നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒടിയൻ - :ഇരുട്ടും നിശബ്ദതയും മുഖമുദ്രയാക്കിയ സിനിമ

Image may contain: Saji Varghese, closeup 

സജി വർഗീസ്*

വാരണാസിയിലെ സ്നാനഘട്ടിൽ മുങ്ങിത്താഴുന്ന തങ്കമണി വാരസ്യാർ എന്ന ശ്രീജയുടെ കഥാപാത്രത്തെ സാഹസികമായ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോൾ ഒടിയൻ മാണിക്യനല്ലേയെന്ന ചോദ്യത്തിൽ നിന്ന് കഥയാരംഭിക്കുന്നു. തുടർന്ന് ഫ്ളാഷ്ബാക്കായിപാലക്കാട് തേങ്കുറിശ്ശിയെന്ന ഗ്രാമത്തിലേക്കെത്തി ഒടിയൻമാണിക്യന്റെ ഭൂതകാലവും വർത്തമാനകാലവും സിനിമയിലൂടെ മാറി മാറി കാണിക്കുന്നു.
പൂർണ്ണ ഗർഭിണിയുടെ മറുപിള്ളയിൽ മന്ത്രമോതി സേവിച്ച്, നരിയായും കാളയായും നായയുമൊക്കെയായി ഇരുട്ടിൽ ഏകാന്ത യാത്ര ചെയ്യുന്നവരെ കെണിവച്ചു വീഴ്ത്തുന്ന ഒടിയന്റെ പഴയ കാലമിത്തിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ഒടിയൻ.ഒടിയൻ മറുതയായും ചാത്തനായും വരുമെന്നാണ് പഴമക്കാർ പറയുന്നത്.
സ്ഥിരം ചേരുവകളായ പ്രണയവും നിസ്സഹായതയും പ്രതികാരവുമൊക്കെ ഈ സിനിമയിലും നിറഞ്ഞു നിൽക്കുന്നു.. പനയും പുഴയും കുന്നുകളുമുള്ള മനോഹരമായ ദൃശ്യഭംഗി സിനിമയിൽ അനുഭവഭേദ്യമാകുന്നുണ്ട്.
ദേശീയ അവാർഡ് നേടിയ ചിത്രമായ കുട്ടിസ്രാങ്കിന്റെ തിരക്കഥാകൃത്തായ ഹരികൃഷ്ണണനാണ് ഒടിയന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. പരസ്യചിത്ര സംവിധായകനായ ശ്രീകുമാരമേനോന്റെ ആദ്യ സംവിധായക പരീക്ഷണമായിരുന്നു ഒടിയൻ എന്ന സിനിമയെന്നു പറയാം.
ഒരു നാടോടിക്കഥയെ മൺമറഞ്ഞ മിത്തിനെ മിനുക്കിയെടുത്തവതരിപ്പിച്ചപ്പോൾ നീണ്ടു നിൽക്കുന്ന സിനിമയിൽ വേണ്ട വിധത്തിലുള്ള വേഗതയുണ്ടായില്ലായെന്നത് ഇന്നത്തെ യുവതലമുറയ്ക്ക് സിനിമയെക്കുറിച്ചുള്ള പോരായ്മയായി പറയുവാൻ കാരണമായത്. മോഹൻലാൽ എന്ന കഥാപാത്രത്തിന്റെ അമാനുഷികമായ പ്രകടനവും ത്രസിപ്പിക്കുന്ന രംഗങ്ങളും ചടുലമായ സംഭാഷണങ്ങളും ഹോളിവുഡ് നിലവാരത്തിലുള്ള സാങ്കേതികവിദ്യയുമൊക്കെ പ്രതീക്ഷിച്ചാണ് സിനിമാപ്രേമികൾ തിയേറ്ററിലെത്തിയത്. ആ പ്രതീക്ഷയ്ക്കടിസ്ഥാനം സിനിമയെക്കുറിച്ചുള്ള പരസ്യം ആ വിധത്തിലായിരുന്നല്ലോ. ശ്രീകുമാർ മേനോന്റെ മാർക്കറ്റിങ്ങ് തന്ത്രം ഈക്കാര്യത്തിൽ വിജയിച്ചെന്നു പറയാം.കാരണം ഒരാഴ്ചത്തേക്കുള്ള ഷോ ആളുകൾ കുടുംബസമേതം ബുക്ക് ചെയ്തു കഴിഞ്ഞു. എന്നാൽ ഒടിയൻ ആ വിധത്തിലുള്ള ഒരു സിനിമയല്ല. അഭിനയപ്രതിഭ മോഹൻലാലിന്റെ ഒടിയൻ എന്ന കഥാപാത്രം തീവ്രമായ വേഗതയുള്ള സംഭാഷണം പറയുന്ന നായക കഥാപാത്രമല്ല. ഈ കഥയ്ക്ക് അത് അനുയോജ്യമല്ല താനും.കാരണം ഇരുട്ടിനെ നിശബ്ദതയെ ഇഷ്ടപ്പെടുന്നവനാണ് ഒടിയൻ.ആ കണ്ണുകളിൽ എല്ലാം പറയുന്നുണ്ട്. പഴമക്കാർ പറഞ്ഞു നടന്ന മിത്തിനെ പാലക്കാടിന്റെ പ്രകൃതി ഭംഗിയിലൂടെ ഒടിയനെന്ന കഥാപാത്രത്തിനെ ഇരുട്ടിന്റെ നിശബ്ദതയിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകൻ ചെയ്തത്. അതോടൊപ്പം പറയാതെ പറയുന്ന പ്രണയവും വില്ലൻ കഥാപാത്രവും സിനിമയിൽ ദൃശ്യമാകുന്നു. പഴയ തറവാടും കുളവും ഗ്രാമവും പാലക്കാടിന്റെ മനോഹാരിതയും കാണിച്ചു കൊണ്ട് നിശബ്ദമായ് നീങ്ങുന്ന സിനിമയാണ് ഒടിയൻ.ഇരുട്ടും നിശബ്ദതയുമാണ് ഒടിയന്റെ മുഖമുദ്ര. എന്നാൽ ഈക്കാര്യം സിനിമയിറങ്ങുന്നതിന് മുമ്പ് സംവിധായകൻ പറയാതിരുന്നതുകൊണ്ടാണ് അദ്ദേഹം ഇത്രയും വിമർശന വിധേയനാകേണ്ടി വന്നത്.
വടക്കുംനാഥൻ, പുലിമുരുകൻ, ചന്ദ്രോത്സവം എന്നീ സിനിമകളിലെ ചില കഥാശയത്തെ ഈ സിനിമയോട് കൂട്ടിച്ചേർത്ത് ഉപയോഗിച്ചിട്ടുണ്ട്. വടക്കുംനാഥൻ എന്ന സിനിമയിൽ പഴയ തറവാടും കുളവും നായികയും കൂടാതെ മോഹൻ ലാലിന്റെ നായക കഥാപാത്രം നാടുവിട്ട് തിരിച്ചു വരുന്നുണ്ട്. അതിലെ ഗംഗേ.. എന്ന ഗാനം ഓർമ്മയുണ്ടല്ലോ..
അതേപോലെ തന്നെയാണ് മറ്റൊരു വിധ സാഹചര്യത്തിൽ ഒടിയനും നാടുവിട്ട് വാരണാസിയിലെത്തി താടിയും മുടിയും നീട്ടി കാഷായ വസ്ത്രത്തിൽ തിരിച്ചെത്തുന്നതും തറവാടും കുളവും ഗ്രാമഭംഗിയുമൊക്കെ ഈ ചിത്രത്തിലും കാണിക്കുന്നതും.
അതുപോലെ പുലിമുരുകനിൽ നാട് വിട്ടു പോയ പുലിമുരുകൻ പുലിയെപിടിക്കുവാൻ എത്തുന്നതും. കുഞ്ചാക്കോബോബൻ നായക കഥാപാത്രമായ ശിക്കാരി ശംഭുവിൽ പുലിവേഷം കെട്ടിയ കഥാപാത്രം ആളുകളെ വകവരുത്തുന്നതും പുലിയാണെന്ന് ആളുകൾ കരുതുകയും ചെയ്യുന്നുണ്ട്.ഇതേ രീതിയിൽ വേറെയൊരു ഒടിയനും ഒടിയൻ വേഷം കെട്ടി രംഗപ്രവേശം ചെയ്യുന്നുണ്ട്. ചന്ദ്രോദയമെന്ന സിനിമയിലും മോഹൻലാലിന്റെ നായക കഥാപാത്രം നാടുവിട്ട് തിരിച്ചു വരുന്നതും നായികയും തറവാടും പഴയകാല ഓർമ്മകളിലൂടെയുള്ള നായക കഥാപാത്രത്തിന്റെ യാത്രയും ഗ്രാമവും ഒക്കെയാണ് കാണിച്ചത്.ഈ തരത്തിൽ വിവിധ സിനിമകളിലുള്ളതിന്റെ ആവർത്തനം ഈ സിനിമയിലുണ്ട്.
ഒടിയൻ മാണിക്യന്റെ ഭൂതകാലത്ത് പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന ചടുലതയും വേഗവും നൽകുന്നതിൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാണ് ഒടിയൻ ഒരു ശരാശരി ചിത്രമെന്ന് പ്രേക്ഷകർ പറയുന്നത്.
ഒടിയനായ് മാണിക്യന്റെ രൂപമാറ്റം നടക്കുന്ന രംഗങ്ങളിൽ ഗ്രാഫിക്സിന്റെ സാധ്യതകൾ കുറച്ചാണ് ഉപയോഗിച്ചത്.ഒരു പക്ഷേ സംവിധായകൻ ഒറിജിനാലിറ്റി കാണിക്കുകയെന്നയുദ്ദേശ്യത്തിൽ ആയിരിക്കാം. പക്ഷേ ചില രംഗങ്ങളിൽ പോത്തിന്റെ മുഖം മൂടി വെച്ച രംഗം കണ്ടപ്പോൾ പോരായ്മയായ് തോന്നി.മാണിക്യൻ പെട്ടന്ന് നായയും കാളയും പോത്തുമൊക്കെയായ് രൂപമാറ്റം നടത്തുന്നത് കണ്ടെങ്കിൽ കാണികളെ ത്രസിപ്പിക്കുവാൻ കഴിഞ്ഞേനെ.ഗ്രാഫിക്സിന്റെ സഹായത്തോടെ ത്രസിപ്പിക്കുന്ന മാസ് രംഗങ്ങൾ അവതരിപ്പിച്ചെങ്കിൽ സിനിമയുടെ ആദ്യ ദിനത്തെ അഭിപ്രായത്തിലെ പോസിറ്റീവ്ഗ്രാഫ് ഉയർന്നു നിന്നേനെ.
വിക്രംസേഥിയിലൂടെ ശ്രദ്ധേയനായ സാംസി എസിന്റെ പശ്ചാത്തല സംഗീതം മികച്ചതാണ്. ജയചന്ദ്രന്റെ സംഗീതത്തിലുള്ള കൊണ്ടാരാ. ,താങ്കണക്കണ.. എന്നു തുടങ്ങുന്ന ഗാനം മനോഹരമാണ്. പാലക്കാടിന്റെ മനോഹാരിത ഒപ്പിയെടുത്ത ഷാജികുമാറിന്റെ ഛായാഗ്രഹണ മികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. ഒടിയൻ മാണിക്യന്റെ പനയോലപ്പുരയും പരിസരവും ഇരുട്ടിന്റെ പശ്ചാത്തലത്തിൽ കാണുവാൻ മനോഹരമാണ്. മഞ്ജു വാര്യർ പ്രഭ എന്ന കഥാപാത്രത്തിലൂടെ ശരാശരി നിലവാരം സിനിമയിൽ പുലർത്തുന്നുണ്ട്.പ്രകാശ് രാജിന്റെ രാവുണ്ണി നായർ എന്ന വില്ലൻ കഥാപാത്രം ശ്രദ്ധേയമാണ്. സിദ്ദീഖ്, നരേൻ, കൈലാഷ്, നന്ദു, ഇന്നസെന്റ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ
.ചിത്രത്തിലെ ക്ലൈമാക്സിൽ മാണിക്യൻ രാവുണ്ണി നായരുമായ് ഇരുട്ടിൽ ഏറ്റുമുട്ടുന്ന സംഘടന രംഗം ആവിഷ്ക്കിരിച്ച പീറ്റർ ഹെയ്ൻ പുലിമുരുകന്റെയത്രത്തോളം മികച്ചതാക്കാൻ കഴിഞ്ഞിട്ടില്ല.
വാരണാസിയിൽ നിന്നാരംഭിച്ച് പാലക്കാടിന്റെ തേങ്കുറിശ്ശി ഗ്രാമത്തിലൂടെ നീങ്ങുന്ന ഇരുട്ടിന്റെ നിശബ്ദതയെ കൂട്ടുപിടിച്ച് നടക്കുന്ന മാണിക്യൻ എന്ന കഥാപാത്രത്തെ മോഹൻലാൽ എന്ന അഭിനയചക്രവർത്തി ആവാഹിച്ചെടുത്ത് ഒച്ചയും ബഹളവുമില്ലാതെ മുന്നോട്ട് നീങ്ങി ഇടയ്ക്ക്ക്ക് ഒടിവിദ്യയൊക്കെ പ്രേക്ഷകരെ കാണിച്ച് നിശബ്ദമായ് നീങ്ങുന്ന സിനിമയാണ്.
ത്രസിപ്പിക്കുന്ന ന്യത്തരംഗങളോ, മാംസക്കൊഴുപ്പോ കാണിക്കാത്ത പാലക്കാടിന്റെ ഗ്രാമഭംഗി കണ്ട് ആസ്വദിക്കാവുന്ന ശരാശരി സിനിമയാണ് ഒടിയൻ. അല്ലാതെ ഇതൊരു മാസ് എന്റർടെയ്നർ സിനിമയല്ല.
ഒടിയന്റെ കഥ കാണുവാൻ കുടുംബ പ്രേക്ഷകർക്ക് ധൈര്യപൂർവ്വം പോകാവുന്നതാണ്.
സജി വർഗീസ്
Copyright protected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot