Showing posts with label ദിനേനൻ. Show all posts
Showing posts with label ദിനേനൻ. Show all posts

സ്വപ്നാടനം


സ്വപ്നാടനം
*************
എത്രയോ തവണ ഞാനാ തീരത്തുപോയിരുന്നിട്ടുണ്ട്......! പക്ഷേ അന്നൊന്നും എനിക്ക് ദാസനേയും, ചന്ദ്രികയേയും അറിയില്ലായിരുന്നു.... മുകുന്ദന്‍ മാഷിന്‍റെ മയ്യഴി പുഴയുടെ തീരങ്ങളും അറിയില്ലായിരുന്നു....
മലയാളത്തിന്‍റെയും, ഫ്രഞ്ചിന്‍റെയും സുന്ദര സംഗമമായ മയ്യഴിയുടെ തീരങ്ങളില്‍ കാറ്റുകൊണ്ടിരിക്കുവാന്‍ ഇന്ന് ഞാന്‍ ആഗ്രഹിച്ചു .... അതിന്‍റെ കൈവരികള്‍ക്കും, തീരത്തോട് ചേര്‍ത്തിട്ടിരിക്കുന്ന മരപ്പലക പാകിയ ഇരിപ്പിടങ്ങള്‍ക്കും കാല്‍പ്പനികമായൊരു ഭാവമുണ്ട്....... ആദ്യം കാണുന്നവന്റെ കണ്ണുകളെയും, കണ്ടു പഴകിയവന്‍റെ കണ്ണുകളെയും വിസ്മയിപ്പിക്കാന്‍ പോന്ന സൗന്ദര്യമുണ്ട്.....
ദാസന്‍റെ മിത്രമാവാനും, കൊറമ്പിയമ്മയുടെ മടിയില്‍ കിടന്ന് കഥ കേള്‍ക്കുവാനും, ചന്ദ്രികയുടെ പാദസര കിലുക്കങ്ങള്‍ക്ക് കാതോര്‍ക്കുവാനും, എന്തിനധികം ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പേ ജനിക്കാനും, ജീവിക്കാനും, മരിക്കാനും ഞാന്‍ ആഗ്രഹിച്ചു ....
എന്നെ ബാധിച്ച ഒരു മാറാവ്യാധിയാണ് ഈ പുസ്തകം.... അതെന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.... അടി മുതല്‍ മുടി വരെ...., സുഖമുള്ളൊരു വേദന...
സാഹിത്യത്തോടും, പുസ്തകങ്ങളോടുമുള്ള എന്റെ ഭ്രാന്തമായ അഭിനിവേശത്തിന്‍റെ പ്രഥമ സാക്ഷിയാണ് ഈ മഹത്തായ കലാസൃഷ്ടി....
ഫ്രാന്‍സില്‍ നിന്നും ചേക്കേറിയ സായ്പ്പന്‍മാര്‍ മയ്യഴിയെ മാറോട് ചേര്‍ത്തു.... മയ്യഴിയുടെ മക്കള്‍ അവരേയും...., അവരെ ആശ്ചര്യത്തോടെയും, ആദരവോടെയും ഉറ്റുനോക്കിയ കൊറമ്പിയമ്മയുടെയും, ഉണ്ണിനായരുടെയും, റൈട്ടറുടെയും കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു... ഞാനും പ്രണയിച്ചിരുന്നു.... വിശ്വാസവും, അന്ധവിശ്വാസവും, ഇഴകലര്‍ന്ന മയ്യഴിയെ ആരാണ് പ്രണയിക്കാത്തത്....
മയ്യഴിയുടെ മക്കള്‍ക്ക് സുപരിചിതമല്ലാത്ത കമ്മ്യൂണിസ്റ്റ് , മാര്‍ക്സ്സ്റ്റ് ആദര്‍ശങ്ങളും, ചിന്തകളും അതിലൂടെ സ്വാതന്ത്യ്രത്തിന്‍റെ പുതിയ നിറങ്ങളും ചാലിച്ചവനായിരുന്നു എന്റെ ദാസന്‍.... മൂപ്പന്‍ സായിവും, ലെസ്ലീ സായിവും ഇല്ലാത്ത മയ്യഴിയെ അപ്പോഴും ആര്‍ക്കും സങ്കല്പ്പിക്കാനാകുമായിരുന്നില്ല.
മരപ്പലക പാകിയ ഇരിപ്പിടങ്ങളെ ഒന്നൊന്നായി പിന്നിട്ട് , പൂവരശ്ശും, ഗുല്‍മോഹറും, പിന്നെ പേരറിയാത്ത അനേകം മരങ്ങളും തണലുവിരിച്ച നടപ്പാതയുടെ അവസാനം വരെ നടന്ന് , അതിരില്ലാതെ എനിക്കുമുന്നില്‍.... പരന്നു കിടന്ന സമുദ്രത്തില്‍ ഞാന്‍ തിരഞ്ഞത്, കണ്ണുനീര്‍ തുള്ളിപോലുള്ള വെള്ളിയാം കല്ലുകളായിരുന്നു.... പക്ഷേ, എന്തുകൊണ്ടോ അതെന്‍റെ കണ്ണുകള്‍ക്ക് പ്രത്യക്ഷമായില്ല.....
നടപ്പാതയുടെ മധ്യത്തിലായി മൂപ്പന്‍ സായിപ്പിന്‍റെ ബംഗ്ലാവ് മങ്ങാത്ത പ്രൗഡിയോടും കൂടി തലയുയര്‍ത്തിപ്പിടിച്ചുതന്നെ നിന്നു..... കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളാണവ...... വിഘടിക്കാതെപോയ അസ്ഥികൂടങ്ങള്‍.......
മനസ്സിന് എന്തെന്നില്ലാത്ത ഭാരം തോന്നുന്നു..... കാറ്റില്‍ മറഞ്ഞുവീഴുന്ന പുസ്തകതാളുകള്‍ പോലെ എന്റെ ഹൃദയം വിറങ്ങലിച്ചു.....
അവന്‍..... ദാസന്‍.... എന്റെ പ്രിയ മിത്രം.... മെഴുകുതിരി എരിയുന്നതുപോലെ അവന്റെ ഒാര്‍മ്മകള്‍..... അവനില്ലാതെ മയ്യഴി എങ്ങനെ പുര്‍ണ്ണയാകും .....
തീരത്തിരുന്ന് സല്ലപിക്കുന്ന കമിതാക്കളില്‍ ഞാന്‍ എന്റെ ദാസനേയും, അവന്റെ ചന്ദ്രികയേയും തിരഞ്ഞു.... സായാഹ്ന സവാരിക്കിറങ്ങിയ.... വൃദ്ധജനങ്ങളില്‍ കൊറമ്പിയമ്മയേയും, ലസ്ലി സായിവിനെയും തിരഞ്ഞു.... രാത്രികളെ പ്രകാശിപ്പിച്ച വിളക്കുമരങ്ങള്‍ക്ക് കീഴില്‍ കുഞ്ചക്കനെ തിരഞ്ഞു.... അവരാരും ഇന്ന് മയ്യഴിയിലില്ലാ എന്ന സത്യം എന്റെ കണ്ണുകളെ
 ഈറനണിയിച്ചു....
'' അല്‍പകാലം കഴിഞ്ഞാല്‍ അവളുടെ കണ്ണുകളും കരയാതെയാവും പക്ഷേ, കഥകളും ഐതിഹ്യങ്ങളും അവിടെ അവസാനിക്കില്ല....ഴാന്താര്‍ക്കിന്‍റെയും, വൈസ്രവണന്‍ ചെട്ടിയാരുടെയും കഥകള്‍ പറഞ്ഞുനടക്കുവാന്‍ മുത്തശ്ശിമാര്‍ ഇനിയുമുണ്ടാവും, അവരുടെ മടിയിലിരുന്ന് ആ കഥകള്‍ കേള്‍ക്കുവാനായി വെള്ളിയാങ്കല്ലില്‍ നിന്നും തുമ്പികള്‍ ഇനിയും വരും.....''
സ്വപ്നാടനം മതിയാക്കി മയ്യഴിയുടെ തീരങ്ങളോട് താല്ക്കാലികമായി യാത്ര ചോദിച്ച്, ധവള വര്‍ണ്ണത്തിലുള്ള പ്രവേശന കവാടം ലക്ഷ്യം വെച്ച് ഞാന്‍ നടന്നു..... ആകാശം ഒരു പേമാരിക്ക് ഒരുക്കം കൂട്ടുകയായിരുന്നു അപ്പോള്‍.... ഇടിയൊച്ചകളെ നിഷ്പ്രഭമാക്കികൊണ്ട്
സെന്‍റ് തെരേസാ ദേവാലയത്തിലെ മണി നാദം എന്റെ കാതുകളില്‍ മുഴങ്ങി....... എന്നിലേക്ക് വീശിയടിച്ച ശക്തിയായ കാറ്റിലും തുമ്പികള്‍ പറന്ന് നടന്നു..... ആ തുമ്പികളില്‍ ഞാന്‍ എന്നെ തിരയുകയായിരുന്നു.......
(ദിനേനന്‍ )

കടലാസ് പൂക്കള്‍


കടലാസ് പൂക്കള്‍
******************
മുറ്റത്തെ ബോഗണ്‍വില്ല ചെടികള്‍ നനച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടികള്‍ വിളിച്ചത്.....
''ഇന്നെന്തായാലും ഞങ്ങളെ സിനിമയ്ക്ക്കൊണ്ടോണം....''
ഇനിയും ഞങ്ങളെ പറ്റിക്കരുത്....''
രണ്ട് ദിവസായി ഇതും പറഞ്ഞവര് പുറകെ കൂടീട്ട്.... ജോലിയും അടുക്കളപണിയും കഴിഞ്ഞ്ട്ട് അവള്‍ക്കെവിടുന്നാ ഇതിനൊക്കെ നേരം....
പുതിയ സിനിമകളോടൊന്നും അയള്‍ക്ക് വലിയ താല്‍പര്യമില്ല. കുട്ടികളുടെ സന്തോഷം..... പിന്നെ ആ പേര്... 'സഖാവ് ' ഒരുകാലത്ത് ഒരുപാട് ഊര്‍ജം തന്ന വാക്കാണത്..... ഒരുപാട്.... പ്രണയം തോന്നിയ വാക്ക്....
''പോവാ.... അപ്പു.....'' ''ഇന്നുറപ്പായും പോവാം....''
അയാള്‍ കുട്ടികള്‍ക്ക് വാക്കുകൊടുത്തു.....
അലമാരയില്‍ നിന്നും ഉള്ളതില്‍ വെച്ച് ഏറ്റവും പുതിയതെന്നുതോന്നിയ ഷര്‍ട്ടായാള്‍ ഇട്ടു..... ഇട്ടുകഴിഞ്ഞതിനുശേഷമാണ് ശ്രദ്ധിച്ചത്.....
 അതിന്‍റെ രണ്ട് കുടുക്ക് പൊട്ടികിടക്കുന്നു. മേശപ്പുറത്തുള്ള പിന്നെടുത്ത് ഷര്‍ട്ടിനുള്ളില്‍ നിന്നും പുറമെ കാണാന്‍ കഴിയാത്ത വിധം കുത്തിവെച്ചു...
അവളുണ്ടായിരുന്നെങ്കില്‍ ഇതിട്ട് പുറത്തിറങ്ങാന്‍ സമ്മതിക്കില്ല്ലായിരുന്നു. കൈയോടെ തുന്നിപിടിപ്പിച്ച് തന്നെനേ.....
എല്ലാ സ്ത്രീകളുടെയുള്ളിലും ഒരു തൈയ്യല്‍ക്കാരിയുണ്ട്.... ഷര്‍ട്ടിന് ബട്ടണ്‍ പിടിപ്പിക്കുവാനും, തുന്നുവിട്ടുപോയ വസ്ത്രങ്ങള്‍ കൂട്ടിയോജിപ്പിക്കുവാനും അവര്‍ക്ക് ജന്മസിദ്ധമായ കഴിവുണ്ട്..........
കഴിഞ്ഞ വിഷുവിനുകൂടി പുതിയ ഷര്‍ട്ടും, മുണ്ടും വാങ്ങാന്‍ അവള്‍ പണം തന്നതാ..... ഞാനാ വേണ്ടാന്ന് പറഞ്ഞെ..... ഇപ്പോ ആവശ്യത്തിനുള്ളതുണ്ട്.
ഒരിക്കല്‍പ്പോലും വസ്ത്രങ്ങളോടയാള്‍ക്ക് ഭ്രമം തോന്നിട്ടില്ല.... മൂന്ന് വെള്ള ഷര്‍ട്ടും , രണ്ട് മുണ്ടും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് അഞ്ച് വര്‍ഷം സുഖ സുന്ദരമായി ജീവിക്കാമെന്നാണ് അയാളുടെ പക്ഷം...
രണ്ടു ദിവസമായി ചിന്തകളിലെല്ലാം അവളാണ്..... ഇന്നലെയും സ്വപ്നം കണ്ടു.... ചിലപ്പോഴൊക്കെ എനിക്ക് തോന്നിട്ടുണ്ട്, അവള്‍ ജനിച്ചതും, ജീവിച്ചതും എനിക്കുവേണ്ടിയായിരുന്
നോയെന്ന് .... തോന്നലല്ലാ...... സത്യാ.....!!
അവളുടെ ഇഷ്ടങ്ങളും, സ്വപ്നങ്ങളും, നിറങ്ങളും, രുചികളും അങ്ങനെ അവളുടെതായിരുന്നതെല്ലാം ഞാനെന്ന ഒരൊറ്റ ബിന്ദുവില്‍ ചുരുങ്ങിപോവുകയായിരുന്നു..... ഒരു സാരി വാങ്ങുമ്പോകൂടി അവള്‍ക്കിഷ്ടപ്പെട്ട നിറം അവള് നോക്കാറില്ല.....
സ്ത്രീ സ്വാതന്ത്യ്രത്തെ കുറിച്ചും, വ്യക്തിസ്വാതന്ത്യ്രത്തെകുറിച്ചും അഹോരാത്രം സംസാരിക്കുമ്പോഴും സ്വാതന്ത്രവും,
പാരതന്ത്യ്രവും തിരിച്ചറിയാനാവാതെ അവളെ പോലെ ജീവിതം ജീവിച്ചുതീര്‍ത്തവരും ഈ ഭൂമിയിലുണ്ടായിരുന്നു...!!!
ചിന്തകളങ്ങിനെ കാട് കയറിയപ്പോഴാണ് അപ്പു വിളിച്ചത്.....
''എന്നാ പോവാം അച്ചച്ചാ.....''
''ഞങ്ങള് റെഡി....''
ആദ്യമായി തീയ്യറ്ററില്‍ പോയി സിനിമ കാണുന്ന സന്തോഷത്തിലാണവര്‍....
റോഡിലേക്കിറങ്ങിയ അയാളിലെ കര്‍ഷകന്‍ ഗേറ്റിനുകുറുകെ പടര്‍ന്ന് പന്തലിച്ച ബോഗണ്‍വില്ല ചെടിയുടെ കാല്‍പ്പനികത
ആസ്വദിച്ചു... കടും പച്ച പശ്ചാത്തലത്തില്‍ വെള്ളയും, റോസും നിറമുള്ള പൂക്കള്‍....
''നാളെ അതൊന്ന് വെട്ടിയൊതുക്കണം....''
അയാള്‍ ആത്മഗതം ചെയ്തു.
സിനിമ കണ്ട് പുറത്തിറങ്ങിയതുമുതല്‍ അയാള്‍ മറ്റൊരു ലോകത്താണ്... ബീഡിതൊഴിലാളിയായി ആരംഭിച്ച ജീവിതവും, പ്രസ്ഥാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച നാളുകള്‍.... വായനയും നാടകവും, സിരകളില്‍ കത്തിപടര്‍ന്ന ആ പഴയ
കാലം....
ബസ്സിന്‍റെ അരികുപറ്റിയിരുന്ന് അയാള്‍ പുഞ്ചിരിച്ചു കൊണ്ടിരുന്നു....
ഈ ഭൂമിയിലെ ഏറ്റവും സുന്ദരമായ ആശയമാണ് കമ്മ്യൂണിസം....... ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്വപ്നം.....!! ഉള്ളവനും ഇല്ലാത്തവനും തുല്യരായി ജീവിക്കുന്ന ഭൂമി.... സ്വപ്നമല്ലാതെ മറ്റെന്താണ്.....?
മലപ്പുറം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ വിജയ പരാജയ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് മൂന്ന് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ അയാളില്‍ അലോസരം
സൃഷ്ടിച്ചു. നിരന്തരമായി ചനലുകള്‍ മാറ്റിയപ്പോഴാണ് ആ പഴയ ഹിന്ദി ഗാനരംഗം അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്.....
'' ജല്‍തേഹെ ജിസ്കേലിയേ.......''
1959ല്‍ ആണോ.....? അതെ.....! ബിമല്‍ റോയി സംവിധാനം ചെയ്ത 'സുജാത' എന്ന ചിത്രത്തില്‍ തലത്ത് മഹമ്മൂദ് പാടിയ സുന്ദര ഗാനം........ ചിതലരിക്കാന്‍ തുടങ്ങിയ ഒാര്‍മ്മ പുസ്തകത്തില്‍ നിന്നും അയാള്‍ ശ്രമപ്പെട്ട് പുറത്തെടുത്ത ചില താളുകള്‍.....
നീണ്ട അമ്പത്തെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.... എന്നിട്ടും ആ ഗാനത്തിന്‍റെ വശ്യതയ്ക്ക് തെല്ലും കുറവ് സംഭവിച്ചിട്ടില്ല.....
ഒാര്‍മ്മകളൊന്നും കൈമോശം വന്നിട്ടില്ല.... മറന്നതായി കരുതിയത് പലതും ഏകാന്തതയിലേക്ക് മാറ്റിവെച്ച സ്വകാര്യതകളാണ്..... ആര്‍ക്കാണ് അതില്ലാത്തത്, അവയോട് പ്രിയമില്ലാത്തത്. ...
മറ്റുള്ളവരോട് പങ്കുവെയ്ക്കാതെ കൊണ്ടുനടക്കുന്നവയാണ്...മറന്നു എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന മിക്കതും.... അത് അടിയിലുണ്ട്....മീതേ പുതിയ കരിയിലകള്‍ കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു എന്നുമാത്രം.....
ആ ഗാനത്തിന്‍റെ താളത്തിനനുസരിച്ച് വിരലുകള്‍ ചലിപ്പിച്ച് ചാരുകസേരയില്‍ ഇരുന്നു അയാള്‍.... ആ മയക്കത്തില്‍ നിന്നും ഉണര്‍ന്നില്ല.....എണ്ണിയാലൊരുങ്ങാത്ത പുഷ്പചക്രങ്ങള്‍ക്കിടയില്‍ കിടന്ന് അയാള്‍ വീര്‍പ്പുമുട്ടി....
അയാളുടെ അരികിലിരുന്ന് ആരോ ഉറക്കെ ഭാഗവത പാരായണം നടത്തുന്നു. പുരോഹിതന്‍റെ കാര്‍മ്മികത്വത്തില്‍ എന്തെല്ലാമോ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു
ഇതൊന്നും അദ്ദേഹത്തിന് ഇഷ്ടമാവില്ല... ഇത്തരം മതാചാരങ്ങള്‍.... എന്നു പറയാന്‍ ഞാന്‍ ആഗ്രഹിച്ചു.... പിന്നീടെന്തുകൊണ്ടോ ഞാനും മൗനം അവലംബിച്ചു........ മരിച്ചുകഴിഞ്ഞാല്‍ എന്ത് ഇഷ്ടങ്ങള്‍....? എന്ത് അനിഷ്ടങ്ങള്‍....? ജീവിച്ചിരിക്കുന്നവര്‍ക്കല്ലേ അത്തരം
വിവേചനങ്ങള്‍....
ഒരു മനുഷ്യസ്നേഹികൂടി ഈ ഭൂമിയില്‍ നിന്നും ഇല്ലാതായിരിക്കുന്നു.... അയാളുടെ ഒരേയൊരുമകന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്താന്‍ ലീവുകിട്ടിയില്ല.... അയാളുടെ തലയ്ക്കലിരുന്ന് കരയാന്‍ പോലും ആ വീട്ടില്‍ ആരുമുണ്ടായില്ല.....
രണ്ടുപേര്‍ച്ചേര്‍ന്ന് അയാളെ ചുവന്ന പതാകപുതപ്പിച്ചു.... രക്തപതാക അയാളുടെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്ന് കിടന്നു.... അതയാള്‍ക്ക് പൂര്‍ണതനല്‍കി.......
ശവമടക്കിനുശേഷം നടന്ന യേഗത്തില്‍ ആരൊക്കയോ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.... രാഷ്ട്രീയ ജോലിയില്‍ പുതുതായി പ്രവേശിച്ചവര്‍..... ഒരു ട്രിപ്പീസുകളിക്കാരന്‍റെ മെയ്വഴക്കത്തോടെ ഒരു ചിന്താധാരയില്‍ നിന്നും മറ്റൊന്നിലേക്കും, ഒരു നിലപാടില്‍ നിന്നും മറ്റൊന്നിലേക്കും അനായാസം ചുവടുമാറ്റാന്‍ കഴിവുള്ളവര്‍..... അയാള്‍ നട്ടുവളര്‍ത്തിയ കടലാസ്പൂക്കള്‍..... സുഗന്ധമില്ലാത്ത വെറും കടലാസുപൂക്കള്‍.......
( ദിനേനന്‍ )

ഒരേ തീരം

Image may contain: 2 people

ആ മഹാനഗരത്തിന്‍റെ വന്യതയില്‍ തീര്‍ത്തും അന്തര്‍മ്മുഖനായി ജീവിക്കുകയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അയാള്‍.
ഈ ട്രാന്‍സ്ഫര്‍ അയാള്‍ ചോദിച്ചുവാങ്ങിയതാണ്. സ്വന്തം നാടും, വളര്‍ന്ന വീടും വിട്ട് ഏകാന്തമായ ഒരു ജീവിതം.....
ഏകാന്തത......, അത് ഭീകരമാണ്.... തമസ്സിലും, അഹസ്സിലും ഒരുപോലെ ഭയാനകം......
ഇന്ദുവും മകളും......, ഒരു യാത്ര പറച്ചിലിനുപോലും കാത്തുനില്‍ക്കാതെ അവര്‍ കടന്നുപോയ ആ ദിവസത്തെകുറിച്ചാണ് അയാള്‍ ഒാര്‍ത്ത്........ തന്റെ ഒരു നിമിഷത്തെ അശ്രദ്ധ കാരണം ആ ട്രാഫിക്ക് സിഗ്നലിനുമുന്നില്‍ അയാള്‍ക്ക് നഷ്ടപ്പെട്ടത്
സ്വന്തം ജീവിതമായിരുന്നു. താനടക്കം എത്രയോ പേരുടെ നിറമുള്ള സ്വപ്നങ്ങളാണ് ആ കറുത്ത പാതയില്‍ പൊലിഞ്ഞു പോയത്............
കുടുംബം ഒരു രക്ഷാവലയമാണ്.... അതില്ലാതാവുന്നതോടുകൂടി മതിലുകളില്ലാതെ തുറന്നിട്ട ഈ ലോകത്ത് നമ്മള്‍ ഒറ്റയാന്മാരാകും.....
അവളും , മകളും സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും, ജീവിതത്തിന്റെ വിരക്തിയില്‍ നിന്നും കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നത് യാത്രകളില്‍ നിന്നാണ്. ഇന്ദു ജീവിതത്തിലേക്ക് കടന്നുവന്നതിനു ശേഷമാണ് അയാള്‍ യാത്രകളെ പ്രണയിച്ചുതുടങ്ങിയത്. അവള്‍ക്ക് വീടെന്നാല്‍ യാത്രകളായിരുന്നു......
യാത്ര നിങ്ങളുടെ മുന്‍വിധികളെ നിഷ്പ്രഭമാക്കും, ഇടുങ്ങിയ നിങ്ങളുടെ മനസ്സിനെ വിശാലമാക്കും.......
അവരുടെ ഒാര്‍മ്മകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് സത്യത്തില്‍ ഈ കൂടുമാറ്റം.
ഒളിച്ചോട്ടം....., ഒാര്‍മ്മ എന്ന പദം ഉള്ളെടുത്തോളം കാലം ഒളിച്ചോട്ടം എന്ന പദം വിഢിത്തമാണ്..................
ശുദ്ധ അസംബന്ധം.... പിന്നെ അഭിനയിക്കാം, എല്ലാം മറന്നവനെപ്പോലെ ഈ ലോകത്ത് ബഹുഭൂരിപക്ഷം വരുന്ന മനുഷ്യ ജീവികളെപ്പോലെ...
കാലത്തുള്ള നടത്തം, അതുകഴിഞ്ഞ് കാപ്പികുടിയും വിശാലമായ പത്രവായനയും. ഉച്ചയൂണ്‍ ഒാഫീസിനടുത്തുള്ള വനിതാ ഹോട്ടലില്‍ നിന്നാണ്.... പിന്നെ വാരാന്ത്യത്തിലുള്ള ചെറിയ യാത്രകള്‍...... കഴിഞ്ഞ രണ്ടു വര്‍ഷമായി അയാളുടെ ദിനചര്യകള്‍ ഇങ്ങനെയാണ്.....
വിഷുവിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അയാളുടെ വീടിനടുത്തായി, ദേശീയ പാതയോടുചേര്‍ന്ന് ഒരു നാടോടിസംഘം തമ്പടിച്ചത്. ഒരു ദിവസം
കൊണ്ട് അവര്‍ അഞ്ച് കുടിലുകള്‍ പണിതു..... ടാര്‍പോളും, ഫ്ലക്സും കൊണ്ട് നിര്‍മ്മിച്ചവ.....
അതും വീടുകള്‍ തന്നെ.... അവിടെയുമുണ്ട്
സ്വപ്നങ്ങളും,
പ്രതീക്ഷകളും...... എത്രപ്പെട്ടെന്നാണ് അവര്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത്.
വിഷു വിപണി ലക്ഷ്യമിട്ട് കൃഷ്ണവിഗ്രഹങ്ങളും മറ്റും ഉണ്ടാക്കുന്ന സംഘമാണ് അവരുടെത്. കൃഷ്ണനും, ഗണപതിയും, സരസ്വതിയും റോഡുവക്കില്‍ വില്‍പ്പനയ്ക്കായി നിരന്നു നിന്നു.... ജീവിതത്തിന്‍റെ നിറങ്ങള്‍ നഷ്ടപ്പെട്ടവര്‍ അതിന് വര്‍ണ്ണങ്ങള്‍ ചാലിച്ചു. എസി കാറില്‍ നിന്നും പുറത്തിറങ്ങിയവര്‍ വിലപേശി അവ വാങ്ങി പൂജാമുറിയില്‍ വെച്ച് ആരാധിക്കുന്നു ..... അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുമോ.........? !എന്തോ....... എനിക്കറിയില്ല...... അവ വിലകുറഞ്ഞ പ്ലാസ്ട്രോപാരീസുകൊണ്ട് നിര്‍മ്മിച്ചവയാണ്.... നിലത്തുവീണാല്‍ ഉടഞ്ഞുപോവുകയും
സ്വയം പൂര്‍ണ്ണരൂപം പ്രാപിച്ച് അത്ഭുതപ്പെടുത്തുവാന്‍ കഴിയാത്തതുമായ വെറും പ്രതിമകള്‍......
അവരുടെ സംഘത്തില്‍ ആറോളം കുട്ടികളുണ്ട്. അതില്‍ നീല കണ്ണുകളുള്ള കുട്ടിയെയാണ് അയാള്‍ ശ്രദ്ധിച്ചത്... അവള്‍ക്ക് മീനൂട്ടിയുടെ അതെ ഛായയാണ്.
എണ്ണമയമില്ലാത്ത ചെമ്പിച്ച അവളുടെ മുടി കാറ്റില്‍ അലക്ഷ്യമായി പാറിക്കളിച്ചു.... അതിന്റെ അഗ്രഭാഗം കടും ചുവപ്പ് റിബണ്‍ കൊണ്ട് കെട്ടിട്ടുണ്ട്.... അവളെക്കാള്‍ വലുപ്പമുള്ള ഒരുടുപ്പാണ് ധരിച്ചിരിക്കുന്നത്... കൈയില്
 എല്ലായ്പ്പോഴും ഒരു കുഞ്ഞ് കൃഷ്ണ വിഗ്രഹം ഉണ്ടാവും. പണമുള്ള വീട്ടിലെ കുട്ടികളുടെ കൈയിലെ ബാര്‍ബി ഡോളിനെപ്പോലെയോ, ടെഡിബിയറിനെപ്പോലെയോ അവളതിനെ ഊട്ടുകയും ഉറക്കുകയും ചെയ്യുന്നത് കാണാം..
ഒരിക്കല്‍ അവളുടെ അശ്രദ്ധകൊണ്ട് വില്‍പ്പനയ്ക്ക് വെച്ച കൃഷ്ണ വിഗ്രഹങ്ങളിലൊന്ന് ഉടഞ്ഞുപോയി. അതിന് ഒരു സ്ത്രീ അവളെ മാരകമായി പ്രഹരിക്കുകയും, വഴക്കുപറയുകയും ചെയ്യ്തു. അന്ന് മുതലാണ് അയാള്‍ അവളെ ശ്രദ്ധിച്ചുതുടങ്ങിയത്. സുഹാനയെന്നാണ് അവളുടെ പേര്.....
അന്നയാള്‍ വാങ്ങിയ പലഹാര പൊതി സുഹാനയ്ക്ക് സമ്മാനിച്ചു. ദിവസങ്ങള്‍ എത്രയോ കടന്നുപോയി അയാളെന്നും സുഹാനയ്ക്ക് പലഹാരപ്പൊതികള്‍ സമ്മാനിക്കും. അതിനുവേണ്ടി അവള്‍ റോഡുവക്കില്‍ കാത്തിരിക്കും. സംഭാഷണങ്ങളൊന്നും അവര്‍ തമ്മില്‍ ഉണ്ടാവാറില്ല. ഹൃദയം നിറഞ്ഞ പുഞ്ചിരികള്‍...... ചിലപ്പോ കൈവീശിയുള്ള യാത്ര പറച്ചിലുകള്‍ അത്രമാത്രം. അല്ലെങ്കിലും ചില വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഭാഷയുടെയും, ലിപിയുടെയും ആവശ്യമില്ലല്ലോ.....!!! സന്താപത്തിനും,സന്തോഷത്തിനും
ലോകത്തെവിടെയും രണ്ടര്‍ത്ഥങ്ങള്‍ മാത്രമേയുള്ളൂ കണ്ണുനീരും, പുഞ്ചിരിയും.
അന്നൊരു ഞായറാഴ്ചയായിരുന്നു. സുഹാനയെകാണാന്‍ വീടിനുപുറത്തിറങ്ങിയതാണയാള്‍. പതിവില്ലാതെ നാടോടിസംഘത്തില്‍ നിന്നും ഒരാള്‍ അയാളുമായി സംസാരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. പാക്ക് ചവച്ച് ദ്രവിച്ച പല്ലുകളുമായി പുഞ്ചിരിച്ച് അയാള്‍ സംസാരിച്ചുതുടങ്ങി.......
അയാള്‍ക്ക് മലയാളം നന്നായി അറിയാം..... ഞാന്‍ ചോദിച്ചത് സുഹാനയെകുറിച്ചായിരുന്നു.
''അവള്‍ എന്റെ സഹോദരന്റെ മകളാണ്.....
അവള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല......
അവളുടെ അച്ഛനും, അമ്മയും കഴിഞ്ഞ വര്‍ഷം ഒരു റോഡപകടത്തില്‍ മരിച്ചു.... ''
''എന്റെ ഭാര്യക്ക് അവളെ കണ്ണെടുത്താ കണ്ടൂടാ....
അവളെ തൊട്ടതിനും പിടിച്ചതിനും തല്ലും....''
''അവളെ ഞാന്‍ ഇവിടെ അടുത്തുള്ള അനാഥാലയത്തിലാക്കുവാന്‍ തീരുമാനിച്ചു. അവള്‍ക്കവിടെ സ്വര്‍ഗ്ഗമായിരിക്കും. ''
'' അവളൊരു കൊച്ചുകുട്ടിയല്ലേ.....! അവളുടെ ജീവിതം.....''
''ഞങ്ങള്‍ നാടോടികളാണ് സാര്‍ ...... റോഡുവക്കില്‍ ജനിച്ച് റോഡുവക്കില്‍ മരിക്കുന്നവര്‍ ......, നിങ്ങളുടെ രാജ്യത്തെ ജനസംഖ്യാ കണക്കുകളില്‍ എവിടെയും പെടാത്തവര്‍......''
അയാള്‍ പൊട്ടിച്ചിരിച്ചു.....
'' ഞങ്ങള്‍ നാളെ ഇവിടംവിട്ട് പോവുകയാണ് സാര്‍ ''
''എവിടെക്ക് ........? ''
''മറ്റൊരു റോഡുവക്കിലേക്ക്.....''
അയാള്‍ ഒരു സാഹിത്യകാരനെപ്പോലെയോ തത്ത്വചിന്തകനെപ്പോലെയോ സംസാരിക്കുന്നു.
ഒരുതരത്തില്‍ പറഞ്ഞാല്‍ ഞാനും സുഹാനയും ഒരേ തൂവല്‍ പക്ഷികളാണ്.....
ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍..... ഒരാള്‍ ജീവിതത്തിന്‍റെ തുടക്കത്തിലും, മറ്റൊരാള്‍ ജീവിതത്തിെന്‍റ മദ്ധ്യത്തിലും...
നാളെയാണ് വിഷു. ഇന്ദുവും മകളുമില്ലാത്ത വിഷുവും, ഒാണവും അയാള്‍ ആഘോഷിച്ചിട്ടില്ല. നാട്ടില്‍ പോകണം.....യാത്രാ വേളയിലും, വീട്ടില്‍ വെച്ചും ചിന്തകള്‍ മുഴുവന്‍ സുഹാനയെക്കുറിച്ചായിരുന്നു... അനാഥാലയത്തില്‍ ചിലവിടെണ്ടിവരുന്ന അവളുടെ
ബാല്യത്തെകുറിച്ചായിരുന്നു.
അധികനേരം അവിടെ നില്‍ക്കാന്‍ മനസ്സ് അനുവദിച്ചില്ല ...... അടുത്ത ബസ്സില്‍ തന്നെ കയറി. സ്റ്റോപ്പില്‍ ഇറങ്ങിയതും ഒാടി..... നിര്‍ത്താതെയുള്ള ആ പ്രയാണം അവസാനിച്ചത് വീടിനുമുന്നിലാണ്...
ആ കുടിലുകള്‍ അപ്രത്യക്ഷമായിരിക്കുന്നു....
എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ആ മരക്കുറ്റിയില്‍ പിടിച്ച് അയാള്‍ ഉറക്കെകരഞ്ഞു... വളര്‍ച്ചയുടെ ഒരുഘട്ടത്തില്‍ പുരുഷ വര്‍ഗ്ഗത്തിന്‍റെ കണ്ണുനീര്‍ ഗ്രന്ഥികള്‍ അടഞ്ഞുപോകുമെന്ന മിഥ്യാധാരണകള്‍ അണപ്പൊട്ടിയൊഴുകിയ അയാളുടെ കണ്ണീര്‍ പ്രവാഹത്തില്‍ ഒലിച്ചുപോയി.....
കൈത്തണ്ടയിലെ തണുത്ത സ്പര്‍ശനമാണ് അയാളെ ഉണര്‍ത്തിയത്....
''സാറിനെ കാത്തിരിക്കുകയായിരുന്നു...
കണ്ടിട്ടുപോവാമെന്ന് ഇവളുവാശിപിടിച്ചു... ഇനി ചിലപ്പോ കാണാന്‍ പറ്റിയില്ലെങ്കിലോ..''
സുഹാനയെ നെഞ്ചോടുചേര്‍ത്ത് അയാള്‍ ചോദിച്ചു.....
''ഇവളെ......, ഇവളെ...... ഞാനെടുത്തോട്ടെ...., എന്റെ മകളായി....., എന്റെ സ്വന്തം മകളായി.....''
അയാള്‍ എന്‍റെ മുന്നില് തൊഴുകൈകളോടെ നിന്നു....
''നിങ്ങള്‍ വലിയവനാണ്.... ദൈവം നിങ്ങളെ രക്ഷിക്കട്ടെ.....''
സുഹാനയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച
ശേഷം. വിശാലവും തിരക്കേറിയതുമായ ആ കറുത്ത പാതയുടെ അരികുപിടിച്ച് അയാള്‍ വിദൂരതയിലേക്ക് നടന്നുപോയി......
സുഹാനയുടെ കൈയിലുണ്ടായിരുന്ന ആ കുഞ്ഞു കൃഷ്ണ വിഗ്രഹം അയാള്‍ ശ്രദ്ധയോടെ മേശപ്പുറത്തുവച്ചു....
തൊഴുകൈകളോടെ അതിനുമുന്നില്‍ നിന്നപ്പോള്‍, അയാള്‍ ഒന്നും പ്രാര്‍ത്ഥിച്ചില്ല.... ഒന്നും ആവശ്യപ്പെട്ടില്ല.....
വെറുതെ..... കണ്ണുകളടച്ച് അങ്ങനെ അല്‍പ്പനേരം നില്‍ക്കുക മാത്രം ചെയ്തു.............
(ദിനേനന്‍)

അസ്തമയസൂര്യന്‍


അസ്തമയസൂര്യന്‍
*******************
സി.സി.യുവിനുള്ളിലെ തണുപ്പ് അസഹ്യമായപ്പോഴാണ് ബേഗില്‍ നിന്നും പുതപ്പെടുത്ത് ഞാനെന്റെ ദേഹത്തിട്ടത്.
അച്ഛന്റെ ആരോഗ്യ നിലയില്‍ യാതൊരുമാറ്റവുമില്ല. ഒാക്സിജന്‍ മാസ്ക്കിന്റെ സഹായത്തോടെയാണ് ഇപ്പോഴും ശ്വസിക്കുന്നത്.
ഇരുന്ന കസേര കട്ടിലിനരികിലേക്ക് നീക്കിയിട്ട് , രോമാവൃദമായ ആ നെഞ്ചിലും ഉള്ളം കൈയിലും ഞാന്‍ തലോടിക്കൊണ്ടിരുന്നു.
കാഠിന്യമേറിയ ആ തണുപ്പിലും അദ്ദേഹത്തിന്‍റെ ശരീരം വിയര്‍ക്കുന്നുണ്ടായിരുന്നു.
ബന്ധങ്ങളുടെ കണ്ണികള്‍ അറ്റുപോവാതിരിക്കാനും, ജീവിതം ഒരു കരയ്ക്കടുപ്പിക്കാനും അദ്ദേഹം ഒഴുക്കിയ വിയര്‍പ്പ് അപ്പോഴും ശമിച്ചിട്ടുണ്ടായിരുന്നില്ല.
അച്ഛന്റെ അദ്ധ്വാനത്തിനൊരു മണമുണ്ടായിരുന്നു... എന്തുകൊണ്ടോ ഇന്നാഗന്ധം എന്റെ നാസികയ്ക്ക് അനുഭവപ്പെട്ടില്ല.....
ഈ മുറിക്കുള്ളി എത്തിപ്പെട്ടതുമുതല്‍ രാവും പകലും അച്ഛന്‍ അറിഞ്ഞുകാണില്ല.
പുലരികള്‍ക്കും, പ്രദോഷങ്ങള്‍ക്കും,
നിശയ്ക്കും ഈ മുറിക്കുള്ളില്‍ ഒരേ നിറമാണ്.
വെളുത്ത പ്രകാശം പരത്തുന്ന സി.എഫ്.എല്‍. ബള്‍ബിന്റെ നിറം.
കട്ടിലിനോട് ചേര്‍ന്ന ജനാലയുടെ ഇളം നീല കര്‍ട്ടന്‍ ഞാന്‍ പകുതിയോളം തുറന്നിട്ടു.
സന്ധ്യയായിരിക്കുന്നു....
അസ്തമയസൂര്യന്‍ അതിന്റെ സര്‍വ്വ സൗന്ദര്യത്തോടുകൂടി അംമ്പരത്തേ ചുവപ്പിച്ചിരിക്കുന്നു.
ആശുപത്രികെട്ടിടത്തിന്റെ നാലാം നിലയിലുള്ള ആ കാഴ്ച കണ്ണുകള്‍ക്ക് ആശ്വാസമായെങ്കിലും, മനസ്സ്.......ഇപ്പോഴും ഉഴറുകയാണ്....
ഇടയ്ക്കെപ്പോഴോ അച്ഛന്റെ കണ്ണുകള്‍ ചെറുതായി അനങ്ങി. അച്ഛനും ആ കാഴ്ചകള്‍ ആസ്വദിക്കുന്നുണ്ടായിരിക്കാം.
കട്ടിലിനു മുകളിലായി ഘടിപ്പിച്ച മോണിട്ടറില്‍ ഉയര്‍ന്നും താഴ്ന്നും പോയികൊണ്ടിരുന്ന രേഖകയുടെ അന്തരം കുറഞ്ഞുവന്നു.
അച്ഛന് കൂടുതല്‍ ശക്തിയോടെ ശ്വാസം വലിച്ചെടുത്തു.
വീണ്ടും... വീണ്ടും....
കണ്ണുകളിലെ നീരുവറ്റി... വിണ്ടുകീറിയ നിലം പോലെ ചുവന്ന ചെറുഞ്ഞരമ്പുകള്‍ തെളിഞ്ഞുവന്നിരിക്കുന്നു.
പുറത്തിരുന്ന ഏട്ടനെ അച്ഛന്റെ അടുക്കലാക്കി ഡ്യൂട്ടി നഴ്സ് കുറിച്ചുതന്ന മരുന്ന് വാങ്ങാന്‍ ഞാന്‍ ഒന്നാം നിലയിലുള്ള ഫാര്‍മസിയിലേക്ക് പോയി.
നിമിഷങ്ങള്‍ക്ക് ആയുസ്സിന്‍റെ വിലയുള്ളതിനാല്‍ ലിഫ്റ്റിനുവേണ്ടി
കാത്തുനിന്നില്ല.
ആശുപത്രിയുടെ ഇടനാഴികയിലൂടെ നടക്കുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു. എന്റെ നിഴലുകള്‍ക്ക്പോലും അപ്പോള്‍ മങ്ങലേറ്റിരുന്നു. മുന്നോട്ടുള്ള ഒാരോ കാല്‍വെപ്പിലും അകാരണമായ ഒരു ഭയം എന്നെ വേട്ടയാടി.
എന്റെ മുന്നിലൂടെ കടന്നുപോയ ഡ്യൂട്ടി ഡോക്ടറുടെയും, നഴ്സിന്റെയും കണ്ണുകളില്‍ ദയനീയതയും സഹതാപവും നിഴലിച്ചു.
ജീവിതത്തിന്‍റെ ചില സന്ദര്‍ഭങ്ങളില്‍ സംഭാഷണങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. മൗനമാണ് അവിടെ ഏറ്റവും വലിയ ഭാഷ......
പുറത്തുവെച്ച ബാഗില്‍ നിന്നും അച്ഛനവസാനമായി ഉടുക്കാന്‍ ഒരു വെള്ളമുണ്ടും ഷര്‍ട്ടും നഴ്സിന്റെ കൈയില്‍ ഏല്‍പ്പിച്ച് ഞാന്‍ സി.സി.യുവിന് പുറത്തിറങ്ങി.
അച്ഛനിപ്പോള്‍ യാത്രയിലായിരിക്കും. ഈ ലോകത്തിന്‍റെ ഏതെങ്കിലുമൊരുകോണില്‍ . യാത്രകളെ അച്ഛന് അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. എത്രയോ തവണ അങ്ങനെയൊരു യാത്രയെ കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞിരിക്കുന്നു.
എനിക്കുറപ്പാണ്...... യാത്രകള്‍ അവസാനിപ്പിച്ച്. അദ്ദേഹം ഞങ്ങളുടെ അരികില്‍ എത്തും ....
കാരണം, ഈ വീടും പിന്നെ ഞങ്ങളും ചേര്‍ന്നതായിരുന്നു അച്ഛന് .
(ദിനേനന്‍)

ഒരു എഴുത്തുകാരന്റെ ധീര രോദനം (നര്‍മ്മ കഥ )


ഒരു എഴുത്തുകാരന്റെ ധീര രോദനം (നര്‍മ്മ കഥ )
************************************************
സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നതിന് ഉസ്താദായിരുന്നു കുട്ടന്‍ . എത്ര കടുപ്പമേറിയ ഗെയിമും രണ്ട് ദിവസം കൊണ്ട് അവന്റെ വിരലുകളുടെ വരുതിയിലാകും.
മുഖപുസ്തകത്തില്‍ പ്രോഫൈല്‍ ചിത്രങ്ങള്‍ മാറ്റുകയാണ് അവന്റെ മറ്റൊരുഹോബി.
വളരെ യാദൃശ്ചികമായാണ് ആ സാഹിത്യഗ്രൂപ്പില്‍ അംഗമാകുന്നത്. പിന്നീടങ്ങോട്ട് ഒഴുക്കായിരുന്നു. കഥകളുടെയും, കവിതകളുടെയും തീരാത്ത ഒഴുക്ക്.
ഇരുന്നും, നടന്നും, കിടന്നും, എന്തിന്, ബാത്ത്റൂമിലും വായന. വായന തലക്ക് പിടിച്ച് ചെക്കന് ഒരു പൊട്ട ബുദ്ധിതോന്നി.
എന്തുകൊണ്ട് തനിക്കൊരു കഥയോ, കവിതയോ എഴുതികൂടാ.........?
എഴുതി ...., ഒന്ന് , രണ്ട് കവിതകള്‍ എഴുതി ഗ്രൂപ്പിലിട്ടു. ചിലര്‍ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ചില്ലറ ലൈക്കും കമന്റും കിട്ടിട്ടുണ്ട്.
സംഗതി കുഴപ്പമില്ല....
ഒന്നാഞ്ഞുപ്പിടിച്ചാല്‍ ഇപ്പോള് പ്രോഫൈല്‍ പിക്ച്ചറിന് കിട്ടുന്നതിനേക്കാള്‍ കൂടുതല് ലൈക്ക്കിട്ടും.
ചെക്കന്‍ ബെഡ്റൂമില്‍ കയറി വാതിലടച്ചു. വൈകുന്നേരം വാതിലു തുറന്നത് ഒന്നാന്തരം ഒരു കഥയും കൊണ്ടാണ്. ''മരുഭൂമിയിലെ മഴ ''
''മരുഭൂമിയിലെ മഴ'' തനിക്ക് തരാന്‍ പോകുന്ന പ്രശംസകളും ആശംസകളും ഒാര്‍ത്ത് ചെക്കന്റെ മനസ്സ് കുളിര്‍ത്തു.
കഥ ഫോണില്‍ ടൈപ്പുചെയ്തു കഴിഞ്ഞപ്പോഴേക്കും അര്‍ദ്ധരാത്രിയായി.
''ഇനിയിപ്പോ ഇന്നു പോസ്റ്റണ്ട..... ഐശ്വര്യമായി നാളെയാവാം''
ചെക്കന്‍ നിദ്രയില്‍ മുഴുകി....
കാലത്തെ എഴുന്നേറ്റ് തന്റെ മരുഭൂമിയിലെ മഴ സാഹിത്യഗ്രൂപ്പിലേക്ക് പോസ്റ്റി. കിട്ടാന്‍ പോകുന്ന ലൈക്കിനും കമന്റിനും ആര്‍ത്തിയോടെ കാത്തിരുന്നു.
മീശമാധവനില്‍ കൊച്ചിന്‍ ഹനീഫ പറഞ്ഞതുപോലെ കാറ്റ് തട്ടി തണുക്കുബോള് രണ്ടുതുള്ളി..... എന്നതോതിലായിരുന്നു ലൈക്കും കമന്റും.
ചെക്കന്റെ കഷ്ടകാലത്തിന് അന്ന് കര്‍ക്കിടകവാവായിരുന്നു. പ്രേതകഥകളുടെയും, പ്രേതത്തെ പ്രണയിച്ചവന്റെ കഥകളുടെയും, പ്രേതത്തെ പേടിച്ചോടിയ നര്‍മ്മകഥകളുടെയും ഒഴുക്കില്‍ ചെക്കന്റെ ''മരുഭൂമിയിലെ മഴ'' മുങ്ങിപ്പോയി.
രാത്രി പത്തുമണിവരെ കാത്തുനിന്നിട്ടും കിട്ടിയ ലൈക്കിലും കമന്റിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല.
മലയാള സാഹിത്യലോകത്തിന് ഒരു യുവ എഴുത്തുകാരനെയായിരുന്നു ആ സംഭവത്തോടെ നഷ്ടമായത്.
അതോടെ ചെക്കന്‍ എഴുത്ത് നിര്‍ത്തി. സാഹിത്യഗ്രൂപ്പില്‍ നിന്നും ലഫ്റ്റടിച്ചു. ഇപ്പോ പുതിയ ഗെയിമിലും, പുതിയ ഫോട്ടോ എഡിറ്റ് ചെയ്യുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് പാവം.....

By
Dinenan

ചുളിവുകള്‍


ചുളിവുകള്‍
************
ഡിഗ്രി പഠനത്തിനുശേഷം ഇനി എന്ത് എന്ന ചോദ്യത്തിന് ഞാന്‍ കണ്ടെത്തിയ ഉത്തരമായിരുന്നു എം.എസ്. ഡബ്ല്യു.
കോഴ്സ് തിരഞ്ഞെടുത്തപ്പോഴും, പഠനത്തിന്റെ ആദ്യ ഘട്ടത്തിലും അതിന്റെ പിന്നിലെ സാമ്പത്തിക നേട്ടവും, അത് നല്‍കുവാന്‍ പോകുന്ന സാമൂഹ്യ നിലവാരവും മാത്രമായിരുന്നു മനസ്സില്‍.
പഠനത്തിന്റെ ഭാഗമായി നടത്തിയ ചില യാത്രകളും, കണ്ട കാഴ്ച്ചകളുമാണ് പിന്നീട് എന്റെ ചിന്താഗതികളെതന്നെ മാറ്റിമറിച്ചത്.
ആ ജോലിയിലെ നന്മയെ ഞാന്‍ തിരിച്ചറിഞ്ഞുതുടങ്ങിയതും അതിന് ശേഷമാണ്.
മൂന്നാം സെമസ്റ്ററിന്റെ അവസാന കാലത്താണ് ഒരു പ്രോജക്റ്റിന്റെ ഭാഗമായി ഞങ്ങള്‍ ആ ആദിവാസി ഊരിലെത്തിയത്.
ഉച്ചയോടെ എല്ലാ വീടുകളും കയറി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് നടത്തിയ കണക്കുകൂട്ടലുകളിലാണ് അത് ശ്രദ്ധയില്‍പ്പെത്. ഒരു വീട് മാത്രം സര്‍വ്വേയില്‍ നിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു.
'' അങ്ങ്കെ യാറുമേ ഇല്ല....''
'' ഒര് കെയവിതള്ളതാ ഇറ്ക്കെ.....''
''അതിന് പേശ മുടിയിലേ.....''
അയല്‍ വാസികളിലൊരാള്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു.
അയാളുടെ എതിര്‍പ്പുകളെ വകവയ്ക്കാതെ കല്ലുപാകിയ പടവുകള്‍ കയറി ഞാന്‍ ആ വീടിനെ ലക്ഷ്യമാക്കി നടന്നു.
മുറ്റത്ത് എത്തിയപ്പോള്‍ മുതല്‍ അസഹ്യമായ ദുര്‍ഗന്ധം എന്റെ ശ്വാസ നിശ്വാസങ്ങളെ തടസ്സപ്പെടുത്തികൊണ്ടിരുന്നു.
ആ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഒരു ഭാഗം ടാര്‍പ്പായ വലിച്ച് കെട്ടിയിരിക്കുന്നു.
സിമന്റ് തേച്ചിട്ടില്ലാത്ത ചുവരുകള്‍.....നിത്യേനയുള്ള സ്പര്‍ശ്ശനം കൊണ്ട് പരുക്കനായ കല്ലുകള്‍ക്ക് തേയ്മാനം സംഭവിച്ചരിക്കുന്നു.
ഊരിലെ മറ്റ് വീടുകളെക്കാള്‍ ശോചനീയമാണ് അതിന്റെ അവസ്ഥ. ഏതു നിമിഷവും നിലംപൊത്താവുന്ന ഒരു കുടില്‍.
അടര്‍ന്ന് വീഴാറായ മരവാതിലുകള്‍ ശ്രദ്ധയോടെ തുറന്ന് ഞാന്‍ അകത്ത് കയറി. അപ്പോഴേക്കും ആ ദുര്‍ഗന്ധം എന്റെ ആമാശയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും, അതൊരോക്കാനമായി തൊണ്ടയില്‍ എത്തുകയും ചെയ്തു.
കൈയിലുണ്ടായിരുന്ന കര്‍ച്ചീഫ് കൊണ്ട് മൂക്കും വായും ഞാന്‍ ഭദ്രമായി കെട്ടി.
''ഹലോ.......''
''ഇവിടെ ആരുമില്ലേ...?''
''അമ്മേ................അമ്മേ.............''
ഒരു ഞരക്കം കേട്ടാണ് ഞാന്‍ മുറിയിലേക്ക് കടന്നത്.
ടാര്‍പ്പായയുടെ നീലവെളിച്ചത്തിന്‍ ഞാന്‍ ആ രൂപം വ്യക്തമായി തന്നെ കണ്ടു.
അസ്ഥികള്‍ ഉന്തിയ ഒരു വികൃത രൂപം. ചാണകം മെഴുകിയ തറയില്‍ അത് ചുരുണ്ട്കൂടികിടക്കുന്നു.
മുഷിഞ്ഞ് കീറിയ ഒരു കള്ളിമുണ്ട്, അത് അരയില്‍ നിന്നും അഴിഞ്ഞ് കിടന്നു. അരയ്ക്ക് മുകളില്‍ പൂര്‍ണ്ണമായും നഗ്നമാണ്.
സ്തനങ്ങള്‍ ചുക്കിച്ചുളിഞ്ഞ് വാരിയെല്ലുകള്‍ കാണും വിധം നെഞ്ചുമായി പറ്റിച്ചേര്ന്നിരിക്കുന്നു. കൈവിരലിലെ നഖം വളര്‍ന്ന് വികൃതമായി കാണപ്പെട്ടു.
ഹൃദയബേധകമായിരുന്നു ആ കാഴ്ച. അധികനേരം അത് കണ്ടുനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
മുറിയില്‍ നിന്നും പുറത്തിറങ്ങി.
ഒരു മനുഷ്യജീവനാണ് എന്റെ മുന്നില്‍ ....... കേവലം പുഴുവിനെപ്പോലെ.... നരകിച്ച്..... ഈശ്വരാ.....
മലവും, മൂത്രവും, ഭക്ഷണാവശിഷ്ടങ്ങളും കെട്ടികിടന്ന് വീടും പരിസരവും ദുര്‍ഗന്ധംവമിക്കുന്നു.
ചുവരിന്റെ അരികുപറ്റി സഞ്ചരിക്കുന്ന ചുവന്ന ഉറുമ്പിന്‍ കൂട്ടങ്ങള്‍..... കണ്ണീരൊലിച്ചുണ്ടായ പാടി
 ലേക്ക് ആര്‍ത്ത് പായുന്ന ഈച്ചകള്‍...... അതിനുനടുവില്‍ വേദനകൊണ്ട് പുളയുന്ന ഒരമ്മ.
അവരുടെ ഒരേഒരു മകന്‍ രാഘവന്‍ കഴിഞ്ഞ വര്‍ഷം ഭാര്യയേയും രണ്ട് മക്കളെയും കൂട്ടി നഗരത്തിലേക്ക് താമസം മാറ്റി. അയാളവിടെ കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്.
മൂന്ന് മാസം മുമ്പുവരെ അയാള്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും അമ്മയെ കാണാന്‍ വരാറുണ്ട്.
അമ്മ പൂര്‍ണ്ണമായും കിടപ്പിലായതിന് ശേഷം അയാളിങ്ങോട്ട് തിരിഞ്ഞുനോക്കിട്ടില്ല. അയല്‍ക്കാരാരെങ്കിലും ഭക്ഷണം കൊണ്ട് കൊടുക്കും. അസഹ്യമായ നാറ്റം കാരണം ആരും അധികസമയം അവിടെ നിക്കാറുമില്ല.
കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ദിവ്യ തന്റെ സ്മാര്‍ട്ട് ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്താനുള്ള
തിരക്കിലായിരുന്നു. എന്തുകൊണ്ടോ...... അത് ഒരു ഹീനമായ പ്രവൃത്തിയായി എനിക്ക് തോന്നി. അതിലവളെ സഹായിക്കാന്‍ എനിക്ക് മനസ്സ് വന്നില്ല.
അയല്‍ക്കാരുടെയും അധികാരികളുടെയും സഹായത്തോടെ
സ്ട്രക്ച്ചറില്‍ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുപ്പോള്‍ ആ സ്ത്രീ എന്തോ പുലമ്പുന്നുണ്ടായിരുന്നു.......
അത് അവരുടെ മകന്റെ പേരായിരുന്നു.
ഭിത്തിയിലെ ആ ഫോട്ടോ അപ്പോഴാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവരുടെ യൗവ്വന കാലത്തെപ്പഴോ എടുത്തതാണത്.
ഇടതൂര്‍ന്ന മുടിയും, തുടുത്ത കവിളുകളുമുള്ള ഒരു സ്ത്രീ ഒാമനത്തമുള്ള ഒരാണ്‍കുഞ്ഞിനെ ഒക്കത്തെടുത്ത് നില്‍ക്കുന്നു.
ആ സംഭവത്തിനുശേഷവും മനുഷ്യന്‍ എന്ന അത്ഭുത ജീവിയെ അടുത്തറിഞ്ഞ എത്രയോ സന്ദര്‍ഭങ്ങളുണ്ടായിരിക്കുന്നു എന്റെ ജീവിതത്തില്‍......
അവന്റെ നിഷ്ക്രിയത്വവും, നിര്‍വികാരതയും വെളിപ്പെട്ട എത്രയോ നിമിഷങ്ങള്‍......
ഇന്നും ആ സ്ത്രിയെ കുറിച്ചോര്‍ക്കുമ്പോള്‍ കാല്‍ പാദം മുതല്‍ നെറ്റിതടം വരെ നീണ്ടു നില്‍ക്കുന്ന ചുളിവുകളാണ് എന്റെ കണ്ണുകളില്‍ തെളിയുന്നത്.
മിനുസ്സമേറിയ എന്റെ മുഖത്തും ആ ചുളിവുകള്‍ എനിക്ക് ദൃശ്യമാകുന്നു.
ഒരു ക്രീമിനും പൗഡറിനും മായ്ച്ചുകളയാനാവാതെ കാലം എനിക്ക് വേണ്ടികരുതിവെച്ച ചുളിവുകള്‍ .........
(ദിനേനന്‍)

കുങ്കുമച്ചെപ്പില്‍ ഭസ്മം


ദീപ്തി, അവള്‍ ഇന്ന് പതിവിലും സുന്ദരിയായികാണപ്പെട്ടു.
കുളികഴിഞ്ഞ് ഈറന്‍ മുടിപിന്നിലേക്കിട്ട് കണ്ണാടിയുടെ മുന്നിലിരുന്ന് സ്വന്തം സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അവള്‍.
മേശപ്പുറത്ത് വെച്ച കുങ്കുമ ചെപ്പില്‍ നിന്നും ഭസ്മമെടുത്ത് അവള്‍ തന്റെ നനവാര്‍ന്ന നെറ്റിയില്‍ ഒരു കുറിതൊട്ടു. കുങ്കുമച്ചെപ്പില്‍ ഭസ്മം സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
എന്നും ചുവന്ന നിറം നെറ്റിയിലണിയാന്‍ ആഗ്രഹിച്ചവളായിരുന്നു അവള്.
ആ ചിന്തകള്‍ അവസാനിച്ചത് നന്ദന്റെ ഒാര്‍മ്മകളിലാണ്. അവയില്‍ പലതും കാലപ്രവാഹത്തില്‍ കുത്തിയൊലിച്ച് പോയിരിക്കുന്നു.
അഞ്ച് വര്‍ഷത്തെ ദാമ്പത്യം ഇരുപതുവര്‍ഷത്തെ വൈധവ്യം. മനുവിന് ഒന്നരവയസ്സുള്ളപ്പോഴാണ് നന്ദന്‍ മരിക്കുന്നത്. പെട്ടന്നുള്ള ഒറ്റപ്പെടലിനെ അവള്‍ അതിജീവിച്ചത്. മകനിലൂടെയായിരുന്നു.
ഒരു ഡോക്ടര്‍ ആയതുകൊണ്ട് ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സാമ്പത്തിക ക്ലേശം അനുഭവിക്കേണ്ടി വന്നില്ല.
മകന്റെ വിവാഹ ശേഷം അവനില്‍ നിന്നും അറിഞ്ഞുകൊണ്ടൊരു അകല്‍ച്ച...... അനിവാര്യമായ ഒരു അതിര്‍വരമ്പ്....
വേറെയൊന്നും കൊണ്ടല്ല, അവന്റെ ഏറ്റവും നല്ല സുഹൃത്ത് അവന്റെ ഭാര്യയാവണമെന്ന തിരിച്ചറിവ്.
പേരകുട്ടി സ്കൂളില്‍ പോകുന്നതുവരെ മകന്റെ കൂടെ വിദേശത്തായിരുന്നു അവള്‍. കൊച്ചുമകന്‍ സ്കൂളിലും മകനും ഭാര്യയും ജോലിക്കും പോയികഴിഞ്ഞാല്‍ ഫ്ലാറ്റിന്റെ നാലുചുവരുക്കള്‍ക്കുള്ളില് ഒറ്റയ്ക്ക്......വീണ്ടും നശിച്ച ഏകാന്തതയുടെ ദിനങ്ങള്‍.....
നാട്ടിലെത്തിയതും ഒരിക്കല്‍ ഊരിവെച്ച വെളുത്തകോട്ടും സ്റ്റെതസ്കോപ്പും വീണ്ടും എടുത്തണിഞ്ഞതും ഒറ്റപ്പെടലിലില്‍നിന്നുള്ള ഒളിച്ചോട്ടത്തിന്റെ ഭാഗമായിരുന്നു.
പിടിവള്ളികളില്ലാതെ തുറന്നിട്ട ലോകത്ത് ഏകാകിയായി അവശേഷിക്കുമെന്ന് ബാല്യത്തിന്റെ ആഘോഷവേളില്‍ ഒരിക്കല്‍ പോലും അവള്‍ ചിന്തിച്ചുകാണില്ല.
സ്ത്രീയുടെ ഏറ്റവും വലിയ ദുഃഖം വൈധവ്യമാണെന്ന് മനസ്സിലാക്കിയ നാളുകള്‍.
വീണ്ടും ഒരു പുനഃര്‍ വിവാഹത്തെ കുറിച്ചോ, കുടുംബജീവിതത്തെകുറിച്ചോ ആലോചിച്ചില്ല. സത്യം പറഞ്ഞാല്‍ അങ്ങനെ ഗൗരവമായ ഒരു ചോദ്യം ആരും തന്നെ ഇതുവരെ ചോദിച്ചില്ല.
പുരുഷന്റെ സാമിപ്യം, സ്നേഹത്തോടെയുള്ള ഒരു സ്പര്‍ശം. ജീവിതത്തിന്റെ അസ്തമയം വരെ അതാഗ്രഹിക്കാത്തവരായി ആരാണുള്ളത്.......?
മരിക്കുന്നുണ്ടെങ്കില്‍ ഭര്‍ത്താവ് ജീവിച്ചിരിക്കെ സുമഗലിയായി മരിക്കണം. അതായിരിക്കും ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്.
തലേന്ന് രാത്രി എപ്പോഴോ പെയ്ത മഴയില്‍ അടര്‍ന്നുവീണ വാസന്തി പൂക്കളുടെ ഗന്ധം കിടപ്പുമുറിയിലും അകത്തളത്തിലും ഒഴുകികൊണ്ടിരുന്നു. അതിന്റെ വശ്യമായ സുഗന്ധം വഹിച്ചുകൊണ്ടുവന്ന കാറ്റില്‍ അവളുടെ മുടിയിഴകള്‍ എന്തോ തേടുന്നതുപോലെ തോന്നി.
അവളുടെ ഇടതൂര്‍ന്ന കൂന്തലിനെ അലങ്കരിക്കാന്‍ ഭാഗ്യമില്ലാതെ അവ മണ്ണിലലിഞ്ഞ് ആത്മാഹൂതിചെയ്തുകൊണ്ടിരുന്നു.
ജനലഴിയിലൂടെ വിദൂരതയില്‍ നോക്കുമ്പോള്‍ സൂര്യന്‍ ഉദിച്ചുവരുന്നതെയുണ്ടായിരുന്നുള്ളൂ. അത് രക്ത വര്‍ണ്ണത്തില്‍ ഒരു പൊട്ടുപോലെ കാണപ്പെട്ടു. അത് അവളുടെ നെറ്റിതടത്തിന് സമാന്തരമായി നിലയുറപ്പിച്ചു. പിന്നീടെപ്പോഴോ മാഞ്ഞുപോകുകയും ചെയ്തു.
(ദിനേനന്‍)

ചോദിക്കാതെ പോയ ചില ചോദ്യങ്ങള്‍ (ചെറുകഥ)


ചോദിക്കാതെ പോയ ചില ചോദ്യങ്ങള്‍ (ചെറുകഥ)
************************
തലശ്ശേരിയില്‍ നിന്നും കോഴിക്കോടേയ്ക്ക്, ദിവസവുമുള്ള ഈ യാത്ര, അതെന്റെ മനസ്സും ശരീരവും ഒരുപോലെ ക്ഷീണിപ്പിച്ചിരിക്കുന്നു.
റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു വിശ്രമത്തിന്റെ അനിവാര്യതയെകുറിച്ചാണ് ഞാന്‍ ചിന്തിച്ചത്.
ഉറക്കകുറവും, ക്ഷീണവും..... ജോലിയില്‍ പോലും വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല. തിരക്കുകാരണം ഇന്നും ഒാഫീസില്‍ നിന്ന് ഇറങ്ങാന്‍ വൈകി.
യാത്രയിലുടനീളം പ്രാര്‍ത്ഥനയായിരുന്നു. നേത്രാവതി അല്പം വൈകിഎത്തിയാമതിയായിരുന്നു. ഇടയ്ക്ക് കണ്ണ് വാച്ചിലേക്ക് പാളികൊണ്ടിരുന്നു.
അത് കിട്ടാതെ വന്നാല്‍ പിന്നീടുള്ളത് ഒമ്പത് മണിയുടെ എക്സിക്യൂട്ടീവാ, അത് നാട്ടിലെത്താന്‍ പതിനൊന്ന് മണി കഴിയും. രാത്രി പത്തിനുശേഷം നാട്ടിലേക്ക് ബസ്സും ഇല്ല. അങ്ങനെ വ്യാകുലതകളേറെയായിരുന്നു മനസ്സില്‍.
ബസ്സ് ഇറങ്ങിയതും ഒാടി... ആ ഒാട്ടം അവസാനിച്ചത് സ്റ്റേഷനിലെ ടൈം ബോര്‍ഡിനുമുന്നിലായിരുന്നു.
അപ്പോള്‍ എന്റെ ഹൃദയമിടിപ്പ് എന്റെ കാതുകള്‍ക്ക് കേള്‍ക്കാന്‍ കഴിയും വിധം ഉച്ചത്തിലായിരുന്നു.
ഇല്ല, പോയിട്ടില്ല. മിക്ക വണ്ടികളും ലെയിറ്റാണ്. ബേഗിലെ വാട്ടര്‍ ബോട്ടില്‍ നിന്നും അവസാന തുള്ളി ജീവജലവും ആര്‍ത്തിയോടെ അകത്താക്കി. എന്നിട്ടും തോണ്ടയിലെ ദാഹം ശമിച്ചില്ല.
വണ്ടികള്‍ വൈകിയതിന്റെ തിരക്ക് പ്ലാറ്റ് ഫോമില്‍ കാണാം. നാലാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ അവസാന ഭാഗത്തായാണ് ജനറല്‍ കമ്പാര്‍ട്ട്മെന്റ് വരിക. അതുകൊണ്ട് അവിടെയൊരു ഇരിപ്പിടം കണ്ടെത്തി.
നാളെ ഞായറാഴ്ചയാണ്. ദീര്‍ഘമായ ഉറക്കം സ്വപ്നം കണ്ടിരിക്കുന്ന എന്നിലേക്ക് ഒരു ശുഷ്ക്കിച്ച നിഴല്‍ വന്നു പതിച്ചു.
എണ്‍പതിനടുത്ത് പ്രായം വരുന്ന ഒരു സ്ത്രീ. പൊക്കം കുറഞ്ഞ് വെളുത്ത ശരീരം. മുഷിഞ്ഞ ഒരു സാരിയാണ് വേഷം. കൈയില്‍ ഒരു തുണി സഞ്ചിയും.
'' മോനേ..... കണ്ണൂരിലേക്ക് ഇപ്പോ വണ്ടി വല്ലതും ഉണ്ടോ.....?''
ഇടറുന്ന ശബ്ദത്തോടെ അവര്‍ എന്നോട് ചോദിച്ചു.
എന്റെ കണ്ണുകള്‍ അപ്പോള്‍ അവരുടെ കൂടെവന്നവരെ തിരയുകയായിരുന്നു. പക്ഷേ അങ്ങനെ ആരേയും കണ്ടെത്താന്‍ എനിക്കായില്ല.
''അമ്മയുടെ കൂടെയാരുമില്ലേ......?''
''എവിടെയാ പോകേണ്ടേ...?''
എന്റെ ചോദ്യങ്ങള്‍ക്കുത്തരമെന്നോണം ആ സ്ത്രീ കുറച്ച് ലോട്ടറി ടിക്കറ്റുകള്‍ എനിക്കുനേരേ നീട്ടി.
അതില്‍ നിന്നും ഒന്ന് വാങ്ങി.
'' 30 രൂപാ......
പേഴ്സില്‍ നിന്നും നൂറു രൂപ എടുക്കവേ.
''അയ്യോ കുട്ടീ..... ചില്ലറയില്ലോ ബാക്കി തരാന്‍....''
''ബാക്കി വേണന്നില്ല..... കൈയില്‍ വെച്ചോ.....''
ചുളിവുകള്‍ വീണുതൂങ്ങിയ കവിളില്‍ നുള്ളികൊണ്ട് ഞാന്‍ പറഞ്ഞു.
നരച്ച പീലികളുള്ള, നിറം മങ്ങിയ ആ കണ്ണുകള്‍ അപ്പോളൊന്ന് തിളങ്ങി.
നിമിഷങ്ങള്‍ക്കുള്ളില്‍ ആ മൂകതയെ നിഷ്കരുണം ഭേദിച്ച്കൊണ്ട് നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും ഒരു ഇലക്ട്രിക്ക് ട്രെയിനിന്റെ കാതടപ്പിക്കുന്ന ചൂളം വിളി.
'' ഈ ട്രെയിന്‍ കണ്ണൂരിലേക്കാണ്....''
അത് ഞങ്ങളേയും പിന്നിട്ട് ഏറെ ദൂരം മുന്നോട്ടായി നിര്‍ത്തിയിട്ടു.
തിരക്കില്‍ നിന്നും തിരക്കിലേക്ക് നീങ്ങുന്ന നാഗരികലോകമപ്പോള്‍ ആ ട്രെയിനിനു പിന്നാലെ ഒാടുകയായിരുന്നു. അവരുടെ കൂടെ ഒാടിയെത്താനാവാതെ ആ വൃദ്ധ ഏങ്ങി.....ഏങ്ങി..... നടന്നു നീങ്ങി.
ഒടുവില്‍ പുറകിലെ കമ്പാര്‍ട്ട്മെന്റില്‍ കയറുന്നതിനുമുമ്പ് എനിക്കു നേരെ കൈ വീശികാട്ടാനും അവര്‍ മറന്നില്ല.
ആരായിരുന്നു ആ സ്ത്രീ ....?
എവിടെ.....? എങ്ങനെ.....? അങ്ങനെ നൂറ് നൂറ് ചോദ്യങ്ങള്‍ ബാക്കിയാക്കി ഒരു പകല്‍ സ്വപ്നം പോലെ അവര്‍ എന്റെ മുന്നില്‍ നിന്നും മാഞ്ഞു.
ബസ്സ് യാത്രക്കിടെ കണ്ട സഹയാത്രികന്റെ നിസ്സംഗതയാര്‍ന്ന കണ്ണുനീരാണ് എന്റെ ഒാര്‍മ്മയിലെത്തിയത്. അതും....., അതും ഞാന് അവഗണിക്കുകയായിരുന്നു.
എന്നിലെ ജാള്യത....., ഞാന്‍ തന്നെ സ്വയം സൃഷ്ടിച്ചെടുത്ത എന്റെ തിരക്കുകള്‍ കാരണം ചോദിക്കാതെ പോയ അങ്ങനെ എത്രയോ ചോദ്യങ്ങള്‍ ......
എനിക്ക് മുന്നില്‍ രണ്ടറ്റങ്ങള്‍ കാണാതെ സമാന്തരമായി നീളുന്ന ആ റെയില്‍പാത ഒരു വലിയ ചോദ്യചിഹ്നമായി അപ്പോള്‍ എനിക്കു തോന്നി.
അടുത്ത ഒരു ചൂളം വിളിക്ക് കാതോര്‍ത്ത് ഞാനാ മാര്‍ബിള്‍ ബഞ്ചില്‍ ഇരുന്നു......
✍ (ദിനേനന്‍)

ജാനകി ടീച്ചര് (ചെറുകഥ)


ജാനകി ടീച്ചര് (ചെറുകഥ)
**************************
മൂന്ന് ദിവസായി നാട്ടിലെത്തീട്ട്. ഈ വരവിന്റെ പ്രധാന ഉദ്ദേശം ടീച്ചറെ കാണുക എന്നതാണ്. എന്റെ ഇന്നത്തെ യാത്രയും അങ്ങോട്ട് തന്നെ, ടീച്ചറുടെ അടുത്തേക്ക്.
ഇപ്പോ നിങ്ങള് കരുതുന്നുണ്ടാകും ഏതാ ഈ ടീച്ചറെന്ന്.
നെല്ലിക്കല് ഹൈസ്കൂളില് പഠിക്കുന്നകാലത്ത് എന്റെ ക്ലാസ്സ് ടീച്ചറും മലയാളം അധ്യാപികയുമായിരുന്ന ജാനകിടീച്ചറ്.
ആ കാലത്ത് പഠന നിലവാരം നന്നേ കുറഞ്ഞ കുട്ടികളിലൊരാളായിരുന്നു ഞാന്. കുരുത്തംകെട്ടവന്, തല്ലുകൊള്ളി, തുടങ്ങിയ സ്ഥാന പേരുകള് എനിക്ക് വന്നുചേര്ന്നുകൊണ്ടിരിക്കുന്ന സമയം.
അങ്ങനെ ഞാന് ജാനകി ടീച്ചറുടെ സ്ഥിരം നോട്ടപുള്ളിയായി. ആയിടയ്ക്കാണ് എന്നെ നന്നാക്കുവാനുള്ള ഊര്ജിത ശ്രമങ്ങള്ക്ക് ടീച്ചര് തുടക്കം കുറിച്ചത്.
അതിന്റെ ആദ്യ പടിയായി അച്ഛനെ സ്കൂളില് വിളിപ്പിച്ചു. സ്കൂളിന്റെ അടുത്തായി അച്ഛനന്ന് പലചരക്ക് കടയുണ്ടായിരുന്നു.
എന്റെ ദൈനദിന വിവരങ്ങളും, അച്ഛനറിയാതെ ഞാന് ഒളിച്ചുവെച്ച പരീക്ഷയുടെ മാര്ക്കും ടീച്ചര് കൃത്യമായി അച്ഛനെ അറിയിച്ചു. അങ്ങനെ ടീച്ചര് എന്റെ പ്രധാന ശത്രുവു, ഞാന് കടുത്ത ഈശ്വര വിശ്വാസിയുമായി.
ടീച്ചര്ക്ക് സ്ഥലം മാറ്റം കിട്ടാനും പനിപിടിച്ച് കിടപ്പിലാവാനും ഞാന് നിരന്തരമായി പ്രാര്ത്ഥനകള് നടത്തി.
അങ്ങനെ എന്റെ പ്രാര്ത്ഥനയുടെ ഫലമെന്നോണം ടീച്ചര്ക്ക് ഒരപകടം പറ്റി. അതോടെ ടീച്ചര് സ്കൂളില് വരാതെയായി.
ആദ്യമൊക്കെ സന്തോഷം തോന്നിയെങ്കിലും പിന്നീടെപ്പോഴോ എന്റെ പിഞ്ചുമനസ്സ് വേദനിച്ചുതുടങ്ങി. എന്റെ ശക്തമായ പ്രാര്ത്ഥനയാവാം ടീച്ചറുടെ അപകടത്തിനു കാരണമെന്ന് ഞാന് വിശ്വസിച്ചു പോന്നു.
അങ്ങനെ ദീര്ഘ നാളത്തെ ആലോചനയ്ക്ക് ശേഷം ടീച്ചറെ നേരിട്ടുകാണാനും മാപ്പുചോദിക്കാനുമായി ഞാന് ടീച്ചറുടെ വീട്ടിലേക്കുപോയി.
ഒരു ചൂരല് പ്രയോഗം പ്രതീക്ഷിച്ചുപോയ എനിക്ക് ടീച്ചര് സമ്മാനിച്ചത് അമ്മ തരാതെപോയ വാത്സല്യം നിറഞ്ഞ ഒരു ചുംബനമായിരുന്നു. ജനിച്ചപ്പോഴേ അമ്മ നഷ്ടപ്പെട്ട എനിക്ക് കിട്ടിയ അദ്യത്തെ വാത്സല്യ ചുംബനം.
അന്നുമുതല് ജാനകി ടീച്ചര് എന്റെ ഇഷ്ടപ്പെട്ട ടീച്ചറും, മലയാളം എന്റെ ഇഷ്ട വിഷയവുമായി.
ക്ലാസുകഴിഞ്ഞാല് ടീച്ചറുടെ കൂടെ നേരെ വീട്ടിലേക്ക്. ടീച്ചറുണ്ടാക്കിയ ഉണ്ണിയപ്പവും, അച്ചപ്പവും കഴിച്ചാല് പിന്നീടുള്ള സമയങ്ങള് പഠനത്തിന്റെതാണ്. രാത്രി കട അടച്ച് അച്ഛന് വീട്ടിലേക്ക് പോകുമ്പോ ഞാനും കൂടെ പോവൂ.
ടീച്ചറുടെ ചിട്ടയായ ശിക്ഷണത്തിന്റെ ശ്രമമെന്നോണം ക്ലാസിലെ മികച്ച വിദ്യാര്ത്ഥികളുടെ പട്ടികയില് വൈകാതെ ഞാനും ഇടം നേടി.
ആ ഇടയ്ക്കാണ് ക്ലാസില് സ്കോളര് ഷിപ്പിനുള്ള അപേക്ഷാ ഫോം വിതരണം ചെയ്തത്. അതില് അമ്മയുടെ പേരിന്റെ സ്ഥാനത്ത് ഞാന് ജാനകി ടീച്ചര് എന്നെഴുതി. അവിവാഹിതയായ ടീച്ചറുടെ പേര് അപേക്ഷാ ഫോമിലെഴുതിയത് അന്ന് സ്റ്റാഫ് റൂമില് വലിയ ചര്ച്ചയായി. സഹപാഠികള് കളിയാക്കി, അപ്പോഴും ടീച്ചര്
വിളമ്പിയ ഉണ്ണിയപ്പത്തിന്റെ സ്വാദും, അമ്മയുടെ സ്നേഹവും തെല്ലുപോലും കുറഞ്ഞില്ല. പതിന്മടങ്ങ് കൂടിയതെയുള്ളൂ.
ആ സംഭവത്തോടെ ഞാന് സ്കൂളിലും കുട്ടികളുടെ ഇടയിലും ജാനകിടീച്ചറുടെ മകനായി. ടീച്ചര് എനിക്കമ്മയും.
ഉന്നത വിജയത്തോടെ പത്താം ക്ലാസ് പരീക്ഷ പാസായപ്പോഴും. പ്രീഡിഗ്രി, ഡിഗ്രി പഠനകാലത്തും എന്റെ എല്ലാ കാര്യങ്ങളും ഒരമ്മയെ പോലെ ടീച്ചര് ചോദിച്ചറിഞ്ഞു. പ്രസവിച്ചതുകൊണ്ടുമാത്രം അമ്മയാവില്ലെന്നും പ്രസവിക്കാതെയും ഒരു സ് ത്രിക്ക് അമ്മയാവാമെന്നും എനിക്ക് മനസിലാക്കിതന്നത് ടീച്ചറാണ്.
ജോലികിട്ടി ഒാസ്ട്രേലിയയിലേക്ക് പോകുമ്പോള് ഏറ്റവും വലിയ ദുഃഖം ടീച്ചര് എനി കൂടെയുണ്ടാവില്ലല്ലോ എന്നതായിരുന്നു.
ഇടയ്ക്ക് ഞാന് ടീച്ചറെ വിളിക്കും. മിക്കപ്പോഴും ടീച്ചര് കത്തുകളെഴുതും, അതാ ടീച്ചര്ക്കിഷ്ടം. രണ്ട് വര്ഷങ്ങള്ക്കുമുമ്പ് ടീച്ചര് സര് വീസില് നിന്നും വിരമിച്ചു. ഇപ്പോള് വീട്ടില് തനിച്ചാണ്.
ഒരു മനുഷായുസ്സ് മുഴുവന് വിദ്യാര്ത്ഥികള്ക്കും, അധ്യാപനത്തിനും വേണ്ടി മാറ്റി വെച്ച സ് ത്രീ. അവര് എന്നും എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു.
കൊന്നപൂക്കള് വീണുകിടക്കുന്ന നടവഴിയിലൂടെ എന്റെ കാര് മുന്നോട്ട് നീങ്ങി. മൂവാണ്ടനും ആഞ്ഞിലിയും തണലൊരുക്കിയ മുറ്റത്ത് നിന്നും ഞാന് കോലായിലേക്ക് കയറി.
ഉമ്മറത്തെ ചുവരില് മികച്ച അധ്യാപികയ്ക്കുള്ള അവാര്ഡ് പ്രസിഡറ്റിന്റെ കൈയില് നിന്നും വാങ്ങുന്ന ടീച്ചറുടെ ഒരു ബ്ലേക്ക് ആന്റ് വൈറ്റ് ഫോട്ടോ. പിന്നെ ചില പഴയകാല ഗ്രൂപ്പ് ഫോട്ടോകളും.
ഞാന് നോക്കുമ്പോ പഴയ ആ ചാരുകസേരയിലിരുന്ന് അടുത്ത വീട്ടിലെ കുട്ടികള്ക്ക് കുഞ്ഞുണ്ണി മാഷിന്റെ കവിതകള് പാടികൊടുക്കുകയായിരുന്നു ടീച്ചര് .
വളരെ അപൂര് വ്വമായി മാത്രമേ ഞാന് ടീച്ചറെ തനിച്ചു കണ്ടിട്ടുള്ളൂ. മിക്കപ്പോഴും ഏതെങ്കിലുമൊക്കെ കുട്ടികളുണ്ടാവും ടീച്ചറുടെ ഒപ്പം.
എന്നെ കണ്ടതും
''ന്റെ കുട്ടീ........ന്നും'' വിളിച്ച് ടീച്ചര് അടുത്തേക്ക് വന്നു. ഒരു അഞ്ചുവയസ്സുകാരിയുടെ നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു അപ്പോള് ആ മുഖത്ത്.
മൂന്ന് വര്ഷങ്ങള്ക്കിപ്പുറം ടീച്ചര്ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. നെറ്റിയിലെ ആ ചുവന്ന വട്ടപൊട്ടും, അതിനു മുകളിലെ ചന്ദന കുറിയും ഇന്നും മായാതെ അതുപോലെ തന്നെ അവിടെയുണ്ട്. ഒരു മുടിയിഴപോലും അധികമായി നരച്ചിട്ടില്ല.
ടീച്ചര്ക്ക് വേണ്ടി വാങ്ങിയ ആ ഇളം മഞ്ഞ പൂക്കളുള്ള സാരി ഞാന് ടീച്ചറുടെ കൈയില് കൊടുത്തു.
ടീച്ചര്ക്ക് ഒരു സമ്മാനം വാങ്ങണമെന്നാലോചിച്ചപ്പോ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. ചെറുപ്പം തൊട്ടുള്ള ആഗ്രഹമായിരുന്നു. പഠിച്ച് ഒരു ജോലി കിട്ടിയാല് ടീച്ചര്ക്ക് ഒരു സാരി വാങ്ങികൊടുക്കണമെന്നത്. അതും ഇളം മഞ്ഞപ്പൂക്കളുള്ളത്.
അച്ഛന്റെ മരപ്പെട്ടിയില് സൂക്ഷിച്ച, ഞാനിന്നുവരെ നേരിട്ടു കാണ്ടിട്ടില്ലാത്ത അമ്മയുടെ ഫോട്ടോയില് അമ്മ ചുറ്റിയതും അതെ ഇളം മഞ്ഞ പൂക്കളുള്ള സാരിയായിരുന്നു.
എന്റെ കൈയില്‌ നിന്നും ആ സമ്മാനം വാങ്ങുമ്പോള് ടീച്ചറുടെ കണ്ണുകള് നിറഞ്ഞിരുന്നു. ടീച്ചര് മുഖം അതിലേക്ക് ചേര്ത്തുവെച്ച് ഒരു നിമിഷം നിന്നു.
മുഖമുയര്ത്തി എന്നെ നോക്കുമ്പോള് ആ മഞ്ഞ പൂക്കള് കണ്ണുനീരുവീണ് നനഞ്ഞിരുന്നു. അവയ്ക്ക് അപ്പോള് കൂടുതല് ഭംഗിയും, സുഗന്ധവുമുണ്ടായിരുന്നു..... അമ്മയുടെ സ്നേഹത്തിന്റെ ഗന്ധം....
ടീച്ചറെ ചേര്ത്തുപിടിച്ച് ഞാന് ആ വീടിന്റെ അകത്തേക്ക് നടന്നു നീങ്ങി.
അതിനുള്ളിലെ ഇളം തണുപ്പും, മങ്ങിയ വെളിച്ചവും എന്റെ ആത്മാവിലെക്കരിച്ചുകയറുന്നതായി എനിക്ക് തോന്നി.
അപ്പോഴും ടീച്ചറോട് പറയാന് ഒരു സറ് പ്രൈസ് ഞാന് എന്റെ ബേഗില് കരുതിയിരുന്നു.........
ഒരു എയര്ടിക്കറ്റ്.
ഈ വേനലവധിക്ക് ടീച്ചര് എന്റെ കൂടെയാണ്, ഒാസ്ട്രേലിയയില്. ടീച്ചര് സമ്മതിച്ചാല് എനി ഈ ജന്മം മുഴുവനും....
✍🏽 (ദിനേനന്)

ഒരു പ്രണയകാലത്തിന്റെ ഒാര്‍മ്മയ്ക്


ഒരു പ്രണയകാലത്തിന്റെ ഒാര്‍മ്മയ്ക്
( ചെറുകഥ )
***************************
തിരുവോണത്തിന് ഇനി
വെറും മൂന്ന് ദിവസം മാത്രമേയുള്ളൂ. നഗരത്തിൽ നല്ല തിരക്കാണ്. പൂക്കച്ചവടക്കാരും വഴിവാണിഭക്കാരും റോഡരികുകൾ പൂർണ്ണമായും കീഴടക്കിയിരിക്കുന്നു.
നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഹരിദാസ് ആ നഗരത്തിൽ വരുന്നത്. നഗരത്തിന്റെ കെട്ടും മട്ടും പാടെ മാറിയിരിക്കുന്നു. വീതികൂടിയ പുതിയ റോഡുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ പഴയവ പലതും ഇടവഴികൾ മാത്രമായി.എല്ലാത്തിലുമുപരി ജനവാസം കൂടി.
മകൻ അപ്പുവിനൊപ്പം തിരക്കിൽ നിന്ന് മാറി സ്ഥിതിചെയ്യുന്ന ഒരു പെട്ടികടയിൽ നിന്ന് സർബത്ത് കുടിക്കുകയായിരുന്നു അയാൾ . ഓരോ ആൾ കൂട്ടത്തിലും പരിചയമുള്ള മുഖങ്ങളെ അയാളുടെ കണ്ണുകൾ തേടുന്നുണ്ടായിരുന്നു.
അങ്ങനെ ഇരിക്കെയാണ് പരിചിതമായ ഒരു മുഖം അയാളുടെ മുന്നിലൂടെ കടന്നുപോയത് .
''അതെ അവള് തന്നെ .....സീത.....'' ഈ നാട്ടിലെത്തിയതിനുശേഷംഞാൻ തേടിനടന്ന മുഖം.
അപ്പുവിനെ കാറിലിരുത്തി അയാൾ സീത നടന്നു പോയ
വഴിയേ ദൃതിയിൽ മുന്നോട്ട് പോയി.
സീതാ.... എന്ന് ഉറക്കെ വിളിച്ചിരുന്നെങ്കിൽ ഒരു പക്ഷേ അവൾക്ക് കേൾക്കുമായിരുന്നു.
എന്തുകൊണ്ടോ ആ നിമിഷം നാവ് പൊങ്ങിയില്ല. ഒരുതരം മരവിപ്പായിരുന്നു.
നാട്ടിലേക്കുള്ള ബസ്സിൽ കയറി അവൾ പോകുന്നതുവരെ അയാളവളെ മാറിനിന്ന് വീക്ഷിച്ചു.
അപ്പോഴാണ് ഹരി മകനെക്കുറിച്ചോർത്തത്. അവനെ തനിച്ച് വണ്ടിയിലിരുത്തിട്ടാണ് പോന്നത്. തിടുക്കത്തിലയാൾ വണ്ടി പാർക്ക് ചെയ്തസ്ഥലത്തേക്ക് ഒാടി.
കാറിൽ അപ്പുവും മാളുവും സ്മിതയും അയാളെ കാത്തിരിക്കുകയായിരുന്നു.
''നിങ്ങളിതെവിടാപോയെ ഹരിയേട്ടാ.... എത്ര നേരായി ഞങ്ങളിവിടെ കാത്തിരിക്കുന്നു.''
'' ഏ... എന്താ നീ ചോദിച്ചേ.....
''നിങ്ങടെ ഷോപ്പിംഗ് ഇത്രപ്പെട്ടന്ന് കഴിഞ്ഞോ...?''
''ഈ മനുഷ്യനിതെന്തു പറ്റി ഞാൻ ചോദിച്ചതൊന്നും കേട്ടില്ലേ....''
''മോനെ തനിച്ചാക്കി നിങ്ങളിതെവിടെക്കാ പോയെന്ന്..''
''ഞാൻ..... ഒരു....... സുഹൃത്തിനെ കണ്ടപ്പോ.... ''
''കണ്ടു കഴിഞ്ഞില്ലേ എന്നാ വാ പോവാം. ഇപ്പോതന്നെ വൈകി''
വഴിയിൽ മുഴുവൻ അവർ ഷോപ്പിംഗ് വിശേഷങ്ങൾ പറയുകയായിരുന്നു. അതിനിടയിൽ നടന്ന കുട്ടികളുടെ വഴക്കും സ്മിതയുടെ ശകാരവും അയാൾ കേട്ടില്ല. മനസ് നിറയെ അവളായിരുന്നു. സീത.
വർഷങ്ങൾക്കുശേഷം സീതയെ കണ്ടതിന്റെ വെപ്രാളത്തേക്കാളുപരി കാലം അവളിലുണ്ടാക്കിയ മാറ്റത്തിന്റെ നടുക്കത്തിലായിരുന്നു അയാൾ.
ഇരുപത്തിയഞ്ച് വർഷങ്ങൾ അവളിലുണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല.
നിറം മങ്ങിയ ഒരു കോട്ടൻ സാരിയാണ് അവൾ ചുറ്റിയിരുന്നത്. കൈകളിൽ നിറമുള്ള കുപ്പിവളകളില്ല. ഇടതൂർന്ന മുടിയുടെ ഏറിയ ഭാഗവും കൊഴിഞ്ഞു പോയി. കണ്ണു നിറയെ എഴുതിയ കരിമഷിയും അവളിൽ കാണാനായില്ല. വിയർപ്പുകൊണ്ട് മങ്ങിപ്പോയ ഒരു ചന്ദന കുറിമാത്രം. ഇപ്പോൾ കണ്ടാൽ ഒരു വിധവയെ പോലെ തോന്നിക്കും.
നിറങ്ങളെ ഇഷ്ടപ്പെട്ടവളായിരുന്നു അവൾ. പച്ചയും, മഞ്ഞയും,
നീലയും അങ്ങനെ എന്തും അവൾക്ക് ചേരും. എല്ലാ നിറങ്ങളോടും പ്രിയമുള്ളവൾ.
ദേശീയ പാതയിൽ നിന്നും മാറി പുഴവക്കതെ ചെമ്മൺ പാതയിലൂടെ കാർ മുന്നോട്ട് നീങ്ങി .
അപ്പോഴേക്കും ചിങ്ങത്തിലെ മഴ ചെറുതായി ചാറിതുടങ്ങിയിരുന്നു. പുതുമണ്ണിന്റെ ഗന്ധം അയാളുടെ മൂക്കിലേക്ക് അരിച്ചുകയറി.
മത്തുപിടിപ്പിക്കുന്ന അതിന്റെ ഗന്ധവും കാറിന്റെയുള്ളില് പതിഞ്ഞ ശബ്ദത്തില് പാടുന്ന ഗസല് ശീലുകളും. ഒരു പ്രണയത്തെ മധുരമായി ഒാര്‍ക്കാന് ഇതിലും ഉചിതമായൊരവസരം മറ്റൊന്നുണ്ടോ....?
മഴത്തുള്ളികള് ചിത്രം വരച്ച കാറിന്റെ ചില്ലിലൂടെ അയാൾ തന്റെ കഴിഞ്ഞുപോയ പ്രണയത്തെ നോക്കികാണുകയായിരുന്നു.
സീതയും ഞാനും ഒന്നിച്ച് പഠിച്ച് വളരന്നവരായിരുന്നു. ആ നാട്ടിലെ പേരുകേട്ട തറവാടായിരുന്നു സീതയുടെത്. സന്പത്തുകൊണ്ടും തറവാട്ടു മഹിമ കൊണ്ടും ഞങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. അവളുടെ അച്ഛന്റെ കാരുണ്യത്തിലായിരുന്നു എന്റെ പഠനം.
ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇഷ്ടങ്ങളും അഭിപ്രായങ്ങളും ഒരുപോലെ. അതുകൊണ്ടുതന്നെ എന്റെ മനസ്സ് അവളും, അവളുടെ മനസ്സിലെ ഇഷ്ടം ഞാനും തിരിച്ചറിഞ്ഞു.
ഞങ്ങൾ രണ്ടു പേരുടെയും അടുത്ത സുഹൃത്തായിരുന്നു കുട്ടൻ എന്നു വിളിക്കുന്ന കൃഷ്ണൻകുട്ടി. സൗഹൃദത്തിനപ്പുറം ഞങ്ങളില് പ്രണയമുണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് അവനായിരുന്നു.
അത് ഞങ്ങളുടെ കാലമായിരുന്നു. ആ ഗ്രാമത്തിലെ ആലിൻ ചുവടും, പാടവരബും, കുളക്കടവും അങ്ങനെ സർവ്വവും പ്രകൃതി ഞങ്ങളുടെ പ്രണയത്തിനുവേണ്ടി മാറ്റി വെച്ചിരിക്കുകയായിരുന്നു.
പ്രണയം സിരകളിൽ ലഹരിയായി കത്തി പടർന്ന കാലം കത്തുകളും കവിതകളുമായി ജീവിച്ച സുന്ദര കാലം.
ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരിക്കലും അംഗീകരിക്കാൻ അവളുടെ വീട്ടുകാർക്ക് കഴിയുമായിരുന്നില്ല.
എന്നെ പോലൊരാളെ ആ നാട്ടില് നിന്നും തുടച്ചുനീക്കുക എന്നത് അവരെ സംബന്ധിച്ച് നിസാരമായ കാര്യമായിരുന്നു.
അവരുടെ ഭീഷണിക്കുവഴങ്ങി രായ്ക്ക് രാമാനം ഒളിച്ചോടുകയായിരുന്നു. അച്ഛനേയും, അമ്മയേയും, പെങ്ങമാരേയും കുട്ടി . ഞാന് അവള്ക്കുചേര്ന്നതെല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ട്.
പലയാവര്ത്തി അലോചിച്ച്
ശരിയാണെന്ന് ഉറപ്പിച്ചെടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നു. ഇനി ഒരിക്കലും തിരുത്താന് കഴിയാനാവാത്ത വലിയ തെറ്റുകള്. അന്ന് ഒരല്പ്പം ദൈര്യം കാണിച്ചിരുന്നെങ്കില് ആഗ്രഹിച്ച ജീവിതം കൈയിലുണ്ടാകുമായിരുന്നു.
ഈ 25 വര്ഷത്തിനിടയില് ഞാനവളെ ഒാര്‍ത്തുപോലുമില്ല എന്നു പറഞ്ഞാല് അതു നുണയാവും എന്റെ മനസാക്ഷിയോട് തന്നെ ഞാന് പറയുന്ന ഏറ്റവും വലിയ നുണ.
ഒാര്‍ത്തിരുന്നു പലവട്ടം. ഒാര്‍ക്കുബോഴെല്ലാം ഒരു കുറ്റവാളിയെപോലെ നീറുകയായിരുന്നു മനസ്സ് . അവളുടെ ഒാര്‍മ്മകളെ താലോലിക്കുക എന്നത് സ്മിതയോടും കുട്ടികളോടും ചെയ്യുന്ന വഞ്ചനയാണെന്ന് മനസിലാക്കി ഒളിച്ചോടുകയായിരുന്നു. ഒാര്‍മ്മകളില് നിന്നു പോലും.
ഞാന് ഈ നാട്ടില് നിന്നും പോയ 25 വര്ഷങ്ങള് അവളുടെ ജീവിതത്തില് എന്താണ് സംഭവിച്ചത് . അവളുടെ വിവാഹം കഴിഞ്ഞോ ? ഒന്നും എനിക്കറിയില്ല. ശ്രമിച്ചാല് അറിയുമായിരുന്നു എന്തുകൊണ്ടോ അതിന് തുനിഞ്ഞില്ല.
കുട്ടന് , അവന് പറയാന് കഴിയും. അവനിപ്പോള് വീട്ടില് കാണും. ഞങ്ങളൊന്നിച്ചുപഠിച്ച സ്കൂളിലെ അധ്യാപകനാണ് അവനിപ്പോള്.
അവന് പറയാന് നിറയെ പരാതിയുണ്ടായിരുന്നു. ഒരു കത്തെഴുതാത്തതിന്റെ നേരില് വന്ന് കാണാത്തത്തിന്റെ
ഞാന് അവനോട് സീതയെക്കുറിച്ച് ചോദിച്ചു. അല്പ്പനേരത്തെ മൗനം െവടിഞ്ഞ് അവന് സംസാരിച്ചുതുടങ്ങി.
നിങ്ങളുടെ ബന്ധം അറിഞ്ഞതിനുശേഷം അവളുടെ കല്ല്യാണം നടത്താനുള്ള തിരക്കിലായിരുന്നു അവളുടെ അച്ഛന് . രണ്ടുമൂന്ന് ആലോചനകള് വന്നു. കുടുംബ മഹിമ പോരാന്നും പറഞ്ഞ് ഒന്നും നടന്നില്ല. നിന്റെ അസാന്നിദ്ധ്യവും വീട്ടിലെ എകാന്തതയും അവളെ മാനസികമായി തളറ്ത്തി.
പണ്ടെപ്പോഴോ സുഖപ്പെട്ട അപസ്മാരം വീണ്ടും തലപോക്കി. ഒരിക്കല് അബലമുറ്റത്ത് ദീനം കൂടി കുഴഞ്ഞു വീണു. അസുഖ വിവരം നാട്ടില് പാട്ടായി
അതോടെ ആലോചനകളോന്നും വരാറായി.
സ്വത്ത് ഭാഗം ചെയ്തതോടെ തറവാട് മുടിഞ്ഞു. ഏട്ടന്മാരുടെ വിവാഹം അതിനിടയില് നടന്നു. ആ പാവത്തിനെ മാത്രം ആരും ശ്രദ്ധിച്ചില്ല. അതിന്റെ ജീവിതം ഇങ്ങനെയായി. തറവാട്ടില് അവളും അമ്മയും തനിച്ചാണ് . ടൗണില് ഒരു തുണിക്കടയില് സെയില്സ് ഗേളായി ജോലിക്കു പോകുന്നുണ്ടിപ്പോള്.
കാലത്തുതന്നെ എഴുന്നേറ്റ് നേരെ പോയത് അബലത്തിലേക്കാണ്. അളുടെ മുന്നില് നില്ക്കാനുള്ള ദൈര്യം തരാന് ദൈവത്തോട് പ്രാര്ത്ഥിച്ചു. അപ്പു ഉണ്ടായിരുന്നു കൂടെ.
ഈ യാത്ര എങ്ങോട്ടാണെന്ന് അവന് ചോദിച്ചിരുന്നു. ഒരു ചേച്ചിയെ കാണാന് ന്നാ ഞാനവനോട് പറഞ്ഞിരിക്കുന്നത്.
വയലിന്റെ മറു കരയിലാണ് ആ തറവാട്. ഇക്കര നിന്നാ ഓടു പാകിയ അതിന്റെ മേല്ക്കൂര വ്യക്തമായി കാണാം. ഒരു ക്യാന് വാസ് ചിത്രം പോലെ മനോഹരമാണ് ആ കാഴ്ച്ച.
പഠിപ്പുര കടന്ന് ഞാനും അപ്പുവും തറവാടിന്റെ മുറ്റത്തെത്തി. ആ കെട്ടിടം ക്ഷയിച്ചു പോയിരിക്കുന്നു. ഒാടുകളിളകിവീണ് ഒരു ഭാഗം പൂര്ണ്ണമായും തകര്ന്ന അവസ്ഥയിലാണ്. നെല്ലും തേങ്ങയും കൂട്ടിയിട്ടിരുന്ന മുറ്റം കാടുകയറിയിരിക്കുന്നു. ഒരുകാലത്ത് പുറം പണിക്കാരേയും ആശ്രിതരേയും കൊണ്ട് സജീവമായിരുന്നു ഇവിടം.
ഞാനും അപ്പുവും മുറ്റത്തുനിന്നും ഉമ്മറത്തേക്ക് കയറി.
''കണ്ണേട്ടാ.........'' എന്ന വിളികേട്ടാണ് ഞാന് തിരിഞ്ഞു നോക്കിയത്. വര്ഷങ്ങള്ക്കപ്പുറത്തുനിന്നും ആരോ വിളിച്ചതുപോലെ.
കണ്ണന്..., ആ പേര് ഞാന് തന്നെ മറന്നുപോയിരിക്കുന്നു. സ്മിതയ്ക്ക് പോലും ചിലപ്പോ എന്റെ ആ പേര് ഒാര്‍മ്മകാണില്ല.
ചിരിച്ചുകൊണ്ട് അവള് മുറ്റത്തുനിന്നും കോലായിലേക്ക് കയറി. ചുണ്ടുകളിലെ ചിരി അപ്പോഴേക്കും കണ്ണുകളിലേക്കും വ്യാപിച്ചിരുന്നു.
'' നാട്ടില് വന്നകാര്യം മീനാക്ഷിയേടത്തി പറഞ്ഞു ''
''ഇത്തവണത്തെ ഒാണം നാട്ടിലാക്കാന്നു കരുതീലോ ?
അതെന്തായാലും നന്നായി ''
''ഈ നാടും മണ്ണും മറക്കാന് കണ്ണേട്ടനെകൊണ്ടാവ്വോ ?''
അവള് മകനെ അടുത്തേക്കുവിളിച്ചു. സങ്കോചങ്ങളോന്നും ഇല്ലാതെ അവന് അവളുടെ അടുത്ത് ചെന്നു.
'' എന്താ മോറ്റെ പേര് ''
അവന് തല താഴ്ത്തി പതിഞ്ഞ ശബ്ദത്തില് പറഞ്ഞു.
'' അപ്പു ''
ഇനി ഒരാളുകൂടെയുണ്ട് ഇവന്റെ മൂത്തതാ വേണി ''
അപ്പുവാ ചേച്ചി ഒരു സാധനം തരാം. എന്നും പറഞ്ഞവള് അവനെയും കൂട്ടി അകത്തേക്ക് പോയി. അവനു കഴിക്കാന് ഇലയടയു, കളിക്കാന് ആട്ട പന്തും ഉണ്ടാക്കികൊടുത്തു. നിമിഷങ്ങള് കൊണ്ടുതന്നെ അവള് അവന്റെ മനസ്സ് കൈയിലെടുത്തു.
കുട്ടികളെ മെരുക്കാന് പണ്ടുമുതല്ക്കേ അവള്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
എന്നെക്കുറിച്ചൊന്നും അവള് ചോദിച്ചില്ല. ചോദിച്ചതും അറിഞ്ഞതും മോനെ കുറിച്ചായിരുന്നു. അവന്റെ ഇഷ്ടങ്ങളും ഇഷ്ടകേടുകളുമായിരുന്നു.
പന്തുമായി അപ്പു മുറ്റത്തിറങ്ങിയപ്പോള് ചാരുപടിയില് നിന്നും എഴുന്നേറ്റ് അവളുടെ അടുത്തുചെന്ന് ഞാന് ചോദിച്ചു.
'' സുഖേല്ലേ നിനക്ക് ''
പുഞ്ചിരി മായാതെതന്നെ അതെയെന്നവള് ഉത്തരം തന്നു.
'' ഞാന്..... അന്ന്......''
''ഒന്നും പറയേണ്ട കണ്ണേട്ടാ എനിക്കറിയാം ഈ മനസ്സ്. ''
''ഒന്നും ആരുടെയും കുറ്റം കൊണ്ടല്ല എല്ലാം എന്റെ വിധിയായിരുന്നു. അങ്ങനെ ചിന്തിക്കാനാണെനിക്കിഷ്ടം
ഞാന് സ്തബ്ദനായി നിന്നു. ഇരുപത്തിയഞ്ച് വര്ഷത്തെ എന്റെ മനസ്സിന്റെ ഭാരം. എന്നിലെ കുറ്റബോധം ഒരു വാക്കുകൊണ്ട് അവള് അതൊന്നുമല്ലാതാക്കിമാറ്റി.
ഒടുവില് യാത്രചോദിച്ച് ഇറങ്ങാന് നേരത്ത് അവള് അപ്പുവിന്റെ മൂര്ധാവില് ഒന്ന് ചുംബിച്ചു.
'' അപ്പു...... നല്ല കുട്ടിയായിരിക്കണം.''
'' അച്ഛനെ പോലെ പഠിച്ച് വലിയ ഉദ്ദ്യോഗം വാങ്ങണം. ''
അപ്പോള് മാത്രം അവളുടെ കണ്ണിനു താഴെ നീര്ച്ചാലുകള് പ്രത്യക്ഷപ്പെട്ടിരുന്നു.
അത് ഊര്ന്നു വീണത് അപ്പുവിന്റെ മൂര്ധാവിലായിരുന്നില്ല. എന്റെ ഹൃദയത്തിലായിരുന്നു. അതിന്റെ ചൂട് സഹിക്കാനാവാതെ പുളയുകയായിരുന്നു ആ നിമിഷം ഞാന്.
ഞാന് കാരണം അവള്ക്ക് നഷ്ടപ്പെട്ടത് പ്രണയവും, ജീവിതവും, യൗവ്വനവും മാത്രമായിരുന്നില്ല. അമ്മയാവുക എന്ന സ് ത്രീയുടെ ജീവിതാഭിലാഷം കൂടിയായിരുന്നു.
എന്റെ വിധവയായി ജീവിക്കുകയായിരുന്നില്ലെ അവള്.
തിരിച്ചുള്ളയാത്രയില് മനസ്സ് ഒരു തീര്ത്ഥാടനം കഴിഞ്ഞുവന്ന വിശ്വാസിയെ പോലെ ശാന്തമായിരുന്നു.
ഞങ്ങളെ യാത്രയാക്കാന് കുട്ടന് വീട്ടില് വന്നിരുന്നു.
ഒരു കാര്യത്തെകുറിച്ച് ഗൗരവമായി ആലോരിച്ച് ഒരു തീരുമാനമെടുക്കാന് ഞാനവനോട് പറഞ്ഞിട്ടുണ്ട്.
കുട്ടന്, അവന് നല്ലവനാണ്. ഒരിക്കല് ഞാന് കാരണം പറയാതെ പോയ ഇഷ്ടം അവനിപ്പോഴും മനസ്സില് സൂക്ഷിക്കുന്നുണ്ടെന്ന് അന്നത്തെ അവന്റെ സംസാരത്തില് നിന്നും എനിക്ക് മനസ്സിലായതാണ്.
ആദ്യമൊക്കെ അവളെതിര്ക്കുമായിരിക്കും. പക്ഷെ ഞാന് സമ്മതിപ്പിക്കും. കണ്ണേട്ടന്റെ വാക്കുകളെ എതിര്ക്കാന് സീതയ്ക്കാവില്ല.
ആഗ്രഹിച്ച പലതും കൈക്കുബിളിലെ നീരുപോലെ വാര്ന്നു പോവുകയായി. ആരുടെയോ അദൃശ്യമായ വിരലുകളില് കളിക്കുന്ന പാവകളാവുകയായിരുന്നു.
ഇനിയും ഈ ഗ്രാമത്തില് ഹരിക്ക് വരേണ്ടതായുണ്ട്. ഒരിക്കല് മനസ്സുകൊണ്ട് വെറുത്തണീസ്ഥലം. ഇപ്പോ ഇവിടം പ്രിയപ്പെട്ടതായിരിക്കുന്നു. തന്റെ മിത്രങ്ങളായ കുട്ടനും സീതയും ഇവിടുത്തുകാരാണ്. ആഘോഷങ്ങള് കൂടുതല് മധുരമുള്ളതാകാന് അയാളിനിയും ഈ ഗ്രാമത്തിന്റെ നന്മ തേടിവരും.....
..................................................
( ദിനേനന് )

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo