
എന്താണ് സോഷ്യൽ മീഡിയ എന്ന് ചോദിച്ചാൽ ഫെയിസ്ബുക്ക് എന്നാവും മിക്കവരും ഉത്തരം പറയുക. ശരിയായ ഉത്തരം അതല്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ സോഷ്യൽ മീഡിയകളിൽ ഫെയ്സ്ബുക്ക് തന്നെയാണ് മുഖ്യപങ്ക് വഹിക്കുന്നതെന്ന് നിസ്സംശയം നമുക്ക് പറയാൻ സാധിക്കും. ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന ഫെയിസ്ബുക്ക് യൂസേഴ്സിന്റെ എണ്ണം നോക്കിയാൽ നമുക്കത് വ്യക്തമായി മനസ്സിലാക്കാനും സാധിക്കും. കഥകളും കവിതകളും വായിക്കുന്നതിന്, പുതിയ പുതിയ സൗഹൃദങ്ങളെ കണ്ടെത്തുന്നതിന്, അപ്പോഴപ്പോഴുള്ള അപ്ഡേറ്റഡ് വാർത്തകൾ അറിയുന്നതിന് തുടങ്ങി എന്തിനും ഏതിനും ഇന്ന് നമ്മൾ മുഖപുസ്തകമെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഫെയിസ്ബുക്കിനെ ആശ്രയിക്കുന്നുണ്ട്. അല്ലെങ്കിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മുഖപുസ്തകം മാറിയിരിക്കുന്നു എന്ന് പറഞ്ഞാലും അതിൽ തെറ്റില്ല.
ഫെയിസ്ബുക്ക് മാത്രമല്ല, വാട്‌സ് ആപ്പ്, ടെലിഗ്രാം, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം, മെസ്സെഞ്ചർ തുടങ്ങിയ ഓരോ സോഷ്യൽ മീഡിയ ആപ്പ്ളിക്കേഷനുകളും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് തന്നെ പറയാം. രക്തദാനം മുതൽ ചികിത്സക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന രോഗികൾക്ക് ചികിത്സാധനം, പാവപ്പെട്ട കുട്ടികൾക്ക് പഠനസഹായം, തുടങ്ങി ആരുമാരും അറിയപ്പെടാതെ പോകുന്ന കഴിവുള്ള പ്രതിഭകളെ കണ്ടെത്താനും നിമിഷങ്ങൾ കൊണ്ട് ചിന്തിക്കാൻ പോലും കഴിയാത്ത വിധം അവരെ ഉയരങ്ങളിലെത്തിക്കാനും ഫെയിസ്ബുക്കും വാട്സപ്പുമടക്കമുള്ള സോഷ്യൽ മീഡിയകൾ വഹിക്കുന്ന പങ്ക് ചില്ലറയല്ല. എന്നാൽ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. പലരും സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി മാത്രം സോഷ്യൽ മീഡിയകൾ പല തരത്തിൽ ദുരുപയോഗം ചെയ്യുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്. രാഷ്ട്രീയ വൈരാഗ്യങ്ങൾ തീർക്കാനും, അന്യ മതങ്ങളെ മോശമായി ചിത്രീകരിക്കാനും, പരസ്പര സ്നേഹത്തോടെ കഴിയുന്ന ജനങ്ങളെ തമ്മിൽ തല്ലിക്കാനുമൊക്കെ ഒരു കൂട്ടം സാമൂഹ്യദ്രോഹികൾ ഇന്ന് സോഷ്യൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നു, അറിഞ്ഞോ അറിയാതെയോ ഒരു ഷെയർ കൊണ്ടെങ്കിലും ഒരുപക്ഷേ നമ്മളും അതിന്റെ ഒരു ഭാഗമായി മാറുന്നു. ഇന്ന് സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും എന്തും പറയാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഒരു വാർത്ത വന്നാൽ അതിൽ എത്രമാത്രം സത്യമുണ്ട് അല്ലെങ്കിൽ ഇതൊരു ശരിയായ കാര്യമാണോ എന്നൊന്നും ചിന്തിക്കാൻ ഇന്ന് ആർക്കും സമയമില്ല.
സ്വയം ബുദ്ധിമാനെന്നും വിദ്യാസമ്പന്നരെന്നും അഹങ്കരിക്കുന്ന ചില മലയാളികളുടെ വൃത്തികെട്ട മനസ്സിന്റെ വൈകൃതങ്ങൾ നേരിട്ട് മനസ്സിലാക്കണമെങ്കിൽ ചനലുകളുടെയോ അല്ലെങ്കിൽ ഓണ്ലൈൻ പേജുകളുടെയോ വാർത്തകൾക്ക് താഴെയുള്ള ചില കമന്റുകൾ മാത്രം വായിച്ചു നോക്കിയാൽ മതിയാവും. കുറച്ചു നാൾ മുൻപ് പ്രണയം നഷ്ടപ്പെട്ടതിന്റെ പേരിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ഒരു യുവാവിന്റെ വാർത്ത ഒരു ഓണ്ലൈൻ പേജിൽ കണ്ടിരുന്നു. അതിന് വന്ന കമന്റുകൾ വായിച്ചു ശരിക്കും അമ്പരന്നു പോയി എന്ന് പറയുന്നതാവും ശരി. ഒരു മരണവാർത്തയ്ക്ക് പോലും കേവലം രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തിയുള്ള കമന്റുകളും സ്മൈലി സിമ്പലുകളും. സൈബർ ലോ, പോക്സോ, ഇന്ത്യൻ പീനൽകോഡ്, ഐ റ്റി ആക്റ്റ്, എന്നിവയെല്ലാം സമന്വയിപ്പിച്ച് ഇത്തരക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ് ഇതെന്നോർക്കണം.
ഇനി ഒരാളെങ്കിലും സത്യം മനസ്സിലാക്കി അത് തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ പിന്നെ അയാളുടെ പുറത്തായി സർവ്വ കുറ്റങ്ങളും. നീ ഇന്ന ജാതിക്കാരനാണ് അല്ലെങ്കിൽ ഇന്ന പാർട്ടിക്കാരനാണ് തുടങ്ങി ഒന്നുമറിയാതെ വീട്ടിലിരിക്കുന്ന അയാളുടെ മാതാപിതാക്കളെയും ഭാര്യയെയും പിഞ്ചു കുഞ്ഞുങ്ങളെയുൾപ്പടെ അസഭ്യവർഷം ചൊരിയാൻ സമ്പൂർണ സാക്ഷരർ എന്നവകാശപ്പെടുന്ന മലയാളിക്ക് ഒരു മടിയും ഇല്ലാതായിരിക്കുന്നു. ഒന്ന് തിരിഞ്ഞു നോക്കിയാൽ ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ കണ്മുന്പിൽ തന്നെയുണ്ട്. ചോദിച്ചാൽ പറയാൻ അഭിപ്രായസ്വാതന്ത്ര്യം എന്നൊരു ഓമനപ്പേരും.
കാണുന്നതും കേൾക്കുന്നതുമായ വാർത്തകളെല്ലാം വെള്ളം തൊടാതെ വിഴുങ്ങുകയെന്നുള്ള രീതിയാണ് ഇന്നത്തെ സോഷ്യൽ മീഡിയകളുടെ മറ്റൊരു പരാജയം. എന്തും ഏതും കണ്ണും പൂട്ടി വിശ്വസിക്കുന്ന രീതി പിന്തുടരുന്നിടത്തോളം കാലം വളരെ ഭംഗിയായി ജനങ്ങളെ വിഡ്ഢികളാക്കാൻ ആർക്കും കഴിയും. ട്രെയിനിന് മുന്നിൽ നിന്ന് സെൽഫി എടുക്കുന്ന ആളെ തട്ടിമാറ്റി ട്രെയിൻ കടന്നു പോകുന്നതും, രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ വീഡിയോ എടുത്ത് കളിക്കുന്നതിനിടയിൽ മുത്തശ്ശി കിണറ്റിൽ വീഴുന്നതുമുൾപ്പടെ എത്രയോ കാര്യങ്ങൾ നമുക്ക് മുന്നിലുള്ള ഉത്തമ ഉദാഹരണങ്ങളാണ്.
ഇതൊക്കെ വെറും പ്രഹസനങ്ങൾ മാത്രമായിരുന്നെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടും എന്ത്കൊണ്ട് ജനങ്ങൾ മാറി ചിന്തിക്കുന്നില്ല? കല്യാണപ്പന്തലിൽ വന്ന് കരണം അടിച്ചു പൊട്ടിക്കുമെന്നു പറഞ്ഞ പെണ്കുട്ടിയുടെയും, തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച ഭർത്താവിനെതിരെ വീഡിയോയുമായി രംഗത്ത് വന്ന വീട്ടമ്മയേയും എന്ത്കൊണ്ട് ജനങ്ങൾ തിരിച്ചറിഞ്ഞില്ല? സത്യാവസ്ഥ എന്തെന്ന് പോലും മനസ്സിലാക്കാനുള്ള ക്ഷമ പോലും പലർക്കുമില്ല എന്നതാണ് സത്യം. മുകളിൽ ഉദാഹാരണം പറഞ്ഞ എല്ലാവരും ഒടുവിൽ വീഡിയോ പോസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യത്തെ ന്യായീകരിച്ചവരാണ്. ഒന്നും നോക്കാതെ സോഷ്യൽ മീഡിയ മറുകണ്ടം ചാടി അതേ വ്യക്തികളെ കൈയടിച്ചു സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നറിയില്ല. ഇപ്പറഞ്ഞ ഓരോ വ്യക്തികളും സ്വമനസ്സാലെ ജനങ്ങളുടെ മുന്നിലേക്ക് ന്യായീകരണവുമായി വന്നതായിരുന്നില്ല, വീഡിയോ വയറലായി പെട്ടുപോകും, അല്ലെങ്കിൽ ഇനി സത്യം പറയാതെ നിവൃത്തിയില്ല എന്നൊരു സാഹചര്യം മുന്നിൽ വന്നപ്പോൾ മാത്രമാണ് ഒരു ന്യായീകരണ പോസ്റ്റിലൂടെ വീണ്ടും സോഷ്യൽ മീഡിയയെ വിദഗ്ദ്ധമായി കൈയിലെടുത്തത്. പക്ഷേ അവിടെയും വിഡ്ഢികളായത് ജനങ്ങൾ തന്നെയെന്ന് നിസംശയം പറയാം.
സത്യത്തിൽ മറ്റുള്ളവരുടെ വിഷമം കാണുമ്പോൾ അതിൽ പങ്ക് ചേരാനുള്ള ചിലരുടെയെങ്കിലും നല്ല മനസിനെയാണ് ഇങ്ങനെയുള്ളവർ ചേർന്ന് നശിപ്പിക്കുന്നത്. ചികിത്സക്ക് സഹായം വേണം അല്ലെങ്കിൽ കുഞ്ഞിന്റെ ഓപ്പറേഷന് പണമില്ല, തുടങ്ങിയ അഭ്യർത്ഥനകൾ ഇനി സോഷ്യൽമീഡിയയിൽ വന്നാൽപോലും ഒരാളുമത് വിശ്വസിക്കില്ല. സത്യം പറഞ്ഞാൽ അർഹതപ്പെട്ടവർക്കുള്ള അവസരങ്ങൾ കൂടിയാണ് ഇത്തരക്കാർ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നത്. പണ്ടൊരു കഥ കേട്ടിട്ടുണ്ട്. ഒരാട്ടിടയൻ പുലി വരുന്നേ പുലി വരുന്നെയെന്നു പറഞ്ഞു പല തവണ ആളുകളെ പറ്റിച്ച കഥ. അവസാനം യഥാർത്ഥത്തിൽ പുലി വന്നപ്പോൾ സഹായിക്കാൻ ആരുമുണ്ടായില്ല. അതു പോലെ തന്നെയാണ് ഇതും. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി ഇത്തരം കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നവർ ഒരിക്കലും മറ്റുള്ളവരുടെ കാര്യങ്ങൾ ഓർക്കാറില്ല. എപ്പോഴെങ്കിലും ആർക്കെങ്കിലും ശരിക്കും സഹായം ആവശ്യമായി വരുമ്പോൾ ആരും കൂടെയുണ്ടാവില്ല.
ടിക്ക് ടോക്ക് എന്ന ആപ്പ്ളിക്കേഷൻ വന്നതോട് കൂടിയാണ് സോഷ്യൽ മീഡിയ ഇത്രക്ക് അധഃപതിച്ചതെന്ന് വാദിക്കുന്നവരുണ്ട്. കമന്റുകളിലൂടെയും ലൈവ് വീഡിയോകളിലൂടെയുമൊക്കെ ടിക്ക് ടോക്കിനെതിരായി ചിലർ രംഗത്ത് വരികയും ചെയ്തു. ടിക്ക് ടോക്ക് എന്ന ആപ്പ്ളിക്കേഷൻ നിരോധിക്കണം അല്ലെങ്കിൽ കുട്ടികൾ ഉപയോഗിക്കുന്നുണ്ടോയെന്ന് രക്ഷിതാക്കൾ ദിനവും പരിശോധിക്കണം എന്നൊക്കെയാണ് അവരുടെ ആവശ്യം. പക്ഷേ ഒന്ന് ചോദിക്കട്ടെ ഇവിടെ കേവലം ഒരു ആപ്പ്ളിക്കേഷനാണോ വില്ലൻ? ഒരിക്കലുമല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം ഒരുപാട് കലാകാരന്മാരെ അല്ലെങ്കിൽ കലാകാരികളെ വളർത്തിയെടുത്ത ആപ്പ്ളിക്കേഷനുകളാണ് ടിക്ക് ടോക്ക്, ഡബ്ബ്മാഷ്, സ്മ്യൂൾ തുടങ്ങിയവ. ഏത് കാര്യത്തിനും ഒരു നല്ല വശവും ചീത്ത വശവും ഉണ്ടാവും. എന്നാൽ അതിൽ ഏത് വശമാണ് തിരഞ്ഞെടുക്കേണ്ടതെന്നുള്ളത് അത് ഉപയോഗിക്കുന്നവരുടെ മനസ്സ് പോലിരിക്കും. ഇന്ന് ടിക്ക് ടോക്ക് നിരോധിച്ചാൽ നാളെ ഇതേ തരത്തിലുള്ള മറ്റൊരു ആപ്പ്ളിക്കേഷൻ അത്ര തന്നെ.
വ്യാജ വീഡിയോകൾ അല്ലെങ്കിൽ വാർത്തകൾ സത്യമാണെന്നു തെറ്റിദ്ധരിച്ചു ചിലരെങ്കിലും ഷെയർ ചെയ്യുന്നുണ്ടെങ്കിൽ അതിൽ ചാനലുകളും പ്രശസ്തമായ ഓണ്ലൈൻ പേജുകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കേട്ട പാതി കേൾക്കാത്ത പാതി, വാർത്ത സത്യമാണോന്ന് പോലും അന്വേഷിക്കാതെ കണ്ണീരിൽ കുതിർന്ന വാർത്തയെന്നോണം ആദ്യം കൊട്ടിഘോഷിക്കുന്നത് ചാനലുകൾ തന്നെയാണ്. പിന്നെ സത്യം തിരിച്ചറിയുമ്പോൾ അതിനെക്കുറിച്ചു മറ്റൊരു വിശദീകരണവും നൽകും. എന്നാൽ മുന്നേ കൊടുത്ത വ്യാജവാർത്ത ഡിലീറ്റ് ചെയ്യാനോ അതിനെക്കുറിച്ചു ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനോ ആരും ശ്രമിക്കാറില്ല. വ്യാജ വാർത്തകൾ അപ്പോഴും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഷെയർ ചെയ്ത് ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
കഴിവുള്ള ഒരുപാട് പേരെ ഉയരങ്ങളിലെത്തിക്കാനും, ഉപയോഗപ്രദമായ പല നല്ല കാര്യങ്ങൾക്കും ചാനലുകൾ വഹിച്ച പങ്ക് അഭിനന്ദനമർഹിക്കുന്നത് തന്നെയാണ്. അതിന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ട് തന്നെ പറയട്ടെ... ദയവു ചെയ്തു ഇത്തരം കോമാളി കോമരങ്ങൾക്ക് മുന്നിൽ നിങ്ങൾ നിങ്ങളുടെ നിലവാരം ഇല്ലാതാക്കരുത്. ഒരു വാർത്ത കിട്ടിയാൽ അതിന്റെ സത്യാവസ്ഥ എന്താണെന്നു വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മാത്രം ന്യൂസ് ആയി സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യുക. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ വില നിങ്ങളായി തന്നെ കളയാതിരിക്കുക എന്നർത്ഥം.
നാടിനെയും നാട്ടുകാരെയും അപമാനിച്ചെന്ന രീതിയിലുള്ള ഒരു വീഡിയോയും അതിനെതിരെ അവിടുള്ള ചെറുപ്പക്കാർ പ്രതിഷേധിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോയുമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. ഇതിലും വ്യക്തമായ സത്യമെന്താണെന്ന് മിക്കവർക്കും അറിയില്ല. രണ്ട് കൂട്ടരും അവരവരുടെ ഭാഗങ്ങളെ ന്യായീകരിക്കുന്നു. സോഷ്യൽ മീഡിയ രണ്ട് ചേരി തിരിഞ്ഞ് അത് പ്രചരിപ്പിക്കുകയും കമന്റുകൾ കൊണ്ട് അമ്മാനമാടുകയും ചെയ്യുന്നു. സത്യമെന്തെന്നു നമുക്കറിയില്ല, സ്വന്തം ഭാഗത്തുള്ള കുറ്റവും കുറവുകളും പറഞ്ഞുകൊണ്ട് ആരും സ്വയം വീഡിയോ പോസ്റ്റ് ചെയ്യുകയുമില്ല. മിനിമം സത്യമെന്തെന്നു മനസ്സിലാക്കുന്നത് വരെയെങ്കിലും സ്വയം വിഡ്ഢികളാവാതിരിക്കുക എന്ന് മാത്രമേ ഇത്തരക്കാരോട് പറയാൻ കഴിയൂ.
ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേവലമൊരു ചലഞ്ചിന്റെ പേരിൽ ലൈക്കിനും കമന്റിനും വേണ്ടി കുറേ പച്ചിലകളുമായി, ഓടുന്ന ബസിന്റെയോ മറ്റു വാഹനങ്ങളുടെയോ മുന്നിലേക്ക് എടുത്തുചാടി ഡാൻസ് ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരും വിദ്യാർഥികളും. ലൈക്കും കമന്റും കിട്ടുവാനായി എന്തെല്ലാം കോപ്രായങ്ങളാണ് ഇവർ കാട്ടിക്കൂട്ടുന്നത്. ഓടുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്തു ചാടി നില്ല് നില്ലെന്നു പറയുന്നതിന് മുൻപ് ഇതൊക്കെ വെറും നട്ടിലും ബോൾട്ടിലും മാത്രമോടുന്ന വാഹനങ്ങളാണെന്നും കാര്യങ്ങൾ വിചാരിച്ചത് പോലെയല്ലെങ്കിൽ വെള്ള പുതപ്പിച്ചു കിടത്തേണ്ട സാഹചര്യം വിദൂരമല്ലെന്ന് കൂടി ഓർക്കുന്നത് നല്ലതായിരിക്കും.
ട്രാഫിക് നിയമലംഘനമുൾപ്പടെ എത്രയോ വകുപ്പുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അധികാരികൾ ഇവർക്ക് നേരെ നടപടികൾ സ്വീകരിക്കാത്തത്? ഗൗരവമായി കാണേണ്ട ഇത്തരം വിഷയത്തെ തമാശയായി കണ്ട് ഇപ്പോൾ അധികാരികളും പോലീസും കണ്ണടച്ചാൽ നിരവധി ജീവനുകൾ നടുറോഡിൽ പൊലിയുന്നതിന് നാം തന്നെ സാക്ഷികളാകേണ്ടി വരും. അപകട മരണങ്ങൾക്ക് പേര് കേട്ട നമ്മുടെ നാട്ടിൽ ഒരു ചലഞ്ചിന്റെ പേരിൽ ജീവൻ പൊലിഞ്ഞ മറ്റൊരു വാർത്ത കൂടി കേൾക്കാൻ ഇടവരാതിരിക്കട്ടെ.....
കള്ളിന്റെയും കഞ്ചാവിന്റെയും പുറത്ത് ഇത്തരം കോപ്രായങ്ങളുമായി നടക്കുന്നവരെ ഇതെല്ലാം പറഞ്ഞു മനസ്സിലാക്കി ഇവിടൊരു സ്വർഗ്ഗരാജ്യം സൃഷ്ടിക്കാം എന്നുള്ള പ്രതീക്ഷയെന്നും ആർക്കും വേണ്ട. നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നത് എന്ന് മാത്രം ഓരോരുത്തരും ചിന്തിക്കുക, ഓരോന്നും ചെയ്യുന്നതിന് മുൻപ് പലവട്ടം ആലോചിക്കുക, വിവേകത്തോടെ പെരുമാറുക. ഇതിനെക്കുറിച്ച് തന്നെ മുൻപൊരു പോസ്റ്റിൽ പറഞ്ഞ അതേ വാചകങ്ങൾ തന്നെ ഒന്നുകൂടി ഇവിടെ ആവർത്തിക്കട്ടെ...
" ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ് ഇന്ന് സോഷ്യൽ മീഡിയകളും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നതൊന്നും തിരിച്ചുപിടിക്കാൻ നമുക്കൊരിക്കലും കഴിഞ്ഞില്ലെന്ന് വന്നേക്കാം..."
ഉണ്ണി ആറ്റിങ്ങൽ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക