Slider

വെൺമേഘത്തുണ്ടുകൾ

0
Image may contain: 1 person, standing, ocean and outdoor

ഞായറാഴ്ച രാവിലെ ഉണർന്നിട്ടും എഴുന്നേൽക്കാതെ കണ്ണടച്ചു മൂടിപ്പുതച്ച് കിടക്കുന്ന സുഖത്തിൽ ആയിരുന്നു ചെവിയിലും മൂക്കിലും എന്തോ കുത്തുന്നതിന്റെ ഒരസ്വസ്തത. കൊതുകല്ല, കൊതുകിന്റെ സംഗീതമില്ല കുത്തുന്ന സ്ഥലങ്ങളിൽ ചോരകുടിക്കുന്നതിനൊപ്പം ഉള്ള ചൊറിച്ചിലും ഇല്ല. പിന്നെ ഇതെന്തു മാരണം എന്ന ചിന്തയോടെ കണ്ണു തുറന്ന് പുതപ്പുതാഴ്ത്തിയപ്പോൾ പിന്നെയും കുത്താൻ ആയി നീണ്ടുവരുന്ന പച്ചീർക്കൽ. എന്നെ ഉണർത്താൻ കൂട്ടുകാരൻ സുനിൽ ജനലിന്റെ അപ്പുറത്ത് നിന്ന് പ്രയോഗിക്കുന്ന കാളിംഗ്ബെൽ ആണിത്.
എന്താടാ രാവിലെ തന്നെ, നിനക്ക് ഉറക്കമൊന്നുമില്ലേ?
രാവിലെയൊന്നും അല്ല മണി ഒമ്പതായെടാ, നമുക്ക് ഒരു സ്ഥലം വരെ പോകാം, നീ പെട്ടെന്ന് റെഡിയാക്.
എവിടെയാണെന്ന് പറയെടാ, രാവിലെ സസ്പെൻസ് ഉണ്ടാക്കാതെ.
എവിടെയാണെന്ന് കൃത്യമായി പറയാൻ എനിക്കറിയില്ല. ആദ്യമായ് പോകുന്നതാണ്. കണ്ണമാലി,ചെല്ലാനം റൂട്ടിലാണ് പോകേണ്ടത്, നമുക്ക് ചോദിച്ച്ചോദിച്ച് പോകാം.
എന്റെ ദൈവമേ!
പണ്ട് ഇവൻ രാത്രി ഏതോ ഒരു അമ്പലപ്പറമ്പിൽ നാടകം കാണാൻ കൊണ്ടുപോയത് പോലെ ആകുമോ എന്നറിയില്ല.
അതൊരു കഥയാണ്.
അന്നും ഇതുപോലെ രാത്രി പന്ത്രണ്ടുമണിക്ക് ഈർക്കിലിന്റെ കുത്തു കൊണ്ട് ഞാൻ ഞെട്ടിയുണർന്നു.
ജനലിന്റെ അപ്പുറത്ത് സുനിൽ.
എടാ ഒരു സൂപ്പർ നാടകമുണ്ട്, വാ നമുക്ക് പോയി കാണാം.
നാടകത്തിന്റെ പേരേന്താണ്? ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തോടെ ഞാൻ ചോദിച്ചു.
നാടകത്തിന്റെ പേര് ഞാൻ മറന്നു പോയി. അവൻ ധൃതി കൂട്ടി.
നീ പെട്ടെന്ന് വന്ന് സൈക്കിളിൽ ഇരുന്നാൽ മതി. ഞാൻ നിന്നെ നാടകം നടക്കുന്ന അടുത്തെത്തിച്ചോളാം.
പിന്നെ നമ്മൾ കുത്തിയതോട് സാരഥിയിൽ സിനിമക്ക് പോകുമ്പോൾ ഉള്ള ടിക്കറ്റിന്റെ പകുതി ഒന്ന് രണ്ടെണ്ണം എടുത്തോ. നൈറ്റ് പോലീസ് പിടിച്ചാൽ കാണിക്കാനാണ്. അവരോട് പറയാമല്ലോ സെക്കന്റ് ഷോ കഴിഞ്ഞ് വരുകയാണെന്ന്.
പിന്നെ ദേഷ്യമുള്ള കൂട്ടുകാരുടെ പേരും, അച്ഛന്റെപേരും, വീട്ടുപേരും ഒന്ന് കാണാതെ പഠിച്ച് വച്ചേക്ക്. രാത്രി ലോഡുകേറി പോകുമ്പോൾ പോലീസ് പിടിച്ചാൽ പെട്ടെന്ന് സ്വന്തം മേൽവിലാസം പറയാതെ തപ്പലില്ലാതെ ദേഷ്യമുള്ള കൂട്ടുകാരന്റെ പേരും,മേൽവിലാസവും പറഞ്ഞു കൊടുത്തേക്കണം.
ദൈവമേ ഇവനോ മറ്റു ദേഷ്യമുള്ള കൂട്ടുകാരോ വല്ലപ്പോഴും എന്റെ പേരും അഡ്രസ്സും കൊടുത്തിട്ടുണ്ടോ എന്നറിയില്ല അവസാനം കോടതിയിലേക്കുള്ള സമൻസ് വരുമ്പോഴേ അറിയുകയുള്ളു.
സൈക്കിൾ നേരെ നാലുകുളങ്ങരയിൽ ചെന്ന് നിർത്തി. നൈറ്റ്പട്രോൾ ജീപ്പിന്റെയോ ബീറ്റ് പോലീസിന്റെയോ കയ്യിൽപ്പെടാതെ ഇവിടെവരെ എത്തി.
ഈ കവലയിൽ എന്താ നിർത്തിയത് എവിടെയാണ് നാടകം.
അത് നോക്കാനാണ് ഇവിടെ ഇറങ്ങിയത്. ഇവിടെ ഈ മതിലിൽ നാടകത്തിന്റെ പേരും നടത്തുന്നസ്ഥലവും ഉള്ള പോസ്റ്റർ ഞാൻ ഇന്നലെ ഇതിലെ ബസ്സിൽ പോയപ്പോൾ കണ്ടിരുന്നു. ഇന്ന് തന്നെ ആണോന്ന് അറിയില്ല. ഉറക്കം വരാതെ കിടന്നപ്പോൾ നിന്നെയും വിളിച്ച് വന്ന് നോക്കാം എന്നോർത്തതാണ്. അവന്റെ തുറന്നു പറച്ചിലിൽ ഞാൻ എന്നെ തന്നെ മറന്നു, അവനോട് ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യം മറന്നു.
അമ്പലത്തിന്റെ പടിഞ്ഞാറെ മതിലിനു മുന്നിൽ ഇരുട്ടത്ത് അടുത്ത വണ്ടി വരുന്ന വെളിച്ചത്തിൽ ഏത് നാടകം, എന്ന് ,എവിടെ കളിക്കുന്നു എന്നറിയാനുള്ള കാത്ത് നിൽപ്പ്.
അല്പസമയത്തിനു ശേഷം കിഴക്ക് നിന്ന വണ്ടിയുടെ വെളിച്ചത്തിൽ പരസ്യം പതിക്കരുത് എന്ന പരസ്യത്തിനടുത്ത് കണ്ട പോസ്റ്ററ്റിൽ നാടകത്തിന്റെ പേരു കണ്ടു. കെ.പി.എ.സിയുടെ മുടിയനായപുത്രൻ നാടകം ഇന്ന് രാത്രി ഒരു മണിക്ക് വല്ലേത്തോട് പാലത്തിന് തെക്കുവശമുള്ള കാളീക്കാവ് ഭജനമoത്തിൽ.
ഞങ്ങളുടെ പേര് അന്വർത്ഥമാക്കുന്ന നാടകം കണ്ടില്ലെങ്കിൽ നഷ്ടമാണ്. ഞങ്ങൾ വീണ്ടും മുന്നോട്ട്.
കുറച്ച് വടക്കോട്ട് ചെന്നപ്പോൾ ഒരു ചേട്ടന്റെ തട്ടുകട കണ്ടു. കട്ടൻ ചായയും ബ്രെഡും ഓംപ്ലേറ്റും ഓർഡർ കൊടുത്തു. ചേട്ടൻ ഗ്ലാസിൽ മുട്ടപൊട്ടിച്ചൊഴിച്ച് ഉള്ളിയും പച്ചമുളകും ഇട്ട് നന്നായി ഇളക്കി ചൂടു ദോശക്കല്ലിൽ വീശി ഒഴിച്ച് ഓംപ്ലേറ്റ് ഉണ്ടാക്കുന്നതിനിടയിൽ ഞങ്ങൾ നാടകം നടക്കുന്ന സ്ഥലം ചോദിച്ച് മനസ്സിലാക്കി.
ചേട്ടൻ സ്ഥലം പറഞ്ഞു തന്നു വല്ലേത്തോട് പാലത്തിന്റെ തെക്കുവശത്ത് നിന്ന് കിഴക്കോട്ട് ചെന്നിട്ട് പിന്നെ കുറച്ചു തെക്കോട്ട് കുറച്ചു ദൂരം ചെല്ലുമ്പോൾ അവിടെ മൈക്കിൽ പാട്ടുകേൾക്കും കുറച്ചു ട്യൂബ് ലൈറ്റും കാണും അവിടെയാണ് നാടകം.
അങ്ങിനെ ചേട്ടന്റെ കട്ടൻ ചായയും ബ്രെഡും മുട്ടയും എല്ലാം കഴിച്ച് ക്ഷീണമകറ്റി ഞങ്ങൾ വീണ്ടും സൈക്കിളേറി ആഞ്ഞ് ചവിട്ടി വല്ലേത്തോട് പാലത്തിന്റെ അടുത്തെത്തി. അവിടെ നിന്ന് കിഴക്കോട്ട് ഒരു പൂഴി റോഡ്, റോഡിൽ ചീന വേലി കൊണ്ട് അലങ്കരിച്ച പ്രവേശന കവാടം. കയറിൽ തൂക്കിയ കുരുത്തോല കൾ ഞങ്ങൾക്ക് വഴികാട്ടിയായി. പൂഴി റോഡ് കഴിഞ്ഞ് ഇടവഴികൾ കയറി നടവഴികൾ കയറി അവസാനം ഞങ്ങൾ മൈക്കിൽ പാട്ടുകേട്ട ട്യൂബ് ലൈറ്റുകൾ തെളിഞ്ഞു കത്തുന്ന കൊയ്ത്ത് കഴിഞ്ഞ പാടത്തുള്ള നാടക സ്ഥലത്ത് എത്തി. കെ പി എ സി യുടെ നീലബോർഡർ ഉള്ള ചുവപ്പു കർട്ടൻ കണ്ടപ്പോൾ മനസ്സിൽ ഒരു മഞ്ഞു വീണു വന്നത് വെറുതെ ആയില്ല നാടകം ഉണ്ട്. ആകെ 200ൽ താഴെ വരുന്ന ചെറിയ ജനക്കൂട്ടം.
കൃത്യം ഒരു മണിക്ക് തന്നെ നാടകം തുടങ്ങി.
ആകാശത്തിലെ വെൺമേഘ തുണ്ടുകളും നക്ഷത്രങ്ങളും നിലാവും കലർന്ന പ്രകൃതിയിൽ ഇരുന്ന് മനോഹരമായ നാടകം ആസ്വദിച്ച് കണ്ടു തീർത്തു. നാടകത്തിലെ പാട്ടുകളും മധുരമായ് മനസ്സിൽ തങ്ങി നിന്നു.
ആ യാത്രകളുടെ ഒരു ആനന്ദം. ജീവിതത്തിൽ അവ പകർന്ന് തന്നത് ഉറച്ച ആത്മവിശ്വാസങ്ങളാണ്.
ഇന്നത്തെ യാത്രയെ പറ്റി പറഞ്ഞു തുടങ്ങിയിട്ട് ഇന്നലത്തെ യാത്രകൾ ആണ് ഓർമ്മയിൽ നിറഞ്ഞ് കവിഞ്ഞത്. ഇനി ഇന്നത്തെ യാത്രകൾ നാളെ യാകാം. യാത്രകൾ തീരുന്നില്ല....
പി.എസ്. അനിൽകുമാർ
ദേവിദിയ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo