Slider

രാമൻകുട്ടി അമ്മാവൻ

0
Image may contain: 1 person, smiling, beard, eyeglasses and hat
-----------------------------------
രാമൻകുട്ടി അമ്മാവൻ മരിച്ചു.
ആരെയും ഒരല്പനേരം പോലും ബുദ്ധിമുട്ടിക്കാതെ വളരെ സമാധാനമായിട്ടായിരുന്നു മരണം.
ഞങ്ങളുടെ ചെറുപ്പകാലത്ത്, ചെറുപ്പം എന്നാൽ ഓർമ വെച്ച തുടങ്ങുന്ന പ്രായത്തിൽ എന്നുതന്നെ പറയാം, ആള് ഡെപ്യൂട്ടി തഹസിൽദാർ എന്ന തസ്തികയിൽ നിന്നും റിട്ടയർമെന്റ് കഴിഞ്ഞ് വീട്ടിൽ ഇരിക്കുകയായിരുന്നു...
ഒരു പഴയ ചേതക് സ്കൂട്ടറിൽ അല്ലെങ്കിൽ ഒരു ഹെർക്കുലീസ് സൈക്കിളിൽ, വീടിനു മുന്നിലൂടെ പോയിരുന്ന ഒരു ഓർമ്മയാണ് ചെറുപ്പത്തിൽ എങ്കിൽ, പറയുന്ന ഓരോ വാചകത്തിലും നർമ്മം ഒളിപ്പിച്ചുവെച്ച ഒരു സഹൃദയനെയാണ് അല്പം വളർന്നപ്പോൾ ഓർമ്മവരുന്നത്.
ഞങ്ങളെക്കാൾ വളരെ മുതിർന്ന രണ്ടു ചേട്ടന്മാർ ആണ് രാമൻകുട്ടി അമ്മാവന്റെ മക്കൾ.
കുടുംബത്തിലെ ഞങ്ങൾ എട്ടോളം കുട്ടികളെ നീന്തൽ, സൈക്കിൾ ചവിട്ട്, സ്കൂട്ടർ ഓടിക്കൽ എന്നിവ പഠിപ്പിച്ച രണ്ട് ചേട്ടന്മാർ.
ഞങ്ങളുടെ ചെറുപ്പത്തിൽ ഒരിക്കൽ, കുടുംബം വക കുളത്തിൽ നീന്തൽ പഠിക്കുന്നതിനായി മൂത്ത ചേട്ടനെ വിളിക്കാൻ ഞങ്ങൾ എട്ടുപേർ രാമൻകുട്ടി അമ്മാവന്റെ വീട്ടിലെത്തി. ചേട്ടന്റെ ഏതോ പരീക്ഷ നടക്കുന്ന സമയമായതിനാൽ രാമൻകുട്ടി അമ്മാവൻ വയലന്റായി. മനസ്സ് വിഷമിച്ച് ഞങ്ങൾ തിരിച്ചുവരികയും ചെയ്തു.
എന്തുകൊണ്ടോ പിന്നെ അങ്ങോട്ട് പോയില്ല.
രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ രാമൻകുട്ടി അമ്മാവൻ ഞങ്ങൾ എട്ടുപേരെയും പ്രത്യേകമായി കണ്ടു ഞങ്ങൾ വീണ്ടും അവിടെ ചെല്ലണം എന്നാവശ്യപ്പെട്ടു....
കുട്ടികളായ ഞങ്ങളെ കാണാതിരിക്കുക എന്നത് അദ്ദേഹത്തിനും വലിയ വിഷമമായിരുന്നു...
പിന്നീട് ഒരിക്കൽ വളരെ രസകരമായ ഒരു സംഭവമുണ്ടായി.
ഒരുദിവസം രാമൻകുട്ടി അമ്മാവൻ വീടിന്റെ ഉമ്മറത്ത് കസേരയിൽ ഇരുന്നിരുന്ന സമയത്ത്, തീരെ കുഞ്ഞായ എന്റെ അനിയൻ കരഞ്ഞുകൊണ്ട് അതിലെ പോകുന്നത് കാണാനിടയായി.
അമ്മാവൻ ചോദിച്ചു..
"എന്തിനാടാ കരയുന്നത്"
"എന്നെ ആരും സ്കൂളിൽ കൊണ്ടു പോയില്ല"
"അപ്പൊ നിന്റെ ചേട്ടന്മാരോ?"
"അവർ എന്നെ കൊണ്ടു പോകാതെ പോയി.. എന്നെ തനിച്ചാക്കി.. "
"ങാഹ!... ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ നീ വാ"
പിന്നെ, ഒരു മുണ്ടും ഷർട്ടും ഇട്ടു ഇവന്റെ കയ്യും പിടിച്ചു അമ്മാവൻ സ്കൂളിലേക്ക് പോയി..
"ഏതോ നിന്റെ ക്ലാസ്സ്?"
അവൻ കാണിച്ചുകൊടുത്ത ഒരു ക്ലാസ് റൂമിൽ അവനെ കയറ്റി ഇരുത്തിയശേഷം തിരികെ വരികയും ചെയ്തു.
അല്പനേരം കഴിഞ്ഞ് അമ്മാവൻ നോക്കുമ്പോൾ എല്ലാവരും അവനെ അന്വേഷിച്ചു നടക്കുന്നു.
അമ്മാവൻ ചോദിച്ചു
"എന്താ കാര്യം?"
"ഉണ്ണിയെ കാണാനില്ല"
"അവനേയല്ലേ ഞാനിപ്പോൾ സ്കൂളിൽ കൊണ്ടാക്കിയത്"
"സ്കൂളിലോ?..."
"അതെ, രാജീവന്റെ ക്ലാസിൽ കൊണ്ടുപോയി ഇരുത്തി"...
ഉടനെ ഒരു ഞെട്ടലോടെ അവനെ വിളിച്ചു കൊണ്ടുവരാനായി സ്കൂളിലേക്ക് ആളുകൾ ഓടി.
അമ്പരന്ന് നിന്ന അമ്മാവനോട് അക്കൂട്ടത്തിലാരോ പറഞ്ഞു...
"അവൻ കുഞ്ഞല്ലേ.... അവനെ സ്കൂളിൽ ചേർത്തിട്ടില്ല!"
ഓർമ്മകൾക്ക് അവസാനമില്ല.
ബഹുമാനത്തിനും സ്നേഹത്തിനും...
രാമൻകുട്ടി അമ്മാവന് ആദരാഞ്ജലികൾ...
പണിക്കത്തി!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo