നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാദങ്ങൾ

Image may contain: 1 person, beard, sky, cloud, ocean, outdoor, closeup and water
പിച്ചവച്ചനാൾമുതൽ
ആദ്യകാലടി വച്ചതാരെന്ന കാര്യത്തിൽ തമ്മിൽ
തമ്മിൽ മത്സരമായിരുന്നു
ഇരുകാലുകളും തമ്മിൽ
ഞാനാണോ നീയാണോ
മുന്നിലെന്നറിയാനുളള
മത്സരമായിരുന്നു.
ഇടയ്ക്കെപ്പോഴോ വലങ്കാലിലൊരു മുള്ളു
കൊണ്ടവേളയിൽ
ഇടങ്കാലിടംകണ്ണുച്ചിമ്മി
ച്ചിരിച്ചതോർക്കുന്നു
ഇടങ്കാലിലിരുട്ടത്തൊരു കല്ലുത്തട്ടി കാലിടറിയ നാൾ
വലങ്കാൽ വല്ലാതൊന്നു
വക്രിച്ചു ചിരിച്ചതോർക്കുന്നു .
വലങ്കാലിനെന്നുമുണ്ടായിരുന്നോ
തെല്ലരൊഹങ്കാരം
നല്ല കാര്യങ്ങളെന്നു മെന്നിലൂടെ തുടങ്ങുന്നു
വെന്നൊരഹംഭാവം,
നന്മയുടെ പ്രതിരൂപമായുളള
ദൈവീകപരിവേഷമണിഞ്ഞവനാണെന്നൊരു തോന്നൽ.
ഇടങ്കാലുമോർത്തു പോയ്
ഞാനെന്ന ഭാവത്തിൽ
തൻ കഴിവിനെ,
വീടു മുടിക്കുവാൻ,
നാടു മുടിക്കുവാൻ, ഇടങ്കാലിളക്കിച്ചവിട്ടുന്ന ചവിട്ടിൽ ചിതറി തെറിക്കുന്ന തിന്മകൾ.
കാലങ്ങൾ പോകവേ
കാലുകളിലൊന്നിനേ
മധുരമേറിയരോഗത്താൽ
മുറിച്ചുമാറ്റിയ നാൾ മുതലാണവർ അറിഞ്ഞത്
പരസ്പരം താങ്ങും തണലുമാ മാകേണ്ടിയിരുന്നവർ
ഒറ്റയ്ക്ക് നിൽക്കാനിനി
നിലനിൽപ്പിനായിനി,
മുന്നോട്ട് നീങ്ങുവായിനി, തിരയണമൂന്നുവടിയെ ന്നൊരാ സത്യം .
പ്രിയ സ്നേഹിതാ
നീയിന്നലെ പറഞ്ഞതെത്ര സത്യം.
നടന്നദൂരമിനി നടക്കേണ്ടെന്ന
സത്യം.
ഇന്നു നീ എന്നെ നോക്കി ചിരിച്ചോ
അതോ ഇന്നലത്തെ
ചിരിയുടെ ബാക്കിയോ?
നിന്റെ പാദങ്ങളുടെ
മത്സരവും കഴിഞ്ഞു
അവരിൽ ആരും ജയിച്ചില്ല
ആരും തോറ്റതു മില്ല.
സമനിലയിൽ തീർന്ന മത്സരം
പെരുവിരലുകൾ തമ്മിൽ
സമനിലകളുടെ
സമാധാനത്തിന്റെ
സമാപനത്തിന്റെ
വെളുത്തൊരു കഷ്ണം
തുണിയാൽ ബന്ധിച്ചു.

BY: PS ANilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot