നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെണ്മല സിറ്റിയിലെ സ്വപ്നാടകര്‍


വെണ്മല സിറ്റിയിലെ സ്വപ്നാടകര്‍
****************************************************************************
വീടിന്റെ വിറകു പുരയുടെ പുറകില്‍ ഒറോത ചേടത്തി രാവിലെ മുതല്‍ ഒളിച്ചു നില്ക്കു കയാണ്.ഇവിടെ നിന്നു നോക്കിയാല്‍ വീടിന്റെ വരാന്ത ശരിക്കും കാണാം.പള്ളിയിലെ വാര്‍ഷിക ധ്യാനത്തിന് പോലും പോകാതെ ചേടത്തി നട്ടുച്ച ആകുന്നത് വരെ ഒളിച്ചു നില്ക്കുന്നത് സിറ്റിയില്‍ രണ്ടു ദിവസമായി പരക്കുന്ന വാര്‍ത്ത ശരിയാണോ എന്ന്‍ ഉറപ്പിക്കാനാണ്.
കൃത്യം പന്ത്രണ്ടു അടിച്ചപ്പോള്‍ ഒറോത ചേടത്തി കണ്ടു.വരാന്തയില്‍,ക്രിസ്തുവിന്റെ തിരുഹൃദയ രൂപത്തിനും ഗീവര്‍ഗിസ്സ് സഹദായുടെ സര്‍പ്പത്തിനെ കൊല്ലുന്ന ചിത്രങ്ങള്ക്കും ഇടയില്‍,ഏഴു കൊല്ലം മുന്പ് മരിച്ചു പോയ ഭർത്താവ്,കുഞ്ഞേപ്പ് ചേട്ടന്റെ,തേക്കിന്‍ പലക കൊണ്ട് ഫ്രെയിം ചെയ്ത ഫോട്ടോയില്‍ നിന്ന്‍ ഒരു പ്രകാശം!പ്രകാശം മുറ്റത്തേക്ക് ഇറങ്ങി,ഒരു വെളുത്ത രൂപമായി മാറി.കുഞ്ഞേപ്പ് ചേട്ടന്‍!!ഒറോത ചേടത്തി ഞെട്ടി മരവിച്ചു നിന്നു തന്‍റെ പരേത ഭര്‍ത്താവിന്റെ ആത്മാവിന്റെ തുടര്‍ പ്രവര്‍ത്തികള്‍ വീക്ഷിച്ചു.
.
മുറ്റത്തേക്ക് ഇറങ്ങിയ കുഞ്ഞേപ്പ് ചേട്ടന്‍ ആദ്യം ഒന്നു കോട്ടുവാ ഇട്ടു.പിന്നെ മുറ്റത്തെ അയയില്‍ നിന്നു താഴെ വീണ,റബ്ബര്‍ ഷീറ്റ്,ശ്രദ്ധാപൂര്‍വ്വം തിരിച്ചു അയയില്‍ തൂക്കി.ഏഴു കൊല്ലം മുന്പത്തെ വില റബ്ബറിന് ഇപ്പോ ഇല്ലെന്ന് ,ആത്മാവിന് അറിയാമോ എന്ന വിഷയം ഇവിടെ പ്രസക്തമല്ല..ഷീറ്റ് തിരിച്ചു ഇട്ട ശേഷമാണ് മുറ്റത്തെ പായയില്‍ ഉണങ്ങാനിട്ട കുരുമുളകില്‍ രണ്ടു മൂന്നു കോഴികള്‍ ചികയുന്നത് കുഞ്ഞേപ്പ് ചേട്ടന്റെ ശ്രദ്ധയില്പ്പെട്ടത്. അപ്പോള്‍ പല്ല് ഇറുമ്മി കൊണ്ട് ആത്മാവില്‍ നിന്നു താഴെ പറയുന്ന ഒരു വാചകം ചേടത്തി കേട്ടു.അതോടെ അവശേഷിച്ച സംശയം കൂടി ഇല്ലാതായി.
“ആ ഒറോത കഴുവേര്‍ട മോള്‍ എവിടെ പോയി കിടക്കുകയാണ്...?"
ജീവിതകാലത്ത് തന്നെ സ്ഥിരമായി തന്നെ അഭിസംമ്പോധന ചെയ്തിരുന്നത് അങ്ങനെ ആയത് കൊണ്ട് ആത്മാവു കുഞ്ഞേപ്പ് ചേട്ടന്റെ ആണെന്ന് ചേടത്തിക്ക് ഉറപ്പായി.തുടര്‍ന്ന് ആത്മാവു റബ്ബര്‍ തോട്ടത്തിലേക്ക് ഇറങ്ങി,പട്ട മറഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് ഷെയ്ഡുകള്‍ നിവര്‍ത്തി വച്ച്,ഷീറ്റ് അടിക്കുന്ന മെഷീന്‍ സൂക്ഷിയ്ക്കുന്ന പുരയില്‍ കയറിയ ശേഷം റോഡിലേക്ക് ഇറങ്ങി മറഞ്ഞു.ആ പോക്ക്,സ്ഥിരമായി ,അന്തി കള്ള് കുടിക്കുന്ന ഷാപ്പിലേക്ക് ആണെന്ന് വര്‍ഷങ്ങളുടെ ശീലം മൂലം ഒറോത ചേടത്തി ഊഹിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി നഗരത്തില്‍ നിന്നും വിദൂരത്ത് കിടക്കുന്ന,അനന്തമായ തേയില തോട്ടങ്ങളും,കോട മഞ്ഞില്‍ ഉലയുന്ന ചൂള മരങ്ങളും പച്ചനിറമുള്ള നീളന്‍പയര്‍ വള്ളികള്‍ കൊണ്ട് മൂടി കിടക്കുന്ന വിജനമായ റബ്ബര്‍ തോട്ടങ്ങളും മാത്രമുള്ള ഹൈറേഞ്ചിലെ വെണ്ണ്മല സിറ്റി എന്ന ആ കൊച്ചു ഗ്രാമം പരിഭ്രാന്തിയില്‍ ആണ്.ഒന്നും തോന്നരുത്.സിറ്റി എന്നുള്ളത് ഹൈറേഞ്ചു ഭാഗത്തുള്ള ഗ്രാമങ്ങള്ക്ക് പൊതുവായി ഉള്ള ഒരു അലങ്കാരം മാത്രമാണ്.എന്ന് കണ്ടു സിറ്റി സിറ്റിയല്ലതാകുമോ ?
കൃത്യം ഉച്ച ആവുമ്പോള്‍ ,ഒരു മണിക്കൂര്‍ നേരം,മരിച്ച പോയ മനുഷ്യരുടെ ആത്മാക്കള്‍,സിറ്റിയില്‍ പലയിടങ്ങളില്‍ ആയി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.പന്ത്രണ്ടു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ആണ് പ്രേതങ്ങളുടെ പ്രത്യക്ഷപ്പെടല്‍ ഉണ്ടാവുന്നത്.ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് നടക്കുന്നവരെ പോലെയാണ് ആ പ്രേതങ്ങള്‍ പെരുമാറുന്നത്.
പ്രേതങ്ങളെ കണ്ടു പേടിച്ച്,പകല്‍ സമയം ജനങ്ങള്‍ പുറത്തിറങ്ങാതായി.
സ്കൂള്‍ അടച്ചു പൂട്ടി.കാരണം ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ തോമസ്കുട്ടി സാര്‍ പതിവ് പോലെ വൈകി ഉച്ചക്ക് സ്കൂളില്‍ എത്തിയപ്പോള്‍ കാണുന്നത്,പത്തു കൊല്ലം മുന്പ് മരിച്ചു പോയ ഹെഡ് മാസ്റ്റര്‍ അവിരാ സാര്‍ ,ഓഫീസില്‍ ഹെഡ്മാസ്റ്ററിന്റെ കസേരയില്‍ ഇരുന്ന്‍ ഹാജര്‍ പരിശോധിക്കുന്നതാണ്.പനിച്ച് കിടക്കുന്ന തോമസ്കുട്ടി സാര്‍ ഇത് വരെ എഴുന്നേറ്റിട്ടില്ല.
ഭാര്യ ഏലിയാമ്മ മരിച്ചതിനു ശേഷം രണ്ടാമത് വിവാഹം കഴിച്ച അവുസേപ്പച്ചന്‍ മുതലാളി,പുതിയ ഭാര്യയെ നാട്ടിലേക്ക് പറഞ്ഞയച്ചു.കാരണം എലിയാമ്മയുടെ പ്രേതം ഒരു ദിവസം ഉച്ചക്ക് അടുക്കളയില്‍ വന്നു പാത്രങ്ങള്‍ തുറന്നു നോക്കി.. “ഇടി ഇറച്ചി മുഴുവന്‍ ഇതിയാന്‍ വാറ്റ് ചാരായവും കൂട്ടി തിന്നു തീര്‍ത്തോ്?” എന്ന ചോദിച്ച ഷോക്കില്‍ നിന്ന് മുതലാളി ഇത് വരെ മുക്തനായിട്ടില്ല.
നാട്ടുകാര്‍ യോഗം കൂടാന്‍ തീരുമാനിച്ചു.വെണ്മല സിറ്റിയുടെ നടുവില്‍ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന സെയിന്റ് മൈക്കില്‍സ് ദേവാലയത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള അഞ്ച് ഏക്കര്‍ പാറ നിരപ്പില്‍ ആണ് അവിടെ യോഗങ്ങള് സംഘടിപ്പിക്കുന്നത്..കുന്നിന്‍ മുകളിലെ പാറ പരപ്പില്‍ നിന്നാല്‍ ,സദാ സമയം വീശുന്ന കാറ്റും കൊണ്ട് ദൂരെയുള്ള മല നിരകളും ,അവയിലെ കൊച്ചു വരകള്‍ പോലെയുള്ള തെങ്ങുകളും,പൊട്ട് പോലെയുള്ള പള്ളിക്കുരിശുകളും കാണാം.
അന്ന് വൈകുന്നേരം കുന്നു കയറി സിറ്റി നിവാസികള്‍ ആ പാറ പരപ്പില്‍ എത്തി.അവിശ്വസനീയമായ ആത്മാക്കളുടെ പ്രത്യക്ഷപ്പെടലില്‍ എന്തു ചെയ്യണം എന്നു ആലോചിക്കാന്‍ ആണ് അവര്‍ എത്തിയത്.മുകളില്‍ എത്തിയ നാട്ടുകാര്‍ ആ കാഴ്ച കണ്ടു ഞെട്ടി.
ജനം ഞെട്ടിയത് പ്രേതങ്ങളെ കണ്ടിട്ടല്ല.മറിച്ച് ഒരു ബോര്‍ഡ് കണ്ടിട്ടായിരുന്നു.സെയിന്റ് മൈക്കിള്‍സ് ക്രഷേഴ്സ്!
വര്‍ഷങ്ങളായി വെണ്മല സിറ്റിയുടെ ഹൃദയമായി നില കൊണ്ട ആ പാറ പരപ്പ് നിരത്തി ഒരു ക്രഷര്‍ യൂണിറ്റ് ആരംഭിച്ചിട്ട് കുറച്ചു ദിവസമായിരുന്നു..ആ പാറപരപ്പിനോട് താഴെയായി സ്ഥിതി ചെയ്യുന്ന പള്ളി സെമിത്തേരിയുടെ മതിലുകള്‍ പൊളിച്ച് തുടങ്ങിയിരുന്നു.സെമിത്തേരി പൊളിച്ച് മാറ്റിയതിന് ശേഷം അവിടെ ക്രഷറിന്റെ ബ്ലാസ്റ്റിങ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നു.
കൂടി നിന്ന ജനം പ്രേതങ്ങളുടെ കാര്യം മറന്നു.പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ന്നു.
.
“ഇത് ഞങ്ങള്‍ അനുവദിക്കില്ല.ഈ പാറപരപ്പ് പൊളിക്കുന്നത് ഈ പ്രദേശത്തെ നശിപ്പിക്കുന്നതിനു തുല്യമാണ്.!”
“ഇത് ഞങ്ങളുടെ അധീനതയില്‍ വരുന്ന സ്ഥലമാണ്.ഇവിടെ ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ഞങ്ങള്ക്ക് ലൈസന്‍സ് സര്‍ക്കാര്‍ തന്നിട്ടുണ്ട്.വേറെ ആരുടേയും അനുവാദം ഞങ്ങള്ക്ക് ആവശ്യമില്ല”: വികാരിയച്ചന്‍ കയര്‍ത്തു.
ഒച്ചയും ബഹളവും കൂടി.അത് വരെ അവിടത്തുകാര്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത മത വികാരം ആളിക്കത്തിക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നു.
"വികാരിയച്ചന് തെറ്റ് പറ്റിയിരിക്കുന്നു!."
.പൊടുന്നനെ വേറിട്ട ഗംഭീര്യമുള്ള സ്വരം കേട്ടു.താടിയും മുടിയും നീട്ടി വളര്‍ത്തി തേജസ്സുറ്റ മുഖമുള്ള ഒരു വൃദ്ധ വൈദികന്‍..
‘ഈ പാറപരപ്പ് പള്ളിയുടെതായിരിക്കും..പക്ഷേ ഈ വായുവും കാറ്റും മഴയും പള്ളിയുടെയല്ല.ഇത് നശിപ്പിക്കുമ്പോള്‍ മലിനപ്പെടുന്നത് ഈ നാടിന്റെ അന്തരീക്ഷം കൂടിയാണ്.ഒപ്പം ഈ നാട്ടുകാരുടെ ജീവിതവും.ഇവിടെ ജീവിച്ചു മരിച്ച ആളുകള്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു ഇടം ആയിരുന്നു ഈ പാറപരപ്പ്.ഇവിടം നിങ്ങള്‍ വെടി വച്ച് തകര്‍ക്കാന്‍ ആരംഭിച്ചപ്പോള്‍ അവിടെ അന്ത്യ വിശ്രമം കൊണ്ടിരുന്ന ആത്മാക്കള്‍ക്ക്‌ വേദനിച്ചു.അത് കൊണ്ടാണ് നിങ്ങള്‍ അവരില്‍ ചിലരെ ഈ ദിവസങ്ങളില്‍ കണ്ടത്.”
ആ വൈദികന്‍ സെമിത്തേരിയിലേക്ക് കൈ ചൂണ്ടി പറഞ്ഞു.
ജനം കണ്ടു.ക്രഷറിന്റെ മുന്നറിയിപ്പ് ബോര്‍ഡില്‍ ബ്ലാസ്റ്റിങ് ടൈം എഴുതിയിരിക്കുന്നു.ഉച്ചക്ക് 12 മുതല്‍ ഒന്നു വരെ!
വികാരിയച്ചന്റെ മുഖം വിവര്‍ണ്ണമായി..അദ്ദേഹം ചോദിച്ചു.
“അച്ചനെ ഇവിടെയെങ്ങും കണ്ടിട്ടില്ലലോ..ഏത് പള്ളിയിലാണ് ശുശ്രുഷ ചെയ്യുന്നത് ?”
“ഈ പള്ളിയില്‍ തന്നെ “
“ഈ പള്ളിയിലോ ..വികാരിയച്ചന്‍ വാ പൊളിച്ചു.
“അതേ.ഈ പള്ളിയുടെ സ്ഥാപക വികാരിയായിരുന്നു ഞാന്‍.മരിച്ചിട്ടു ഇരുപത്തഞ്ചു കൊല്ലമായി..പള്ളിക്കുള്ളില്‍ ആണ് എന്നെ അടക്കിയത്.അച്ചന് ആണ്ടില്‍ ഒരിക്കല്‍ പള്ളിയില്‍ വച്ച് എനിക്കു വേണ്ടി ഒപ്പീസ് ചൊല്ലാറുണ്ടല്ലോ”
അത് കേട്ടതും വികാരിയച്ചന്‍ ഭയന്ന് ഞെട്ടി കപ്യാരുടെ കൈ പിടിച്ചു.പക്ഷേ ജനത്തിന് ഭയം തോന്നിയില്ല.അവര്‍ ആ വൈദികന്റെ വാക്കുകള്‍ കേട്ടു നിന്നു.
“നിങ്ങളുടെ പ്രവര്‍ത്തികള്‍ മരിച്ചവരെ വരെ വിളിച്ചു വരുത്തുന്ന രീതിയില്‍ വഷളാകുന്നു.അനേകം തലമുറകള്‍ ജീവിച്ച ഈ മണ്ണ് അവര്‍ നശിപ്പിക്കാതെ നിങ്ങള്‍ക്ക് കൈ മാറിയ സ്വത്താണ്.അത് നാളത്തെ തലമുറക്ക് കേടു കൂടാതെ കൈ മാറേണ്ട ഉത്തരവാദിത്വം കൂടി നിങ്ങള്ക്കു ണ്ട്.പുതിയ സാങ്കേതികവിദ്യകളും അറിവും ഒക്കെ നിങ്ങള്‍ക്ക് മുന്‍ തലമുറകളെക്കാള് കൂടുതലാണ്.പക്ഷേ സ്നേഹം..ഈ പ്രകൃതിയോടും നിങ്ങളുടെ സഹോദരങ്ങളോടും ഉള്ള സ്നേഹം..അത് മറന്നു പോകരുത്.”
അത്രയും പറഞ്ഞു അദ്ദേഹം മറഞ്ഞു.
എല്ലാവരും നിശബ്ദരായി നില്ക്കേ വികാരിയച്ചന്‍ നടന്നു ചെന്നു ,ക്രെഷര്‍ യൂണിറ്റിന്റെ ബോര്‍ഡ് എടുത്തു ദൂരെ എറിഞ്ഞു.ആ പാറപരപ്പ് പൊളിച്ചു നീക്കുന്നതില്‍ നിന്ന്‍ അദ്ദേഹം പിന്മാറി.
പിന്നീടൊരിക്കലും വെണ്മല സിറ്റിയില്‍ പ്രേതങ്ങള്‍ പ്രത്യക്ഷപ്പെട്ടിടില്ല.
എങ്കിലും ചില ഉച്ച നേരങ്ങളില്‍,ഒറോത ചേടത്തി മാത്രം കുഞ്ഞേപ്പ് ചേട്ടന്റെ ആത്മാവുമായി വിറകു പുരയുടെ പുറകില്‍ നിന്നു സംസാരിക്കുന്നതായി വെണ്മല സിറ്റിയില്‍ സംസാരമുണ്ട്.
(അവസാനിച്ചു)

By
Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot