷീണിപ്പിച്ചിരിക്കുന്നു.
റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു വിശ്രമത്തിന്റെ അനിവാര്യതയെകുറിച്ചാണ് ഞാന്‍ ചിന്തിച്ചത്.
റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു വിശ്രമത്തിന്റെ അനിവാര്യതയെകുറിച്ചാണ് ഞാന്‍ ചിന്തിച്ചത്.
ഉറക്കകുറവും, ക്ഷീണവും..... ജോലിയില്‍ പോലും വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല. തിരക്കുകാരണം ഇന്നും ഒാഫീസില്‍ നിന്ന് ഇറങ്ങാന്‍ വൈകി.
യാത്രയിലുടനീളം പ്രാര്‍ത്ഥനയായിരുന്നു. നേത്രാവതി അല്പം വൈകിഎത്തിയാമതിയായിരുന്നു. ഇടയ്ക്ക് കണ്ണ് വാച്ചിലേക്ക് പാളികൊണ്ടിരുന്നു.
അത് കിട്ടാതെ വന്നാല്‍ പിന്നീടുള്ളത് ഒമ്പത് മണിയുടെ എക്സിക്യൂട്ടീവാ, അത് നാട്ടിലെത്താന്‍ പതിനൊന്ന് മണി കഴിയും. രാത്രി പത്തിനുശേഷം നാട്ടിലേക്ക് ബസ്സും ഇല്ല. അങ്ങനെ വ്യാകുലതകളേറെയായിരുന്നു മനസ്സില്‍.
ബസ്സ് ഇറങ്ങിയതും ഒാടി... ആ ഒാട്ടം അവസാനിച്ചത് സ്റ്റേഷനിലെ ടൈം ബോര്‍ഡിനുമുന്നിലായിരുന്നു.
അപ്പോള്‍ എന്റെ ഹൃദയമിടിപ്പ് എന്റെ കാതുകള്‍ക്ക് കേള്‍ക്കാന്‍ കഴിയും വിധം ഉച്ചത്തിലായിരുന്നു.
ഇല്ല, പോയിട്ടില്ല. മിക്ക വണ്ടികളും ലെയിറ്റാണ്. ബേഗിലെ വാട്ടര്‍ ബോട്ടില്‍ നിന്നും അവസാന തുള്ളി ജീവജലവും ആര്‍ത്തിയോടെ അകത്താക്കി. എന്നിട്ടും തോണ്ടയിലെ ദാഹം ശമിച്ചില്ല.
വണ്ടികള്‍ വൈകിയതിന്റെ തിരക്ക് പ്ലാറ്റ് ഫോമില്‍ കാണാം. നാലാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ അവസാന ഭാഗത്തായാണ് ജനറല്‍ കമ്പാര്‍ട്ട്മെന്റ് വരിക. അതുകൊണ്ട് അവിടെയൊരു ഇരിപ്പിടം കണ്ടെത്തി.
നാളെ ഞായറാഴ്ചയാണ്. ദീര്‍ഘമായ ഉറക്കം സ്വപ്നം കണ്ടിരിക്കുന്ന എന്നിലേക്ക് ഒരു ശുഷ്ക്കിച്ച നിഴല്‍ വന്നു പതിച്ചു.
എണ്‍പതിനടുത്ത് പ്രായം വരുന്ന ഒരു സ്ത്രീ. പൊക്കം കുറഞ്ഞ് വെളുത്ത ശരീരം. മുഷിഞ്ഞ ഒരു സാരിയാണ് വേഷം. കൈയില്‍ ഒരു തുണി സഞ്ചിയും.
'' മോനേ..... കണ്ണൂരിലേക്ക് ഇപ്പോ വണ്ടി വല്ലതും ഉണ്ടോ.....?''
ഇടറുന്ന ശബ്ദത്തോടെ അവര്‍ എന്നോട് ചോദിച്ചു.
എന്റെ കണ്ണുകള്‍ അപ്പോള്‍ അവരുടെ കൂടെവന്നവരെ തിരയുകയായിരുന്നു. പക്ഷേ അങ്ങനെ ആരേയും കണ്ടെത്താന്‍ എനിക്കായില്ല.
''അമ്മയുടെ കൂടെയാരുമില്ലേ......?''
''എവിടെയാ പോകേണ്ടേ...?''
എന്റെ ചോദ്യങ്ങള്‍ക്കുത്തരമെന്നോണം ആ സ്ത്രീ കുറച്ച് ലോട്ടറി ടിക്കറ്റുകള്‍ എനിക്കുനേരേ നീട്ടി.
അതില്‍ നിന്നും ഒന്ന് വാങ്ങി.
'' 30 രൂപാ......
പേഴ്സില്‍ നിന്നും നൂറു രൂപ എടുക്കവേ.
''അയ്യോ കുട്ടീ..... ചില്ലറയില്ലോ ബാക്കി തരാന്‍....''
''ബാക്കി വേണന്നില്ല..... കൈയില്‍ വെച്ചോ.....''
ചുളിവുകള്‍ വീണുതൂങ്ങിയ കവിളില്‍ നുള്ളികൊണ്ട് ഞാന്‍ പറഞ്ഞു.
നരച്ച പീലികളുള്ള, നിറം മങ്ങിയ ആ കണ്ണുകള്‍ അപ്പോളൊന്ന് തിളങ്ങി.
നിമിഷങ്ങള്‍ക്കുള്ളില്‍ ആ മൂകതയെ നിഷ്കരുണം ഭേദിച്ച്കൊണ്ട് നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും ഒരു ഇലക്ട്രിക്ക് ട്രെയിനിന്റെ കാതടപ്പിക്കുന്ന ചൂളം വിളി.
'' ഈ ട്രെയിന്‍ കണ്ണൂരിലേക്കാണ്....''
അത് ഞങ്ങളേയും പിന്നിട്ട് ഏറെ ദൂരം മുന്നോട്ടായി നിര്‍ത്തിയിട്ടു.
തിരക്കില്‍ നിന്നും തിരക്കിലേക്ക് നീങ്ങുന്ന നാഗരികലോകമപ്പോള്‍ ആ ട്രെയിനിനു പിന്നാലെ ഒാടുകയായിരുന്നു. അവരുടെ കൂടെ ഒാടിയെത്താനാവാതെ ആ വൃദ്ധ ഏങ്ങി.....ഏങ്ങി..... നടന്നു നീങ്ങി.
ഒടുവില്‍ പുറകിലെ കമ്പാര്‍ട്ട്മെന്റില്‍ കയറുന്നതിനുമുമ്പ് എനിക്കു നേരെ കൈ വീശികാട്ടാനും അവര്‍ മറന്നില്ല.
ആരായിരുന്നു ആ സ്ത്രീ ....?
എവിടെ.....? എങ്ങനെ.....? അങ്ങനെ നൂറ് നൂറ് ചോദ്യങ്ങള്‍ ബാക്കിയാക്കി ഒരു പകല്‍ സ്വപ്നം പോലെ അവര്‍ എന്റെ മുന്നില്‍ നിന്നും മാഞ്ഞു.
എവിടെ.....? എങ്ങനെ.....? അങ്ങനെ നൂറ് നൂറ് ചോദ്യങ്ങള്‍ ബാക്കിയാക്കി ഒരു പകല്‍ സ്വപ്നം പോലെ അവര്‍ എന്റെ മുന്നില്‍ നിന്നും മാഞ്ഞു.
ബസ്സ് യാത്രക്കിടെ കണ്ട സഹയാത്രികന്റെ നിസ്സംഗതയാര്‍ന്ന കണ്ണുനീരാണ് എന്റെ ഒാര്‍മ്മയിലെത്തിയത്. അതും....., അതും ഞാന് അവഗണിക്കുകയായിരുന്നു.
എന്നിലെ ജാള്യത....., ഞാന്‍ തന്നെ സ്വയം സൃഷ്ടിച്ചെടുത്ത എന്റെ തിരക്കുകള്‍ കാരണം ചോദിക്കാതെ പോയ അങ്ങനെ എത്രയോ ചോദ്യങ്ങള്‍ ......
എനിക്ക് മുന്നില്‍ രണ്ടറ്റങ്ങള്‍ കാണാതെ സമാന്തരമായി നീളുന്ന ആ റെയില്‍പാത ഒരു വലിയ ചോദ്യചിഹ്നമായി അപ്പോള്‍ എനിക്കു തോന്നി.
അടുത്ത ഒരു ചൂളം വിളിക്ക് കാതോര്‍ത്ത് ഞാനാ മാര്‍ബിള്‍ ബഞ്ചില്‍ ഇരുന്നു......
✍ (ദിനേനന്‍)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക