നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഫിലിപ്പിനി പെണ്ണിനെ കെട്ടിയാൽ


ഫിലിപ്പിനി പെണ്ണിനെ കെട്ടിയാൽ
അങ്ങനെയിരിക്കുമ്പോഴാണ് തെക്കേവീട്ടിലെ ചെറിയാൻ ചേട്ടന്റെ മോൻ ജോബിക്ക് ഫിലിപ്പീൻസിൽ ഉന്നത പഠനത്തിന് അവസരം കിട്ടിയത്. കിട്ടിയ അവസരം മുതലാക്കി കാര്യങ്ങളൊക്കെ ശരിയാക്കി ജോബിക്കുട്ടൻ വിമാനം കയറി.
അവൻ കയറിയ ആദ്യ വിമാനം സിംഗപ്പൂർ എത്തി, പിന്നെ വേറോരു വിമാനം കയറി ഫിലിപ്പീൻസിലെ മാനിലയിൽ വിമാനമിറങ്ങി.
ഫിലിപ്പീൻസിൽ ചെന്നതും ജോബിയുടെ മനസ്സേതോ ആംഗലേപനം പുരട്ടിയ രാജ തോഴിമാരുള്ള കൊട്ടാരത്തിൽ ചെന്നൊരു അവസ്ഥയായി. നാട്ടിലെ ഒരു കുഗ്രാമത്തിൽ വളർന്ന ജോബിക്ക് ഫിലിപ്പീൻസിലെ പ്രകൃതി സൗന്ദര്യം , അതിലുമുപരി വെളുത്ത മനില സുന്ദരിമാരുടെ കുണുങ്ങി നടത്തവും നന്നായി ബോധിച്ചു.
തികച്ചും ഒരു ദൈവ ഭക്തനായത് കൊണ്ട് ഒരു നോട്ടം കൊണ്ട് പോലും വ്യഭിചാരം ചെയ്യരുതെന്ന അപ്പന്റെ ഗുണപാഠങ്ങൾ മനസ്സിൽ കിടന്നു ഞെളിപിരി കൊണ്ടു. ഓണത്തിന് വടം വലിക്കുന്ന പോലെ വ്യഭിചാര ചിന്തയും സന്മാർഗ്ഗ ചിന്തയും തമ്മിൽ പൊരിഞ്ഞ യുദ്ധം.
ഏത് ഇന്ദ്രിയ ജയമുള്ളവനെയും തകർത്ത് തരിപ്പണമാക്കുന്ന താറാവിന്റെ കുണുങ്ങി നടത്തവും മേലോടൊട്ടിച്ചേർന്ന് കിടക്കുന്ന ബിക്കിനി പോലത്തെ വസ്ത്രവുമുള്ള ഫിലിപ്പിനി പെണ്ണുങ്ങളുടെ സെക്സ് അപ്പീൽ ഏത് ദൈവ ഭക്തനേയും തെല്ലൊന്ന് പാപം ചെയ്യിക്കും.
എന്തായാലും ആ വടം വലിയിൽ, സന്മാർഗ്ഗം ചെറുതായൊന്നു വര ഭേദിച്ച് കടക്കും. വീണ്ടും തിരിച്ച് ജയിക്കും. അങ്ങനെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വടം വലിയിൽ സന്മാർഗ്ഗം തോൽക്കാറായപ്പോൾ, നമ്മുടെ ജോബിക്കുട്ടൻ കടുത്തൊരു തീരുമാനമെടുത്തു.
ഒരു ഫിലിപ്പിനിയെ കല്ല്യാണം കഴിക്കുക. അവന്റെ മനസ്സ് കുളിർക്കുന്ന വെളുത്ത സുന്ദരിയെ എങ്ങനെയെങ്കിലും സ്വന്തമാക്കണം.
കൂടെ പഠിക്കുന്ന തന്നെപോലെ ഭക്തിയുടെ മാർഗ്ഗത്തിൽ ജീവിക്കുന്ന ഫിലിപ്പീനി സുന്ദരിയോട് ചെന്ന് പറഞ്ഞു "പ്രിയേ ഞാൻ നിന്നെ സ്നേഹിക്കുന്നു , വിവാഹം കഴിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൊണ്ടു പൊയ്ക്കോട്ടേ"
അത് കേട്ട പാതി കേൾക്കാത്ത പാതി മുളംകമ്പ്‌ കൊണ്ടുണ്ടാക്കിയ വീട്ടിൽ താമസിക്കുന്ന സുന്ദരി ചിരട്ട പാറക്കല്ലിലിട്ടുരക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
"എനിക്കും ഇഷ്ടമാണ്"
അങ്ങനെ ജോബിയുടെയും എലീനയുടെയും പ്രേമം പൂത്ത് വിടർന്നു. നാല് വർഷത്തെ പഠനത്തിനും പ്രേമത്തിനുമൊടുവിൽ ജോബി എലീനയെ വിവാഹം കഴിക്കാനുള്ള തീരുമാനം വീട്ടിൽ പറഞ്ഞു.
അത് കേട്ടതും ചെറിയാൻ ചേട്ടൻ മുറുക്കാൻ വായിലിട്ടോണ്ട് പറഞ്ഞു .. "ഫ.... എരണം കെട്ടവനെ, പട്ടിയെ തിന്നുന്ന പെണ്ണുങ്ങളല്ലാതെ നിനക്ക് വേറൊരു പെണ്ണിനേയും കിട്ടിയില്ലേടാ മണകുണാസാ. നിന്നെ ഫിലിപ്പീൻസിലേക്ക് അയച്ചപ്പോഴേ എനിക്ക് തോന്നിയതാ എന്തേലും കുരുത്തക്കേടൊപ്പിക്കുമെന്ന്. നിന്റെ തന്തയായ എനിക്ക് നിന്നെയറിയാവുന്നതിൽ കൂടുതൽ ആർക്കറിയാമെടാ"
അത് കേട്ട നിന്ന ജോബിയുടെ അമ്മ വത്സമ്മ പറഞ്ഞു
അപ്പന്റെയല്ലേ മോൻ ഇതല്ല ഇതിനപ്പുറം ചെയ്യും
കെട്ട്യോളെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് ചെറിയാച്ചൻ പറഞ്ഞു. നിന്റെ തള്ളയെ ഞാൻ പ്രേമിച്ച് കെട്ടിയത് കൊണ്ട് നിന്നെ ഒന്നും പറയുന്നില്ല. എന്നാ വേണേലും ചെയ്യ്.
അങ്ങനെ ജോബിയുടെയും എലീനയുടേയും കല്ല്യാണം ഫെറോന മേരിമാതാവിന്റെ പള്ളിയിൽ വെച്ച് നടന്നു.
കല്യാണം കഴിഞ്ഞ നവദമ്പതികളെ കാണാൻ നാട്ടിലെ എല്ലാവരും തടിച്ച് കൂടി.എങ്ങനെ കൂടാതിരിക്കും , വെളു വെളുത്ത് മദാമ്മമാരെ പോലിരിക്കുന്ന ഒരു പെണ്ണാദ്യമായിട്ടാ ആ ഗ്രാമത്തിൽ പ്രവേശിക്കുന്നത്.
അവൾ വീട്ടിലേക്ക് കേറാൻ നേരം അമ്മ വത്സമ്മ പച്ചമലയാളത്തിൽ പറഞ്ഞു, മോളെ വലത് കാല് വെച്ച് കേറൂ . എലീനക്കുണ്ടോ മലയാളം മനസ്സിലാവുന്നു. അവൾ അവളുടെ വെളുത്ത ഇടതു കാൽ വെച്ച് തന്നെ കേറി.
പിന്നെയങ്ങോട്ട് ഫിലിപ്പിനിയും വീട്ടുകാരുമായി സംസാരം. അവൾ എന്തേലും പറഞ്ഞാൽ അവർക്കോ അവരെന്തെലും പറഞ്ഞാൽ അവൾക്കോ മനസ്സിലാവാതെ നാളുകൾ നീങ്ങി.
ചെറിയാച്ചൻ അവളുടെ മുന്നിൽവെച്ച് വത്സമ്മയോട് പറഞ്ഞു . ഇതൊരു വല്ലാത്ത ചതിയായി പോയി. മരുമോളോടൊരു വാക്ക് മിണ്ടിയും പറഞ്ഞുമിരിക്കാന്ന് വച്ചാൽ നടക്കില്ലല്ലോ . ഇടയിലുമല്ല കോണാത്തിലുമല്ല എന്നവസ്ഥയായി.
പറഞ്ഞിട്ടെന്താ കാര്യം മക്കൾ ചൊവുള്ളതെങ്കിൽ ഈ വെള്ളപാറ്റ ഇവിടെ വരുമോ.
എലീനക്ക് മനസ്സിലായി അവരെന്തോ തന്നെക്കുറിച്ചാണ് മോശമായി പറയുന്നെന്ന്.
അ..പ്പ..ച്ച , എ...ന്താ പരഞ്ഞെ ( മുറി മലയാളത്തിൽ അവൾ ചോദിച്ചു.
ഞാൻ പരഞ്ഞതോ കോണകം.. അല്ലാ പിന്നെ.
അ...പ്പ...ച്ചാ വാറ്റ് ഈസ് കോനകം...
അതോടെ കേട്ടതും ചെറിയാച്ചൻ കലി തുള്ളി ഇറങ്ങി പോയി
ഫിലിപ്പീനിക്കുണ്ടോ ഒരു കൂസൽ. അവൾ മുട്ടുവരെയുള്ള പാവാടയിട്ട് സോഫയിൽ കമിഴ്ന്ന് കിടന്ന് ബുക്ക് വായിക്കാൻ തുടങ്ങി. അത് കണ്ടു കേറി വന്ന അവറാച്ചന് വീണ്ടും ദേഷ്യം കേറി. പുള്ളി സകല ഒച്ചയുമെടുത്ത് അലറി
എടീ വത്സമ്മേ എടീ വത്സമ്മേ.
എന്തോന്നാ മനുഷ്യാ, കിടന്ന് കാറുന്നെ?
കുടുംബത്തിൽ പിറന്ന പെൺപിള്ളേരാണേൽ ഇങ്ങനെ കാലും കാണിച്ച് കമിഴ്ന്നു കിടന്ന് കാർന്നോന്മാരുടെ മുന്നിൽ കിടക്കുമോടി.
ഓ എന്നാ ചെയ്യാനാ ഇവളെ പറഞ്ഞിട്ടെന്നാ കാര്യം, പുന്നാര മോനില്ലേ അവനോടു പറ.
ഒരു ദിവസം മുറ്റത്തിരിക്കുമ്പോൾ അപ്പുറത്തെ തൊമ്മിച്ചന്റെ വീട്ടിൽ വളർത്തുന്ന പാണ്ടൻ പട്ടി മുറ്റത്തേക്ക് വന്നതും, എലീന സ്നേഹത്തോടെ കൊതിയോടെ പട്ടിയെ നോക്കുന്നത് ചെറിയാച്ചൻ ശ്രദ്ധിച്ചു. പിന്നെ ഒന്നും നോക്കിയില്ല ഒരു കല്ലെടുത്ത് പട്ടിയുടെ കാലിനിട്ടെറിഞ്ഞു, കൗ കൗ കു കരഞ്ഞോണ്ട് പട്ടി ഓടിയ വഴിക്ക് പുല്ല് മുളക്കില്ല.
എന്നിട്ട് മനസ്സിൽ പറഞ്ഞു - എടി മരുമോളെ നിന്നെ ഞാൻ പട്ടിയിറച്ചി തീറ്റിക്കാടി പുന്നാര മോളെ. അവളുടെ നോട്ടം കണ്ടില്ലേ.
അങ്ങനെ ഭാഷാ പ്രശ്നത്തിലും, ജീവിത ശൈലി വിത്യാസത്തിലും അവർ ഒത്തു ചേരാതെ അല്ലറ ചില്ലറ ചിരിക്കാൻ പറ്റുന്ന കാര്യങ്ങളൊക്കെ ആയി മുന്നോട്ടു പോയി.
അതിനിടക്ക് എലീന ഗർഭിണിയായി പ്രസവിച്ചു. കുട്ടിയേം കൊണ്ട് വീട്ടിൽ വന്നതും ചെറിയാച്ചനും വത്സമ്മയും ആകെ വെട്ടിലായി.
ഫിലിപ്പീനി ശൈലിയിൽ കുട്ടിയെ കളിപ്പിക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ അവരുടെ കരളു പറിഞ്ഞു പോകുന്ന പോലെ തോന്നി. അതുപോലെയല്ലേ ലെ ലവൾ കുട്ടിയെ എടുത്ത് അഭ്യാസമുറകൾ കാണിക്കുന്നത്.
എങ്കിലും കുട്ടിയൊക്കെയായപ്പോ ആംഗ്യങ്ങൾ കാണിച്ചും മറ്റുമൊക്കെ എലീനയും അമ്മായിയപ്പൻ ചെറിയാച്ചനും ചെറുതായി അടുത്തു.
ഒരു ദിവസം എലീന കുട്ടിയ കളിപ്പിച്ച് കൊണ്ടിരിക്കുമ്പൾ, പുള്ള മുള്ളി. എലീന മൂത്രത്തുണിയെടുത്ത് മൂത്രം തുടച്ചു എന്നിട്ടാ തുണി കയ്യിലെടുത്ത് കുട്ടിയുടെ കളിയും ചിരിയും കണ്ട് കൊണ്ടടുത്തിരുന്ന പുന്നാര അമ്മായിയപ്പനെ നോക്കി വാത്സല്യപൂർവം വിളിച്ചു
അ..പ്പ....ച്ചാ
മരുമോളുടെ സ്നേഹമുള്ള ആ മയക്കുന്ന വിളിയിലലിഞ്ഞ് ചെറിയാൻ തലയുയർത്തി നോക്കിയതും.
അവളെന്തോ ഇംഗ്ലീഷിൽ പറഞ്ഞിട്ട് ആ മൂത്ര തുണി പുള്ളിക്കാരന്റെ മുഖം നോക്കിയൊരേറ്.
ഓർക്കാപ്പുറത്ത് മൂത്രത്തുണി മുഖത്ത് വീണ ചെറിയാച്ചൻ ഞെട്ടിപ്പോയി. ഒന്നുംമിണ്ടാതെ അവിടുന്നെഴുനേറ്റു പോയ പുള്ളിക്കാരൻ ജോബി വന്നപ്പോൾ മൂത്രത്തുണിയെറിഞ്ഞ സംഭവം വേദനയോടെ പറഞ്ഞപ്പോൾ അവൻ ഇങ്ങനെ പറഞ്ഞെന്ന്.
ഫിലിപ്പീൻസിൽ സ്നേഹംകൂടുമ്പോൾ ഫിലിപ്പീനി പെണ്ണുങ്ങൾ ഇങ്ങനൊക്കെ ചെയ്യാറുണ്ടെന്ന്.
പിന്നെ എലീന കുട്ടിയെ കളിപ്പിക്കുമ്പോൾ ചെറിയാച്ചൻ അടുത്തിരിക്കാറില്ല. കാരണം കൊച്ച് അപ്പിയിടുന്ന സമയത്ത് ഫിലിപ്പീനി മരുമകൾക്ക് സ്നേഹം കൂടിയാലുള്ള അവസ്ഥയാലോചിച്ച് സ്വയം പിന്മാറുകയായിരുന്നു.
നമ്മുടെ കേരളത്തിൽ എനിക്കറിയാവുന്ന ഒരു കുടുംബത്തിൽ സംഭവിച്ചതാണ്. വേറൊരു സംസ്ക്കാരവും ഭാഷയും, വസ്ത്രവുമൊക്കെ ഒരിടത്തേക്ക് വരുമ്പോൾ സംഭവിക്കാവുന്ന ചിലത്. ആ ദമ്പതികളിന്നും നന്നായി ജീവിക്കുന്നുണ്ട് കേട്ടോ.
ജിജോ പുത്തൻപുരയിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot