Slider

നന്മയുടെ പ്രതിഫലം

0

നന്മയുടെ പ്രതിഫലം
*************************
പതിവായി ഞാൻ ജോലിക്കു പോകുന്ന വഴിയിലെന്നും ഞാൻ ആ മുഖം കാണാറുണ്ട് ....ഒട്ടിയ വയറുമായി ഒരു അനാഥാശ്രമത്തിന്റെ ഗേറ്റിൽ തൂങ്ങി അവശനായി നിൽക്കുന്ന ഒരു നാല് വയസ്സുകാരൻ ..
ഹൃദയം ചൂഴ്ന്നുപോകുന്ന കാഴ്ചയാണത് ....വീണ്ടുവിചാരമില്ലാത്ത ചിലരുടെ പ്രവൃത്തിദോഷം കൊണ്ട് നാഥനുണ്ടായിട്ടും അനാഥൻ എന്ന് മുദ്രകുത്തപ്പെട്ട അവനെ എന്നും എന്റെ മിഴികൾ ആ ആശ്രമത്തിന്റെ പടിവാതിൽക്കൽ തിരഞ്ഞിരുന്നു ....കാണാതിരുന്നാൽ എന്തോ ഒരു വെപ്രാളം പോലെ ...
ഒരു ദിവസം ഞാൻ അവന്റെ അരികിൽ ചെന്നു ..ഞാൻ അടുത്തെത്തി അവന്റെ കവിളിൽ ഒന്ന് തലോടി ...ഉടനെ അവനെന്റെ കാലുകളെ വരിഞ്ഞു മുറുക്കിപിടിച്ചു ...അവനോളം താഴ്ന്നു വന്നു അവന്റെ കൈകളെ ചേർത്ത്പിടിച്ചു ഞാൻ അവനെ നെഞ്ചോട് ചേർത്തു ...ഏകദേശം എത്ര നേരം ഞാൻ അങ്ങനെതന്നെ നിന്നെന്നു അറിയില്ല ....അപ്പോഴേക്കും ആ ആശ്രമത്തിന്റെ നടത്തിപ്പുകാരിൽ ഒരാൾ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു ..."മാഡം" നിങ്ങളിങ്ങനെ ഈ കുട്ടികൾക്ക് ഹോംലി ഫീലിംഗ് നൽകരുത് "...എന്ന്
അവർ പറഞ്ഞത് മനസിലാക്കിയെന്ന മട്ടിൽ തലയാട്ടി മറുപടിയൊന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു ......അടുത്ത ദിവസം ഞാൻ പോകുന്ന അതെ സമയം ആ കുട്ടി വീണ്ടും അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു ...അവൻ അവിടെയുണ്ടെന്നറിഞ്ഞിട്ടാവണം അന്ന് ഞാൻ എന്റെ കൈകളിൽ കുറച്ചു മധുരപലഹാരങ്ങൾ കരുതിയിട്ടുണ്ടായിരുന്നു ....
അവന്റെ അടുത്ത് ചെന്നു ഞാൻ അവനോടു അവന്റെ പേരെന്തെന്നു ചോദിച്ചു ....അതിനു മറുപടിയൊന്നുമില്ല ....അവൻ എന്റെ മുഖത്തേക്ക് തന്നെ എന്തോ പ്രതീക്ഷിച്ചു നിൽക്കുന്ന പോലെയൊരേ നിൽപ്പാണ്
ഞാൻ പലവട്ടം അവനോടു എന്തൊക്കെയോ ചോദിച്ചപ്പോഴും മൗനമായി എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണവൻ ...എന്റെ പരിശ്രമങ്ങൾ കണ്ടിട്ടാവണം അവിടുത്തെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്റെ അടുത്ത് വന്നു പറഞ്ഞു "മാഡം അവൻ സംസാരിക്കില്ല ...ചെവിയും കേൾക്കില്ല " എന്ന് ...
കേട്ടപ്പോൾ വളരെ സങ്കടം തോന്നിപ്പോയി ...എങ്കിലും ആ നിഷ്കളങ്ക മുഖത്തേക്ക് എന്റെ സങ്കടത്തിന്റെ കരിനിഴൽ വീഴരുതെന്ന് ഉറച്ച തീരുമാനത്തോടെ ഞാൻ എന്റെ വികാരത്തെ വരുതിയിലാക്കി ....
പിന്നീട് എന്റെ കൈകളിൽ ഉള്ള മധുരപലഹാരത്തിന്റെ പൊതി ഞാൻ അവനു നേരെ നീട്ടി ....അവൻ തലയാട്ടി അത് സ്വീകരിക്കാൻ വിസമ്മതിച്ചു ....ഞാൻ എത്രയോ തവണ നിർബന്ധിച്ചു കൈകളിൽ ഏൽപ്പിക്കാൻ ശ്രമിച്ചിട്ടും അവൻ ആ പൊതി സ്വീകരിച്ചതേയില്ല ......പക്ഷെ അവന്ടെ മുഖത്ത് എന്തോ പ്രതീക്ഷ നിഴലിച്ചിരുന്നു ...താഴെ മുട്ടുകുത്തി നിന്ന് ഞാൻ അവനെ ചേർത്ത് പിടിച്ചു ആംഗ്യ ഭാഷയിൽ തന്നെ ചോദിച്ചു "നിനക്ക് വേറെ എന്താണ് വേണ്ടത് "എന്ന് .....ഉടനെ അവൻ എന്നെ മുറുക്കെ കെട്ടിപിടിച്ചു ....എന്റെ കൈകളും അറിയാതെ അവനെ ചേർത്ത് നിർത്തി .....
വാത്സല്യത്തോടെയുള്ള ഒരു കരവലയം മാത്രം പ്രതീക്ഷിച്ചിട്ടാണവൻ നിന്നതെന്നു അപ്പോഴാണെനിക്ക് മനസ്സിലായത് ....നന്മ മാത്രമുള്ള ആ നിഷ്കളങ്ക മുഖത്തെ എത്രനേരം അങ്ങനെ നോക്കി നിന്നെന്നറിയില്ല
സ്നേഹവും ...ലാളനകളും കൊതിക്കുന്ന പ്രായത്തിൽ അനാഥൻ എന്ന് മുദ്രകുത്തപ്പെടുന്നവന്റെ നിസ്സഹായത അവന്റെ മുഖത്തിൽ നിഴലിച്ചിരുന്നു ....
പിന്നീടെന്നും ഞാൻ ആ വഴിപോകുമ്പോൾ ....എന്നെ കാത്തു നില്കുന്ന അവന്റെ കവിളിൽ ഒന്ന് തലോടി അവനെ ചേർത്തുപിടിച്ചു നിറയുകയിൽ ഒരു ചുംബനവും കൊടുക്കുന്നത് ഒരു പതിവായി ...........ഒരു സ്നേഹസ്പർശനം .... മാതൃത്വത്തിന്റെ ഒരു കാന്തികവലയം അത് മാത്രമാണവന്റെ ആവശ്യം ....
ദിവസങ്ങൾ കടന്നുപോയപ്പോൾ ഒരു ദിവസം അവൻ കാത്തുനിൽക്കുന്ന ആശ്രമ പരിസരത്തു വെച്ച് എന്റെ വാഹനം ഒന്ന് മറിഞ്ഞു ....കാര്യമായിട്ടൊന്നുമില്ലെങ്കിലും ...തനിയെ എഴുനേൽക്കാൻ പറ്റാത്തൊരു അവസ്ഥയായിരുന്നു .....അധികം ആൾ സഞ്ചാരമില്ലാത്ത സ്ഥലം ....എങ്കിലും കുറച്ചു മനുഷ്യരുണ്ട് ...പക്ഷേ എന്താണ് സംഭവിച്ചതെന്ന് ശ്രദ്ധിക്കാൻ പോലും നേരമില്ലാത്തവർ ...രൂപം കൊണ്ട് മാത്രം വളർന്നവർ .....
ഒന്നെഴുനേൽക്കാൻ പോലും പറ്റാത്ത അവശതയിൽ ഞാൻ കിടക്കുമ്പോൾ എനിക്ക് നേരെ രണ്ടു പിഞ്ചു കൈകൾ നീണ്ടു വരുന്നത് ഞാൻ ശ്രദ്ധിച്ചു ....അതെ അത് അവനാണ് ആ അനാഥൻ എന്ന് സമൂഹം മുദ്രകുത്തിയ പിഞ്ചുബാലൻ ....എന്നെ കാത്തിരിക്കുന്ന അവന്റെ ശ്രദ്ധയിൽ പെട്ടയുടനെ എന്നെ സഹായിക്കാനായി ഓടിയെത്തിയിരിക്കയാണ് അവൻ .......
അവന്റെ കൈകളിൽ ഞാൻ പിടിച്ചു ഞാൻ എഴുന്നേറ്റു .....ആ കൈകൾക്കു സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും ഉറപ്പുണ്ടായിരുന്നു .....സംസാരശേഷിയുണ്ടായിട്ടും മൗനമാകുന്ന മനുഷ്യരെ പോലെയല്ല .....കേൾവിയുണ്ടായിട്ടും വിളികേൾക്കാത്ത മനുഷ്യരെ പോലെയല്ല ......
രക്തബന്ധമോ ....മറ്റു ബന്ധമോ ഒന്നുമില്ലാഞ്ഞിട്ടും എന്നോ ഒരിക്കൽ അവനു ഞാൻ നൽകിയ സ്നേഹസ്പർശത്തിന്റെ ആത്മാർഥതയാണ് അന്ന് അവന്റെ കണ്ണുകളിൽ ഞാൻ കണ്ടത് ...ഇന്നും ഞാൻ പോകുന്ന വഴിയിൽ ഒരു നിമിഷം എന്റെ കരവലയത്തിലൊതുങ്ങാൻ കൊതിച്ചു അവൻ നിൽക്കുന്നുണ്ട് ....
N B :(നിസ്സാരമെന്നു നമ്മൾ കരുതുന്ന ചില സംഭവങ്ങൾ .....നമ്മളറിയാതെ നമ്മളിൽ നിന്ന് വരുന്ന ചില ചെറിയ നന്മകൾ ....അത് ചിലരുടെ ...മനസ്സിലും ജീവിതത്തിലും നന്മയുടെയും ,സ്നേഹത്തിന്റെയും ,പ്രതീക്ഷകളുടെയും വലിയ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കും...)
***സൗമ്യ സച്ചിൻ****
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo