നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മമ്മൂട്ടിയുടെ ഭാര്യ മാലാഖ ആണ് മാലാഖ

Image may contain: 1 person, smiling

"അതേയ് നിങ്ങള് നിങ്ങളുടെ ശരീരം കുറച്ചു കൂടി ശ്രദ്ധിക്കണം "
പതിവില്ലാതെ അവളുടെ സ്നേഹപ്രകടനം കേട്ടപ്പോൾതന്നെ എനിക്കൊരു അപകടം മണത്തു .നമുക്കുള്ള ഒരു പണി വരുമ്പോലെ,
"എന്തെന്ന് ?ഞാൻ വായിച്ചു കൊണ്ടിരിക്കുന്ന പേപ്പർ മടക്കി .
"അതെ നിങ്ങള് സൽമാൻ ഖാനെയും ഉണ്ണിമുകുന്ദന്റെയും ഒക്കെ ശരീരം കണ്ടിട്ടില്ലേ ?എന്തോ മസിലാ?എന്നാ ഭംഗിയാ ?"
"പിന്നെ കൊഴുക്കട്ട ഉരുട്ടി വെച്ചേക്കുമ്പോലെ അവിടെയും ഇവിടെയും മുഴച്ചിരിക്കുന്നതിനു നീ മാത്രമേ ഭംഗി എന്ന് പറയുവുള്ളു "
"അത് നിങ്ങൾ അസൂയ കൊണ്ട് പറയുന്നതാ.അവരുടെ സൗന്ദര്യം തന്നെ ആ ശരീരമാ,നിങ്ങളുട ഈശരീരത്തിൽ എന്തോ ഉണ്ട് ?എല്ലും ഞരമ്പും കുറെ തൊലിയുമല്ലേയുള്ളു ?"
ഇതിൽ പരം ഒരു അപമാനം ഒരു ഭർത്താവിന് വരാനുണ്ടോ? ഇവൾക്കിട്ടു ഒന്ന് കൊടുത്താലോ ?വേണ്ട .വിവരമില്ലായ്മയല്ലേ പറഞ്ഞോട്ടെ .എന്നാലും വിട്ടു കൊടുക്കാൻ പാടില്ലാലോ .
" എടി കല്യാണം കഴിഞ്ഞു വര്ഷം ആറായി .മൂന്നു കുട്ടികളുമായി. .ഇപ്പൊ നിനക്കെന്റെ ശരീരം വെറും എല്ലും തോലും ..നിനക്ക് പുച്ഛം ..എടി എടി വടയക്ഷി എന്റെ രക്തം ഊറ്റികുടിക്കുന്നവളെ ,ആ സൽമാൻഖാനും ഉണ്ണി മുകുന്ദനുമൊക്കെ ഇങ്ങനെ ഇരിക്കുന്നത് എന്താന്നറിയുമോ ?അവര് പെണ്ണ് കെട്ടിയിട്ടില്ല ..നീ ഷാരൂഖിനെ നോക്ക് ..അങ്ങേരു എന്നെ പോലാ പെണ്ണും കെട്ടി മൂന്നു പിള്ളാരും ആയി ..ഊതിയാൽ പറക്കും .പെണ്ണ് കെട്ടി കഴിഞ്ഞാൽ പോയില്ലെടി ഈ സിക്സ് പാക് ഒക്കെ ..പിന്നെ ഒരു പാക്കുമില്ല "
"ശരി അപ്പൊ നമ്മുടെ ലാലേട്ടനോ ?വയസ്സ് അമ്പത്തിയെട്ടു ആയി. സിക്സ് പാക്കൊന്നുമില്ലെങ്കിലും ഇപ്പോളും എന്നാ രസമാ ..."
"ഉവ്വ ..അങ്ങേർക്കു അതിനൊക്കെ ക്യാഷ് ഉണ്ട് നമ്മൾ വെറും പാവം "
"നിങ്ങള് ഉള്ള കാശ് വെച്ച് ഒന്ന് നോക്ക് മനുഷ്യാ ആ ജിംനേഷ്യത്തിലൊന്നു പോ ..ഇച്ചിരി മസിൽ ഒക്കെ നിങ്ങൾക്കും വരട്ടെന്നെ "
"ഞാൻ പോകുന്നതിലും നല്ലതു നീ പോകുന്നതാ .നമ്മളെ രണ്ടിനേം കണ്ടാൽ പത്തു പോലെയാ .ഞാൻ ഒന്നും നീ പൂജ്യവും ,നീ കുറയ്ക്കു അപ്പൊ ശരിയാകും "
"പിന്നെ എന്റെ ഈ തടിയാ എന്റെ ഭംഗി.അന്ന് ടോണിൽ പോയപ്പോൾ നമ്മളെ രണ്ടിനേം ഒന്നിച്ചു കണ്ട രേണു പറഞ്ഞതെന്താണെന്നു അറിയുമോ?നിങ്ങളെ കണ്ടാൽ എന്റെ അച്ഛനെന്നു തോന്നുമെന്ന്‌ "
"ങേ ?"സത്യമായും ഞാൻ ഞെട്ടി
"സത്യമാണെന്ന്..നിങ്ങള് വേണേൽ വിശ്വസിച്ചാൽ മതി "
അവൾ പോയി എന്നുറപ്പു വരുത്തി ഞാൻ കണ്ണാടിയിൽ നോക്കി .

"ഹോ എന്ത് നല്ല മിടുക്കനായിരുന്നു .. മൂന്നു പിള്ളാരായപ്പോളേക്കും കോലം കണ്ടില്ലേ കണ്ണും കുഴിഞ്ഞു കവിളൊട്ടി നരച്ചും തുടങ്ങി ..ശരിയാ ഈയിടെയായി ശോഷണമാ ...ഒരു പുഷ്ടിയില്ല .എന്തായാലും അവള് പറഞ്ഞതല്ലേ ജിമ്മിൽ പോയേക്കാം .
ജിമ്മിലെ ട്രെയ്നറെ കണ്ടപ്പോൾ തന്നെ പാതി ജീവൻ പോയി .കുത്തബ്‌മീനാർ പോലെ ഒരു മനുഷ്യൻ . സ്ടൂളിട്ടു കയറി നിന്ന് എത്തി നോക്കിയാൽ ചിലപ്പോൾ എനിക്ക് മുഖം കാണാം .
'ഹലോ" തോളിലൊരു ഉൽക്ക വന്നു വീണ പോലെ ..ഞാൻ പതിയെ അകന്നു മാറി
അയാൾ എന്നെ മെഷിൻ ഒക്കെ കൊണ്ട് നടന്നു കാണിച്ചു . ഓടം ചാടാം സൈക്കിൾ ചവിട്ടാം.പണ്ട് നമ്മൾ കുട്ടിക്കാലത്തു മൈതാനത്തിൽ ചെയ്തത് തന്നെ
"ഇത് മാത്രം പോരാ ഫുഡ് ശ്രദ്ധിക്കണം .ദിവസേനെ ഒരു അഞ്ചു മുട്ടയുടെ വെള്ളയെകിലും കഴിക്കണം .."
അഞ്ചു മുട്ടയോ ?എനിക്ക് കോഴി വളർത്തൽ ഒന്നുമില്ല മനുഷ്യ എന്ന് പറയണമെന്നുണ്ട് .പക്ഷെ അങ്ങേര് ഒന്ന് ഊതിയാൽ ഞാൻ പിന്നെ ഫോട്ടോ ആയി ഭിത്തിയിൽ തൂങ്ങും. വേണ്ട
"ഈശ്വര പിള്ളാർക്ക് കൊടുക്കാൻ വെച്ചിരുന്ന മുട്ടയെടുത്തു തിന്നുന്നോ "
" ആ മഞ്ഞക്കരു ഒക്കെ എടുത്തു കൊടുക്കടി കുറച്ചു നീയും തിന്നോ "
"എന്നിട്ടു വേണം ഞാൻ കൊളസ്‌ട്രോൾ വന്നു ചാകാൻ ?ജിമ്മിൽ പറഞ്ഞുവിട്ടതിന്റെ പ്രതികാരമാണോ മനുഷ്യാ ?"
"ഞാൻ മസിൽ വെയ്ക്കാൻ തീരുമാനിച്ചെടി ഉണ്ണിമുകുന്ദനെ പോലെയാകണ്ടേ ?"
അവൾ മുഖം വീർപ്പിച്ചു അകത്തേക്ക് ..

ദിവസങ്ങൾ കഴിയവേ ഞാൻ കൊച്ചു ഉണ്ണിയൊക്കെ ആയി തുടങ്ങി
അങ്ങനെയിരിക്കെ കുട്ടികളെയും അവളെയും കൊണ്ട് സർക്കസ് കാണാൻ ടൗണിൽ പോയപ്പോൾ ദേ നമ്മുട രേണു ..
"ആഹാ ജിമ്മിൽ പോകുന്നെന്ന് ഇവൾ പറഞ്ഞപ്പോൾ ഇത്രേം വിചാരിച്ചില്ല ചേട്ടൻ സൂപ്പർ ആയല്ലോ ...ചേട്ടാ അടിപൊളി ആയി കേട്ടോ "
"ഒരു സുന്ദരി എന്നെ നോക്കി...ഹോ ഞാൻ രോമാഞ്ചകുഞ്ചിതനായിപ്പോയി ..അല്ല പിന്നെ 
ഇനി ബാക്കി പറയണോ

ജിം ക്യാൻസെൽഡ്‌
മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ
അല്ലേലും വലിയ ചിലവായിരുന്നെന്നെ ..നമുക്കി സ്റ്റീൽ ബോഡിയോക്കെ മതി
"അല്ല ചേട്ടോ ഈ മസിൽ ഒക്കെയുള്ള ആണുങ്ങളെ കാഴ്ചയ്ക്കെ കൊള്ളുവുള്ളു"
"ങേ?"
"അല്ലന്നേ അവർക്കു എന്റെ ചേട്ടനെ പോലെ ഇങ്ങെന വെയിലത്തും മഴയത്തും ഒക്കെ ഓടി നടന്നു ജോലി എടുക്കാൻ ഒക്കുമോ ?അത് പോട്ടെ ചേട്ടനെ പോലെ തെങ്ങിൽ കേറാൻ ഒക്കുമോ ?ഒക്കെയും ബ്രോയിലർ കോഴികൾ ആണെന്നെ .." ചേട്ടൻ നാടനല്ലേ?"
"കോഴിയോ ?"
"അല്ലെന്നു ചേട്ടന്റെ ശരീരമാ ഇപ്പൊ ഫാഷൻ . ദുൽക്കർ സൽമാനെ കണ്ടില്ലേ ?"
"ഇങ്ങനെയൊന്നുമല്ലലോ നീ നേരെത്തെ പറഞ്ഞത് ?"
"എന്ത് ? എന്തോ ദേ വരുന്നു മോനെ "
ചുമ്മാ ആരും വിളിച്ചിട്ടല്ല എസ്‌കേപ്പ് ആയത് ആണ്. ഇവൾക്ക് രാഷ്ട്രീയമാ ബെസ്റ്റ്.
ഈ പെണ്ണെന്ന വർഗം ഉണ്ടല്ലോ ...ഒരു സംഭവം തന്നെയാണ് .നമ്മളെ ഇട്ടു വട്ടം ചുറ്റിച്ചു കളയും.സ്വന്തം ഭർത്താവിനെ ഒരുത്തി പൊക്കി പറഞ്ഞാൽ തീർന്നു
മമ്മൂട്ടിയുടെ ഭാര്യയൊക്കെ മാലാഖ ആണ് മാലാഖ .


By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot