Slider

ഫ്രീ വിസ

0


ബായി സാബ് , ഇധർ കുച്ച് കാംകാ ചാൻസ് ഹെ ?
സഹോദരന് വേണ്ടി ജോലി അന്വേഷിച്ചെത്തിയ ബംഗാളിയാണ്..
ഇതിപ്പോൾ ബഹറൈനിലെ കടകളിൽ പതിവു് സംഭവമാണ്..
ദിവസം നാലഞ്ചു് ബംഗാളികളെങ്കിലും ജോലി തേടി കയറി ഇറങ്ങും..
മറ്റു് ഗൾഫ് നാടുകളിൽ ബംഗ്ലാദേശികൾക്ക് വിസ അനുവദിക്കാത്തത് കൊണ്ടു് ദിനേന നൂറു് കണക്കിന് ബംഗാളികളാണ് ബഹറൈനിൽ വന്നിറങ്ങുന്നത്..
നാട്ടിലെ വീടും പറമ്പും വിറ്റ് നാലും അഞ്ചും ലക്ഷം രൂപ കൊടുത്താണ് പലരും ഭാഗ്യം തേടി ഫ്രീ വിസയിൽ എത്തുന്നത്..
ഇത് എന്റെ അനുജനാണ്‌.. വന്നിട്ട് രണ്ട് മാസമായി.. ജോലി ഒന്നുമായിട്ടില്ല.. റൂമിന്റെയും ഭക്ഷണത്തിന്റെയും കാര്യങ്ങൾ തന്നെ ബുദ്ധിമുട്ടിലാണ്..
ഒരു പാർടൈം ജോലിയായാലും മതി..
ഞാൻ അവന്റെ കൂടെയുള്ള പയ്യനെ നോക്കി..
18-20 വയസ്സ് പ്രായം വരുന്ന വെളുത്ത് കൊലുന്നനെയുള്ള ഒരു പാവം...
മീശ പോലും മുളച്ചിട്ടില്ല.. കണ്ടപ്പോൾ സഹതാപം തോന്നി..
പക്ഷെ സഹായിക്കാൻ നിർവാഹമില്ല.. ഉള്ള സ്റ്റാഫ് തന്നെ കൂടുതലാണ്..
സോറി ബായ് , ഇധർ അബി ചാൻസ് നഹി..
എന്റെ മറുപടി കേട്ട് നിരാശയോടെ പിന്തിരിഞ്ഞ അവരെ തിരികെ വിളിച്ച് നമ്പർ വാങ്ങി..
ചാൻസ് വന്നാൽ വിളിക്കാമെന്ന് പറഞ്ഞു.. നമ്പർ തന്ന് പ്രതിക്ഷയോടെ നന്ദി പറഞ്ഞു് അവർ അടുത്ത ഷോപ്പ് ലക്ഷ്യമാക്കി പുറത്തേക്കിറങ്ങി.
വൻകിട ഷോപ്പിംഗ് മാളുകളുടെ കടന്ന് കയറ്റത്തിൽ നടുവൊടിഞ്ഞിരിക്കുന്ന ചെറുകിട കച്ചവടക്കാർക്ക് ഈ പാവങ്ങളെ സഹായിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ..
ആ പയ്യനെ കണ്ടപ്പോൾ ഓർമകൾ എൺപതുകളിലേക്ക് പറന്നു..
അക്കാലത്ത് ഇന്നത്തെ ബംഗാളികളുടെ അതേ അവസ്ഥയിലായിരുന്നു മലയാളികൾ..
ധാരാളം അവിദഗ്ദ തൊഴിലാളികൾ കെട്ട് താലി പണയം വെച്ചും വസ്തു വിറ്റും ഫ്രീ വിസയിൽ വന്നിറങ്ങി ജോലി അന്വേഷിച്ച് നടന്നിരുന്ന കാലം..
ചിലർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി എവിടെയെങ്കിലുമൊക്കെ കയറിപറ്റും..
അല്ലാത്തവർ മാസങ്ങളോളം ജോലി അന്വേഷിച്ച്‌ അലയും..
റുമിലുള്ളവർക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തും പാർട് ടൈം ജോലി ചെയ്തും കഴിഞ്ഞ് കൂടും ..
വലിയ ഒരു കുടുംബത്തിന്റെ ഭാരവും പേറി ഭാഗ്യം തേടി ഈ പവിഴ ദ്വീപിലെത്തുമ്പോൾ താനും ഇതേ കോലത്തിലായിരുന്നു..
ആകെ പഠിച്ച റഫ്രിജറേഷൻ & എയർ കണ്ടീഷൻ കോഴ്സിന്റെ അഹങ്കാരത്തിൽ, അമ്മാവൻ തരപ്പെടുത്തി തന്ന ഫ്രീ വിസയിലാണ്, ഒരാഴ്ചത്തെ ദുരിതപൂർണമായ ബോംബെ വാസത്തിന് ശേഷം , അന്ന് മലയാളികളുടെ സ്വപ്ന ഭൂമിയായ ഗൾഫിൽ വന്നിറങ്ങുന്നത്..
നല്ല ചൂട് കാലം..
രണ്ടു് sണ്ണിന്റെ എസി , ടെക്നീഷ്യനായ സർദാർജി ഒറ്റക്ക് പുറത്തേറ്റി പോകുന്ന കാഴ്ച കണ്ടപ്പോൾ തന്നെ, പഠിച്ച് വന്ന ജോലിയോടുള്ള മോഹം ഉപേക്ഷിച്ചു..
പിന്നെ എന്തു് ജോലി എന്ന ആശങ്കയായിരുന്നു..
അമ്മാവൻ അന്ന് സ്വന്തമായി റെസ്റ്റോറന്റ് നടത്തുകയാണ്..
തൽക്കാലം അവിടെ ജോലിക്ക് കയറാൻ പറഞ്ഞു..
നല്ലൊരു റിലേഷൻ മോശമാക്കേണ്ടെന്ന ചിന്തയിൽ ആ ഓഫർ നിരസിച്ചു..
അങ്ങിനെയാണ് അടുത്തുള്ള ഒരു ഇറാനിയുടെ കടയിൽ ചാൻസ് വന്നത്..
മറ്റ് പ്രവൃത്തി പരിചയവും ഉന്നത വിദ്യാഭ്യാസവും ഇല്ലാത്തത് കൊണ്ടു അതായിരിക്കും തനിക്ക് വിധിച്ചതെന്ന് സമാധാനിച്ചു. ക്ഷമിച്ചു. അന്ന് ഏറെ ബുദ്ധിമുട്ട് അനുഭവിച്ച അതേ ഫീൽഡിലാണ് പിന്നീട് തനിക്ക് വിജയം ലഭിച്ചത്.
ക്ഷമയും സഹനവും കഠിനാദ്ധാനവുമാണ് വിജയത്തിന്റെ താക്കോൽ. ദൈവത്തിന് സ്തുതി..
60-70 ദിനാർ ആയിരുന്നു അന്ന് അവിദഗ്ദ തൊഴിലാളികളുടെ ശരാശരി ശമ്പളം..
നാട്ടിൽ വീട്ട് ചിലവിന് ആയിരം രൂപ അയക്കണമെങ്കിൽ 42 ദിനാർ വേണം..
(പക്ഷെ അന്ന് ആയിരം രൂപക്ക് നാട്ടിൽ ഒരു സെന്റ് സ്ഥലം കിട്ടുമായിരുന്നു.)
പിന്നെ റും വാടക ഭക്ഷണം മറ്റു് ചിലവുകല്ലൊം കഴിയുമ്പോൾ മിക്കവാറും സുഹൃത്തുക്കൾക്ക് കടക്കാരനായിരിക്കും..
നാട്ടിൽ എല്ലാ മാസവും ഡ്രാഫ്റ്റിനായി പോസ്റ്റ്മാനെയും കാത്തിരിക്കുന്ന വലിയ കുടുംബം..
വിവാഹം കഴിഞ്ഞ് ഉടനെ പോന്നത് കൊണ്ടുള്ള വിരഹ ദുഃഖവും മനോവിഷമവും വേറെ ..
ജോലി കഴിഞ്ഞാൽ റൂമിൽ പോയി കത്തെഴുത്താണ് പ്രധാന ജോലി..
കത്ത് അവിടെ കിട്ടി മറുപടി വരാൻ ആഴ്ചകൾ കാത്തിരിക്കണം..
ഫോൺ ചെയ്യണമെങ്കിൽ ഇവിടെ പബ്ളിക് ബൂത്തിലും നാട്ടിൽ അയൽ വീട്ടിലും ക്യു നിൽക്കണം..
ഒരു മിനിട്ട് സംസാരിക്കാൻ അന്ന് ഒരു ദിനാറിനടുത്ത് വേണം..
മൂന്ന് ദിനാറിന്റെ കാർഡ് വാങ്ങിയാൽ എന്തെങ്കിലും പറഞ്ഞ് തുടങ്ങുമ്പോഴേക്ക് അത് തീർന്നിരിക്കും..
ലൈൻ കിട്ടാനാണെങ്കിൽ അഞ്ചാറ് പ്രാവശ്യം ഡയൽ ചെയ്യേണ്ടി വരും.. ബൂത്തിൽ ചൂട് കൊണ്ടു് പിന്നിൽ നിൽക്കുന്നവർ അക്ഷമരായി പിറുപിറുക്കും..
അതിൽ എല്ലാ രാജ്യക്കാരുമുണ്ടാകും.. മാസത്തിലൊരിക്കലൊക്കെയാണ് ഫോൺ വിളി..
അന്ന് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ദിവസമായിരിക്കും..
കത്ത് പാട്ടുകളും ശോകഗാനങ്ങളുമായി തലയിണ കണ്ണീരിൽ കുതിരുന്ന രാത്രികൾ.. അതിനിടക്ക് സഹമുറിയൻമാരുടെ നെടുവീർപ്പുകളും ഏങ്ങിക്കരച്ചിലുകളും സാധാരണം..
ആദ്യത്തെ നാട്ടിൽ പോക്ക് 28 മാസങ്ങൾക്ക് ശേഷമായിരുന്നു..
ആ മാസങ്ങൾ ഓരോന്നും ഓരോ വർഷം പോലെയാണ് കടന്ന് പോയത്.. കിട്ടാവുന്നവരോടൊക്കെ കടം വാങ്ങിയാണ് കുടുംബക്കാർക്കും ബന്ധുക്കൾക്കുമുള്ള പെട്ടികൾ കെട്ടിയത്..
 അന്നത്തെ പെട്ടി കെട്ട് ഫ്ലാറ്റിൽ ഒരു സംഭവം തന്നെയായിരിക്കും..
എല്ലാവർക്കും ചിലവ് ചെയ്യണം..
ആദ്യത്തെ യാത്രയും ബോംബെ വഴി തന്നെ..
എല്ലാവർക്കും എന്തെങ്കിലുമൊക്കെ കൊടുത്തെന്ന് വരുത്തി.. 120 കിലൊ രണ്ടു ദിവസം കൊണ്ടു് കാലിയായി.. പിന്നെ കിട്ടാത്തവരുടെയും, കിട്ടിയത് കുറഞ്ഞു് പോയവരുടെയും പരാതി പ്രളയം..
കുറച്ച് മനസ്സമാധാനവും സന്തോഷവും ആഗ്രഹിച്ച് നാട്ടിൽ ചെന്നപ്പോൾ ഉള്ള സമാധാനവും പോയ പ്രതീതി..
ഒരു കണക്കിന് നാല് മാസം കഴിച്ച് കൂട്ടി..
തിരിച്ച് വന്നപ്പോൾ കടം 1200 ദിനാർ..
ഉണ്ടായിരുന്ന ജോലിയും ഇല്ല..
പിന്നെ വീണ്ടും ജോലിക്ക് വേണ്ടിയുള്ള അലച്ചിൽ.. വിസ അടിക്കാൻ സ്പോൺസർക്ക് 500 ദിനാർ കൊടുക്കണം..
ഹൊ , ഓർക്കാൻ തന്നെ പേടി തോന്നുന്ന ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും ഭൂതകാലം..
വെറുതെ പഴയ കഥ പറഞ്ഞ് ഞാൻ നിങ്ങളെ ബോറടിപ്പിച്ചോ?
അതാ മറ്റൊരു ബംഗാളി ..
ദയനീയത അവന്റെ മുഖത്ത് വായിക്കാം..
ഒരു പക്ഷെ അവനായിരിക്കും നാളത്തെ മറ്റൊരു യൂസുഫലി..
ഞാൻ അവനെ ഒന്ന് സമാധാനിപ്പിച്ച് പറഞ്ഞയക്കട്ടെ..
ബഷീർ വാണിയക്കാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo