
...കൂയ്..ചാള അയല കിളിമീനേയ്....
എടീ സാറക്കുട്ടി ...മീൻ വേണോടി ഉച്ചക്ക് വറുക്കാൻ? ജോണിക്കുഞ്ഞ് പശുവിന് വെള്ളം കൊടുക്കുമ്പോൾ വിളിച്ച് ചോദിച്ചു.
വാങ്ങ് ഇച്ചായാ....ചാള വാങ്ങിക്കോ....നല്ല നെയ്യുള്ള സമയമാ, വറുക്കാം...നെറ്റിയിലെ വിയർപ്പ് തുടച്ച് സാറക്കുട്ടി മൺചട്ടിയെടുത്ത് മുൻ വശത്തേക്ക് ചെന്നു. അപ്പോഴേക്കും ജോണിക്കുഞ്ഞും വന്നിരുന്നു.
അപ്പുറത്തെ പിശുക്കൻ തോമാ അര കിലോ മീൻ വാങ്ങി മീന് ഒടുക്കത്ത വിലയാന്ന് പറഞ്ഞ് പിറു പിറുത്ത് കൊണ്ട് പോകുന്നത് നോക്കി അവർ രണ്ട് പേരും ഊറി ചിരിച്ചു.
അല്ലേലും തോമാ അങ്ങനാ...അഞ്ച് രൂപയുടെ സാധനമാണേലും കരഞ്ഞ് നിലവിളിക്കും.
അപ്പോഴേക്കും മീൻകാരൻ ജോസ് വലിയ വായിൽ മീനേ....കിളിമീനേ എന്ന് കൂവി അവരുടെയടുത്ത് വന്നു.
മീൻ കൊട്ട കാലിയാണേലും സൈക്കിളിൽ പോവുമ്പോൾ ജോസിടക്കങ്ങനെ കൂവും...ശീലമായി പോയില്ലേ. വർഷം കുറച്ചായില്ലിയോ ഈ പണി തുടങ്ങിയിട്ട്
ജോണിചേട്ടാ നല്ല പിടക്കണ ചാളയുണ്ട് എടുക്കട്ടയോ..
എന്നതാ വില ജോസച്ചായാ...
ഓ ഇന്നതികം വിലയില്ലാന്നെ കിലോ 30, ഒരു രണ്ട് കിലോ തൂക്കട്ടെയോ?
രണ്ട് കിലോയോ! ആര് തിന്നാനാ ഇത്രയും...മക്കളാണേൽ ഇവിടില്ല. പിന്നെ ഞങ്ങൾ രണ്ടാളും...ഒരു കിലോ മതി ജോസച്ചായാ.
ശരി...നല്ല മീനാ കടലീന്ന് ഇന്ന് പിടിച്ചതാ.
സാറക്കുട്ടി ചട്ടി കൊണ്ട് വന്നെങ്കിലും ജോസ് തേക്കിലയിൽ പൊതിഞ്ഞേ മീൻ കൊടുക്കൂ...അതിലൊരു ജോലി സുഖമുണ്ടെന്ന് ചോദിക്കുമ്പോൾ പറയും.
അങ്ങനെ സാറക്കുട്ടി മീൻ നന്നാക്കി മഞ്ഞപ്പൊടിയും പച്ചക്കുരുമുളക് അരച്ചതും ഉപ്പും ചേർത്ത് പുരട്ടി വച്ചു.
കുറച്ച് കഴിഞ്ഞ് അരി വെന്ത് വാർത്ത് ചട്ടിയിലെണ്ണയൊഴിച്ച് നെയ്ച്ചാള ഇട്ട് പൊരിക്കുമ്പോൾ ആ പരിസരം മുഴുവൻ കൊതിപ്പിക്കുന്ന വറവ് മണമായിരുന്നു.
അല്ലേലും സാറക്കുട്ടിയുടെ മീൻ കറിയും മീൻ വറുത്തതും ഒന്ന് കഴിക്കേണ്ടത് തന്നെ എന്തൊരു രുചിയാണെന്നോ.
ഇച്ചായോ....ഇച്ചായോ....!
എന്നതാടി സാറാക്കുട്ടി...
പറമ്പീന്ന് വന്നേ ചോറ് കാലായിട്ടുണ്ട്.
ദാ വരണൂ...ഈ കപ്പയുടെ ചുവട് കൂടെ ചെത്തട്ടെ.. ഇതും കൂടി ചെത്തിയാൽ തീർന്നു.
ഈ അച്ചായാന്റെ ഒരു കാര്യം...
ജോണിക്കുഞ്ഞ് അങ്ങനാ. ഒരു പണി തുടങ്ങിയാലത് തീർക്കാതെ ഒരു സുഖവുമുണ്ടാവില്ല. ചിലപ്പോഴൊക്കെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയാവും പറമ്പീന്ന് കേറുമ്പോൾ. സാറാക്കുട്ടി വിളിച്ച് വിളിച്ച് മടുക്കും. എന്നിരുന്നാലും ജോണിക്കുഞ്ഞ് വന്നിട്ടേ സാറാക്കുട്ടി കഴിക്കൂ...
ജോണിക്കുഞ്ഞ് വന്ന് മുഖവും കാലും കഴുകി അടുക്കളപ്പുറത്തിരുന്നു. അവിടിരുന്നു ചോറ് തിന്നുന്നത് ഒരു പ്രത്യേക സുഖമാണെന്ന് ജോണിക്കുഞ്ഞ് പറയും.
ഒരു പിഞ്ഞാണത്തിൽ ചക്കക്കുരുവും മാങ്ങയും മുരിങ്ങാക്കോലും ഇട്ട് വെച്ച കൂട്ടാനും, വാട്ടിയ വാഴയിലയിൽ വറുത്ത ചാളയും സാറാകുട്ടി എടുത്ത് വച്ചു. അരികത്തവളും ഇരുന്നു.
ഒരു സമാധാനപൂർണ്ണമായ ആഹാരം കഴിക്കൽ. ഇന്ന് സ്വപ്നം കാണുന്ന ജീവിത രീതി.
സാറാക്കുട്ടി... നല്ല രുചി മീന് ! ഒരെണ്ണം കൂടിയിങ്ങെടുത്തേടി...അല്ലേലും നീയുണ്ടാക്കുന്ന മീൻ രണ്ടാമത് ചോദിക്കാത്തവരുണ്ടോടി.
ഓ പിന്നെ...ഈ ഇച്ചായൻ ചുമ്മാ പറയുവാ.
അല്ലെടി പെണ്ണേ...സത്യമാ. ഇവിടെ പണിക്ക് വരുന്നവരെല്ലാം പറയുന്നത് കേൾക്കാം. അവർ പറഞ്ഞില്ലെങ്കിലും നിന്റെ ഇച്ചായന് ഇഷ്ടമല്ലിയോ എന്റെ സാറാക്കുട്ടിയുടെ കൈപുണ്യം.
ഇച്ചായാ... പോ മിണ്ടാതെ അൽപം നാണം വന്ന പോലെ സാറാക്കുട്ടി പറഞ്ഞു..
സാറാക്കുട്ടിക്ക് ഈ നാണം സ്ഥിരം ഉള്ളതാ.
നാണം വന്ന് ഇച്ചായാന്ന് വിളിക്കുന്നത് കേൾക്കാൻ ജോണിക്കുഞ്ഞിന് വല്ല്യ ഇഷ്ടമാ.
ഇച്ചായാ ഞാനൊരു കാര്യം പറയട്ടെ!
എന്നതാടി കൊച്ചേ
അതേ, നമ്മുടെ മോൾ ടിൻസിമോൾക്ക് നാട്ടിൽ വന്ന് പഠിക്കണമെന്ന്. ബാംഗളൂര് അവൾക്ക് മടുത്തെന്ന്.
നീയെന്നാടി പറയുന്നെ , അവൾ പഠിക്കുകയല്ലേ അവിടെ.
അതൊക്കെ നേരാ...എന്നാലും അവൾക്ക് വീട്ടിൽ നിൽക്കുന്നതാ ഇഷ്ടന്ന്. ഇവിടാവുമ്പോൾ സന്തോഷവും സമാധാനാവുമുണ്ടെന്ന്, അത് മാത്രമല്ല നേരാം വണ്ണം ആഹാരവും കഴിക്കാലോന്ന്. പിന്നെ നമ്മളെ പിരിഞ്ഞിരിക്കാൻ അവൾക്ക് വയ്യാന്ന്.
(അത് ശരിയാ സ്നേഹമുള്ള അപ്പനേം അമ്മയേം പിരിഞ്ഞിരിക്കാൻ ഒരു മക്കളും ആഗ്രഹിക്കില്ല. അവരൊട്ട് കുരുത്തക്കേടുകൾ ഒപ്പിക്കുകയുമില്ല)
അവളന്ന് പറഞ്ഞതാ വീടിനടുത്തെ കോളേജിൽ ഡിഗ്രിക്ക് പൊക്കോളാന്ന്. എല്ലാവരും പറഞ്ഞ് നിർബന്ധിപ്പിച്ചിട്ടല്ലേ എഞ്ചിനീയറിങ്ങിന് പോയത്. അതവൾകൊട്ട് ഇഷ്ടവുമല്ലായിരുന്നു.
ങാ..ഇനി പറഞ്ഞിട്ടെന്താ കാര്യം. ഒരു വർഷായില്ലേ അവിടായിട്ട്. ഇനി അത് തീർക്കാൻ പറ.
അവൾക്ക് പറ്റണില്ലാ ഇച്ചായാ. അവൾ കരയുവാരുന്നു. അവൾക്കിഷ്ടം ഇവിടെ വന്ന് പഠിക്കാനാ. അവൾക്കിഷ്ടമില്ലാത്ത കാര്യം നമ്മൾ തന്നെയല്ലേ നിർബന്ധിപ്പിച്ചത്.
വർക്കിച്ചന്റെ മക്കളും ജോസഫിന്റെ മക്കളും അമേരിക്കയിലാണ് , അവർ പറഞ്ഞിട്ടല്ലിയോ ഇതിന് നിർബന്ധിപ്പിച്ചത്. അവളുടെ ഇഷ്ടം നമ്മൾ നോക്കിയില്ല.
ഹാ...തെറ്റ് പറ്റിയെടി സാറാക്കുട്ടി. അവളെ തിരിച്ച് കൊണ്ടുവരാം. ഇവിടുത്തെ കോളേജിൽ ഡിഗ്രിക്ക് ചേർക്കാം. അവർക്കിഷ്ടമുള്ളത് പഠിക്കട്ടെ അല്ലിയോ.
എനിക്കും അത് തന്നെയാ തോന്നണത്. വിദേശ ജോലിയും അഭിമാനവുമൊക്കെ മക്കളുടെ ജീവിതം വെച്ച് വേണ്ടാ ഇച്ചായാ.
മക്കൾക്ക് ഇഷ്ടമുള്ളത് പഠിക്കട്ടെ, അല്ലിയോ
നേരാടി സാറാക്കുട്ടി, അവളെ ഞാൻ പോയി കൊണ്ടുവരാം. അവിടെ കൊടുത്തിരിക്കുന്ന സെർട്ടിഫികറ്റും മറ്റും ഞാൻ സൂത്രത്തിൽ മേടിപ്പിക്കാം.
ഇവിടെയാണ് തീരുമാനങ്ങളുടെ പ്രസക്തി.
ജോണിക്കുഞ്ഞിനും സാറാക്കുട്ടിക്കും മക്കളുടെ മനസ്സ് പൂർണ്ണമായി മനസ്സിലായത് ഇപ്പോഴാണ്.
അവർ മനസ്സ് തിരുത്തി
കുറച്ച് കാശ് നഷ്ടമായെങ്കിലും ടിൻസിമോൾ തിരിച്ച് വരികയും ഒരു രാഷ്ട്രീയ നേതാവിന്റെ ശുപാർശയിൽ സർക്കാർ കോളേജിൽ അവൾക്കിഷ്ടമുള്ള വിഷയം പഠിക്കാൻ അവസരം കിട്ടുകയും ചെയ്തു.
ഇതാണ് കുടുംബം...സ്നേഹമുള്ള കർഷക കുടുംബം. മകൻ ടോണി ഒരു മാസത്തെ സ്പെഷ്യൽ ട്രയിനിങ്ങിന് ഹൈദ്രാബാദ് പോയിരിക്കുവാരുന്നു. അവനും വന്നു.
ജോണിക്കുഞ്ഞും സാറാക്കുട്ടിയും മക്കളും സന്തോഷായി ജീവിക്കുന്നു.
അങ്ങനെ കുറച്ച് കർഷകരും പണ്ട് ജീവിച്ചിരുന്നു...ഇങ്ങനെ സ്നേഹത്തോടെ....
ഇന്നും ചിലരുണ്ട്...ഇവരെപ്പോലെ
എടീ സാറാക്കുട്ടിയെ കുറച്ച് കഞ്ഞിവെള്ളം ഉപ്പിട്ടിങ്ങെടുത്തേടി. ജോണിക്കുഞ്ഞ് പറമ്പീന്ന് വിളിച്ച് പറഞ്ഞു
ഇച്ചായാ ദാ ഇപ്പൊ കൊണ്ടു വരാം...
ഈ കർഷക സ്നേഹം തുടരുന്നു.
ജിജോ പുത്തൻപുരയിൽ