നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പഞ്ചവർണ്ണത്തൂവലണിഞ്ഞ കാക്ക.

Image may contain: 1 person, beard, sky, cloud, ocean, outdoor, closeup and water
എടാ നിനക്കൊരു കാര്യമറിയാമോ ലണ്ടനിലെല്ലാം ഭിക്ഷക്കാരു വരേ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്, അങ്ങിനെ കേൾക്കുന്നത് സത്യമാണോ?.
എടാ മണ്ടാ, അത് സത്യം തന്നേയാണ്. പക്ഷേ ഇംഗ്ലീഷിൽ സംസാരിക്കുന്നത്
ഇംഗ്ലീഷ് അവരുടെ മാതൃഭാഷയായതു കൊണ്ടല്ലേ. നീയിപ്പോഴും
പഴയ ട്യൂബ് ലൈറ്റ് തന്നേയാണല്ലേ.
അത് ശരിയാണല്ലോ, ഞാൻ
ഓർത്തു അവിടെ ഭിക്ഷക്കാരൊന്നും ഉണ്ടാകില്ല അഥവാ ഉണ്ടെങ്കിൽ തന്നേ നമ്മുടെയെല്ലാം നാട്ടിൽ നിന്ന്
ചെന്നവരായിരിക്കും എന്നാണ്.
എന്നാൽ നിനക്ക് മറ്റൊന്നറിയാമോ ഒമാനിൽ
ഞങ്ങളുടെ പരിചയത്തിലുള്ള
ഒരു ഭിക്ഷക്കാരൻ്റെ ഒത്തിരി പ്രത്യേകതകൾ.
അവിടേയും ഉണ്ടോ ഭിക്ഷക്കാർ. അല്ലെങ്കിൽ തന്നേ ഭിക്ഷക്കാർക്ക് എന്താണിത്ര പ്രത്യേകത. അറബി പറയുന്നുണ്ട് എന്നതാണോ അതോ ഭിക്ഷ ചോദിയ്ക്കുന്നതാണോ പ്രത്യേകത.
ഇതൊന്നുമല്ല പ്രത്യേകതകൾ.
വേറെ കുറെ കാര്യങ്ങളാണ്.
പുള്ളിയുടെ ഒന്നാമത്തെ പ്രത്യേകത ഒരൊറ്റഅറബിയുടെ കൈയ്യിൽ നിന്നുപോലും ഭിക്ഷയായി പൈസ വാങ്ങില്ല എന്നതാണ്. പുള്ളിക്ക് പൈസ കൊടുക്കാൻ ചെല്ലുന്ന അറബികളെ ചീത്ത പറഞ്ഞ് ഓടിയ്ക്കും, പിന്നേയോ
വാങ്ങിയ്ക്കുന്നത് വിദേശികളുടെ കൈയ്യിൽ നിന്നു മാത്രം, അതും പരിചയമുള്ള കുറച്ചു പേരിൽ നിന്ന് മാത്രം. സ്നേഹത്തോടെ കൂടുതൽ പൈസ കൊടുത്താലും വാങ്ങില്ല. ദിവസവും രാവിലേയും വൈകിട്ടും വൃത്തിയുള്ള ഇരുനൂറ് പൈസ വീതം വാങ്ങും. അഴുക്കുപറ്റിയ നോട്ടോ, നാണയങ്ങളോ കൊടുത്താൽ സ്വീകരിക്കില്ല.
അത് കൊള്ളാല്ലോ, എന്താണ്
പുള്ളിയുടെ പേര്.
മുസബ്ബ എന്നാണ് പുള്ളിയുടെ പേര്.
ആകാശത്തിലെ പറവകളെ നോക്കൂ. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല,
കളപ്പുരകളിൽ ശേഖരിച്ച് വയ്ക്കുന്നില്ല. ഭൂമിയിൽ സന്മനുസ്സുള്ളവർക്ക് സമാധാനം എന്നു പറഞ്ഞ രീതിയിൽ ആണ് മുസബ്ബയുടെ ജീവിതം.
മുസബ്ബയെ കാണുമ്പോൾ പഞ്ചവർണ്ണത്തത്തയുടെ തൂവലുകൾ അണിഞ്ഞ കാക്കയെ ഓർമ്മ വരുന്നു. പുള്ളിക്ക് വർഷങ്ങളായി ഒരു മാറ്റവും ഇല്ല. കണ്ടു കൊണ്ടിരിക്കുന്ന
എനിക്കൊത്തിരി മാറ്റം ആയി. മുസബ്ബയെ കാണാൻ
തുടങ്ങിയ കാലത്ത് ഞാൻ എൻ്റെ കറുത്ത കട്ടി മീശയിൽ നിന്ന്
ഇടയ്ക്ക് വെളുത്ത രോമങ്ങൾ കട്ടുചെയ്യുന്നതിന് പകരമിന്ന് വെളുത്ത മീശയിൽ നിന്ന് കറുത്ത രോമങ്ങൾ കട്ടുചെയ്യുന്നു എന്ന രീതിയിലായി മാറി. കട്ടിമുടി കൊണ്ട് കത്രികയും ചീപ്പും കടക്കുന്നില്ല എന്ന മുടിവെട്ടുകാരുടെ പരാതിയ്ക്ക് പകരം ഇന്ന് കത്രികയ്ക്കും ചീപ്പിനുമെല്ലാമോടി കളിയ്ക്കാനുള്ള സ്ഥലമായി എൻ്റെ തല മാറിയെങ്കിലും തല നിറച്ച് കറുത്ത കട്ടിയുള്ള
മുടിയും ആയി കറുത്ത നിറമുള്ള മുസബ്ബ എന്നും മുന്നിലൂടെ മാറ്റമില്ലാതെ വന്നു പോകുന്നു.
ഇടയ്ക്ക് ഇരുവശവും നോക്കി റോഡ് മുറിച്ചു കടക്കുന്ന വേഗം കാണുമ്പോൾ നേരിട്ട് മുന്നോട്ട് പറന്നു വരുന്ന ഏതോ
പക്ഷിയെ ഓർമ്മിപ്പിയ്ക്കും.
ഉറ്റവരോ ഉടയവരോ ഇല്ലാത്ത
ഒരു പാവം നാട്ടുകാരൻ.
പണ്ട് പോലീസിൽ ആയിരുന്നുവെന്നും രാത്രി ഒറ്റയ്ക്ക് ഏതോ അഞ്ജാത മൃതശരീരത്തിന് കാവൽ നിന്നതിൽ നിന്ന് പേടി കിട്ടിയതിനുശേഷമാണ് കിളിപോയ മറ്റൊരു കിളിയായി ഇങ്ങിനെ പറന്നു നടക്കുന്നത് എന്ന് കേൾക്കുന്നത് സത്യമാണോ എന്നറിയില്ല. ആകെ സ്വന്തമായുള്ളത് കടുംനിറത്തിലുള്ള നീളൻ കുപ്പായമായ ഒരേയൊരു കന്തൂറ മാത്രം.
കടുമ്പച്ച, കടും ചുവപ്പ്, കടുംമഞ്ഞ, കടുംനീല, ഓറഞ്ച് എന്നിങ്ങനെ ഏതെങ്കിലും ഒരു നിറത്തിലുള്ള കന്തൂറയും അണിഞ്ഞ് ഒരു ദിവസം രാവിലെ കാണാം പിന്നെ ഏകദേശം ഒരു മാസത്തേയ്ക്കുള്ള സ്ഥിരം വേഷം ഇതു തന്നേ ആയിരിക്കും, പിന്നീട് പുതിയൊരു കടുംനിറത്തിലുള്ള കന്തൂറയും ആയി അടുത്തൊരു മാസം, എവിടെ നിന്നു കിട്ടുന്നു ഈ വേഷം എന്ന് എപ്പോഴും ഞാൻ ചിന്തിയ്ക്കാറുണ്ട്, ആരോട്
ചോദിയ്ക്കാൻ, മറ്റാരെങ്കിലും ഇതെല്ലാം ശ്രദ്ധിയ്ക്കാറുണ്ടോ എന്നറിയില്ല. ഇങ്ങിനെ മാറിമാറി അണിഞ്ഞെത്തുന്നതിനാൽ എന്തോ മുസബ്ബയെ കാണുമ്പോൾ എൻ്റെ ഉള്ളിൽ പഞ്ചവർണ്ണത്തൂവലണിഞ്ഞ
കാക്ക എന്നൊരു പേര് അറിയാതെ പതിഞ്ഞു പോയി.
മുസബ്ബയ്ക്ക് സ്ഥിരമായി പൈസ കൊടുക്കുന്ന മൂന്നാലു കടകളിൽ നിന്ന് കൃത്യമായ,വൃത്തിയുള്ള പൈസ വാങ്ങി അതിനു ഭക്ഷണവും വാങ്ങി കഴിച്ച് ആർക്കുമൊരു ശല്യവുവില്ലാതെ, ആരോടും ഒന്നും മിണ്ടാതെ വന്നു പോകുകയും, ഇടയ്ക്ക് എന്തെങ്കിലും മരച്ചുവട്ടിൽ ഇരുന്ന് വിശ്രവിക്കുന്നതും എന്നും കാണാം.
അടുത്ത കടയിൽ നിന്ന് ഒരു ദിവസം രണ്ടു പ്രാവശ്യം വന്ന് പൈസ വാങ്ങി പോയിട്ട് പിന്നീടും എന്തോ ആവശ്യത്തിന് പൈസയ്ക്ക് വന്നപ്പോൾ കടക്കാരനായ പാക്കിസ്ഥാനി ചോദിച്ചു നേരത്തെ വാങ്ങിയത് മറന്നിട്ടാണോ എന്നോർത്ത്, താൻ അല്പം മുമ്പ് പൈസ തന്നതാണല്ലോ എന്ന്. അതിൻ്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു പോയി.
ആദ ഹയർ ഇസാബ്, അവ്വൽ ത് നീൻ യോം ഫ്ലൂസ് ബാക്കി
മിശാൻ ഏന.
(ഇത് വേറെ കണക്കാണ്, എൻ്റെ കണക്കിൽ ഈ കടയിൽ നിന്ന് രണ്ടു ദിവസത്തെ പഴയ പൈസ ബാക്കിയുണ്ട് )
ചിലപ്പോൾ ഇവിടെ നിന്നും കഴിഞ്ഞ ദിവസം പൈസ കിട്ടാതിരുന്നപ്പോൾ ഹോട്ടലിൽ കടം പറഞ്ഞു കാണുമെന്ന് തോന്നുന്നു. അവർ പൈസ ചോദിച്ചതിനാൽ
അതായിരിക്കും പാവം വീണ്ടും വന്നത്.
പണ്ട് മുസബ്ബയ്ക്ക് ടേപ്പ് റിക്കോർഡറിൽ പാട്ട് കേൾക്കുന്ന ശീലമുണ്ടായിരുന്നു, പെൻഷൻ കിട്ടുന്ന സമയങ്ങളിൽ വലിയ ടേപ്പ് റെക്കോർഡർ വാങ്ങി ബാറ്ററി ഇട്ട് ഏതെങ്കിലും മരച്ചോട്ടിൽ ഇരുന്ന് പാട്ടുകേൾക്കുകയും
ബാറ്ററി തീരുമ്പോൾ അടുത്ത ദിവസം തലേ ദിവസം വാങ്ങിയ വലിയ ടേപ്പ് റിക്കോർഡർ പകുതി വിലക്കോ നാലിലൊന്ന് വിലയ്ക്കോ ആർക്കെങ്കിലും
കൊടുത്തിട്ട് പിന്നീടാ പൈസയ്ക്ക് ചെറിയ ടേപ്പ് റിക്കോഡറും ബാറ്ററിയും വാങ്ങി ഏതെങ്കിലും മരച്ചോട്ടിലിരുന്ന് പാട്ടുകേട്ട് അതും ബാറ്ററി തീരുന്ന ദിവസം ആൾക്കാർ ചോദിയ്ക്കുന്ന പൈസയ്ക്ക് കൊടുത്ത് അടുത്ത പെൻഷൻ കിടുന്ന ദിവസം
പുതിയ ടേപ്പ് റിക്കോർഡർ വാങ്ങാൻ കാത്തിരിപ്പിക്കുകയും ചെയ്യുന്ന മുസബ്ബ. മുസബ്ബ പുതിയ ടേപ്പ് റിക്കോർഡർ വാങ്ങുന്നത് കണ്ടാൽ അത് അടുത്ത ദിവസം നാലിലൊന്ന് വിലയ്ക്ക് വാങ്ങാൻ കാത്തിരിയ്ക്കുന്ന ജനങ്ങളും.
അതൊരു രസമുള്ള കാഴ്ചയായിരുന്നു അന്നെല്ലാം. ഇന്ന് ടേപ്പ് റിക്കോർഡറിലെ പാട്ട് കേൾക്കൽ തന്നെ അപൂർവ്വമായി. മുസബ്ബയുടെ
കൈയിലും ടേപ്പ് റിക്കോർഡർ കാണാറില്ല.
കാര്യങ്ങൾ ഇങ്ങിനെയെല്ലാമാണെങ്കിലും
നോമ്പുകാലത്ത് മുസബ്ബ രാവിലെ നേരത്ത് പൈസ വാങ്ങാൻ വരാറില്ല. വൈകിട്ട് വന്ന് പൈസ വാങ്ങി പോയിട്ട്
ഭക്ഷണവുമായി വന്ന് മുന്നിലുള്ള മരച്ചുവട്ടിൽ ധ്യാനനിമഗ്നനായി നോമ്പുമുറിയ്ക്കാനുള്ള ബാങ്കുവിളി മുഴങ്ങുന്നതിനായി ഇരിയ്ക്കുന്ന ഇരുപ്പ് കാണുന്നവരിൽ ആഹ്ലാദത്തിൻ്റെ ആനന്ദ നിർവൃതി ഉയർത്തുന്ന ഒന്നാണ്. പറന്നു പറന്ന് ക്ഷീണിച്ച പഞ്ചവർണതൂവലുകളുള്ള കാക്ക ചിറകൊതുക്കി ചുണ്ടിലൊരു ചെറു ചിരി ഒളിപ്പിച്ചുള്ള ഇരുപ്പ്.
പി.എസ്.അനിൽകുമാർ,
ദേവിദിയ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot