Slider

കവിത - മിഴിയാഴം

0

അകക്കാമ്പിലാഴക്കടലിലെയെന്നപോൽ
ആർത്തിരമ്പുകയാണാമോദ   വീചികൾ
ആയിരം കനവുകൾ കൂടുകൂട്ടിക്കൊണ്ട് 
ആകാശദീപ്തി തിളങ്ങുന്നു മിഴികളിൽ..

ഒരു നോക്കിലൊതുക്കിയ പ്രണയഭാവങ്ങളും 
പകയാലെരിയുന്ന കനൽച്ചൂടുമൊപ്പം 
ഭീതിയിൽ മുങ്ങിയടഞ്ഞോരാ നയനവും 
പറയാതെ പറയുന്നു നൊമ്പരങ്ങൾ...

ആശതൻ സ്ഫുരണങ്ങളക്ഷിയിൽ വിരിയുന്നു 
ഒരു നെയ് വിളക്കായി ദീപ്തി പരത്തുന്നു 
ഓർമ്മയിൽ മങ്ങിയ വദനങ്ങൾ തിരയുന്നു
നഷ്ടനിമിഷത്തിൻ വേദനയറിയുന്നു...

ക്ഷണദർശനത്താൽ ജീവിതരഥ്യയെ
തുറന്നു പാടുന്നു ശുദ്ധമാം ഭാഷയിൽ
ഒരു സ്ഫടികഛായപോൽ ജീവിതബിംബത്തെ
പ്രതിഫലിപ്പിക്കുന്നു മനോമുകുരങ്ങളിൽ...

അനന്തതയിൽ നീളും മിഴികളിലെവിടെയോ
നഷ്ടപ്രതീക്ഷതൻ ശുഭസൂചകങ്ങളായ്
അന്തരത്മാവിൻ കവാടം തുറന്നുപെയ് -
തൊഴിയുന്നു നോവുകൾ അശ്രുകണങ്ങളായ്.....

രാഗവിദ്വേഷവും ഭീതിയും ശാന്തവും
വാത്സല്യമത്ഭുത നിർവേദ ഭാവവും
മിഴിയിലേക്കൊഴുകുമ്പോഴപ്രവാഹത്തെ നാം
സമചിത്തതയോടെതിരേൽക്കയെപ്പോഴും...

ഷെറി വർഗ്ഗീസ്‌....



0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo