Slider

അനാസ്ഥ

0

അനാസ്ഥ
ഹൈക്കോടതിയുടെ മുറ്റത്ത് വച്ചാണ് കേളേജിലെ സഹപാഠികളായിരുന്ന രഘുവും മുരളിയും കണ്ടുമുട്ടിയത്."
"മുരളീ, എന്താ നീയിവിടെ?"
"അനിയന്റെ കേസ് ഇന്നാ വിധി പറയുന്നേ. വാദമെല്ലാം കഴിഞ്ഞതാ. രണ്ടാഴ്ചയായി. വിധി അനുകൂലമാകുമെന്നാ വക്കീൽ പറയുന്നത്."
" ഏത് ,ആ പഴയ വെട്ടു കേസോ ? ഇപ്പോൾ കുറെ നാളായില്ലെ?"
"നാല് കൊല്ലം. നാല് കൊല്ലമായി അവൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ അനുഭവിക്കുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അവനെതിരെ വിധി വന്നത്. ഇവിടെ ഇപ്പോൾ അപ്പീലാണ്."
"ഞാനിവിടെ ഒരാളെ കാണാൻ വന്നതാണ്. കാര്യം ഇത്ര പെട്ടെന്ന് നടക്കുമെന്ന് കരുതിയല്ല. അതു കൊണ്ട് ഫുൾഡെ ലീവെടുത്തു. "
" രഘുവിന്റെ അച്ഛനെ ഞാൻ കുറച്ച് നാൾ മുമ്പ് കണ്ടിരുന്നു. വില്ലേജോഫീസിൽ വച്ച്. നിന്റെ വിവരമൊക്കെ അന്ന് പറഞ്ഞിരുന്നു.. "
" അച്ഛനിപ്പോഴും എല്ലാ തിങ്കളാഴ്ചയും വില്ലേജാഫീസിൽ ചെന്ന് തല കാണിക്കണം. 2008 ന് മുൻപ് വയൽ നികത്തിയ സ്ഥലം ഇപ്പോൾ പുരയിടമാക്കി മാറ്റി കിട്ടില്ലേ. അങ്ങനെ കുറച്ച് സ്ഥലമുണ്ട്. അത് ശരിയാക്കാനാണ് ഇപ്പോൾ അഞ്ചെട്ട് മാസമായി നടക്കുന്നു. കാണേണ്ടോരെ വേണ്ട പോലെ കണ്ട് പറയേണ്ടോരെ കൊണ്ട് പറയിച്ചാൽ കാര്യം നടക്കും. പക്ഷെ അച്ഛന് ആദർശം. കൊടുക്കാൻ ആളുള്ളത് കൊണ്ടാണ് വാങ്ങലും നിൽക്കാത്തതെന്ന് . നടക്കട്ടെ. പറയാനല്ലെ നമുക്ക് പറ്റൂ. വീട്ടിനകത്തിട്ട് പൂട്ടാൻ പറ്റുമോ?"
കോളേജിൽ പഠിക്കുമ്പോഴേ രാഷട്രീയ പ്രവർത്തകരായിരുന്നു രണ്ട് പേരും
സന്തോഷവാർത്തയുമായാണ് അവരുടെ അടുത്തേക്ക് മുരളിയുടെ അമ്മാവനും അനുജൻ ഉണ്ണിയുടെ വക്കീലും എത്തിയത്.
"വെറുതെ വിട്ടു. നമ്മുടെ കുട്ടിയെ കോടതി വെറുതെ വിട്ടു." അമ്മാവൻ വീണ്ടും വീണ്ടും അതു തന്നെ പറഞ്ഞു കൊണ്ടിരുന്നു.
" നാല് കൊല്ലമാ പോയത് എന്റെ ഉണ്ണീടെ. എന്തായാലും അവന് നീതി കിട്ടീലോ. അത് മതി. അവനെ എപ്പോൾ റിലീസ് ചെയ്യും?" .
മുരളിയുടെ ചോദ്യം വക്കീലിനോടായിരുന്നു.
''കോർട്ടിലേയും ജയിലിലേയും ഫോർമാലിറ്റീസ് തീർന്നാൽ ഉണ്ണിയെ വീട്ടിലേക്ക് കൊണ്ടു പോകാം."
അമ്മാവൻ സന്തോഷവാർത്ത മുരളിയുടെ വീട്ടിലേക്ക് ഫോൺ വിളിച്ചറിയിച്ചു. പിന്നെ സ്വന്തം വീട്ടിലേക്ക് വിളിച്ച അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം പെട്ടെന്ന് വാടി.
"എന്താ അമ്മാവാ? എന്തു പറ്റി?"
"അമ്മായിക്ക് വയ്യാന്ന്. തല കറങ്ങി വീണെന്നാ പറഞ്ഞത്. . മോളും അടുത്ത വീട്ടിലെ കുട്ടിയും കൂടെ ഹോസ്പിറ്റലിൽ കൊണ്ടു പോയിട്ടുണ്ട് "
"നിങ്ങളന്നാൽ പൊയ്ക്കോളൂ. ഉണ്ണിയുടെ കൂടെ ഞാൻ മതി. ഞാൻ അയാളേം കൂട്ടി വന്നോളാം." വക്കീൽ തിരിച്ച് കോടതിയിലേക്ക് പോയി.
"ഞാനും വരാം ഉപ്പം." രഘുവും കൂടെ വരാൻ തയ്യാറായിരുന്നു.
'' ടെൻഷനടിക്കാതെ അമ്മാവാ. അമ്മായിക്ക് ഒന്നും വരില്ല. നമുക്ക് പോവാം. ഏത് ആശുപത്രിയിലാന്നാ പറഞ്ഞത്?"
"ജനറൽ ആശുപത്രിയിൽ. അതല്ലെ ഏറ്റവും അടുത്ത്. അത്രയ്ക്ക് വയ്യാതെ സമ്മതിക്കില്ല ഡോക്ടറെ കാണാൻ. ഇടക്ക് പറഞ്ഞിരുന്നു തലവേദനേം തല കറക്കവും. അടുക്കളപ്പുറത്ത് അടക്കിവെച്ച വിറകിന്റെ മുട്ടി തലയിൽ വീണതാ. ഒരു മാസമായിക്കാണും . പിന്നെ ഒന്നും ഉണ്ടായില്ല. അല്ല, ഉണ്ടായാൽ പറയേം ഇല്ല. കഴിഞ്ഞ രണ്ട് ദിവസായിട്ട് ഇത്തിരി ക്ഷീണം കൂടുതലുണ്ടായിരുന്നു."
"എന്നിട്ടാരേം കാണിച്ചില്ലേ?"
മുരളിയുടെ കാർ ജനറൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു തുടങ്ങിയിരുന്നു.
" അതിനവള് സമ്മതിക്കണ്ടെ. ആശുപത്രിന്നും ഡോക്ടറെന്നും കേൾക്കുന്നതേ പേടിയാ. അതു കൊണ്ട് എന്ത് വയ്യായ ഉണ്ടായാലും പറയില്ല"
ആശുപത്രിയിലെത്തിയ അവരെ കണ്ടപ്പോഴെ അടുത്ത വീട്ടിലെ കുട്ടി എന്ന് അമ്മാവൻ പറഞ്ഞ അജു ഓടി വന്നു. "കാഷ്വാൽറ്റിയിലുണ്ട്."
അമ്മാവൻ ഉടനെ അങ്ങോട്ട് നടന്നു.
"കഴിഞ്ഞു. ആന്റി പോയി." വിറക്കുന്ന സ്വരത്തോടെ അവൻ പറഞ്ഞു.
"എന്താ? എങ്ങനെ ? തലകറക്കമാന്നാണെന്നല്ലെ പറഞ്ഞത്. "
കേട്ടത് വിശ്വസിക്കാനാവാതെ മുരളി ചോദിച്ചു.
" ഒത്തിരി നിർബന്ധിച്ചിട്ടാണ് ആന്റി വരാൻ സമ്മതിച്ചത്. ഓട്ടോയിൽ നിന്ന് നടന്നാ പോയത് അകത്തേക്ക്."
മുരളിയും അത്യാഹിത വിഭാഗത്തിലേക്ക് പോയി.
"എന്നിട്ടെന്താ പറ്റിയത് " രഘു വീണ്ടും ചോദിച്ചു.
" ഡോക്ടർ നോക്കി കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടും ചോദിച്ചു തല വല്ലയിടത്തും ഇടിച്ചോ എന്ന്. അപ്പോഴാണ് കുറെ ദിവസം മുമ്പ് വിറകു വീണ കാര്യം പറഞ്ഞത്. തലയുടെ സ്കാൻ ചെയ്യണമെന്നും മെഡിക്കൽ കോളേജിൽ കൊണ്ടു പോകണമെന്നും പറഞ്ഞു. ആബുലൻസ് വിളിച്ച് പറഞ്ഞതും ഡോക്ടർ തന്നെയാണ്. അപ്പോഴേക്കും ഡ്രിപ് തുടങ്ങിയിരുന്നു. അങ്കിളിനെ വിളിച്ച് പറയാനാണ് ഞാൻ പുറത്തേക്ക് വന്നത്. പിന്നെ ചേച്ചീടെ കരച്ചിലാണ് കേട്ടത്."
"ഏതവനാ ഇവിടത്തെ ഡോക്ടറ്?"
പിന്നീട് എല്ലാം പതിവ് പോലെ നടന്നു.
അര മണിക്കൂർ കഴിഞ്ഞപോൾ ഒരു പ്രമുഖവാർത്താ ചാനലിന്റെ സ്ക്രോൾ ബാറിൽ ബ്രേക്കിങ്ങ് ന്യൂസ്.
"ഡോക്ടറുടെ അനാസ്ഥ. ചികിത്സാപിഴവ് മൂലം രോഗി മരിച്ചു. ഡോക്ടർ സസ്പെൻഷനിൽ ."
അതേ സമയം തന്റെ സസ്പെൻഷൻ വാർത്ത പോലുമറിയാത്ത അബോധാവസ്ഥയിലായ ഡോക്ടറേയും കൊണ്ട് ഒരു ആംബുലൻസ് യാത്ര തുടരുകയായിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo