Slider

അനുരാഗവിലോചനനായി

0
Image may contain: 1 person, beard, sky, cloud, ocean, outdoor, closeup and water

വെളുത്ത കത്രീന.
എടീ കത്രീനേ, കതിനാവെടി പൊട്ടുമാറുച്ചത്തിൽ അപ്പുറത്തെ വീട്ടിലെ അന്നാമ്മച്ചേട്ടത്തി വിളിയ്ക്കുമ്പോഴേ അറിയാം
പത്താം ക്ലാസ്സിൽ പഠിയ്ക്കുന്ന വെളുത്ത കത്രീനയോട് അവരെന്തോ കലിപ്പിലാണെന്ന്, നേരേ മറിച്ച് സ്നേഹമസൃണമാം സ്വരത്തിൽ കത്രിക്കുട്ടീ എന്നു വിളിക്കുന്ന മാത്രയിൽ ഇപ്പുറത്തെ വീട്ടിലെ പതിനെട്ടുകാരനായ ലാലുവിൻ്റെ മനസ്സിലും കാർത്തികക്കുട്ടി എന്നൊരു ഫീലിംഗ് ഉയർന്നഞ്ചാറു ലഡുവും പിന്നെ ചെറിയൊരനുരാഗത്തിൻ്റെ അമിട്ടും പൊട്ടുന്നതിൽ അസാധാരണത്വം ഒന്നുമില്ല.
ലാലേട്ടൻ്റെ സിനിമകൾ കണ്ട് താളവട്ടമായി നടക്കുന്ന കാലമെന്നും പറയാം അല്ലെങ്കിൽ ഇന്നത്തെ കാലത്തെ കിളിപോയ അവസ്ഥ. അതിനു പുറകെ
ദേശാടനക്കിളികൾ കരയാറില്ല എന്നൊരു ചിന്തയിൽ ഉണ്ണികളോട് കഥ പറഞ്ഞ്, സന്മനസ്സുള്ളവർക്ക്
സമാധാനത്തിൻ്റെ അടിവേരുകൾ തേടിയുള്ള യാത്രയിലൊരു തണുത്ത വെളുപ്പാൻക്കാലത്ത് പാലുമായ് വന്ന പതിനഞ്ചുകാരിയുടെ മുഖത്തിന് കാർത്തികയുടെ മുഖത്തിനോട് സാദൃശ്യം തോന്നിയത് സ്വപ്നമല്ലായിരുന്നു തനി യാഥാർത്ഥ്യം ആയിരുന്നു.
പ്രണയം പോലെ പ്രാർത്ഥനയും, പ്രാർത്ഥന പോലെ പ്രണയവും വൺവേ ആയി നടത്തിയിട്ടൊന്നും അവളുടെ മനസ്സിൽ അനുരാഗത്തിൻ നീലത്താമര വിരിഞ്ഞില്ല.
തെളിഞ്ഞു കത്തുന്ന മെഴുതിരി വെട്ടങ്ങളിലൂടെ അത്താഴ പ്രാർത്ഥന നടത്തുന്ന അവളുടെ മുഖത്തിന് ഒരു കുഞ്ഞു മാലാഖയുടെ സൗന്ദര്യം ഉണ്ടായിരുന്നു. അനുരാഗവിലോചനനായി അവളേയും നോക്കിയിരുന്ന് അവരുടെ മെഴുതിരി അത്താഴങ്ങൾക്ക്
ശേഷം അടുത്ത പുഴക്കരയിൽ അവളുടെ ചേട്ടന്മാർക്കുമപ്പുറത്തെ കൂട്ടുകാർക്കുമൊപ്പം ആകാശം നോക്കിക്കിടന്ന് വെടിവട്ടങ്ങൾ പറയുമ്പോഴും
ആകാശച്ചരിവിലെ തിളങ്ങുന്ന ഒറ്റപ്പെട്ട കാർത്തികനക്ഷത്രമായ്
അവളുള്ളിൽ നിറത്ത് പ്രകാശംപരത്തി നിന്നു.
ഒഴിവു ദിവസങ്ങളിൽ അവളുടെ ചേട്ടന്മാർക്കൊപ്പം
ചേർന്ന് അവളെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചപ്പോഴും
അവൾ സൈക്കിളോടെ തൻ്റെ മേലേക്ക് മറിഞ്ഞു വീണപ്പോഴും അനുരാഗം പൊട്ടി മുളയ്ക്കും എന്നോർത്തെങ്കിലും മുട്ടു പൊട്ടിയത് മാത്രം മിച്ചം.
അവരുടെ വീട്ടുകാരുമായി
അങ്ങു ദൂരെയുള്ള തീയറ്ററിൽ കളിയും ചിരിയുമായി സെക്കൻ്റ് ഷോകൾ കാണാൻ പോയ രാത്രികളിൽ അവളുടെ ചേട്ടൻമാർ മമ്മൂട്ടിയെ പറ്റി പറഞ്ഞ് വാചാലാരാകുമ്പോൾ
അവൾ തൻ്റെ കൂടെ കൂടി ലാലേട്ടന് വേണ്ടി ഘോരഘോരം പോരാടിയിരുന്നതിൻ്റെ നന്ദിയ്ക്കായ് പത്രങ്ങളിലും സിനിമാ വീക്കിലികളിലുമുള്ള
സകല ലാലേട്ടൻ്റേയും കാർത്തികയുടേയും ഒന്നിച്ചുള്ളതും ഒറ്റയ്ക്കുള്ളതുമായ ഒത്തിരി ചിത്രങ്ങൾ വെട്ടി ഒട്ടിച്ച പുതിയ പുസ്തകം സ്നേഹോപഹാരമായി കൊടുത്തപ്പോൾ കണ്ട അവളുടെ കണ്ണുകളിലെ തിളക്കമനുരാഗമാണെന്ന് വൃഥാ തെറ്റിദ്ധരിച്ചു.
പിന്നീടെന്നോ അവൾക്ക് കടുത്തുകടവിൻ്റെ അടുത്തുള്ള കവിൾ ചാടിയ
മറ്റൊരു ലാലാരാധകനായ
ടോണിയുമായ് ഇഷ്ടമുണ്ടെന്ന് തെറ്റിദ്ധരിച്ച്
അവളുടെ ആങ്ങളമാരേക്കൊണ്ട് അരഞ്ചം പുരഞ്ചം അടി കൊടുപ്പിച്ചതും അവളുടെ അനുരാഗം നേടാനായിരുന്നു.
പക്ഷെ പാവം ടോണിക്ക് ഇടി കിട്ടിയത് മാത്രം മിച്ചം.
അവളുടെ ആങ്ങളമാർ അന്ന്
സന്ധ്യയ്ക്ക് അവരുടെ വീട്ടിലേയ്ക്ക് വിളിച്ചപ്പോൾ
എന്തിനാണെന്ന് ഓർക്കുക കൂടി ചെയ്യാതെ അവരുടെ കൂടെ അവളുടെ വീട്ടിൽ ചെന്നു. സൗഹൃദ സംഭാഷണങ്ങൾക്കും ചായ കുടിയ്ക്കുമെല്ലാം ശേഷമവരെല്ലാം കൂടെ കൂട്ടമായ് ചോദിച്ചു
അവരുടെ കൊച്ചിനെ ഇഷ്ടമാണെന്ന് പുറത്ത് ഒരു സംസാരം കേൾക്കുന്നുണ്ടല്ലോ എന്ന്.
അവൾക്കിഷ്ടമാണോ എന്ന ചോദ്യത്തിന് അറിയില്ല എന്ന
മറുപടിയിൽ അവർ ചിരിച്ചതെന്തിനാണെന്നറിയില്ല. ഇനി ഇവളെ ഇഷ്ടമാണെന്നും പറഞ്ഞ് ഇങ്ങോട്ട് വന്നാൽ മുട്ടുകാൽ
തല്ലി ഒടിയ്ക്കും എന്ന് അവർ വളരെ സ്നേഹത്തോടെ പറഞ്ഞ് തന്നെ പറഞ്ഞു വിട്ടു. അവരുടെ കത്രീനയെ തൻ്റെ കാർത്തികക്കുട്ടിയെ അവിടെ എല്ലാം നോക്കിയെങ്കിലും കണ്ടില്ല.
കാർത്തിക സിനിമാഭിനയവും
നിർത്തി വിവാഹിതയായി അമേരിക്കയിലേയ്ക്കും താൻ ജോലി സ്ഥലത്തേയ്ക്കും പോയി.
ഇടയ്ക്കെല്ലാം രണ്ടു കാർത്തികമാരേയും ഓർക്കാറുണ്ട്. കത്രീനയെന്ന കാർത്തികയെ ഫോൺ ചെയ്ത് വിശേഷങ്ങൾ തിരക്കാമെന്നോർത്താൽ
വൈദ്യുതി പോലുമില്ലാത്ത
അവരുടെ വീട്ടിലും അടുത്ത വീടുകളിലും ഫോൺ എന്നൊരു സാധനമില്ല. പിന്നെ ആകെയുള്ളത് കത്തെഴുത്ത്. മനസ്സിലെ കാര്യങ്ങൾ ഇളംനീല ഇല്ലൻ്റിൽ പകർത്തി അയച്ചിട്ട്
മറുപടിയ്ക്കായ് മഴകാത്തു കഴിയുന്ന വേഴാമ്പൽ ആയി കാത്തിരുന്ന ദിവസങ്ങളിൽ
ഒന്നിൽ അവളുടെ ആങ്ങള വീണ്ടും വന്നു. ഇനി കത്തെഴുതിയാൽ വരുന്ന അടുത്ത വരവിൽ കൈ വെട്ടിക്കൊണ്ടു പോകുമെന്ന് മാത്രം പറഞ്ഞ് അവൻ തിരിച്ചു പോയി.
നഷ്ടപ്രണയം ശിഷ്ടകാലമെല്ലാമൊരു മുറിവായുള്ളിൽ ചോര പൊടിത്തു നിൽക്കുമെന്നു കേട്ടിട്ടുണ്ടെങ്കിലും, കിട്ടാത്ത പ്രണയം കുടിക്കാത്ത വീഞ്ഞുപോൽ മറവിയിലേയ്ക്ക് മനപ്പൂർവ്വം
തള്ളിമാറ്റിയ ദിവസങ്ങൾ വർഷക്കൾക്ക് വഴിമാറിത്തുടങ്ങിയിരുന്നു.
അന്നൊരു ദിവസം വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങി മെയിൻ ഗേറ്റിൽ എത്തിയ നേരമാണ് കണ്ടത്, കൈയ്യിലൊരു വലിയ ബാഗുമായി പ്രവേശന കവാടത്തിൽ ഉള്ളിലേയ്ക്ക്
കണ്ണുംനട്ട് നിൽക്കുന്ന
എൻ്റെ കാർത്തികത്തമ്പുരാട്ടിയെ,
എൻ്റെ എൻ്റേതു മാത്രമായ
വെളുത്ത കത്രീനയേ .

By: PS Anilkumar DeviDiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo