Slider

ചുളിവുകള്‍

0

ചുളിവുകള്‍
************
ഡിഗ്രി പഠനത്തിനുശേഷം ഇനി എന്ത് എന്ന ചോദ്യത്തിന് ഞാന്‍ കണ്ടെത്തിയ ഉത്തരമായിരുന്നു എം.എസ്. ഡബ്ല്യു.
കോഴ്സ് തിരഞ്ഞെടുത്തപ്പോഴും, പഠനത്തിന്റെ ആദ്യ ഘട്ടത്തിലും അതിന്റെ പിന്നിലെ സാമ്പത്തിക നേട്ടവും, അത് നല്‍കുവാന്‍ പോകുന്ന സാമൂഹ്യ നിലവാരവും മാത്രമായിരുന്നു മനസ്സില്‍.
പഠനത്തിന്റെ ഭാഗമായി നടത്തിയ ചില യാത്രകളും, കണ്ട കാഴ്ച്ചകളുമാണ് പിന്നീട് എന്റെ ചിന്താഗതികളെതന്നെ മാറ്റിമറിച്ചത്.
ആ ജോലിയിലെ നന്മയെ ഞാന്‍ തിരിച്ചറിഞ്ഞുതുടങ്ങിയതും അതിന് ശേഷമാണ്.
മൂന്നാം സെമസ്റ്ററിന്റെ അവസാന കാലത്താണ് ഒരു പ്രോജക്റ്റിന്റെ ഭാഗമായി ഞങ്ങള്‍ ആ ആദിവാസി ഊരിലെത്തിയത്.
ഉച്ചയോടെ എല്ലാ വീടുകളും കയറി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് നടത്തിയ കണക്കുകൂട്ടലുകളിലാണ് അത് ശ്രദ്ധയില്‍പ്പെത്. ഒരു വീട് മാത്രം സര്‍വ്വേയില്‍ നിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു.
'' അങ്ങ്കെ യാറുമേ ഇല്ല....''
'' ഒര് കെയവിതള്ളതാ ഇറ്ക്കെ.....''
''അതിന് പേശ മുടിയിലേ.....''
അയല്‍ വാസികളിലൊരാള്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു.
അയാളുടെ എതിര്‍പ്പുകളെ വകവയ്ക്കാതെ കല്ലുപാകിയ പടവുകള്‍ കയറി ഞാന്‍ ആ വീടിനെ ലക്ഷ്യമാക്കി നടന്നു.
മുറ്റത്ത് എത്തിയപ്പോള്‍ മുതല്‍ അസഹ്യമായ ദുര്‍ഗന്ധം എന്റെ ശ്വാസ നിശ്വാസങ്ങളെ തടസ്സപ്പെടുത്തികൊണ്ടിരുന്നു.
ആ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഒരു ഭാഗം ടാര്‍പ്പായ വലിച്ച് കെട്ടിയിരിക്കുന്നു.
സിമന്റ് തേച്ചിട്ടില്ലാത്ത ചുവരുകള്‍.....നിത്യേനയുള്ള സ്പര്‍ശ്ശനം കൊണ്ട് പരുക്കനായ കല്ലുകള്‍ക്ക് തേയ്മാനം സംഭവിച്ചരിക്കുന്നു.
ഊരിലെ മറ്റ് വീടുകളെക്കാള്‍ ശോചനീയമാണ് അതിന്റെ അവസ്ഥ. ഏതു നിമിഷവും നിലംപൊത്താവുന്ന ഒരു കുടില്‍.
അടര്‍ന്ന് വീഴാറായ മരവാതിലുകള്‍ ശ്രദ്ധയോടെ തുറന്ന് ഞാന്‍ അകത്ത് കയറി. അപ്പോഴേക്കും ആ ദുര്‍ഗന്ധം എന്റെ ആമാശയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും, അതൊരോക്കാനമായി തൊണ്ടയില്‍ എത്തുകയും ചെയ്തു.
കൈയിലുണ്ടായിരുന്ന കര്‍ച്ചീഫ് കൊണ്ട് മൂക്കും വായും ഞാന്‍ ഭദ്രമായി കെട്ടി.
''ഹലോ.......''
''ഇവിടെ ആരുമില്ലേ...?''
''അമ്മേ................അമ്മേ.............''
ഒരു ഞരക്കം കേട്ടാണ് ഞാന്‍ മുറിയിലേക്ക് കടന്നത്.
ടാര്‍പ്പായയുടെ നീലവെളിച്ചത്തിന്‍ ഞാന്‍ ആ രൂപം വ്യക്തമായി തന്നെ കണ്ടു.
അസ്ഥികള്‍ ഉന്തിയ ഒരു വികൃത രൂപം. ചാണകം മെഴുകിയ തറയില്‍ അത് ചുരുണ്ട്കൂടികിടക്കുന്നു.
മുഷിഞ്ഞ് കീറിയ ഒരു കള്ളിമുണ്ട്, അത് അരയില്‍ നിന്നും അഴിഞ്ഞ് കിടന്നു. അരയ്ക്ക് മുകളില്‍ പൂര്‍ണ്ണമായും നഗ്നമാണ്.
സ്തനങ്ങള്‍ ചുക്കിച്ചുളിഞ്ഞ് വാരിയെല്ലുകള്‍ കാണും വിധം നെഞ്ചുമായി പറ്റിച്ചേര്ന്നിരിക്കുന്നു. കൈവിരലിലെ നഖം വളര്‍ന്ന് വികൃതമായി കാണപ്പെട്ടു.
ഹൃദയബേധകമായിരുന്നു ആ കാഴ്ച. അധികനേരം അത് കണ്ടുനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
മുറിയില്‍ നിന്നും പുറത്തിറങ്ങി.
ഒരു മനുഷ്യജീവനാണ് എന്റെ മുന്നില്‍ ....... കേവലം പുഴുവിനെപ്പോലെ.... നരകിച്ച്..... ഈശ്വരാ.....
മലവും, മൂത്രവും, ഭക്ഷണാവശിഷ്ടങ്ങളും കെട്ടികിടന്ന് വീടും പരിസരവും ദുര്‍ഗന്ധംവമിക്കുന്നു.
ചുവരിന്റെ അരികുപറ്റി സഞ്ചരിക്കുന്ന ചുവന്ന ഉറുമ്പിന്‍ കൂട്ടങ്ങള്‍..... കണ്ണീരൊലിച്ചുണ്ടായ പാടി
 ലേക്ക് ആര്‍ത്ത് പായുന്ന ഈച്ചകള്‍...... അതിനുനടുവില്‍ വേദനകൊണ്ട് പുളയുന്ന ഒരമ്മ.
അവരുടെ ഒരേഒരു മകന്‍ രാഘവന്‍ കഴിഞ്ഞ വര്‍ഷം ഭാര്യയേയും രണ്ട് മക്കളെയും കൂട്ടി നഗരത്തിലേക്ക് താമസം മാറ്റി. അയാളവിടെ കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്.
മൂന്ന് മാസം മുമ്പുവരെ അയാള്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും അമ്മയെ കാണാന്‍ വരാറുണ്ട്.
അമ്മ പൂര്‍ണ്ണമായും കിടപ്പിലായതിന് ശേഷം അയാളിങ്ങോട്ട് തിരിഞ്ഞുനോക്കിട്ടില്ല. അയല്‍ക്കാരാരെങ്കിലും ഭക്ഷണം കൊണ്ട് കൊടുക്കും. അസഹ്യമായ നാറ്റം കാരണം ആരും അധികസമയം അവിടെ നിക്കാറുമില്ല.
കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ദിവ്യ തന്റെ സ്മാര്‍ട്ട് ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്താനുള്ള
തിരക്കിലായിരുന്നു. എന്തുകൊണ്ടോ...... അത് ഒരു ഹീനമായ പ്രവൃത്തിയായി എനിക്ക് തോന്നി. അതിലവളെ സഹായിക്കാന്‍ എനിക്ക് മനസ്സ് വന്നില്ല.
അയല്‍ക്കാരുടെയും അധികാരികളുടെയും സഹായത്തോടെ
സ്ട്രക്ച്ചറില്‍ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുപ്പോള്‍ ആ സ്ത്രീ എന്തോ പുലമ്പുന്നുണ്ടായിരുന്നു.......
അത് അവരുടെ മകന്റെ പേരായിരുന്നു.
ഭിത്തിയിലെ ആ ഫോട്ടോ അപ്പോഴാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവരുടെ യൗവ്വന കാലത്തെപ്പഴോ എടുത്തതാണത്.
ഇടതൂര്‍ന്ന മുടിയും, തുടുത്ത കവിളുകളുമുള്ള ഒരു സ്ത്രീ ഒാമനത്തമുള്ള ഒരാണ്‍കുഞ്ഞിനെ ഒക്കത്തെടുത്ത് നില്‍ക്കുന്നു.
ആ സംഭവത്തിനുശേഷവും മനുഷ്യന്‍ എന്ന അത്ഭുത ജീവിയെ അടുത്തറിഞ്ഞ എത്രയോ സന്ദര്‍ഭങ്ങളുണ്ടായിരിക്കുന്നു എന്റെ ജീവിതത്തില്‍......
അവന്റെ നിഷ്ക്രിയത്വവും, നിര്‍വികാരതയും വെളിപ്പെട്ട എത്രയോ നിമിഷങ്ങള്‍......
ഇന്നും ആ സ്ത്രിയെ കുറിച്ചോര്‍ക്കുമ്പോള്‍ കാല്‍ പാദം മുതല്‍ നെറ്റിതടം വരെ നീണ്ടു നില്‍ക്കുന്ന ചുളിവുകളാണ് എന്റെ കണ്ണുകളില്‍ തെളിയുന്നത്.
മിനുസ്സമേറിയ എന്റെ മുഖത്തും ആ ചുളിവുകള്‍ എനിക്ക് ദൃശ്യമാകുന്നു.
ഒരു ക്രീമിനും പൗഡറിനും മായ്ച്ചുകളയാനാവാതെ കാലം എനിക്ക് വേണ്ടികരുതിവെച്ച ചുളിവുകള്‍ .........
(ദിനേനന്‍)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo