നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നക്ഷത്രത്തിളക്കം

Image may contain: 1 person, closeup


റോസ് ലിഫ്റ്റിലേയ്ക്ക് കയറുന്നതിനു മുമ്പ് തങ്ങളുടെ ഫ്ലാറ്റിലേക്ക് നോക്കി തങ്ങളുടെ ഫ്ലാറ്റിന്റെ മുന്നിൽ തൂക്കിയിരിക്കുന്ന റോസ് LED നക്ഷത്രം മിഴി തുറന്നിട്ടില്ല. പാരപറ്റിൽ റോസ് നിറമാർന്ന, തന്റെ ബെന്നിച്ചായന്റെ രണ്ടു കാലുകൾ അനങ്ങുന്നത് കാണുന്നുണ്ട്. കാലിൻമേൽ കാൽ കയറ്റി വച്ച് അച്ചായൻ ഫോണിൽ തോണ്ടി കൊണ്ടിരിക്കുകയാണ് . മിക്കവാറും ഇന്ന് ഉണ്ണിയേശുവിന്റെ ജനനവും
അച്ചായന്റെ അവസാനവും
ഒരുമിച്ച് നടക്കും. ഇങ്ങേരുടെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും. പിടക്കോഴി മുട്ടയ്ക്ക് അടയിരിക്കുന്ന പോലെ ഫോണും കൊണ്ട്
അങ്ങേർ ആ മൂലയ്ക്ക് ചുറ്റിക്കറങ്ങാൻ തുടങ്ങിയിട്ട് അഞ്ചാറു ദിവസമായി ഇന്ന് താൻ അച്ചായനേ ഫോണോടുകൂടി താഴേയ്ക്ക് എടുത്തിടും, അത്രയ്ക്കുണ്ട് ദേഷ്യം.
കറുത്ത ബർമുഡയും വെളുത്ത ഷർട്ടും അണിഞ്ഞ് വൈഡൂര്യം പോലെ തിളങ്ങുന്ന നഖങ്ങളുമായുള്ള മൃദുല പാദം പാരപറ്റിലേക്ക് ഉയർത്തിവച്ചുള്ള രാജകീയമായ ഇരുപ്പ് മനോഹരമാണ്. വെട്ടിയൊരുക്കിയ കട്ടി മീശയും, ചീകിയൊതുക്കിയ കറുത്ത മുടിയും, ഷേവ് ചെയ്ത് മിനുസ്സമാക്കിയ കവിളിണകൾ, കുസൃതിയൊളിപ്പിച്ച കണ്ണുകൾ, സിഗററ്റ് വലിയ്ക്കാത്ത ചുവന്ന ചുണ്ടുകൾ, എല്ലാം കൂടെ ഒരു കള്ളകൃഷ്ണന്റെ മൊത്തം ഭാവവാഹാദികളും നിറഞ്ഞ സുന്ദരൻ. ചുമ്മാതല്ല താൻ ആദ്യ കാഴ്ചയിൽ തന്നെ പ്രണയ പരവശമായി മൂക്കുംക്കുത്തി വീണു പോയത്.
പക്ഷെ ഇപ്പോഴീ ദേഷ്യം തോന്നുന്നതിന് തക്കതായ കാരണമില്ലാതില്ല.
ബെന്നിച്ചായൻ ഇപ്പോൾ ഇരിയ്ക്കുന്നതിന്റെ തൊട്ട് എതിർവശത്തെ ഫ്ലാറ്റിന്റെ സിറ്റ് ഔട്ടിൽ ചൂരൽ കസേരയിൽ ആടികൊണ്ടിരുന്ന് എതു നേരവും ഫോണിൽ തോണ്ടി കളിച്ചുകൊണ്ടിരിക്കുന്ന സുന്ദരിക്കോതയാണ് ഈയിടെ തന്റെ മനസ്സമാധാനം കെടുത്തുന്നത്.
ഒരാഴ്ച കഴിഞ്ഞേ ഉള്ളൂ സുന്ദരിക്കോത തൊട്ടൊതിർവശത്തെ ഫ്ലാറ്റിലേക്ക് താമസിയ്ക്കാക്കാനെത്തിയിട്ട്.
നന്നായി ഓർക്കുന്നു കഴിഞ്ഞാഴ്ചയിൽ ഒരുദിവസം വൈകിട്ടാണ് അവർ ഭാര്യയും ഭർത്താവും കൂടെ താമസത്തിനെത്തിയത്. ഭർത്താവ് രാവിലെ പോയാൽ രാത്രി വൈകിയേ വരുകയുള്ളു എന്ന് തോന്നുന്നു. കുട്ടികളേ ഒന്നും കണ്ടില്ല. വന്നതിന്റെ അടുത്ത ദിവസം കണ്ട നേരം അവളുടെ ശ്രദ്ധ ക്ഷണിയ്ക്കാൻ ഹായ് പറഞ്ഞ് കൈ വീശി കാണിച്ചു. പക്ഷെ അവളിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. താൻ കൈ വീശി കാണിച്ചത് കണ്ടില്ലായിരുന്നോ എന്നറിയില്ല, പക്ഷെ തനിക്കതൊരു അവഗണനമായിട്ടാണ് തോന്നിയത്. പിന്നീട് അടുക്കളയിൽ ഓരോരോ ജോലികളിൽ മുഴുകി യിരുന്നപ്പോൾ അവളുടെ കാര്യം മറന്നു പോയി.
രാത്രിയിലെ അച്ഛായന്റെ അവളെ പറ്റിയുള്ള സംസാര മാണ് വീണ്ടുമവളെ ഓർമിപ്പിച്ചത്.
നല്ലൊരു സുന്ദരിയാണല്ലോ നമ്മുടെ എതിർവശത്തെ ഫ്ലാറ്റിൽ താമസത്തിനെത്തിയിരിക്കുന്നത്. ഇനി എന്നും സുന്ദരിയെ കണികാണാമല്ലോ.
കണികാണൽ അധിക മായാൽ ഞാൻ കണ്ണു രണ്ടും കുത്തിപൊട്ടിയ്ക്കും,
പറഞ്ഞില്ലെന്ന് വേണ്ട.
ഒരു സുന്ദരിക്കോത, ഭൂലോകരംഭ .
എന്താണ് ശ്രീമതിയ്ക്ക്
അവരോടിത്ര ദേഷ്യം?
അച്ചായന്റെ ചോദ്യത്തിന്
മറുപടിയൊന്നും കൊടുത്തില്ല.
പക്ഷെ അടുത്ത ദിവസം താൻ ഹോസ്പിറ്റലിൽ നിന്ന്
ഡ്യൂട്ടിയും കഴിഞ്ഞ് വന്നപ്പോൾ അച്ചായൻ റൂമിൽ ഉണ്ട്. സംസാരത്തിനിടയ്ക്ക് അച്ചായൻ പറഞ്ഞു ഓഫിസിലെ മാനേജരുമായി
കുറെ ദിവസമായി പുകഞ്ഞുകൊണ്ടിരുന്ന ഏതോ ഓഫിസ് പ്രശ്നം ഇന്ന് ആകെ വഴക്കായി ബഹളമായി ഒടുക്കം ബെന്നിച്ചായൻ കമ്പനിയിലെ ജോലി റിസൈൻ ചെയ്തു. മറ്റൊരു കമ്പനിയിൽ നല്ലൊരു പോസ്റ്റിലുള്ള ജോലി ശരിയായിട്ടുണ്ട്. പക്ഷെ ഈ കമ്പനിയിലെ വിസ കാൻസൽ ചെയ്ത്, പുതിയ വിസ അടിയ്ക്കാനും എല്ലാം ആയിട്ട് രണ്ടാഴ്ച സമയം വേണ്ടിവരും അതിനാൽ ഇനി ഇവിടെക്കൊ തന്നെ കാണും.
അതിനിടയിലാണ് നാലഞ്ചു ദിവസമായി അടുത്ത ഫ്ലാറ്റിലെ സുന്ദരി കോതയെ നോക്കിയിരുപ്പും, ചാറ്റിംഗും.
തന്റെ മനസ്സമാധാനം മൊത്തം പോയി, ജോലിയിൽ പോലും ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല. ഇൻജക്ഷൻ എടുക്കാൻ വെയിൻപോലും കണ്ടു പിടിയ്ക്കാൻ പറ്റുന്നില്ല. ആർക്കെങ്കിലുമെല്ലാം മരുന്ന് മാറി കൊടുക്കുമോ
എന്ന് വരെ പേടിയായാകുന്നു. ചിന്തിച്ച് ചിന്തിച്ച് റൂമിൽ എത്തിയതറിഞ്ഞില്ല.
താൻ വന്നതു പോലും അറിയാതെ ബെന്നിച്ചായൻ
ഫോണിൽ തന്നെ ഉറ്റുനോക്കി കളിച്ചു ചിരിച്ചു
തകർക്കുകയാണ്. അടുത്ത ഫ്ലാറ്റിലേക്ക് പാളി നോക്കിയപ്പോൾ സുന്ദരി കോതയും ചൂരൽ കസേരയിൽ ഇരുന്നാടി ഫോണിൽ നോക്കി ചിരിച്ചുല്ലസിക്കുകയാണ്.
സാധാരണയായി താൻ വരുന്ന സമയത്തേയ്ക്ക് ബെന്നിച്ചായൻ ചായയെല്ലാം ഉണ്ടാക്കി വയ്ക്കാക്കാറുള്ളതാണ്. ഇപ്പോൾ എല്ലാം മറക്കുന്നു.
തന്നെപ്പോലും മറക്കുന്നു എന്നു തോന്നുന്നു.
റോസ് ചായ റെഡി ആയില്ലേ.
ചായ
അച്ചായന് ഈയിടെ ഒരു സ്നേഹവും ഇല്ല. ഇവിടെ വെറുതെ ഇരിയ്ക്കുക അല്ലായിരുന്നോ ഒരു ചായയെങ്കിലും ഉണ്ടാക്കി വയ്ക്കാമായിരുന്നില്ലേ.
അതു ഞാൻ നേരത്തെ ഓർത്തതാണ് മുത്തേ, പക്ഷെ മറന്നു പോയി.
അല്ലെങ്കിലും നിങ്ങൾക്കീ യിടെ ഇത്തിരി മറവി കൂടുതലാണ് ചില കാര്യത്തിനെല്ലാം. മറ്റു ചില്ല കാര്യത്തിനെല്ലാം ഭയങ്കര ഓർമ്മയാണല്ലോ. മൂന്നാലു ദിവസമായി പൊരുന്ന കോഴിയെപ്പോല ആ മൂലയ്ക്ക് കിടന്നു കറങ്ങുന്നുണ്ടല്ലോ, അതെനിക്ക് പണിയാകുമോ? അപ്പുറത്തെ രംഭയും ആയി
എന്താ പരിപാടി.
ഒരു പരിപാടിയും ഇല്ല. അവർ മലയാളി ആണെന്ന് പോലും അറിയില്ല.
അതാണല്ലേ രണ്ടു മൂന്നു ദിവസമായി എന്റെ മുത്തിന്റെ കട്ടകലിപ്പിനുള്ള കാരണം.
സത്യമാണ് എനിക്ക് നിങ്ങളുടെ കാര്യത്തിൽ ഭയങ്കര പൊസസീവ്നെസ്സ് ആണെന്നറിയില്ലേ. അതല്ല ഏതു നേരവും ചൂടാണ് എന്നും പറത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങാതിരിക്കാറുള്ള ബെന്നിച്ചായൻ ഇപ്പോൾ ഏതു നേരവും ആ സുന്ദരിയുടെ മുമ്പിൽ തപസ്സിരിക്കുന്നതു കാണുമ്പോൾ എനിക്കാകെ
വെറഞ്ഞു വരുന്നുണ്ട്.
എന്റെ പൊട്ടിക്കാളി ഇപ്പോൾ ചൂടില്ലാത്ത നല്ല കാലാവസ്ഥയല്ലേ. പിന്നെ ഞാൻ അവളെ നോക്കിയിരിക്കുന്നതൊന്നും അല്ല. കഴിഞ്ഞ ദിവസം ഫോണിൽ നെറ്റ് തീർന്നപ്പോൾ ഞാൻ ഒന്ന് വൈഫൈ ഓൺ ചെയ്ത് നോക്കി. അപ്പോൾ വൈ
ഫൈ സിഗ്നൽ കാണിയ്ക്കുന്നുണ്ട് ഞാൻ ഇരിയ്ക്കുന്ന പൊസിഷനിൽ വന്നപ്പോൾ വൈഫൈ കണക്ട് ആയി നല്ല സ്ട്രോംഗ് സിഗ്നൽ ആണ് ആ മൂലയിൽ ,അതാണവിടെ ഇരുന്ന് ഫേസ് ബുക്ക് നോക്കലും, യൂട്യൂബിൽ കറക്കവും ആയി സമയം കളഞ്ഞത്. ഇന്നുതന്നെ യൂടൂബിൽ ഒരു കോമഡി സിനിമ കാണുകയായിരുന്നു.
ദൈവമേ വൈഫൈയേ ക്കാൾ സ്ട്രോംഗ് ആയിരുന്നല്ലോ എന്റെ വൈഫ്സ് ഐയ്യെന്ന് അറിഞ്ഞിരുന്നില്ല മുത്തേ.
സോറി മുത്തേ ഞാനിത്തിരി തെറ്റിദ്ധരിച്ചു.
എന്റെ ഉണ്ണിയേശുവേ നേരത്തത്തേ പ്രാർത്ഥന യൊന്ന് എഡിറ്റ് ചെയ്യാനുണ്ടേ.
ഈ പാനപാത്രം എന്നിൽ നിനകറ്റേണമേ എന്നു പറഞ്ഞു പോയത്
ഈ പാനപാത്രം എന്നിൽ നിന്നകറ്റാതിരിക്കണമേ
എന്നാക്കി മാറ്റിത്തരണമേ.
പ്രാർത്ഥനയ്ക് ഭംഗം വന്നത് ബെന്നിച്ചായന്റെ
വിളി ആയിരുന്നു.
മോളേ റോസേ പെട്ടെന്ന്
റെഡിയാക് നമുക്ക് ലുലുവിൽ പോയി ക്രിസ്തുമസ് പർച്ചേസും കഴിഞ്ഞ് വന്ന് പാതിരാ കുർബാനയ്ക്ക് പോകേണ്ടതാണ്. ഞാൻ താഴെപ്പോയി വണ്ടി സ്റ്റാർട്ട് ചെയ്ത് നിർത്താം പെട്ടെന്ന്
റെഡി ആയി ഇറങ്ങിക്കോ.
ശരി അച്ചായ എന്നും പറഞ്ഞ് അച്ചായന്റെ കവിളിൽ ഒരു മുത്തം കൊടുത്ത് ക്രിസ്തുമസ്സ് ഈവ് ആശംസകൾ പറഞ്ഞ നേരം ഫ്ലാറ്റിന്റെ മുന്നിലെ റോസ് നക്ഷത്രം കണ്ണ് ചിമ്മി കാണിച്ചു.
പി.എസ്സ്. അനിൽകുമാർ
ദേവിദിയ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot