Slider

ചെല്ലോ.

0

ചെല്ലോ.
മഴമേഘങ്ങൾ മേലാപ്പുവിരിച്ചു നിന്ന ഒരു ശനിയാഴ്ചയായിരുന്നു അന്ന്. ഡിട്രോയ്റ്റിലെ സ്വർഗ്ഗാരോപിത മാതാവിന്റെ പേരിലുള്ള പള്ളിയിലാണ് ആ വിവാഹം നടക്കുന്നത്. ആൻഡി എന്ന ആൻഡ്രിയ റൂസ്സോയും മാർക്ക് ഗെയ്ലും തങ്ങളുടെ വിവാഹത്തിന് ആ ദേവാലയം തെരെഞ്ഞെടുത്തത് പള്ളിയോട് ചേർന്നുളള സെമിത്തേരിയിൽ ആൻഡിയുടെ പപ്പയുറങ്ങുന്നത് കൊണ്ടാണ്.
മൂന്നുമണിക്കാണ് വിവാഹ ചടങ്ങുകൾ തുടങ്ങേണ്ടത്. ഇനി ഏതാനും നിമിഷങ്ങൾ മാത്രം. ചുണ്ണാമ്പു കല്ലുകൾ കൊണ്ടു പണിത മനോഹരമായ ദേവാലയത്തിന്റെ നടപ്പുരയിൽ വരനും ഉറ്റ സുഹൃത്തുമൊഴിച്ചുള്ള വിവാഹപാർട്ടിയിലെ അംഗങ്ങൾ തയ്യാറായി കഴിഞ്ഞു. നീലയുടുപ്പിട്ട വധുവിന്റെ കൂട്ടുകാരും അതേ നിറത്തിൽ ടൈ കെട്ടിയ വരന്റെ സംഘവും ഫ്ലവർ ഗേൾസും എല്ലാം തയ്യാറാണ്. എല്ലാവർക്കുമുള്ള നിർദ്ദേശങ്ങളുമായി വെഡ്ഡിംഗ് പ്ലാനർ സിമോണും.
തൂവെള്ള ഗൗണും മുഖം മറച്ച നെറ്റും പൂച്ചെണ്ടുമായി ആൻഡ്രിയ പക്ഷെ വിഷമത്തിലാണ്. ഒരു പെൺകുട്ടിയെ വിവാഹത്തിന് അൾത്താരയ്ക്കു മുന്നിലേക്കു കൊണ്ടു പോകുന്നത് ഒരച്ഛന്റെ കടമയും അവകാശവുമാണ്. പപ്പ മരിച്ചത് കൊണ്ട് ആ ജോലിയേൽപ്പിച്ചത് പപ്പയുടെ അനുജനെയാണ്. അങ്കിളിനെ ഇതുവരെ കാണുന്നില്ല. തലേ ദിവസത്തെ റിഹേഴ്സലിനു പോലും അങ്കിൾ നേരത്തേ പള്ളിയിലെത്തിയതാണ്. ഒരു മുഴുവൻ സമയ മദ്യപാനിയായ അയാളെ അതേൽപിച്ചത് മാർക്കിനോ മമ്മക്കോ ഇഷ്ടമായിരുന്നില്ല. ഇനിയെന്തു ചെയ്യണമെന്നറിയില്ല. സിമോണും ഇതിനെ കുറിച്ച് നേരത്തേ സംശയം പറഞ്ഞതാണ്. അതു കൊണ്ട് അവരോടും അന്വേഷിക്കാൻ പറയാനാവില്ല. അല്ലെങ്കിലും അവരിപ്പോൾ തിരക്കിലാണ്.
കൃത്യം മൂന്നു മണിക്ക് പള്ളിയുടെ പ്രധാന കവാടം തുറന്നു. വൈദികനും സഹായികളുമെത്തി. ദേവാലയത്തിൽ ഏറ്റവും മുന്നിലായി വരനും ബെസ്റ്റ് മാനും സ്ഥാനം പിടിച്ചു. കൊയർ ലോഫ്റ്റിലെ പൈപ്പ് ഓർഗനിൽ നിന്നുയരുന്ന സംഗീതത്തിനുസരിച്ച് വിവാഹ പാർട്ടിയിലെ രണ്ടുപേർ വീതം പ്രദക്ഷിണമായി അകത്തേയ്ക്കു പ്രവേശിച്ചു. ഏറ്റവും പുറകിലായി വന്ന പൂക്കാരി പെൺകുട്ടികളും അവർക്കായി നിശ്ചയിച്ച ഇരിപ്പിടത്തിലെത്തിയപ്പോൾ ഗായക സംഘം ഗാനമവസാനിപ്പിച്ചു.
ഇനി വധുവിന്റെ പ്രവേശനമാണ്. പള്ളിക്കകം നിശബ്ദമായി. വാതിലടഞ്ഞു. മാർക്കിന്റെ ബന്ധുക്കളിലൊരാൾ ആൻഡിക്കു നടക്കുവാനുള്ള പരവതാനി ബെഞ്ചുകൾക്കിടയിലെ നടപ്പാതയിൽ വിരിച്ചു. അതിഥികളോരോരുത്തരായി വധുവിനെ സ്വീകരിക്കാൻ വാതിലിനഭിമുഖമായി എഴുന്നേറ്റു നിന്നു. മാർക്കിന്റെ മുഖത്തും ആകാംക്ഷയും ഒപ്പം കുസൃതിച്ചിരിയുമില്ലേ? വിവാഹ വേദിയിലെത്തുന്നതിന് മുമ്പ് വിവാഹ വേഷത്തിൽ മണവാട്ടിയെ കാണുന്നത് ഭാഗ്യദോഷമായാണ് കരുതപ്പെടുന്നത്. ഒരു പെൺകുട്ടിയെ ഏറ്റവും സുന്ദരിയാക്കുന്ന വേഷത്തിൽ തന്റെ പ്രിയതമയെ ആദ്യമായി കാണുവാൻ കാത്തു നിൽക്കുന്നതു കൊണ്ടാണ് ആകാംക്ഷ. പുഞ്ചിരി ഒരു സർപ്രൈസ് ആണ്. അതു താമസിയാതെ മനസ്സിലാവും.
അടച്ചിട്ട വാതിലിനപ്പുറം ആൻഡ്രിയ കരച്ചിലിന്റെ വക്കിലാണ്. കല്യാണത്തിന്റെ ഒരുക്കങ്ങളിലെല്ലാം പപ്പയുടെ അഭാവം തോന്നിയിരുന്നെങ്കിലും അതേറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് ഇപ്പോഴാണ്. ആൻഡിയുടെ പപ്പ ആന്റോണിയോ റൂസ്സോ, പ്രിയപ്പെട്ടവരുടെ ടോണി, ഒരു ചെല്ലിസ്റ്റായിരുന്നു. ഡിട്രോയ്റ്റ് സിംഫണി ഓർക്കസ്ട്രയിലെ ഒരംഗം. സെന്റ് ക്ലെയർ തടാകത്തിന്റെ കരയിലുള്ള കൊച്ചു വീട്ടിൽ കളിയും ചിരിയും കൊച്ചു പിണക്കങ്ങളും സംഗീതവും നൃത്തവും പങ്കുവച്ച് പപ്പയോടും മമ്മ മെലീസ്സയുമൊത്തുള്ള സ്വപ്നതുല്യമായ ജീവിതത്തിന്റെ ഓർമ്മയിലായിരുന്നു ആൻഡി.
പപ്പയെ ഓർക്കുമ്പോൾ പപ്പയുടെ ചെല്ലോയും ഓർമ്മ വരും . പപ്പയുടെ സ്വകാര്യ അഹങ്കാരം . കൈ കൊണ്ട് കടഞ്ഞെടുത്ത മികച്ച നിലവാരമുള്ള ആ ഉപകരണം പപ്പയുടെ ഉറ്റ സുഹൃത്തിനെ പോലെയായിരുന്നു. സന്തോഷവും സങ്കടവുമെല്ലാം പപ്പ പങ്കുവെച്ചിരുന്നത് ആ ചെല്ലോക്കൊപ്പമായിരുന്നു. പപ്പയുടെ മരണശേഷം ജീവിക്കാനുള്ള ശ്രമത്തിൽ എല്ലാം നഷ്ടപ്പെട്ടപ്പോഴും മമ്മ ആ ചെല്ലൊ വിൽക്കാതിരിക്കാൻ ശ്രമിച്ചു. അവസാനം അതും പണയത്തിലായി. പിന്നീടൊരിക്കലും അതു തിരിച്ചെടുക്കാനായില്ല. വർഷങ്ങൾക്കു ശേഷം അന്വേഷിച്ചപ്പോഴേക്കും അതൊരു ലേലത്തിൽ വിറ്റുപോയിരുന്നു.
"ഇറ്റ്സ് ടൈം ആൻഡ്രിയ റൂസ്സോ. ആ പേരിൽ നിന്നെ ഇനി വിളിക്കാനാവില്ലല്ലോ!"
സിമോൺ അവളെ വാതിലിനു മുന്നിലേക്കു നയിച്ചു.
ദേവാലയത്തിന്റെ വാതിൽ അവർക്കായി തുറന്നു. തന്നെ സ്വീകരിക്കാൻ നിൽക്കുന്ന അതിഥികളെ കണ്ടപ്പോൾ അതുവരെ ഇല്ലാതിരുന്ന ഭയം തന്നെ പൊതിയുന്നതവൾ അറിഞ്ഞു. പപ്പയോ അങ്കിളോ കൂടെയുണ്ടായിരുന്നെങ്കിൽ എന്നവളാശിച്ചു.
" നീയൊറ്റക്കല്ല. നീ ഇപ്പോൾ കൂടെ വേണമെന്ന് ഏറ്റവും കൂടുതലാഗ്രഹിക്കുന്ന ആൾ നിന്നോടൊപ്പമുണ്ട്. മ്യൂസിക് തുടങ്ങുമ്പോൾ നടന്നു തുടങ്ങണം. എന്തു വന്നാലും ഒരിക്കലും തിരിഞ്ഞ് നോക്കരുത്. ഓൾ ദ ബെസ്റ്റ് ."
അവസാനത്തെ നിർദ്ദേശവും നൽകി സിമോണും മാറി നിന്നു.
വധുവിനു വേണ്ടിയുള്ള വെഡ്ഡിങ്ങ് മാർച്ചെന്ന സംഗീതം ഉയർന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തിയത് അത് ഒരു ചെല്ലോയിലാണ് വായിച്ചത് എന്നായിരുന്നു. ആൻഡിയെ നോക്കിയിരുന്ന പല കണ്ണുകളും അവൾക്ക് മുകളിലുള്ള കൊയർ ലോഫ്റ്റിലേക്ക് പാഞ്ഞു. ടോണിയെ പരിചയമുള്ള പലരും ഒരു നിമിഷം അയാളെ അവിടെ പ്രതീക്ഷിച്ചു.
അവിടെ ആന്റോണിയോ റൂസ്സോയുടെ എ. ആർ എന്ന ഹോളോഗ്രാമുള്ള
ചെല്ലാേയുടെ തന്ത്രികളിൽ വിരലുകളും ബോയും വിസ്മയം വിരിയിച്ചത് ടോണിയുടെ സഹപ്രവർത്തകരിലൊരാളായ റോബർട്ട് ആയിരുന്നു. കൈവിട്ടു പോയ ടോണിയുടെ ചെല്ലോയെ ആൻഡിയും മെലിസ്സയും തിരിച്ചറിഞ്ഞു. മെലിസ കൈ നീട്ടി തന്റെ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരന്റെ കരം ഗ്രഹിച്ചു. നന്ദിയുടെ കണ്ണുനീർ നദികൾ രണ്ടു കവിളിലൂടേയും ഒഴുകി തുടങ്ങി. ചിരിച്ചു കൊണ്ട് അവരുടെ കൈകളിൽ തലോടുക മാത്രമാണ് മാർക്ക് ചെയ്തത്.
വിവാഹസമ്മാനമായി ആൻഡിയ്ക്കു എന്തു നൽകണമെന്ന് തീരുമാനിക്കാൻ അയാൾക്ക് നിമിഷങ്ങളെ വേണ്ടിവന്നുള്ളു. പക്ഷെ ആ ചെല്ലോ കണ്ടു പിടിക്കാൻ മാസങ്ങളെടുത്തു. സുഹൃത്തുക്കളുടെ സഹായത്താൽ എന്നാൽ ആൻഡി അറിയാതെ അതിന്റെ ഇപ്പോഴത്തെ ഉടമസ്ഥനെ കണ്ടു പിടിച്ചപ്പോൾ മാർക്കിന് ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു.
വീഞ്ഞും സംഗീത ഉപകരണങ്ങളും ഒരേ പോലെയാണ്. കാലം കഴിയുന്തോറും ഗുണം കൂടും ഒപ്പം വിലയും. ടോണിയുടെ ചെല്ലോയുടെ വില പന്ത്രണ്ടു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ വളരെ കൂടിയിരുന്നു. പക്ഷെ മാർക്കിന്റെ നിസ്വാർത്ഥമായ പ്രണയം തിരിച്ചറിഞ്ഞ് പല സുമനസ്സുകളും ചേർന്ന് അതയാൾക്ക്
നേടി കൊടുക്കുകയായിരുന്നു.
സിമോണുമായി ആലോചിച്ചാണ് വെഡ്ഡിംഗ് മാർച്ച് വായിക്കാൻ അതിഥികളുടെ ലിസ്റ്റിൽ നിന്ന് റോബർട്ടിനെ തിരഞ്ഞെടുത്തത്. മാർക്കിന്റെ ആവശ്യത്തിനു മുമ്പിൽ വാക്കുകൾ കിട്ടാതെ ഒരു നിമിഷം അയാൾ മൗനിയായി.
"ആൻഡ്രിയയുടെ വിവാഹത്തിന് ടോണിയുടെ സ്ഥാനം ഏറ്റെടുക്കാനാണ് നീ ആവശ്യപ്പെടുന്നത്. അതൊരു അംഗീകാരം തന്നെയാണ്. ടോണിക്കു വേണ്ടി എനിക്കും ആൻഡിക്കു വേണ്ടി നിനക്കും നൽകാവുന്ന ഏറ്റവും മനോഹരമായ സമ്മാനവും അത് തന്നെ. നീയവളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും മനസ്സിലാക്കുന്നുവെന്നും എനിക്കിപ്പോളറിയാം. നിന്നെയോർത്ത് ടോണി അഭിമാനിക്കുന്നുണ്ടാവും."
ആൻഡിയുടെ കണ്ണിൽ പുഞ്ചിരിയുണ്ടായിരുന്നു. ഒപ്പം കവിളിൽ കണ്ണുനീർ ചാലുകളും . പലപ്പോഴും സിംഫണിയോടൊപ്പം പപ്പ ചെല്ലോ വായിച്ച ദേവാലയത്തിൽ അയാളുടെ സാന്നിദ്ധ്യം അവൾ തിരിച്ചറിഞ്ഞു. പപ്പയുടെ സംഗീതത്തിനൊപ്പം നൃത്തം വച്ച പാദങ്ങളോടെ, പപ്പയുടെ കൈ പിടിച്ചെത്തുന്ന ഒരു കുട്ടിയുടെ ആത്മവിശ്വാസത്തോടെ അവൾ തന്റെ പുതിയ ജീവിതത്തിലേക്കുള്ള ചുവടുകൾ വച്ചു. ആൻഡ്രിയ റൂസ്സോയിൽ നിന്ന് ആൻഡ്രിയ ഗെയ്ലിലേക്ക് .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo