നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാർക്കറ്റ് റോഡ് (ചെറുകഥ)

Image may contain: one or more people


"ശകുന്തള പ്രണയിച്ചിട്ടുണ്ടോ "?
"അതെ
പക്ഷെ ,അതിന് പ്രണയമെന്ന് ഞാൻ പേരിട്ടില്ല.
ഒരുപാട് സമാന ചിന്തകളുള്ള രണ്ടു ഹൃദയങ്ങളുടെ കൂടിച്ചേരലായിരുന്നത്,
ശരീരത്തെ ഞങ്ങൾ പരസ്പരം മോഹിച്ചേയിരുന്നില്ല എന്നതാവും വാസ്തവം. അത്രമേൽ ഹൃദയത്തെ ഇഷ്ടപ്പെട്ടു. "

"എന്നിട്ടാ ഇഷ്ടം പൂർണ്ണമായോ?"
"ഇല്ല. അപൂർണ്ണമായി.
ഇടയ്ക്ക് വെച്ച് ഇരുവഴിയേ പിരിയേണ്ടിവന്നു.
പിന്നീട് മറന്നു. ,,
മറവിയെ ഏല്പിച്ചു എന്നു പറയുന്നതാവും ശരി. "
വീണ്ടുമവർ ചോദ്യം ആവർത്തിക്കാനുള്ള ഭാവമാണെന്ന് കണ്ടപ്പോ ശകുന്തള എഴുന്നേറ്റു .
"ക്ഷമിക്കണം ഇപ്പോ ഇത്രയും മതി. "
"ശരി മാഡം,
ഇത്രയും സമയം ഞങ്ങളോട് സഹകരിച്ചതിന് നന്ദി. "
അവർ ബാഗും, പേനയും എടുത്ത് നടന്ന് പോകുന്നത് ഒരു ദീർഘനിശ്വാസത്തോടെ ശകുന്തള നോക്കി നിന്നു.
"പോയോ "?
"മ്ം.. പോയി. "
"എന്നാ നീയിങ്ങ് വന്നേ "
"ഏതോ മാസികയിലേക്കാ.. ഞാൻ കുറേ ഒഴിഞ്ഞ് മാറി അവര് വിട്ടില്ല. "
"അവര് വിടുമോ നീ വളർന്ന് വരുന്ന എഴുത്തുകാരിയല്ലേ, പോരാത്തതിന് നർത്തകിയും .
ഇപ്പോ നൃത്തം തീരേ ഉപേക്ഷിച്ചോ നീ മുഴുവൻ സമയവും പേനയും പേപ്പറും."
"എന്താന്നറിയൂല ചിലങ്കകൾ പണ്ടത്തെ പോലെ എന്നെ ആകർഷിക്കുന്നില്ല, അവഗണിക്കുന്ന പോലെ. അവയ്ക്ക് എന്നെ വേണ്ടാതായത് പോലെ. പക്ഷെ എന്റെ ജീവൻ ആ ചിലങ്കകളുടെ നാദമാണ് .
"ശരിക്കും സത്യമാണോ ആ ഇന്റർവ്യൂക്കാരോട് പറഞ്ഞതൊക്കെ?"
"എന്തേ സത്യമല്ലാന്ന് തോന്നിയോ ?"
"നിനക്കവനെ അത്രയ്ക്കിഷ്ടമല്ലായിരുന്നോ
പിന്നെങ്ങിനെ?"
"എന്റെ ഭർത്താവാണ് ഇന്നെനിക്കെല്ലാം നിങ്ങളെയാണ് ഞാനിന്ന് ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും.
അതിനപ്പുറം ഒന്നുമില്ല.
ഇത് ഞാൻ എത്ര തവണ ആവർത്തിച്ചതാ എന്നിട്ടും വിണ്ടും വീണ്ടു ഇങ്ങനെ .. "
"നിന്റെ വെളുത്ത വിരലുകൾ ഇങ്ങ് താ എന്റെ മുടിയിഴകളിൽ അതിനെയൊന്ന് നിരങ്ങാൻ വിട്. "
"ഞാൻ വസ്ത്രം മാറിയിട്ട് വരാം "
വെള്ളയിൽ നീല പൂക്കളുള്ള നൈറ്റിയിൽ ശകുന്തള വന്ന് അയാളുടെ അരികിൽ ചേർന്നിരുന്നു.
അയാൾ അവളുടെ മടിയിൽ അനുസരണയോടെ കിടപ്പായിരുന്നു.
"എനിക്കവനോട് അസൂയ തോന്നുന്നു.
നീ ആദ്യമായി സ്നേഹിച്ച ആ പുരുഷനോട്. "
"വീണ്ടും നിങ്ങൾ...
ക്ഷമിക്കണം എനിക്കിഷ്ടമല്ലിത് കേൾക്കാൻ "
ശകുന്തള അയാളുടെ തലയ്ക്കടിയിലൂടെ നീണ്ട് മെലിഞ്ഞ അവളുടെകാലുകൾ വലിച്ചെടുത്തു. അയാളുടെ തല താഴെ മുട്ടി വേദനിച്ചിരിക്കണം.
"നീ പിണങ്ങല്ലേ .. ഇങ്ങടുത്തോട്ട് വന്നേ
അയാൾ ശകുന്തളയെ ചുറ്റി പിടിച്ചു തൂവെള്ള കർട്ടനിട്ട അവരുടെ മുറിയിലേക്ക് വലിച്ചിഴച്ചു.
മുറിയിലെ കിടക്ക വിരിയും നല്ല തൂവെള്ള നിറം.
സങ്കടവും, ദേഷ്യവുമായിരുന്നു ശകുന്തളയുടെ മുഖത്ത്. പക്ഷെ അതീവ സൗന്ദര്യവുമുണ്ടായിരുന്നു. കിടക്കയിലേക്ക് തള്ളിയിട്ട്
അയാൾ അവളുടെ വായ അമർത്തി പിടിച്ചു.
"നിന്നെ അവൻ ഇങ്ങനെ ചെയ്തിരുന്നോ?"
"ഛീ .... വൃത്തികേട് പറയുന്നോ "
ഒരു ഭദ്രകാളിയെ പോലെ തോന്നിച്ചു ആ നിമിഷം ശകുന്തളയെ .
അവൾ അയാളെ പിന്നോട്ട് തള്ളിയിട്ടു.
പക്ഷെ അയാളുടെ ബലിഷ്ഠമായ കരങ്ങളിൽ വീണ്ടും അവൾ ബന്ധിക്കപ്പെട്ടു.
ആ സമയം അത്രയും അവളുടെ കാതുകളിൽ ഒരു മടിയുമില്ലാതെ അയാൾ അവന്റെ പേര് ഉരുവിട്ടു കൊണ്ടേയിരുന്നു.അതു കേട്ട്
വിയർപ്പുകണങ്ങളുള്ള അവളുടെ നെറ്റി ചുളിയുന്നുണ്ടായിരുന്നു.
ഇടയ്ക്കിടെ അവൾ ചെവി പൊത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ .. മനസ്സ് തളർന്നു കൊണ്ടു തന്നെ അവളുടെ ശരീരവും തളർന്നുവീണു.
അഴിഞ്ഞ മുടികൾ വാരികെട്ടി ശകുന്തള മുറിയിലെ മേശയ്ക്കരികിൽ പ്രതിമ കണക്കെ വന്നിരുന്നു. ഒന്ന് തിരിഞ്ഞു നോക്കി.
എല്ലാം ആസ്വദിച്ച് ,
തന്നെ ഇന്നും ഇഞ്ചിഞ്ചായി കൊല്ലാതെകൊന്ന് അയാൾ സുഖനിദ്രയിലാണ്!
"ദൈവമേ ഇതിന് മാത്രം എന്ത് തെറ്റാണ് ഞാൻ...മടുത്തു പോകുന്നല്ലോ ഈ ജീവിതം!
ശകുന്തളയുടെ കരിമഷിയിട്ട കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
അവൾ പതുക്കെ കട്ടിയുള്ള നീല പുറംചട്ടയുള്ള ആ ഡയറി തുറന്നു.
"എന്റെ ശകുന്തളയ്ക്ക് ..
ഇന്ന് നീയും ഞാനും പിരിയുകയാണ്
നീ പറഞ്ഞതാണ് ശരി
ഇനി തമ്മിൽ കാണരുത് ഒരിക്കലും ."
ആ താളിൽ മുഖമമർത്തി അവളൊരുപാട് കരഞ്ഞു.
പവിത്രമായ ഒന്നിനെ മലിനമാക്കാൻ വാക്കുകൾക്ക് എത്ര വേഗത്തിലാണ് സാധിക്കുന്നത്.
സുജയുടെ ഫോൺ നമ്പർ പരതുമ്പോൾ ശകുന്തളയുടെ ശരീരത്തിന് വല്ലാത്തൊരു പിടച്ചിലായിരുന്നു.
"സുജേ.... ഞാനാ ശകുന്തള
എനിയ്ക്ക് അവനെ കാണണം.
നിനക്കറിയോ എവിടെയാ അവൻ താമസമെന്ന്?" സുജയ്ക്ക് ആരാണെന്ന ചോദ്യം വേണ്ടായിരുന്നു.
"ഈ സിറ്റിയിൽ തന്നെയുണ്ടിപ്പോ
മാർക്കറ്റ് റോഡിൽ
ഒരു വാടക വീടാണ്
പേര് "ശാകുന്തളം "
ശകുന്തള ഒന്നും പറയാതെ ഫോൺ വെച്ചു. ഉറങ്ങുന്ന അയാളെ ഒന്നു കൂടെ നോക്കി.
കുളിമുറിയിലേക്ക് നടന്നു. നന്നായി കുളിച്ചു വന്നു. ശരീരത്തോടൊപ്പം മനസ്സും അവൾ നന്നായി കഴുകി വൃത്തിയാക്കിയിരുന്നു.
കണ്ണാടിക്ക് മുൻപിൽ അല്പനേരം നിന്നു.
വലിയ വട്ടപൊട്ട് തൊട്ടു.
കൈകളിൽ കരിവളയിട്ടു.
മഞ്ഞ കളറിലുള്ള സാരിയും ചുറ്റി.
മുടി അലസമായി അഴിച്ചിട്ടു.
ഏറെ നേരം അതേ നില്പ് നിന്നു.
പരസ്പരം അധികമൊന്നും സംസാരിക്കുക പോലും ചെയ്യാതെ ഹൃദയം കൈമാറിയ അവരുടെ ഇടയിൽ പണ്ടെങ്ങോ പറഞ്ഞ് വെച്ച കാരണവന്മാരുടെ വാക്കായിരുന്നു വിലങ്ങായത്.
ശകുന്തളയുടെ പ്രാണനായകന്റെ ഹൃദയം മറ്റൊരുവൾക്ക് കാരണവന്മാർ പണയപ്പെടുത്തിയെന്നറിഞ്ഞ നിമിഷം "ഇനി കാണരുതെന്ന " ഒറ്റവരിയിൽ എല്ലാമവസാനിപ്പിച്ചു പടിയിറങ്ങിയതാണ്.!
പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും .... ഇറങ്ങുകയാണ്.
അവനെ കാണാൻ. കാണണം, സംസാരിക്കണം .എല്ലാ വേദനയും തുറന്ന് പറഞ്ഞ് പണ്ടത്തെ പോലെ അവന്റെ മുന്നിലൊന്ന് പൊട്ടിക്കരയണം. ഈ ലോകത്ത് അത് നോക്കി നിന്ന് സങ്കടപ്പെടാൻ അവൻ മാത്രമേ എനിയ്ക്കുള്ളൂ അത് സത്യമാണ്. അതിനു മാത്രമല്ല
വാശിയാണീ ശകുന്തളയ്ക്ക് തങ്ങളുടെ നിഷ്ക്കളങ്കമായ ബന്ധത്തെ കരിവാരി തേയ്ക്കുന്നവരോട്.. പുച്ഛമാണ്!
ശകുന്തള സഞ്ചരിച്ച ഓട്ടോ ചെന്ന് നിന്നത് "ശാകുന്തളം'' എന്ന് പേരെഴുതിയ ചെറിയ ഓടുമേഞ്ഞൊരു വീടിന്റെ മുൻപിലാണ്.
മുറ്റം നിറയെ പൂക്കളാണ് പക്ഷെ വാട്ടമുണ്ട്. കുറേ ദിവസായി നനഞ്ഞിട്ടെന്ന് കണ്ടാലറിയാം .
കാളിംങ് ബെൽ അമർത്തി അവൾ ഹൃദയമിടിപ്പ് നിയന്ത്രിച്ച് നിന്നു,
അവന്റെ കാലടികളുടെ ശബ്ദ്ദം കാതോർത്തുകൊണ്ട് .
പക്ഷെ ...ഒരനക്കവും ഇല്ല
നിമിഷങ്ങൾ കഴിഞ്ഞു ആരും ഇല്ല. ഓരോ സെക്കന്റും ഓരോ യുഗം പോലെ തോന്നിയവൾക്ക്.
ആരുമില്ല. ആ കതക് അവൾക്ക് മുന്നിൽ അടഞ്ഞുതന്നെ കിടന്നു.
ശകുന്തളയുടെ കണ്ണുകൾ വീണ്ടും നനഞ്ഞ് തുടങ്ങിയിരിക്കുന്നു.
മനസ്സിൽ എന്തോ വന്നു കനം വയ്ക്കുന്നു. ഒന്ന് പൊട്ടിക്കരയാൻ തോന്നിയവൾക്ക്.
"കുഞ്ഞേതാ?"
പെട്ടെന്ന് ശകുന്തള തിരിഞ്ഞു നോക്കി.
താടിയും മുടിയും നരച്ച ഒരാൾ,
മുഖം പ്രസന്നമാണ് എങ്കിലും എന്തോ നേരിയ പ്രയാസമുണ്ട് അയാളുടെ മുഖത്ത്.
"ഞാനിവിടെ ഒരാളെ കാണാൻ വന്നതാ "
"ആരെ ?സാറിനെയാണോ
അതോ ആ പെണ്ണിനേയോ ?"
"ഏത് പെണ്ണ് " അതാണ് ചോദിക്കാൻ തോന്നിയത്.
"സാറിന്റെ ഭാര്യ. "
"അല്ല .
എനിയ്ക്ക് സാറിനെയാ കാണേണ്ടത്.
ഒത്തിരി നാളായി കണ്ടിട്ട്. വെറുതെ ഒന്ന് കാണാൻ വന്നതാ. "
ആ സാധു മനുഷ്യൻ വിക്കി വിക്കി അതു പറഞ്ഞു.
"ആ സാറ് കുറച്ചീസം മുൻപ് തൂങ്ങി മരിച്ചു. "
ഒട്ടും പ്രതീക്ഷിക്കാത്ത, കേൾക്കാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒന്ന് ശകുന്തളയ്ക്ക് ചുറ്റും ഇരുട്ട് പടരുന്നത് പോലെ തോന്നി.
തീരെ കനമില്ലാതെ ശരീരം ഉലയുന്നത് പോലെ.. ചുവരിലേക്ക് പടർന്ന ഏതോ വള്ളി ചെടി പരതി പിടിക്കുകയാണ് അവളുടെ കൈകൾ .പിടുത്തം കിട്ടിയ ആ വള്ളി ചെടിയിലെ ഇലകളെ മുഴുവൻ ശകുന്തള ഞെരിച്ചു താഴെയിട്ടു. പിന്നീട്
മുറ്റത്തേക്കിറങ്ങി മതിലിൽ ചാരി ഒറ്റ നില്പ് നിന്നു.
" അസത്താ സാറിന്റെ യാ പെണ്ണുമ്പിള്ള.
എന്നും വഴക്കാ ., സാറൊരു പാവാ വെറും പാവം. എന്നോട് കഥകൾ പറയും.
കഥ പറയാനും കേൾക്കാനുമൊക്കെ വലിയ ഇഷ്ടാ,,,,
പണ്ടത്തെ ഏതോ ഇഷ്ടത്തെ ചൊല്ലിയാ എന്നും വഴക്ക്.
ആ സാറിന് ഒരു ബന്ധവുമില്ലാ ആരുമായും. പക്ഷെ ഈ പെണ്ണ് വെറുതേ വിടൂല എന്നും ആ കുട്ടിയുടെ പേര് പറഞ്ഞ് കൊല്ലാതെ കൊല്ലും ആ സാറിനെ ."
ഇലകളൊക്കെ പൊഴിച്ചു നില്ക്കുന്ന ആ പറമ്പിലെ ഒറ്റമരം ശകുന്തളയെ അതിന്റെ ചുവട്ടിലേക്ക് വിളിക്കുന്നത് പോലെ തോന്നി.
ശകുന്തള തീരാത്ത സംശയത്തോടെ വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കി.
"എന്നിട്ടോ.. ഒരു ദിവസം സാറ്ജോലി കഴിഞ്ഞ് വരുമ്പോ ഈ പെണ്ണ് മറ്റൊരുവന്റെ കൂടെ കിടക്കുന്നു.
എന്താ വേണ്ടു പിന്നെ??? വാക്ക് കൊണ്ടു പോലും ആ സാറ് വേദനിപ്പിക്കുന്നത് ഞങ്ങളാരും കണ്ടില്ലാ "എന്റെ ദീപ്തീ എന്റെ ദീപ്തീ "ന്നാ എന്നും പല്ലവി.
പറഞ്ഞിട്ടെന്ത് ,
പെണ്ണിന് ഭാഗ്യമില്ലാ ആ സാറിന്റെ സ്നേഹത്തിന്., അല്ലാച്ചാ യോഗ്യതയില്ലാന്ന് പറയാം.
താങ്ങാൻ പറ്റിക്കാണില്ല അന്ന് രാത്രി
ദേ... ആ ഇല പൊഴിച്ച മരത്തിന്റെ കൊമ്പിൽ സാറ് തൂങ്ങി. "
ഇല പൊഴിച്ചു നില്ക്കുന്ന ആ ഒറ്റമരത്തെ ശകുന്തളയൊന്നു കൂടി നോക്കി വായ പൊത്തി പിടിച്ചു. കരച്ചിലടക്കി. സാരിത്തലപ്പ് കഴുത്തിലൂടെയിട്ട് ശരീരം പുതച്ചു.
"കുട്ടി ഏതാന്ന് പറഞ്ഞില്ല?"
ഒന്നും പറയാതെ ശകുന്തള ഭ്രാന്ത് വീണ മനസ്സോടെ അവിടെ നിന്ന് ഇറങ്ങി നടന്നു.
എന്തിനാണ് എനിയ്ക്കിപ്പോ കാണാൻ തോന്നിയത്.
ഈ നിമിഷം തകർന്നു പോയില്ലേ ഞാൻ
തീർത്തും പരാജയപ്പെട്ടില്ലേ?? അവൾ സ്വയം ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു.
ഇല്ല,ഞാൻ സന്തോഷിക്കുകയാണ്
അദ്ദേഹത്തിന് സന്തോഷമാകും
ഈ വാർത്ത കേട്ടാൽ എനിയ്ക്ക് തന്നെ പറയണ മിത്.
എന്റെ ജീവിതത്തിന് സ്വസ്ഥത തന്നാവണം അവൻ പോയത്.
അവന്റെ ജീവിതം അവന്റെ പെണ്ണിന് വേണ്ടി ഹോമിച്ചു.
കാലുകൾ തളരുന്നത് പോലെ തോന്നി ശകുന്തളയ്ക്ക് എങ്കിലും വേഗതയുണ്ട്.
അവന്റെ മരണം സത്യത്തിൽ എന്താണെനിക്ക് സമ്മാനിക്കുന്നത്? അറിയില്ല. മനസിലാകുന്നില്ല
ആശ്വസമാണോ ഒരുപക്ഷേ ആയിരിക്കാം
അദ്ദേഹത്തിന് സമാധാനവും.
എന്നോടുള്ള ഇഷ്ടക്കൂടുതലാണ് അദ്ദേഹത്തിൽ അവന്റെ പേര് പലപ്പോഴായി കടന്ന് വരുന്നത്. വാക്കുകൾ കൊണ്ട് എന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്നതും അവനോടുള്ള വെറുപ്പാകും. അത്രമേൽ അദ്ദേഹമെന്നെ സ്നേഹിക്കുന്നുണ്ടാവണം!
വീടെത്തിയ
ശകുന്തള കണ്ണുകളും, കവിളും തൂവാല കൊണ്ട് അമർത്തി തുടച്ചു.
മുടിയൊക്കെ നേരെയാക്കി ധൃതിയിൽ മുറിയിലേക്ക് ഓടി.
അവിടെയെങ്ങും അയാളില്ല.
പുറത്തേയ്ക്ക് പോയിക്കാണും.
അവൾ സാരി അഴിച്ചു അയലിൽ വിരിച്ചിട്ടു.
റോസാപ്പൂവിന്റെ നിറമുള്ള നൈറ്റിയണിഞ്ഞു.
കുളിമുറിയിൽ പോയി കൈയും മുഖവുമൊക്കെ കഴുകി.
ചൂട് കാപ്പിയുമായി വരാന്തയിൽ ഇരുപ്പുറപ്പിച്ചു.
അവന്റെ മരണം എന്നിൽ എന്താണ് സൃഷ്ടിച്ചത്.
ഭ്രാന്തിയായി പോകുമോ എന്ന് ഭയപ്പെട്ട അതേ നിമിഷം തന്നെ പൊടുന്നനെ എന്നിൽ നുരഞ്ഞത് ആശ്വാസത്തിന്റെ ഉറവയല്ലേ അതിപ്പഴും എന്നിൽ പതയുന്നുവെങ്കിൽ അദ്ദേഹത്തെ ഞാനെന്തുമാത്രം ഇഷ്ടപ്പെടുന്നു ദൈവമേ... അവന്റെ മരണം എന്നെയെന്താണിത്രയും ആശ്വസിപ്പിക്കുന്നത്. അവന്റെയാത്മാവ് എന്റെ സങ്കടം അറിയുന്നുണ്ടാവുമോ എന്നോട് ക്ഷമിച്ചു കാണുമവൻ.
എന്റെയതേ വേദന തിന്നതല്ലേ അവനും. അപ്പൊ അവനറിയാനാവും എന്നെ .
ഇരുട്ട് വീണ് തുടങ്ങുന്നേയുള്ളൂ ....
ശകുന്തളയുടെ മനസ്സ് പാടേ അസ്വസ്ഥമാണ്
അവൾ എത്രയോ വട്ടം ഉമ്മറത്ത് വന്ന് നോക്കി പോയ്ക്കഴിഞ്ഞിരിക്കുന്നു. അയാൾ വരുന്നത് കാണുന്നില്ല.
ഒടുവിൽ ക്ഷമ നശിച്ചപ്പോൾ അവൾ വസ്ത്രം മാറി ടൗണിൽ അടുത്തുള്ള ലൈബ്രററിയിലേക്ക് നടന്നു.
വേഗതയിലുള്ള നടത്തമാണ്. പെട്ടെന്ന് മിന്നായം പോലെ ഒരു കാർ ശകുന്തളയെ കടന്ന് പോയി, ഒന്നേ കണ്ടുള്ളൂ എങ്കിലും അദ്ദേഹത്തിന്റെ കാറാണെന്ന് മനസിലായി.
ആ കറുത്ത കാറിൽ അദ്ദേഹത്തോടൊപ്പം ഒരു സ്ത്രീയുണ്ട്.
ഒരു നിഴൽ പോലെ അവൾ കണ്ടതാണത്.
അതൊരു സ്ത്രീ തന്നെയാണ്.
കാറിനെ പിന്തുടർന്ന ഓട്ടോ പോകുന്ന വഴി ശകുന്തളയ്ക്ക് നല്ല പരിചയം തോന്നി
മാർക്കറ്റ് റോഡാണ്
ദൈവമേ.... എങ്ങോട്ടാണ്.?
"ശാകുന്തളം "
നരച്ച താടിയുള്ള ആ പ്രായം ചെന്ന മനുഷ്യൻ പറഞ്ഞത് അവളോർത്തു.
"ഈ പേരായിരുന്നു പോലും ആ സാറ് പണ്ട് ഇഷ്ടപ്പെട്ട പെണ്ണിന്
ഇതൊക്കെ ഇവിടുത്തെ പെണ്ണുമ്പിള്ള തന്നെ തൂക്കിയതാ ഗേറ്റിൽ .!
ആ സാറിനെ കൊല്ലാതെ കൊല്ലാൻ
കഷ്ടം!
ആ സാറൊരു ഭീരു .
ഹൃദയം കൊടുത്ത പെണ്ണിനെ കാണാമാറയത്ത് വെറുതേ നിർത്തിയതാ... കണ്ടിരുന്നേൽ ,
ഒന്ന് മിണ്ടിയിരുന്നേൽ ... ഇതിപ്പോ ...വെറുതേ പഴി കേട്ട്
ജീവനും ജീവിതവും ഒക്കെയും കളഞ്ഞുമുടിച്ചു .
ശകുന്തള ആ മുറ്റത്തെ നറുവെട്ടത്തിലൂടെ പതിയെ നടന്നു ഉമ്മറത്തെത്തി നിന്നു.
അടക്കി പിടിച്ച സംസാരവും ചിരിയും.
അയാൾ പൊട്ടിച്ചിരിക്കുന്നുണ്ടിപ്പോൾ
"ഭീരുക്കൾ പാവം.
ആദ്യമായി നിന്നെ ഓഫിസിൽ വച്ച് കണ്ടപ്പഴേ എന്റെ മനസ്സിലങ്ങ് പതിഞ്ഞു പോയി.
അന്നു മുതലേ ആഗ്രഹിച്ചതാ സ്വന്തമാക്കാൻ നിന്നെ.
പക്ഷെ ആ നശിച്ച എഴുത്തുകാരി നൃത്തക്കാരി അവളൊരു തടസ്സാ എന്നും. നിന്റെ ശല്യത്തെ നീ ഭംഗിയായി ഒഴിവാക്കിയെടുത്തു. ജീവനും കൊണ്ട് ഓടിയല്ലോ ആ പാവം." അയാൾ വീണ്ടും ചിരിക്കുകയാണ് ഉച്ഛത്തിൽ!
"അതുപോലെ ഒരിക്കൽ അവളും ഓടും സഹികെട്ടോടും നോക്കിക്കോ... എന്റെ ബുദ്ധിയോളം ഒരെഴുത്തുകാരിയും വളർന്നിട്ടില്ല പാവം പെണ്ണ്!" മദ്യവും, പെണ്ണും അയാളിലെ ആഭാസനെ ശകുന്തളയ്ക്ക് കാട്ടികൊടുക്കുകയായിരുന്നു.
"അവരുടെ ദിവ്യ പ്രണയം തന്നെ നമ്മൾ അവർക്ക് ആയുധമാക്കി
പാവങ്ങൾ വെറും കീടങ്ങൾ ".
ശകുന്തളയുടെ ശരീരം മുഴുവൻ തീയാളി പടരുന്നത് പോലെ തോന്നി.
അതിൽ വെന്ത് വെണ്ണീറായി പോകുന്നത് പോലെ,ഉടലാകെ വിറയ്ക്കുന്നുണ്ട്.
അതേ സമയം നഗ്നമായ രണ്ട്
കാമദേഹങ്ങളുടെ വിയർപ്പിൽ പവിത്രതയുടെ കെട്ടുതാലി കുതിരുകയായിരുന്നു. അയാളും അവളും വൃത്തികെട്ട സ്നേഹത്തിന്റെ പ്രതിഫലനങ്ങളായി അവൾക്ക് മുന്നിൽ ആടിത്തിമർക്കുകയായിരുന്നു.
കണ്ണുകളെ കാട്ടാൻ അനുവദിക്കാഞ്ഞിട്ടും അയാളുടെ കൈകളിൽ അവൾ പുളയുന്നത് ശകുന്തള ഒരറപ്പുമില്ലാതെ ഒന്നുകൂടി നോക്കി നിന്നു.
അവരുടെ അന്നത്തെ ദാഹം തീർന്നെന്ന് തോന്നിയപ്പോൾ അവൾ അവിടെ നിന്നും അതിവേഗതയിൽ ഇറങ്ങി നടന്നു. വീട്ടിലെത്തി കണ്ണുകൾ ഇറുകെയടച്ച് വരാന്തയിലെ പതുപതുപ്പുള്ള സോഫയിൽ തലചായ്ച്ച് കിടന്നു.
ഇരുട്ടിന്റെ കാഠിന്യം കൂടി വന്നപ്പോൾ അയാൾ വന്നു.
"നേരം ഇത്രയും ഇരുട്ടി?"
"എന്താ നിനക്ക് ഇരുട്ടിനെ പേടിയുണ്ടോ ?"
"ഇല്ല. ഇപ്പോ പേടിയില്ല ."
"മുൻപും ഉണ്ടാകാൻ വഴിയില്ല. മുൻപ് അവനുണ്ടാകുമായിരുന്നില്ലേ ഏതിരുട്ടിലും കാവലായ്"
അവളൊന്ന് മന്ദഹസിച്ചു കൊണ്ട്
അയാളെ അത്താഴത്തിന് വിളിച്ചു.
"എനിയ്ക്കിന്ന് അത്താഴം വേണ്ട.
നീ വാ,,,, നമുക്ക്.... "
"ഇല്ല ഞാനില്ല നിങ്ങള് കിടന്നോ
എനിയ്‌ക്കെഴുതണം. "
"ഓ..വീണ്ടും തുടങ്ങിയോ നിന്നോട് ഞാൻ പറഞ്ഞില്ലേ ഒക്കെയും നിർത്താൻ എനിയ്ക്ക് മാത്രമായി നിന്നെ സദാ സമയവും ഇങ്ങനെ.. " എന്തോ അയാൾ മുഴുവനാക്കിയില്ല.
ആലോചിക്കാം അവൾ ഒന്നമർത്തി നടന്നു
മുറി ലക്ഷ്യമാക്കി.
ആ രാവ് അവളുടെ വിരലുകൾക്ക് ഇരട്ടി വേഗത കൊടുത്തിരുന്നു.
പാതിയിലധികമായ ശകുന്തളയുടെ ജീവിത കഥയ്ക്ക് എളുപ്പം വിരാമമിടാൻ അവൾക്ക് കഴിഞ്ഞു.
നേരം പുലർന്നിരിക്കുന്നു.
ഒട്ടും ഭംഗിയില്ലാത്തൊരു ഉദയം! എഴുതിയതൊക്കെയും അടുക്കി പെറുക്കി ശകുന്തള അതുമായി സുജയുടെ വീട് ലക്ഷ്യമാക്കി നടന്നു.
വളരെ നേരം എന്തൊക്കെയോ അവർ തമ്മിൽ സംസാരിച്ചു. സന്തോഷത്തോടെ അവിടുന്നു തിരിച്ചു.
പിറ്റേ ദിവസം തന്നെ വാർത്ത വന്നു.
എഴുത്തിലൂടെ വായനക്കാരെ ഏറെ തൃപ്തിപ്പെടുത്തിയ ശകുന്തളയുടെ ജീവിത കഥ
പുസ്തകരൂപത്തിലെന്ന് .
ഇന്ന് ശകുന്തളയുടെ പുസ്തക പ്രകാശനം നടന്ന ദിവസമാണ് "മാർക്കറ്റ് റോഡെ " ന്ന് അവൾ പേരിട്ട ആ പുസ്തകത്തിലൂടെ ജനങ്ങൾ ആർത്തിയോടെ കണ്ണുകളെ പായിക്കുമ്പോൾ
അതേ ഒറ്റമരത്തിൽ ശകുന്തള തൂങ്ങിയാടുന്നുന്നുണ്ടായിരുന്നു.
ശുഭം!
ഷംസീറ ഷമീർ ചെച്ചി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot