Showing posts with label UnniTVM. Show all posts
Showing posts with label UnniTVM. Show all posts

The Third Eye (കഥ)


"കാമുകന് അയച്ചു കൊടുത്ത നഗ്നദൃശ്യങ്ങൾ പുറത്തായി. പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു..."

സ്വ ലേ : ഓണ്ലൈൻ ചാറ്റിങ്ങിലൂടെ കാമുകന് അയച്ചു കൊടുത്ത നഗ്നദൃശ്യങ്ങൾ പുറത്തായതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. വിദേശത്ത് നിന്നും ഈ മാസം നാട്ടിലെത്തിയ ഭർത്താവ് ക്വാറന്റൈൻ കാലാവധി കഴിഞ്ഞെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് യുവതിയുടെ ആത്മഹത്യ. സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

"വല്ലോന്റേം കൂടെ കറങ്ങി നടന്നിട്ട് വീഡിയോ പുറത്തായി പോലും. ഇവളൊന്നും ജീവിച്ചിരിന്നിട്ട് ഒരു കാര്യവുമില്ല. മലയാളികളെ പറയിക്കാനായിട്ട്."

"കാശും സ്വർണവുമൊക്കെ നേരത്തെ തന്നെ കാമുകന് കാഴ്ച വച്ച് കാണും. നേരാംവണ്ണം ജീവിക്കുന്ന ഞങ്ങളെപ്പോലുള്ള പെണ്ണുങ്ങളെക്കൂടി പറയിക്കാനായിട്ട്..."

"ഭര്ത്താവ് ഗൾഫീന്ന് വരുന്നത് വരെ കാക്കാനുള്ള ഇരിക്കപ്പൊറുതി ഉണ്ടായിക്കാണില്ല."

"കണ്ടവന്റെയൊക്കെ മുന്നില് തുണിയഴിച്ചു നിന്ന് കൊടുത്തിട്ട് കെട്ട്യോനും നാട്ടുകാരുമറിഞ്ഞപ്പോ ആത്മഹത്യ. എന്നാലും ഇവളുടെയൊക്കെ ഒരു ധൈര്യമേ.. കുഞ്ഞ് മുന്നില് നിൽക്കുന്നത് പോലും ഇവൾക്കൊന്നുമൊരു പ്രശ്നമേ അല്ല. ത്ഫൂ നാണം കെട്ടവള്.."

"പാവം ഭർത്താവ് ഇവൾക്കൊക്കെ വേണ്ടി മണലാരണ്യത്തിൽക്കിടന്ന് കഷ്ടപ്പെടുന്നു. ഇവളൊക്കെ ആ കാശും വാങ്ങി തോന്നിയ പോലെ ജീവിക്കുന്നു...."

പൊടിപ്പും തൊങ്ങലും ചേർത്ത മസാലക്കഥകളും, ഊഹാപോഹങ്ങളും, ഇന്റലിജൻസ് ബ്യുറോയെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ കേസിന്റെ അന്വേഷണച്ചുമതല സ്വയം ഏറ്റെടുത്ത ഓണ്ലൈൻ സി ബി ഐ സംഘങ്ങളുടെ അന്വേഷണറിപ്പോർട്ടും കൊണ്ട് ചാനലുകളുടെ കമന്റ് ബോക്‌സ് നിറഞ്ഞു.

"ടാ നീ ന്യൂസ് വായിച്ചില്ലേ? അവൾക്കൊരു കാമുകൻ ഉണ്ടായിരുന്നെന്ന്, അവനയച്ചു കൊടുത്ത വീഡിയോകളാണ് ലീക്കായത്. ഭർത്താവ് നാട്ടിലെത്തിയത് അറിഞ്ഞപ്പോ മിക്കവാറും കാമുകൻ മുങ്ങിക്കാണും.."

"ആരാടാ അവൻ? പിക്ക് ഉണ്ടോ?"

"എയ് ഇല്ല. ന്യൂസിന്റെ കമന്റിൽ വായിച്ചതാ. ഉണ്ടാവും അതുറപ്പല്ലേ, നീ വീഡിയോ കണ്ടില്ലേ? നെറ്റ് ഓണാക്ക് ഞാൻ സെന്റ് ചെയ്യാം. ഏതവനായാലും ഭാഗ്യവനാണ്. പറഞ്ഞിട്ട് കാര്യമില്ല. നമ്മളൊക്കെയിവിടെ ആണെന്നും പറഞ്ഞ് നടന്നിട്ട് എന്താടാ കാര്യം? ഇപ്പൊ വല്ലോനും കൊണ്ടോയില്ലേ...."

വഴി പിഴച്ചവൾ ചത്തു തൊലഞ്ഞത് നാടിനും വീടിനും നന്നായെന്ന തീരുമാനത്തിൽ നാട്ടുകാരും, ബന്ധുക്കളും പിരിഞ്ഞു പോയി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം,
സൗത്ത് പോലീസ് സ്റ്റേഷൻ...

"സർ എന്റെ പേര് അരുൺ. സ്റ്റേഷനിൽ വന്ന് കാണണമെന്ന് എസ് ഐ സാറ് അറിയിച്ചിരുന്നു."

"മ്, ചെല്ല് ചെല്ല്, സാർ അകത്തുണ്ട്."

"സർ, എന്റെ പേര് അരുൺ. സുമയുടെ ഭർത്താവാണ്. വീട്ടിലെത്തുമ്പോ ഇവിടെ വന്ന് സാറിനെ കാണാൻ പറഞ്ഞിരുന്നു."

"മ്, അരുൺ ഇരിക്ക്. സുമയുടെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചോദിച്ചറിയനാണ് നിങ്ങളോട് വരാൻ പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുമയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സഹചര്യത്തെളിവുകളും അത് തന്നെയാണ് ശരി വയ്ക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി അരുൺ നാട്ടിലില്ലെന്നറിയാം എന്നാലും ഈ മരണവുമായി ബന്ധപ്പെട്ട് അരുണിന് ആരെയെങ്കിലും സംശയമുണ്ടോ? സുമയ്ക്ക് ആരോടെങ്കിലും മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നതായോ മറ്റോ ആരെങ്കിലും പറയുകയോ? അങ്ങനെ എന്തെങ്കിലും..."

"ഇല്ല സർ, അവളൊരിക്കലും അങ്ങനെയൊന്നും ചെയ്യില്ല. അവൾക്കൊരു കാമുകനുമില്ല. അതെല്ലാം നാട്ടുകാരും മീഡിയയും കൂടി മെനഞ്ഞെടുത്ത കഥകളാണ് സർ. എട്ട് വർഷമായി ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട്. എനിക്കറിയാം എന്റെ ഭാര്യയെ.. വാട്സപ്പോ ഫെയ്‌സ്ബുക്കോ ഒന്നും അവളുപയോഗിക്കാറില്ല. എന്തിന് ഫോണിലൊരു മെസ്സേജ് വന്നാൽപ്പോലും അതൊന്ന് നോക്കാൻ അവൾക്കറിയില്ല. അങ്ങനെയുള്ള എന്റെ ഭാര്യ സ്വന്തമായി വീഡിയോ എടുത്തു കാമുകന് അയച്ചു കൊടുത്തൊന്നൊക്കെ പറഞ്ഞാൽ... ആരൊക്കെയോ ചേർന്ന് അവളെ ചതിച്ചതാണ് സർ. ദയവായി സാറിത് അന്വേഷിക്കണം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മറ്റാരെയും വിശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും എനിക്കെന്റെ മക്കളുടെ മുന്നിലെങ്കിലും അവൾ നിരപരാധിയാണെന്ന് തെളിയിക്കണം..."

"റിലാക്സ് അരുൺ ... സീ, നിങ്ങളുടെ അവസ്‌ഥയെനിക്ക് മനസ്സിലാക്കാൻ സാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ലെന്നുമറിയാം. പക്ഷേ ഇത് ഞങ്ങളുടെ ഡ്യൂട്ടിയാണ്."

"ക്ഷമിക്കണം സർ, എനിക്ക് മനസ്സിലാവും. പെട്ടെന്ന് ഇതൊക്കെ കേട്ടപ്പോ ഞാൻ....."

"ഓക്കെ അരുൺ ലീവ് ഇറ്റ്, അരുണിപ്പോൾ പറഞ്ഞല്ലോ ഭാര്യക്കൊരു മെസ്സേജ് നോക്കാൻ പോലുമറിയില്ല, സോഷ്യൽ മീഡിയ ഉപയോഗിക്കല്ല എന്നൊക്കെ. ഇന്നത്തെക്കാലത്തും ഇതൊക്കെ അറിയാത്തവരുണ്ടെന്ന് പറഞ്ഞാൽ..."

"ഞാൻ പറഞ്ഞത് സത്യമാണ് സർ, അവൾക്കെന്തോ അതിനോടൊന്നും വല്യ താൽപര്യമില്ലായിരുന്നു. എന്നെ വിളിക്കുന്നതൊഴിച്ചാൽ പാട്ട് കേൾക്കാനും ഫിലിം കാണാനും വേണ്ടി മാത്രമാണ് അവൾ ഫോൺ ഉപയോഗിക്കുന്നതെന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്. മക്കൾക്ക് ഓണ്ലൈൻ ക്‌ളാസ് തുടങ്ങിയപ്പോഴും അവർക്ക് ട്യൂഷനെടുക്കുന്ന കുട്ടിയാണ് ക്ലാസ് അറ്റൻഡ് ചെയ്യുന്നതും മറ്റും അവൾക്ക് പറഞ്ഞു കൊടുത്തത്. ക്ലാസ് തുടങ്ങിയ ശേഷം അവളുടെ ഫോൺ കൂടുതൽ സമയവും കുട്ടികളുടെ കൈയ്യിലായിരുന്നു. അത് കൊണ്ട് കഴിഞ്ഞ മാസം എന്റെ ഒരു സുഹൃത്ത് നാട്ടിൽ വന്നപ്പോൾ ഞാനവൾക്ക് പുതിയയൊരു ഫോൺ കൊടുത്തയച്ചിരുന്നു. അതിന്റെ ഫങ്ങ്ഷൻസ് പോലും എത്രയോ വട്ടം പറഞ്ഞു കൊടുത്തിട്ടാണ് അവൾക്ക് കുറച്ചെങ്കിലും മനസ്സിലായത് തന്നെ.."

"ഓക്കെ അരുൺ, നിങ്ങളിപ്പോൾ പൊയ്ക്കോളൂ. എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ ഞാൻ അറിയിക്കാം. പിന്നെ ഞങ്ങൾക്ക് ചില സംശയങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് സുമയുടെ ഫോൺ ഞങ്ങൾക്ക് ആവശ്യമുണ്ട്. ജോർജ് കൂടെ വരും ഫോൺ അദ്ദേഹത്തിനെ ഏൽപ്പിച്ചാൽ മതി."

"ശരി സർ.."

അല്പസമയത്തിന് ശേഷം.

ജോർജ്........

യെസ് സർ.

"സുമയുടെ മരണവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് ജോർജ് കണ്ടിരുന്നില്ലേ? അതിനെക്കുറിച്ച് എന്താണ് അഭിപ്രായം? അവർ സ്വയമെടുത്തതായി തോന്നിയോ അതോ മറ്റാരെങ്കിലും ഇനി രഹസ്യമായി...."

"അതിനുള്ള സാധ്യത വളരെക്കുറവാണ് സർ, ടോട്ടൽ മൂന്ന് ക്ലിപ്പുകളാണ് ലീക്കായിട്ടുള്ളത്, അതിലൊരെണ്ണം ബാത്റൂമിനുള്ളിൽ നിന്നുള്ളത്, ബാക്കി രണ്ടെണ്ണം ബെഡ്റൂമിൽ വസ്ത്രം മാറുന്നതും മറ്റും. ബാത്‌റൂമിൽ ആകെയുള്ളത് ഒരു വെന്റ്‌ലേറ്റർ മാത്രമാണ്. ലഭിച്ചിട്ടുള്ള ക്ലിപ്പിൽ വെന്റ്‌ലേറ്ററിന് ഓപ്പോസിറ്റുള്ള വാഷിംഗ്ഗ് മെഷീന് മുകളിലായാണ് ഫോൺ വച്ചിട്ടുള്ളത്. അത് വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. ബെഡ്റൂമിൽ നിന്നുള്ള ക്ലിപ്പുകളിൽ ജനലുകളെല്ലാം അടഞ്ഞാണ് കിടക്കുന്നത്. പോരെങ്കിൽ ഇടയ്ക്ക് ഇളയ കുഞ്ഞ് അവരുടെ മുന്നിലൂടെ നടക്കുന്നതും അവർ കുഞ്ഞിനോട് സംസാരിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. അതുകൊണ്ട് തന്നെ പുറത്ത് നിന്നൊരാൾ രഹസ്യമായി എടുത്തതാണെന്ന് തോന്നുന്നില്ല സർ."

"ഓക്കെ ജോർജ്, എനിക്ക് ചില സംശയങ്ങളുണ്ട്. സുമ ആത്മഹത്യ ചെയ്തത് തന്നെയാണെന്നുള്ള കാര്യത്തിൽ നമുക്ക് സംശയമില്ല. കാരണവും വ്യക്തമാണ്. ഇനി നമുക്ക് അറിയേണ്ടത് മീഡിയ പറയുന്നത് പോലെ മറ്റാർക്കെങ്കിലും ഈ മരണത്തിൽ പങ്കുണ്ടോയെന്ന് മാത്രമാണ്."

"ഓക്കെ സർ, പക്ഷേ സാറിന്റെ സംശയമെന്താണെന്ന് പറഞ്ഞില്ല.."

"യെസ് ജോർജ്, ഞാൻ അതിലേക്കാണ് വരുന്നത്. ജോർജ് അതിലെ ആദ്യത്തെ വീഡിയോ ശ്രദ്ധിച്ചോ? അവർ ബാത്റൂമിലേക്ക് വരുന്നു, തുണികൾ കഴുകാനായി വാഷിംഗ്ഗ് മെഷീനിലേക്ക് ഇടുന്നു. അതിന് ശേഷം കുളിക്കാനായി പോകുന്നു. എന്നുവച്ചാൽ ഏതൊരു സ്ത്രീയും ബാത്റൂമിൽ സാധാരണയായി ചെയ്യുന്ന കുറച്ചു കാര്യങ്ങൾ. പക്ഷേ അവർ റൂമിൽ നിന്ന് വരുന്നത് മുതൽ അവരുടെ ഫോണിൽ വീഡിയോ റിക്കോർഡിങ്ങ് വർക്കിങ്ങാണ്. മറ്റൊരാളുടെ ആവശ്യപ്രകാരം അയാൾക്ക് അയച്ചുകൊടുക്കാനൊ അതല്ല ഇനി സ്വന്തം ശരീരാസ്വദനത്തിന് വേണ്ടി അവർ തന്നെ എടുത്തതാണെങ്കിലും അങ്ങനെ ആരെങ്കിലും ചെയ്യുമോ? അതുപോലെ ജോർജ് മറ്റൊരു കാര്യം ശ്രദ്ധിച്ചില്ലേ? ഈ രംഗങ്ങളിൽ ഒരിക്കൽ പോലും അവർ ഫോണിന്റെ ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നതേയില്ല. ബെഡ്റൂമിൽ നിന്നുള്ള ദൃശ്യങ്ങളും ഏകദേശം അതേപോലെ തന്നെ.. പല ആംഗിളുകളിൽ നിന്നായി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് പക്ഷെ ഒരിക്കൽപ്പോലും അവർ ഫോണിലേക്ക് നോക്കുകയോ റിക്കോർഡിങ്ങ് ഓഫ് ചെയ്യുന്നതോ ഒന്നും കാണുന്നില്ല."

"സാറെന്താണ് ഉദേശിക്കുന്നത്?"

"എനിക്കുറപ്പുണ്ട് ജോർജ്, ഇത് അവർ സ്വയം റിക്കോർഡ് ചെയ്‌ത ദൃശ്യങ്ങളല്ല. ഇതിന് പിന്നിൽ നമുക്കറിയാത്ത മറ്റാരോ കൂടിയുണ്ട്. അതാരാണെന്ന് കണ്ടുപിടിക്കണം. അതിനൊരു എക്സ്പർട്ടിന്റെ സഹായം കൂടി നമുക്കാവശ്യമുണ്ട്."

"ഓക്കെ സർ, എനിക്ക് വളരെ അടുത്തറിയുന്ന ഒരാളുണ്ട് അശ്വിൻ. ഞാനിപ്പോൾതന്നെ അതിനുള്ള ഏർപ്പാടുകൾ ചെയ്യാം."

രണ്ട് ദിവസങ്ങൾക്ക് ശേഷം...

"സർ, കാര്യങ്ങൾ നമ്മൾ വിചാരിച്ചത് പോലെ തന്നെ. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്."

"ഓക്കെ, ഞാനിതാ വരുന്നു. ജോർജ് ഒരു കാര്യം ചെയ്യൂ. സുമയുടെ ഭർത്താവിനെ വിളിച്ചിട്ട് സ്റ്റേഷനിലേക്ക് വരാൻ പറയൂ. നാട്ടുകാരുടെ മുഴുവനും തെറ്റിദ്ധാരണ മാറ്റാനൊന്നും നമുക്കാവില്ല. പക്ഷേ സ്വന്തം ഭാര്യയുടെ നിരപരാധിത്വം ആദ്യമറിയേണ്ടത് അവളുടെ ഭർത്താവ് തന്നെയാണ്..."

പ്രതിയുടെ കുറ്റസമ്മതത്തിലൂടെ ഒരു ഫ്ലാഷ്ബാക്ക്.....

"ഗീതേച്ചീ..........."

"ഇതാര് സുമയോ, കേറി വാ സുമേ.. കുറെ നാളയാല്ലോ ഇങ്ങോട്ടൊക്കെ വന്നിട്ട്.."

"അവിടെ പിടിപ്പത് പണിയാ ചേച്ചീ, കാലത്തേയ്ക്കുള്ളത് വച്ചുണ്ടാക്കി കഴിയുമ്പോഴേക്കും പിള്ളേർക്ക് ഓണ്ലൈൻ ക്‌ളാസ് തുടങ്ങും. പിന്നെ അതുങ്ങളെ കൂടെ ഗുസ്തി പിടിച്ചു വേണം അതിന്റെ മുമ്പിലിരുത്താൻ. എന്റെ കണ്ണ് തെറ്റിയാൽ അപ്പൊ തുടങ്ങും രണ്ടും കൂടെ മൊബൈലിന് വേണ്ടി അടി. വല്ല വിധേനേം അത് കഴിയുമ്പോഴേക്കും ഉച്ചയ്ക്കുള്ളത് ആക്കാനുള്ള സമയമാവും. വൈകുന്നേരം പിള്ളേർക്ക് ഓണ്ലൈൻ ട്യൂഷൻ. പിന്നെങ്ങോട്ട് ഇറങ്ങാനാ ചേച്ചീ സമയം.."

"എല്ലാടത്തും അവസ്‌ഥ ഇതൊക്കെ തന്നാ സുമേ.. ദേ ഇവിടെയും ഉണ്ടല്ലോ ഒരെണ്ണം. എന്നെക്കൊണ്ട് അവന്റെ അച്ഛന്റെ കൈയ്യും കാലും പിടിപ്പിച്ചൊരു കമ്പ്യൂട്ടർ വാങ്ങിപ്പിച്ചു. ഇപ്പോ ദേ ഊണിന് പോലും പുറത്തിറങ്ങില്ല. എപ്പോ നോക്കിയാലും അതിന്റെ മുമ്പെ തന്നെ. കോളേജില് ക്ലാസ് ഇല്ലാത്തത് കൊണ്ട് അത് നോക്കി പഠിക്കുന്നെന്നൊക്കെയാ പറച്ചില്. ഇവനിവിടെ ഉള്ളത് കൊണ്ട് ഞാനും ഇപ്പോ എങ്ങോട്ടും പോവാറില്ല."

"അയ്യോ, അത് പറഞ്ഞപ്പോഴാ, വന്ന കാര്യം മറന്നു. അനന്തു എവിടേ ചേച്ചീ?"

"അവനാ മുറിയിലുണ്ട്, എന്താ സുമേ.."

"തൊടിയിലെ ശാരദേച്ചിയുടെ മകനില്ലേ? ഏട്ടന്റെ കൂടെ ജോലി ചെയ്യുന്ന... അവൻ വന്നിട്ടുണ്ട്. ക്വാറന്റൈനോക്കെ കഴിഞ്ഞ് എത്തിയിട്ട് രണ്ട് ദിവസമായി. ഏട്ടൻ അവന്റെ കൈയിലൊരു ഫോൺ കൊടുത്തു വിട്ടിരുന്നു. പിള്ളേർക്ക് ക്ലാസൊക്കെ മൊബൈലിക്കൂടെ ആക്കിയ ശേഷം എന്റെ ഫോണെപ്പോഴും പിള്ളാരുടെ കൈയ്യിലാ. ഏട്ടനോട് സ്വസ്ഥമായിട്ടൊന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ലന്നെ. അങ്ങനെ കൊടുത്തു വിട്ടതാ. പുതിയ ഫോണായത് കൊണ്ട് അതില് ഏതാണ്ടൊക്കെ ചെയ്താലേ ഏട്ടൻ വിളിക്കുമ്പോ കണ്ട് സംസാരിക്കാൻ പറ്റൂന്നാ പറയുന്നത്. എനിക്കിതിന്റെ കിടുപിടി ഒന്നും അറിയത്തില്ല ചേച്ചീയേ. പഴയ ഫോണില് ഏട്ടനുള്ളപ്പോ ചെയ്ത് വച്ചതാ എല്ലാം."

"എന്റെ സുമേ, ഇവിടെയും ഇത് തന്നെ അവസ്ഥ. നമ്മളീ ഗ്യാസ് ഒക്കെ ബുക്ക് ചെയ്യുമ്പോ ഒരു മെസ്സേജ് വരില്ലേ. അത് നോക്കാൻ പോലും എനിക്കും അറിഞ്ഞൂടാന്നെ. അനന്തുന്റെ കൂടെയൊന്ന് നോക്കാൻ പറഞ്ഞാൽ അമ്മയെന്താ ഇതൊക്കെ പഠിക്കാത്തതെന്നും പറഞ്ഞ് ചെറുക്കനപ്പോ ഒച്ചയെടുക്കാൻ തുടങ്ങും. നീ ഇരിക്ക്, ഞാനവനെ വിളിക്കാം."

"ടാ അനന്തു, മോനേ നിന്നെ ദേ സുമ തിരക്കുന്നു. ടാ നീയവിടെ എന്തെടുക്കുവാ. വാതിലൊന്ന് തുറന്നേ.."

"എന്താ സുമേച്ചീ....."

"ടാ മോനേ, സുമയ്ക്ക് അരുൺ കൊടുത്തു വിട്ട പുതിയ ഫോണാ. അവൾക്ക് അവനെ കണ്ട് സംസാരിക്കാൻ അതില് ഏതാണ്ടൊക്കെ ചെയ്യണമെന്നാ പറയുന്നത്. നിനക്ക് അറിയാമെങ്കിൽ അതൊന്ന് ചെയ്ത് കൊടുത്തേ..."

"അതിനെന്താ സുമേച്ചീ, അത് വലിയ പാടൊന്നുമില്ല. ചേച്ചി ഇരിക്ക് ഞാനിപ്പോ റെഡിയാക്കിത്തരാം."

"നീ ചെയ്ത് വച്ചിരുന്നാൽ മതി മോനേ, ഞാനൊന്ന് വീട്ടിലോട്ട് ചെല്ലട്ടെ. ഇല്ലേൽ പിള്ളേര് രണ്ടും കൂടി ഇപ്പോ അങ്കം തുടങ്ങും."

"ഹ ഹ പിള്ളേരെക്കൊണ്ട് വല്യ കഷ്ടപ്പാട് തന്നല്ലേ ചേച്ചീ.. അരുണേട്ടൻ വരുന്നുണ്ടോ ഇപ്പോഴേങ്ങാനും?"

"അവിടെയിപ്പോ ജോലിയൊക്കെ ബുദ്ധിമുട്ടാണെന്നാ വിളിച്ചപ്പോ പറഞ്ഞത്. മിക്ക കമ്പനികളിൽ നിന്നും ജോലിക്കാരെ പിരിച്ചുവിടുന്നുണ്ട്. ചിലപ്പോ ഒന്ന് രണ്ട് മാസത്തിനകം വരും."

"മ്, ശരി ചേച്ചീ, ദേ ഇത് കഴിഞ്ഞു. ഫോൺ കൂടി കൊണ്ട് പൊയ്ക്കോ.."

"ആഹാ, ഇത്രയേ ഉള്ളായിരുന്നോ? ചുമ്മാതല്ല ഏട്ടനെന്നെ മണ്ടീന്ന് വിളിക്കുന്നത്. ശരി ഗീതേച്ചീ ഞാനങ്ങോട്ട് ചെല്ലട്ടെ.."

അൽപ സമയത്തിന് ശേഷം...

കോളിംഗ്ഗ് ബെല്ലിന്റെ ശബ്ദം കേട്ട് സുമ വാതിൽ തുറന്നു..

"ആര്, അനന്തുവോ, എന്താ മോനേ?"

"ചേച്ചീ, ഫോൺ എന്തിയേ? പുതിയ കുറച്ചു സോങ്ങ്സും ഫിലിമുമൊക്കെ വന്നിട്ടുണ്ട്. ചേച്ചി പോയിക്കഴിഞ്ഞാ ഞാനതോർത്തത്."

"എന്റെ മോനേ, നിന്നോട് ഞാനതങ്ങോട്ട് ചോദിക്കണമെന്ന് വിചാരിച്ചതാ. പിന്നെ നീ പഠിക്കുന്നെന്ന് ഗീതേച്ചി പറഞ്ഞതുകൊണ്ടാ.."

"അതല്ലേ ചേച്ചീ ഞാനിങ്ങോട്ട് വന്നത്. ചേച്ചി ഫോൺ എടുത്തിട്ട് വാ. ഞാനെല്ലാം സെന്റ് ചെയ്ത് തരാം."

"എന്നാ മോൻ ഇരിക്ക്. ചേച്ചി പോയി ഫോണെടുത്തിട്ട് വരാം.."

"പിള്ളേര് എന്തിയേ ചേച്ചീ.."

"അവര് പഠിക്കുവാ, ഓണ്ലൈൻ ട്യൂഷൻ. മോൻ ഇത് റെഡിയാക്ക്. അപ്പോഴേക്കും ചേച്ചി കുടിക്കാനെന്തേലുമെടുക്കാം."

"ഫോൺ എന്നെ ഏല്പിച്ചിട്ട് ചേച്ചി വീണ്ടും അടുക്കളയിലേക്ക് പോയി."

"അപ്പോഴേക്കും നിനക്ക് ചെയ്യാനുള്ളതൊക്കെ നീ അതിൽ ചെയ്ത് വച്ചല്ലേടാ...."ജോർജ് ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ് അവന്റെ നേരെ കൈയ്യോങ്ങി...

"ഏയ് വേണ്ട ജോർജ്......"

"അല്ല സാർ, ഇവനൊക്കെ കാരണം ഒന്നുമറിയാത്ത ഒരു പാവം പെണ്ണ്..."

"റിലാക്സ് ജോർജ്, അതിനൊക്കെ നമുക്കൊരുപാട് സമയമുണ്ട്. ഇനി നടന്ന സംഭവങ്ങളുടെ ബാക്കി ഞാൻ പറയാം. ഫോൺ നൽകി സുമ അടുക്കളയിലേക്ക് പോയ ശേഷം വീഡിയോസും സോങ്ങ്സുമൊക്കെ സെന്റ് ചെയ്യുന്നതിനായി ഒരാപ്പ്ളിക്കേഷൻ അനന്തു സുമയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നു. വീഡിയോ ട്രസ്‌ഫെർ ചെയ്യാനെന്ന് സുമയെ തെറ്റിദ്ധരിപ്പിച്ച് ഇൻസ്റ്റാൾ ചെയ്ത ആപ്പ്ളിക്കേഷന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇൻസ്റ്റാൾ ചെയ്ത ശേഷം ഫോണിന്റെ പെർമിഷൻസ് കൂടി നൽകിക്കഴിഞ്ഞാൽ ഇതേ ആപ്പ് തന്നെ മറ്റൊരു ഫോണിലോ കംപ്യുട്ടറിലോ ഉപയോഗിച്ചുകൊണ്ട് ആദ്യത്തെ ഫോണിന്റെ സർവതും അക്സസ് ചെയ്യാൻ സാധിക്കും. അല്പം കൂടി മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ അനന്തുവിന്റെ ഫോൺ ഉപയോഗിച്ച് സുമയുടെ ഫോണിന്റെ ക്യാമറകൾ പ്രവർത്തിപ്പിക്കാനും അതിലൂടെ കാണുന്നതും കേൾക്കുന്നതുമെല്ലാം റെക്കോർഡ് ചെയ്യാനും സാധിക്കും. അതുപോലെ സുമ സ്വന്തം ഫോണിൽ എന്തൊക്കെ ചെയ്യുന്നെന്ന് സ്‌ക്രീൻ മിററിങ്ങ് എന്ന ഓപ്‌ഷനിലൂടെ അനന്തുവിനും കാണാൻ സാധിക്കും. ഏതെങ്കിലും ഒരു മെയിൽ ഐഡി ഉപയോഗിച്ചാവും ഈ രണ്ട് ഫോണുകളും തമ്മിൽ കണക്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ ഇതൊന്നും സുമയെപ്പോലെ ഫോണിനെക്കുറിച്ച് വല്യ അറിവൊന്നുമില്ലാത്ത ഒരു സാധാരണക്കാരിക്ക് മനസ്സിലാക്കാൻ സാധിക്കില്ല."

"വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയ സംശയങ്ങൾ ജോർജിന്റെ ഫ്രണ്ട് അശ്വിനോട് അന്ന് തന്നെ ഞങ്ങൾ സംസാരിച്ചിരുന്നു. കാര്യങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹമാണ് മറ്റൊരാൾക്ക് രഹസ്യമായി നമ്മുടെ ഫോണിൽ ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന സ്പൈ ആപ്പുകളെക്കുറിച്ചും അതെങ്ങനെയൊക്കെയാണ് നമ്മുടെ ഫോണിൽ പ്രവർത്തിക്കുന്നതുമെന്നുമുള്ള കാര്യങ്ങൾ ഞങ്ങൾക്ക് വിശദമാക്കിത്തന്നത്. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് സുമയുടെ ഫോൺ ഒരിക്കൽകൂടി പരിശോധിക്കുകയും അതിലിവൻ ഫയൽ ട്രാൻസ്ഫർ ചെയ്യാനെന്ന പേരിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന സ്പൈ ആപ്പ്ളിക്കേഷൻ കണ്ടെത്തുകയും ചെയ്തത്. വീഡിയോ ലീക്ക് ആയതോടെ കാര്യങ്ങൾ കൈ വിട്ട് പോയ വെപ്രാളത്തിൽ അനന്തു സ്വന്തം ഫോണിൽ നിന്ന് ആപ്പ്ളിക്കേഷൻ ഡിലീറ്റ് ചെയ്‌തെങ്കിലും ഫോണുകൾ തമ്മിൽ കണക്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്ന അനന്തുവിന്റെ മെയിൽ ഐഡി സുമയുടെ ഫോണിൽ നിന്ന് അശ്വിൻ കണ്ടെത്തിയിരുന്നു. അതാണ് ഈ കേസിന് വഴിത്തിരിവായതും എത്രയും പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടാൻ ഞങ്ങളെ സഹായിച്ചതും...."

"ഇപ്പൊ സംഭവിച്ച കാര്യങ്ങളുടെ ഒരേകദേശ രൂപം മനസ്സിലായില്ലേ അരുൺ, നിങ്ങളുടെ സ്വന്തം വീടിനുള്ളിൽ നടന്ന കാര്യങ്ങൾ നിങ്ങളുടെ ഭാര്യ പോലുമറിയാതെ എങ്ങനെയാണ് പുറത്തെത്തിയതെന്നും പിന്നെ അത് മറ്റുള്ളവരിലേക്ക് എത്തിപ്പെട്ടതെന്നും."

"ഒരുപാട് നന്ദിയുണ്ട് സാർ, അവൾക്കിവൻ സ്വന്തം മോനെപ്പോലെ തന്നെയായിരുന്നു. എന്നിട്ടും....."

"ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അരുൺ, ഇന്നത്തെ കാലം അങ്ങനെയാണ്. പിന്നെ ഞങ്ങൾ ചെയ്തത് ഞങ്ങളുടെ ഡ്യൂട്ടിയാണ്. ഇതുകൊണ്ടൊന്നും നിങ്ങൾക്കുണ്ടായ നഷ്ടം നികത്താനാവില്ലെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഈ കേസ് തെളിയിക്കപ്പെടണമെന്നുള്ളത് ദൈവനിശ്ചയമാണ്. റേറ്റിങ്ങ് കൂട്ടാൻ വേണ്ടി ഒരു മരണവാർത്തയെപ്പോലും വളച്ചൊടിച്ച് എന്ത് അഭാസവും എഴുതിപ്പിടിപ്പിക്കുന്ന ഇന്നത്തെ ചാനലുകളെയും, വാർത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കാതെ അഭിപ്രായസ്വാതന്ത്ര്യമെന്ന പേരിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളികൾ നടത്തുന്നവരെയും ഇതോന്നും പറഞ്ഞു വിശ്വസിപ്പിക്കാൻ നമുക്ക് സാധിക്കില്ലയിരിക്കും പക്ഷേ സുമയെപ്പോലെ സ്വന്തം കൈയ്യിൽ കൊണ്ട് നടക്കുന്ന മൊബൈൽ ഫോണിന്റെ ഇത്തരം ദൂഷ്യവശങ്ങൾ ഒന്നും തന്നെയറിയാത്ത ഒരുപാട് വീട്ടമ്മമാരുള്ള നാടാണ് നമ്മുടേത്. ഒരുപക്ഷേ ഈ കേസ് തെളിയിക്കപ്പെട്ടത് അവർക്ക് വേണ്ടി മാത്രമായിരിക്കും......."

സ്നേഹപൂർവം
ഉണ്ണി ആറ്റിങ്ങൽ...

ഡി ബി സുഗുണൻ അഥവാ ഡെഡ്ബോഡി സുഗുണൻ.

Image may contain: Unni Atl, selfie and closeup
മിനിക്കഥ : 
കാലൻ : ചിത്രഗുപ്താ ഇതാരാണ് പുതിയ അഡ്മിഷൻ ?
ചി ഗു : പേര് സുഗുണൻ. ഒരു ഓണ്ലൈൻ തൊഴിലാളിയാണ് അങ്ങുന്നേ.
കാലൻ: ഇയാൾക്ക് മരിക്കാനുള്ള സമയമായതായി സിസ്റ്റത്തിൽ കാണിക്കുന്നില്ലല്ലോ ചിത്രഗുപ്താ.
ചി ഗു : സമയം എത്തും മുൻപേ കൊന്ന് കളഞ്ഞതാ പ്രഭോ..
കാലൻ : ങേ, കണ്ണിക്കണ്ടവനൊക്കെ എന്ന് മുതലാടോ എന്റെ പണിയെടുത്തു തുടങ്ങിയത്?
ചി ഗു : പക്ഷേ ഇയാൾ മുഴുവനായും മരിച്ചിട്ടില്ല പ്രഭോ.
കാലൻ : പിന്നെന്തിനാടോ മരത്തലയാ ഇയാളെ കെട്ടിയെഴുന്നള്ളിച്ചു ഇങ്ങോട്ട് കൊണ്ടു വന്നത്?
ചി ഗു : എന്ത് ചെയ്യാനാ അങ്ങുന്നേ, ഒരു പ്രശസ്ത കവി ടൈംലൈൻ വഴി ശപിച്ചതാ. ഓണ്ലൈനിലെ കണക്കുംപ്രകാരം ഇന്നലെ മുതൽ ഇയാൾ വെറും ശവമാണ് മഹാരാജൻ.
കാലൻ : ശൊ ആകെ കൺഫ്‌യൂഷനായല്ലോ.. ഇനിയിപ്പോ നമ്മളെന്താടോ ചെയ്യുക?
ചി ഗു : മരണം ഓണ്ലൈൻ വഴി ആയത് കൊണ്ട് നമുക്കിവനെ സ്വർഗത്തിൽ അയക്കാൻ നിവൃത്തിയില്ല അങ്ങുന്നേ.. പിന്നെ ഒരു നല്ല കാര്യം പോലും ജീവിതത്തിൽ ഇന്ന് വരെ ഇയാൾ ചെയ്തിട്ടുമില്ല.
കാലൻ : എന്നാൽ പിന്നെ നരകത്തിലേക്ക് തട്ടിയേക്ക്. നമുക്കിവനെ എണ്ണയിലിട്ട് വറുത്തെടുക്കാം.
ചി ഗു : അയ്യോ അതും പറ്റില്ല അങ്ങുന്നേ, ഓണ്ലൈനിൽ ഇവൻ നല്ലവനും, ദാനശീലനും, ധർമിഷ്ടനുമാണ്. അതുമല്ല ജനമൈത്രിയും, കേരളാ പോലീസിന്റെ പേജും വന്നതിന് ശേഷം ഓണ്ലൈൻ ആത്മാക്കളോട് വളരെ വിനയത്തോടെയും സ്നേഹത്തോടെയും മാത്രമേ പെരുമാറാവുള്ളു എന്നാണ് ചട്ടം.
കാലൻ : ഹൊ !! ഒരു നശിച്ച ഓണ്ലൈൻ. വന്ന് വന്ന് ഭൂമിയിൽ നല്ലവനാര്, കെട്ടവനാര് എന്ന് പോലും തിരിച്ചറിയാൻ വയ്യാതെയായല്ലോ ചിത്രഗുപ്താ.
ചി ഗു : പ്രഭോ, ഞാൻ നോക്കിയിട്ട് ഇനി ഒരേയൊരു വഴി മാത്രമേയുള്ളൂ. ഓണ്ലൈൻ വഴി തന്നെ ഇവനെ നമുക്ക് പുനർജനിപ്പിക്കാം. എന്നിട്ട് ഭൂമിയിലേക്ക് തന്നെ തിരികെ അയക്കുകയും ചെയ്യാം.
കാലൻ: ബലേ ഭേഷ്, ബുദ്ധിമാൻ.... ആരവിടെ ദാസിമാരോട് എത്രയും പെട്ടെന്ന് മൃതസഞ്ജീവനി കൊണ്ടു വരാൻ പറയൂ.
ചി ഗു : ഉഗ്രശാപമാണ് മഹാരാജൻ. മൃതസഞ്ജീവനി കൊണ്ട് ഒന്നും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.
കാലൻ : പിന്നെ എങ്ങനാടോ മണ്ടശിരോമണീ ഇയാളെ നമ്മൾ തിരികെ ഭൂമിയിലേക്ക് അയക്കുക?
ചി ഗു : അതിനിനി കവിയുടെ ലിങ്ക് വേണ്ടി വരും പ്രഭോ...
കാലൻ : കുറുനരീ അരുത്, കുറുനരീ അരുത്, കുറുനരീ അരുത്, യമലോകത്ത് അശ്ലീലം അരുത്.
ചി ഗു : ഛെ, അശ്ലീലമല്ല മഹാരാജൻ, ഓണ്ലൈൻ എഴുത്തുകൾ വായിക്കാനുള്ള ഒരു സൂത്രമാണ് അങ്ങുന്നേ ഈ ലിങ്ക്. ഇയാൾ അത് തുറന്ന് കവിയുടെ ഒരു കവിതയെങ്കിലും വായിച്ചു കിട്ടിയാൽ നമ്മൾ രക്ഷപ്പെട്ടു...
"ഐ ആം ഡി ബി സുഗുണൻ അഥവാ ഡെഡ്ബോഡി സുഗുണൻ. വെർഷൻ 5.9.00 സർ."
കാലൻ : എവിടുന്നോ ഒരശരീരി അല്ലേ ചിത്രഗുപ്താ നമ്മളിപ്പോൾ കേട്ടത്?
"അശരീരിയൊന്നും അല്ല പ്രഭോ, ഇത് ഞാനാ സുഗുണൻ. നാട്ടിൽ വളരെ മാന്യമായി മോഷണം നടത്തി ജീവിച്ചു വരികയായിരുന്നു. ഒടുവിൽ ചീത്തപ്പേര് കാരണം ഒറ്റ പെണ്ണുങ്ങളും കണ്ടാൽ ഏഴയലത്ത് അടുപ്പിക്കാത്ത അവസ്‌ഥയിലായി. ഇവള്മാരെയെന്ന് കൈയ്യിലെടുക്കാൻ എന്താ വഴിയെന്ന് ആലോചിച്ചു തല പുകഞ്ഞിരിക്കുമ്പോഴാണ് എന്റെ ഫ്രണ്ട് പുഷ്കരൻ എനിക്ക് fb ഫെയ്ക്ക് അക്കൗണ്ട് സജസ്റ്റ് ചെയ്തത്. കഥയെന്നും കവിതയെന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ ഞാൻ ഇന്നുവരെ ഒരു വരി പോലും വായിച്ചിട്ടില്ല പ്രഭോ. ഇനി കവിത വായിച്ചാലേ ഞാൻ ജീവിക്കുള്ളൂ എന്നാണെങ്കിൽ അത്രയും കഷ്ടപ്പെട്ട് എനിക്കിനിയൊരു ഓൺലൈൻ ജീവിതം വേണ്ടായേയ് .........."
"ഇതാ സുഗുണൻ ഇവിടെ മരിച്ചു, അല്ല കവി കൊന്നു....."

ബന്ധ"ന"ങ്ങൾ


Adult, Bracelets, Couple, Girl, Hands, Holding Hands
പ്രിയൻ തന്റെ കൈയ്യിലിരുന്ന സിഗരറ്റിന്റെ അവസാന പുകയും ആഞ്ഞു വലിച്ചതിന് ശേഷം ഫിൽട്ടർ അലക്ഷ്യമായി മുറിയുടെ ഒരു കോണിലേക്ക് വലിച്ചെറിഞ്ഞു. ഒരു ദീർഘനിശ്വാസത്തോടെ കൈകൾ ഉയർത്തി ഒന്ന് നിവർന്നതിന് ശേഷം കിടക്കയുടെ വലത് ഭാഗത്തായുള്ള ചുവരിലേക്ക് മെല്ലെ ചാരിയിരുന്നു.
ചുവരിന് അഭിമുഖമായുള്ള ജനാലയിലൂടെ നിർവികാരമായ മുഖത്തോടെ പുറത്തെ കാഴ്ചകൾ നോക്കി നിൽക്കുകയായിരുന്നു ശ്രീദേവി. ഏറെ നേരമായി അവർക്കിടയിൽ തളം കെട്ടി നിന്നിരുന്ന മൗനത്തെ ഭേദിച്ചു കൊണ്ട് അയാൾ ചോദിച്ചു.
"നിനക്ക് ഒരല്പം പോലും കുറ്റബോധം തോന്നുന്നില്ലേ ശ്രീ?"
അവൾ ചെറുതായൊന്ന് മുഖം തിരിച്ച് അയാളെ നോക്കി. ജനാലയുടെ രണ്ട് വശങ്ങളിലേക്ക് അകന്ന് മാറി കിടന്നിരുന്ന ഇളം നീല നിറത്തിലുള്ള കർട്ടൻ വലിച്ചടുപ്പിച്ചതിന് ശേഷം അവൾ അയാൾക്ക്‌ അരികിലായി വന്നിരുന്നു.
"ഇല്ല പ്രിയൻ, ജീവിതത്തിലെന്നോ നഷ്ടപ്പെട്ടു പോയതെന്തൊക്കെയോ തിരിച്ചു കിട്ടിയത് പോലെയാണ് എനിക്ക് തോന്നുന്നത്..."
"പക്ഷെ എനിക്കതിന് കഴിയുന്നില്ല ശ്രീ... ഞാൻ ചെയ്തത് വലിയ തെറ്റായിപ്പോയെന്ന് മനസ്സ് പറയുന്നു..."
"നീ മാത്രമായി ഒരു തെറ്റും ചെയ്തിട്ടില്ല പ്രിയൻ. ഞാനും തെറ്റുകാരില്ലേ? നമ്മുടെ സൗഹൃദം മറന്ന് നീയെന്ന സ്പർശിച്ചപ്പോൾ തന്നെ എനിക്ക് ഒഴിഞ്ഞു മാറാമായിരുന്നു. പക്ഷേ ഞാനത് ചെയ്തില്ല. അല്ലെങ്കിലും തെറ്റും ശരിയുമൊന്നും ഞാനിപ്പോൾ ചികയാറില്ല പ്രിയൻ. എല്ലാം ഞാൻ പറഞ്ഞിട്ടുള്ളതല്ലേ? അനിയേട്ടനുമായുള്ള ജീവിതം തന്നെ എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു. അയാളുടെ രോഗിയായ അമ്മയെ പരിചരിക്കുന്ന ഒരു ആയയുടെ സ്ഥാനം മാത്രമാണ് എനിക്കാ വീട്ടിലുള്ളത്. എല്ലാ അർത്ഥത്തിലും ഭാര്യയെന്നത് വെറുമൊരു അലങ്കാരം മാത്രം. വിവാഹം കഴിഞ്ഞിട്ടും ഒരു കന്യകയെപ്പോലെ ജീവിക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ അവസ്‌ഥ. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് പ്രിയൻ, ദൈവം എന്തിനാണെനിക്ക് ഇങ്ങനെയൊരു നശിച്ച ജീവിതം തന്നതെന്ന്..."
"എല്ലാം വിധിയാണ് ശ്രീ... വിധിയെ തോൽപ്പിക്കാൻ നമുക്കാവില്ലല്ലോ..."
"വിധിയെ പഴിച്ചിട്ട് കാര്യമില്ല പ്രിയൻ, ആവശ്യത്തിന് വിദ്യാഭ്യാസമോ സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനമോ ഇല്ലെങ്കിൽ ഏതൊരു പെണ്ണിന്റെയും അവസ്‌ഥ ഇത് തന്നെയാണ്. സ്വന്തമായൊരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും അവൾക്ക് ഉണ്ടാവില്ലല്ലോ. രക്ഷിതാക്കൾ ആരെ ചൂണ്ടി കാണിക്കുന്നോ അവരുടെ മുന്നിൽ ഒരു ബലിമൃഗത്തെപ്പോലെ കഴുത്ത് നീട്ടിക്കൊടുക്കേണ്ടി വരും..."
അയാളൊന്നും മിണ്ടിയില്ല. പതിവിലധികമായി കഴിച്ച മദ്യത്തിന്റെ ഹാങ്ങോവറും കുറ്റബോധവും അയാളുടെ മുഖത്ത് നന്നേ നിഴലിച്ചു നിന്നിരുന്നു.
"പ്രിയൻ, നിങ്ങളോട് ഞാനൊരു കാര്യം ചോദിക്കട്ടെ ? ഒരു സ്ത്രീ അവളുടെ ഭർത്താവിൽ നിന്ന് ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത് എന്തായിരിക്കുമെന്ന് അറിയാമോ?"
അല്പനേരത്തെ ആലോചനക്ക് ശേഷം അയാൾ ചോദിച്ചു.
"ശ്രീ എന്താണ് ഉദേശിക്കുന്നത്?"
"അവളെ അംഗീകരിക്കുന്ന ഒരു മനസാണ് പ്രിയൻ ഭർത്താവിൽ നിന്ന് ഒരു സ്ത്രീ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത്. ഒരു പുതിയ സാരി ഉടുക്കുമ്പോൾ, ഒരു നല്ല പൊട്ട് തൊടുമ്പോൾ, ഭർത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണം വച്ചു വിളമ്പി കൊടുക്കുമ്പോൾ, നന്നായിട്ടുണ്ട് എന്നൊരു വാക്ക്, സ്നേഹത്തോടെയുള്ള ഒരു നോട്ടം, പകലന്തിയോളം വീട്ടുജോലികൾ ചെയ്ത് കുട്ടികളുടെ കാര്യങ്ങളും നോക്കി ക്ഷീണിച്ച് അവശയായി കിടപ്പറയിലേക്ക് വരുമ്പോൾ നെഞ്ചോട് ചേർത്ത് പിടിച്ചു നെറുകയിൽ ഒരുമ്മ, ഒരു നല്ല വാക്ക്, ഇത്രയൊക്കെ മതിയാവും പ്രിയൻ ഒരു പെണ്ണിന് അവളുടെ ദിവസം മുഴുവനുമുള്ള അധ്വാനം മറക്കാനും മനസ്സ് നിറഞ്ഞ് സന്തോഷിക്കാനും. ചെയ്തു പോയ തെറ്റിനെ ന്യായീകരിക്കാൻ പറയുന്ന വെറും വാക്കുകളല്ലിത്. ഏതൊരു പെണ്ണും മനസ്സിൽ കൊണ്ട് നടക്കുന്ന സ്വപ്നങ്ങളാണ്..."
"ശ്രീ പറയുന്നതൊക്കെ ശരിയാണ്. എനിക്ക് നിന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. പക്ഷേ.......?"
"എനിക്കറിയാം പ്രിയൻ നിങ്ങളുടെ ഉള്ളിലുള്ള കുറ്റബോധത്തിന്റെ കാരണം. ഒരു വശത്ത് നിന്റെ കുടുംബം, നിങ്ങൾ സ്വപ്നം കാണുന്ന നല്ലൊരു ജീവിതം, മറുവശത്ത് ഞാനെന്ന നിർഭാഗ്യവും. സംഭവിച്ചു പോയൊരു തെറ്റിന്റെ പേരിൽ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കേണ്ടി വരുന്ന അവസ്‌ഥ..."
"ശ്രീ..... ഞാൻ...."
"ഭയപ്പെടണ്ട പ്രിയൻ, എനിക്ക് നിങ്ങളെ മനസ്സിലാക്കാൻ സാധിക്കും. എന്റെ ജീവിതത്തിൽ അല്പമെങ്കിലും സന്തോഷമുണ്ടായിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ സൗഹൃദത്തിലൂടെയാണ്. ഇരുട്ട് നിറഞ്ഞ എന്റെ ജീവിതത്തിലേക്ക് ഒരു നേരിയ പ്രകാശമെങ്കിലും കൊണ്ട് വരാൻ സാധിച്ചതും നിങ്ങൾക്ക് മാത്രമാണ്. അതുകൊണ്ടാണ് അർഹതയില്ലെന്ന് അറിയാമായിരുന്നിട്ടും ഒരു നിമിഷമെങ്കിലും ഞാൻ നിങ്ങളെ ആഗ്രഹിച്ചു പോയത്. പക്ഷേ അത് പാടില്ലായിരുന്നു..."
ശ്രീ, നീ പറയുന്നതെനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. പക്ഷേ എനിക്കെന്ത് ചെയ്യാനാവും? അറിയാതെ സംഭവിച്ചു പോയൊരു തെറ്റ്. മനപ്പൂർവം തന്നെ നമുക്കത് മറന്നൂടെ...?
"വേണ്ട പ്രിയൻ, ഇന്നലെ വരെ നമുക്കിടയിൽ ഉണ്ടായിരുന്നത് കളങ്കമില്ലാത്ത സൗഹൃദം മാത്രമായിരുന്നു. ഇന്നത് നഷ്ടപ്പെട്ടു. ഇനിയൊരിക്കലും നല്ല സുഹൃത്തുക്കളായിരിക്കാൻ നമുക്ക് കഴിയില്ല. നീ എന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ നിന്നിലേക്ക് കൂടുതൽ അടുത്തു കൊണ്ടേയിരിക്കും. അങ്ങനെ സംഭവിച്ചാൽ ഒന്നുമറിയാത്ത മറ്റൊരു പെണ്ണ് കൂടി എന്നെപ്പോലെ.... അത് പാടില്ല പ്രിയൻ. പരസ്പരം മനസ്സിലാക്കി തന്നെ നമുക്കിതിവിടെ അവസാനിപ്പിക്കാം..."
അയാൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
"പ്രിയൻ, നിങ്ങളുടെ സ്വസ്ഥമായ കുടുംബ ജീവിതത്തിനിടയിലേക്ക് ഇനിയൊരിക്കലും ഞാൻ കടന്ന് വരില്ല. എങ്കിലും തമ്മിൽ പിരിയുന്നതിന് മുൻപ് ഒരാഗ്രഹം കൂടി എനിക്ക് നിങ്ങളോട് പറയണമെന്നുണ്ട്...."
"ഭാവിയിൽ നിങ്ങൾക്ക് ജനിക്കുന്നത് ഒരു പെൺകുട്ടിയാണെങ്കിൽ ഒരിക്കലും നിങ്ങളുടെ ഇഷ്ടത്തിന് മാത്രം അവളുടെ വിവാഹം നടത്തരുത്. അവളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കുന്ന, അവളെ അംഗീകരിക്കുന്ന, അവളെ മാത്രം സ്നേഹിക്കാൻ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കാനുള്ള അവസരം കൂടി നിങ്ങളവൾക്ക് നൽകണം. അല്ലെങ്കിൽ മറ്റൊരു ശ്രീദേവിയായി അവൾ മാറും. അഭിസാരികയെന്നു സമൂഹം മുദ്ര കുത്തുന്ന ഓരോ ശ്രീദേവിമാർക്കും പറയാൻ പുറംലോകമറിയാത്ത ഒരുപാട് കഥകളുമുണ്ടാവും. ഒരിക്കലും നിങ്ങൾ തന്നെ അതിനൊരു കാരണമാവരുത്......"
അലസമായി കിടന്നിരുന്ന തലമുടി ചീകിയൊതുക്കി, വസ്ത്രങ്ങൾ മാറി അവൾ മുറിയുടെ പുറത്തേക്കിറങ്ങി. നിറഞ്ഞ മിഴികൾ മറച്ചു പിടിച്ച് പുഞ്ചിരിക്കാൻ വിഫലമായൊരു ശ്രമം നടത്തി. ബാഗിൽ കരുതിയിരുന്ന തൂവാലയെടുത്ത്‌ കണ്ണുകൾ തുടച്ച് അവൾ നടന്നകന്നു... തനിക്ക് വിധിക്കപ്പെട്ട ബന്ധ"ന"ങ്ങൾക്കിടയിലേക്ക്....
ഇവിടെ ഒന്നും അവസാനിക്കുന്നില്ല. കേട്ട് പഴകിയതാണെങ്കിൽ കൂടിയും ഭൂമിയിൽ മനുഷ്യരുള്ള കാലത്തോളം ഇതെല്ലാം ജീവച്ചിരിക്കുന്ന കഥകളായിത്തന്നെ തുടർന്നു കൊണ്ടേയിരിക്കും.

സന്തോഷം

Image may contain: Unni Atl, smiling, beard
അടുക്കളയിൽ പാത്രങ്ങൾ കഴുകി അടുക്കുന്ന തിരക്കിലായിരുന്നു ലക്ഷ്മി. തുടച്ചു വൃത്തിയാക്കിയ പാത്രങ്ങൾ ഓരോന്നായി ഷെൽഫിലേക്ക് അടുക്കുന്നതിനിടയിലാണ് ലക്ഷ്മി ശ്രദ്ധിച്ചത്. തന്റെ പിന്നിലായി ഒരാൾ രൂപം. ഒരു ഞെട്ടലോടെ പെട്ടെന്നവൾ പിന്നിലേക്ക് നോക്കി.
"കണ്ണൻ !! "
"ഈശ്വരാ എനിക്കിത് വിശ്വസിക്കാമോ?"
"അമ്മേ......."
"മോനേ കണ്ണാ.........."
"എത്ര നാളായി മോനേ നീ......"
വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവളുടെ ചുണ്ടുകൾ വിതുമ്പി. കണ്ണുകളിൽ നനവ് പടർന്നു. അവളവനെ ചേർത്ത് പിടിച്ചു.
"സുഖമല്ലേ അമ്മയ്ക്ക് ?"
"കണ്ണാ... ഇപ്പോഴെങ്കിലും മോന് അമ്മേടെ അടുത്ത് വരെ വരാനും ഇത്രയെങ്കിലും ചോദിക്കാനും തോന്നിയല്ലോ, അമ്മയ്ക്ക് അത് മതി കണ്ണാ. അവൾ അവന്റെ മുടിയിഴകളിൽ മെല്ലെ തലോടി..."
"അച്ഛൻ !! അച്ഛൻ, അഞ്ജു, അവരൊക്കെ എവിടെ അമ്മേ?"
അവൻ മെല്ലെ മുഖമുയർത്തി ചോദിച്ചു.
"അച്ഛൻ ഓഫീസിൽ പോയി മോനേ, പിന്നെ അഞ്ജു.. അവൾ മുറിയിലിരുന്ന് പഠിക്കുവാ.. പരീക്ഷ അടുത്തില്ലേ?"
"അഞ്ജൂ, എടീ അഞ്ജൂ... നീയൊന്ന് വേഗം വന്നേ.....
അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ട് അഞ്ജു ഓടിയെത്തി.
ഏട്ടാ !! " പറയ് ഏട്ടാ, എന്താ ഉണ്ടായത് ? "
" അഞ്ജൂ , ഇനി ഓരോന്നു ചോദിച്ച് അവന്റെ മനസ്സ് വിഷമിപ്പിക്കണ്ട. മോള് ഏട്ടന്റെ അടുത്ത് നിൽക്ക്, അമ്മയിപ്പൊ വരാം."
ലക്ഷ്മി വേഗം ഫോണെടുത്ത് ശരത്തിന്റെ നമ്പർ ഡയൽ ചെയ്തു.
" ഹലോ, എന്താ ലക്ഷ്മീ ഈ നേരത്ത് ? "
"ശരത്തേട്ടാ... നമ്മുടെ മോൻ !!! "
സന്തോഷം കൊണ്ട് അൽപനേരത്തേക്ക് അവൾക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ എങ്ങനെയൊക്കെയോ ഒരുവിധം അവൾ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു.
"എടീ നീ പറയുന്നത് നേരാണോ ? അതോ നീ വല്ല സ്വപ്നവും കണ്ടതാണോ ?"
"അല്ല ഏട്ടാ, നമ്മുടെ മോൻ !!! അവനാ മുറി വിട്ട് പുറത്ത് വന്നു, അവനെന്നോട് സംസാരിച്ചു. എന്നെ അമ്മേന്ന് വിളിച്ചു... എത്ര നാളിന് ശേഷമാണ് ഏട്ടാ...."
" ലക്ഷ്മീ നീ ഫോൺ വയ്ക്ക്. ലീവ് എഴുതിയിട്ടിട്ട് ഞാനിതാ വരുന്നു. നമുക്കിത് ആഘോഷിക്കണം ലക്ഷ്മീ..."
ഏകദേശം അര മണിക്കൂറിനുള്ളിൽ തന്നെ ശരത്ത് വീട്ടിലെത്തി. അമ്മയുടെ തോളിൽ മുഖം ചേർത്തിരിക്കുന്ന മകനെ അയാൾ ഏറെ നേരം നോക്കി നിന്നു...
"മോനേ കണ്ണാ....." ശരത്ത് അവനെ അടുത്തേക്ക് വിളിച്ചു.
"അച്ഛാ... ഞാൻ."
"വേണ്ട മോനേ, മോനൊന്നും പറയണ്ട. അച്ഛാ ഒരു കാര്യം ചോദിച്ചാൽ മോന് വിഷമം തോന്നൊ ?"
"ഇല്ല അച്ഛാ..."
"എന്താ ന്റെ കുട്ടിക്ക് ഇപ്പോ ഇങ്ങനെ തോന്നാൻ ?"
അവനൊന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
"സാരമില്ല, വിഷമിക്കണ്ട, അച്ഛാ ഒന്നും ചോദിക്കുന്നില്ല മോനോട്... ന്റെ മോനൊന്ന് മിണ്ടിയല്ലോ ഞങ്ങളോട്... അച്ഛയ്ക്കും അമ്മയ്ക്കും അത് മാത്രം മതി കണ്ണാ...."
ന്യൂസ് ചാനലിൽ ഇടവിട്ട് കാണിച്ചുകൊണ്ടിരുന്ന ഫ്ലാഷ് ന്യൂസ് അയാൾ ശ്രദ്ധിച്ചതേയില്ല.
" ഇന്ത്യയിൽ പബ്‌ജി അടക്കമുള്ള ഓൺലൈൻ ഗെയിമുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തി. സമൂഹത്തിന് തന്നെ ദോഷകരമാകുന്ന ഇത്തരം ഗെയിമുകൾ കുട്ടികളിൽ അമിത സ്വാധീനം ചെലുത്തുന്നുവെന്നും തുടർന്നാൽ വരും തലമുറയ്ക്ക് തന്നെ ഭീഷണിയായേക്കാമെന്ന സംശയവും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നടപടി......."
ഉണ്ണി.( Unni Atl) Admin, Nallezhuth FB Group

മനുഷ്യത്വം മരിച്ചിട്ടില്ല.

Image may contain: Unni Atl, selfie and closeup
രാവിലെ ആരെ കണികണ്ടിട്ട് ഇറങ്ങിയതാണോ ഭഗവാനേ ? ഇരച്ചു വന്ന ദേഷ്യം തീർക്കാൻ പഞ്ചറായ ടയറിൽ ഒന്നുകൂടി ആഞ്ഞു തൊഴിച്ചു. ലക്ഷ്യം തെറ്റിയ തൊഴിയിൽ ഉള്ക്കിയ കാൽ ഇരട്ടി വേഗത്തിൽ തന്നെ പിന്നിലേക്കും വലിച്ചു.
നാശം സമയദോഷമെന്നല്ലാതെ എന്ത് പറയാൻ. ഉള്ക്ക് വീണ കാലുമായി അല്പം കൂടി മുന്നിലേക്ക് നടന്നു. ഈശ്വരാ ഇവിടെങ്ങും ഒരു പെട്ടിക്കട പോലും കാണാനില്ലല്ലോ.
"എന്ത് പറ്റി ബ്രോ?"
പതിനെട്ട് ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ.
ഓട്ടോയുടെ ടയർ പഞ്ചറായി സഹോ, സ്റ്റെപ്പിനിയിലും എയർ കുറവാണ്. അടുത്ത് എവിടെയെങ്കിലും ഇതൊന്ന് ഒട്ടിക്കാൻ വഴിയുണ്ടോ?
"നോ ബ്രോ, ഇവിടെ അടുത്തൊന്നും ഒരു കടയുമില്ല. സാരമില്ല എന്റടുത്ത് ബൈക്കുണ്ട്. ബ്രോയ്ക്ക് എവിടെയാ പോവേണ്ടതെന്ന് വച്ചാൽ ഞാൻ ഡ്രോപ്പ് ചെയ്യാം." വളരെ സ്നേഹത്തോടെ അവൻ മറുപടി നൽകി.
ഒരുപാട് സന്തോഷം സഹോ, എങ്കിൽ എന്നെയൊന്ന് അടുത്ത ഓട്ടോ സ്റ്റാന്റ് വരെ ആക്കാമോ? ഞാൻ അവിടെന്നാരെയെങ്കിലും കൂട്ടി വന്ന് ടയർ മാറ്റിക്കൊള്ളാം.
ഓക്കേ ബ്രോ...
സാധാരണ വഴിയിൽ നിന്ന് തൊഴുത് കൈ കാട്ടിയാൽ പോലും ആരും വണ്ടി നിർത്തുന്നതല്ല. മനുഷ്യത്വം മരിച്ചിട്ടില്ലെന്നുള്ളതിന്റെ തെളിവാണിത്.. ബൈക്കിന്റെ പിന്നിലിരിക്കുമ്പോ വെറുതെ മനസ്സിലോർത്തു.
വല്യ ഉപകാരം സഹോ, കാണാം.. അയാളോടുള്ള സ്നേഹം ഒരു നന്ദിവാക്കിലൊതുക്കി ഞൊണ്ടി ഞൊണ്ടി മെല്ലെ സ്റ്റാന്റിലേക്ക് നടന്നു.
നിൽക്ക് ബ്രോ..... അങ്ങനങ്ങ് പോവല്ലേ, ഒരു സെൽഫിയൊക്കെ എടുത്തിട്ട് പോവാന്നേ... ഒന്നൂല്ലേലും നമ്മളൊക്കെ നാളേം കാണേണ്ടവരല്ലേ ?
ശരിക്കും സന്തോഷം തോന്നിയ നിമിഷം. എത്ര നല്ല മനുഷ്യൻ. ഉറപ്പാണ്‌ ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ല.
അയാളോട് യാത്ര പറഞ്ഞ് മറ്റൊരോട്ടോ വിളിച്ച് ടയർ മാറി തിരികെ സ്റ്റാന്റിലെത്തിയപ്പോഴേക്കും ഹംസ ഓടിയെത്തി..
ടാ മനുവേയ് ഇതെന്താടാ?
ഞാനവന്റെ കൈയിലിരുന്ന മൊബൈലിലേക്ക് നോക്കി.
നേരത്തെ പരിചയപ്പെട്ട ചെറുപ്പക്കാരനും ഞാനും വെളുക്കെ ചിരിച്ചു നിൽക്കുന്ന അതേ സെൽഫിയും കൂടെയൊരു ക്യാപ്‌ഷനും...
" വാഹനം കേടായി വഴിയിലകപ്പെട്ട വികലാംഗനായ ഓട്ടോ ഡ്രൈവറെ സുരക്ഷിതമായി സ്റ്റാന്റിലെത്തിച്ച ചങ്ക് ബ്രോയ്ക്ക് എത്ര ലൈക്ക് കൂട്ടുകാരേ? "
ശരിയാ, മനുഷ്യത്വം മരിച്ചിട്ടില്ല..
"പ്രിയപ്പെട്ട സുക്കറണ്ണാ...
എന്തിന്റെ പേരിലായാലും അണ്ണനെന്നും എപ്പോഴും സ്തുതിയിരിക്കട്ടെ......"


ദാമ്പത്യം

Couple, Romance, Love, Kiss, Lovers, Bench, Sunset

ചിലർ പറയാറുണ്ട് ദാമ്പത്യ ജീവിതത്തിൽ പിണക്കങ്ങൾക്കും ഇണക്കങ്ങൾക്കും ഒരേ പ്രാധാന്യമാണുള്ളത്.  ഒരു സന്തോഷം ഉണ്ടായിരിക്കുമെങ്കിൽ ഒരു സങ്കടവുമുണ്ടായിരിക്കും, അതാണ് ജീവിതം എന്നൊക്കെ.

ശരിയാണ് പിണക്കങ്ങളും ഇണക്കങ്ങളും ഇല്ലാത്ത ദമ്പതികൾ ഉണ്ടാവില്ല. സന്തോഷം ഉണ്ടായിരിക്കുമെങ്കിൽ ഒരു സങ്കടവുമുണ്ടായിരിക്കാം. അതുവരെ ശരിയാണ് പക്ഷേ അതാണോ ജീവിതം?

സങ്കടമെന്നത് പല തരത്തിലാവാം ഉദാഹരണത്തിന് വളരെ പ്രിയപ്പെട്ട ഒരാളിന്റെ മരണം. അതിൽ മനുഷ്യന് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ മനപ്പൂർവം വരുത്തി വയ്ക്കുന്ന സങ്കടങ്ങൾക്ക് വ്യക്തമായ ഒരു പരിഹാരവും ഉണ്ടാവും. നമുക്കുണ്ടാവുന്ന സങ്കടത്തിന്റെ വ്യക്തമായ കാരണം മനസ്സിലാക്കി അവ പരിഹരിക്കുക തന്നെ വേണം. പിന്നീടുള്ള ജീവിതത്തിൽ അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാവാതെ നോക്കുകയും വേണം. എന്നിട്ട് നമുക്ക് പറയാം ഇതാണ് ജീവിതമെന്ന്.

നിസാര കാര്യങ്ങളുടെ പേരിൽ തുടങ്ങിയ ചെറിയ ചെറിയ പിണക്കങ്ങൾ ഇപ്പോ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ വിവാഹമോചനത്തിന്റെ വക്കോളമെത്തി നിൽക്കുന്നു. ഭർത്താവ് ഒരു രാജ്യത്ത് ഭാര്യ മറ്റൊരു രാജ്യത്ത്. ആറ് വയസ്സുള്ള ഒരു മകൾ അമ്മമ്മയോടൊപ്പം നാട്ടിലും.

പിണക്കങ്ങൾക്കു വേണ്ടി അവർ കണ്ടെത്തിയ കാരണങ്ങളാണ് അതിലും രസം. ഭാര്യ തന്റെ വാക്കുകൾ അനുസരിക്കുന്നില്ല, തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു, തന്റെ സുഹൃത്തുക്കളെ ഒഴിവാക്കാൻ നിർബന്ധിക്കുന്നു, ഒന്നിനും സമ്മതിക്കാതെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നു തുടങ്ങിയ പരാതികളാണ് ഭർത്താവിന്.

താൻ വിളിക്കുമ്പോ ഫോണെടുക്കുന്നില്ല, സംസാരിക്കുന്നില്ല, സോഷ്യൽ മീഡിയകൾ ഒന്നും ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല, എപ്പോഴും സുഹൃത്തുക്കൾക്ക് ഒപ്പം ചിലവഴിക്കുന്നു തുടങ്ങിയ പരാതികൾ ഭാര്യക്ക്.

വെറും തമാശയാണെന്നെ ഇത്ര നാളും കരുതിയിരുന്നുള്ളൂ പക്ഷേ ഇപ്പൊ കാര്യങ്ങൾ കൈവിട്ട് തുടങ്ങിയിരിക്കുന്നു. തമ്മിൽ സംസാരിച്ചിട്ട് തന്നെ മാസങ്ങളോളം ആവുന്നു. പ്രയോജനമൊന്നുമില്ലെങ്കിലും രണ്ടാളോടും ഒന്ന് സംസാരിക്കണമെന്ന് കരുതി ഒരുപാട് വട്ടം വിളിച്ചിരുന്നു. ഉപദേശമാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാവും രണ്ടു പേരും കാൾ അറ്റൻഡ് ചെയ്യാത്തതും. ഭർത്താവും ഭാര്യയും ഈ പോസ്റ്റ് കാണുമെന്നും കണ്ടാൽ വായിക്കുമെന്നും ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്.

പതിനെട്ടും ഇരുപതും വർഷങ്ങൾ താഴത്തും തറയിലും വയ്ക്കാതെ വളത്തി വലുതാക്കി ജീവിതത്തിൽ അന്ന് വരെ സമ്പാദിച്ചതൊക്കെയും നൽകി ഒരു പെണ്കുട്ടിയെ ഒരുവന് കൈപിടിച്ചു നൽകുമ്പോൾ ആ അച്ഛനമ്മമാരുടെ മനസ്സിൽ ഒരു വിശ്വാസമുണ്ടാവും. ഞങ്ങളുടെ മകൾ അവന്റെ കൈകളിൽ "ജീവിതാവസാനം വരെ" പരിപൂർണ സുരക്ഷിതയായിരിക്കും എന്നുള്ള വിശ്വാസം.

ജനിച്ച വീടും അച്ഛനമമാരെയും സഹോദരങ്ങളെയുമൊക്കെ വിട്ട് കൂടെ വരുന്ന അവൾക്കും ഉണ്ടാകും ഒരു കുന്നോളം സ്വപ്നങ്ങൾ. രണ്ട് സാഹചര്യത്തിൽ ജനിച്ചു വളർന്നവർ ഒരുമിക്കുമ്പോൾ ഇരുവരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. അതിന് മനസ്സ് തുറന്ന് സംസാരിക്കുക തന്നെ വേണം. അവിടെ മുതൽ പരസ്പരം നേടിയെടുക്കുന്ന സ്നേഹവും, വിശ്വാസവും തന്നെയാണ് ഒരു കുടുമ്പത്തിന്റെ ആണിക്കല്ല് എന്ന് പറയുന്നത്. അതിൽ ഏത് നഷ്ടപ്പെട്ടലും പിന്നെയാ കുടുംബത്തിൽ സമാധാനവും സ്വസ്ഥതയുമുണ്ടാവില്ല. അത് നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ ആദ്യം ആണും പെണ്ണും ഒരേപോലെ മനസ്സിൽ സൂക്ഷിക്കേണ്ട ഒരുപാട് വസ്തുതകളുണ്ട്.

അതിൽ ആദ്യത്തേതാണ് പരസ്പര വിശ്വാസം. എനിക്ക് നീയും നിനക്ക് ഞാനും എന്നും കൂടെയുണ്ടാകും എന്നുള്ള വിശ്വാസം. പരസ്പരം ചതിക്കില്ല എന്നുള്ള വിശ്വാസം. ആ വിശ്വാസമുണ്ടെങ്കിൽ സ്നേഹം താനേ വന്നുകൊള്ളും. ജീവിതകാലം മുഴുവൻ സംരക്ഷിച്ചുകൊള്ളാം എന്ന ഉറപ്പിൻ മേൽ പുരുഷൻ താലി കെട്ടുമ്പോൾ സ്ത്രീകൾ തല കുമ്പിട്ടു കൈ കൂപ്പി പ്രാർത്ഥിക്കുന്നതും ചിലപ്പോൾ അത് തന്നെയാവും.

രണ്ടാമത്തേത് പരസ്പരം വിട്ടു കൊടുക്കാനുള്ള ഒരു മനസ്സ്. കൂടുമ്പോൾ ഇമ്പമുള്ളത് എന്നതാണ് കുടുമ്പം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. അല്ലാതെ ഒരു ചങ്ങാലയുടെ അറ്റത്ത്‌ കെട്ടിയിട്ട് അങ്ങോട്ട് ചാടടാ കുട്ടിരാമാ ഇങ്ങോട്ട് ചാടടാ കുട്ടിരാമാ എന്ന് ആജ്ഞാപിക്കാനുള്ളതല്ല.

നിന്നെപ്പോലെ തന്നെ അവളും ഒരു മനുഷ്യജീവിയാണ് എന്നുള്ള തിരിച്ചറിവാണ് മൂന്നാമത്തേത്. നിനക്കുള്ള എല്ലാ വികാരവിചാരങ്ങളും അവൾക്കുമുണ്ടാവും. നിനക്ക് ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉള്ളത് പോലെ തന്നെ അവൾക്കുമുണ്ടാകും ആഗ്രഹങ്ങളും അവളുടേതായ ഇഷ്ടങ്ങളും. ഒരു താലിച്ചരടിന്റെ അധികാരത്തിൽ ആ ഇഷ്ടങ്ങളെ തല്ലിക്കെടുത്തതിരിക്കുക അതെന്ത് തന്നെയായാലും. എന്ന് വച്ചാൽ തോന്നിയത് പോലെ ജീവിക്കാൻ വിടണം എന്നല്ല അതിനർത്ഥം. സ്വന്തം ഇഷ്ടങ്ങൾക്കൊപ്പം അവൾക്കും ഇഷ്ടങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.

പിന്നെ സോഷ്യൽ മീഡിയ, അത് ആണിന് മാത്രം ഉപയോഗിക്കാനുള്ളതല്ല എന്ന് കൂടി ചിന്തിക്കൂ സുഹൃത്തേ. ഫെയ്‌സ്ബുക്ക് ആയാലും വാട്‌സ്ആപ്പ് ആയാലും നീ കണ്ടെത്തുന്ന അതേ ആനന്ദം അതിൽ കണ്ടെത്താൻ നിന്റെ ഭാര്യക്കും നിന്നെപ്പോലെ തന്നെ അവകാശമുണ്ട്. നിനക്ക് ഉള്ളത് പോലെ തന്നെ അവൾക്കും അതിൽ സുഹൃത്തുക്കളുണ്ടാവാം. അതിൽ നല്ലതേത് മോശമേത് എന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്വവും അവരവർക്ക് തന്നെയാണ്.

ഇനി ഒരു കാര്യം ഭാര്യയോട്....

നിങ്ങളുടെ പ്രശ്നങ്ങൾ അറിയാവുന്ന ഒരാളെന്ന നിലയിൽ എനിക്ക് തോന്നിയ കാര്യങ്ങൾ തുറന്ന് പറയട്ടെ.. പരസ്പരമുള്ള കുറ്റപ്പെടുത്തലും ദിനംപ്രതിയുള്ള വഴക്കുമാണ്  നിങ്ങളെ ഇത്തരമൊരു തീരുമാനം വരെ കൊണ്ടെത്തിച്ചതെന്ന് കരുതുന്നു. എന്നാൽ ഒരിക്കലെങ്കിലും അതെന്തുകൊണ്ട് ഉണ്ടാകുന്നു അല്ലെങ്കിൽ അതിനെ എങ്ങനെ പരിഹരിക്കാമെന്ന് ഇത് വരെ നിങ്ങളിൽ ഒരാളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ല എന്ന് തന്നെയാവും ഉത്തരം.

ഉള്ള കാര്യം തുറന്ന് പറയാമല്ലോ നീയുൾപ്പെടുന്ന മിക്ക സ്ത്രീകളിലും കണ്ടിട്ടുള്ള ഒരു കാര്യമാണ് തുടരെ തുടരെയുള്ള ഫോണ് കോളുകൾ. വീട്ടിലേക്ക് വരാൻ ഒരു കാൾ, കണ്ടില്ലെങ്കിൽ അഞ്ച് മിനിറ്റ് തികയും മുൻപ് അടുത്ത കാൾ. ഇപ്പോ എത്തുമെന്ന് പറഞ്ഞാലും വീടെത്തുന്നത് വരെ തുടരുന്ന കോളുകൾ.  സ്നേഹം കൊണ്ടല്ലേ എന്നുള്ള കമന്റുകൾ പ്രതീക്ഷിക്കുന്നു. എന്നാൽ സ്നേഹം കൊണ്ടല്ല എന്ന് തന്നെ പറയേണ്ടി വരും. വിളിക്കുന്ന സമയത്ത് ചിലപ്പോ സുഹൃത്തുക്കൾക്ക് ഒപ്പം ആയിരിക്കാം, അല്ലെങ്കിൽ സംസാരിക്കാൻ കഴിയാത്ത ചില സാഹചര്യങ്ങളിൽ ആയിരിക്കാം, ജോലിയിൽ ആയിരിക്കാം. അപ്പോഴും ചിലർ ഫോണെടുത്ത് പറയാറുണ്ട് ഇപ്പോൾ വരാം അല്ലെങ്കിൽ തിരിച്ചു വിളിക്കാം എന്നൊക്കെ. പക്ഷേ മിനിറ്റുകൾ കഴിയും മുൻപേ വരും അടുത്ത വിളി. സത്യം പറയാമല്ലോ അതെത്ര അസഹനീയമാണെന്ന് ഒന്നോർത്തു നോക്കണം.

ഒരു ഉദാഹരണം പറയാം. എന്റെ ഒരു സുഹൃത്ത്, ആളിന് നല്ല പനിയാണ്.  എഴുനേറ്റിരിക്കാൻ പോലും വയ്യാത്ത അവസ്‌ഥ. മെഡിസിൻ കഴിച്ചു ഉറങ്ങാൻ കിടന്നു. ഭാര്യ വിളിച്ചു, പനിയാണ് എന്നുള്ള കാര്യം പറഞ്ഞു ഫോണ് കട്ട് ചെയ്തു. ഒന്ന് ഉറക്കം പിടിച്ചു തുടങ്ങിയപ്പോൾ അടുത്ത കാൾ മറ്റെന്തോ കാര്യം പറയാൻ. അങ്ങനെ എത്രയോ തവണ...  ഒന്ന് ആലോചിച്ചു നോക്കൂ. ഒടുവിൽ സഹിക്കാൻ വയ്യാതെ "ഞാൻ ഹോസ്പിറ്റലിൽ നിൽക്കുന്നു" എന്നൊരു കളവ് പറഞ്ഞ് ഉറങ്ങാൻ കിടന്നു പാവം. ഇത്തരം സന്ദർഭങ്ങളിലാണ് ഒരു വ്യക്തിക്ക് കളവ് പറയേണ്ട സാഹചര്യം ഉണ്ടാവുന്നത്. ആ സഹചര്യമുണ്ടാക്കിയത് ആരാണ്? വളരെ നിസാരമായി പറയുന്ന ഒരു കളവ് ന്യായീകരിക്കാൻ അടുത്ത കളവ്. അതിനെ ന്യായീകരികരിക്കാൻ വീണ്ടും വീണ്ടും കളവുകൾ. അങ്ങനെ തുടരുന്നു. ഇവിടെ നഷ്ടപ്പെടുന്നത് എന്താണ് ? ഒരർത്ഥത്തിൽ ജീവിതത്തിൽ എന്നുമുണ്ടായിരിക്കേണ്ടതെന്ന് നമ്മൾ  പറഞ്ഞ പരസ്പര വിശ്വാസം തന്നെയാണ്.

ദിവസത്തിൽ നൂറ് വട്ടം വിളിച്ചു സുഖമാണോന്ന് ചോദിക്കുന്നതല്ല സ്നേഹമെന്ന് ആദ്യമേ തന്നെ പറയട്ടെ. അധികമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ? പന്ത്രണ്ടും പതിനാലും മണിക്കൂർ ജോലി ചെയ്യുന്ന ഒരു വ്യക്തിയെ പത്ത് മിനിറ്റ് കൂടുമ്പോൾ വിളിച്ചാൽ ജോലിക്കിടയിൽ അയാൾക്ക് അതെത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് ആദ്യം ചിന്തിച്ചു നോക്കൂ. ഇവിടെ നിങ്ങളോട് തോന്നുന്നത് ഒരിക്കലും സ്നേഹം ആവില്ല ഒരുതരം ഇറിട്ടേഷൻ മാത്രമായിരിക്കും. വാശി കാട്ടിയും ദേഷ്യം കാണിച്ചും പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല സ്നേഹമെന്ന് കൂടി മനസ്സിലാക്കിയാൽ നല്ലത്. അത് ലഭിക്കണമെങ്കിൽ ആദ്യം വേണ്ടത് പങ്കാളിയുടെ സാഹചര്യങ്ങൾ  മനസ്സിലാക്കി പെരുമാറാനുള്ള കഴിവാണ്. അത് ആണായാലും പെണ്ണായാലും.

പിന്നെ സുഹൃത്തുക്കളുടെ കാര്യം. ഇരുപത് ഇരുപത്തിയാറ് വർഷം വരെ തോളിൽ കൈയിട്ട് നടന്ന സുഹൃത്തുക്കൾ. ഒരു വിവാഹം കഴിച്ചെന്ന് കരുതി പെട്ടന്നൊരു സുപ്രഭാതത്തിൽ അവരെയൊക്കെ ഒഴിവാക്കണമെന്ന് പറയുന്നത് എന്തിന്റെ പേരിലാണെന്ന് മനസ്സിലാവുന്നില്ല. ഒന്ന് വീണ് പോയാൽ അല്ലെങ്കിൽ ഒരു അത്യാവശ്യ സന്ദർഭത്തിൽ ഓടിയെത്താൻ സ്വന്തത്തിലും ബന്ധത്തിലും ഉള്ളവരെക്കാൾ മുന്നേ അവരേ ഉണ്ടാവൂ എന്ന് അനുഭവങ്ങളിലൂടെ തന്നെ പഠിച്ച കാര്യമാണ്. വിവാഹത്തിന് ശേഷം എല്ലാത്തിലും വലുതായി സ്വന്തം ജീവിതം തന്നെയാണ്... സമ്മതിക്കുന്നു പക്ഷേ എന്ന് കരുതി അതുവരെ കൂടെ നിന്നവരെയും കൈ പിടിച്ചുയർത്തിയവരെയുമൊക്കെ അകറ്റി നിർത്തണമെന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല.

ഇനി രണ്ടു പേരോടും കൂടി ഒന്ന് ചോദിച്ചോട്ടെ... നിങ്ങൾ പിണങ്ങുന്നതും ഇണങ്ങുന്നതും മാസങ്ങളോളം വിളിക്കാതിരിക്കുന്നതുമൊക്കെ നിങ്ങളുടെ ഇഷ്ടം. ഇനി പിരിഞ്ഞേ പറ്റുള്ളൂ എങ്കിൽ അതും നിങ്ങളുടെ ഇഷ്ടം പക്ഷേ ഇതിനിടയിൽ പെട്ട് പോയ ഒരു പാവം കുഞ്ഞുണ്ട്. അതെന്ത് ചെയ്യണം? ഈ ചെറുപ്രായത്തിൽ അത് ആരെ നഷ്ടപ്പെടുത്തണം അച്ഛനെയോ അതോ അമ്മയെയോ? ഇനിയുള്ള കാലം ആര് നോക്കും ആ കുഞ്ഞിനെ? പ്രായമായ അമ്മമ്മയോ? ആ പ്രായമായ സ്ത്രീയിനി എത്ര കാലമുണ്ടാവും ? ഞാൻ നോക്കിക്കൊള്ളാമെന്ന് നിങ്ങൾ രണ്ട് പേരും പറയുമായിരിക്കും പക്ഷേ നാളെ നിങ്ങൾ പിരിഞ്ഞ് മറ്റൊരാളെ വിവാഹം കഴിക്കേണ്ട അവസ്‌ഥ വന്നാൽ വരുന്നവർ അവളെയും സ്വന്തം മോളെപ്പോലെ തന്നെ കാണുമെന്ന് ഉറപ്പുണ്ടോ? മകളെ മറ്റൊരു കണ്ണിൽ നോക്കുന്ന അച്ഛനും സ്വന്തം കുഞ്ഞുങ്ങളെ പോലും നിഷ്കരുണം കൊന്ന് തള്ളുന്ന അമ്മമാരുമുള്ള ഇക്കാലത്ത് എത്രത്തോളം സുരക്ഷിതത്വമുണ്ട് നിങ്ങളുടെ കുഞ്ഞിനെന്ന് പിരിയാൻ നിൽക്കുന്ന നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വെറും വാശി മാത്രമാണ് നിങ്ങളുടെ ഇടയിലുള്ള പ്രശ്നം. പരസ്പരം വിട്ടുകൊടുക്കില്ല എന്നുള്ള വാശി. ഞാനാണ് ശരി, ഞാൻ മാത്രമാണ് ശരി എന്നുള്ള ഭാവം, ഇതൊക്കെ കൊണ്ടെത്തിക്കുന്നത് ഏതൊരു കുടുമ്പത്തിന്റെയും നാശത്തിലേക്കായിരിക്കുമെന്ന് ഓർത്താൽ നന്ന്. ഭാര്യയുടെ മുന്നിൽ ഭർത്താവോ അല്ലെങ്കിൽ ഭർത്താവിന്റെ മുന്നിൽ ഭാര്യയോ ഒന്ന് തോറ്റ് കൊടുത്തെന്ന് കരുതി ജീവിതത്തിൽ നല്ലതല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ആരും ആരുടെ മുന്നിലും തോൽക്കുകയുമില്ല. പരസ്പരം വിട്ട് കൊടുക്കാനുള്ള മനസ്സ് തന്നെയാണ് ബന്ധങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നത്. പൂർണമായി ഒഴിവാക്കേണ്ട ഒന്നാണ് ഈഗോ. പുറമെ കാട്ടിയില്ലെങ്കിലും ഈഗോ ഇല്ലാത്ത മനുഷ്യർ കുറവാണ് എന്നാൽ ബന്ധങ്ങളെ വേരോടെ നശിപ്പിക്കാൻ മാത്രം ശക്തിയുള്ള ഒന്നുമാണ് ഈഗോയെന്ന് മനസ്സിലാവുന്ന ഒരു കാലം വരും. പക്ഷേ അന്ന് ആഗ്രഹിച്ചാൽ പോലും നഷ്ടപ്പെട്ടതൊന്നും  തിരിച്ചെടുക്കാൻ കഴിഞ്ഞെന്ന് വരില്ല.

നിങ്ങളെയൊന്നും ഉപദേശിക്കാൻ മാത്രം ഞാൻ ആളല്ല കാരണം ഇത്തരത്തിലൊന്നും ഞാനും മുൻപ് ചിന്തിച്ചിട്ടില്ല എന്നുള്ളത് സത്യമാണ്. അതിൽ നിന്ന് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അല്പമെങ്കിലും മാറിയെങ്കിൽ അത് നേരത്തെ പറഞ്ഞ ചില സുഹൃത്തുക്കളുടെയും ചുറ്റുമുള്ളവരുടെയുമൊക്കെ, കണ്മുന്നിൽ കണ്ടിട്ടുള്ള അനുഭവങ്ങളിലൂടെ തന്നെയാണ്. ഒന്നേ പറയാനുള്ളു എടുത്തുചാടി ഒരു തീരുമാനമെടുക്കും മുൻപ് നിങ്ങളുടെ കുഞ്ഞിന്റെ മുഖമെങ്കിലും ഒന്ന് മനസ്സിൽ ഓർക്കൂ. ഒരു സുഹൃത്തെന്ന നിലയിൽ ഇത്രയെങ്കിലും പറയേണ്ടത് എന്റെ കടമ.. തീരുമാനമെടുക്കേണ്ടത് നിങ്ങളുടെയും....
Written by:-
Unni Trivandrum

പ്രവാസം


*നല്ലെഴുത്ത് വായനക്കൂട്ടം* 
കഥ :- പ്രവാസം
അവതരണം :-  ഷിലിൻ  പൊയ്യാറ
എഴുതിയത് :- ഉണ്ണി ആറ്റിങ്ങൽ

കേൾക്കുക , ആസ്വദിക്കുക , വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക

www.nallezhuth.com

സോഷ്യൽ മീഡിയ.

Image may contain: Unni Atl, smiling, beard

എന്താണ് സോഷ്യൽ മീഡിയ എന്ന് ചോദിച്ചാൽ ഫെയിസ്ബുക്ക് എന്നാവും മിക്കവരും ഉത്തരം പറയുക. ശരിയായ ഉത്തരം അതല്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ സോഷ്യൽ മീഡിയകളിൽ ഫെയ്സ്ബുക്ക്‌ തന്നെയാണ് മുഖ്യപങ്ക് വഹിക്കുന്നതെന്ന് നിസ്സംശയം നമുക്ക് പറയാൻ സാധിക്കും. ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന ഫെയിസ്ബുക്ക് യൂസേഴ്സിന്റെ എണ്ണം നോക്കിയാൽ നമുക്കത് വ്യക്തമായി മനസ്സിലാക്കാനും സാധിക്കും. കഥകളും കവിതകളും വായിക്കുന്നതിന്, പുതിയ പുതിയ സൗഹൃദങ്ങളെ കണ്ടെത്തുന്നതിന്, അപ്പോഴപ്പോഴുള്ള അപ്ഡേറ്റഡ് വാർത്തകൾ അറിയുന്നതിന് തുടങ്ങി എന്തിനും ഏതിനും ഇന്ന് നമ്മൾ മുഖപുസ്തകമെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഫെയിസ്ബുക്കിനെ ആശ്രയിക്കുന്നുണ്ട്. അല്ലെങ്കിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മുഖപുസ്തകം മാറിയിരിക്കുന്നു എന്ന് പറഞ്ഞാലും അതിൽ തെറ്റില്ല.
ഫെയിസ്ബുക്ക് മാത്രമല്ല, വാട്‌സ് ആപ്പ്, ടെലിഗ്രാം, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം, മെസ്സെഞ്ചർ തുടങ്ങിയ ഓരോ സോഷ്യൽ മീഡിയ ആപ്പ്ളിക്കേഷനുകളും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് തന്നെ പറയാം. രക്തദാനം മുതൽ ചികിത്സക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന രോഗികൾക്ക് ചികിത്സാധനം, പാവപ്പെട്ട കുട്ടികൾക്ക് പഠനസഹായം, തുടങ്ങി ആരുമാരും അറിയപ്പെടാതെ പോകുന്ന കഴിവുള്ള പ്രതിഭകളെ കണ്ടെത്താനും നിമിഷങ്ങൾ കൊണ്ട് ചിന്തിക്കാൻ പോലും കഴിയാത്ത വിധം അവരെ ഉയരങ്ങളിലെത്തിക്കാനും ഫെയിസ്ബുക്കും വാട്സപ്പുമടക്കമുള്ള സോഷ്യൽ മീഡിയകൾ വഹിക്കുന്ന പങ്ക് ചില്ലറയല്ല. എന്നാൽ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. പലരും സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി മാത്രം സോഷ്യൽ മീഡിയകൾ പല തരത്തിൽ ദുരുപയോഗം ചെയ്യുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്. രാഷ്ട്രീയ വൈരാഗ്യങ്ങൾ തീർക്കാനും, അന്യ മതങ്ങളെ മോശമായി ചിത്രീകരിക്കാനും, പരസ്പര സ്നേഹത്തോടെ കഴിയുന്ന ജനങ്ങളെ തമ്മിൽ തല്ലിക്കാനുമൊക്കെ ഒരു കൂട്ടം സാമൂഹ്യദ്രോഹികൾ ഇന്ന് സോഷ്യൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നു, അറിഞ്ഞോ അറിയാതെയോ ഒരു ഷെയർ കൊണ്ടെങ്കിലും ഒരുപക്ഷേ നമ്മളും അതിന്റെ ഒരു ഭാഗമായി മാറുന്നു. ഇന്ന് സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും എന്തും പറയാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഒരു വാർത്ത വന്നാൽ അതിൽ എത്രമാത്രം സത്യമുണ്ട് അല്ലെങ്കിൽ ഇതൊരു ശരിയായ കാര്യമാണോ എന്നൊന്നും ചിന്തിക്കാൻ ഇന്ന് ആർക്കും സമയമില്ല.
സ്വയം ബുദ്ധിമാനെന്നും വിദ്യാസമ്പന്നരെന്നും അഹങ്കരിക്കുന്ന ചില മലയാളികളുടെ വൃത്തികെട്ട മനസ്സിന്റെ വൈകൃതങ്ങൾ നേരിട്ട് മനസ്സിലാക്കണമെങ്കിൽ ചനലുകളുടെയോ അല്ലെങ്കിൽ ഓണ്ലൈൻ പേജുകളുടെയോ വാർത്തകൾക്ക് താഴെയുള്ള ചില കമന്റുകൾ മാത്രം വായിച്ചു നോക്കിയാൽ മതിയാവും. കുറച്ചു നാൾ മുൻപ് പ്രണയം നഷ്ടപ്പെട്ടതിന്റെ പേരിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ഒരു യുവാവിന്റെ വാർത്ത ഒരു ഓണ്ലൈൻ പേജിൽ കണ്ടിരുന്നു. അതിന് വന്ന കമന്റുകൾ വായിച്ചു ശരിക്കും അമ്പരന്നു പോയി എന്ന് പറയുന്നതാവും ശരി. ഒരു മരണവാർത്തയ്ക്ക് പോലും കേവലം രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തിയുള്ള കമന്റുകളും സ്മൈലി സിമ്പലുകളും. സൈബർ ലോ, പോക്സോ, ഇന്ത്യൻ പീനൽകോഡ്, ഐ റ്റി ആക്റ്റ്, എന്നിവയെല്ലാം സമന്വയിപ്പിച്ച് ഇത്തരക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ് ഇതെന്നോർക്കണം.
ഇനി ഒരാളെങ്കിലും സത്യം മനസ്സിലാക്കി അത് തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ പിന്നെ അയാളുടെ പുറത്തായി സർവ്വ കുറ്റങ്ങളും. നീ ഇന്ന ജാതിക്കാരനാണ് അല്ലെങ്കിൽ ഇന്ന പാർട്ടിക്കാരനാണ് തുടങ്ങി ഒന്നുമറിയാതെ വീട്ടിലിരിക്കുന്ന അയാളുടെ മാതാപിതാക്കളെയും ഭാര്യയെയും പിഞ്ചു കുഞ്ഞുങ്ങളെയുൾപ്പടെ അസഭ്യവർഷം ചൊരിയാൻ സമ്പൂർണ സാക്ഷരർ എന്നവകാശപ്പെടുന്ന മലയാളിക്ക് ഒരു മടിയും ഇല്ലാതായിരിക്കുന്നു. ഒന്ന് തിരിഞ്ഞു നോക്കിയാൽ ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ കണ്മുന്പിൽ തന്നെയുണ്ട്. ചോദിച്ചാൽ പറയാൻ അഭിപ്രായസ്വാതന്ത്ര്യം എന്നൊരു ഓമനപ്പേരും.
കാണുന്നതും കേൾക്കുന്നതുമായ വാർത്തകളെല്ലാം വെള്ളം തൊടാതെ വിഴുങ്ങുകയെന്നുള്ള രീതിയാണ് ഇന്നത്തെ സോഷ്യൽ മീഡിയകളുടെ മറ്റൊരു പരാജയം. എന്തും ഏതും കണ്ണും പൂട്ടി വിശ്വസിക്കുന്ന രീതി പിന്തുടരുന്നിടത്തോളം കാലം വളരെ ഭംഗിയായി ജനങ്ങളെ വിഡ്ഢികളാക്കാൻ ആർക്കും കഴിയും. ട്രെയിനിന് മുന്നിൽ നിന്ന് സെൽഫി എടുക്കുന്ന ആളെ തട്ടിമാറ്റി ട്രെയിൻ കടന്നു പോകുന്നതും, രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ വീഡിയോ എടുത്ത് കളിക്കുന്നതിനിടയിൽ മുത്തശ്ശി കിണറ്റിൽ വീഴുന്നതുമുൾപ്പടെ എത്രയോ കാര്യങ്ങൾ നമുക്ക് മുന്നിലുള്ള ഉത്തമ ഉദാഹരണങ്ങളാണ്.
ഇതൊക്കെ വെറും പ്രഹസനങ്ങൾ മാത്രമായിരുന്നെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടും എന്ത്കൊണ്ട് ജനങ്ങൾ മാറി ചിന്തിക്കുന്നില്ല? കല്യാണപ്പന്തലിൽ വന്ന് കരണം അടിച്ചു പൊട്ടിക്കുമെന്നു പറഞ്ഞ പെണ്കുട്ടിയുടെയും, തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച ഭർത്താവിനെതിരെ വീഡിയോയുമായി രംഗത്ത് വന്ന വീട്ടമ്മയേയും എന്ത്കൊണ്ട് ജനങ്ങൾ തിരിച്ചറിഞ്ഞില്ല? സത്യാവസ്ഥ എന്തെന്ന് പോലും മനസ്സിലാക്കാനുള്ള ക്ഷമ പോലും പലർക്കുമില്ല എന്നതാണ് സത്യം. മുകളിൽ ഉദാഹാരണം പറഞ്ഞ എല്ലാവരും ഒടുവിൽ വീഡിയോ പോസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യത്തെ ന്യായീകരിച്ചവരാണ്. ഒന്നും നോക്കാതെ സോഷ്യൽ മീഡിയ മറുകണ്ടം ചാടി അതേ വ്യക്തികളെ കൈയടിച്ചു സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നറിയില്ല. ഇപ്പറഞ്ഞ ഓരോ വ്യക്തികളും സ്വമനസ്സാലെ ജനങ്ങളുടെ മുന്നിലേക്ക് ന്യായീകരണവുമായി വന്നതായിരുന്നില്ല, വീഡിയോ വയറലായി പെട്ടുപോകും, അല്ലെങ്കിൽ ഇനി സത്യം പറയാതെ നിവൃത്തിയില്ല എന്നൊരു സാഹചര്യം മുന്നിൽ വന്നപ്പോൾ മാത്രമാണ് ഒരു ന്യായീകരണ പോസ്റ്റിലൂടെ വീണ്ടും സോഷ്യൽ മീഡിയയെ വിദഗ്ദ്ധമായി കൈയിലെടുത്തത്. പക്ഷേ അവിടെയും വിഡ്ഢികളായത് ജനങ്ങൾ തന്നെയെന്ന് നിസംശയം പറയാം.
സത്യത്തിൽ മറ്റുള്ളവരുടെ വിഷമം കാണുമ്പോൾ അതിൽ പങ്ക് ചേരാനുള്ള ചിലരുടെയെങ്കിലും നല്ല മനസിനെയാണ് ഇങ്ങനെയുള്ളവർ ചേർന്ന് നശിപ്പിക്കുന്നത്. ചികിത്സക്ക് സഹായം വേണം അല്ലെങ്കിൽ കുഞ്ഞിന്റെ ഓപ്പറേഷന് പണമില്ല, തുടങ്ങിയ അഭ്യർത്ഥനകൾ ഇനി സോഷ്യൽമീഡിയയിൽ വന്നാൽപോലും ഒരാളുമത് വിശ്വസിക്കില്ല. സത്യം പറഞ്ഞാൽ അർഹതപ്പെട്ടവർക്കുള്ള അവസരങ്ങൾ കൂടിയാണ് ഇത്തരക്കാർ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നത്. പണ്ടൊരു കഥ കേട്ടിട്ടുണ്ട്. ഒരാട്ടിടയൻ പുലി വരുന്നേ പുലി വരുന്നെയെന്നു പറഞ്ഞു പല തവണ ആളുകളെ പറ്റിച്ച കഥ. അവസാനം യഥാർത്ഥത്തിൽ പുലി വന്നപ്പോൾ സഹായിക്കാൻ ആരുമുണ്ടായില്ല. അതു പോലെ തന്നെയാണ് ഇതും. ചീപ്പ്‌ പബ്ലിസിറ്റിക്കു വേണ്ടി ഇത്തരം കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നവർ ഒരിക്കലും മറ്റുള്ളവരുടെ കാര്യങ്ങൾ ഓർക്കാറില്ല. എപ്പോഴെങ്കിലും ആർക്കെങ്കിലും ശരിക്കും സഹായം ആവശ്യമായി വരുമ്പോൾ ആരും കൂടെയുണ്ടാവില്ല.
ടിക്ക് ടോക്ക് എന്ന ആപ്പ്ളിക്കേഷൻ വന്നതോട് കൂടിയാണ് സോഷ്യൽ മീഡിയ ഇത്രക്ക് അധഃപതിച്ചതെന്ന് വാദിക്കുന്നവരുണ്ട്. കമന്റുകളിലൂടെയും ലൈവ് വീഡിയോകളിലൂടെയുമൊക്കെ ടിക്ക് ടോക്കിനെതിരായി ചിലർ രംഗത്ത് വരികയും ചെയ്തു. ടിക്ക് ടോക്ക് എന്ന ആപ്പ്ളിക്കേഷൻ നിരോധിക്കണം അല്ലെങ്കിൽ കുട്ടികൾ ഉപയോഗിക്കുന്നുണ്ടോയെന്ന് രക്ഷിതാക്കൾ ദിനവും പരിശോധിക്കണം എന്നൊക്കെയാണ് അവരുടെ ആവശ്യം. പക്ഷേ ഒന്ന് ചോദിക്കട്ടെ ഇവിടെ കേവലം ഒരു ആപ്പ്ളിക്കേഷനാണോ വില്ലൻ? ഒരിക്കലുമല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം ഒരുപാട് കലാകാരന്മാരെ അല്ലെങ്കിൽ കലാകാരികളെ വളർത്തിയെടുത്ത ആപ്പ്ളിക്കേഷനുകളാണ് ടിക്ക് ടോക്ക്, ഡബ്ബ്മാഷ്, സ്മ്യൂൾ തുടങ്ങിയവ. ഏത് കാര്യത്തിനും ഒരു നല്ല വശവും ചീത്ത വശവും ഉണ്ടാവും. എന്നാൽ അതിൽ ഏത് വശമാണ് തിരഞ്ഞെടുക്കേണ്ടതെന്നുള്ളത് അത് ഉപയോഗിക്കുന്നവരുടെ മനസ്സ് പോലിരിക്കും. ഇന്ന് ടിക്ക് ടോക്ക് നിരോധിച്ചാൽ നാളെ ഇതേ തരത്തിലുള്ള മറ്റൊരു ആപ്പ്ളിക്കേഷൻ അത്ര തന്നെ.
വ്യാജ വീഡിയോകൾ അല്ലെങ്കിൽ വാർത്തകൾ സത്യമാണെന്നു തെറ്റിദ്ധരിച്ചു ചിലരെങ്കിലും ഷെയർ ചെയ്യുന്നുണ്ടെങ്കിൽ അതിൽ ചാനലുകളും പ്രശസ്തമായ ഓണ്ലൈൻ പേജുകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കേട്ട പാതി കേൾക്കാത്ത പാതി, വാർത്ത സത്യമാണോന്ന് പോലും അന്വേഷിക്കാതെ കണ്ണീരിൽ കുതിർന്ന വാർത്തയെന്നോണം ആദ്യം കൊട്ടിഘോഷിക്കുന്നത് ചാനലുകൾ തന്നെയാണ്. പിന്നെ സത്യം തിരിച്ചറിയുമ്പോൾ അതിനെക്കുറിച്ചു മറ്റൊരു വിശദീകരണവും നൽകും. എന്നാൽ മുന്നേ കൊടുത്ത വ്യാജവാർത്ത ഡിലീറ്റ് ചെയ്യാനോ അതിനെക്കുറിച്ചു ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനോ ആരും ശ്രമിക്കാറില്ല. വ്യാജ വാർത്തകൾ അപ്പോഴും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഷെയർ ചെയ്ത് ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
കഴിവുള്ള ഒരുപാട് പേരെ ഉയരങ്ങളിലെത്തിക്കാനും, ഉപയോഗപ്രദമായ പല നല്ല കാര്യങ്ങൾക്കും ചാനലുകൾ വഹിച്ച പങ്ക് അഭിനന്ദനമർഹിക്കുന്നത് തന്നെയാണ്. അതിന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ട് തന്നെ പറയട്ടെ... ദയവു ചെയ്തു ഇത്തരം കോമാളി കോമരങ്ങൾക്ക് മുന്നിൽ നിങ്ങൾ നിങ്ങളുടെ നിലവാരം ഇല്ലാതാക്കരുത്. ഒരു വാർത്ത കിട്ടിയാൽ അതിന്റെ സത്യാവസ്ഥ എന്താണെന്നു വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മാത്രം ന്യൂസ്‌ ആയി സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യുക. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ വില നിങ്ങളായി തന്നെ കളയാതിരിക്കുക എന്നർത്ഥം.
നാടിനെയും നാട്ടുകാരെയും അപമാനിച്ചെന്ന രീതിയിലുള്ള ഒരു വീഡിയോയും അതിനെതിരെ അവിടുള്ള ചെറുപ്പക്കാർ പ്രതിഷേധിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോയുമാണ് കഴിഞ്ഞ രണ്ട്‌ ദിവസമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. ഇതിലും വ്യക്തമായ സത്യമെന്താണെന്ന് മിക്കവർക്കും അറിയില്ല. രണ്ട് കൂട്ടരും അവരവരുടെ ഭാഗങ്ങളെ ന്യായീകരിക്കുന്നു. സോഷ്യൽ മീഡിയ രണ്ട് ചേരി തിരിഞ്ഞ് അത് പ്രചരിപ്പിക്കുകയും കമന്റുകൾ കൊണ്ട് അമ്മാനമാടുകയും ചെയ്യുന്നു. സത്യമെന്തെന്നു നമുക്കറിയില്ല, സ്വന്തം ഭാഗത്തുള്ള കുറ്റവും കുറവുകളും പറഞ്ഞുകൊണ്ട് ആരും സ്വയം വീഡിയോ പോസ്റ്റ് ചെയ്യുകയുമില്ല. മിനിമം സത്യമെന്തെന്നു മനസ്സിലാക്കുന്നത് വരെയെങ്കിലും സ്വയം വിഡ്ഢികളാവാതിരിക്കുക എന്ന് മാത്രമേ ഇത്തരക്കാരോട് പറയാൻ കഴിയൂ.
ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേവലമൊരു ചലഞ്ചിന്റെ പേരിൽ ലൈക്കിനും കമന്റിനും വേണ്ടി കുറേ പച്ചിലകളുമായി, ഓടുന്ന ബസിന്റെയോ മറ്റു വാഹനങ്ങളുടെയോ മുന്നിലേക്ക് എടുത്തുചാടി ഡാൻസ് ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരും വിദ്യാർഥികളും. ലൈക്കും കമന്റും കിട്ടുവാനായി എന്തെല്ലാം കോപ്രായങ്ങളാണ് ഇവർ കാട്ടിക്കൂട്ടുന്നത്. ഓടുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്തു ചാടി നില്ല് നില്ലെന്നു പറയുന്നതിന് മുൻപ് ഇതൊക്കെ വെറും നട്ടിലും ബോൾട്ടിലും മാത്രമോടുന്ന വാഹനങ്ങളാണെന്നും കാര്യങ്ങൾ വിചാരിച്ചത് പോലെയല്ലെങ്കിൽ വെള്ള പുതപ്പിച്ചു കിടത്തേണ്ട സാഹചര്യം വിദൂരമല്ലെന്ന് കൂടി ഓർക്കുന്നത് നല്ലതായിരിക്കും.
ട്രാഫിക് നിയമലംഘനമുൾപ്പടെ എത്രയോ വകുപ്പുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അധികാരികൾ ഇവർക്ക് നേരെ നടപടികൾ സ്വീകരിക്കാത്തത്? ഗൗരവമായി കാണേണ്ട ഇത്തരം വിഷയത്തെ തമാശയായി കണ്ട് ഇപ്പോൾ അധികാരികളും പോലീസും കണ്ണടച്ചാൽ നിരവധി ജീവനുകൾ നടുറോഡിൽ പൊലിയുന്നതിന് നാം തന്നെ സാക്ഷികളാകേണ്ടി വരും. അപകട മരണങ്ങൾക്ക് പേര് കേട്ട നമ്മുടെ നാട്ടിൽ ഒരു ചലഞ്ചിന്റെ പേരിൽ ജീവൻ പൊലിഞ്ഞ മറ്റൊരു വാർത്ത കൂടി കേൾക്കാൻ ഇടവരാതിരിക്കട്ടെ.....
കള്ളിന്റെയും കഞ്ചാവിന്റെയും പുറത്ത് ഇത്തരം കോപ്രായങ്ങളുമായി നടക്കുന്നവരെ ഇതെല്ലാം പറഞ്ഞു മനസ്സിലാക്കി ഇവിടൊരു സ്വർഗ്ഗരാജ്യം സൃഷ്ടിക്കാം എന്നുള്ള പ്രതീക്ഷയെന്നും ആർക്കും വേണ്ട. നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നത് എന്ന് മാത്രം ഓരോരുത്തരും ചിന്തിക്കുക, ഓരോന്നും ചെയ്യുന്നതിന് മുൻപ് പലവട്ടം ആലോചിക്കുക, വിവേകത്തോടെ പെരുമാറുക. ഇതിനെക്കുറിച്ച് തന്നെ മുൻപൊരു പോസ്റ്റിൽ പറഞ്ഞ അതേ വാചകങ്ങൾ തന്നെ ഒന്നുകൂടി ഇവിടെ ആവർത്തിക്കട്ടെ...
" ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ് ഇന്ന് സോഷ്യൽ മീഡിയകളും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നതൊന്നും തിരിച്ചുപിടിക്കാൻ നമുക്കൊരിക്കലും കഴിഞ്ഞില്ലെന്ന് വന്നേക്കാം..."
ഉണ്ണി ആറ്റിങ്ങൽ.

മജിസിയാ ഭാനു : കേരളത്തിന്റെ കരുത്തുറ്റ വനിത





ആരാണ് മജിസിയ ഭാനു ?

ഓരോ മലയാളിയും അറിഞ്ഞിരിക്കണം കോഴിക്കോട്കാരിയായ മജിസിയാ ഭാനുവെന്ന കേരളത്തിന്റെ സ്ട്രോങ്ങ് വുമണിനെക്കുറിച്ച്....

കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരി കല്ലേരി മൊയിലോത്ത് ഹൗസിൽ അബ്ദുൾ മജീദിന്റെയും റസിയ മജീദിന്റെയും മകൾ. ലോകത്തിലാദ്യമായി ഹിജാബ് ധരിച്ച് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വനിത.

വളരെ ചെറുപ്പത്തിലേ തന്നെ സ്‌പോര്‍ട്‌സില്‍ അതിയായ താല്‍പര്യമുണ്ടായിരുന്ന മജിസിയ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും ഒട്ടനേകം സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാഹി ഡെന്റല്‍ കോളേജില്‍ ബി.ഡി.എസിന് ചേർന്ന മജിസിയ ഭാനു  2016-ൽ ആണ് പവർലിഫ്‌റ്റിങ്ങിൽ പരിശീലനം നേടുന്നത്. 

ആദ്യമായാണ് ഹിജാബ് ധരിച്ച് ഒരു മുസ്ലിം പെണ്‍കുട്ടി പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള മത്സരത്തിലെ പ്രധാന ആകര്‍ഷണം വനിതാ വിഭാഗത്തിൽ മത്സരിക്കാനായി എത്തിയ മജിസിയ ഭാനു എന്ന പെണ്‍കുട്ടി ആയിരുന്നു. അവളുടെ കരുത്തോ, ശരീരപ്രകൃതിയോ ആയിരുന്നില്ല അന്ന് ജനങ്ങളെ ആകർഷിച്ചത്, മറിച്ച് മത്സരത്തിനെത്തിയ പെൺകുട്ടിയുടെ വസ്ത്രധാരണം മാത്രമായിരുന്നു. ശരീരം പൂർണമായും മറച്ചത് കൂടാതെ ഹിജാബ് കൂടി ധരിച്ചായിരുന്നു മജിസിയ ഭാനു അന്ന് സ്റ്റേജിലെത്തിയത്. മിസ്റ്റർ കേരള വനിതാ വിഭാഗം മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ  അഞ്ചു പേരെയും നിസ്സാരമായി പിന്നിലാക്കി കിരീടം ചൂടുകയും ചെയ്തു. അങ്ങനെ "ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍‍‍" എന്ന പട്ടവും  മജിസിയയ്ക്ക് ലഭിച്ചു. 

സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും അതൊന്നും മജിസിയ ഭാനുവിനെ  തളർത്തിയിരുന്നില്ല. മകളെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരോടെല്ലാം അവള്‍ ചെയ്യുന്നതൊന്നും ഒരു തെറ്റായ കാര്യമല്ലല്ലോ എന്നാണ് മജിസിയയുടെ മാതാപിതാക്കള്‍ മറുപടി നല്‍കിയത്.
ആത്മവിശ്വാസവും  കഠിനപ്രയത്നവും അച്ഛനമ്മമാരുടെ അകമഴിഞ്ഞ പിൻബലവും മാത്രം മതിയായിരുന്നു മജിസിയ ഭാനുവെന്ന ഇരുപത്തിനാല്കാരിയ്ക്ക് തന്റെ ലക്ഷ്യങ്ങൾ കീഴടക്കി മുന്നേറുവാൻ. ഹിജാബ് ധരിച്ച് വേദികൾ കീഴടക്കുന്ന പവർലിഫ്റ്റർ, കരുത്തുറ്റ സ്ത്രീ, ഇങ്ങനെ ഒരുപാട് വിശേഷണങ്ങളാണ് ഇന്ന് മജിസിയ ഭാനു സ്വപ്രയത്നം കൊണ്ട് നേടിയെടുത്തിട്ടുള്ളത്. മൂന്നുതവണ കേരളത്തിന്റെയും അഞ്ചുതവണ കോഴിക്കോടിന്റെയും സ്ട്രോങ്ങ് വുമണായി മജിസിയ ഭാനു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

പവർ ലിഫ്റ്റിങ്ങ് ആയിരുന്നു മജിസിയയുടെ പ്രധാന മത്സര ഇനം.

2016 ഒക്ടോബറിൽ കോഴിക്കോട് വച്ച് നടന്ന ജില്ലാതല അൺഎക്യുപൈഡ് പവർലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിൽ സ്വർണമെഡൽ നേടിക്കൊണ്ടായിരുന്നു മജിസിയ തന്റെ കരിയറിന് തുടക്കം കുറിച്ചത്. എത്രയോ വര്‍ഷങ്ങളായി പവര്‍ലിഫ്റ്റിങ്ങ് മേഖലയിൽ പരിശീലനം തുടർന്നിരുന്ന വളരെയധികം പേരെ പിന്നിലാക്കിക്കൊണ്ടായിരുന്നു മജിസിയ അന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.  പിന്നീടുള്ള ഓരോ മത്സരങ്ങളിലും മജിസിയ തന്റെ കഴിവ് തെളിയിച്ചു കൊണ്ടേയിരുന്നു.

2016 ജൂലൈയിൽ കോഴിക്കോട് വച്ച് നടന്ന ജില്ലാതല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡൽ.

2017 ഫെബ്രുവരിയിൽ ചേർത്തല വച്ചും ജൂലൈയിൽ കണ്ണൂർ വച്ചും, നടന്ന സ്റ്റേറ്റ് ലെവൽ ആൺഎക്യുപൈഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡൽ.

2017 ആഗസ്റ്റിൽ തിരുവനന്തപുരത്തു വച്ചു നടന്ന കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡൽ.

2017 മാർച്ചിൽ ജമ്മു കാശ്മീരിൽ വച്ചു നടന്ന നാഷണൽ ആൺഎക്യുപൈഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ.

2017ൽ ഇന്റോനേഷ്യയില്‍ വെച്ചു നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പിലൂടെയായിരുന്നു രാജ്യമറിയുന്ന കായികതാരമായി മാറാൻ മജിസിയക്ക് കഴിഞ്ഞത്. വർഷങ്ങളായി പ്രാക്റ്റിസ്‌ ചെയ്ത് വരുന്ന പതിനാലോളം രാജ്യക്കാരെ പിന്നിലാക്കിക്കൊണ്ടായിരുന്നു മജിസിയ ഭാനു അന്ന് വെള്ളിമെഡൽ സ്വന്തമാക്കിയത്.

2017 ഡിസംബറിൽ കൊല്ലത്ത് വച്ചു നടന്ന ഓൾ കേരള ഇന്റർക്ലബ് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡൽ.

2018 ഫെബ്രുവരിയിൽ ആലപ്പുഴ വച്ച് നടന്ന ബഞ്ച്പ്രസ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡൽ ഉൾപ്പെടെ ഒരുപാഡ് മെഡലുകൾ ഈ ഇരുപത്തിനാല്കാരി വാരിക്കൂട്ടി...

പവര്‍ലിഫ്റ്റിങ്ങിൽ കൈവരിച്ച  നേട്ടങ്ങള്‍ക്ക് തൊട്ട് പിന്നാലെയാണ് പഞ്ചഗുസ്തിയും തനിക്ക് അനായാസം വഴങ്ങുമെന്ന് മജിസിയ ലോകത്തിന് മുന്നിൽ തെളിയിച്ചു കാട്ടിയത്.

2018 ഏപ്രിലിൽ കോഴിക്കോട് വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി മത്സരത്തിലും, തൃശൂർ വച്ച് നടന്ന സ്റ്റേറ്റ് ലെവൽ പഞ്ചഗുസ്തി മത്സരത്തിലും, ഉത്തർപ്രദേശിലെ ലഖ്‌നോവില്‍ വച്ച് നടന്ന ദേശീയതല പഞ്ചഗുസ്തി മത്സരത്തിലും ഗോൾഡ്‌  മെഡലും തുർക്കിയിൽ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ആറാം സ്ഥാനവും മജിസിയ അനായാസമായി നേടുകയുണ്ടായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതോളം പേരെ തോല്‍പ്പിച്ചാണ് ലഖ്‌നോവില്‍ നടന്ന ദേശീയതല മത്സരത്തില്‍ മജിസിയ വിജയം കൈവരിച്ചത്.

വെറും രണ്ട് വർഷത്തിനകത്താണ് മജിസിയ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതെന്നുള്ളത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. നേട്ടങ്ങളുടെ നെറുകയിലേക്കെത്തുമ്പോഴും തന്റെ വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചു തന്നെയാണ് മജിസിയ മുന്നേറിയിരുന്നത്... ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങളും ഹിജാബും ധരിച്ചാണ് എല്ലാ മത്സരങ്ങളിലും മജിസിയ പങ്കെടുത്തിരുന്നത്. ഉമ്മയും ഉപ്പയും സഹോദരനുമടങ്ങുന്നതാണ് മജിസിയയുടെ കുടുംബം. കഠിനപ്രയത്നവും, ആത്മവിശ്വാസവും കുടുംബത്തിന്റെ പരിപൂർണ പിന്തുണയും തനിക്കൊപ്പം ഉള്ളടത്തോളം കാലം ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിലേക്ക് എത്തിപ്പിടിക്കാൻ തനിക്ക് സാധിക്കുമെന്ന് തന്നെയാണ് മജിസിയ ഉറച്ചു വിശ്വസിക്കുന്നത്. വേൾഡ് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയെന്നതാണ് മജിസിയയുടെ ഇനിയുള്ള സ്വപ്നം, അതിന് വേണ്ടിയുള്ള കഠിനപ്രയത്നത്തിലാണ്  ഇപ്പോൾ.

ഈ ചെറുപ്രായത്തിൽ തന്നെ ജില്ലാതലത്തിലും, ദേശീയതലത്തിലും, അന്തർദേശീയതലത്തിലും അനായാസം മെഡലുകൾ വാരിക്കൂട്ടിയ മജിസിയാ ഭാനുവെന്ന കോഴിക്കോട്ട്കാരിയുടെ നിശ്ചയഥാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും നാളുകൾ നമ്മൾ ഓരോ മലയാളികളും മനപ്പാഠമാക്കിയിരിക്കേണ്ട ഒന്നാണ്. ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിലേക്കെത്തുവാൻ ഈശ്വരൻ അവരെ അനുഗ്രഹിക്കണമേന്നുള്ള അകമഴിഞ്ഞ പ്രാർത്ഥനയോടെ....

- ഉണ്ണി ആറ്റിങ്ങൽ

ചതി

Image may contain: Unni Atl, beard and closeup

ഇതൊരു കഥയോ കവിതയോ അല്ല, രണ്ട് ദിവസം മുന്നേ പത്രത്തിൽ കണ്ട ഒരു വാർത്തയാണ് ഇതെഴുതാൻ കാരണം. ടെക്നോളജി വളരുകയാണ്. അതിനൊപ്പം എത്താൻ നമുക്കെല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല എന്നാൽ നമ്മൾ ചതിക്കപ്പെടാതിരിക്കാൻ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ ഇന്നത്തെ ലോകം എങ്ങനെയുള്ളതാണെന്നു കുറച്ചെങ്കിലും നമ്മൾ മനസ്സിലാക്കിയിരിക്കണം.
"ഭർത്താവിന്റെ സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭാര്യയും കാമുകനും ചേർന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ"
കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ നടന്ന ഒരു സംഭവമാണിത്. അന്വേഷിക്കാനെത്തിയ പോലീസിനോട് അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്
"എന്‍റെ പിന്നാലെ ആരോ ഉണ്ടെന്നായിരുന്നു ഞാന്‍ വിചാരിച്ചത് സാറെ. ഞാന്‍ എപ്പോള്‍ ഉണര്‍ന്നു,എപ്പോള്‍ ഉറങ്ങി,എവിടെയൊക്കെ പോയി, ആരോടൊക്കെ സംസാരിച്ചു ,എന്തൊക്കെ സംസാരിച്ചു തുടങ്ങിയെല്ലാം എന്‍റെ ഭാര്യ എന്നോട് അക്ഷരം തെറ്റാതെ പറയുമ്പോള്‍ ഞാന്‍ പിന്നെയെന്തു കരുതണം. എന്നെ നിരീക്ഷിക്കാന്‍ ഭാര്യ ആരെയോ പിന്നാലെ വിട്ടിട്ടുണ്ടെന്ന പേടിയില്‍ ദിവസങ്ങളോളം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഞാനിരുന്നു..."
മറ്റൊന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്, ഞാൻ ഫ്രഷ് ആകാനും മറ്റും ബാത്‌റൂമിൽ പോകുമ്പോൾ മൊബൈൽ കൂടെ കൊണ്ടുപോകാറുണ്ട്.
ഇതാണ് ഇന്നത്തെ ലോകം. മൊബൈൽ വഴി ആണ് ഭാര്യയും കാമുകനും ചേർന്ന് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഒന്നും രണ്ടുമല്ല അഞ്ച് മാസത്തെ ദൃശ്യങ്ങൾ ആണത്രേ ഇവർ പകർത്തിയത്. പക്‌ഷേ എന്റെ സംശയം ഇതാണ് ബാത്‌റൂമിൽ പോകുമ്പോൾ നമ്മൾ ആരെങ്കിലും ഭാര്യയെ കൂടെ കൊണ്ടു പോകാറുണ്ടോ? അങ്ങനെയെങ്കിൽ ഭാര്യ റെക്കോഡ് ചെയ്ത് കാമുകന് അയച്ചു കൊടുത്തതാകാം എന്ന് നമുക്ക് വിശ്വസിക്കാം. അല്ലെങ്കിലോ? അവിടെയാണ് മറ്റൊരാൾക്ക് നമ്മുടെ മൊബൈലിൽ ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന ചതികൾ എന്തൊക്കെയാണെന്ന് നാം മനസ്സിലാക്കിയിരിക്കേണ്ടത്.
സ്ത്രീകളും കുട്ടികളുമുൾപ്പടെ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാത്തവർ ഇന്ന് ചുരുക്കമാണ്. എന്നാൽ നമ്മൾ സ്വന്തം സുഹൃത്തിനെപ്പോലെ കൂടെ കൊണ്ടു നടക്കുന്ന മൊബൈൽ ഫോണുകളിൽ മറ്റൊരാൾക്ക് ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന ചതികൾ എന്തൊക്കെയാണെന്ന് നമുക്ക് എത്ര പേർക്കറിയാം? എല്ലാവരും ഉപയോഗിക്കുന്നു എന്നല്ലാതെ അതിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം അപകടങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ?
ഏതൊരു നല്ല കാര്യത്തിനും മോശമായ ഒരു മറുവശം കൂടി ഉണ്ട്. മൊബൈലിനെക്കുറിച്ചുള്ള എല്ലാ ദൂഷ്യവശങ്ങളും പറയുകയെന്നുള്ളത് നടക്കുന്ന കാര്യമല്ല. എന്നാൽ മുകളിൽ പറഞ്ഞ കാര്യത്തിൽ അയാൾ എങ്ങനെ വഞ്ചിക്കപ്പെട്ടു എന്ന് നമുക്ക് നോക്കാം.
ഒരു മൊബൈൽ അപ്പ്ളിക്കേഷൻ വഴിയാണ് ഇവർ ഇതെല്ലാം പകർത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു കഴിഞ്ഞു. അപ്പ്ളിക്കേഷന്റെ പേരും വിവരങ്ങളും പത്രങ്ങൾ വഴി മിക്കവരും അറിഞ്ഞിട്ടുണ്ടാകും എന്നാലും അറിയാത്തവരും ഏറെയാണ്. ചിലർ ഇതിനെ ദുരുപയോഗം ചെയ്യുമെന്നുള്ളത് കൊണ്ട് അപ്പ്ളിക്കേഷന്റെ പേര് ഞാനിവിടെ പറയുന്നില്ല. എന്താണ് ആ അപ്പ്ളിക്കേഷൻ അല്ലെങ്കിൽ എങ്ങനെയാണത് നമ്മുടെ ഫോണിൽ പ്രവർത്തിക്കുന്നതെന്ന് നോക്കാം. പലർക്കും അറിയാവുന്ന കാര്യം ആയിരിക്കാം, അറിയാവുന്നവർ ക്ഷമിക്കുക ഇതിനെക്കുറിച്ച് അറിവില്ലാത്തവർ ഒരുപാട് പേരുണ്ട്. അവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.
ഇത്തരം അപ്പ്ളിക്കേഷനുകളെ സ്പൈ ആപ്പുകൾ എന്നാണ് പറയാറുള്ളത്. നമ്മളറിയാതെ മറ്റൊരാൾ ഇത്തരം സ്പൈ അപ്പ്ളിക്കേഷനുകൾ ഏതെങ്കിലും നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു എന്ന് കരുതുക. നമ്മുടെ ഫോണിൽ ഇന്റർനെറ്റ് ഓൺ ആണെങ്കിൽ ആ വ്യക്തിക്ക് മറ്റൊരു ഫോൺ ഉപയോഗിച്ച് നമ്മുടെ ഫോണിന്റെ രണ്ട് ക്യാമറകളും പ്രവർത്തിപ്പിക്കാനും അതിലൂടെ കാണുന്നതും കേൾക്കുന്നതുമായ എല്ലാം റെക്കോർഡ് ചെയ്‌ത് സൂക്ഷിക്കാനും സാധിക്കും. എന്നാൽ അങ്ങനെ ഒരു അപ്പ്ളിക്കേഷൻ നമ്മുടെ ഫോണിൽ പ്രവർത്തിക്കുന്നതായി ഒറ്റനോട്ടത്തിൽ അറിയാനും നമുക്ക് സാധിക്കില്ല. ഫോൺ ലോക്ക് ആയിരുന്നാലും ഡിസ്‌പ്ലേ ഓഫ് ആയിരുന്നാലും ഇത് വർക്ക് ചെയ്യിക്കാൻ യാതൊരു പ്രയാസവുമില്ല എന്നുള്ളതാണ് ഇത്തരം ആപ്പുകളുടെ പ്രത്യേകത. ലൊക്കേഷൻ ട്രാക്ക് എന്ന ഓപ്‌ഷനിലൂടെ നമ്മൾ എവിടെയൊക്കെ പോകുന്നുവെന്ന് മനസ്സിലാക്കാനും സാധിക്കും. ഒരു ജിമെയിൽ ഐഡി ഉപയോഗിച്ചാണ് ഇത് കണക്റ്റ് ചെയ്തിരിക്കുന്നത്. അതേ ഐഡി ഉപയോഗിച്ചു ഒന്നിലേറെ ഫോണുകളിൽ ഒരേ സമയം ഈ അപ്പ്ളിക്കേഷൻ വർക്ക് ചെയ്യിക്കാനും സാധിക്കും.
സ്പൈ അപ്പ്ളിക്കേഷനുകൾ പെട്ടെന്ന് ശ്രദ്ധിക്കാൻ കഴിയാത്ത രീതിയിൽ ഹൈഡ് ചെയ്ത് വയ്ക്കാൻ സാധിക്കുന്നവയാണ്. ഗൂഗിൾ പ്ലെസ്റ്റോറിൽ ഉൾപ്പടെ ഒരുപാട് സൈറ്റുകളിൽ നിന്ന് ഇത്തരം അപ്പ്ളിക്കേഷനുകൾ നമുക്ക് ഡൌൺലോഡ് ചെയ്യാൻ സാധിക്കും. സൗജന്യമായി ലഭിക്കുന്നതും പണം കൊടുത്തു വാങ്ങുന്നതുമായ ആപ്പുകൾ ഇന്ന് ഒരുപാട് സൈറ്റുകളിൽ ലഭ്യമാണ്.
ബെഡ്റൂമിലും ബാത്റൂമിലും എന്ന് വേണ്ട എല്ലായിടത്തും ഫോൺ കൂടെ കൊണ്ടുനടക്കുന്നവർ ആണ് ഇന്ന് കൂടുതൽ പേരും. നമ്മൾ അറിയാതെ ഇങ്ങനെയൊരു അപ്പ്ളിക്കേഷൻ നമ്മുടെ ഫോണിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഒന്ന് ഓർത്തു നോക്കൂ. അല്ലെങ്കിൽ നമ്മൾ ഡ്രസ് മാറുന്ന സമയത്തോ, ഭാര്യയും ഭർത്താവുമൊരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലോ ഈ അപ്പ്ളിക്കേഷൻ നമ്മുടെ മൊബൈലിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആലോചിച്ചു നോക്കൂ, നമ്മൾ പോലുമറിയാതെ നമ്മുടെ സ്വകാര്യ നിമിഷങ്ങൾ മറ്റൊരു വ്യക്തിയുടെ കൈകളിലെത്തും. അത് അയാൾക്ക് ഏതൊക്കെ രീതിയിൽ ദുരുപയോഗം ചെയ്യാമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ.
ശാസ്ത്രം വളരുകയാണ്, ഇതിലും കൂടുതൽ ഓപ്‌ഷനുകളുമായി ഇനിയും ഇത്തരം അപ്പ്ളിക്കേഷനുകൾ ഇറങ്ങിയേക്കാം. അതൊന്നും തടയാൻ നമുക്കാവില്ല. അതുകൊണ്ട് ഇത്തരം സന്ദർഭങ്ങൾ ഉണ്ടാവാതിരിക്കാൻ നമുക്ക് എന്തൊക്കെ മുൻകരുതൽ എടുക്കാൻ കഴിയുമെന്ന് നോക്കാം.
ഒരാൾക്ക് ഇത്തരം ഒരു അപ്പ്ളിക്കേഷൻ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ നമ്മുടെ ഫോൺ അയാളുടെ കൈവശം ലഭിക്കണം എന്നുള്ളത് കൊണ്ട് എത്ര വിശ്വസ്തൻ ആയിരുന്നാലും മറ്റൊരാൾക്ക് നമ്മുടെ ഫോൺ കൈമാറാതിരിക്കുക. എന്തെങ്കിലും കാരണവശാൽ ഫോൺ റിപ്പയറിനോ മറ്റോ ഷോപ്പുകളിൽ നല്കുന്നുവെങ്കിൽ തിരികെ വാങ്ങിയതിന് ശേഷം ഫാക്റ്ററി റീസെറ്റ് (ഫോർമാറ്റ് ) ചെയ്തതിന് ശേഷം ഉപയോഗിക്കുക, ഫോണിൽ സ്ട്രോങ്ങ് ആയ പാറ്റേൺ അല്ലെങ്കിൽ പാസ്സ് വേർഡ് ഉപയോഗിച്ചു ലോക്ക് ചെയ്യുക. നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ ഇന്റർനെറ്റ് ഓഫ് ചെയ്ത് വയ്ക്കുക, നേരിട്ട് അറിയുന്നതും വിശ്വസ്തരായവരും അയക്കുന്ന ലിങ്കുകൾ ആണെങ്കില്പോലും ആവശ്യമെങ്കിൽ മാത്രം ഓപ്പൺ ചെയ്യുക. സ്ഥിരമായി ഉപയോഗിക്കുന്ന ചില അപ്പ്ളിക്കേഷനുകളുടെ കൂടെ പരസ്യങ്ങളും ഉണ്ടാകാറുണ്ട്. അത്തരം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൂർണമായി അല്ലെങ്കിലും ഒരുപരിധി വരെ ഫോണിന്റെ സുരക്ഷ ഉറപ്പാക്കാൻ നമുക്ക് സാധിക്കും.
ഇനിയുമുണ്ട് മറ്റൊരു കാര്യം, രാമായണത്തിലെ ഏത് കഥാപാത്രമാണ് നിങ്ങൾ, നിങ്ങൾക്ക് ചേർന്ന സെലിബ്രെറ്റി ആരാണ്, എന്നൊക്കെയുള്ള രീതിയിൽ കാണുന്ന ഒരുപാട് ലിങ്കുകൾ നമ്മൾ ഓപ്പൺ ചെയ്യാറുണ്ട്. എന്നാൽ ഇവ ഓപ്പൺ ചെയ്യുന്ന സമയത്ത് നമ്മളോട് ലോഗിൻ ചെയ്യാൻ അവർ ആവശ്യപ്പെടാറുണ്ട്. ഒന്നും ആലോചിക്കാതെ നമ്മൾ ലോഗിൻ ചെയ്യാറുമുണ്ട്. എന്നാൽ അങ്ങനെ ലോഗിൻ ചെയ്യുന്നതിലൂടെ നമ്മുടെ ഐഡി, പാസ്സ്‌വേർഡ്‌ എന്നിവ അവരുടെ സെർവറിൽ സേവ് ചെയ്യപ്പെടുന്നു. കൂടാതെ നമ്മുടെ ഡാറ്റകൾ, ഗാലറി, ഇമെയിൽ, കോണ്ടാക്റ്റ് ലിസ്റ്റ്, തുടങ്ങിയവ പരിശോധിക്കാനുള്ള പെർമിഷൻ കൂടിയാണ് നമ്മൾ അവർക്ക് നൽകുന്നതെന്ന് എത്ര പേർക്കറിയാം?
ഒരിക്കൽ എനിക്ക് പരിചയമുള്ള ഒരു വ്യക്തിയോട് ഇത് പറഞ്ഞപ്പോൾ....
"നമ്മുടെ ഗാലറിയിലെ നാല് ഫോട്ടോയോ കുറച്ചു ഫോൺ നമ്പറുകളോ കിട്ടിയിട്ട് അവർക്കെന്ത് ലാഭം അല്ലെങ്കിൽ തന്നെ ഇതിന് കാശൊന്നും കൊടുക്കണ്ടല്ലോ"
എന്നാണ് അയാൾ മറുപടി പറഞ്ഞത്. എന്നാൽ ഒന്ന് ആലോചിക്കുക, നമ്മളിലെ കഥാപാത്രത്തെ കണ്ടെത്തി തന്നിട്ട് അവർക്കെന്ത് ലാഭം. സൗജന്യമായി ആരും ഒന്നും നമുക്ക് തരുന്നില്ല ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അത്തരക്കാർക്ക് അതിനുള്ള പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. ഒരു ലാഭവുമില്ലാതെ ഇന്നത്തെക്കാലത്ത് ആരും ഒന്നും ചെയ്യില്ലെന്ന് മനസ്സിലാക്കുക, ചിന്തിക്കുക, അതനുസരിച്ചു പ്രവർത്തിക്കുക...
ഉണ്ണി ആറ്റിങ്ങൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo